Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

പൊതു മെറിറ്റിലെ അമ്പതു ശതമാനത്തിൽ നിന്നാണ് മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് പത്തുശതമാനം സംവരണം നൽകുന്നതെങ്കിൽ എതിർക്കില്ലെന്ന് എസ് എൻ ഡി പി; അട്ടിമറി ആശങ്കയിൽ എൻ എസ് എസ്; ലീഗിനെ വർഗ്ഗീയ പാർട്ടിയെന്ന് വിളിച്ച് രംഗം കൊഴുപ്പിച്ച് സീറോ മലബാർ സഭ; സവർണ്ണ താൽപ്പര്യമെന്ന വിമർശനവുമായി കാന്തപുരം; തൊട്ടാൽ പൊള്ളുന്ന വിഷയമായി കോൺഗ്രസിന് സാമ്പത്തിക സംവരണം; കേരള രാഷ്ട്രീയം വീണ്ടും സാമൂദായിക ചർച്ചകളിലേക്ക്

പൊതു മെറിറ്റിലെ അമ്പതു ശതമാനത്തിൽ നിന്നാണ് മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് പത്തുശതമാനം സംവരണം നൽകുന്നതെങ്കിൽ എതിർക്കില്ലെന്ന് എസ് എൻ ഡി പി; അട്ടിമറി ആശങ്കയിൽ എൻ എസ് എസ്; ലീഗിനെ വർഗ്ഗീയ പാർട്ടിയെന്ന് വിളിച്ച് രംഗം കൊഴുപ്പിച്ച് സീറോ മലബാർ സഭ; സവർണ്ണ താൽപ്പര്യമെന്ന വിമർശനവുമായി കാന്തപുരം; തൊട്ടാൽ പൊള്ളുന്ന വിഷയമായി കോൺഗ്രസിന് സാമ്പത്തിക സംവരണം; കേരള രാഷ്ട്രീയം വീണ്ടും സാമൂദായിക ചർച്ചകളിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സാമ്പത്തിക സംവരണ വിഷയത്തിലെ സീറോ മലബാർ സഭയുടെ നിലപാട് വിശദീകരണം കേരളത്തിലെ രാഷ്ട്രീയത്തെ ആകെ മാറ്റി മറിക്കും. മുസ്ലിം ലീഗിനെതിരെ ആരും ഇതുവരെ ഉന്നയിക്കാത്ത അഭിപ്രായ പ്രകടനങ്ങളാണ് ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ ജോസഫ് മാർ പെരുന്തോട്ടം ഉന്നയിക്കുന്നത്. കോൺഗ്രസിന്റെ പരമ്പരാഗത വോട്ട് ബാങ്കാണ് സീറോ മലബാർ സഭ. ഈ വിഭാഗം ബിജെപിയെ പുകഴ്‌ത്തുകയും ചെയ്യുന്നു. ഇതോടെ സംവരണ വിഷയത്തിൽ കോൺഗ്രസ് എടുക്കുന്ന നിലപാട് നിർണ്ണായകമാകും. യു.ഡി.എഫിൽ വ്യത്യസ്തനിലപാട് നിലനിൽക്കേ ഇക്കാര്യത്തിൽ പാർട്ടിയുടെ കാഴ്ചപ്പാടിന് രൂപംനൽകാനായി കെപിസിസി. രാഷ്ട്രീയകാര്യസമിതി ബുധനാഴ്ച യോഗം ചേരും. ലീഗിനെ പിണക്കാതെ എങ്ങനെ കോൺഗ്രസ് സീറോ മലബാർ സഭയെ ഒപ്പം നിർത്തുമെന്നതാണ് ഇനി പ്രധാനം.

പൊതു മെറിറ്റിലെ അമ്പതു ശതമാനത്തിൽ നിന്നാണ് മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് പത്തുശതമാനം സംവരണം നൽകുന്നതെങ്കിൽ എതിർക്കില്ലെന്ന് എസ് എൻ ഡിപിയും വ്യക്തമാക്കുന്നു. മുസ്ലിം ലീഗിനെ അവരും പിന്തുണയ്ക്കുന്നില്ല. മുഖ്യമന്ത്രി പറഞ്ഞതിൽനിന്ന് അങ്ങനെയാണു മനസ്സിലായതെന്ന് വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയത്തിൽ എൻഎസ് എസ് കൃത്യമായ അകലം പാലിക്കുകയാണ്. അവർ ആരേയും പിന്തുണയ്ക്കുന്നില്ല. എന്നാൽ സീറോ മലബാർ സഭയുടെ നിലപാട് വിശദീകരണത്തിൽ എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പിന്തുണയുണ്ടെന്നാണ് വിലയിരുത്തൽ. ചങ്ങനാശ്ശേരി അതിരൂപതയുമായി നല്ല ബന്ധമാണ് എൻ എസ് എസിന് എപ്പോഴമുള്ളത്. അതുകൊണ്ട് തന്നെ കോൺഗ്രസിന് ഇക്കാര്യത്തിൽ കരുതലോടെ നിലപാട് എടുക്കേണ്ടി വരും.

കോൺഗ്രസിന് ദേശീയ നിലപാടിനെ പോലും അനുകൂലിക്കാൻ സാധിക്കാത്തത് എന്തുകൊണ്ടാണെന്നും സീറോ മലബാർ സഭ ചോദിക്കുന്നുണ്ട്. വ്യത്യസ്ത നിലപാടുകൾ പരസ്യമായി പറയുന്ന എംഎൽഎമാരുടെ മേൽ പാർട്ടിക്ക് കാര്യമായ നിയന്ത്രണമില്ലാത്തതുപോലെ തോന്നുന്നു. ഈ മുന്നണിക്ക് ഒരു പ്രകടനപത്രിക പോലും പുറത്തിറക്കാൻ സാധിക്കുമോ എന്ന് സംശയമുണ്ടെന്ന രൂക്ഷ വിമർശനവും ലേഖനത്തിലുണ്ട്. ജമാത്ത് ഇസ്ലാമിയുടെ വെൽഫയർ പാർട്ടിയുമായിപ്പോലും സഖ്യമുണ്ടാക്കുന്ന സ്ഥിതിയാണുള്ളതെന്നും ലേഖനം പറയുന്നു. അങ്ങനെ എല്ലാ അർത്ഥത്തിലും കോൺഗ്രസിൽ നിന്ന അകലുന്ന സൂചനകളാണ് സീറോ മലബാർ സഭയുടെ നിലപാട് വിശദീകരണത്തിലുള്ളത്.

അഞ്ചാം മന്ത്രി വിഷയത്തിൽ കേരളത്തിലുണ്ടായതു പോലുള്ള സാമുദായിക വികാരം അളിക്കത്തിക്കാൻ ബിജെപി ശ്രമിക്കുമെന്ന് കോൺഗ്രസിന് അറിയാം. സിപിഎമ്മും വ്യക്തമായ ലക്ഷ്യത്തോടെ രംഗത്തുണ്ട്. അതുകൊണ്ട് തന്നെ കോൺഗ്രസ് നിലപാട് നിർണ്ണായകമാകും. മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം വേണമെന്നാണ് കോൺഗ്രസ് നിലപാട്. എന്നാലത് പിന്നാക്കവിഭാഗങ്ങളുടെ സംവരണം കുറച്ചുകൊണ്ടാകരുത്. ഇതിന് അടിവരയിടുന്ന തീരുമാനമാകും കെപിസിസി. രാഷ്ട്രീയകാര്യസമിതി കൈക്കൊള്ളുക. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായ യു.ഡി.എഫ്. പ്രകടനപത്രികയിൽ സാമ്പത്തിക സംവരണം ഉൾപ്പെടുത്തിയിരുന്നു. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്തുശതമാനം സംവരണം ഏർപ്പെടുത്താൻ ഭരണഘടന ഭേദഗതി ചെയ്യണമെന്നായിരുന്നു അതിൽ ഉൾപ്പെട്ടത്.

സാമ്പത്തിക സംവരണമെന്ന ആശയത്തെ എതിർക്കുന്ന മുസ്ലിം ലീഗ് പ്രകടനപത്രികയിൽ ഈ നിർദ്ദേശം ഉൾപ്പെടുത്തുന്നതിനോട് ആദ്യം യോജിച്ചിരുന്നില്ല. എന്നാൽ, കോൺഗ്രസിന്റെ താത്പര്യം കണക്കിലെടുത്ത് എതിർത്തതുമില്ല. കേന്ദ്രസർക്കാർ ഭരണഘടനാ ഭേദഗതിയിലൂടെ സാമ്പത്തിക സംവരണത്തിന് നിയമപരമായ സാഹചര്യം ഒരുക്കുകയെന്ന വലിയകടമ്പ അന്ന് മുമ്പിലുണ്ടായിരുന്നു. 2019-ൽ കേന്ദ്രം ഭരണഘടനാ ഭേദഗതി പാസാക്കി. ഇതിനെ ലീഗ് അനുകൂലിക്കുന്നില്ല. സംസ്ഥാനത്തും ഇത് നടപ്പാക്കാൻ തീരുമാനിച്ചു. ഇതോടെ സാമ്പത്തിക സംവരണത്തിനെതിരേ സമാന മനസ്സുള്ള സാമൂഹിക, സമുദായ സംഘടനകളെ അണിനിരത്താനുള്ള ശ്രമത്തിലാണ് ലീഗ്. ഇതിനെതിരേ സുപ്രീംകോടതിയെ സമീപിച്ചിട്ടുമുണ്ട്. ലീഗിന് അതിനുള്ള സ്വാതന്ത്ര്യം അനുവദിക്കുമ്പോൾതന്നെ കോൺഗ്രസിന്റെ പ്രഖ്യാപിത നിലപാടിൽ മാറ്റം വേണ്ടെന്നാണ് നേതൃത്വത്തിന്റെ ചിന്ത. ഇത് കോൺഗ്രസിനെ തീർത്തും വെട്ടിലാക്കും.

സാമ്പത്തിക സംവരണ വിഷയത്തിൽ മുസ്ലിം ലീഗിനെ രൂക്ഷമായി വിമർശിച്ച് സീറോ മലബാർ സഭയുടേതായി ദീപികയിലെ എഡിറ്റോറിയൽ പേജ് ലേഖനത്തിൽ കരുതലോടെ മാത്രമേ കോൺഗ്രസ് പ്രതികരിക്കൂ. ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം എഴുതിയ 'സാമ്പത്തിക സംവരണത്തെച്ചൊല്ലി എന്തിന് അസ്വസ്ഥത' എന്ന ലേഖനത്തിലാണ് ലീഗിനെതിരെ വിമർശനമുള്ളത്. ഇതിനോട് ലീഗ് പ്രകാരം പ്രതികരിക്കുമെന്നതും നിർണ്ണായകമാണ്. ഇതുവരെ യാതൊരു വിധ സംവരണ ആനുകൂല്യവും ലഭിക്കാതിരുന്ന സംസ്ഥാന ജനസംഖ്യയിലെ 27%ൽ അധികം വരുന്ന സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക്(ഇ.ഡബ്ല്യൂ.എസ്.) വൈകിയെങ്കിലും ലഭിച്ച നീതിയെ ചില സംഘടിത സാമുദായിക ശക്തികൾ അകാരണമായി എതിർക്കുന്നത് തികച്ചും ഖേദകരമാണ്. എന്തെങ്കിലും ആദർശത്തിന്റെ പേരിലാണ് ഇവർ ഇപ്രകാരം ചെയ്യുന്നതെന്ന് കരുതാൻ സാധിക്കില്ല. സ്വന്തം പാത്രത്തിൽ ഒരു കുറവും ഉണ്ടാകുന്നില്ലെങ്കിലും അടുത്തിരിക്കുന്നവന്റെ പാത്രത്തിൽ ഒന്നും വിളമ്പരുതെന്ന് ശഠിക്കുന്നത് എന്ത് വികാരമാണ്- ലേഖനത്തിൽ ആരായുന്നു. ഇത് കേരള രാഷ്ട്രീയത്തിലെ സമവാക്യങ്ങളെ മാറ്റി മറിക്കുന്ന അഭിപ്രായ പ്രകടനമാണ്.

ആകെ സീറ്റിന്റെ പത്തുശതമാനമാണോ, പൊതു മെറിറ്റായി വരുന്ന 50 ശതമാനത്തിന്റെ പത്തുശതമാനമാണോ സാമ്പത്തിക സംവരണത്തിൽ വരുകയെന്നതിനെക്കുറിച്ചുള്ള തർക്കം നിലനിൽക്കുന്നു. നിലവിലുള്ള സംവരണത്തെ ഒരുതരത്തിലും ബാധിക്കാത്തവിധമായിരിക്കും സാമ്പത്തിക സംവരണം നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ആകെ സീറ്റിന്റെ പത്തുശതമാനം വരെ സാമ്പത്തിക സംവരണത്തിനായി നീക്കിവെക്കാമെന്നാണ് കേന്ദ്ര നിയമം. നിലവിലുള്ള സംവരണത്തെ ബാധിക്കാത്ത തരത്തിൽ ആകെ സീറ്റിന്റെ പത്ത് ശതമാനം സാമ്പത്തിക സംവരണമാകുമ്പോൾ പൊതുമെറിറ്റിൽ വരുന്ന പിന്നാക്ക വിഭാഗത്തിലുള്ളവരുടെ സാധ്യത കുറയും

ഇതിനിടെ മുന്നാക്ക സംവരണം പിൻവലിക്കണമെന്ന ആവശ്യവുമായി കാന്തപുരം എ.പി. വിഭാഗം രംഗത്ത് വന്നിട്ടുണ്ട്. സംവരണത്തിന്റെ അടിസ്ഥാന തത്വങ്ങളെ സർക്കാർ വെല്ലുവിളിക്കുന്നെന്നും സവർണ താൽപര്യം മാത്രം മുൻനിർത്തിയാണ് സംവരണം പ്രഖ്യാപിച്ചതെന്നും കാന്തപുരം വിഭാഗത്തിന്റെ മുഖപത്രത്തിൽ വിമർശനമുണ്ട്. സംസ്ഥാന സർക്കാരിനോടും ഇടതുപക്ഷ രാഷ്ട്രീയത്തോടും അനുഭാവം പുലർത്തുന്ന സംഘടനയാണ് കാന്തപുരം എ.പി വിഭാഗം. ഇത് ഇടതിനും തിരിച്ചടിയാകും. മുന്നാക്ക സംവരണം സവർണ താൽപര്യം മാത്രം സംരക്ഷിക്കാനുള്ള പ്രഖ്യാപനമാണ്. സർക്കാർ വിദ്യാഭ്യാസ മേഖലകളിൽ മുസ്ലിങ്ങളുടെ അവസരങ്ങൾ കുറയ്ക്കുന്നതാണ് മുന്നാക്ക സംവരണമെന്നും മുഖപത്രത്തിലെ ലേഖനം പറയുന്നു. വിദ്യാഭ്യാസ മേഖലയിലെ ഇതുവരെയും നടപ്പാക്കി കഴിഞ്ഞ അഡ്‌മിഷനുമായി ബന്ധപ്പെട്ട കേസുകളിൽ അവസരം നഷ്ടപ്പെട്ടിട്ടുണ്ടെന്നും മുഖപത്രം ചൂണ്ടിക്കാണിക്കുന്നു.

അതിനിടെ മുന്നാക്കസംവരണവിഷയത്തിൽ മുസ്‌ലിംസംഘടനകളുമായിച്ചേർന്നുള്ള സമരം ഇപ്പോൾ പരിഗണനയിലില്ലെന്ന് എസ്.എൻ.ഡി.പി. യോഗം അറിയിച്ചു. ഇരുകൂട്ടരും മുന്നാക്കസംവരണത്തിനെതിരാണെങ്കിലും അടുത്തകാലത്തായി മുസ്‌ലിംലീഗ് എടുത്ത പലനിലപാടുകളോടും യോഗത്തിനു യോജിപ്പില്ല. യു.ഡി.എഫിൽ ലീഗിനാണ് മുൻകൈയെന്നും യോഗം കരുതുന്നു. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസലറായി ഡോ. പി.എം. മുബാറക് പാഷയെ നിയമിച്ചതിനെ വെള്ളാപ്പള്ളി നടേശൻ വിമർശിച്ചിരുന്നു. ഇതിനെതിരേ ലീഗ് മുഖപത്രം അതിരൂക്ഷമായാണ് പ്രതികരിച്ചത്. 'മുസ്‌ലിം പേരിനോട് ഓക്കാനമോ' എന്ന തലക്കെട്ടിലായിരുന്നു മുഖപ്രസംഗം. സംഘപരിവാറിന്റെ അന്ധമായ ന്യൂനപക്ഷവിരുദ്ധതയാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവനയ്ക്കുപിന്നിലെന്നായിരുന്നു ആക്ഷേപം.

യോജിച്ചുള്ള പ്രക്ഷോഭം സംബന്ധിച്ച് മുസ്‌ലിംസംഘടനാ നേതാക്കളാരും ബന്ധപ്പെട്ടിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വിവിധ മുസ്‌ലിം സംഘടനകൾ യോഗംചേരുന്നകാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. വിവാഹപ്രായം കൂട്ടുന്നതിലും ചില മുസ്‌ലിം സംഘടനകൾക്ക് എതിർപ്പുള്ളതായറിഞ്ഞു. അത് എസ്.എൻ.ഡി.പി. യോഗത്തിന്റെ അജൻഡയിലില്ലാത്ത വിഷയമാണ്-അദ്ദേഹം പറഞ്ഞു.

അതേ സമയം സംവരണ സമുദായ മുന്നണിയുടെ സംസ്ഥാന തല യോഗം ഇന്ന് കൊച്ചിയിൽ നടക്കും. രാവിലെ 11ന് ചേരുന്ന യോഗത്തിൽ പി കെ കുഞ്ഞാലിക്കുട്ടി ഉൾപ്പടെയുള്ള വിവിധ സംവരണ സമുദായ നേതാക്കൾ പങ്കെടുക്കും. സംസ്ഥാന സർക്കാർ മുന്നോക്ക സമുദായത്തിലെ പിന്നോക്ക സാമ്പത്തിക പശ്ചാത്തലത്തിലുള്ളവർക്ക് ഏർപ്പെടുത്തിയ സംവരണത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം. സംസ്ഥാന സർക്കാർ നടപ്പിലാക്കിയ മുന്നോക്ക സംവരണം പുനപരിശോധിക്കണമെന്നാണ് കൂട്ടായ്മയുടെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP