Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പിണറായിയുടെ ലക്ഷ്യം വികസനം മുരടിപ്പിക്കാത്ത പരിസ്ഥിതി സംരക്ഷണം; അതിപ്പള്ളിയിൽ മുഖ്യമന്ത്രിയെ അനുകൂലിച്ച് കെ മുരളീധരൻ; വിട്ടുകൊടുക്കാതെ സിപിഐയും; മാർക്‌സിസ്റ്റ് പക്ഷത്തു നിൽക്കുന്ന ആർക്കും വലതുപക്ഷ വികസന കാഴ്ചപ്പാട് അംഗീകരിക്കാനാവില്ലെന്ന് ബിനോയ് വിശ്വം; ജലവൈദ്യുത പദ്ധതിയിൽ ഇടതുപക്ഷത്ത് തർക്കം മുറുകും

പിണറായിയുടെ ലക്ഷ്യം വികസനം മുരടിപ്പിക്കാത്ത പരിസ്ഥിതി സംരക്ഷണം; അതിപ്പള്ളിയിൽ മുഖ്യമന്ത്രിയെ അനുകൂലിച്ച് കെ മുരളീധരൻ; വിട്ടുകൊടുക്കാതെ സിപിഐയും; മാർക്‌സിസ്റ്റ് പക്ഷത്തു നിൽക്കുന്ന ആർക്കും വലതുപക്ഷ വികസന കാഴ്ചപ്പാട് അംഗീകരിക്കാനാവില്ലെന്ന് ബിനോയ് വിശ്വം; ജലവൈദ്യുത പദ്ധതിയിൽ ഇടതുപക്ഷത്ത് തർക്കം മുറുകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വികസനം മുരടിപ്പിക്കാത്ത പരിസ്ഥിതി സംരക്ഷണമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്ധവും തീവ്രവും അശാസ്ത്രീയവുമായ പരിസ്ഥിതി മൗലികവാദ നിലപാടുകളിൽ നിയന്ത്രണം വേണമെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പരിസ്ഥിതി വാരാചരണത്തിന്റെ സംസ്ഥാന തല യോഗത്തിലും പിണറായി തന്റെ നിലപാട് വിശദീകരിച്ചു. അതിരപ്പള്ളി വിഷയത്തിൽ ഇടതു മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐയ്ക്കുള്ള വിർശനമെന്ന തരത്തിലാണ് പിണറായിയുടെ പരാമർശങ്ങൾ. അതിരപ്പള്ളി പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് സിപിഐ. പരിസ്ഥിതി ദിനത്തിനു തലേന്നു കാനം ഫേസ്‌ബുക്കിൽ കുറിച്ച, പരിസ്ഥിതി മറന്നുള്ള വികസനം ആപത്താണെന്നു വ്യക്തമാക്കുന്ന പരോക്ഷ വിമർശനത്തിനു പരിസ്ഥിതി ദിനത്തിൽത്തന്നെ പിണറായി മറുപടി നൽകുകയാണ് ചെയ്തത്. വിഷയം ഇടതുമുന്നണിയിൽ ചർച്ചയ്ക്ക് വരുമ്പോൾ ഘടകകക്ഷികളുടെ പിന്തുണയോടെ അവരെ ഒറ്റപ്പെടുത്താനാണ് പിണറായിയുടെ തീരുമാനം.

കാലത്തിന് അനുസരിച്ചുള്ള പരിസ്ഥിതി നയം ആവശ്യമാണെന്നാണ് പിണറായി വിശദീകരിക്കുന്നത്. പരിസ്ഥിതി സംരക്ഷിക്കുന്ന നിലപാടായിരിക്കും സർക്കാരിന്റേത്. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ വികസനം നടത്താതിരിക്കരുത്. അതുപോലെ വികസത്തിന്റെ പേരിൽ പരിസ്ഥിതി നശിപ്പിക്കുകയും ചെയ്യരുത്. ഇവ രണ്ടും സന്തുലിതമായി നിൽക്കുന്ന രീതിയിലുള്ള പരിസ്ഥിതി നയമാണ് നടപ്പാക്കേണ്ടത്. പരിസ്ഥിതി അവബോധത്തോടെ പദ്ധതികൾ നടപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ജൈവവിദ്ധ്യം ഇല്ലാതാവുന്നതിനെ പ്രാധാന്യത്തോടെ കാണണം. നദികൾ സംരക്ഷിക്കേണ്ടതും അത്യാവശ്യമാണ്. ഇവയ്‌ക്കെല്ലാം തന്നെ സർക്കാർ മുന്തിയ പരിഗണന നൽകും. വന്യജീവികളെ സംരക്ഷിക്കാൻ സർക്കാർ നടപടിയെടുക്കും. അക്രമകാരികളായ വന്യജീവികളെ കൊന്നൊടുക്കി ജനങ്ങളെ രക്ഷിക്കാൻ ശ്രമിക്കില്ല. അതിനുപകരം വന്യജീവികൾക്ക് കടന്നു വരാൻ കഴിയാത്ത തരത്തിൽ മതിലുകളോടെ കിടങ്ങുകളോ ഒരുക്കിയായിരിക്കും സുരക്ഷ ഒരുക്കുകയെന്നും പിണറായി പറഞ്ഞു.

എന്നാൽ ഖനനം പൊതുമേഖലയിൽ തന്നെ വേണമെന്നാണ് സർക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അധികാരത്തിൽ വരുന്നതിന് മുന്പ് തന്നെ എൽ.ഡി.എഫിന്റെ നയം ഇതായിരുന്നു. ഖനനം പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു എന്നത് യാഥാർത്ഥ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖനനം പൊതുമേഖലയിൽ തന്നെ ആയിരിക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജനും നേരത്തെ പറഞ്ഞിരുന്നു. പരിസ്ഥിതിയെ ചൂഷണം ചെയ്യുന്‌പോഴുണ്ടാവുന്ന പ്രത്യാഘാതങ്ങൾ പ്രകൃതി ദുരന്തങ്ങളുടെ രൂപത്തിൽ ഉണ്ടാവും. ഇതിന്റെ തിക്തഫലങ്ങൾ കൂടുതലായി അനുഭവിക്കേണ്ടി വരിക ദരിദ്ര വിഭാഗമാണെന്നും പിണറായി ചൂണ്ടിക്കാട്ടുന്നു.

ഈ പരിപാടിക്ക് എത്തുന്നതിന് മുമ്പാണ് പരിസ്ഥിതി വിഷയത്തിലെ പിണറായിയുടെ പോസ്റ്റ് സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയായത്. മാലിന്യസംസ്‌കരണം, വിഭവശോഷണം, ഊർജ ദുരുപയോഗം, അനധികൃത പ്രകൃതി ചൂഷണം, ജലത്തിന്റെ അശാസ്ത്രീയ ഉപഭോഗം തുടങ്ങിയ വിഷയങ്ങൾ സൂക്ഷ്മമായി പഠിച്ച് ആവശ്യമെങ്കിൽ നിയമ നിർമ്മാണത്തിലൂടെയായാലും പരിഹരിക്കണം. കാലാനുസൃതമാറ്റങ്ങൾ ഇവിടെ ആവശ്യമാണ്. പരിസ്ഥിതിവിഷയങ്ങളിൽ നിയമം കർശനമാക്കണം. അതിനൊപ്പം തന്നെ പരിസ്ഥിതി പ്രശ്‌നത്തിന്റെ ദുരുപയോഗം തടയുകയും വേണമെന്നും അദ്ദേഹം തന്റെ കുറിപ്പിൽ പറയുന്നു. പരിസ്ഥിതിവിഷയങ്ങൾ കൈകാര്യംചെയ്യാൻ കൂടുതൽ ഗവേഷണ സംവിധാനങ്ങൾ ആവശ്യമുണ്ട്. ഈ മേഖലയിൽ പ്രാവീണ്യം നേടിയവരാണ് ഇക്കാര്യത്തിൽ മാതൃകാപരമായ അഭിപ്രായം രേഖപ്പെടുത്തേണ്ടത്. അത്തരം അഭിപ്രായങ്ങളും പൊതുവികാരങ്ങളും പഠിച്ച് വിവേകപൂർവം ഇടപെടുമ്പോഴാണ് ശാശ്വതമായ പരിഹാരം കണ്ടെത്താനാവുകയെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.

അതിനിടെ അതിരപ്പിള്ളി വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ അനുകൂലിച്ച് കോൺഗ്രസ് നേതാവും വട്ടിയൂർക്കാവ് എംഎൽഎയുമായ കെ.മുരളീധരൻ രംഗത്ത്. അതിരപ്പിള്ളി പദ്ധതി വേണമെന്നാണ് തന്റെ അഭിപ്രായം. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് സംസ്ഥാനത്തിന് വേണ്ടതെന്നും മുരളീധരൻ പറഞ്ഞു. അതിരപ്പിള്ളി പദ്ധതിയെ അനുകൂലിച്ചു വൈദ്യുതിമന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ആദ്യം പ്രതികരിച്ചത്. ഇതിനെ ശക്തമായി എതിർത്ത് സിപിഐ രംഗത്തെത്തിയിരുന്നു. തുടർന്ന് മന്ത്രി നിലപാട് മയപ്പെടുത്തി. പദ്ധതി അടിച്ചേൽപ്പിക്കില്ലെന്നും എല്ലാവരുമായി കൂടിയാലോചിച്ചേ തീരുമാനമെടുക്കൂവെന്നും മന്ത്രി പറഞ്ഞു. ഇതിന് ശേഷവും ചർച്ച സജീവമാക്കാനാണ് മുഖ്യമന്ത്രി പിണറായിയുടെ ശ്രമം. പൊതുജനാഭിപ്രായം അനുകൂലമാക്കി അതിരപ്പള്ളി പദ്ധതി യാഥാർത്ഥ്യമാക്കുകയാണ് സിപിഐ(എം) ശ്രമം.

പ്രകടനപത്രികയിൽ പറയാത്ത വിഷയങ്ങളിൽ ഇടതുമുന്നണി ചർച്ച ചെയ്ത ശേഷം മാത്രമേ പരസ്യപ്രസ്താവന നടത്താവൂ എന്നായിരുന്നു സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്റെ മുന്നറിയിപ്പ്. ഇതിനു പിന്നാലെ അതിരപ്പിള്ളി പദ്ധതി വേണ്ടെന്ന നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി വി എസ്. സുനിൽകുമാറും അഭിപ്രായപ്പെട്ടു. വികസനം സാമൂഹ്യനീതിക്കു നിരക്കുന്നതും നിലനിർത്താനാവുന്നതും ആയിരിക്കണമെന്നും മനുഷ്യനും പ്രകൃതിയും കേന്ദ്രബിന്ദുവാകുന്ന വികസനത്തിനു മാത്രമേ സുസ്ഥിരതയെ സംഭാവന ചെയ്യാനാവുകയുള്ളൂ എന്നുമായിരുന്നു കാനം രാജേന്ദ്രൻ ശനിയാഴ്ച ഫേസ്‌ബുക്കിൽ കുറിച്ചത്. എല്ലാത്തിനും ലാഭം മാത്രം ദർശിക്കുന്ന മുതലാളിത്ത വികസന രീതികളാണു പ്രകൃതിയെ തകർത്തെറിഞ്ഞത് എന്നതു തിരിച്ചറിയുന്നിടത്താണ് ഇടതുപക്ഷ രാഷ്ട്രീയം അർഥപൂർണമാകുന്നതെന്നും, ഓർമ്മപ്പെടുത്തൽ പോലെ കാനം കുറിച്ചിരുന്നു.

ഇതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിലപാടു വ്യക്തമാക്കിയത്. താൻ മന്ത്രിയായിരുന്നപ്പോൾത്തന്നെ പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചതാണെന്നും തൽപരകക്ഷികളാണ് പിന്നീട് നിയമനടപടികളുമായി രംഗത്തെത്തിയതെന്നുമുള്ള പിണറായിയുടെ പ്രതികരണത്തിൽനിന്ന്, പദ്ധതിയുമായി മുന്നോട്ടുപോകാൻ തന്നെയാണു സർക്കാരിന്റെ തീരുമാനമെന്നു വ്യക്തമായി. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് 6.07 കിലോമീറ്റർ മുകളിലായി 23 മീറ്റർ ഉയരമുള്ള ചെറിയ ഡാം നിർമ്മിച്ച് 163 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള പദ്ധതി വൈദ്യുതി ബോർഡ് തയാറാക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാർ പച്ചക്കൊടി കാട്ടിയാൽ ഏതു നിമിഷവും ടെൻഡർ നടപടി തുടങ്ങാം. 936 കോടി രൂപയാണ് ആകെ ചെലവ്. ചാലക്കുടിപ്പുഴയിൽ പെരിങ്ങൽക്കുത്ത് ജലവൈദ്യുത പദ്ധതിയുടെ പവർ ഹൗസിൽനിന്ന് 2.52 കിലോമീറ്റർ ദൂരെയാണു പുതിയ ഡാം നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്.

പിണറായിയുടെ പ്രസ്താവനയ്ക്കും പോസ്റ്റിനും പിന്നാലെ, സിപിഐ നേതാവും കഴിഞ്ഞ ഇടതുഭരണകാലത്ത് വനംമന്ത്രിയുമായിരുന്ന ബിനോയ് വിശ്വവും കാനത്തിന്റെ നിലപാടിനു പിന്തുണയുമായെത്തി. മാർക്‌സിസ്റ്റ് പക്ഷത്തു നിൽക്കുന്ന ആർക്കും വലതുപക്ഷ വികസന കാഴ്ചപ്പാട് അംഗീകരിക്കാനാവില്ലെന്നു പറഞ്ഞ അദ്ദേഹം, പ്രകൃതിയേയും മനുഷ്യനെയും ചവിട്ടി മെതിച്ചുള്ള വികസനം വലതു പക്ഷത്തിന്റേതാണെന്നും ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പിണറായി വിജയൻ ഇടതുപക്ഷ വികസനത്തിനൊപ്പം നിൽക്കുമെന്നാണു കരുതുന്നതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ മുഖ്യമന്ത്രിയുമായി ഏറ്റുമുട്ടലിന്റെ പാത തുടരുമെന്ന സൂചന തന്നെയാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണത്തിലൂടെ സിപിഐ നൽകുന്നത്.

അതിനിടെ പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് സിപിഐ എം നയമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പരിസ്ഥിതിക്കുഹാനികരമായ പ്രവർത്തികൾ ഉണ്ടാകരുതെന്നതാണ് നിലപാട്. ഇതിന് അനുസൃതമാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുവെയ്ക്കുന്ന പരിസ്ഥിതി-വികസന നയമെന്നും കോടിയേരി പറഞ്ഞു. പകർച്ചവ്യാധികൾ പടരുന്നത് തടയാൻ സംസ്ഥാന വ്യാപകമായി ശുചീകരണപ്രവർത്തനം ഏറ്റെടുക്കാൻ സിപിഐ എം സംസ്ഥാനകമ്മിറ്റി ആഹ്വാനം ചെയ്തിരുന്നു. കേരളത്തെ മാലിന്യമുക്തമാക്കാനും അതുവഴി മഴക്കാലരോഗങ്ങളിൽനിന്ന് രക്ഷനേടുന്നതിനുമുള്ള പ്രവർത്തനങ്ങൾക്കായി ജൂൺ അഞ്ച് മാറ്റിവയ്ക്കും. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിളപ്പിൽശാലയിലെ ഇ എം എസ് അക്കാദമിയിൽ 1000 വൃക്ഷത്തൈ നടും. രണ്ടരയേക്കർ സ്ഥലത്താണ് ഫലവൃക്ഷങ്ങൾ ഉൾപ്പെടെ കേരളത്തിൽ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന നാടൻ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതെന്നും പറഞ്ഞു.

ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ അഞ്ചുമുതൽ 10വരെ സംസ്ഥാന വ്യാപകമായി വൃക്ഷത്തൈകൾ നടും. പരിസ്ഥിതി ദിനത്തിൽ ബാലസംഘത്തിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഒരുലക്ഷം വൃക്ഷത്തൈകൾ നടുമെന്നും കോടിയേരി വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP