Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202025Friday

കോടിയേരിക്ക് സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങി വരാൻ കഴിയാത്ത വിധം ആരോഗ്യ പ്രശ്‌നങ്ങളെന്ന് റിപ്പോർട്ടുകൾ; പകരം സെക്രട്ടറിയാവാൻ ഏറ്റവും കൂടുതൽ സാധ്യത ഇപി ജയരാജന്; എകെ ബാലനും എംഎ ബേബിയും എംവി ഗോവിന്ദനും പരിഗണനയിൽ; മന്ത്രിസഭയിലും അടിമുടി അഴിച്ചു പണി വന്നേക്കും; ടിപി രാമകൃഷ്ണനും കെടി ജലീലിനും മന്ത്രിപണി തെറിക്കുമെന്ന് സൂചന; ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എസി മൊയ്തീനും; ഇനി സിപിഎമ്മിലും മന്ത്രിസഭയിലും അഴിച്ചുപണിക്കാലം

കോടിയേരിക്ക് സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങി വരാൻ കഴിയാത്ത വിധം ആരോഗ്യ പ്രശ്‌നങ്ങളെന്ന് റിപ്പോർട്ടുകൾ; പകരം സെക്രട്ടറിയാവാൻ ഏറ്റവും കൂടുതൽ സാധ്യത ഇപി ജയരാജന്; എകെ ബാലനും എംഎ ബേബിയും എംവി ഗോവിന്ദനും പരിഗണനയിൽ; മന്ത്രിസഭയിലും അടിമുടി അഴിച്ചു പണി വന്നേക്കും; ടിപി രാമകൃഷ്ണനും കെടി ജലീലിനും മന്ത്രിപണി തെറിക്കുമെന്ന് സൂചന; ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എസി മൊയ്തീനും; ഇനി സിപിഎമ്മിലും മന്ത്രിസഭയിലും അഴിച്ചുപണിക്കാലം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രോഗബാധിതനായ കോടിയേരി ബാലകൃഷ്ണനു പകരം സിപിഎമ്മിനെ നയിക്കാൻ കണ്ണൂരിൽ നിന്ന് തന്നെ നേതാവെത്തും. കണ്ണൂരിന് പുറത്ത് സിപിഎമ്മിനെ നയിച്ചത് വി എസ് അച്യുതാനന്ദൻ മാത്രമാണ്. വി എസ് മാത്രമാണ് പാർട്ടി സെക്രട്ടറിയായി കണ്ണൂരിന് പുറത്തു നിന്ന് എത്തിയ നേതാവ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇപി ജയരാജനാകും സിപിഎമ്മിന്റെ പുതിയ സംസ്ഥാന സെക്രട്ടറിയെന്നാണ് സൂചന. കണ്ണൂരിൽ നിന്നുള്ള മുതിർന്ന കേന്ദ്ര കമ്മറ്റി അംഗമാണ് ജയരാജൻ. മുഖ്യമന്ത്രിയുടെ പിണറായി വിജയന്റെ വിശ്വസ്തനായ ജയരാജൻ മന്ത്രിപദം രാജിവച്ച് പാർട്ടിയെ നയിക്കാൻ സന്നദ്ധനുമാണ്. അതിനിടെ എംഎ ബേബിയുടെ പേരും ചർച്ചയാകുന്നുണ്ട്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ബേബിയെ സെക്രട്ടറിയാക്കണമെന്ന് ആവശ്യപ്പെടുന്നത്. എന്നാൽ പിണറായി വിജയൻ ഇതിനെ അനുകൂലിക്കില്ലെന്നാണ് സൂചന.

Stories you may Like

കോടിയേരി ബാലകൃഷ്ണൻ ചികിൽസാ ആവശ്യത്തിനായി ഒരു മാസത്തേക്ക് കൂടി അവധി നീട്ടിയതിനെ തുടർന്ന് എം വി ഗോവിന്ദന് സംസ്ഥാന സെക്രട്ടറിയുടെ ചുമതല നൽകിയിരുന്നു. ആരോഗ്യകാരണങ്ങളെ തുടർന്ന് കഴിഞ്ഞ ഒന്നരമാസമായി കോടിയേരി പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ്. അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനു ശേഷമാണ് കോടിയേരി അവധിയിൽ പ്രവേശിച്ചത്. ചികിൽസയ്ക്കായി അമേരിക്കയിലുള്ള അദ്ദേഹം അവധി ഒരു മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു. രണ്ടാഴ്ചത്തെ മാത്രം അവധിയായതിനാൽ പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് ആരെയും നിയമിച്ചിരുന്നില്ല. തുടർ ചികിൽസ ആവശ്യമുണ്ടെങ്കിൽ അവധി നീട്ടുമെന്ന് സൂചിപ്പിച്ചിരുന്നു. ഇത് ഒരു മാസത്തേക്ക് നീട്ടിയപ്പോൾ ഗോവിന്ദന് ചുമതല നൽകി. എന്നാൽ ആറു മാസത്തേക്ക് കോടിയേരി അവധി ചോദിക്കുമ്പോൾ പകരം സംവിധാനം വേണമെന്നതാണ് പൊതു നിലപാട്. ഈ സാഹചര്യത്തിലാണ് പാർട്ടി താൽകാലിക സെക്രട്ടറിയെ നിയോഗിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. കണ്ണൂരിലെ മൂന്നാമനായ ജയരാജൻ സെക്രട്ടറിയാകട്ടെ എന്നാണ് പിണറായിയുടെ നിലപാട്. പിണറായിയും കോടിയേരിയും കഴിഞ്ഞാൽ ജയരാജനാണ് കണ്ണൂരിൽ നിന്നുള്ള പാർട്ടിയിലെ സീനിയർ കേന്ദ്ര കമ്മറ്റി അംഗം.

ജപ്പാൻ, ദക്ഷിണ കൊറിയ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ അർധരാത്രിയോടെ തിരിച്ചെത്തിയിരുന്നു. ഇന്നോ നാളെയോ അടിയന്തര മന്ത്രിസഭായോഗം വിളിച്ചേക്കുമെന്നു സൂചന. മന്ത്രി കെ.ടി. ജലീലിനെതിരായ മാർക്കുദാന വിവാദം ഉൾപ്പെടെ കത്തിനിൽക്കുന്ന സാഹചര്യത്തിലാണ് അടിയന്തരമായി മന്ത്രിസഭായോഗം വിളിക്കാൻ ആലോചിക്കുന്നത്. പൊലീസിനു വേണ്ടി ഹെലികോപ്ടർ വാടകയ്ക്കെടുക്കുന്നതും അമിതവാടകയാണു നൽകുന്നതെന്നുമുള്ള വിവാദങ്ങൾ മന്ത്രിസഭ ചർച്ച ചെയ്യും. ഈ വിഷയം മന്ത്രിസഭായോഗം ചർച്ച ചെയ്യണമെന്ന് സിപിഎം. ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അവധി അപേക്ഷ എത്തുന്നത്. ഇത് അംഗീകരിച്ചു കൊണ്ട് ജയരാജനെ പാർട്ടി ചുമതല ഏൽപ്പിക്കാനാണ് പിണറായിയുടെ നീക്കം. ഇതിനെ മറ്റാരും എതിർക്കാനും ഇടയില്ല,

ജയരാജന് പാർട്ടി പദവി കിട്ടുമ്പോൾ അദ്ദേഹം മന്ത്രിസ്ഥാനം രാജിവയ്ക്കും. എകെ ബാലനെ പാർട്ടി സെക്രട്ടറിയാക്കണമെന്ന ആവശ്യവും ശക്തമാണ്. എന്നാൽ കണ്ണൂരിൽ നിന്നുള്ള നേതാവല്ലാത്തത് ഇതിന് തടസ്സമാകും. മന്ത്രിമാരിൽ ഒരാൾ പാർട്ടി സെക്രട്ടറിയാകുമ്പോൾ മന്ത്രിസഭയിലും സമ്പൂർണ്ണ അഴിച്ചു പണിയുമുണ്ടാകും. ടിപി രാമകൃഷ്ണനും കെടി ജലീലിനും മന്ത്രിസ്ഥാനം നഷ്ടമാകുമെന്നാണ് റിപ്പോർട്ട്. എസി മൊയ്തീൻ മന്ത്രിസ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. എല്ലാ കാര്യവും മുഖ്യമന്ത്രിയാകും തീരുമാനിക്കുക. അതുകൊണ്ട് തന്നെ ആർക്കെല്ലാം എന്തെല്ലാം സംഭവിക്കുമെന്ന് ആർക്കും എത്തും പിടിയുമില്ല. എല്ലാ സിപിഎം മന്ത്രിമാരും പണി പോകുമോ എന്ന ആശങ്കയിലാണ്. സ്പീക്കർ ശ്രീരാമകൃഷ്ണൻ മന്ത്രിയാകുമെന്ന് ഏതാണ്ട് ഉറപ്പാണ്. എംഎൽഎമാരിൽ പലരും മന്ത്രിപദവി മോഹിക്കുന്നുമുണ്ട്.

സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നു കോടിയേരി മാറാതെ താൽക്കാലിക ചുമതലക്കാരനെ നിയോഗിക്കാനാണു സാധ്യത. സംസ്ഥാന സെക്രട്ടേറിയറ്റ് കോടിയേരിയുടെ അവധിയപേക്ഷ പരിഗണിക്കും. കോടിയേരിക്കു തുടർചികിത്സ അനിവാര്യമാണെന്നു പാർട്ടിക്കു ബോധ്യമായിക്കഴിഞ്ഞു. കേന്ദ്രനേതൃത്വത്തെയും സംസ്ഥാനത്തെ ഉന്നതനേതാക്കളെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. 6 മാസത്തേക്ക് അദ്ദേഹം അവധിയിൽ പ്രവേശിക്കാനാണു സാധ്യത. ഡിസംബർ പകുതിയോടെ സംസ്ഥാന കമ്മിറ്റി ചേരുന്നുണ്ട്. ജയരാജനെ ഈ യോഗം താൽകാലിക സെക്രട്ടറിയായി നിശ്ചയിക്കും. പുതിയ സെക്രട്ടറിയെ സിപിഎം തിരഞ്ഞെടുക്കുന്നതു സാധാരണഗതിയിൽ സംസ്ഥാന സമ്മേളനത്തിലാണ്. അടിയന്തര സാഹചര്യങ്ങളിൽ സംസ്ഥാനകമ്മിറ്റി ചേർന്നു സെക്രട്ടറിയെ നിശ്ചയിക്കാറുണ്ട്. 2015 ൽ ആലപ്പുഴ സമ്മേളനത്തിലാണു കോടിയേരി ആദ്യമായി പാർട്ടി സെക്രട്ടറിയാകുന്നത്. 2018 ൽ തൃശൂർ സമ്മേളനത്തിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അസുഖം വില്ലനാകുമ്പോൾ പതിയ സ്ഥാനം ഒഴിയുകയാണ് കോടിയേരി.

ഒക്ടോബർ 28ന് അമേരിക്കയിലെ ഹൂസ്റ്റണിലുള്ള ഹെൻഡേഴ്‌സൺ കാൻസർ സെന്ററിൽ അടിയന്തര ചികിത്സയ്ക്കു കോടിയേരി പോയതോടെയാണ് രോഗം ചർച്ചയാകുന്നത്. അതിനിടെ കോടിയേരിയെ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നു പാർട്ടി കേന്ദ്രങ്ങൾ വ്യക്തമാക്കി. പൊതു സംഘടനാ രംഗങ്ങളിൽ നിന്ന് അദ്ദേഹത്തിനു വിട്ടുനിൽക്കേണ്ട സാഹചര്യത്തിൽ മറ്റൊരാൾക്കു ചുമതല നൽകുന്നതാണു പരിഗണനയിൽ. ജയരാജൻ പാർട്ടിയെ നയിക്കാൻ എത്തുന്നതിനോടാണ് പിണറായിക്ക് താൽപ്പര്യം. കേന്ദ്രകമ്മിറ്റി അംഗങ്ങളായ എം.വി ഗോവിന്ദൻ, എളമരം കരീം തുടങ്ങിയവരെ താൽക്കാലിക സെക്രട്ടറിയുടെ ചുമതലയിലേക്കു പരിഗണിച്ചേക്കാം. പൊളിറ്റ്ബ്യൂറോ അംഗങ്ങളായ എസ്. രാമചന്ദ്രൻപിള്ള, എം.എ. ബേബി എന്നിവരുടെ പേരുകളും ഉയരുന്നുണ്ടെങ്കിലും അഖിലേന്ത്യാ കേന്ദ്രത്തിന്റെ ഭാഗമായ ഇവരെ താൽക്കാലിക സെക്രട്ടറി സ്ഥാനത്തേക്കു പരിഗണിക്കാൻ പിണറായിക്ക് താൽപ്പര്യക്കുറവുണ്ട്.

സെക്രട്ടറിയെ മന്ത്രിസഭയിൽ നിന്ന് തിരഞ്ഞെടുക്കുകയാണെങ്കിൽ മന്ത്രിസഭാ പുനഃസംഘടനയുമുണ്ടാകും. അങ്ങനെയെങ്കിൽ സുപ്രധാനമായ അഴിച്ചുപണി തന്നെ പാർട്ടി നേതൃത്വത്തിലും മന്ത്രിസഭയിലുമുണ്ടാകും. പുനഃസംഘടനയ്ക്ക് കളമൊരുങ്ങുന്നുണ്ടെങ്കിൽ ഇപി ജയരാജന് താൽക്കാലിക സെക്രട്ടറിയുടെ ചുമതല നൽകാൻ സിപിഎം നേതൃത്വം തയ്യാറായേക്കും. സെക്രട്ടേറിയറ്റ് അംഗങ്ങളിൽ എം വി ഗോവിന്ദൻ, പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി എന്നിവർ സെക്രട്ടറിസ്ഥാനത്തേക്കു പരിഗണിച്ചേക്കാവുന്ന പേരുകളാണ്. എന്നാൽ, മന്ത്രിസ്ഥാനത്തുള്ളവർക്കാണ് കൂടുതൽ സാധ്യത. അതിൽത്തന്നെ, ഇ.പി. ജയരാജന്റെതാണ് പ്രധാന പേര്. പാർട്ടിയിൽ കോടിയേരിക്കൊപ്പം പ്രവർത്തനപാരമ്പര്യം ഇ.പി.ക്കുണ്ട്. ഒന്നരമാസം ചികിത്സയ്ക്കായി കോടിയേരി മാറിനിന്നെങ്കിലും സെക്രട്ടറിയുടെ ചുമതല മറ്റാർക്കും നൽകിയിരുന്നില്ല. സംസ്ഥാന സെക്രട്ടേറിയറ്റ് കാര്യങ്ങൾ തീരുമാനിക്കുന്ന രീതിയാണ് സ്വീകരിച്ചത്. ചുമതല ഗോവിന്ദനും നൽകി. കോടിയേരി അവധിയിൽ പ്രവേശിക്കുമ്പോൾ സെക്രട്ടേറിയറ്റ് മൊത്തത്തിൽ തീരുമാനമെടുക്കുന്ന സ്ഥിതി മതിയാവില്ല. പഞ്ചായത്ത്-നിയമസഭാ തിരഞ്ഞെടുപ്പുകൾ വരാനിരിക്കുന്ന ഘട്ടമായതിനാൽ പൂർണ ചുമതലയുള്ള സെക്രട്ടറി വേണമെന്നാണ് നേതൃത്വത്തിന്റെ അഭിപ്രായം.

ടി.പി. രാമകൃഷ്ണൻ, കെ.ടി. ജലീൽ എന്നിവരെ മാറ്റിയേക്കും. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ മന്ത്രിയാകാൻ സാധ്യതയുണ്ട്. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവർത്തനമാണ് ഇനി സർക്കാരിനുമുന്നിലുള്ളത്. അതിനുള്ള മുഖംമിനുക്കുന്ന വിധമാകും പുനഃസംഘടന. സർവകലാശാലാ മാർക്കുദാനവിവാദത്തിൽ ഗവർണർ നിലപാട് കടുപ്പിച്ചാൽ കെ.ടി. ജലീലിന്റെ മന്ത്രിസ്ഥാനം വിവാദത്തിലാകും. ഇതാണ് ജലീലിന് വിനയാകുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP