Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സത്യപ്രതിജ്ഞാ ചടങ്ങും പ്രത്യേക നിയമസഭായോഗവും ബഹിഷ്‌കരിച്ച് പ്രതിഷേധം അറിയിച്ചു; പിണറായി ഇടപെട്ടപ്പോൾ ഫേസ്‌ബുക്കിലൂടെ മണിക്കും മൊയ്തീനും ആശംസകൾ അറിയിച്ചു; കണ്ണൂരിലെ സമവാക്യം മാറാതിരിക്കാൻ പി ജയരാജനെ പ്രശ്‌നത്തിൽ ഇടപെടീച്ച്‌ പിണറായി; ഇപിയുടേയും ശ്രീമതിയുടേയും ലക്ഷ്യം കോടിയേരി തന്നെ

സത്യപ്രതിജ്ഞാ ചടങ്ങും പ്രത്യേക നിയമസഭായോഗവും ബഹിഷ്‌കരിച്ച് പ്രതിഷേധം അറിയിച്ചു; പിണറായി ഇടപെട്ടപ്പോൾ ഫേസ്‌ബുക്കിലൂടെ മണിക്കും മൊയ്തീനും ആശംസകൾ അറിയിച്ചു; കണ്ണൂരിലെ സമവാക്യം മാറാതിരിക്കാൻ പി ജയരാജനെ പ്രശ്‌നത്തിൽ ഇടപെടീച്ച്‌ പിണറായി; ഇപിയുടേയും ശ്രീമതിയുടേയും ലക്ഷ്യം കോടിയേരി തന്നെ

കെ വി നിരഞ്ജൻ

കോഴിക്കോട്: എംഎ‍ൽഎ സ്ഥാനം രാജിവെക്കുമെന്ന അഭ്യൂഹത്തിനിടയിലും, മണിയാശാനും എ.സി മൊയ്തീനും ആശംസയുമായി മുന്മന്ത്രി ഇ.പി ജയരാജന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ബന്ധുനിയമന വിവാദത്തിൽ അപമാനിതനായി പുറത്തുപോവേണ്ടിവന്നതിന്റെ ചൊരുക്കിൽ ഇ.പി പുതിയ മന്ത്രി എം.എം മണിയുടെ സത്യപ്രതിഞ്ജാ ചടങ്ങിൽ എത്തിയിരുന്നില്ല. അതിനിടെയാണ് ഇ.പി എംഎ‍ൽഎ സ്ഥാനം രാജിവെക്കാൻ പോവുന്നുവെന്ന അഭ്യൂഹം ഉണ്ടായത്. ഇതേതുടർന്ന് മുഖ്യമന്ത്രിപിണറായി വിജയന്റെ നേതൃത്വത്തതിൽ, കണ്ണൂർ ജില്ലാസെക്രട്ടറി പി.ജയരാജൻ മുഖേന നടത്തിയ അനുരഞ്ജന നീക്കങ്ങളാണ് താൽക്കാലികമായി ഫലം കണ്ടത്.പുതിയമന്ത്രി ഭരണപരമായ അനിവാര്യതയാണെന്നും ചില മാദ്ധ്യമങ്ങൾ തനിക്കും പാർട്ടിക്കുമെതിരെ കെട്ടുകഥകളും ദുഷ്പ്രചരണങ്ങളും പടച്ചു വിടുകയാണെന്നും ജയരാജൻ ഫേസ്‌ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.

താൻ രാജിവച്ച ഒഴിവിൽ തന്നോടാലോചിക്കാതെ പുതിയ മന്ത്രിയെ നിശ്ചയിച്ച സിപിഐ(എം). നടപടിയിലുള്ള അമർഷം പരസ്യമാക്കിയാണ് ഇ.പി. ജയരാജൻ പ്രത്യേക നിയമസഭാ യോഗവും എംഎം മണിയുടെ സത്യപ്രതിജ്ഞയും ബിഹിഷ്‌കരിച്ചത്. പുതിയ മന്ത്രിയുടെ കാര്യത്തിൽ തീരുമാനമെടുത്ത സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പാർട്ടി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചതിനുപിന്നാലെ സംസ്ഥാനസമിതിയോഗം ജയരാജൻ ബഹിഷ്‌കരിച്ചിരുന്നു. യോഗം തുടങ്ങിയപ്പോൾതന്നെ കണ്ണൂരിലേക്കു മടങ്ങി. പാർട്ടി സംസ്ഥാനനേതൃത്വം തന്നോട് അനീതികാട്ടിയെന്നാരോപിച്ച് കേന്ദ്രനേതൃത്വത്തെ ജയരാജൻ സമീപിച്ചിട്ടുണ്ട്. ഇത് വിവാദമായതോടെ വിശ്വസ്തൻ കൂടിയായ ജയരാജനെ കൂടെ നിർത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് രംഗത്ത് എത്തി. മുഖ്യമന്ത്രിയുടെ ആവശ്യാനുസരണം മണിക്കും പുതിയ വ്യവസായ മന്ത്രി മൊയ്തീനും ആശംസയുമായി ഫെയ്‌സ് ബുക്ക് പോസ്റ്റും വന്നു. കണ്ണൂർ രാഷ്ട്രീയത്തിൽ സജീവമായി തന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാനാണ് ഇപിയുടെ ശ്രമം. ഇതിലൂടെ കോടിയേരിയുടെ പ്രതാപത്തിന് മങ്ങലേൽപ്പിക്കാനാണ് ശ്രമം.

പുതിയ മന്ത്രിയെ നിശ്ചയിക്കാനായി ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ ജയരാജനും പി.കെ. ശ്രീമതി എംപി.യും ഉന്നയിച്ച വിഷയങ്ങൾ കേന്ദ്രക്കമ്മിറ്റിയിൽ ചർച്ച ചെയ്യാമെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞതായാണ് സൂചന. ജയരാജൻ വ്യവസായ വകുപ്പിൽ തന്റെ ഭാര്യാസഹോദരി കൂടിയായ ശ്രീമതിയുടെ മകന് നിയമനം നൽകിയതുമായി ബന്ധപ്പെട്ട കേസിൽ വിജിലൻസ് ത്വരപരിശോധന നടക്കുകയാണ്. ഇതിൽ തീരുമാനമാകുംമുമ്പ് പാർട്ടി തീരുമാനമെടുത്തത് ജനങ്ങൾക്കു മുന്നിൽ, തന്നെ കുറ്റവാളിയാക്കുന്നതിന് തുല്യമാണെന്നാണ് ജയരാജന്റെ ആരോപണം. വിജിലൻസ് ജയരാജനെ കുറ്റവിമുക്തനാക്കാനുള്ള റിപ്പോർട്ട് തയ്യാറാക്കുന്നുവെന്നാണ് സൂചന. ഇത് മനസ്സിലാക്കിയായിരുന്നു തിടുക്കത്തിലെ മന്ത്രിയെ നിശ്ചയിക്കൽ. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വി എസ്സുമടക്കമുള്ള പാർട്ടി നേതാക്കളുടെ ബന്ധുക്കൾക്ക് നൽകിയ നിയമനങ്ങളുടെ പട്ടിക ശ്രീമതിയും യോഗത്തിൽ വെളിപ്പെടുത്തി. കോടിയേരിയുടെ ബന്ധുവായ വിനയകുമാറിന് മലബാർ കാൻസർ സെന്ററിലും തുടർന്ന് മനുഷ്യാവകാശ കമ്മിഷനിലും ഏറ്റവുമൊടുവിൽ കൊല്ലത്തെ യുണൈറ്റഡ് ഇലക്ട്രിക്കൽസിലും ജോലി നൽകി. വി.എസിന്റെ മകൻ അരുൺകുമാറിനെ കയർഫെഡിൽ നിയമിച്ചതും പി.കെ. ശ്രീമതി ചൂണ്ടിക്കാട്ടിയതായി അറിയുന്നു.

ഏതായാലും മുഖ്യമന്ത്രിക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ജയരാജനും ശ്രീമതിയും തയ്യാറല്ല. അതുകൊണ്ടാണ് ജയരാൻ മന്ത്രിമാരെ അഭിനന്ദിച്ച് പോസ്റ്റിട്ടത്. തീരുമാനത്തെ അംഗീകരിക്കുകയും ചെയ്യുന്നതായും പോസ്റ്റിൽ വിശദീകരിക്കുന്നുണ്ട്.

ജയരാജന്റെ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെയാണ്.

'എൽ.ഡി.എഫ് മന്ത്രിസഭയിൽ നിന്ന് ഞാൻ രാജി വച്ച ഒഴിവിലേക്ക് പുതിയ മന്ത്രിയെ തീരുമാനിച്ചു കൊണ്ട് സിപിഐ(എം) സംസ്ഥാന കമ്മിറ്റി തീരുമാനം എടുക്കുകയുണ്ടായി. ഞാനും കൂടി അംഗമായ പാർട്ടി സംസ്ഥാന സെക്രട്ടറിയറ്റ് എടുത്ത തീരുമാനമാണ് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചത്. ഒക്ടോബർ 14 ന് ഞാൻ രാജി വച്ചപ്പോൾ മുതൽ ഒഴിഞ്ഞുകിടക്കുന്ന വ്യവസായ വകുപ്പിന്റെ ചുമതല മറ്റൊരാൾക്ക് നൽകേണ്ടത് ഭരണപരമായ അനിവാര്യതയായിരുന്നു. ഈ യാഥാർഥ്യങ്ങൾ മറച്ചുവച്ചു കൊണ്ട് ചില മാദ്ധ്യമങ്ങൾ എനിക്കും പാർട്ടിക്കുമെതിരെ കെട്ടുകഥകളും ദുഷ്പ്രചരണങ്ങളും പടച്ചു വിടുകയാണ്. സിപിഐ (എം) നേതൃത്വത്തിനിടയിൽ ഭിന്നതയുണ്ടെന്ന് പ്രചരിപ്പിക്കുവാനും എൽ.ഡി.എഫ് ഗവൺമെന്റിന്റെ തിളക്കമാർന്ന പ്രവർത്തനങ്ങളെ തമസ്‌കരിക്കുവാനും ലക്ഷ്യം വച്ചു കൊണ്ടാണ് ഇപ്പോൾപ്രചരണങ്ങൾനടത്തുന്നത്.സഖാവ് പിണറായി വിജയൻ മന്ത്രിസഭയിലേക്ക് കടന്നു വരുന്ന സഖാവ് മണിയാശാനും വ്യവസായ വകുപ്പിന്റെ ചുമതലയിലേക്ക് വരുന്ന സഖാവ് എ.സി. മൊയ്തീനും എന്റെ അഭിവാദ്യങ്ങൾ.'

അതേസമയം പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്‌നോടുള്ള കടുത്ത അതൃപ്തി ഇപ്പോഴും ഇ.പിക്കുണ്ടെന്നാണ് അദ്ദേഹവുമായി അടുത്തകേന്ദ്രങ്ങൾ പറയുന്നത്.തന്നെ ചിലർ ബോധപൂർവം അപമാനിക്കാൻ ചിലർ ശ്രമിക്കയാണെന്നും, പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പിന്തുണ തനിക്ക് കിട്ടിയില്ലെന്നുമൊക്കെ ഇ.പി ക്ഷുഭിതനായി പാർട്ടി യോഗത്തിൽ പറഞ്ഞിരുന്നു. പി.കെ ശ്രീമതിക്കും ഈ വിഷയത്തിൽ കടുത്ത അതൃപ്തിയുണ്ട്. ഒരുഘട്ടത്തിൽ ജയരാജനൊപ്പം ശ്രീമതിയും എംപി സ്ഥാനം രാജിവെക്കുമെന്നും അഭ്യൂഹം ഉയർന്നിരുന്നു. ചർച്ചകളെ തുടർന്ന് ഇരുവർക്കും എതിരായ പാർട്ടി നടപടിയുണ്ടാവില്ലെന്നും നേതൃത്വം ഉറപ്പുനൽകിയിട്ടുണ്ട്. വിജിലൻസ് അന്വേഷണത്തിൽപോലും താൻ വഴിവിട്ട് എന്തെങ്കിലും ചെയ്തതായി കണ്ടത്തൊൻ കഴിയില്ലെന്നാണ് ജയരാജന്റെ നിലപാട്. അതേസമയം ബന്ധുനിയമ വിവാദത്തിൽ അങ്ങനെ ചെയ്യരുതെന്ന് മുഖ്യമന്ത്രി വിലക്കിയിട്ടും ഇ.പി അനുസരിച്ചില്ലെന്നതാണ് കോടിയേരി സംസ്ഥാന സമിതിയിൽ വ്യക്തമാക്കിയത്. ജയരാജന്റെ രാജി തെറ്റുചെയ്തതിനുള്ള ശിക്ഷയല്ലെന്നും കമ്യൂണിസ്റ്റുകാർ ഉയർത്തിപ്പിടിക്കേണ്ട ധാർമ്മികതയുടെ ഭാഗമാണെന്നുമാണ് കോടിയേരി വ്യക്തമാക്കിയത്. എന്നാൽ ഇതുപറയാൻ കോടിയേരിക്ക് എന്ത് ധാർമികതയെന്നാണ് ഇപിയുടെ മറുചോദ്യം.

നേരത്തെ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽനിന്ന് ഇറങ്ങിപ്പോയ ഇ.പി. ജയരാജൻ സത്യപ്രതിജ്ഞാ ചടങ്ങിലും നിയമസഭാ പ്രത്യേക സമ്മേളനത്തിൽനിന്നും വിട്ടുനിന്നാണ് 'പ്രതിഷേധിച്ചത്'. സഹകരണ വിഷയത്തിൽ നേരത്തേ നിശ്ചയിച്ച പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ നേരത്തേ ബുക്ക് ചെയ്ത ട്രെയിൻ ടിക്കറ്റ് കഴിഞ്ഞ ദിവസം അദ്ദേഹം റദ്ദാക്കുകയായിരുന്നു. വൈകീട്ട് 4.30ന് നടന്ന എം.എം. മണിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽനിന്നും ജയരാജൻ വിട്ടുനിന്നു. ഞായറാഴ്ച സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റിൽനിന്ന് ഇറങ്ങിപ്പോയ ജയരാജൻ കഴിഞ്ഞ രണ്ടുദിവസമായി കണ്ണൂരിലെ വീട്ടിൽതന്നെയാണ്. പൊതുപരിപാടികളിലും പാർട്ടി പരിപാടികളിലും പങ്കെടുക്കാതെയുള്ള ജയരാജന്റെ പ്രതിഷേധം പ്രകടിപ്പിക്കൽ നേതൃത്വത്തിലും പ്രവർത്തകരിലും ചർച്ചയായിട്ടുണ്ട്. ഇതോടെയാണ് ധൃതിപിടിച്ച അനുരഞ്ജന ചർച്ചകൾ പി.ജയരാജന്റെ നേതൃത്വത്തിൽ നടന്നത്. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമായിരുന്നു ഇത്. കണ്ണൂരിൽ പിണറായിയുടെ അടുത്ത അനുയായി പിണങ്ങി നിൽക്കുന്നത് ഗുണകരമാക്കി പാർട്ടി പിടിക്കാൻ കോടിയേരി ശ്രമിക്കുമെന്ന തിരിച്ചറിവിൽ കൂടിയായിരുന്നു ഇത്.

മട്ടന്നൂരിലെ എംഎ‍ൽഎ ഓഫിസിലുള്ള ജീവനക്കാരനോട് നേരത്തെ ജോലി നോക്കിയ സ്ഥലത്തേക്ക് തിരികെ പോകേണ്ടിവരുമെന്ന് ജയരാജൻ സൂചന നൽകിയതാണ് എംഎ‍ൽഎ സ്ഥാനം രാജിവെക്കുന്നുവെന്ന അഭ്യൂഹം ശക്തമാക്കിയത്. മന്ത്രിസ്ഥാനം ഒഴിഞ്ഞെങ്കിലും സ്റ്റാഫിൽ ചിലർ ഇനിയും പഴയ തട്ടകത്തിലേക്ക് മടങ്ങിയിരുന്നില്ല. അവർ ജയരാജൻ തിരിച്ചുവരുമെന്നാണ് കരുതിയത്. എന്നാൽ, ത്വരിതാന്വേഷണ റിപ്പോർട്ട് വരുംമുമ്പ് പൊടുന്നനെ പുതിയ മന്ത്രിയെ തീരുമാനിച്ചതിൽ ജയരാജൻ ക്ഷുഭിതനാണ്. പാർട്ടി രംഗത്തുനിന്ന് പൂർണമായും പിന്മാറി കണ്ണൂരിൽ ജയരാജൻ തന്നെ നേരിട്ട് നടത്തുന്ന വയോധികസദനത്തിന്റെയും മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും മേഖലയിൽ മുഴുകാനുള്ള തയ്യാറെടുപ്പിലാണെന്ന് സ്റ്റാഫംഗങ്ങൾ സൂചിപ്പിക്കുന്നത്.

മട്ടന്നൂർ നഗരസഭ പണികഴിപ്പിച്ച പഴശ്ശിരാജയുടെ ശിൽപത്തിന്റെ അനാച്ഛാദനം ഡിസംബർ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമ്പോൾ സ്ഥലം എംഎ‍ൽഎ എന്ന നിലയിൽ ജയരാജൻ അധ്യക്ഷനായി വരുമോ എന്നും വ്യക്തതയില്ല. പരിപാടിയുടെ നോട്ടീസിൽ ജയരാജന്റെ പേരുണ്ട്. എന്നാൽ, മന്ത്രി കെ.കെ. ശൈലജയുടെ ഭർത്താവ് കൂടിയായ മട്ടന്നൂർ മുനിസിപ്പൽ ചെയർമാൻ ഭാസ്‌കരൻ മാസ്റ്ററുമായി ജയരാജൻ നല്ല നിലയിലല്ല. ജയരാജൻ തന്നെ മുൻകൈയെടുത്താണ് സൗജന്യമായി പ്രതിമക്കുള്ള തേക്കുതടി നേടിക്കൊടുത്തത്. തനിക്കെതിരായ വിവാദം വന്നപ്പോൾ വികസനവുമായി ബന്ധപ്പെട്ട ഇത്തരം സേവനങ്ങൾ തുറന്നുകാണിക്കാതെ മൗനം പാലിച്ചതിൽ ജയരാജന് വിഷമമുണ്ട്.

ബന്ധു നിയമന വിവാദത്തെ തുടർന്ന് നടക്കുന്ന ത്വരിതാന്വേഷണം 42 ദിവസത്തിനകം പൂർത്തീകരിക്കണമെന്നിരിക്കെ നാലുദിവസത്തിനുള്ളിൽ ഇതിന്റെ റിപ്പോർട്ട് സമർപ്പിക്കപ്പെടുമെന്നാണ് കരുതുന്നത്. നിയമന കാര്യത്തിൽ താൻ നിരപരാധിയാണെന്നാണ് വിജിലൻസ് അന്വേഷണ നിഗമനമെന്നാണ് ജയരാജൻ കരുതുന്നത്. അതിനിടയിൽ മന്ത്രിയെ പെട്ടെന്ന് തീരുമാനിച്ചതാണ് ജയരാജനെയും ചൊടിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP