Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202119Monday

കിഫ്ബിയിൽ കേരളം വീണ്ടും പിടിക്കാൻ പിണറായി; ആഴക്കടലിൽ മുങ്ങി പൊങ്ങിയ കരുത്തിൽ യുഡിഎഫും കോൺഗ്രസും; ശ്രീധരന്റെ പത്തരമാറ്റിൽ അത്ഭുതം കാട്ടാൻ ബിജെപിയും; ശബരിമലയും സഭാ തർക്കവും വിധിയെഴുത്തിൽ നിർണ്ണായകമാകും; കടുത്ത ത്രികോണ പോരിൽ ഇനിയുള്ള ഓരോ ചുവടും പിഴക്കാതെ നീങ്ങാൻ മുന്നണികളും; കേരളം പൂർണ്ണമായും ഇലക്ഷൻ ഹീറ്റിലേക്ക്

കിഫ്ബിയിൽ കേരളം വീണ്ടും പിടിക്കാൻ പിണറായി; ആഴക്കടലിൽ മുങ്ങി പൊങ്ങിയ കരുത്തിൽ യുഡിഎഫും കോൺഗ്രസും; ശ്രീധരന്റെ പത്തരമാറ്റിൽ അത്ഭുതം കാട്ടാൻ ബിജെപിയും; ശബരിമലയും സഭാ തർക്കവും വിധിയെഴുത്തിൽ നിർണ്ണായകമാകും; കടുത്ത ത്രികോണ പോരിൽ ഇനിയുള്ള ഓരോ ചുവടും പിഴക്കാതെ നീങ്ങാൻ മുന്നണികളും; കേരളം പൂർണ്ണമായും ഇലക്ഷൻ ഹീറ്റിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇനി കേരളം രാഷ്ട്രീയ ചൂടിലേക്ക്. പതിവില്ലാത്ത വീറും വാശിയും ഇത്തവണ തെരഞ്ഞെടുപ്പ് ഗോധയിലുണ്ടാകും. മാറി മാറി അധികാരത്തിൽ ഏറുന്ന മുന്നണികൾ. രണ്ട് ചേരിയിലായി നിലകൊള്ളുന്ന വോട്ടർമാർ... ഈ പതിവുകളാണ് രാഷ്ട്രീയത്തിലെ കേരളാ മോഡൽ. ഇതിൽ അട്ടിമറിയുണ്ടാകുമോ എന്നതാണ് ഈ തെരഞ്ഞെടുപ്പിനെ നിർണ്ണായകമാക്കുന്നത്. തദ്ദേശ ഫലത്തിൽ വിശ്വാസം അർപ്പിച്ച് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും ഭരണതുടർച്ച മുന്നിൽ കാണുന്നുവെന്നതാണ് വസ്തുത. എന്നാൽ ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഇത്തവണയും ഭരണം മാറുമെന്ന് കോൺഗ്രസിന്റെ നേതൃത്വത്തിലെ യുഡിഎഫും പ്രതീക്ഷിക്കുന്നു. ബിജെപിയുടെ തന്ത്രങ്ങൾ കേരളത്തിലും ജാതി-മത രാഷ്ട്രീയത്തിന്റെ സാധ്യതകളുടെ പരീക്ഷണ വേദിയാക്കി ഈ തെരഞ്ഞെടുപ്പിനെ മാറ്റും. 

കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് കേരളം പൂർണ്ണമായും ഇലക്ഷൻ ഹീറ്റിലേക്ക് മാറുകന്നത്. പെരുമാറ്റ ചട്ടവും ഇന്ന് നിലവിൽ വന്നു. വികസനം പറഞ്ഞാകും ഭരണ തുടർച്ചയാക്ക് മുഖ്യമന്ത്രി പിണറായി വോട്ട് ചോദിക്കുക. വി എസ് അച്യൂതാന്ദന്റെ സജീവ സാന്നിധ്യമില്ലാത്ത തെരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിനെ നയിക്കുക പിണറായി തന്നെയാകും. സ്വാഭാവികമായും മുഖ്യമന്ത്രി സ്ഥാനാർത്ഥി. എന്നാൽ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്ന് ആർക്കും അറിയില്ല. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളിയും ശശി തരൂരും പോലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചർച്ച ചെയ്യുന്ന പേരുകൾ. ബിജെപിക്കും ഇത്തവണ വ്യത്യസ്തനായ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുണ്ട്. അതാണ് ഈ തെരഞ്ഞെടുപ്പിലെ ട്വിസ്റ്റ്. മെട്രോ മാൻ എന്ന് അറിയപ്പെടുന്ന മലയാളികളുടെ പ്രിയങ്കരനായ ഇ ശ്രീധരൻ ബിജെപിയുടെ പക്ഷത്ത് പുതു ആവേശമാകുന്നു. ശ്രീധരൻ തെരഞ്ഞെടുപ്പിൽ മത്സരിക്കും. ശ്രീധരനാകും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി.

ബിജെപിയുടെ ഈ ഗാബ്ലിംഗാകും ഈ തെരഞ്ഞെടുപ്പിൽ ഏറെ നിർണ്ണായകം. പത്തുകൊല്ലം മുമ്പ് മിക്ക നിയമസഭാ മണ്ഡലത്തിലും അയ്യായിരത്തിൽ താഴെ വോട്ട് മാത്രമായിരുന്നു ബിജെപിക്കുണ്ടായിരുന്നത്. ആകെ വോട്ട് പിടിക്കുന്നത് ഒ രാജഗോപാലും. നേമത്ത് കഴിഞ്ഞ തവണ ബിജെപി രാജഗോപാലിലൂടെ അക്കൗണ്ട് തുറന്നു. എന്നാൽ പല മണ്ഡലത്തിലും വോട്ട് വിഹിതം 20 ശതമാനത്തിൽ മുകളിലായി. ലോക്‌സഭാ തെരഞ്ഞെടുപ്പിലും വോട്ട് കൂടി. തദ്ദേശത്തിലും പ്രതീക്ഷിച്ച നേട്ടം ഉണ്ടായില്ലെങ്കിലും വോട്ട് കുറഞ്ഞില്ല. അതുകൊണ്ട് തന്നെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചില പോക്കറ്റുകളിൽ ജയം നേടാനാകും ബിജെപിയുടെ ശ്രമം. എല്ലാ മണ്ഡലത്തിലും വോട്ടും പരമാവധി നേടും. ഈ രാഷ്ട്രീയ നീക്കം കേരളത്തിൽ ആരെ തുണയ്ക്കുമെന്നതാകും ഇനി നിർണ്ണായകം.

ശബരിമല കത്തി നിന്നപ്പോൾ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഎം സമ്പൂർണ്ണ പരാജയമായി. ഹൈന്ദവ വോട്ടുകളാണ് ചതിച്ചത്. ബിജെപിക്ക് ഗുണമാകുകയും ചെയ്തു. അന്ന് യുഡിഎഫിന് വലിയ വിജയം ലഭിച്ചു. എന്നാൽ തദ്ദേശത്തിൽ കാര്യങ്ങളെത്തിയപ്പോൾ എല്ലാം കൈവിട്ടു. പിണറായി തിരിച്ചു പിടിച്ചു. പാലായിലെ ഉപതെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത വിജയം ഇടതിന് ഉത്തേജകമായി. അതുകൊണ്ട് തന്നെ നിയമസഭയിലും ജയിക്കുമെന്ന് പിണറായി കരുതുന്നു.

പ്രചരണത്തിൽ നിറയുക... ശബരിമലയും സഭാ വിഷയവും ആഴക്കടലും പിന്നെ കിഫ്ബിയും

ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ശബരിമലയും സഭാ വിഷയവും ചർച്ചയാകും. ഓർത്തോഡ്ക്‌സിനേയും യാക്കാബോയക്കാരേയും കൂടെ നിർത്താൻ കോൺഗ്രസ് നീക്കം ശക്തമാക്കിയിട്ടുണ്ട്. തദ്ദേശത്തിൽ ഈ വോട്ടുകൾ പോയത് ഇടതു പക്ഷത്തേക്കാണ്. എന്നാൽ രണ്ട് കൂട്ടരും ഇന്ന് സിപിഎമ്മുമായി തെറ്റി നിൽക്കുന്നു. ഈ സാഹചര്യം മുതലെടുക്കാൻ കോൺഗ്രസ് ശ്രമം നടത്തും. ബിജെപിയും ഓർത്തഡോക്‌സ് വോട്ടുകൾ കണ്ണുവയ്ക്കുന്നു. മധ്യ കേരളത്തിൽ ഈ വിഷയം ആർക്ക് അനുകൂലമാകുമെന്നതാണ് ശ്രദ്ധേയം.

ശബരിമലയിൽ വിശ്വാസികളെ കൈയിലെടുക്കാൻ എല്ലാവരും മുമ്പിലുണ്ട്. കേസുകൾ പിൻവലിച്ച പിണറായി സർക്കാർ എൻ എസ് എസുമായി ചങ്ങാത്തം കൂടാനാണ് ശ്രമിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൈവിട്ട വോട്ടുകൾ തിരിച്ചു പിടിക്കുക. ബിജെപിയുടെ വർഗ്ഗീയ രാഷ്ട്രീയം യുഡിഎഫിന് അനുകൂലമാണെന്ന് വരുത്തി മുസ്ലിം വോട്ടുകളും നേടാൻ സിപിഎം ശ്രമിക്കും. കേരളാ കോൺഗ്രസ് സിപിഎമ്മിനൊപ്പമാണ്. ജോസ് കെ മാണി ഫാക്ടർ മധ്യകേരളത്തിനെ യുഡിഎഫിന് സമ്മാനിക്കുമെന്നാണ് പിണറായിയുടെ കണക്കു കൂട്ടൽ. അതുകൊണ്ട് തന്നെ ശബരിമലയിൽ കൈവിട്ടവർ തിരികെ എത്തിയാൽ ഭരണ തുടർച്ച ഉറപ്പുകാണുകയാണ് സിപിഎം.

ഈ സമവാക്യത്തിൽ മുന്നേറാൻ സിപിഎം കുതിക്കുമ്പോഴായിരുന്നു ആഴക്കടലിലെ അഴിമതി ചർച്ച. ഇത് സിപിഎമ്മിന് പ്രഹരമായി. കേരളത്തിലെ 30 ശതമാനം മണ്ഡലത്തേയും സ്വാധീനിക്കുന്ന ഘടകമാണ് തീര ഫാക്ടർ. ഇത് കോൺഗ്രസ് അനുകൂലമാക്കാൻ അതിശക്തമായി രംഗത്തുണ്ട്. ഈ വോട്ടുകൾ യുഡിഎഫിലേക്ക് എത്തിയാൽ മറ്റ് ഘടകമെല്ലാം അപ്രസക്തമാകും. ഇതിനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനെ പ്രതിരോധിക്കാനും മത്സ്യത്തൊഴിലാളികളിലേക്ക് ഇറങ്ങി ചെല്ലാനും സിപിഎമ്മും തന്ത്രങ്ങളുമായി രംഗത്തുണ്ട്.

വികസന ചർച്ച സജീവമാക്കാനാണ് സിപിഎം ശ്രമം. കിഫ്ബി ഫണ്ടിലെ റോഡ് വികസനമാകും പ്രധാന ചർച്ചാ വിഷയം. സ്‌കൂളുകൾ മുഖം മാറ്റിയതും സാമൂഹിക ക്ഷേമ പെൻഷനും കിറ്റ് വിതരണവും വോട്ടായി മാറുമെന്നും അവർ കരുതുന്നു.

മൂന്നാം ബദലിന്റെ സാധ്യതകൾ

വലിയ പ്രതീക്ഷയാണ് ബിജെപി മുന്നിൽ വയ്ക്കുന്നത്. എന്നാൽ അത് പൂവണിയില്ലെന്ന് സിപിഎമ്മും കോൺഗ്രസും പറയുന്നു. തിരുവനന്തപുരത്തും കാസർഗോഡും പാലക്കാടും തൃശൂരിലും പത്തനംതിട്ടയിലും ബിജെപി നേടുന്ന വോട്ടുകളാകും ആരാകും വിജയി എന്ന് നിശ്ചയിക്കുക. യുഡിഎഫിന്റെ പരമ്പരാഗത വോട്ടുകൾ ബിജെപി നേടിയാൽ അത് സിപിഎമ്മിന് കരുത്താകും. ഇതിനുള്ള സാധ്യതകളുണ്ടെന്നാണ് സിപിഎം വിലയിരുത്തൽ. അതാണ് അവരുടെ പ്രതീക്ഷകളുടെ കരുത്തും. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തുടർച്ച ഉണ്ടാകുമെന്ന് കോൺഗ്രസും പറയുന്നു.

അതിശക്തരായ സ്ഥാനാർത്ഥികളായിരുന്നു ലോക്‌സഭയിൽ കോൺഗ്രസിന് ജയം ഒരുക്കിയത്. അത് തന്നെയാകും നിയമസഭയിലും അവർ അനുവർത്തിക്കുക. ബിജെപി ഫാക്ടറിനെ മറികടക്കുകയാണ് ലക്ഷ്യം. ഓരോ മുന്നണിയിലേയും മറ്റ് കക്ഷികളുടേയും പ്രകടനവും നിർണ്ണായകമാകും. മുസ്ലിം ലീഗിന് യുഡിഎഫിലെ രണ്ടാം സ്ഥാനം നിലനിർത്താൻ ഈസിയായി കഴിയുമെന്നതാണ് വിലയിരുത്തൽ. എന്നാൽ ഇടതുപക്ഷത്ത് സിപിഐയ്ക്ക് കടുത്ത വെല്ലുവിളിയായി കേരളാ കോൺഗ്രസുണ്ട്. യാഥാർത്ഥ കേരളാ കോൺഗ്രസാകാൻ ജോസ് കെ മാണി കച്ചകെട്ടുമ്പോൾ സിപിഐയ്ക്ക് മികച്ച പ്രകടനം തന്നെ നടത്തേണ്ടതായി വരും. അല്ലെങ്കിൽ മുന്നണിയിലെ രണ്ടാമൻ പദവി കൈവിടും.

ബിജെപിയിൽ ബിഡിജെഎസിന്റെ പ്രകടനവും നിർണ്ണായകമാകും. അഞ്ചു കൊല്ലം മുമ്പ് അമിത് ഷായുടെ ബുദ്ധിയിൽ വിടർന്ന ആശയമായിരുന്നു എസ് എൻഡി പിയുടെ രാഷ്ട്രീയം. എന്നാൽ അതിന് ഇപ്പോൾ പഴയ പ്രസക്തി ഇല്ലെന്നതാണ് വസ്തുത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP