Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

2002ൽ ദേശ്മുഖിനെ രക്ഷിച്ചെടുത്ത റിസോർട്ട് നയതന്ത്രം; 2017ൽ അഹമ്മദ് പട്ടേലിനെ രാജ്യസഭയിലെത്തിച്ച് അമിത് ഷായുടെ കണ്ണിലെ കരടായി; യദൂരിയപ്പ മുഖ്യമന്ത്രിയാകാതിരിക്കാൻ കുമാരസ്വാമിയെ ഇറക്കി കളിച്ചും ബിജെപിയെ നിരാശരാക്കി; സർക്കാരിനെ താങ്ങി നിർത്താൻ ശിവകുമാറിന് കഴിയുമെന്ന് ഉറച്ച് വിശ്വസിച്ച് ഹൈക്കമാണ്ടും; കുമാരസ്വാമി രാജിവയ്ക്കാത്തതും 840 കോടിയുടെ ആസ്തിയുള്ള നേതാവിനെ വിശ്വസിച്ച് തന്നെ; കർണ്ണാടകയിൽ ഗോവയും നോർത്ത് ഈസ്റ്റും ആവർത്തിക്കാത്തതിന് പിന്നിൽ ഡികെ ഇഫക്ട് മാത്രം

2002ൽ ദേശ്മുഖിനെ രക്ഷിച്ചെടുത്ത റിസോർട്ട് നയതന്ത്രം; 2017ൽ അഹമ്മദ് പട്ടേലിനെ രാജ്യസഭയിലെത്തിച്ച് അമിത് ഷായുടെ കണ്ണിലെ കരടായി; യദൂരിയപ്പ മുഖ്യമന്ത്രിയാകാതിരിക്കാൻ കുമാരസ്വാമിയെ ഇറക്കി കളിച്ചും ബിജെപിയെ നിരാശരാക്കി; സർക്കാരിനെ താങ്ങി നിർത്താൻ ശിവകുമാറിന് കഴിയുമെന്ന് ഉറച്ച് വിശ്വസിച്ച് ഹൈക്കമാണ്ടും; കുമാരസ്വാമി രാജിവയ്ക്കാത്തതും 840 കോടിയുടെ ആസ്തിയുള്ള നേതാവിനെ വിശ്വസിച്ച് തന്നെ; കർണ്ണാടകയിൽ ഗോവയും നോർത്ത് ഈസ്റ്റും ആവർത്തിക്കാത്തതിന് പിന്നിൽ ഡികെ ഇഫക്ട് മാത്രം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഗോവിൽ നിഷ്പ്രയാസം... തെലുങ്കാനയിൽ ഞൊടിയടിക്കുള്ളിൽ... നോർത്ത് ഈസ്റ്റിൽ അതിവേഗം........ എന്നാൽ പടിച്ച പണി പിതിനെട്ടും പറ്റിയിട്ടും കർണ്ണാകയിൽ മാത്രം ഒന്നും ഏശുന്നില്ല. കോൺഗ്രസിനെ തകർത്താണ് ബിജെപി ഉത്തരേന്ത്യയിലും നോർത്ത് ഈസ്റ്റിലും കരുത്ത് കാട്ടിയത്. ലക്ഷ്യം വച്ചിടത്തെല്ലാം കോൺഗ്രസിനെ തകർത്ത് ബിജെപി വമ്പൻ പാർട്ടിയായി. ഏറ്റവും ഒടുവിൽ ഗോവയിലാണ് കോൺഗ്രസിനെ ബിജെപി നാമാവശേഷമാക്കിയത്. ബിജെപി അധ്യക്ഷൻ അമിത് ഷായുടെ തന്ത്രപരമായ നീക്കമാണ് ഇതിന് കാരണം. ആഭ്യന്തര മന്ത്രി പദത്തിലെത്തിയ അമിത് ഷാ ഇപ്പോഴും പാർട്ടിയുടെ അമരത്തിരുന്ന് കോൺഗ്രസ് മുക്ത ഭാരതത്തിനായി ശ്രമിക്കുകയാണ്. എന്നാൽ കർണ്ണാടകയിൽ മാത്രം കളികൾ പിഴയ്ക്കുന്നു. എല്ലാം ശരിയായി എന്ന് കരുതുമ്പോൾ അപ്രതീക്ഷിതമായി പദ്ധതികൾ പാളും. ഇതിന് കാരണം ഒരേയൊരു നേതാവാണ്.... കോൺഗ്രസുകാരുടെ ഡികെ.

ശതകോടീശ്വരന്മാരുടെ പിൻബലത്തിലും കേന്ദ്ര ഭരണത്തിന്റെ തണലിലും കർണ്ണാടകയിലെ കലക്കവെള്ളത്തിൽ മീൻ പിടിക്കാനാണ് യെദൂരിയപ്പയുടെ ശ്രമം. സർവ്വ സന്നാഹവുമായി അമിത് ഷായും. ഈ പടയെയാണ് ഡികെ ചങ്കൂറ്റവുമായി നേരിടുന്നത്. കർണ്ണാടക രാഷ്ട്രീയത്തിലെ ചാണക്യനാണ് ഡി.കെ. ശിവകുമാർ. കർണാടക രാഷ്ട്രീയത്തിൽ സൂപ്പർ താരപരിവേഷമാണ് ഡികെയ്ക്ക്. അധികാര സ്ഥാനങ്ങളോട് ഡികെയ്ക്ക് താൽപ്പര്യമില്ല. മുഖ്യമന്ത്രിയാകാനോ കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാകാനോ ഒന്നും ഡികെയ്ക്ക് താൽപ്പര്യമില്ല. കർണ്ണാടകയിലെ കോൺഗ്രസിന്റെ അടിവേര് അറ്റു പോകരുതെന്ന ആഗ്രഹം മാത്രമാണ് ഡികെയ്ക്കുള്ളത്. അതുകൊണ്ടാണ് കർണ്ണാടകയിലെ കോൺഗ്രസ് അണികളുടെ താരമായി ശിവകുമാർ മാറുന്നത്.

ഡി.കെ. എന്ന പേര് കോൺഗ്രസ് അണികൾക്കിടയിൽ ആദ്യം ചർച്ചയാകുന്നത് ഗുജറാത്ത് രാജ്യസഭ തെരഞ്ഞടുപ്പ് കാലത്താണ്. അന്ന് അഹമ്മദ് പട്ടേലിനെ തോല്പിക്കാൻ കോൺഗ്രസ് എംഎൽഎമാരെ ചാക്കിട്ടു പിടിക്കാൻ കോടികളുമായി ബിജെപി പാഞ്ഞു നടന്നപ്പോൾ രക്ഷകനായത് ശിവകുമാറായിരുന്നു. രാത്രിക്കു രാത്രി ഗുജറാത്തിൽ നിന്ന് എംഎൽഎമാരെ ബംഗളൂരുവിൽ എത്തിച്ചു. കർണാടകയിലെത്തിയ എംഎൽഎമാരെ പാട്ടിലാക്കാൻ ബിജെപി പഠിച്ച പണി പതിനെട്ടും നടത്തിയിട്ടും ശിവകുമാറിന് മുന്നിൽ പിടിച്ചു നിൽക്കാൻ അന്ന് അവർക്കായില്ല. അത്രയ്ക്കു ശക്തനാണ് ഡികെ എന്ന് അണികൾ വിളിക്കുന്ന ഈ അൻപത്താറുകാരൻ. കർണാടകയിലെ കോളജുകളും ഹോട്ടലുകളും ഖനികളുമടക്കം കോടിക്കണക്കിന് രൂപയുടെ സമ്പാദ്യമാണ് ഡികെയ്ക്കുള്ളത്. ഇതെല്ലാം പാർട്ടിക്ക് വേണ്ടി ഡികെ മടുക്കും. അതുകൊണ്ടാണ് കർണ്ണാടകയിൽ ഇപ്പോഴും കുമാരസ്വാമി സർക്കാർ രാജിവയ്ക്കാതെ തുടരുന്നത്. ഇത്തണ അപ്രതീക്ഷിത നീക്കമാണ് ബിജെപി നടത്തിയത്. 14 എംഎൽഎമാരെ ഒറ്റയടിക്ക് ചാക്കിട്ടു പിടിച്ചു. സർക്കാരിന്റെ ഭൂരിപക്ഷം ഇല്ലാതാക്കാനുള്ള ശ്രമം. അറിഞ്ഞയുടൻ ഡികെ പാഞ്ഞെത്തി. അന്നൊരുക്കിയ തന്ത്രങ്ങളാണ് ഇന്ന് കുമാരസ്വാമിക്ക് തുണയാകുന്നത്.

സ്പീക്കർക്ക് നേരിട്ട് എംഎൽഎമാർ രാജി കൊടുക്കണമെന്നതാണ് ചട്ടം. ഇതുകൊണ്ട് തന്നെ രാജി വാങ്ങാൻ സ്പീക്കർ എത്തുന്നില്ലെന്ന് ശിവകുമാർ ഉറപ്പിച്ചു. ഇതോടെ സ്പീക്കറുടെ പിഎയുടെ കൈയിൽ രാജി കൊടുത്ത് എംഎൽഎമാർ മടങ്ങി. അല്ലാത്ത പക്ഷം രാജി സ്പീക്കർക്ക് നേരിട്ട് കൊടുക്കാൻ വിമതർക്ക് ആയേനെ. അങ്ങനെ വന്നെങ്കിൽ രാജി സ്വീകരിക്കാനും നിർബന്ധിതമാകുമായിരുന്നു. ഡികെയുടെ കളി ഫലിച്ചതു മൂലമാണ് കർണ്ണാടകയിൽ കുമാരസ്വാമിയുടെ സർക്കാർ ഇന്നും നിലനിൽക്കുന്നത്. മുംബൈയിലെത്തിയ ശിവകുമാറനെ ഹോട്ടലിൽ തടഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഒൻപതു പേരെയാണ് ഡികെ അടർത്തിയെടുത്തത്. ഇതോടെ സർക്കാരിനെ മറിച്ചിടാമെന്ന ബിജെപിയുടെ മോഹം പൊലിയുമെന്നാണ് വിലയിരുത്തൽ.

ഡി.കെ. രാഷ്ട്രീയത്തിൽ മത്സരിക്കാനിറങ്ങുന്നത് 1985ൽ ആണ്. അന്ന് സന്തനൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് ജനവിധി തേടുമ്പോൾ എതിരാളി മുൻപ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ. ശക്തമായ പോരാട്ടത്തിനൊടുവിൽ ഡി.കെ. തോറ്റു. എന്നാൽ ഗൗഡ ലോക്സഭയിലേക്ക് മത്സരിക്കാൻ രാജിവച്ചതോടെ ശിവകുമാർ ഉപതെരഞ്ഞെടുപ്പിൽ ഇവിടെ നിന്ന് ജയിച്ചുകയറി. അങ്ങനെ ഗൗഡയുടെ കളരിയിൽ ജയം. ഇതേ ഡികെയുടെ കരുത്തിലാണ് ഇന്ന് കുമാരസ്വാമിയുടെ മുമ്പോട്ട് പോക്ക്. ഉപതെരഞ്ഞെടുപ്പ് വിജയത്തോടെ പിടിച്ചാൽ കിട്ടാതെ പറക്കുന്ന നേതാവായി ഡികെ മാറി. 1989ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വീണ്ടും ഗൗഡയ്ക്കെതിരേ മത്സരിച്ചു. തോൽവിയായിരുന്നു ഫലം. പക്ഷേ പാർട്ടിയിൽ ശക്തനാകാൻ അദേഹത്തിനായി. 94ലെ തെരഞ്ഞെടുപ്പിൽ എച്ച്.ഡി കുമാരസ്വാമിയോട് തോറ്റെങ്കിലും ബെംഗളൂരു മേഖലയിൽ കുടുതൽ കരുത്തനാകാൻ ശിവകുമാറിനായി.

2013ൽ ഒരുലക്ഷത്തിലേറെ വോട്ടിന് കനകപുരയിൽ നിന്ന് ജയിച്ച് മന്ത്രിയായി. സിദ്ധരാമയ്യ കഴിഞ്ഞാൽ കോൺഗ്രസിലെ രണ്ടാമനാണ് ശിവകുമാർ. ഡി.കെയെ ബിജെപിയിലെത്തിക്കാൻ അമിത് ഷാ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടുണ്ട്. എന്നാൽ താനെന്നും കോൺഗ്രസുകാരനായിരിക്കുമെന്നാണ് അദേഹം പറയുന്നത്. സ്വന്തം ബിസിനസ് സ്ഥാപനങ്ങളിലും ബന്ധുക്കളുടെ വീടുകളിലും അടിക്കടി റെയ്ഡുകൾ നടത്തിയെങ്കിലും കുലുങ്ങിയില്ല ഡി.കെ. ഇത്തവണ ബിജെപി ചാക്കിട്ടു പിടുത്തവുമായി ഏവരും ഭയന്നു. അപ്പോഴും ഡികെ തന്ത്രങ്ങളുമായി കളം നിറഞ്ഞു.

പ്രതിസന്ധികളിലെ സൂപ്പർ നേതാവ്

കോൺഗ്രസ് പ്രതിസന്ധിയിലായപ്പോഴൊക്കെ രക്ഷകനായി എത്തിയ നേതാവാണ് ശിവകുമാർ. കർണാടകത്തിൽ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലും ദേശീയ തലത്തിലും കുതിരക്കച്ചവടങ്ങളിൽ കോൺഗ്രസ് അംഗങ്ങളെ എതിർപക്ഷം തട്ടിയെടുക്കാതെ സൂക്ഷിക്കാൻ അസാധാരണ പാടവമാണ് ശിവകുമാർ കാട്ടിയിട്ടുള്ളത്. 2002 ൽ മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖ് അവിശ്വാസപ്രമേയത്തെ നേരിട്ടപ്പോൾ കോൺഗ്രസ് അംഗങ്ങളെ റാഞ്ചാൻ ബിജെ.പി-ശിവസേന സഖ്യം നടത്തിയ ശ്രമങ്ങൾക്ക് തടയിടാൻ കോൺഗ്രസ് നേതൃത്വം പ്രധാനമായും നിയോഗിച്ചത് ശിവകുമാറിനെയാണ്. ഒരാഴ്ച മഹാരാഷ്ട്ര എംഎ‍ൽഎമാരെ ഈഗിൾടൺ റിസോർട്ടിൽ താമസിപ്പിച്ചതിനുശേഷം അവിശ്വാസപ്രമേയം ചർച്ചയ്ക്കെടുക്കുന്ന ദിവസമാണ് ശിവകുമാർ മുംബൈയിലെത്തിച്ചത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് എംഎ‍ൽഎമാരെ ബംഗളുരുവിന് സമീപത്തുള്ള ഈഗിൾടൺ റിസോർട്ടിൽ താമസിപ്പിച്ച് ബിജെപി-ശിവസേന തന്ത്രങ്ങൾ പൊളിച്ചടുക്കി.

2017 ൽ ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിൽ അഹമ്മദ് പട്ടേലിനെ തോല്പിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് അമിത്ഷാ ഉയർത്തിയ വെല്ലുവിളിയെ നേരിട്ടതും ഡികെയാണ്. 44 കോൺഗ്രസ് എംഎ‍ൽഎമാരെയും ബംഗളുരുവിലെ ഗോൾഫ് റിസോർട്ടിൽ താമസിപ്പിച്ച ശിവകുമാർ, ഒരു എംഎ‍ൽഎയെപ്പോലും വശത്താക്കാൻ ബിജെപിക്ക് അവസരം നൽകിയില്ല. അഹമ്മദ് പട്ടേലിന്റെ വിജയം ഉറപ്പിച്ചു. ആദായ നികുതി റെയ്ഡിനേയും ഭയന്നില്ല. 2018 ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ 225 അംഗ സഭയിൽ 105 സീറ്റുകളോടെ ബിജെപി ഏറ്റവും വലിയ ഒറ്റപ്പാർട്ടിയായി. കോൺഗ്രസിന് 79, ജെ.ഡി.എസിന് 37 സീറ്റുകൾ വീതം. 8 എംഎ‍ൽഎമാരുടെ പിന്തുണകൂടി ലഭിച്ചെങ്കിൽ ബിജെപിക്ക് മന്ത്രിസഭ രൂപീകരിക്കാൻ കഴിയുമായിരുന്നു. കോൺഗ്രസിൽനിന്നോ ജെഡിഎസ്സിൽനിന്നോ എംഎൽഎമാരെ അടർത്തിയെടുക്കാൻ ബിജെപി പഠിച്ച പണി പതിനെട്ടും നോക്കി. അന്നും രക്ഷകൻ ഡികെയായിരുന്നു.

അന്ന് ബിജെപി പ്രതീക്ഷയെ തകർത്ത് കോൺഗ്രസ്- ജെഡിഎസ് മന്ത്രിസഭയ്ക്ക് വഴി തെളിച്ചത് ശിവകുമാറാണ്. തനിക്ക് അവകാശപ്പെടാൻ കഴിയുമായിരുന്ന മുഖ്യമന്ത്രിസ്ഥാനം ബദ്ധശത്രുവായ കുമാരസ്വാമിക്ക് നൽകി. 2013 ൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി സ്ഥാനമേറ്റപ്പോൾ ശിവകുമാറിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരുന്നില്ല. പക്ഷേ, ഒരു പ്രശ്നവുമുണ്ടാക്കാതെ പാർട്ടി തീരുമാനം അനുസരിച്ച ശിവകുമാറിനെ 2014 ൽ സിദ്ധരാമയ്യ മന്ത്രിസഭയിൽ ഉൾപ്പെടുത്തുകയായിരുന്നു. വിമത പ്രവർത്തനത്തിനും ശ്രമിച്ചില്ല. നിയമവിരുദ്ധഖനനം, ഭൂമി തട്ടിപ്പ് തുടങ്ങി നിരവധി ആരോപണങ്ങൾ ശിവകുമാർ നേരിട്ടിട്ടുണ്ടെങ്കിലും അവയൊന്നും കോടതിയിൽ ശിവകുമാറിന് പ്രശ്‌നമായില്ല.

2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ നൽകിയ സത്യവാങ്മൂലം അനുസരിച്ച് ശിവകുമാറിന് 840 കോടി രൂപയുടെ ആസ്തിയാണുള്ളത്. കോൺഗ്രസ് കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുമ്പോൾ ശിവകുമാറിനെപ്പോലെ നല്ല സാമ്പത്തികശേഷിയും പണം സമാഹരിക്കാൻ ശേഷിയുമുള്ള ശേഷിയുള്ള നേതാവാണ് കർണ്ണാടകയിൽ പാർട്ടിയെ പിടിച്ചു നിർത്തുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കർണാടകത്തിൽ ബിജെപി വൻവിജയം നേടിയപ്പോഴും ശിവകുമാറിന്റെ സഹോദരൻ ഡി.കെ.സുരേഷ് വിജയിച്ചു. ഇതിന് പിന്നിലും ഡികെയുടെ ചാണക്യ ബുദ്ധിയായിരുന്നു.

കർണാടകയിൽ ഖനി മുതലാളിമാരുടെയും വൻകിട ഭൂമാഫിയമാരുടെയും പണക്കൊഴുപ്പായിരുന്നു ബിജെപിയുടെ കരുത്തെങ്കിൽ അതിനെ വെല്ലിവുളിക്കാൻ പോന്ന കരുത്തായിരുന്നു ഡി കെ ശിവകുമാറിന്റേത്. ശിവകുമാറിന്റെ ചാണക്യ ബുദ്ധിക്ക് മുമ്പിൽ പല തവണ അമിത് ഷായും കൂട്ടരും പരാജയം സമ്മതിച്ചു. ഈ പ്രതിസന്ധിയേയും അങ്ങനെ അതിജീവിക്കുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. കർണാടക കോൺഗ്രസ് രാഷ്ട്രീയത്തിൽ താരപരിവേഷമുള്ള നേതാവായി ഡി കെ ശിവകുമാർ മാറിക്കഴിഞ്ഞു. അമിത്ഷായുടെ തന്ത്രങ്ങളെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ കഴിയുന്ന നേതാവായി ഡികെ മാറിക്കഴിഞ്ഞു. 57 വയസു മാത്രമുള്ള അദ്ദേഹത്തിൽ ഭാവിക കർണാടക മുഖ്യമന്ത്രിയെ ആളുകൾ കാണുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP