Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'തിര പിന്നോട്ട് പോയെന്നു കരുതി തീരത്തു വീടുവയ്ക്കാൻ നോക്കരുത്... ഞാൻ കടലാണ് തീർച്ചയായും തിരിച്ചുവരും'; ഉദ്ധവിന്റെ റോൾ ഏറ്റെടുത്ത് ഷിൻഡേ; പവാറിന്റെ കിങ്മേക്കർ പദവി ഫഡ്നാവീസിനും; താക്കറെ കുടുംബത്തിന് അധികാരത്തിനൊപ്പം പാർട്ടിയും നഷ്ടമാകാൻ സാധ്യത

'തിര പിന്നോട്ട് പോയെന്നു കരുതി തീരത്തു വീടുവയ്ക്കാൻ നോക്കരുത്... ഞാൻ കടലാണ് തീർച്ചയായും തിരിച്ചുവരും'; ഉദ്ധവിന്റെ റോൾ ഏറ്റെടുത്ത് ഷിൻഡേ; പവാറിന്റെ കിങ്മേക്കർ പദവി ഫഡ്നാവീസിനും; താക്കറെ കുടുംബത്തിന് അധികാരത്തിനൊപ്പം പാർട്ടിയും നഷ്ടമാകാൻ സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഇനി മുംബൈയിൽ ഉദ്ധവ് താക്കറെയുടെ റോളിലാകും ഏക്‌നാഥ് ഷിൻഡെ. അതായത് ബിജെപി പന്തുണയുള്ള മുഖ്യമന്ത്രി. ശരത് പവാർ എന്ന കിങ്‌മേക്കറുടെ റോളിലേക്ക് പുതിയ മുഖം എത്തും. ദേവേന്ദ്ര ഫഡ്‌നാവീസ്. ഉപമുഖ്യമന്ത്രിയെങ്കിലും മന്ത്രിസഭയിലെ പ്രധാന നയരൂപീകരണം ബിജെപി നേതാവിന് തന്നെയാകും. ആഭ്യന്തരവും ലഭിക്കും, ശിവസേനയിലെ വിമതനെ മുഖ്യമന്ത്രിയാക്കുന്ന ബിജെപി ബുദ്ധി ലക്ഷ്യമിടുന്നത് കിങ് മേക്കർ സ്ഥാനമാണ്. ശിവസേനയെ അടിമുടി തകർക്കാനുള്ള തന്ത്രം.

ബിജെപിയും ശിവസേനയും ചേർന്നാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഭൂരിപക്ഷവും കിട്ടി. എന്നാൽ എൻസിപിയുടെ അതികായകനായ ശരത് പവാറിന്റെ ബുദ്ധി ബിജെപി മോഹത്തെ തകർത്തു. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താക്കളായ ശിവസൈനികരെ മതേതര ചേരിയിലേക്ക് കൊണ്ടു വന്നു. ബാൽ സാഹേബ് താക്കറെയുടെ മകൻ ഉദ്ധവിനെ മുഖ്യമന്ത്രിയാക്കി. ഇതിനുള്ള പ്രതികാരമാണ് ബിജെപി ഇപ്പോൾ തിരിച്ചു നൽകുന്നത്.

എൻസിപിയെ പിളർത്തി അധികാരത്തിലെത്താൻ ഫഡ്‌നാവീസ് ശ്രമിച്ചിരുന്നു. എന്നാൽ പവാറിന്റെ തന്ത്രങ്ങളിൽ അതു പൊളിഞ്ഞു. ഇതോടെ ബിജെപി കാത്തിരുന്നു. ഷിൻഡെയുടെ മനസ്സിലെ പക ഫഡ്‌നാവീസ് തിരിച്ചറിഞ്ഞിരുന്നു. ഉപമുഖ്യമന്ത്രി സ്ഥാനം ഫഡ്‌നാവീസ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ അത് കിട്ടിയില്ല. പാർട്ടിയിൽ ഉദ്ധവിന്റെ മകൻ അദിത്യ താക്കറെയായിരുന്നു രണ്ടാമൻ. ഇതെല്ലാം ഷിൻഡയെ വേദനിപ്പിച്ചു. ഉദ്ധവ് താക്കറെയെ കാണാൻ വേണ്ടി മുൻകൂർ അനുമതി പോലും തേടേണ്ടി വന്നു. ഇതെല്ലാം ഫഡ്‌നാവീസ് തിരിച്ചറിഞ്ഞിരുന്നു. അങ്ങനെ മഹാരാഷ്ട്രയിലും ഓപ്പറേഷൻ താമര എത്തി. അപ്പോഴും ഫഡ്‌നാവീസ് മുഖ്യമന്ത്രിയാകുമെന്നാണ് ഏവരും കരുതിയത്. പക്ഷേ അവിടേയും തെറ്റി.

അതേസമയം, ഒന്നിച്ചു നിന്ന് തെരഞ്ഞെടുപ്പിനു നേരിട്ട് വിജയിച്ച് അധികാരത്തിലേറിയ ശേഷം ചതിയിലൂടെ മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ട വന്ന ശേഷം ദേവേന്ദ്ര ഫഡ്‌നാവിസ് അസംബ്ലിയിൽ നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുകയാണ്. ബിജെപി അംഗം നിതീഷ് റാണെ ഒരാഴ്ച മുൻപ് പ്രസംഗം ട്വീറ്റ് ചെയ്തത്. 2019ൽ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിൽ ഫഡ്‌നാവിസിന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു- 'തിര പിന്നോട്ട് പോയെന്നു കരുതി തീരത്തു വീടുവയ്ക്കാൻ നോക്കരുത്. ഞാൻ കടലാണ് തീർച്ചയായും തിരിച്ചുവരും'. 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരുമിച്ച് ജനവിധി തേടിയ ബിജെപിയും ശിവസേനയും മുഖ്യമന്ത്രിപദം തുല്യമായി പങ്കുവയ്ക്കുന്നതു സംബന്ധിച്ച ഭിന്നത മൂലമാണു വേർപിരിഞ്ഞത്. ഇപ്പോൾ വീണ്ടും ഷിൻഡെയിലൂടെ സേനയുമായി ബിജെപി അടുക്കുന്നു.

2014ഉം 2019-ഉം ഫഡ്‌നാവീസ് മുഖ്യമന്ത്രിയായിരുന്നു. എന്നാൽ, 2019-ൽ വെറും 80 മണിക്കൂർ മാത്രമായിരുന്നു അദ്ദേഹം അധികാരത്തിലുണ്ടായിരുന്നത്. ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യം ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കുകയായിരുന്നു. എൻസിപിയെ പിളർത്താനുള്ള നീക്കം പവാർ പൊളിച്ചതായിരുന്നു ഇതിന് കാരണം. ഇതോടെ ഫഡ്‌നാവീസ് രാജി നൽകി. തുടർന്ന് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി. ഫഡ്‌നാവീസിന്റെ മുഖം കാട്ടിയായിരുന്നു ശിവസേനയും ബിജെപിയും ചേർന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടത്. പക്ഷേ മുഖ്യമന്ത്രി മോഹം ശിവസേനയ്ക്ക് വന്നപ്പോൾ ഫഡ്‌നാവീസ് വഴങ്ങിയില്ല. അങ്ങനെയാണ് എൻഡിഎ സഖ്യം തകർന്നതും പവാർ കിങ് മേക്കറായതും. അതുപോലെ തിരിച്ചടിച്ചു ഫഡ്‌നാവീസ്. കിങ് മേക്കർക്ക് മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വലിയ റോളുണ്ടെന്ന് പവാർ പലപ്പോഴും തെളിയിച്ചിട്ടുണ്ട്. ഇതാണ് ഫഡ്‌നാവീസും ഉപമുഖ്യമന്ത്രി പദത്തിൽ എത്തുമ്പോഴും മനസ്സിൽ കാണുന്നത്.

ഉദ്ധവ് താക്കറെയുമായി നല്ല ബന്ധമായിരുന്നുവെങ്കിലും ഉദ്ധവിന്റെ മകനും കാബിനറ്റ് മന്ത്രിയുമായ ആദിത്യ താക്കറെയുടെ ഇടപെടലാണ് ഏകനാഥ് ഷിൻഡേയെ ചൊടിപ്പിച്ചത്. മകൻ വന്നപ്പോൾ തന്നെ തഴയുന്നുവെന്ന ഏക്നാഥ് ഷിൻഡേയുടെ പരാതിക്ക് പരിഹാരം കാണാൻ ഉദ്ധവിനായില്ല. ഒപ്പം സഞ്ജയ് റാവുത്തിനോടുള്ള വിരോധവും കടുംകൈയ്ക്ക് പ്രേരിപ്പിച്ചു. ഇതെല്ലാം നിരീക്ഷിച്ച് അവസരം കാത്തിരുന്ന ബിജെപി. ദേവേന്ദ്ര ഫട്‌നാവിസിലൂടെ ഒപ്പം ചേർക്കുകയും ചെയ്തു. ശിവസേനാ മന്ത്രിസഭയിൽ മന്ത്രിയായിട്ടുപോലും ഷിൻഡേ നിരാശനായിരുന്നു. തന്റെ വകുപ്പിൽ പോലും ശിവസേനാ നേതാവ് സഞ്ജയ് റാവുത്തും ആദിത്യ താക്കറെയും ഇടപെടുന്നുവെന്ന പരാതിയായിരുന്നു ഷിൻഡേയ്ക്കുണ്ടായത്. മാത്രമല്ല, ആദിത്യ താക്കറെയ്ക്ക് കാബിനറ്റ് പദവി കൊടുത്തപ്പോൾ പോലും ഷിൻഡേയ്ക്ക് വകുപ്പിന്റെ സ്വതന്ത്ര ചുമതല നൽകിയിരുന്നില്ല. ഇതിലെല്ലാം നിരാശനായിരുന്ന ഷിൻഡേയാണ് ഒരു സുപ്രഭാതത്തിൽ എംഎൽഎമാരെ വളച്ചെടുത്ത് വിമത നീക്കം നടത്തി.

2019-ൽ ശിവസേന- എൻ.സി.പി. സഖ്യം മഹാരാഷ്ട്രയിൽ അധികാരത്തിൽ വന്ന സമയത്ത് മുഖ്യമന്ത്രിയാവുമെന്ന് പ്രതീക്ഷിച്ചിരുന്നയാളാണ് ഏക്നാഥ് ഷിൻഡേ. പക്ഷെ, പാർട്ടി നേതാവ് സഞ്ജയ് റാവുത്തും സുഭാഷ് ദേശായി അടക്കമുള്ള നേതാക്കളും ഇടപെട്ട് ഉദ്ധവ് താക്കറെയുടെ പേര് നിർദ്ദേശിക്കുകയായിരുന്നു. അന്ന് ശിവസേന, എൻസിപി എംഎൽഎമാരെ സംരക്ഷിക്കേണ്ട ചുമതല ഏക്നാഥ് ഷിൻഡേയ്ക്കായിരുന്നു പാർട്ടി നൽകിയത്. അതനുസരിച്ച് എംഎൽഎമാരെ മുംബൈയിലെ വിവിധ റിസോർട്ടുകളിൽ താമസിപ്പിച്ചതും ഷിൻഡേആയിരുന്നു. അതേ ഷിൻഡേയെക്കൊണ്ടു തന്നെ ഇത്തവണ ഉദ്ധവ് താക്കറെ സർക്കാരിനെ മറിച്ചിട്ടു ഫഡ്‌നാവീസ്.

288 അംഗ മഹാരാഷ്ട്ര നിയമസഭയിൽ ശിവസേനയ്ക്ക് 56 പേരുണ്ട്. ഒരാൾ മരിച്ചതോടെ ഇത് 55 ആയി. എൻ.സി.പിക്ക് 52 ഉം കോൺഗ്രസിന് 44 ഉം എംഎൽഎമാരുണ്ട്. എൻ.സി.പിയുടെ രണ്ട് മുതിർന്ന അംഗങ്ങൾ ജയിലിൽ കഴിയുന്നതിനാൽ നിയമസഭയിൽ നിലവിൽ 285 അംഗങ്ങളാണുള്ളത്. അങ്ങനെ കേവലഭൂരിപക്ഷത്തിന് 143 അംഗങ്ങളുടെ പിന്തുണയായിരുന്നു വേണ്ടത്. ആദ്യം ഷിൻഡേയാടൊപ്പം 22 പേരാണുള്ളതെന്ന വിവരം വന്നപ്പോൾ പോലും മന്ത്രിസഭയ്ക്ക് ഒന്നും സംഭവിക്കില്ലെന്ന കണക്കുകൂട്ടലിലായിരുന്നു ശിവസേന. അവർ രാജിവച്ചാൽ പോലും 132 അംഗങ്ങളുടെ പിന്തുണ മാത്രമായിരുന്നു കേവലഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്.

എന്നാൽ, തന്നോടൊപ്പം 46 പേരുണ്ടെന്ന് ഏക്‌നാഥ് ഷിൻഡേ വ്യക്തമാക്കിയതോടെ കളി മാറി. ഇതിനെ അതിജീവിക്കാൻ ഷിൻഡേയ്ക്കായില്ല. ശിവസേന എംഎൽഎമാരിൽ ഉണ്ടായിരുന്ന സ്വാധീനം ഷിൻഡേയ്ക്ക് തുണയായി. അങ്ങനെ ബിജെപി അംഗീകാരത്തോടെ മുഖ്യമന്ത്രിയാകുകയാണ്. ഇനി ശിവസേനയ്ക്ക് എന്തു സംഭവിക്കുമെന്നതാണ് നിർണ്ണായകം. ഭൂരിപക്ഷം എംഎൽഎമാരും കൂറുമാറി. അതുകൊണ്ട് തന്നെ പാർട്ടി ചിഹ്നവും പേരും തങ്ങൾക്ക വേണമെന്ന് ഷിൻഡേ അവകാശപ്പെടും. ഇത് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചാൽ ഉദ്ധവും കൂട്ടരും ശിവസേന വിമതരാകും.

താക്കറെയാണ് ശിവസേന ഉണ്ടാക്കിയത്. കിങ് മേക്കറായി പാർലമെന്ററി രംഗത്ത് നിന്ന് താക്കറെ മാറി നിന്നു. എന്നാൽ ഉദ്ധവ് അതു ചെയ്തില്ല. അധികാരം സ്വയം നേടി. ഇവിടെയാണ് ഷിൻഡേ എന്നൊരു വിമതനെ താക്കറെ കുടുംബത്തിന് നൽകിയത്. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകാതെ റഫറിയുടെ റോളിൽ നിന്നിരുന്നുവെങ്കിൽ ശിവസേനയും എൻസിപിയും കോൺഗ്രസും ചേർന്നുള്ള സഖ്യം ഇപ്പോഴും തകരില്ലായിരുന്നു എന്ന് കരുതുന്നവരുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP