Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വാഗ്ദാനങ്ങൾ വാരിവിതറുന്ന പുരട്ചി തലൈവിയും കവിത്വം തുളുമ്പുന്ന പ്രസംഗങ്ങളിലൂടെ ജനഹൃദയം കീഴടക്കുന്ന കരുണാനിധിയും ഇല്ലാത്ത ആദ്യ തിരഞ്ഞെടുപ്പിലേക്ക് തമിഴ്‌നാട്; രാജീവിന്റെ കോൺഗ്രസും കേരളം ഭരിക്കുന്ന സിപിഎമ്മും കൂടെ നിൽക്കുമ്പോഴും മുല്ലപ്പെരിയാറും എൽടിടിഇ വിഷയവും ചർച്ചയാക്കാൻ ഡിഎംകെ; പൊള്ളാച്ചി കൂട്ടമാനഭംഗം തലവേദനയായതോടെ അണ്ണാഡിഎംകെയ്ക്ക് കൈകൊടുത്ത വിഷമത്തിൽ ബിജെപിയും; തമിഴക രാഷ്ട്രീയ ചിത്രം തെളിയുമ്പോൾ

വാഗ്ദാനങ്ങൾ വാരിവിതറുന്ന പുരട്ചി തലൈവിയും കവിത്വം തുളുമ്പുന്ന പ്രസംഗങ്ങളിലൂടെ ജനഹൃദയം കീഴടക്കുന്ന കരുണാനിധിയും ഇല്ലാത്ത ആദ്യ തിരഞ്ഞെടുപ്പിലേക്ക് തമിഴ്‌നാട്; രാജീവിന്റെ കോൺഗ്രസും കേരളം ഭരിക്കുന്ന സിപിഎമ്മും കൂടെ നിൽക്കുമ്പോഴും മുല്ലപ്പെരിയാറും എൽടിടിഇ വിഷയവും ചർച്ചയാക്കാൻ ഡിഎംകെ; പൊള്ളാച്ചി കൂട്ടമാനഭംഗം തലവേദനയായതോടെ അണ്ണാഡിഎംകെയ്ക്ക് കൈകൊടുത്ത വിഷമത്തിൽ ബിജെപിയും; തമിഴക രാഷ്ട്രീയ ചിത്രം തെളിയുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: സീറ്റു വിഭജനം പൂർത്തിയായി രാഷ്ട്രീയചിത്രം തെളിഞ്ഞതോടെ ഡിഎംകെയുടെ നേതൃത്വത്തിൽ യുപിഎയും അണ്ണാ ഡിഎംകെയുടെ നേതൃത്വത്തിൽ എൻഡിഎയും തമ്മിൽ തമിഴ്‌നാട്ടിൽ ശക്തമായ പോരിലേക്ക് രാജ്യത്തെ 40 സീറ്റുള്ള സംസ്ഥാനങ്ങളിൽ ഒന്നെന്ന നിലയിൽ (പുതുച്ചേരിയും തമിഴ്‌നാടും ചേർന്ന്) തമിഴകരാഷ്ട്രീയം എല്ലാ കാലത്തും ദേശിയശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. മാറി വരുന്ന സർക്കാരുകളിൽ ഘടക കക്ഷിയെന്ന നിലയിൽ ഇടംപിടിക്കാറുമുണ്ട് തമിഴ്‌നാട്ടിലെ ദ്രാവിഡ പാർട്ടികൾ. ഇക്കുറിയും ശക്തമായ അങ്കത്തിന് വേദിയൊരുക്കിയാണ് കരുണാനിധിയുടേയും ജയലളിതയുടേയും പാർട്ടികൾ ഇവരുടെ വിയോഗത്തിന് പിന്നാലെ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പിൽ ഏറ്റുമുട്ടുന്നത്.

ജയലളിതയുടെ നിര്യാണത്തോടെ തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെ പിളർന്നുവെങ്കിലും അമ്മയുടെ തോഴി ശശികല ജയിലിൽ ഇരുന്നും അവരുടെ കുടുംബമായ മന്നാർഗുഡി മാഫിയ നാട്ടിലും തിരഞ്ഞെടുപ്പിൽ ശക്തമായി ഇടപെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. എതായാലും കഴിഞ്ഞതവണ 'അമ്മ'യുടെ വ്യക്തി പ്രഭാവത്തിന് മുന്നിൽ ലോക്‌സഭാ തിരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും കൈവിട്ടുകളഞ്ഞ ഡിഎംകെയ്ക്ക് ഇക്കുറി വലിയ പ്രതീക്ഷയാണ്. കരുണാനിധിയുടെ വിയോഗത്തിന്റെ പിന്നാലെ പാർട്ടി നേതൃത്വം ഏറ്റെടുത്ത സ്റ്റാലിനാണ് ഇപ്പോൾ ഡിഎംകെയുടെ സ്റ്റാർ പോരാളി.

മറുവശത്ത് പൊള്ളാച്ചി കൂട്ട മാനഭംഗം ഉണ്ടാക്കിയ നാണക്കേടിൽ നിന്ന് കരകയറാൻ ആകാതെ നിൽക്കുകയാണ് അണ്ണാ ഡിഎംകെ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 39 സീറ്റിൽ 37ലും വിജയിച്ചിരുന്നു അണ്ണാ ഡിഎംകെ. പക്ഷേ, അന്ന് ജയലളിതയായിരുന്നു തമിഴക രാജ്ഞി. ഇപ്പോൾ ജയ ഇല്ല. മാത്രമല്ല, അവരുടെ തോഴി ശശികല ജയിലിലും. പൊട്ടിപ്പിളർന്ന് പലതായിട്ടുണ്ട് പാർട്ടി. ഈയൊരു സാഹചര്യത്തിലാണ് കൂനിന്മേൽ കുരുപോലെ പൊള്ളാച്ചി കൂട്ടമാനഭംഗ കേസും വരുന്നത്.

ഇതെല്ലാം മികച്ച രീതിയിൽ ഉപയോഗിക്കാനും തമിഴകം തിരിച്ചുപിടിക്കാനും സ്റ്റാലിൻ ഇറങ്ങുന്നു. കൂടെ വലിയൊരു വിശാല സഖ്യവുമുണ്ട് ദ്രാവിഡ മുന്നേറ്റ കഴകത്തിന്. മറുവശത്ത് ഡിഎംകെയെ സമീപിച്ചിട്ടും സീറ്റ് കിട്ടാത്ത, കൂടെ കൂട്ടാത്ത കക്ഷികളെ വരെ ഏറ്റെടുക്കുകയാണ് ബിജെപിയും അണ്ണാ ഡിഎംകെയും. അവരുടെ കാൽക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നു എന്ന് ഉത്തമബോധ്യമുള്ളതുപോലെ. കരുണാനിധിയുടെ കാലത്ത് ഡിഎംകെയും ജയയുടെ കാലത്ത് അണ്ണാ ഡിഎംകെയിലും അവർ തന്നെയായിരുന്നു പാർട്ടിയിലെ അവസാന വാക്ക്. ഇപ്പോൾ രണ്ടു പാർട്ടികളിലും അതല്ല സ്ഥിതി. കരുണാനിധി സ്റ്റാലിനെ പിൻഗാമിയായി പ്രഖ്യാപിച്ചെങ്കിലും മധുര മേഖലയിൽ ശക്തനാണ് അഴഗിരി. ഇരുവരും തമ്മിലുള്ള തർക്കം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചാൽ അത് ഡിഎംകെയ്ക്കും യുപിഎയ്ക്കും തിരിച്ചടിയാകും.

ഇതിലും വലുതാണ് അണ്ണാ ഡിഎംകെയിലെ പ്രശ്‌നം. ജയലളിത മരിച്ചതോടെ പന്നീർ ശെൽവം ഗ്രൂപ്പ്, പളനിസ്വാമി ഗ്രൂപ്പ് എന്നിങ്ങനെ രണ്ടാണ് പാർട്ടി. ഇതിനൊപ്പം ഭിന്ന് മാറി നിൽക്കുന്ന ശശികലയുടെ ബന്ധു ടിടിവി ദിനകരനും കൂടെപ്പോയ എംഎൽഎമാരും. ഇത്തരത്തിൽ അണ്ണാ ഡിഎംകെ ശിഥിലമായി എന്ന് പറയാവുന്ന കാലത്താണ് ഇപ്പോൾ തിരഞ്ഞെടുപ്പ് വരുന്നത്. ഇതിനൊപ്പമാണ് പൊള്ളാച്ചിയിലെ പീഡനവും മറ്റ് അഴിമതി ആരോപണങ്ങളുമെല്ലാം എത്തുന്നത്. ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടായേക്കുമെന്നാണ് തമിഴ്‌നാട് നൽകുന്ന സൂചന. അങ്ങനെയെങ്കിൽ കോൺഗ്രസും ഡിഎംകെയും ഇടതുപാർട്ടികളും കൂടെ ലീഗുമെല്ലാം ജയിച്ചുകയറുന്ന സാഹചര്യം ഉണ്ടായേക്കും. കഴിഞ്ഞ തവണ അണ്ണാ ഡിഎംകെ നടത്തിയ ക്‌ളീൻ സ്വീപ് ഇക്കുറി മറുപക്ഷത്തിന് സ്വന്തമാകുമോ എന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.

സിപിഎമ്മും കോൺഗ്രസും കൈകോർക്കുന്ന ഡിഎംകെ മുന്നണി

തമിഴ്‌നാട്ടിൽ ഡിഎംകെ നേതൃത്വത്തിലാണ് യുപിഎ. ഇവർ മുന്നണിയിലെ വിവിധ കക്ഷികൾ മത്സരിക്കുന്ന മണ്ഡലങ്ങൾ പ്രഖ്യാപിച്ചുകഴിഞ്ഞു. ഘടകകക്ഷി നേതാക്കളുടെ സാന്നിധ്യത്തിൽ ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിനാണ് ചെന്നൈയിൽ മണ്ഡലങ്ങൾ പ്രഖ്യാപിച്ചത്. തമിഴ്‌നാട്ടിൽ 39 മണ്ഡലവും പുതുശ്ശേരിയിൽ ഒരു മണ്ഡലവുമാണുള്ളത്.

ഡിഎംകെ 20 സീറ്റിൽ മത്സരിക്കുമ്പോൾ ഘടക കക്ഷികൾക്കും അത്രതന്നെ സീറ്റ് നൽകുന്നതാണ് സ്ഥാനാർത്ഥി വിന്യാസം. അണ്ണാ ഡിഎംകെയുമായി നേർക്കുനേർ പോര് വരുന്ന സീറ്റുകൾ കുറച്ചാണ് പരമാവധി വിജയസാധ്യത പരിഗണിച്ച് ഡിഎംകെ സീറ്റ് നിർണയം നടത്തിയത്. കോയമ്പത്തൂരും മധുരയിലും സിപിഎം മത്സരിക്കും. ഇക്കുറി തമിഴ്‌നാട്ടിലും സിപിഎമ്മിന് വിജയംകൊയ്യാൻ കഴിയുമെന്നാണ് പാർട്ടി പ്രതീക്ഷ. കോയമ്പത്തൂരിൽ മുൻ എംപി പി ആർ നടരാജനും, മധുരയിൽ സംസ്ഥാന കമ്മിറ്റി അംഗവും സാഹിത്യകാരനുമായ വെങ്കടേശനുമാണ് മത്സരിക്കുക. സിപിഐക്ക് തിരുപ്പൂരും നാഗപട്ടണവും നൽകി. തലസ്ഥാനമായ ചെന്നൈ മെട്രോ നഗരത്തിലെ എല്ലാ മണ്ഡലങ്ങളിലും ഡിഎംകെ മത്സരിക്കും.

തിരുവള്ളൂർ, കൃഷ്ണഗിരി, ആരണി, കരൂർ, തിരുച്ചിറപ്പള്ളി, ശിവഗംഗ, തേനി, വിരുദുനഗർ, കന്യാകുമാരി, പുതുശ്ശേരി എന്നിവയാണ് കോൺഗ്രസിന് നൽകിയത്. മറ്റ് കക്ഷികൾക്ക് നൽകിയ മണ്ഡലങ്ങൾ: വിടുതലൈ ചിരുതൈകൾ കക്ഷി- വില്ലുപുരം, ചിദംബരം, എംഡിഎംകെ- ഈറോഡ്, ഐയുഎംഎൽ- രാമനാഥപുരം, കൊങ്ങുനാട് മക്കൾ ദേശീയ കക്ഷി- നാമക്കൽ, ഇന്ത്യ ജനനായക കക്ഷി- പെരമ്പലൂർ. ഇത്തരത്തിൽ വിശാലമായ മുന്നണിയാണ് യുപിഎയുടെ കീഴിൽ.

ചെന്നൈ നോർത്ത്, ചെന്നൈ സൗത്ത്, ചെന്നൈ സെൻട്രൽ, ശ്രീപെരമ്പുതൂർ, കാഞ്ചിപുരം, ആരക്കോണം, വെല്ലൂർ, ധർമപുരി, തിരുവണ്ണാമലൈ, കല്ലക്കുറിച്ചി, സേലം, നീലഗിരി, പൊള്ളാച്ചി, ദിണ്ടുഗൽ, കടലൂർ, മയിലാടുതുറൈ. എന്നിവിടങ്ങളിലാണ് ഡിഎംകെ മത്സരിക്കുന്നത്.

ധാരണയിലെത്തിയെങ്കിലും ആശയക്കുഴപ്പവുമായി ജയയുടെ പാർട്ടി

അതേസമയം, മറുവശത്ത് വലിയ ആശയക്കുഴപ്പമാണ്. എഐഎഡിഎംകെ സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ അപേക്ഷകരെ ഇന്റർവ്യൂ നടത്തുകയാണ്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ പന്നീർശെൽവവുമാണ് സ്ഥാനാർത്ഥിയാകാൻ ആഗ്രഹിക്കുന്നവരെ നേരിൽ കാണുന്നത്. എന്നിട്ടേ അന്തിമ തീരുമാനം ഉണ്ടാകൂ. എന്തായാലും ഡിഎംകെയും അണ്ണാഡിഎംകെയും എട്ട് മണ്ഡലങ്ങളിൽ നേരിട്ട് ഏറ്റുമുട്ടുമെന്നതാണ് ഇപ്പോഴത്തെ ചിത്രം. കന്യാകുമാരിയിലും ശിവഗംഗയിലും കോൺഗ്രസും ബിജെപിയും തമ്മിലായിരിക്കും മത്സരം.

ഡിഎംകെയെപ്പോലെ ദക്ഷിണ ചെന്നൈ , കാഞ്ചീപുരം, സേലം, കൃഷ്ണഗിരി, ചിദംബരം, തുടങ്ങിയ ഇരുപത് സീറ്റുകളിലാണ് അണ്ണാഡിഎംകെ സ്ഥാനാർത്ഥികളെ നിർത്തുക. തെക്കൻ തമിഴ്‌നാട്ടിലെ പ്രധാന മണ്ഡലങ്ങളായ മധുരയിലും തേനിയിലും അണ്ണാ ഡിഎംകെ തന്നെ. ധർമപുരി, വില്ലുപുരം, കടലൂർ തുടങ്ങിയ ഏഴ് മണ്ഡലങ്ങളാണ് പിഎംകെയ്ക്ക് നൽകിയത്. കോയമ്പത്തൂർ, കന്യാകുമാരി, ശിവഗംഗ, രാമനാഥപുരം, തൂത്തുക്കുടി എന്നിവിടങ്ങളിൽ ബിജെപി മത്സരിക്കും. വടക്കൻ ചെന്നൈ. കള്ളക്കുറിച്ചി. തിരുച്ചിറപ്പള്ളി, വിരുദുനഗർ എന്നീ മണ്ഡലങ്ങൾ വിജയകാന്തിന്റെ ഡിഎംഡികെയ്ക്കാണ്.

ലീഗ് ഉൾപ്പെടെ ചില പാർട്ടികൾ അണ്ണാഡിഎംകെയുടെയും ഡിഎംകെയുടെയും ചിഹ്നത്തിൽ മത്സരിക്കുന്നതിനാൽ രണ്ടിലയും ഉദയസൂര്യനും തമ്മിൽ പതിനൊന്ന് സീറ്റുകളിൽ പോരാട്ടം നടക്കുമെന്നതാണ് സ്ഥിതി. പക്ഷേ, തമിഴകത്തിന്റെ തിരഞ്ഞെടുപ്പ് ചിത്രം ഇവിടെ തീരുന്നില്ല. കമൽഹാസന്റെ മക്കൾ നീതി മയ്യം, രജനിയുടെ പാർട്ടി എന്നിവയുടെ അവസാന ചിത്രം പുറത്തുവന്നിട്ടില്ല. കമൽ തന്നെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറങ്ങുമെന്ന് പറയുമ്പോഴും അദ്ദേഹം ആദ്യഘട്ട സീറ്റ് പ്രഖ്യാപനത്തിൽ ലിസ്റ്റിൽ കയറിയിട്ടില്ല.

അതേസമയം, അണ്ണാ ഡിഎംകെയിൽ നിന്ന് പുറത്തുപോയെ ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകവും ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു. ഇരുപത്തിനാല് ലോക്‌സഭാ സീറ്റിലേക്കും ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഒമ്പത് നിയമസഭ സീറ്റുകളിലേക്കുമാണ് ദിനകരൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.

ചർച്ചയായി പ്രകടന പത്രികകൾ

ചെന്നൈ അണ്ണാ അറിവാലയത്തിൽ ചൊവ്വാഴ്ച ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിനും കനിമൊഴിയും പങ്കെടുത്ത ചടങ്ങിലായിരുന്നു ഡിഎംകെയുടെ പ്രകടനപത്രിക പ്രകാശനം. കാർഷികവായ്പകൾ എഴുതിത്ത്ത്തള്ളുമെന്നാണ് പ്രധാന വാഗ്ദാനം. വിദ്യാഭ്യാസവായ്പയെടുത്ത വിദ്യാർത്ഥികൾക്കും കടാശ്വാസം, കൃഷിക്ക് പ്രത്യേക ബജറ്റ്, ദേശീയ പൊതുപ്രവേശന പരീക്ഷ (നീറ്റ്) നിർത്തലാക്കും, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള സ്ത്രീകൾക്ക് കച്ചവടം തുടങ്ങാൻ അരലക്ഷം സഹായം, സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾക്ക് ട്രെയിനിൽ സൗജന്യയാത്ര, മധുര, ട്രിച്ചി, കോയമ്പത്തൂർ, സേലം എന്നിവിടങ്ങളിൽ മെട്രോ റെയിൽ, സേതുസമുദ്രം പദ്ധതിയുടെ പുനരാരംഭം, രാജീവ് വധക്കേസിലെ പ്രതികളെ വിട്ടയക്കൽ എന്നിവയാണ് പ്രധാന പ്രഖ്യാപനങ്ങൾ.

ഇതോടൊപ്പം മുല്ലപ്പെരിയാറിൽ പുതിയ ഡാം ഉണ്ടാവില്ലെന്നും ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്നും പറഞ്ഞിട്ടുമുണ്ട്. കോൺഗ്രസും സിപിഎമ്മും സഖ്യകക്ഷികൾ ആണെങ്കിലും രാജീവ് വധം, മുല്ലപ്പെരിയാർ വിഷയങ്ങളിൽ ജനങ്ങളെ കയ്യിലെടുക്കുന്ന നിലപാടാണ് ഡിഎംകെ സ്വീകരിച്ചത്.

'അമ്മ ദേശീയ ദാരിദ്ര്യനിർമ്മാർജന പദ്ധതി' നടപ്പാക്കി ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങൾക്ക് പ്രതിമാസം 1500 രൂപ വീതം നൽകുമെന്നാണ് എഐഎഡിഎംകെയുടെ പ്രധാന വാഗ്ദാനം. പുതുശേരിക്ക് സംസ്ഥാനപദവി, നദീബന്ധ പദ്ധതികൾ, വിദ്യാഭ്യാസം സംസ്ഥാന ലിസ്റ്റിലാക്കാൻ കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തൽ, ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തിൽ നടന്ന യുദ്ധക്കുറ്റങ്ങൾ അന്വേഷിക്കാൻ അന്താരാഷ്ട്ര ഏജൻസിയെ നിയോഗിക്കൽ, നീറ്റ് നിർത്തലാക്കും, രാജീവ് വധക്കേസിലെ പ്രതികളെ വിട്ടയക്കൽ എന്നിവയാണ് അമ്മയുടെ പാർട്ടി വാഗ്ദാനങ്ങൾ.

2014ലെ തെരഞ്ഞെടുപ്പിൽ തെക്കൻ തമിഴ്‌നാട്ടിലെ പത്തിൽ ഒമ്പത് സീറ്റും എഐഎഡിഎംകെയ്ക്കാണ് ലഭിച്ചത്. കന്യാകുമാരിയിൽനിന്ന് ബിജെപി ജയിച്ചതാണ് അപവാദം. ഇക്കുറി തെക്കൻ തമിഴ്‌നാട്ടിലെ മധുര, തിരുനെൽവേലി, തേനി എന്നീ മണ്ഡലങ്ങളിൽ മാത്രമാണ് എഐഎഡിഎംകെ മത്സരിക്കുന്നത്. ബാക്കി ഘടകകക്ഷികൾക്ക് നൽകി.

ജയലളിത തമിഴകം അടക്കിഭരിച്ച അന്ത കാലം

കരുണാനിധിയും ഡിഎംകെയും പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും അടിപതറി. കാരണം ഒന്നുമാത്രമായിരുന്നു. അമ്മയുടെ പ്രഭാവം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് ജയ പുറത്തുവിട്ട പ്രകടന പത്രികയാണ് സ്ത്രീജനങ്ങളെ ഒന്നടങ്കം കയ്യിലെടുത്തത്. മദ്യം വലിയൊരു വിപത്താണെന്ന പ്രഖ്യാപനവുമായി 500 മദ്യവില്പനശാലകൾ അടച്ചും മദ്യ വില്പനസമയം കുറച്ചുമാണു തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത 2016ൽ തുടർച്ചയായ രണ്ടാം ഭരണത്തിനു തുടക്കമിട്ടത്. കർഷകരുടെ വായ്പകളും എഴുതിത്ത്ത്തള്ളി. ഗാർഹിക ഉപയോക്താക്കൾക്കു രണ്ടുമാസം കൂടുമ്പോൾ 100 യൂണിറ്റ് വൈദ്യുതി സൗജന്യമായി ലഭ്യമാക്കി.

മദ്യക്കടകളുടെ പ്രവർത്തനസമയം ഉച്ചയ്ക്കു 12 മുതൽ രാത്രി പത്തുവരെയാക്കി കുറച്ചത് സ്ത്രീകൾക്കിടയിൽ വലിയ ഇമേജാണ് അണ്ണാഡിഎംകെയ്ക്ക് നൽകിയത്. ചെറുകിട ഇടത്തരം കർഷകർ ബാങ്കുകളിലും സഹകരണ ബാങ്കുകളിലും നിന്നെടുത്ത വിള വായ്പകളും ഹ്രസ്വ ദീർഘകാല വായ്പകളും എഴുതിത്ത്ത്തള്ളിയും ജയ ജനപ്രിയയായി. ഇതിന് 5780 കോടി രൂപയാണ് ചെലവ് നിശ്ചയിച്ചത്. നൂറു യൂണിറ്റ് വൈദ്യുതി സൗജന്യമാക്കുന്നതിന് 1607 കോടി രൂപയും വകയിരുത്തി.

ഗാർഹിക ഉപയോക്താക്കൾക്കു നൽകുന്ന 3000 കോടി രൂപയുടെ സബ്‌സിഡിക്കു പുറമെയാണ് ഈ തുക വകയിരുത്തിയത്. ദരിദ്ര പെൺകുട്ടികൾക്കു വിവാഹാവസരത്തിൽ നാലുഗ്രാം സ്വർണം നൽകുന്ന പദ്ധതി എട്ടു ഗ്രാമായി വർധിപ്പിച്ചും ജയലളിത ജനമനസുകൾ കീഴടക്കി. ഇത്തരത്തിൽ നിരവധി ജനോപകാര പദ്ധതികൾ പ്രഖ്യാപിച്ചാണ് കഴിഞ്ഞതവണ ജയലളിത അധികാരത്തിൽ ഏറിയത്. പക്ഷേ, പിൻഗാമികളുടെ വാക്കുകൾ കേൾക്കാൻ ഇപ്പോൾ ജനത്തിന് താൽപര്യമില്ല. ആ വിശ്വാസം നഷ്ടപ്പെട്ടതോടെ കാറ്റ് മാറിവീശുമോ തമിഴകത്ത് എന്നതാണ് ഇപ്പോൾ ചർച്ച.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP