Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202120Tuesday

അന്താരാഷ്ട്ര പ്രശസ്തി നേടിയ കോവിഡ് പ്രതിരോധം ഇപ്പോൾ കേരളത്തിന് ബാധ്യത; എൽഡിഎഫിന് അവസാന ആഘാതമായി ആഴക്കടൽ മത്സ്യബന്ധ വിഷയം; പ്രതീക്ഷ മുഴുവൻ ക്ഷേമ പെൻഷനിലും ഭക്ഷ്യക്കിറ്റിലും; ജോസ് കെ മാണിയുടെ മുന്നണി മാറ്റം ഉണ്ടാക്കിയ രാഷ്ട്രീയ - സമുദായ മാറ്റങ്ങളും നിർണായകമാകും: തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ

അന്താരാഷ്ട്ര പ്രശസ്തി നേടിയ കോവിഡ് പ്രതിരോധം ഇപ്പോൾ കേരളത്തിന് ബാധ്യത; എൽഡിഎഫിന് അവസാന ആഘാതമായി ആഴക്കടൽ മത്സ്യബന്ധ വിഷയം; പ്രതീക്ഷ മുഴുവൻ ക്ഷേമ പെൻഷനിലും ഭക്ഷ്യക്കിറ്റിലും; ജോസ് കെ മാണിയുടെ മുന്നണി മാറ്റം ഉണ്ടാക്കിയ രാഷ്ട്രീയ - സമുദായ മാറ്റങ്ങളും നിർണായകമാകും: തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഈ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാകും എന്നുള്ള ചർച്ചകൾക്ക് ഇനി പ്രസക്തിയില്ല. സ്വാധീന ഘടകങ്ങളെ കുറിച്ചുള്ള അജണ്ടകൾ തന്നെ ഇപ്പോൾ സെറ്റ് ചെയ്തു കഴിഞ്ഞു. യുഡിഎഫിന് തിരിച്ചടിയുണ്ടാക്കിയ സ്വർണക്കടത്ത് അജണ്ടക്ക് അപ്പുറത്തേക്ക് പോകാൻ ഇപ്പോൾ മുന്നണിക്ക് സാധിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിലെത്തുമ്പോൾ ആഴക്കടൽ മത്സ്യബന്ധന കരാർ വിവാദത്തിലൂടെ പ്രതിപക്ഷവും ചെന്നിത്തലയും മുന്നിലെത്തി കഴിഞ്ഞു.

അതേസമയം ഒരിക്കൽ സർക്കാറിന് പ്രശസ്തി കൊണ്ടുവന്ന കോവിഡ് വിഷയം ഇപ്പോൾ സർക്കാറിന് ബാധ്യത ആയിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ സർക്കാർ കോവിഡ് കാലത്തെ സർക്കാർ പ്രവർത്തനം എളുപ്പം കൈകാര്യം ചെയ്യാൻ സർക്കാറിന് കഴിയാത്ത അവസ്ഥയാണുള്ളത്. പോസിറ്റീവ് രാഷ്ട്രീയമാണ് മുന്നോട്ടു വെക്കുന്നതെന്ന് വ്യക്തമാക്കിയതു വഴി സർക്കാർ കൂട്ടുപിടിക്കുക ക്ഷേമ പദ്ധതികളെയും ഭക്ഷ്യകിറ്റുകളെയുമൊക്കെയാകും. അവസാന നിമിഷം ശബരിമല വിഷയം മുഖ്യപ്രചരണ ആയുധമാക്കാൻ ഒരുങ്ങിയ പ്രതിപക്ഷത്തെ കേസുകൾ എഴുതി തള്ളിയതിലൂടെയും സർക്കാർ മറിടക്കുകയുണ്ടായി.

തിരിച്ചടിയായ കോവിഡ് പ്രശംസകൾ, ്‌ക്ഷേമ പദ്ധതികൾ പിടിവള്ളി

രാജ്യത്ത് ആദ്യമായി കോവിഡ് റിപ്പോർട്ടു ചെയ്ത സംസ്ഥാനമാണ് കേരളം. അതുകൊണ്ട് തന്നെ ഇവിടെ തുടക്കം മുതൽ വലിയ പ്രതിരോധം തീർത്തും. മന്ത്രി കെ കെ ശൈലജയുടെയും സർക്കാറിന്റെയും പ്രവർത്തനങ്ങൾ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുകയുണ്ടായി. എന്നാൽ, ഈ പ്രശംസകൾ ഇപ്പോൾ സംസ്ഥാനത്തിന് ബാധ്യതയായി മാറുകയാണ്. ഇപ്പോൾ രൂക്ഷമായ കോവിഡ് വ്യാപനം കാരണം സംസ്ഥാനത്തിലുള്ളവർക്ക് മറ്റിടങ്ങളിൽ പോകാൻ നിരവധി നൂലാമാലകളുള്ള അവസ്ഥയിലായി.

നിലവിൽ രൂക്ഷമായ വ്യാപനം കാരണം തെക്കേ ഇന്ത്യയിൽ ഒറ്റപ്പെട്ട സംസ്ഥാനമായി മാറിയിരിക്കുന്നു. അതുകൊണ്ട് തന്നെ കോവിഡ് കാലത്തെ തള്ളുകൾ വീണ്ടും പ്രതിപക്ഷം ആയുധമാക്കും. അതേസമയം സമയബന്ധിതമായി കുറ്റമറ്റ രീതിയിൽ നടപ്പാക്കിയത് സർക്കാരിനു നേട്ടം. ഭക്ഷ്യക്കിറ്റ് വിതരണം തുടരുന്നു. ക്ഷേമ പെൻഷൻ 1600 രൂപയിലെത്തിച്ചു. ശമ്പളവും പെൻഷനും പരിഷ്‌കരിച്ചു. ജീവനക്കാരുടെ മാറ്റിവച്ച ശമ്പളം ഏപ്രിൽ മുതൽ തിരികെ നൽകുമെന്ന പ്രഖ്യാപനവും സർക്കാറിന് അവസാന നിമിഷത്തെ പിടിവള്ളിയായി. ലൈഫ് മിഷൻ പദ്ധതി വഴി വീടു ലഭിച്ചവർ അനേകരുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പിലെ ജനവിധിയാണ് സർക്കാറിന് വലിയ പിടിവള്ളിയായി മാറിയിരുന്നത്. ഇവിടെ സർക്കാറിന് സഹായിച്ചത ക്ഷേമപദ്ധതികളാണ്. എൽഡിഎഫിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു ഘടകങ്ങൾ മറ്റുമുണ്ട്. സർക്കാർ വിവാദച്ചുഴിയിൽ അകപ്പെട്ടിരിക്കെയുണ്ടായ അനുകൂല ജനവിധി തിളക്കം കൂട്ടി. വിവാദങ്ങളല്ല വോട്ടാകുന്നതെന്ന സന്ദേശം അണികളിലെത്തിച്ചു. തദ്ദേശ വോട്ടുനിലയിൽ 101 നിയമസഭാ സീറ്റുകളിൽ എൽഡിഎഫിനു മുൻതൂക്കം. 2019 ലോക്‌സഭാ വോട്ടു കണക്കനുസരിച്ച് 123 സീറ്റുകളിൽ യുഡിഎഫാണു മുന്നിൽ.

കിഫ്ബി വഴിയുള്ള വികസന പദ്ധതികളാണ് സർക്കാറിന്റെ മുഖച്ഛായ മാറ്റിയത്. 5 വർഷത്തിനിടെ 50,000 കോടിയുടെ വികസന പദ്ധതികൾ കിഫ്ബി വഴി എന്നായിരുന്നു വാക്ക്. പൂർത്തിയായത് 20,000 കോടിയുടെ പദ്ധതികൾ മാത്രം. കടമെടുക്കുന്ന പണം കൊണ്ടാണ് ഇതൊക്കെ ചെയ്യുന്നതെന്നു പ്രതിപക്ഷം ആരോപിക്കുന്നുണ്ടെങ്കിലും സ്‌കൂളുകളും റോഡുകളും പാലങ്ങളും നവീകരിച്ചതും നിർമ്മിച്ചതും ചർച്ചയാക്കാൻ സർക്കാരിനു കഴിഞ്ഞു. എല്ലാ എംഎൽഎമാരുടെ നിയമസഭാ മണ്ഡലങ്ങളിലേക്കും സഹായം എത്തിക്കാൻ സാധിച്ചതും സർക്കാറിന്റെ നേട്ടമായി വിലയിരുത്തപ്പെടും.

സ്വർണക്കടത്ത്, ഡോളർ കടത്ത്, ലൈഫ് മിഷൻ ക്രമക്കേട്, ബ്രൂവറി അനുവദിക്കൽ, സ്പ്രിൻക്ലർ ഇടപാട്, പ്രളയഫണ്ട് തട്ടിപ്പ്, സിഎജി റിപ്പോർട്ട് ചോർത്തൽ, പൊലീസ് നിയമ ഭേദഗതി... ഏറ്റവുമൊടുവിൽ ആഴക്കടൽ മത്സ്യബന്ധന ധാരണാപത്രവും. ഈ സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ വിവാദങ്ങൾക്കു കയ്യും കണക്കുമില്ല. ആരോപണം പലതും ശരിവയ്ക്കും വിധമുള്ള നടപടികൾ സർക്കാരിൽനിന്നു തന്നെയുണ്ടായി. പാപഭാരം ഉദ്യോഗസ്ഥർക്കുമേൽ ചാർത്തി കൈകഴുകുന്നതു സർക്കാർ ശീലമാക്കി. ഇവിടെ സർക്കാറിന്റെ പിടിപ്പുകേട് വ്യക്തമാക്കുന്ന കാര്യങ്ങളാണ് ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയത്തിനു മുഖ്യകാരണങ്ങളിലൊന്നായ ശബരിമല സ്ത്രീപ്രവേശം വീണ്ടും തിരഞ്ഞെടുപ്പു പ്രചാരണ ആയുധമാക്കുകയാണ് യുഡിഎഫും എൽഡിഎഫും. ശബരിമലയ്ക്കായി പുതിയ നിയമം കൊണ്ടുവരുമെന്നു യുഡിഎഫ് പ്രഖ്യാപിച്ചു. അന്നു പ്രതിഷേധിച്ചവർക്കെതിരായ കേസുകൾ റദ്ദാക്കാൻ സർക്കാർ തയാറായത് തിരിച്ചടി ഭയന്നാണ്. ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ടാണ് പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട കേസുകളും ഒഴിവാക്കുന്നത്.

വിവിധ റാങ്ക് പട്ടികകളിൽപെട്ട പിഎസ്‌സി ഉദ്യോഗാർഥികൾ ഒരു മാസത്തോളമായി സെക്രട്ടേറിയറ്റിനു മുന്നിൽ സമരം തുടർന്നിട്ടും നേരിട്ടു ചർച്ച നടത്താൻ മുഖ്യമന്ത്രി തയാറാകാത്തതിനെതിരെ ശക്തമായ ജനരോഷമുണ്ട്. ഇന്നലെ തിരഞ്ഞെടുപ്പു പ്രഖ്യാപനം വന്നപ്പോഴാണ് ഒരു മന്ത്രിയെ ചർച്ചയ്ക്ക് അയയ്ക്കാൻ തീരുമാനിച്ചത്. മറുവശത്ത് പാർട്ടിക്കു വേണ്ടപ്പെട്ട താൽക്കാലിക ജീവനക്കാരെ സുപ്രീംകോടതി വിധി കാറ്റിൽപറത്തി സ്ഥിരപ്പെടുത്തുന്നു എന്നതും തെരഞ്ഞെടുപ്പിൽ ചർച്ച വിഷയമാകും എന്നത് ഉറപ്പാണ്.

ഒരു പ്രത്യേക ജനുസിൽപെട്ടയാളാണു താനെന്നു നിയമസഭയിൽ മുഖ്യമന്ത്രി തന്നെ പറഞ്ഞു. പിണറായി വിജയന്റെ ഈ വ്യത്യസ്തമായ ഭരണ, നേതൃത്വ ശൈലിയെ വിലയിരുത്തുന്നതു കൂടിയാകും വരുന്ന തിരഞ്ഞെടുപ്പ്. വിട്ടുവീഴ്ചകൾക്കു തയാറാകാത്ത മുഖ്യമന്ത്രിയെന്ന് അഭിനന്ദിച്ചും വിമർശിച്ചും പിണറായിയെ വിശേഷിപ്പിക്കാറുണ്ട്. പൊതുവേദികളിൽ പോലും കാർക്കശ്യം വിടാത്ത പെരുമാറ്റം വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ടെങ്കിലും സത്യസന്ധമായ പ്രതികരണമായും ന്യായീകരിക്കാറുണ്ട്.

ഈ സംഘടനകളുടെ നിലപാട് വോട്ടെടുപ്പിൽ ശക്തമായി സ്വാധീനിക്കാൻ സാധ്യത. മുന്നാക്ക സംവരണം, സഭാ കേസ് കൈകാര്യം ചെയ്ത രീതി, സമുദായ നേതാക്കൾക്കെതിരായ കേസുകളിലെ സർക്കാർ ഇടപെടൽ തുടങ്ങിയവ ഒക്കെ വോട്ടർമാരെ സ്വാധീനിക്കാം. മുന്നണികളുമായി ചില സമുദായ സംഘടനകൾ ഉണ്ടാക്കിയിട്ടുള്ള രഹസ്യ, പരസ്യ നീക്കുപോക്കുകളും ഫലത്തെ സ്വാധീനിക്കാം.

ജോസ് കെ.മാണിയുടെ മുന്നണി മാറ്റം ഉണ്ടാക്കിയ പ്രശ്‌നങ്ങളാകും മറ്റൊരു മുഖ്യ വിഷയം. . കേരള കോൺഗ്രസിന്റെ വരവു നേട്ടമുണ്ടാക്കുമെന്ന് എൽഡിഎഫ് ആത്മവിശ്വാസം, കാപ്പന്റെ വരവു ഗുണം ചെയ്യുമെന്നു യുഡിഎഫ് പ്രതീക്ഷ. തദ്ദേശ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ഒപ്പം നിന്നതു മൂലമുണ്ടായ ഗുണം ഇനി മധ്യതിരുവിതാംകൂറിലെങ്കിലും ആവർത്തിച്ചേക്കാമെന്ന് എൽഡിഎഫ് കരുതുന്നു. എന്നാൽ, പാലായിൽ കാപ്പൻ സൃഷ്ടിക്കുന്ന വെല്ലുവിളി കേരള കോൺഗ്രസ് പ്രതീക്ഷകൾക്ക് മേലാണെന്നാണ് യുഡിഎഫ് പക്ഷം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP