Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിൽ പാസാക്കാൻ ലോക്‌സഭയിലും നിയമസഭയിലും മുന്നിൽ രണ്ടുഭൂരിപക്ഷം വേണം; പകുതി സംസ്ഥാനങ്ങളിലും നിയമസഭകളിലും ബിൽ പാസാക്കണം; സാമ്പത്തിക സംവരണം ഏർപ്പെടുത്താനും 50 ശതമാനത്തിൽ അധികം സംവരണം ഉയർത്താനും ഭരണഘടനാഭേദഗതി വേണ്ടി വരും: സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള കേന്ദ്ര തീരുമാനം എന്തുകൊണ്ടുനടക്കുകയില്ല?

ബിൽ പാസാക്കാൻ ലോക്‌സഭയിലും നിയമസഭയിലും മുന്നിൽ രണ്ടുഭൂരിപക്ഷം വേണം; പകുതി സംസ്ഥാനങ്ങളിലും നിയമസഭകളിലും ബിൽ പാസാക്കണം; സാമ്പത്തിക സംവരണം ഏർപ്പെടുത്താനും 50 ശതമാനത്തിൽ അധികം സംവരണം ഉയർത്താനും ഭരണഘടനാഭേദഗതി വേണ്ടി വരും: സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള കേന്ദ്ര തീരുമാനം എന്തുകൊണ്ടുനടക്കുകയില്ല?

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: ലോക്‌സഭാതിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ അജണ്ട മാറ്റി നിശ്ചയിക്കാനുള്ള സുപ്രധാനനീക്കമാണ് കേന്ദ്രമന്ത്രിസഭയുടെ അടിയന്തരയോഗം ഇന്നെടുത്തിരിക്കുന്നത്. 2019 ലെ ലോക്‌സഭാതിരഞ്ഞെടുപ്പിന്റെ മുഖ്യഅജണ്ടയായി സാമ്പത്തിക സംവരണം അങ്ങനെ കടന്നുവരികയാണ്. വാർഷിക വരുമാനം എട്ടുലക്ഷത്തിൽ താഴെയുള്ളവർക്കാണ് കേന്ദ്രസർക്കാർ സംവരണം കൊണ്ടുവരുന്നത്. പുതിയ തീരുമാനം വഴി രാജ്യത്തെ സവർണ വിഭാഗത്തിനും സംവരണത്തിന് യോഗ്യത ലഭിക്കുന്നതോടെ ദുരവ്യാപക പ്രത്യാഘാതങ്ങളാവും ഉണ്ടാവുക. മുന്നോക്കകാരിലെ പിന്നോക്കകാർക്കാവും സംവരണയോഗ്യത. പത്ത് ശതമാനം സംവരണം സർക്കാർ ജോലികളിൽ നൽകും. നിലവിൽ ഒബിസി, പട്ടികജാതി-പട്ടികവർഗക്കാർക്ക് സംവരണം നൽകുന്നുണ്ട്. സർക്കാർ ജോലികളിൽ അൻപത് ശതമാനത്തിൽ കൂടുതൽ സംവരണം പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടുണ്ട്. ഈ വിധി തിരുത്തി അറുപത് ശതമാനം സംവരണം കൊണ്ടു വരാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. 

ഭരണഘടനയുടെ 15, 16 വകുപ്പുകളിലാണ് ഭേദഗതി വരുത്താൻ ഉദ്ദേശിക്കുന്നത്. ഇതോടെ ജനറൽ കാറ്റഗറിയിൽ വരുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണത്തിന്റെ ആനുകൂല്യം ലഭ്യമാകും.

സാമ്പത്തിക സംവരണം ഭരണഘടനാവിരുദ്ധമോ?

എൻഡിഎ സർക്കാരും കേരളത്തിലെ എൽഡിഎഫ് സർക്കാരും യോജിക്കുന്ന ഒരുപോയിന്റാണ് സാമ്പത്തിക സംവരണം. ദേവസ്വം ബോർഡിൽ മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഇടതുസർക്കാർ ഏർപ്പെടുത്തിയിരുന്നു. എന്ഡഎസ്എസിനെ പ്രീണിപ്പിക്കാനാണ് സിപിഎം ഈ തീരുമാനമെടുത്തത്. അവശവിഭാഗങ്ങളുടെ സാമ്പത്തികവും, വിദ്യാഭ്യാസപരവുമായ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന നിർദ്ദേശമാണ് സാമ്പത്തിക സംവരണ വാദികൾ ഉയർത്തുന്നത്. ദുർബല വിഭാഗം എന്ന പ്രയോഗത്തിന് സാമ്പത്തികമായി അവശതയനുഭവിക്കുന്ന വിഭാഗമെന്ന വ്യാഖ്യാനം നൽകാനായിരുന്നു ശ്രമം. സാമൂഹിക അനീതിയിൽനിന്നും മറ്റു ചൂഷണങ്ങളിൽ നിന്നും സംരക്ഷിക്കപ്പെടണം എന്ന ഭാഗം കൂടി ചേർത്തു വായിക്കേണ്ടതുണ്ട് എന്നതാണ് വിദഗ്ധമതം. സംവരണവുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും സുപ്രീം കോടതിയുടെ നിലപാടും ഇതു തന്നെയായിരുന്നു. സാമ്പത്തിക സംവരണത്തെ കോടതി ഒരിക്കലും അംഗീകരിച്ചിട്ടില്ല.

ഏതെങ്കിലും ഒരു ജാതിയിലെ വ്യക്തി ദരിദ്രനായതുകൊണ്ടു മാത്രം സംവരണം അനുവദിക്കാൻ കഴിയില്ല. ഭരണഘടനാപരമായി വ്യക്തികൾക്കല്ല, വിഭാഗങ്ങൾക്ക് മാത്രമാണ് സംവരണം അനുവദിക്കാൻ കഴിയുക. ദാരിദ്ര്യം എന്നത് ഒരു വിഭാഗത്തെ നിർണയിക്കാനുള്ള മാനദണ്ഡമാണെന്നു വിചാരിച്ചാൽ തന്നെയും അത് ഏതെങ്കിലും ഒരു പ്രത്യേക സമുദായത്തിന്റെ കാര്യമല്ല. എല്ലാ വിഭാഗത്തിലുള്ളവരും കാണും. ദരിദ്രർ എന്ന നിലയ്ക്കു മുന്നോക്ക വിഭാഗങ്ങളിലെ ആളുകൾക്കു മാത്രമല്ല പിന്നോക്കക്കാർക്കും ദളിതർക്കുമെല്ലാം പ്രത്യേകം സംവരണം ഒരുക്കേണ്ടിവരും. ഏതെങ്കിലും പ്രത്യേക വിഭാഗത്തിലെ ദരിദ്രർക്കു മാത്രമായി സംവരണം ഏർപ്പെടുത്തുന്നത് ആർട്ടിക്കിൾ 14 ഉറപ്പുതരുന്ന സമത്വത്തിന്റെയും 15, 16 വകുപ്പുകളുടെയും ലംഘനമാകും. അതുകൊണ്ടുതന്നെ സാമ്പത്തിക സംവരണം ഭരണഘടനാവിരുദ്ധമാണ്. ഈ പശ്ചാത്തലത്തിലാണ് 15,16 വകുപ്പുകളിൽ ഭേദഗതികളിൽ ഭേദഗതി വരുത്താൻ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. എല്ലാ മതവിഭാഗങ്ങളിലെയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം ഏർപ്പെടുത്തുക വഴി രാഷ്ട്രീയനേട്ടം മാത്രമാണ് മോദിയും കൂട്ടരും ലക്ഷ്യമിടുന്നത്. ഇതിനായുള്ള ഭരണഘടനാ ഭേദഗതി എളുപ്പമുള്ള കാര്യമല്ല. നോട്ടുനിരോധനം പോലെ നാട്ടുകാരെ ഞെട്ടിക്കുന്ന തീരുമാനം എന്നതിനപ്പുറം എന്തുഫലം കൊയ്യാനാകും എന്നാണ് കാണേണ്ടത്.

മോദിയുടെ തീരുമാനം കണ്ണിൽ പൊടിയിടാനോ?

നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും പുതിയ നീക്കം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന ആക്ഷേപം ഉയർന്നുകഴിഞ്ഞു. സംവരണം 50 ശതമാനത്തിലധികം അനുവദിക്കില്ലെന്ന് സുപ്രീം കോടതി തന്നെ ആവർത്തിച്ച് വ്യക്തമാക്കിയതാണ്. ജാതി സംവരണമാണോ, സാമ്പത്തിക സംവരണമാണോ വേണ്ടതെന്ന ചോദ്യത്തിൽ നിന്ന് ഒളിച്ചുകളിക്കുകയാണ് കേന്ദ്രസർക്കാർ. ബിൽ മുന്നോട്ടുകൊണ്ടുപോകാൻ കോടതി അനുവദിച്ചില്ലെങ്കിൽ, അതിനെ പഴിചാരി സർക്കാരിന് രക്ഷപ്പെടാം.

നിലവിൽ സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുള്ള എല്ലാ വിധികളിലും സംവരണം 50 ശതമാനമാകരുതെന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്. എന്നാൽ ഈ 50 നൊപ്പം 10 ശതമാനം കൂടി ചേർത്ത് 60 ശതമാനമാക്കാനാണ് കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം. അതേസമയം, കേന്ദ്ര സർക്കാറിന്റെ നീക്കം നിയമപരമായി നിലനിൽക്കില്ലെന്നാണ് നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ആർട്ടിക്കിൾ 14 പ്രകാരം തുല്യത എന്നത് ഭരണഘടനയുടെ അടിസ്ഥാനമാണെന്ന് കേശവാനന്ദ ഭാരതി കേസിൽ സുപ്രീംകോടതിയുടെ 13 അംഗ ബെഞ്ച് വിധിച്ചിട്ടുണ്ട്. ഭരണഘടനയുടെ അടിസ്ഥാന തത്വത്തെ മാറ്റം വരുത്തുന്ന ഭേദഗതിക്ക് നിയമസാധുത ലഭിക്കില്ല. അതിനാൽ ഭരണഘടനാ ഭേദഗതി കോടതിയിൽ ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. ഇന്ദിര സാഹ്നി കേസിൽ കോടതി നിശ്ചയിച്ചിട്ടുള്ള സംവരണ തത്വം മറികടക്കുന്നതാണ് കേന്ദ്ര സർക്കാറിന്റെ പുതിയ തീരുമാനമെന്നും വിദഗ്ദ്ധർ ചൂണ്ടികാട്ടുന്നു.

ഭരണഘടനാഭേദഗതി കുട്ടിക്കളിയോ?

ഭരണഘടനാഭേദഗതി എന്നാൽ രാജ്യത്തിന്റെ അടിസ്ഥാന നിയമത്തിൽ അല്ലെങ്കിൽ പരമാധികാര നിയമത്തിൽ മാറ്റം വരുത്തുന്ന പ്രക്രിയയാണ്.
ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള വ്യവസ്ഥകൾ ഭാഗം 20-ൽ 368-ാം അനുച്ഛേദത്തിലുണ്ട്. പാർലമെന്റിന് അതിന്റെ ഭരണഘടനാനിർമ്മാണാധികാരം പ്രയോഗിച്ച്, 368-ാം അനുച്ഛേദത്തിൽ പ്രതിപാദിച്ചിട്ടുള്ള നടപടിക്രമം അനുസരിച്ച് ഈ ഭരണഘടനയുടെ ഏതു വ്യവസ്ഥയും കൂട്ടിച്ചേർക്കലോ വ്യത്യാസപ്പെടുത്തലോ റദ്ദാക്കലോവഴി ഭേദഗതി ചെയ്യാവുന്നതാണ്. ഭരണഘടനയിൽ ഭേദഗതി വരുത്തുന്നതിന് വ്യതിരിക്തങ്ങളായ മൂന്നു നടപടിക്രമങ്ങളാണ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്.

(1) ഭരണഘടനയിലെ ഏതാനും ചില വ്യവസ്ഥകൾ ജനപ്രതിനിധിസഭയിലെ ഭൂരിപക്ഷാനുമതിയോടെ ഭേദഗതി ചെയ്യാവുന്നവയാണ്. സംസ്ഥാനങ്ങളുടെ രൂപീകരണം, സംസ്ഥാനജനപ്രതിനിധിസഭകളിലെ ഉപരിസഭ രൂപീകരിക്കലും പിരിച്ചുവിടലും തുടങ്ങിയവ ഈയിനത്തിൽപ്പെടുന്നു.

(2) പാർലമെന്റിലെ മൊത്തം സംഖ്യയുടെ മൂന്നിൽ രണ്ടിലേറെ അംഗങ്ങളുടെ പിന്തുണയും ഭൂരിഭാഗം സംസ്ഥാനങ്ങളിലെ നിയമസഭകളുടെ അംഗീകാരവും നേടി മാത്രം ഭേദഗതി ചെയ്യാവുന്ന ഏതാനും ഭരണഘടനാവ്യവസ്ഥകളുണ്ട്. രാഷ്ട്രപതി തിരഞ്ഞെടുപ്പ്, കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ, സുപ്രീംകോടതി, കേന്ദ്രനീതിനിർവഹണവകുപ്പ്, സംസ്ഥാനഹൈക്കോടതികൾ, ഭരണഘടനാസ്ഥാപനങ്ങൾ (Statutory Offices)എന്നിവയുടെ അവകാശാധികാരങ്ങൾ; ഭരണഘടനാഭേദഗതിക്കുള്ള നടപടിക്രമങ്ങൾ തുടങ്ങിയവ ഈ വിഭാഗത്തിൽപ്പെടുന്നു.

(3) ഭരണഘടനയിലെ ഭൂരിഭാഗം വ്യവസ്ഥകളിൽ പാർലമെന്റിലെ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ ഭേദഗതി വരുത്താവുന്നതാണ്. 2013 വരെയുള്ള കാലഘട്ടത്തിൽ ഇന്ത്യൻ ഭരണഘടനയിൽ 97 ഭേദഗതികൾ വരുത്തിയിട്ടുണ്ട്.

നരസിംഹ റാവു സർക്കാരിന്റെ കാലത്ത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം കൊണ്ടുവരാനുള്ള ശ്രമം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. മണ്ഡൽ കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കിയതിനെ തുടർന്നുള്ള രാഷ്ട്രീയ തിരിച്ചടി നേരിടാനാണ് റാവു സർക്കാർ സാമ്പത്തിക സംവരണ നീക്കം നടത്തിയത്. 50 ശതമാനം പരിധി ലംഘിച്ചുവെന്ന കാരണത്താലാണ് സുപ്രീംകോടതി തള്ളിയത്. ഇപ്പോൾ ഈ 50 ശതമാനംമെന്ന അടിസ്ഥാന ഘടന തന്നെ മാറ്റി മറിക്കാനാണ് കേന്ദ്രസർക്കാർ നീക്കം. പുതിയ തീരുമാനം നടപ്പായാൽ സാമ്പത്തികംമായി പിന്നോക്കം നിൽക്കുന്ന വിഭാഗം എന്ന പ്രത്യേക മാനദണ്ഡം ഭരണഘടനാ ഭേദഗതി വഴി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന് വേണ്ടിയാണ് ഭരണഘടനയുടെ 16ാം വകുപ്പ് ഭേദഗതി ചെയ്യുന്നത്.

പട്ടികജാതി/ പട്ടികവർഗ/ മറ്റുപിന്നോക്ക വിഭാഗങ്ങൾക്കുള്ള സംവരണത്തിനുള്ള മാനദണ്ഡം പോലെ ജാതി ആയിരിക്കില്ല ഇവിടെ വിഷയം. ഇത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗം എന്ന് പ്രത്യേകമായി തന്നെ മാറ്റിനിർത്തും. എട്ടുലക്ഷം രൂപയിൽ താഴെ വാർഷികവരുമാനം, അഞ്ചേക്കറിൽ താഴെ കൃഷിഭൂമിയുളേളവർ, 1000 ചതുരശ്ര അടിയിൽ താഴെ വിസ്തീർണമുള്ള വീടുകളുള്ളവർ എന്നിവരെയാണ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരായി പരിഗണിക്കുക.

ബിൽ പാസാകുമോ?

സാമ്പത്തിക സംവരണം ലോക്‌സഭാതിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ളതാണെന്ന ആരോപണം പല കക്ഷികളും ഇതിനകം ഉയർന്നുകഴിഞ്ഞു. പാർലമെന്റ് സമ്മേളനം അവസാനിക്കാൻ ഒരു ദിവസം മാത്രം അവശേഷിക്കെയാണ് 10 ശതമാനം സാമ്പത്തിക സംവരണത്തിനുള്ള കേന്ദ്ര തീരുമാനംം എടിുത്തിരിക്കുന്നത്. നാളെ ഭരണഘടനാ ഭേദഗതി ബിൽ സഭയിൽ അവതരിപ്പിക്കാനാണ് നീക്കം. ഭരണഘടനയുടെ 15,16 അനുച്ഛേദങ്ങൾ ഭേദഗതി ചെയ്യാനാണ് ബിൽ. ഭരണഘടനാ ഭേദഗതി ആയതുകൊണ്ട് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ പാസാകണം. സംസ്ഥാനങ്ങളുടെ അംഗീകാരം വേണം. സംവരണത്തിന് സുപ്രീം കോടതി നിശ്ചയിച്ച 50 ശതമാനം പരിധി ലംഘിച്ചാൽ തീരുമാനം റദ്ദാക്കാൻ സുപ്രീംകോടതിക്ക് കഴിയും. ലോക്‌സഭയിൽ ബിൽ പാസായാൽ തന്നെ രാജ്യസഭയിൽ പാസാകാൻ ബുദ്ധിമുട്ടാണ്. കാരണം രാജ്യസഭയിൽ സർക്കാരിന് ഭൂരിപക്ഷം ഇല്ല. പ്രതിപക്ഷത്ത് നിന്ന് പിന്തുണ നേടി ബിൽ പാസാക്കിയെടുക്കാനായിരിക്കും സർക്കാർ നീക്കം. വിവിധ കക്ഷികളുടെ നിലപാട് ഇക്കാര്യത്തിൽ നിർണായകമാണ്. ഇതെല്ലാം കൊണ്ടുതന്നെ ലോക്‌സഭാതിരഞ്ഞെടുപ്പിലെ വോട്ടുബാങ്ക് മാത്രം ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ നീക്കമെന്ന കാര്യം വ്യക്തമാണ്.

പട്ടികജാതി പട്ടിക വർഗങ്ങൾക്കെതിരായ പീഡനങ്ങൾ തടയാനുള്ള നിയമത്തിൽ സുപ്രീംകോടതി ഇളവുകൾ വരുത്തിയപ്പോൾ നിയമം കൊണ്ടുവരാൻ കേന്ദ്രസർക്കാർ കാട്ടിയ തിടുക്കം സവർണസമുദായങ്ങളെ ചൊടിപ്പിച്ചിരുന്നു. ദളിത് വിഭാഗങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ കാട്ടുന്ന ജാഗ്രത തങ്ങളുടെ കാര്യത്തിൽ ഇല്ലെന്ന തോന്നൽ സവർണസമുദായങ്ങൾക്ക് ഈർഷ്യയുണ്ടാക്കി. ഇത് മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ് തിരഞ്ഞെടുപ്പുകളിൽ പ്രതിഫലിച്ചതായും ബിജെപി കരുതുന്നു. ഇതോടെയാണ് സവർണസമുദായങ്ങളെ പ്രീണിപ്പിക്കാനുള്ള നിർണായക നീക്കത്തിന് കേന്ദ്രസർക്കാർ മുതിർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP