Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റബർ വില നിസാര വിഷയമായി എം വിഗോവിന്ദനു തോന്നുന്നുണ്ടാകും എന്നു പറഞ്ഞ് സിപിഎമ്മിനോടുള്ള നീരസം വ്യക്തമാക്കി; ബിജെപിയോട് സഭയ്ക്ക് അയിത്തമില്ലെന്ന് പരസ്യമായി തുറന്നു പറച്ചിൽ; വേണമെങ്കിൽ കണ്ണൂരും മത്സരിക്കുമെന്ന സുരേഷ് ഗോപിയുടെ വെല്ലുവിളിക്ക് പിന്നാലെ തലശ്ശേരി ബിഷപ്പിന്റെ ബിജെപി അനുകൂല നിലപാടും; റബർവിലയുടെ രാഷ്ട്രീയം ബിജെപിക്ക് വഴിയൊരുക്കുമോ?

റബർ വില നിസാര വിഷയമായി എം വിഗോവിന്ദനു തോന്നുന്നുണ്ടാകും എന്നു പറഞ്ഞ് സിപിഎമ്മിനോടുള്ള നീരസം വ്യക്തമാക്കി; ബിജെപിയോട് സഭയ്ക്ക് അയിത്തമില്ലെന്ന് പരസ്യമായി തുറന്നു പറച്ചിൽ; വേണമെങ്കിൽ കണ്ണൂരും മത്സരിക്കുമെന്ന സുരേഷ് ഗോപിയുടെ വെല്ലുവിളിക്ക് പിന്നാലെ തലശ്ശേരി ബിഷപ്പിന്റെ ബിജെപി അനുകൂല നിലപാടും; റബർവിലയുടെ രാഷ്ട്രീയം ബിജെപിക്ക് വഴിയൊരുക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

തലശേരി: പാല കേന്ദ്രീകരിച്ചു കെ എം മാണി കളിച്ച റബർ വിലയുടെ രാഷ്ട്രീയമാണ് കേരളത്തിൽ കേരളാ കോൺഗ്രസിന് എക്കാലവും കരുത്തായി മാറിയത്. മാണി സാറിന്റെ വിയോഗത്തോടെ ഈ രാഷ്ട്രീയ ശൈലി കുറച്ചു കാലമായി അന്ന്യം നിന്നുപോയെന്ന് പറയേണ്ടി വരും. മകൻ ജോസ് കെ മാണി ഇടതു മുന്നണിയുടെ ഭാഗമായതോടെ റബർ രാഷ്ട്രീയത്തെ കുറിച്ച് അധികം സംസാരിക്കാതെയുമായി. ഇതിനിടെയാണ് ഇപ്പോൾ തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി തന്നെ റബർ രാഷ്ട്രീയ മുറുകെ പിടിച്ച് ബിജെപിയിലേക്ക് പാലമിടാൻ രംഗത്തുവന്നിരിക്കുന്നത്. കേരളം ഭരിക്കുന്ന ഇടതു മുന്നിയോടുള്ള അനിഷ്ടവും വ്യക്തമാക്കുന്നതാണ് ബിജെപി രാഷ്ട്രീയത്തിനുള്ള പരസ്യ പിന്തുണ. ഇപ്പോഴത്തെ നീക്കത്തിൽ ശരിക്കും യുഡിഎഫിനും ആശങ്കപ്പെടാൻ ഏറെയുണ്ട് താനും.

കേരളത്തിൽ ക്രൈസ്തവ സമുദായങ്ങളുമായി അടുക്കാൻ തീവ്രപരിശ്രമത്തിലാണ് ബിജെപി. ഇതിനായി കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കർ നിരന്തരം ചർച്ചകളിലുമാണ് താനും. ഇതിനിടെയാണ് റബർ വില കൂട്ടിയാൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സഹായിക്കാമെന്ന് കേരളത്തിലെ പ്രമുഖനായ മെത്രാൻ തന്നെ പറയുന്നത്. അതായത്. ഇതി പന്ത് ബിജെപിയുടെ കോർട്ടിലാണെന്ന് വ്യക്തം. ബിജെപിയുമായി യാതൊരു വിധ അയിത്തവും ഇല്ലെന്ന് തീർത്തു പറഞ്ഞിട്ടുണ്ട് തലശ്ശേരി ആർച്ച് ബിഷപ്പ്. അഞ്ച് ലോക്‌സഭാ സീറ്റുകൾ വരെ ലക്ഷ്യമിടുന്ന ബിജെപിക്ക് അതിലേക്കുള്ള പ്രതീക്ഷ വെക്കുന്നതാണ് ബിഷപ്പിന്റെ നിലപാട്.

റബർ കർഷകരെ സഹായിക്കുന്നവരുടെ പക്ഷത്തു നിൽക്കുമെന്നാണ് പറഞ്ഞാണ് ബിഷപ്പ് രംഗത്തുവന്നിട്ടുള്ളത്. കേന്ദ്രസർക്കാർ സഹായിച്ചാലും സംസ്ഥാന സർക്കാർ സഹായിച്ചാലും അവർക്കൊപ്പം നിൽക്കും. ഒരു പാർട്ടിയെയോ മതത്തെയോ സഹായിക്കണമെന്ന നിലപാടില്ല. ബിജെപി സഹായിച്ചാൽ തിരിച്ചു സഹായിക്കുമെന്നത് സഭയുടെ തീരുമാനമല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ബിജെപി ഉൾപ്പെടെ ഒരു പാർട്ടിയോടും സഭയ്ക്ക് അയിത്തമില്ലെന്നും അദ്ദേഹം പഞ്ഞിരുന്നു.

''ബിജെപിയുമായി സംസാരിക്കാൻ പറ്റാത്ത സാഹചര്യമൊന്നുമില്ലല്ലോ. രാജ്യം ഭരിക്കുന്ന ഒരു പാർട്ടിയോട് സംസാരിക്കുന്നതിൽ സഭയ്‌ക്കോ സഭാ നേതൃത്വത്തിനോ യാതൊരു അകൽച്ചയുമില്ല. അവരുമായി പല കാര്യങ്ങളും പല സാഹചര്യങ്ങളിലും സംസാരിച്ചിട്ടുണ്ട്. ഇത്തരം ചർച്ചകൾ എല്ലാ മേഖലകളിലും തുടരുന്നതുമാണ്. ഇതിനെ കത്തോലിക്കാ സഭയുടെ നിലപാടായിട്ടോ മതപരമായിട്ടോ ചിത്രീകരിക്കേണ്ട ആവശ്യമില്ല. ഞാൻ ആ സമ്മേളനത്തിൽ പ്രകടിപ്പിച്ചത് ഇവിടുത്തെ മലയോര കർഷകരുടെ വികാരമാണ്. ഇതിനെ സഭയും ബിജെപിയും തമ്മിൽ സഖ്യമുണ്ടാക്കുന്നു എന്ന രീതിയിലേക്ക് ദുർവ്യാഖ്യാനം ചെയ്യേണ്ട കാര്യമില്ല.' മാർ പാംപ്ലാനി വിശദീകരിച്ചു.

'സഭയ്ക്ക് ആരോടും അയിത്തമില്ല. അയിത്തമെന്നത് പണ്ടേ കേരളത്തിൽനിന്ന് പടിയിറങ്ങിപ്പോയതാണ്. അതിനുവേണ്ടി കത്തോലിക്കാ സഭ തന്നെ പരിശ്രമിച്ചതാണ്. അതുകൊണ്ട് അയിത്തം എന്നൊരു വാക്കേ ഞങ്ങളുടെ നിഘണ്ടുവിലില്ല. സഭയ്ക്ക് ആരോടും അസ്പർശ്യതയുമില്ല. ഇവിടേക്ക് ആരു വന്നാലും കക്ഷിരാഷ്ട്രീയ ഭേദമെന്യേ ഒരുപോലെ സ്വീകരിക്കും' മാർ പാംപ്ലാനി പറഞ്ഞു.

റബറിന്റെ വില മാത്രമാണോ കർഷർ നേരിടുന്ന പ്രശ്‌നമെന്ന തരത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ നടത്തിയ പ്രതികരണം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ബിഷപ്പിന്റെ പ്രതികരത്തിൽ നീരസവും അടങ്ങിയിരുന്നു. 'റബറിന്റെ വില എന്നത് ഒരു നിസാര വിഷയമായി ഗോവിന്ദൻ മാഷിനു തോന്നുന്നുണ്ടായിരിക്കും. പക്ഷേ, മലയോര കർഷകർക്ക് അതൊരു നിസാര വിഷയമായി തോന്നുന്നില്ലെന്നാണ് മാർ പാംപ്ലാനി പറഞ്ഞത്.

റബറിന്റെ താങ്ങുവിലയുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ വാക്കു പാലിച്ചില്ല എന്ന തോന്നലുണ്ടോ എന്ന ചോദ്യത്തിന്, 'അത് തോന്നലല്ലല്ലോ, വാക്കു പാലിച്ചില്ലല്ലോ' എന്നും ബിഷപ്പ് മറുപടി നൽകി. കുടിയേറ്റ ജനതയുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ രാഷ്ട്രീയമായി പ്രതികരിക്കണമെന്നാണ് മാർ ജോസഫ് പാംപ്ലാനി കഴിഞ്ഞ ദിവസം പറഞ്ഞത്. വോട്ടായി മാറാത്ത ഒരു പ്രതിഷേധത്തിനും ജനാധിപത്യത്തിൽ വിലയില്ല. റബറിന്റെ വില 300 ആക്കിയാൽ കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കുമെന്നും കേരളത്തിൽ നിന്ന് എംപി ഇല്ലാത്തതിന്റെ വിഷമം കുടിയേറ്റ ജനത മാറ്റിത്തരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇപ്പോഴത്തെ സാഹചര്യത്തിൽ ലോക്‌സഭയിൽ ബിജെപി പ്രതീക്ഷ വെക്കുന്ന മണ്ഡലം തൃശ്ശൂരാണ്. ഇവിടെ ക്രൈസ്തവ വോട്ടുകൾ നിർണായകമാണ് താനും. ഈസാഹചര്യത്തിൽ റബർ വിലയുടെ വിഷയത്തിൽ പരിഹാരം ഉണ്ടാക്കായിൽ അത് ബിജെപിക്കും ഗുണകരമാകും. വേണമെങ്കിൽ കണ്ണൂരും മത്സരിക്കാൻ തയ്യാറാണെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ഇപ്പോഴത്തെ നീക്കം സുരേഷ് ഗോപിക്ക് വഴിയൊരുക്കലാണെണെന്ന ആശങ്കയിലാണ് മറ്റു രാഷ്ട്രീയപാർട്ടികളും.

എം വി ഗോവിന്ദന്റെ പ്രസ്താവനയിൽ തന്നെ സിപിഎമ്മിന്റെ അങ്കലാപ്പ നിഴലിക്കുന്നുണ്ട്. ബിജെപിയുടെ സോഷ്യൽ എൻജിനീയറിങ് കേരളത്തിൽ നടപ്പാകില്ലെന്നാണ് എം വി ഗോവിന്ദൻ പറഞ്ഞത്. 'തലശ്ശേരി ആർച്ച് ബിഷപ്പിന്റെ പ്രസ്താവന സംബന്ധിച്ച് അറിയില്ല. ഞാൻ പ്രതികരിക്കേണ്ട കാര്യമില്ല. മതനിരപേക്ഷ ഉള്ളടക്കമാണ് ഇവിടുത്തെ പ്രശ്നം. ഹിന്ദുത്വ രാജ്യമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ബിജെപി. അവിടെ റബ്ബറിന്റെ വില മാത്രമല്ല പ്രശ്നം. ക്രിസ്ത്യൻ മുസ്ലിം ന്യൂനപക്ഷത്തെയും ഹിന്ദു ഭൂരിപക്ഷത്തെയും കൂടെ നിർത്താനുള്ള ശ്രമമാണ്. ത്രിപുരയിൽ നൂറുകണക്കിന് പശുക്കളെയാണ് ബിജെപിക്കാർ കൊന്നത്. കമ്മ്യൂണിസ്റ്റുകാരന്റെ വീട്ടിലെ പശു കമ്മ്യുണിസ്റ്റുകാരനാണോ? ഏതെങ്കിലും ഒരു തുറുപ്പ് ചീട്ട് വെച്ച് കേരളത്തെ പിടിക്കാമെന്ന് ആരും കരുതേണ്ട. അതൊന്നും കേരളത്തിൽ വിലപ്പോകില്ല', എം വി ഗോവിന്ദൻ പറഞ്ഞു.

അതേസമയം സുരേഷ് ഗോപി ബിജെപി സ്ഥാനാർത്ഥിയായി കണ്ണൂരിൽ മത്സരിക്കുമെന്ന മുന്നറിയിപ്പുനിലനിൽക്കവേ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൽ.ഡി. എഫിനെ ശക്തിപ്പെടുത്താൻ സി.പി. എം നീക്കം തുടങ്ങിയിരുന്നു. കഴിഞ്ഞ തവണ തങ്ങളിൽ നിന്നും കൈവിട്ട കണ്ണൂർ ലോക്‌സഭാ മണ്ഡലം ഇക്കുറി എങ്ങനെയെങ്കിലും തിരിച്ചുപിടിക്കണമെന്ന ലക്ഷ്യത്തോടെ സി.പി. എം പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതിനിടെയാണ് ഇടിത്തീപോലെ തൃശൂരല്ലെങ്കിൽ കണ്ണൂരിൽ താൻ മത്സരിക്കാൻ തയ്യാറാണെന്ന പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കുന്ന വേദിയിൽ സുരേഷ് ഗോപി രംഗത്തുവന്നത്.

സി.പി. എമ്മിന്റെ തട്ടകമായ കണ്ണൂരിൽ സുരേഷ് ഗോപി മത്സരിക്കുമെന്ന മുന്നറിയിപ്പ് സി.പി. എം നേതാക്കൾ ചിരിച്ചുകൊണ്ടു തള്ളിക്കളയുന്നുണ്ടെങ്കിലും ഇനി അഥവാ മത്സരിച്ചാൽ സ്വന്തം പാർട്ടിക്കുള്ളിൽ നിന്നും കോൺഗ്രസിൽ നിന്നും വോട്ടുചോരാനുള്ള സാധ്യത മുൻകൂട്ടികാണുന്നുണ്ട്. സുരേഷ് ഗോപി മത്സരിച്ചാൽ കണ്ണൂരിൽ നിന്നും അധികം വോട്ടുപിടിക്കുമെന്ന വിലയിരുത്തൽ സി.പി. എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ തന്നെ മാധ്യമപ്രവർത്തകരോട് പരസ്യമായി പറഞ്ഞിട്ടുണ്ട്. സുരേഷ് ഗോപിയുടെ പ്രഖ്യാപനം കണ്ണൂരിലെ ബിജെപി പ്രവർത്തകരെയും ആവേശഭരിതരാക്കിയിട്ടുണ്ട്. കൈമെയ്മറന്ന് സുരേഷ് ഗോപിക്കായി പ്രവർത്തിക്കുമെന്ന നിശ്ചയ ദാർഡ്യത്തിലാണിവർ.

മുഖ്യമന്ത്രി പിണറായി വിജയൻ, പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തുടങ്ങിയ കേന്ദ്രകമ്മിറ്റിയംഗങ്ങളും സംസ്ഥാനസെക്രട്ടറിയേറ്റ് അംഗങ്ങളുമുള്ള കണ്ണൂരിൽ വോട്ടുചോർച്ചയുണ്ടായാൽ അതു സി.പി. എമ്മിന് വലിയ ക്ഷീണം ചെയ്യുമെന്നാണ് വിലയിരുത്തൽ. കണ്ണൂർ കോട്ട തകർന്നാൽ കേരളത്തിലെ പാർട്ടി തന്നെ ദുർബലമായി മാറുന്ന സാഹചര്യവും സൃഷ്ടിച്ചേക്കും. ഇതു മുൻകൂട്ടികണ്ടുകൊണ്ടാണ് എൽ.ഡി. എഫിനെ ശക്തിപ്പെടുത്താൻ സി.പി. എം തീരുമാനിച്ചത്. മുതിർന്ന സി. ഐ. ടി.യു സംസ്ഥാന നേതാവായ കെ.പി സഹദേവനെ എൽ.ഡി. എഫ് കൺവീനർ സ്ഥാനത്തു നിന്നും മാറ്റി സി.പി. എംസംസ്ഥാന കമ്മിറ്റിയംഗം, കർഷക തൊഴിലാളി യൂനിയൻ സംസ്ഥാന സെക്രട്ടറി, സി.പി. എം ജില്ലാസെക്രട്ടറിയേറ്റംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്ന എൻ. ചന്ദ്രനെയാണ് പുതിയ എൽ.ഡി. എഫ് കൺവീനറായി ചുമതലപ്പെടുത്തിയത്. ഇതുവഴി എൽ.ഡി. എഫ് പ്രവർത്തനം ശക്തമാക്കാനാണ് തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP