Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മഞ്ചേശ്വരത്ത് വോട്ട് മറിഞ്ഞില്ലെങ്കിൽ സുരേന്ദ്രൻ; കാസർഗോഡ് യുഡിഎഫ് പക്ഷത്ത് തന്നെ; ഉദുമയെ പ്രവചനാതീതമാക്കി സുധാകരൻ; കാഞ്ഞങ്ങാടും തൃക്കരിപ്പൂരും ഇടത് കോട്ടകൾ; കാസർഗോട്ടെ സാധ്യതകളെ അഡ്വ ജയശങ്കർ വിലയിരുത്തുന്നത് ഇങ്ങനെ

മഞ്ചേശ്വരത്ത് വോട്ട് മറിഞ്ഞില്ലെങ്കിൽ സുരേന്ദ്രൻ; കാസർഗോഡ് യുഡിഎഫ് പക്ഷത്ത് തന്നെ; ഉദുമയെ പ്രവചനാതീതമാക്കി സുധാകരൻ; കാഞ്ഞങ്ങാടും തൃക്കരിപ്പൂരും ഇടത് കോട്ടകൾ; കാസർഗോട്ടെ സാധ്യതകളെ അഡ്വ ജയശങ്കർ വിലയിരുത്തുന്നത് ഇങ്ങനെ

അഡ്വ ജയശങ്കർ

കാസർകോട് അഞ്ചു നിയമസഭ മണ്ഡലങ്ങളാണുള്ളത്. അതിൽ രണ്ടിടത്തു ലീഗും മൂന്നിടത്ത് സിപിഐ(എം)മും ജയിക്കുക എന്നുള്ളതാണ് നാട്ടുനടപ്പ്. അത്യുത്തര കേരളം എന്നറിയപെടുന്ന കാസർകോട് മഞ്ചേശ്വരം എന്നിവടങ്ങളിൽ മലയാളത്തേക്കാൾ കൂടുതൽ കന്നഡ, തുളു, ബ്യാരി തുടങ്ങിയ ഭാഷകൾ സംസാരിക്കുന്ന ആളുകളാണ് ഇവിടെയുള്ളത്. ഒരുകാലത്തും ഈ രണ്ടു സ്ഥലങ്ങളിലും കോൺഗ്രസ് ശക്തമായിരുന്നു, എന്നാൽ നിലവിൽ ഇവിടെ കോൺഗ്രസ് പാർട്ടി പൂർണമായും ഇല്ലാതായിരിക്കുന്നു എന്നതാണ് പ്രത്യേകത. അവിടെ ഇപ്പോൾ രണ്ടു പാർട്ടികൾ ആണ് ഉള്ളത് ഒന്ന് ബിജെപിയും, രണ്ടു മുസ്ലിം ലീഗും.

മഞ്ചേശ്വരത്ത് വോട്ട് മറിച്ചില്ലെങ്കിൽ സുരേന്ദ്രൻ, കാസർഗോഡ് ലീഗ് പക്ഷത്ത് ഉറച്ചു നിൽക്കും

മഞ്ചേശ്വരം കേരളത്തിന്റെ വടക്കേ അറ്റമാണ്. ഇവിടെ രണ്ടിടത്തും തുളു, കന്നഡ, ഉർദു, തുടങ്ങിയ ഭാഷകളാണ് മലയാളത്തേക്കാൾ കൂടുതൽ ഉപയോഗിക്കുന്നത്. തെക്കൻ കർണ്ണാടകത്തോട് ചേർന്ന് കിടക്കുന്ന പ്രദേശമായതിനാൽ ഇത് സാംസ്‌കാരികമായിട്ടും, രാഷ്ട്രീയമായിട്ടും, ഭാഷാപരമായിട്ടും കേരളത്തേക്കാൾ ചേർച്ചയുള്ളത് തെക്കൻ കർണ്ണാടകത്തോടാണ്. അതുകൊണ്ടു തന്നെ ഇവിടെ ബിജെപി വളരെ ശക്തമാണ്. കാരണം തെക്കൻ കർണ്ണാടകത്തിലെ ഉഡുപ്പി, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിൽ ബിജെപി ശക്തം ആയതുകൊണ്ട് തന്നെ തുളു കന്നഡ തുടങ്ങിയ ഭാഷകൾ സംസാരിക്കുന്ന ഇവിടെയുള്ള ഹിന്ദുക്കൾ മിക്കവാറും ബിജെപികാരാണ്.

മഞ്ചേശ്വരത്തും കാസർകോടും സിപിഐ(എം) വളരെ ക്ഷയിച്ച അവസ്ഥയിലാണ് ഇവിടെ, കോൺഗ്രസ് ഇല്ലാതെയായി എന്നും പറയാം. കോൺഗ്രസ്സിൽ ഉണ്ടായിരുന്ന മുസ്ലിങ്ങൾ പൂർണമായും ലീഗിലും, ഹിന്ദുക്കൾ മിക്കവാറും എല്ലാവരും തന്നെ ബിജെപിയിലും ചേക്കേറിയിരിക്കുന്നു. ഈ രണ്ടു മണ്ഡലങ്ങൾ സാമുദായിക സംഘർഷങ്ങൾക്ക് കുപ്രസക്തി നേടിയതാണ്. വളരെ സ്ഫോടകാത്മകമായ പ്രദേശമാണ് ഇത് അതുകൊണ്ടുതന്നെ ഇവിടെയുള്ള ചില രാഷ്ട്രീയ നേതാക്കൾക്ക് അധോലോക ബന്ധങ്ങളുമുണ്ട്.

മഞ്ചേശ്വരത്തും കാസർകോടും രാഷ്ട്രിയം നിയന്ത്രിക്കുന്നത് മതനേതാക്കന്മാരാണ്. അതുകൊണ്ടു തന്നെ മത സംഘർഷംങ്ങൾ ഉണ്ടാകുന്ന പ്രദേശവുമാണ്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്തു പോലും വളരെ ആസൂത്രിതമായി നടന്ന ആക്രമ സംഭവങ്ങൾ ഇവിടെയുണ്ടായിരുന്നു, ഈ സർക്കാരിന്റെ കാലത്താണ്. കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്തു പൊലീസ് വെടിവെപ്പിൽ രണ്ടു ചെറുപ്പക്കാർ മരിക്കുക വരെ ചെയ്തു. അന്നത്തെ ഈ സംഭവത്തിൽ കോടിയേരിയുടെ പൊലീസ് വളരെ പരാജയമായിരുന്നു.

അത് താരതമ്യേന ശാന്തമായത് തീരുവഞ്ചിയൂർ രാധാകൃഷ്ണന്റെ പൊലീസ് ഭരണ സമയത്താണ്. തുടർന്ന് ചെന്നിത്തലയാണ് ഇവരെ ഒതുക്കിയത്. എന്നാൽ ഇപ്പോഴുമിവിടെ ഇതൊന്നും പൂർണമായും ഇല്ലാതായിട്ടില്ല. തൽക്കാലം അടങ്ങിയിരിക്കുന്നു എന്ന് മാത്രമേയൂള്ളൂ. അതിനാൽ മതവിദ്വേഷംകൊണ്ട് ഒരു പുകയുന്ന അഗ്നിപർവതമാണ് മഞ്ചേശ്വരവും കാസർകോടും എന്ന് പറയാം. അതുകൊണ്ടു തന്നെ ഇവിടെ മതേതര പാർട്ടികൾ വല്ലാതെ അപ്രസക്തമാകുകയും തീവ്രരാഷ്ട്രീയം കയ്യാളുന്ന പാർട്ടികൾ ഇവിടെ വളരെ പ്രബലമാക്കുകയും ചെയ്തു. കാസർകോട് ലീഗ് എന്ന് പറയുന്നത് മലപ്പുറത്തെ ലീഗല്ല. മലപ്പുറത്തും കോഴിക്കോടുമെല്ലാം ലീഗ് ഭരണഘനയോട് ചേർന്ന് പ്രവർത്തിക്കുന്ന പാർട്ടിയാണ്.

എന്നാൽ മഞ്ചേശ്വരവും കാസർകോടും മുള്ള ലീഗ് തിവ്ര സ്വാഭാവമുള്ള രീതിയിലാണ്. അവിടെ ചെന്നാൽ മുസ്ലിം ലീഗ് ഏത് എൻ ഡിഎഫ് ഏത് എന്ന് കണ്ടുപിടിക്കാൻ വളരെ വിഷമമാണ്. അങ്ങനെ അപകടകരമായ രാഷ്ട്രിയം കയ്യാളുന്ന പ്രദേശമാണ് മഞ്ചേശ്വരവും കാസർകോടും. മഞ്ചേശ്വരത്ത് സ്ഥിരമായി ചേർകുളം അബ്ദുള്ളയാണ് ജയിച്ചു കൊണ്ടിരുന്നത് അതിന് മുൻപ് 1980 ലും 1982 ലും മറ്റും സിപിഐ യുടെ സ്ഥാനാർത്ഥികൾ ജയിച്ചുകൊണ്ടിരുന്നു. ഇന്ന് സിപിഐക്കാരെ ഇവിടെ കാണണമെകിൽ വല്ല മഷി നോട്ടക്കാരുടെ അടുത്ത് പോവേണ്ടി വരും. 1987 ൽ ഈ സീറ്റു മുസ്ലിം ലീഗ് പിടിച്ചു. പിന്നീട് 2001 വരെ മുസ്ലിം ലീഗ് ഐ ഇവിടെ സ്ഥിരമായി ജയിച്ചു.

ബിജെപി ക്കാണ് ഇവിടെ പലപ്പോഴും രണ്ടാം സ്ഥാനം. അന്ന് മുസ്ലിം ലീഗ് ജയിച്ചത് അവരുടെ മാത്രം ശക്തികൊണ്ടല്ല , ഇവിടെ ബിജെപി ജയിക്കാതിരിക്കാൻ വേണ്ടി ഇവിടെയുള്ള നല്ലവരായ സിപിഐ(എം) ക്കാർ ചേർകുളം അബ്ദുള്ളക്കു വോട്ടുകൊടുത്തു. തുടർന്ന് 2011 ൽ ചേർകുളം മന്ത്രിയായി. അന്ന് ചേർകുളത്തിന്റെ വിജയഘോഷ യാത്ര അക്രമസക്തമാകുകയും സ്ഥലത്തെ മാർസിസ്റ്റുക്കാരെ പിടിച്ചു പൊതിരെ തല്ലുകയും ചെയ്തു. മാർസിസ്റ്റ് കാരുടെ വോട്ടുമേടിച്ചാണ് ചേർകുളം ജയിച്ചത്, അന്ന് അങ്ങനെ തല്ലുകൊണ്ട മാർസിസ്റ്റുകാർക്കു കുറച്ചു വിവേകം വന്നു. അടുത്ത തിരഞ്ഞെടുപ്പിൽ വോട്ടു മറിച്ചു കൊടുക്കുന്ന പരിപാടി ഇവർ നിർത്തി അങ്ങനെ 2006 ലെ തെരഞ്ഞെടുപ്പിൽ സി ഏച്ച് കുഞ്ഞമ്പു എന്ന സഖാവ് ഇവിടെ ജയിച്ചു. ചേർകുളം അന്ന് തോറ്റു.

2011 ൽ ചേർകുളത്തിനു പകരം ലീഗിന്റെ പിബി അബ്ദുൾ റസാഖ് ആണ് ഇവിടെ മത്സരിച്ചു ജയിച്ചത്. അന്ന് കുഞ്ഞമ്പു മൂന്നാം സ്ഥാനത്തായി. ബിജെപി യുടെ സുരേന്ദ്രന് രണ്ടാം സ്ഥാനവും ലഭിച്ചു. ഇത്തവണയും ഇതേ പോരാളികൾ തമ്മിലാണ് ഇവിടെ മത്സരം. സിപിഐ(എം) നു വേണ്ടി കുഞ്ഞമ്പു, ബിജെപി ക്കു വേണ്ടി സുരേന്ദ്രൻ, മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി അബ്ദുൾ റസാഖ്. വളരെ ശക്തമായ ത്രികോണ മത്സരമാണ് ഇവിടെ നടക്കുന്നത്, മാർസിസ്റ്റു ക്കാർ വോട്ടു മറിക്കുമോ എന്നതിലാണ് ഇവിടുത്തെ റിസൽറ്റ് ഇരിക്കുന്നത്. മാർസിസ്റ്റ് വോട്ടുകൾ മാർസിസ്റ്റ് പെട്ടിയിൽ വീണാൽ കെ സുരേന്ദ്രൻ ജയിക്കും. മഞ്ചേശ്വരത്ത് താമര വിരിയും. എന്നാൽ മാർസിസ്റ്റ് വോട്ടു ലീഗിനു പോയാൽ ലീഗ് ജയിക്കും, ലീഗിന്റെ വോട്ടുകൾ മാർസിസ്റ്റ് സ്ഥാനാർത്ഥിക്കു പോയാൽ മാർസിസ്റ്റ് സ്ഥാനാർത്ഥി ജയിക്കും. ഇങ്ങനെയാണ് മഞ്ചേശ്വരത്തെ അവസ്ഥ. കേരളത്തിൽ ബിജെപി അകൗണ്ട് തുറക്കാൻ സാധ്യതയുള്ള പ്രധാനപ്പെട്ട മണ്ഡലമാണ് മഞ്ചേശ്വരം.

ഏതാണ്ട് ഈ സ്ഥിതി തന്നെയാണ് കാസർകോടുമുള്ളത് എന്ന് പറയാം. കാസർകോട് മുസ്ലിം ലീഗിന്റെ സീറ്റാണ് മഞ്ചേശ്വരത്തെപോലെ ഇടക്കാലത്ത് ജയിക്കാൻ തുടങ്ങിയതല്ല. 1970 മുതൽക്കു ലീഗ് ജയിച്ചുകൊണ്ടിരിക്കുന്ന സ്ഥലമാണ് കാസർകോട്. ഇവിടെ ബിജെപി രണ്ടാം സ്ഥാനത്തെ നിൽക്കുകയുള്ളൂ. ബിജെപി ക്കു ജയിക്കാൻ കഴിയില്ല. മാർസിസ്റ്റ് പാർട്ടി ഇവിടെ അപ്രസക്തമായതിനാൽ ഈ സീറ്റ് എൽഡിഎഫ് ഐഎൻഎലിന് കൊടുത്തിരിക്കുകയാണ്. ഡോ എഎ അമീൻ ആണ് ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി. ഇവിടെ ഇത്തവണയും ലീഗിനാണു സാധ്യത. മുൻപ് ഐഎൻ എലിൽ നിന്നും ലീഗിലേക്കു പോയ എൻഎ നെല്ലിക്കുന്ന് ആണ് യൂഡിഎഫ് സ്ഥാനാർത്ഥി. ബിജെപിയുടെ ഇത്തവണത്തെ സ്ഥാനാർത്ഥി രവിശ തന്ത്രി കുണ്ടാറാണ്. കഴിഞ്ഞ തവണ ഇവിടെ ബിജെപി സ്ഥാനാർത്ഥി ജയലക്ഷ്മി ഭട്ട് ആയിരുന്നു.

ഇപ്പോൾ അവർ പാർട്ടിയിൽനിന്നു വഴക്കടിച്ചു വിട്ടു നിൽക്കുകയാണ് . രവിശ തന്ത്രിയെ കൊണ്ട് വന്നത് കുമ്മനം രാജശേഖരനാണ്. ഇദ്ദേഹം ഹിന്ദു ഐക്യവേദി യുടെ ആളാണ്. അതുകൊണ്ടുതന്നെ ഇവിടുത്തെ ലോക്കൽ ബിജെപിക്കാർക്ക് ഒരു ചെറിയ മനപ്രയാസവുമുണ്ട്. പക്ഷെ അതൊന്നും തെരഞ്ഞെടുപ്പിൽ ബാധിക്കില്ല. എന്നാലും ജയം ഇവിടെ ഇപ്പോഴത്തെ സാദ്ധ്യതകൾ വച്ച് ലീഗിനായിരിക്കും. ഒപ്പം ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥിക്കു കെട്ടിവച്ച കാശു കിട്ടിയാൽ ഭാഗ്യം.

ഉദുമയിൽ നെത്തോലി ഒരു ചെറിയ മീനല്ല, സുധാകരൻ ഒരു വൻ പുള്ളിയാണ്

ഈ തിരഞ്ഞെടുപ്പിൽ കേരളം കാസർകോട് ജില്ലയിൽ ഉറ്റുനോക്കുന്ന ഒരു മണ്ഡലം സുരേന്ദ്രൻ മത്സരിക്കുന്ന മഞ്ചേശ്വരമാണെങ്കിൽ രണ്ടാമത്തെ മണ്ഡലം ഉദുമയാണ്. ഉദുമ സാധാരണയായി സിപിഐ(എം) ജയിച്ചുകൊണ്ടിരിക്കുന്ന സീറ്റാണ് . അതിനു മുൻപ് കോൺഗ്രസ് സീറ്റായിരുന്നു ഇത്. ഇവിടെ കോൺഗ്രസ്സിൽ മുൻപ് സീറ്റ് കിട്ടാതെ വന്നപ്പോൾ 1982 ൽ കോൺഗ്രസിലെ കുഞ്ഞിരാമൻ നമ്പ്യാർ റിബൽ ആയി മാർസിസ്റ്റ് പിന്തുണയോടെ ഇവിടെ മത്സരിച്ചു ജയിച്ചു. പിന്നിട് അദ്ദേഹം വീണ്ടും മാർസിസ്റ്റ് പാർട്ടിയിൽ നിന്നും രാജി വച്ചു വീണ്ടും കോൺഗ്രസ്സിൽ എത്തി. അന്ന് കൂറുമാറ്റ നിയമം ഇല്ലായിരുന്നു. എന്നാലും 1985 ജനുവരി യിൽ നടന്ന ഇവിടുത്തെ ഉപതിരഞ്ഞെടുപ്പിൽ കുഞ്ഞിരാമൻ നമ്പ്യാർ തോറ്റു. സിപിഐ(എം) സ്ഥാനാർത്ഥി കെ പുരുഷോത്തമൻ ജയിച്ചു. പിന്നിട് നടന്ന തിരഞ്ഞെടുപ്പുകളിൽ ഉദുമയിൽ മാർസിസ്റ്റ് അല്ലാതെ ആരും ജയികാറില്ല.

സിപിഐ(എം) സ്ഥാനാർത്ഥി കെ കുഞ്ഞിരാമൻ ആണ് ഇവിടെ സിറ്റിങ് എംഎൽഎ. ഇദ്ദേഹത്തിന് എതിരെ മത്സരിക്കുന്നത് അതിശക്തനായ സ്ഥാനാർത്ഥിയായ കെ സുധാകരൻ ആണ്. കണ്ണൂരിൽ നിന്നാൽ സുധാകരനു ഈസിയായി ജയിക്കമായിരുന്നു. എന്നാൽ ഇദ്ദേഹം ഒരു വലിയ ഫൈറ്റർ ആയതുകൊണ്ട് ഉദുമയിൽ മത്സരിക്കുകയാണ്. ഉദുമ ഒന്ന് ഇളക്കിയാൽ ഇളകുന്ന മണ്ഡലമാണ്. ഇവിടെ ബിജെപി മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആയിരത്തിൽ അധികം വോട്ടിന്റെ ലീഡ് ഉദുമയിൽ യുഡിഎഫിന് ഉണ്ടായിരുന്നു. അതാണ് സുധാകരന്റെ ആവേശം.

മാത്രവുമല്ല ഇവിടെ മാർസിസ്റ്റ് ആരോപിക്കുന്നത് ഉദുമയിൽ സുധാകരനും, മഞ്ചേശ്വരത്ത് സുരേന്ദ്രനും തമ്മിൽ ഒരു അണ്ടർസ്റ്റാൻഡ് ഉണ്ടെന്നാണ്. 25000 വോട്ടുകൾ ഉള്ള ഉദുമയിലെ ബിജെപിക്കാർ കുറച്ചു വോട്ട് സുധാകരന് കൊടുത്തു സഹായിക്കും. അതിനു പ്രത്യുപകാരമായി മഞ്ചേശ്വരത്ത് അപൂർവങ്ങളിൽ അത്യ അപൂർവമായിട്ടുള്ള കോൺഗ്രസ്സുകാർ സുരേന്ദ്രന് വോട്ടു മറിച്ചു കൊടുക്കും എന്നതാണ്. ഇത് നേരോ നുണയോ എന്നറിയില്ല. പക്ഷെ ഇവിടെ മാർസിസിസ്റ്റുകാർ പേടിച്ചു ഇരിക്കുകയാണ്. സിപിഎമ്മിന് ഉദുമ കൈയിൽ നിന്ന് പോകുമോ എന്നാ ഭയം നിലനിൽക്കുന്നു. കാരണം നത്തോലി ഒരു ചെറിയ മീനല്ല, സുധാകരൻ ഒരു വൻ പുള്ളിയാണ്. കച്ചോടം ഉണ്ടോ എന്നറിയില്ല പക്ഷെ സുധാകരൻ ഇവിടെ അട്ടിമറിക്കാൻ സാദ്ധ്യതകൾ ഉണ്ട്.

കാഞ്ഞങ്ങാട് ചന്ദ്രശേഖരൻ തന്നെ

മത്സരമല്ലാത്ത സ്ഥലമാണ് കാഞ്ഞങ്ങാട്. മുൻപ് കാഞ്ഞങ്ങാട് ഹോസ്ദുർഗ് മണ്ഡല മായിരുന്നു . കാസർകോട് ജില്ലയിലെ സംവരണ മണ്ഡലമായിരുന്നു ഹോസ്ദുർഗ്. പുനർവിഭജനത്തിന് ശേഷം ഇത് കാഞ്ഞങ്ങാട് മണ്ഡലമായി മാറി. 1987 ൽ ഒരു മനോഹർ മാസ്റ്റർ മനോഹരമായി ജയിച്ചതു ഒഴിച്ചാൽ സിപിഐ സാധാരണ ജയിക്കാറുള്ള സീറ്റാണ് ഹോസ്ദുർഗ്. ഇപ്പോൾ കാഞ്ഞങ്ങാട് ഒരു പൊതുമണ്ഡലമാണ്.

ഇക്കുറി ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി സിപിഐ യുടെ സംസ്ഥാന ട്രേഷറർ കൂടിയായ ഇ ചന്ദ്രശേഖരന്നാണ്. ഇദ്ദേഹം സിറ്റിങ് എംഎൽഎ യാണ്. 12178 വോട്ടുകൾ ഭൂരിപക്ഷം ചന്ദ്രശേഖരനു ഇവിടെ കഴിഞ്ഞ തവണ ലഭിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി ധന്യ സുരേഷ് ആണ് . അഡ്വ ആർ ശ്രീകാന്ത് ആണ് എൻഡിഎ സ്ഥാനാർത്ഥി. ബിജെപി സാമാന്യം ശക്തമായ സീറ്റാണ് കാഞ്ഞങ്ങാട്. കാഞ്ഞങ്ങാട് ഇ ചന്ദ്രശേഖരൻ തന്നെ ജയിക്കും എന്നതിൽ യാതൊരു സംശയവുമില്ല.

തൃക്കരിപ്പൂരിൽ സിപിഐ(എം)

സിപിഐക്കു കാഞ്ഞങ്ങാട് എന്നപോലെ സിപിഐ(എം) ന്റെ ഉറച്ച സീറ്റാണ് കാഞ്ഞങ്ങാട്. സഖാവ് നായനാർ പണ്ട് മത്സരിച്ചു ജയിച്ച സ്ഥലമാണ് തൃക്കരിപ്പൂർ. കഴിഞ്ഞ തവണ കുഞ്ഞിരാമൻ ആണ് ജയിച്ചത്. പക്ഷെ 8000ൽ പരം വോട്ടുകൾ മാത്രമേ ഭൂരിപക്ഷം ഉണ്ടായുള്ളൂ. തൃക്കരിപ്പൂരിനെ അപേക്ഷിച്ചു ഇത് കുറവാണ്. ഇവിടെ പാർലമെന്റ് ഇലക്ഷനിലും എൽഡിഎഫ് ലീഡ് കുറവായിരുന്നു. അതുകൊണ്ടു തന്നെയാണ് അവിടെ യൂഡിഎഫിന് വേണ്ടി കെപി കുഞ്ഞിക്കണ്ണൻ ഉറങ്ങിയിരിക്കുന്നത്. എം രാജഗോപാൽ ആണ് ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി. ഇവിടെ എൽഡിഎഫ് ജയിക്കും, കാസർഗോഡ് ജില്ലയിൽ ബിജെപി ഏറ്റവും ദുർബലമായ പ്രദേശമാണ് തൃക്കരിപ്പൂർ.

നിലവിൽ കാസർകോട് ജില്ലയിൽ അഞ്ചു മണ്ഡലങ്ങളിൽ സ്ഥിതി 3:2 എന്നാ അനുമാനത്തിൽ ആണ് അത് ഇക്കുറി ചിലപ്പോൾ 2:3 ഓ അല്ലെങ്കിൽ അത് 1:3:1എന്ന ക്രമത്തിലും ആവാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP