Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൂക്കു മന്ത്രിസഭ പ്രവചിക്കുമ്പോഴും ഇന്നലത്തെ സർവ്വേ ഫലങ്ങൾ കോൺഗ്രസിന് നൽകുന്നത് കടുത്ത നിരാശ; ഹിന്ദി ഭൂമിയിൽ മുമ്പിലെത്താൻ കഴിഞ്ഞാൽ പ്രാദേശിക പാർട്ടികളുമായി ചേർന്ന് സഖ്യ സർക്കാർ ഉണ്ടാക്കാമെന്ന ആത്മവിശ്വാസത്തിൽ ബിജെപി വൃത്തങ്ങൾ; യുപിയിൽ ബിജെപി പത്തിൽ താഴെയാകുകയും മധ്യപ്രദേശിലും രാജസ്ഥാനിലും ഗുജറാത്തിലും ബീഹാറിലും പാതിയിൽ താഴുകയും ചെയ്താലേ ലക്ഷ്യത്തിൽ എത്താനാകൂവെന്ന് തിരിച്ചറിഞ്ഞ് കോൺഗ്രസ്; നിർണ്ണായകമാവുക ഉത്തരേന്ത്യ തന്നെ

തൂക്കു മന്ത്രിസഭ പ്രവചിക്കുമ്പോഴും ഇന്നലത്തെ സർവ്വേ ഫലങ്ങൾ കോൺഗ്രസിന് നൽകുന്നത് കടുത്ത നിരാശ; ഹിന്ദി ഭൂമിയിൽ മുമ്പിലെത്താൻ കഴിഞ്ഞാൽ പ്രാദേശിക പാർട്ടികളുമായി ചേർന്ന് സഖ്യ സർക്കാർ ഉണ്ടാക്കാമെന്ന ആത്മവിശ്വാസത്തിൽ ബിജെപി വൃത്തങ്ങൾ; യുപിയിൽ ബിജെപി പത്തിൽ താഴെയാകുകയും മധ്യപ്രദേശിലും രാജസ്ഥാനിലും ഗുജറാത്തിലും ബീഹാറിലും പാതിയിൽ താഴുകയും ചെയ്താലേ ലക്ഷ്യത്തിൽ എത്താനാകൂവെന്ന് തിരിച്ചറിഞ്ഞ് കോൺഗ്രസ്; നിർണ്ണായകമാവുക ഉത്തരേന്ത്യ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : ആർക്കും ഒറ്റയ്ക്കു ഭൂരിപക്ഷമില്ല ഇന്നലെ പുറത്തു വന്ന 2 അഭിപ്രായ സർവേകളും ലോക്സഭാ തിരഞ്ഞെടുപ്പു ഫലത്തെക്കുറിച്ചു പ്രവചിക്കുന്നത് ഒരേ കാര്യം. 2019 ൽ എൻഡിഎക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നു പ്രവചിക്കുന്ന ആദ്യ സർവേകളാണിത്. എന്നാൽ മുൻതൂക്കം ലഭിക്കുകയും ചെയ്യും. 220 സീറ്റിന് മുകളിൽ ലഭിച്ചാൽ എൻ ഡി എയ്ക്ക് പുറത്തുള്ള പാർട്ടികളുമായി ചേർന്ന് പുതിയ കൂട്ടുകെട്ടുണ്ടാക്കി വീണ്ടും അധികാരം നിലനിർത്താമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ഉത്തരേനന്ത്യയിൽ ബിജെപിക്ക് യുപിയിൽ മാത്രമാകും വമ്പൻ തിരിച്ചടിയുണ്ടാവുക. ബാക്കി സ്ഥലങ്ങളിലെല്ലാം മുൻതൂക്കം ബിജെപിക്കെന്നാണ് പ്രവചനം. ഇത് കോൺഗ്രസിനെ നിരാശപ്പെടുത്തുന്നതാണ്. ടിവി ചാനലുകളായ എബിപി ന്യൂസ്, റിപ്പബ്ലിക്, ഇന്ത്യ ടുഡേ എന്നിവ വിവിധ ഏജൻസികളുമായി സഹകരിച്ചു നടത്തിയ സർവേകളിലാണ് ത്രിശങ്കു സഭാ പ്രവചനം. കോൺഗ്രസ് ജനറൽ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ നിയമിക്കുന്നതിനു മുൻപാണ് ഈ സർവേകൾ നടത്തിയത്. കേരളത്തിൽ യുഡിഎഫിനു വൻ മുന്നേറ്റമാണ് സർവേകൾ പ്രവചിക്കുന്നത്.

ഇന്ത്യ ടുഡേ കാർവി സർവേ ഇപ്പോൾ തിരഞ്ഞെടുപ്പു നടത്തിയാലുള്ള ഫലമാണ് പ്രവചിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെങ്കിലും സർക്കാർ രൂപീകരണത്തിന് ആവശ്യമായ 272 സീറ്റുകൾ എൻഡിഎയ്ക്കു ലഭിക്കില്ല. 237 സീറ്റുകളാകും കിട്ടുക. 2014ൽ നേടിയതിനേക്കാളും 86 സീറ്റിന്റെ കുറവ്. യുപിഎ 160 സീറ്റുകൾ നേടുമെന്നും സർവേയിൽ പറയുന്നു. 2014ൽ നേടിയതിനേക്കാളും 106 സീറ്റിന്റെ വർധനയാണിത്. അതേസമയം, യുപിഎയ്ക്കുള്ളതിനേക്കാളും വോട്ട് ഷെയർ എൻഡിഎയ്ക്കാകും ഉണ്ടാകുക. എൻഡിഎയ്ക്ക് 233 സീറ്റുകളാണ് എബിപി ന്യൂസ് സീവോട്ടർ സർവേ പ്രവചിക്കുന്നത്. യുപിഎ 167 സീറ്റുകളും മറ്റുള്ളവർ 143 സീറ്റുകളും നേടുമെന്ന് സീ വോട്ടർ സർവേ പറയുന്നു. ഉത്തർപ്രദേശിൽ ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് എബിപി ന്യൂസ് സീവോട്ടർ സർവേ. 80 സീറ്റുകളിൽ ബിഎസ്‌പി എസ്‌പി സഖ്യം 51 സീറ്റുകളിൽ വിജയിക്കും. ബിജെപിക്കും സഖ്യകക്ഷികൾക്കും ചേർന്ന് 25 സീറ്റുകൾ മാത്രമേ നേടാൻ കഴിയൂ. ബിഹാറിൽ നരേന്ദ്ര മോദി നിതീഷ് കുമാർ സഖ്യം മുന്നിലെത്തും.

ഗുജറാത്തിലെ 26ൽ 25ഉം രാജസ്ഥാനിലെ 25ൽ 18ഉം മധപ്രദേശിലെ 29ൽ 23ഉം നേടുന്നത് ബിജെപിയാകുമെന്നാണ് പ്രവചനം. എസ് പിയും ബിഎസ്‌പിയും ചേർന്നതോടെ എല്ലാ സീറ്റും നഷ്ടമാകുമെന്ന് കരുതിയ യുപിയിൽ 22 സീറ്റുകൾ വരെ ഉറപ്പിക്കാമെന്നും വിലയിരുത്തലെത്തുന്നു. ബീഹാറിൽ 40ൽ 35ഉം നേടുക എൻഡിഎ സഖ്യമെന്നാണ് സൂചന. ഇതെല്ലാം ബിജെപിക്ക് ആശ്വാസം നൽകുന്നതാണ് രാജസ്ഥാനിലും ബിജെപിക്ക് ചുവട് പിഴക്കില്ല. സീറ്റുകൾ കുറയുമെങ്കിലും വലിയ നഷ്ടം ബിജെപിക്ക് യുപിയൊഴികെയുള്ള ഒരു സംസ്ഥാനത്തും ഉത്തരേന്ത്യയിൽ ഉണ്ടാകില്ല. അങ്ങനെ വന്നാൽ ഭൂരിപക്ഷം കുറഞ്ഞാലും തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മേൽകൈ നഷ്ടമാകില്ല. കോൺഗ്രസിന് മൂന്നക്കം കടക്കാനും ഏറെ ബുദ്ധിമുട്ടേണ്ടി വരും. ഒരു മുന്നണിയിലും ഇല്ലാത്ത തെലുങ്കാനയിലെ ടി ആർ എസ്, തമിഴ്‌നാട്ടിലെ എഐഎഡിഎംകെ, ഒഡീഷയിലെ ബിജു ജനതാദൾ എന്നിവരെല്ലാം പ്രതിസന്ധി ഘട്ടത്തിൽ ബിജെപിയെ പിന്തുണച്ചേക്കും.

തൂക്കു മന്ത്രിസഭ പ്രവചിക്കുമ്പോഴും ഇന്നലത്തെ സർവ്വേ ഫലങ്ങൾ കോൺഗ്രസിന് നൽകുന്നത് കടുത്ത നിരാശയാണ്. ഹിന്ദി ഭൂമിയിൽ മുമ്പിലെത്താൻ കഴിഞ്ഞാൽ പ്രാദേശിക പാർട്ടികളുമായി ചേർന്ന് സഖ്യ സർക്കാർ ഉണ്ടാക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി വൃത്തങ്ങൾ. യുപിയിൽ ബിജെപി പത്തിൽ താഴെയാകുകയും എംപിയിലും രാജസ്ഥാനിലും ഗുജറാത്തിലും ബീഹാറിലും പാതിയിൽ താഴുകയും ചെയ്താലേ ലക്ഷ്യത്തിൽ എത്താനാകൂവെന്ന് തിരിച്ചറിഞ്ഞ് കോൺഗ്രസ് വൃത്തങ്ങൾ തന്ത്രങ്ങളൊരുക്കാൻ തുടങ്ങി കഴിഞ്ഞു. യുപിയിൽ ബിജെപിയെ തകർക്കാൻ എന്തു വിട്ടു വീഴ്ചയ്ക്കും കോൺഗ്രസ് തയ്യാറാകും. നേതൃത്വത്തിൽ എത്തിയ പ്രിയങ്കാ ഗാന്ധി യുപിയിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തും. എസ് പി നേതാവ് അഖിലേഷ് യാദവുമായി അടുത്ത ബന്ധമാണ് പ്രിയങ്കയ്ക്കുള്ളത്. എങ്ങനേയും പ്രതിപക്ഷ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ പ്രിയങ്ക ഇടപെടൽ നടത്തും.

ഇതൊടൊപ്പം കിഴക്കൻ ഉത്തർപ്രദേശ് (പ്രിയങ്ക ഗാന്ധിയെ ഏൽപിക്കുന്നതിലൂടെ കോൺഗ്രസ് ലക്ഷ്യമിടുന്നതു മികച്ച പോരാട്ടവും പഴയ പ്രതാപത്തിന്റെ വീണ്ടെടുപ്പും. ഒരു കാലത്തു കോൺഗ്രസിന്റെ ശക്തമായ കോട്ടയായിരുന്ന ഉത്തർപ്രദേശിൽ 2014ൽ പാർട്ടി രണ്ടു സീറ്റുകളിലേക്കു ചുരുങ്ങി. റായ്ബറേലിയിൽ സോണിയ ഗാന്ധിയും അമേഠിയിൽ രാഹുൽ ഗാന്ധിയും മാത്രമാണു ജയിച്ചത്. എന്നാൽ സമീപകാലത്തു നടന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകളിലെ വിജയം എസ്‌പിക്കും ബിഎസ്‌പിക്കും പ്രതീക്ഷയേകി. ന്യൂനപക്ഷ, പിന്നാക്ക വോട്ടുബാങ്കായിരുന്നു കോൺഗ്രസിന്റെ കരുത്ത്. യുപിയിൽ ഈ വോട്ട് ബാങ്ക് തിരിച്ചു പിടിക്കുകയാണ് ലക്ഷ്യം. എന്നാൽ ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മാജിക്കൊന്നും സംഭവിക്കില്ലെന്ന് കോൺഗ്രസുകാർക്ക് അറിയാം. അതുകൊണ്ട് കൂടിയാണ് ഗുജറാത്തിലും രാജസ്ഥാനിലും മധ്യപ്രദേശിലും ഹരിയാനയിലും വമ്പൻ വിജയങ്ങൾ കോൺഗ്രസ് സ്വപ്നം കണ്ടത്. ഇത് നടന്നില്ലെങ്കിൽ രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാനുള്ള സാധ്യത ഏറെ കുറയും. അതുകൊണ്ട് തന്നെ സർവ്വേ ഫലങ്ങളെ ഗൗരവത്തോടെയാണ് കോൺഗ്രസ് കാണുന്നത്.

പശ്ചിമ ബംഗാളിലും ഇടതുപക്ഷം തകർന്നടിയുമെന്ന് എബിപി-സി വോട്ടർ സർവേ ഫലം പറയുന്നു. ഇവിടെ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനുള്ള മൃഗീയ ആധിപത്യം തുടരും. ആകെയുള്ള 42 സീറ്റിൽ 34 സീറ്റുകൾ തൃണമൂൽ നേടുമെന്നാണ് റിപ്പോർട്ട്. നിലവിൽ തൃണമൂലിന് ബംഗാളിൽ 34 സീറ്റാണുള്ളത്. അതേ സമയം ശക്തമായ മത്സരം കാഴ്‌ച്ചവെക്കുമെന്ന് കരുതിയ ബിജെപിക്ക് ഏഴ് സീറ്റുകളിൽ കൂടുതൽ നേടാനാവില്ല. കോൺഗ്രസ് ഒരു സീറ്റിലേക്ക് ഒതുങ്ങും. ബിഹാറിൽ മഹാസഖ്യമായി മത്സരിക്കുന്ന കോൺഗ്രസ് ആർജെഡി സഖ്യത്തിന് കനത്ത തിരിച്ചടിയാണ് സർവേ പ്രവചിക്കുന്നത്. അഞ്ച് സീറ്റിൽ കൂടുതൽ മഹാസഖ്യം നേടില്ല. അതേ സമയം ബിജെപി-ജെഡിയു സഖ്യം 40-ൽ 35 സീറ്റുകളും സ്വന്തമാക്കും.

എന്നാൽ ഉത്തർപ്രദേശിൽ ബിജെപിക്കാണ് കനത്ത തിരിച്ചടി ഉണ്ടാകുക. എസ്‌പി-ബിഎസ്‌പി സഖ്യം 80-ൽ 51 സീറ്റുകൾ നേടും. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎക്ക് 25 സീറ്റുകളിൽ കൂടുതൽ ഇവിടെ നിന്ന് ലഭിക്കില്ല. കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുകയാണെങ്കിൽ നാല് സീറ്റുകൾ നേടുമെന്നും സർവേ പ്രവചിക്കുന്നു. മഹാരാഷ്ട്രയിലും എൻഡിഎ സഖ്യത്തിന് തിരിച്ചടിയുണ്ടാകും. 48-ൽ 28 സീറ്റുകൾ യുപിഎ നേടുമ്പോൾ 20 സീറ്റുകളിലേ എൻഡിഎക്ക് ജയിക്കാനാവൂ. പഞ്ചാബിൽ കോൺഗ്രസ് തൂത്തുവാരുമെന്നാണ് റിപ്പോർട്ട്. ആകെയുള്ള 13 സീറ്റുകളിൽ 12 ലും കോൺഗ്രസിന് സാധ്യത കൽപ്പിക്കുമ്പോൾ ഒരു സീറ്റ് മാത്രമെ എൻഡിഎക്ക് ലഭിക്കുകയുള്ളൂ. ഗുജറാത്തിൽ 26-ൽ 24 സീറ്റുകളും ബിജെപിക്ക് ലഭിക്കുമെന്നാണ് പറയുന്നത്. ഇവിടെ രണ്ട് സീറ്റുകൾ മാത്രമെ കോൺഗ്രസിന് ലഭിക്കൂകയുള്ളൂ. ഗോവയിൽ ആകെയുള്ള രണ്ട് ലോക്‌സഭാ സീറ്റുകളിൽ കോൺഗ്രസിനും ബിജെപിക്കും ഓരോന്ന് വീതം ലഭിക്കും.

ഒഡീഷയിൽ 21 സീറ്റുകളിൽ ബിജെപിക്ക് 12 സീറ്റുകൾ വരെ ലഭിച്ചേക്കും. അതേ സമയം ഭരണകക്ഷിയായ ബിജെഡിക്ക് ഒമ്പ്ത സീറ്റുകളെ ലഭിക്കുകയുള്ളൂവെന്നും സർവേ പറയുന്നു. ഇവിടെ ബിജെപിയാണ് നേട്ടമുണ്ടാക്കുന്നത്. മധ്യപ്രദേശിൽ ബിജെപിക്ക് ആശ്വസിക്കാം. ലോക്‌സഭയിൽ എൻഡിഎക്ക് 23 സീറ്റുകൾ ലഭിക്കും. യുപിഎക്ക് ആറ് സീറ്റുകളെ ലഭിക്കൂ. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ആകെയുള്ള 25 ലോക്‌സഭാ സീറ്റുകളിൽ 14 സീറ്റുകൾ എൻഡിഎ മുന്നണി നേടും. ഒമ്പത് സീറ്റുകൾ യുപിഎയും രണ്ടെണ്ണം മറ്റുള്ളവർക്കുമാണ് സാധ്യത കൽപ്പിക്കുന്നത്. ഹരിയാനയിലെ 10 സീറ്റിൽ എൻഡിഎക്ക് ഏഴും യുപിഎക്ക് മൂന്നും സീറ്റുകൾ ലഭിക്കും. കർണാടകയിൽ യുപിഎക്കും എൻഡിഎക്കും 14 വീതം സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം. അതായത് ബിജെപിക്ക് യുപിയിൽ ഒഴിച്ച് ബാക്കിയൊരിടത്തും വലിയ തിരിച്ചടിയുണ്ടാകുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP