Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

2024ലെ പൊതുതിരഞ്ഞെടുപ്പിൽ മോദി - കെജ്രിവാൾ പോരാട്ടം വരുമോ? ഡൽഹിയിലെ ഹാട്രിക് വിജയം നേടിയതിന് പിന്നാലെ ഒരിക്കൽ ഉപേക്ഷിച്ച ദേശീയ രാഷ്ട്രീയ സ്വപ്‌നം കെജ്രിവാളിനെ കൊണ്ട് പൊടിതട്ടി എടുപ്പിക്കാൻ നീക്കം; കോൺഗ്രസ് തളരുന്ന ഗ്യാപ്പു നികത്തി രാഷ്ട്രനിർമ്മാണത്തിന് എഎപി മുദ്രാവാക്യങ്ങളുമായി പ്രവർത്തകർ; മോദിയെ നേരിട്ട് ആക്രമിക്കാതെ മോദി ഭക്തരുടെയും വോട്ടുനേടിയ ഇന്ദ്രപ്രസ്ഥത്തിൽ മൂന്നാമൂഴം ഉറപ്പിച്ച കെജ്രിവാൾ റിസ്‌ക്കെടുക്കുമോ? ജനഹൃദയം തൊടുന്ന പ്രതിപക്ഷ നേതാവിനെ രാജ്യം തേടുമ്പോൾ

2024ലെ പൊതുതിരഞ്ഞെടുപ്പിൽ മോദി - കെജ്രിവാൾ പോരാട്ടം വരുമോ? ഡൽഹിയിലെ ഹാട്രിക് വിജയം നേടിയതിന് പിന്നാലെ ഒരിക്കൽ ഉപേക്ഷിച്ച ദേശീയ രാഷ്ട്രീയ സ്വപ്‌നം കെജ്രിവാളിനെ കൊണ്ട് പൊടിതട്ടി എടുപ്പിക്കാൻ നീക്കം; കോൺഗ്രസ് തളരുന്ന ഗ്യാപ്പു നികത്തി രാഷ്ട്രനിർമ്മാണത്തിന് എഎപി മുദ്രാവാക്യങ്ങളുമായി പ്രവർത്തകർ; മോദിയെ നേരിട്ട് ആക്രമിക്കാതെ മോദി ഭക്തരുടെയും വോട്ടുനേടിയ ഇന്ദ്രപ്രസ്ഥത്തിൽ മൂന്നാമൂഴം ഉറപ്പിച്ച കെജ്രിവാൾ റിസ്‌ക്കെടുക്കുമോ? ജനഹൃദയം തൊടുന്ന പ്രതിപക്ഷ നേതാവിനെ രാജ്യം തേടുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യാ മഹാരാജ്യം ഒരു പ്രതിപക്ഷ നേതാവിനെ തേടുന്ന തിരക്കിലാണ്. നരേന്ദ്ര മോദി - അമിത്ഷാ കൂട്ടുകെട്ടിനെ നേരിടാൻ കെൽപ്പുള്ളത് ആർക്കെന്ന ചോദ്യമാണ് ഉയരുന്നത്. ഹിന്ദി ഹൃദയഭൂമിയിൽ വേരുകൾ ഉള്ള, അടിമുടി ജനകീയനായ നേതാവിനെ തേടിയുള്ള രാഷ്ട്രത്തിന്റെ ശ്രമത്തിന് ഉത്തരം അരവിന്ദ് കെജ്രിവാളെന്നാണ് ആം ആദ്മി പ്രവർത്തകർ പറയുന്നത്. ഡൽഹിയിൽ തുടർച്ചയായി മൂന്നാം തവണയും കെജ്രിവാൾ വിജയം നേടുമ്പോൾ ഒരിക്കൽ ഉപേക്ഷിച്ച ദേശീയ രാഷ്ട്രീയ മോഹം കെജ്രിവാൾ വീണ്ടും പൊടിതട്ടി എടുക്കുമോ എന്ന ആകാംക്ഷയാണ് നിലനിൽക്കുന്നത്. ദേശീയത ആയുധമാക്കുന്ന ബിജെപിക്ക് അതേ നാണയത്തിൽ ദേശീയ ബോധം ഉയർത്തി കൊണ്ടുവരാൻ സാധിക്കുന്ന പാർട്ടിയാണ് ആം ആദ്മി പാർട്ടി. അഴിമതിക്കെതിരെ പോരാട്ടം നടത്തുന്നവർ.

ഡൽഹി തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ സവിശേഷ പ്രതികരണവുമായി എഎപി രംഗത്തുവന്നത് ദേശീയ രാഷ്ട്രീയത്തിലെ പുതിയ സൂചന ആണെന്നാണ് വിലയിരുത്തുന്നത്. രാഷ്ട്രനിർമ്മാണത്തിന് എഎപി എന്ന ബാനർ പാർട്ടി ആസ്ഥാനത്ത് ഉയർത്തിയത് 2024ൽ മോദിക്ക് എതിരാളി കെജ്രിവാൾ എന്ന നിലയിലാണ്. 2024ൽ മോദിക്കെതിരെ കെജ്രിവാളിനെ ഉയർത്തിക്കൊണ്ടുവരാനുള്ള പാർട്ടിയുടെ ആഗ്രഹത്തിന്റെ പ്രതിഫലനമാണ് ഇതെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. 2024ൽ മോദി വേഴ്‌സസ് കെജ്രിവാൾ എന്ന ബാനറും ഉയർത്തുന്നുണ്ട്. ഈ മട്ടിൽ നീങ്ങാനാകും പാർട്ടിയുടെ വരുംകാല പദ്ധതി. പക്ഷേ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടന്ന് കയറാനുള്ള പാർട്ടി നീക്കങ്ങൾ ഇതുവരെ ഫലം കണ്ടില്ല. പഞ്ചാബിൽ മാത്രമാണ് ആംആദ്മിക്ക് സ്വാധീനം ഉണ്ടാക്കാൻ സാധിച്ചത്. കോൺഗ്രസ് തളരുന്ന ഗ്യാപ്പിലേക്ക് കടന്നു കയറാനാണ ആപ്പിന്റെ ശ്രമം.

ഒരിക്കൽ ദേശീയ രാഷ്ട്രീയത്തിൽ കാലിടറിയ കെജ്രിവാൾ ഇതിന് റിസ്‌ക്ക് എടുക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്. ഡൽഹിയിൽ കാലിടറിയെങ്കിലും മറ്റിടങ്ങളിൽ കോൺഗ്രസ് ശക്തമായി തിരിച്ചു വന്നിരുന്നു. ഇപ്പോൾ വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിക്കുമ്പോൾ കെജ്രിവാൾ ഒരിക്കൽ കൂടി മോദിക്ക് ബദലായി രാഷ്ട്രീയത്തിൽ ഉയർന്നു വരുമോ എന്നാണ് അറിയേണ്ടത്. പത്ത് വർഷത്തെ രാഷ്ട്രീയ ജീവിതത്തിനിടയിൽ കെജ്രിവാൾ ആവശ്യത്തിന് അബദ്ധങ്ങളൊക്കെ ഉണ്ടാക്കിയിട്ടുണ്ട്. നരേന്ദ്ര മോദിയെ നേരിട്ടു ആക്രമിച്ചാൽ അത് തിരിച്ചടിയാകും എന്നറിഞ്ഞത് ഡൽഹിയിലെ ഈ തിരഞ്ഞെടുപ്പിൽ അദ്ദേഹം മോദിയെ ആക്രമിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

വികസനം ചർച്ചയാക്കിയ ബിജെപിയുടെ വർഗീയ അജണ്ടയിൽ വീഴാതിരിക്കാനും അദ്ദേഹത്തിന് ശ്രമിച്ചു. ഇതെല്ലാം കൂടിയാകുമ്പോൾ രാജ്യത്തെ പ്രധാന പ്രതിപക്ഷമെന്ന പദവിയിൽനിന്നും കോൺഗ്രസിനെ മറികടന്ന് ആംആദ്മിക്കും കെജ്രിവാളിനും മുന്നിൽ ഇനിയും സാധ്യതകളിലേക്ക് വിരൽചൂണ്ടുന്നവർ ഏറെയുണ്ട്. 2017ൽ പഞ്ചാബിൽ നേരിട്ട തിരിച്ചടിയിലേക്ക് വന്നാൽ, അതദ്ദേഹത്തിന് മാനഹാനി വരുത്തിയിരുന്നെന്ന് ഉറപ്പാണ്. അതിൽനിന്നും സമയമെടുത്തായിരുന്നു കെജ്രിവാൾ പുറത്തുകടന്നത്. 51 വയസാണ് കെജ് രിവാളിനിപ്പോൾ. തന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ അദ്ദേഹത്തിന് ഇനി ഇരുപതോ മുപ്പതോ വർഷം മാത്രമേ ബാക്കിയുള്ളു. അതുകൊണ്ടുതന്നെ കെജ്രിവാൾ തന്റെ അഭിലാഷങ്ങളെ ഒട്ടും സമയം കളയാതെ രാജ്യമൊട്ടാകെ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളാവും നടത്തുക.

മോദിയുടെ കടുത്ത വിമർശകൻ ആയാലും ദേശീയ രാഷ്ട്രീയത്തിൽ അംഗീകാരം കിട്ടില്ലെന്ന ബോധ്യം ഇപ്പോൾ കെജ്രിവാളിനുണ്ട്. അതുകൊണ്ടാണ് പോലസിന്റീവ് പ്രരണം ഇത്തവണ അദ്ദേഹം നടത്തിയത്. ഡൽഹിയുടെ വികസനത്തിനായി മോദിയുമായി കൈകോർക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. 2014ൽ മോദിക്ക് രാജ്യത്തുടനീളം വോട്ടർമാരോട് വാഗ്ദാനം ചെയ്യാനുണ്ടായിരുന്നത് ഗുജറാത്ത് മോഡൽ എന്നായിരുന്നെങ്കിൽ, അതിന് വിപരീതമായി ഡൽഹി മോഡലിനെക്കുറിച്ചാണ് ആംആദ്മി പാർട്ടി സംസാരിക്കുന്നത്. ഇതേ പ്രശാന്ത് കിഷോറിനോടാണ് കെജ്രിവാൾ 2020 ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള സഹായം അഭ്യർത്ഥിച്ചിരുന്നുത്. അതുകൊണ്ട് ഇപ്പോൾ ജെഡിയു വിട്ട പ്രശാന്ത് കിഷോറുമായി കൈകോർക്കുമോ എന്നാണ് അറിയേണ്ടത്. ബിഹാറിൽ ഒരു ആം ആദ്മി പ്രശാന്ത് കിഷോറുമായി കൈകോർത്ത് രാഷ്ട്രീയം സഖ്യത്തിനുള്ള സാധ്യത ഉണ്ടെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

ഡൽഹി മുഖ്യമന്ത്രി പദവി വഹിക്കുമ്പോൾ തന്നെ ദേശീയ നേതാവായി രൂപാന്തരം പ്രാപിക്കുക എന്നത് കെജ്രിവാളിനെ സംബന്ധിച്ചിടത്തോളം ശ്രമകരമായ ദൗത്യമാണ്. ദേശീയ ചിത്രത്തിലേക്ക് തന്നെ പരുവപ്പെടുത്താൻ നരേന്ദ്ര മോദി നടത്തിയതും ഇത്തരത്തിൽ വർഷങ്ങളുടെ പ്രയത്‌നമായിരുന്നു. രാജ്യം മുഴുവൻ സഞ്ചരിച്ച് മോദിക്ക് ബദലായി വളരാൻ കെജ്രിവാൾ ശ്രമിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്. എന്നാൽ ഡൽഹിയിൽ അത്ഭുതം കാണിച്ച കെജ്രിവാളിന്റെ മനസ്സിൽ എന്താണെന്ന് ആർക്കും വ്യക്തമല്ല. വിഐപികൾക്ക് മാത്രമാണ് ഇന്നും നീതിയും, അവകാശങ്ങളും ഒക്കെ ലഭിക്കുന്നതെന്ന വാദമുയർത്തിയാണ് ആം ആദ്മി തരംഗമായി മാറിയത്. 'ആം ആദ്മി' അഥവാ സാധാരണക്കാരന് വേണ്ടി സംസാരിക്കാൻ ഒരു പാർട്ടിയുമില്ല എന്നും ഇന്ത്യൻ രാഷ്ട്രീയത്തിലെ ആ ഒരു വിടവാണ് തങ്ങൾ നികത്തുന്നത് എന്നുമാണ് ആം ആദ്മി പാർട്ടി അവകാശപ്പെടുന്നത്.

അതേസമയം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് നേരിടേണ്ടി വന്ന ദയനീയമായ പരാജയം അവരുടെ രാഷ്ട്രീയ നിലപാടുകളിൽ കാര്യമായ മാറ്റങ്ങൾ വരുത്തി. ദേശീയ രാഷ്ട്രീയത്തിൽ സൂക്ഷിച്ച് ഇടപെട്ടില്ലെങ്കിൽ, ആകെ സ്വാധീനമുണ്ട് എന്ന് പറയാവുന്ന ഡൽഹിയിലെ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നുപോലും തങ്ങൾ തുടച്ചു നീക്കപ്പെട്ടേക്കാം എന്ന സത്യം അവർക്ക് ബോധ്യപ്പെട്ടു. അത്, അവരുടെ രാഷ്ട്രീയ നിലപാടുകളിൽ കാതലായ ഒരു മാറ്റത്തിന് വഴിവെച്ചു. ആ പരാജയത്തോടെ അവർ 2020 -ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ട് അതിനുവേണ്ട സൂക്ഷ്മമായ പ്ലാനിങ് തുടങ്ങി. തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ തുടങ്ങുന്ന കാലത്തു തന്നെയാണ്, അതായത് 2019 -ന്റെ അവസാന പാദത്തിലാണ് രാജ്യത്ത് പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച പ്രശ്‌നങ്ങളും പൊട്ടിപ്പുറപ്പെടുന്നത്. പ്രസ്തുത വിഷയത്തിലെ പ്രതിഷേധങ്ങളുടെ കേന്ദ്രബിന്ദുവായി ഷാഹീൻബാഗ് എന്ന സമരവേദി ഡൽഹിയിൽ തന്നെ ആയിരുന്നതിനാൽ ഡൽഹി അക്കാലത്ത് തുടർച്ചയായി പൗരത്വ പ്രതിഷേധങ്ങളിൽ നിറഞ്ഞു നിന്നു. എന്നിട്ടും താൻ തീരുമാനിച്ചുറപ്പിച്ച നയങ്ങളിൽ നിന്ന് കെജ്രിവാൾ ഒരടി പിന്നോട്ട് മാറിയില്ല.

അരവിന്ദ് കെജ്രിവാൾ തത്വത്തിൽ പൗരത്വനിയമ ഭേദഗതിക്ക് എതിരായിരുന്നു എങ്കിലും, അത് പരസ്യമായി പ്രകടിപ്പിക്കാൻ അദ്ദേഹം മടിച്ചു. ചുരുക്കം ചില ചാനൽ ചർച്ചകളിലും, ട്വീറ്റുകളിലും ഒക്കെയായി തൊട്ടും തൊടാതെയും ചില പ്രതികരണങ്ങൾ നടത്തിയതൊഴിച്ചാൽ കൃത്യമായ ഒരു നിലപാട് ആം ആദ്മി പാർട്ടിയിൽ നിന്നോ അവരുടെ നേതാക്കളിൽ നിന്നോ ഉണ്ടായില്ല. 2011 -ലെ സെൻസസ് ഡാറ്റ പ്രകാരം ഡൽഹിയിൽ 82 ശതമാനം ജനങ്ങളും ഹിന്ദു മതത്തിൽ ജനിച്ചവരാണ്. ഏതാണ്ട് 12 ശതമാനത്തോളം മാത്രമാണ് മുസ്ലിങ്ങൾ ഉള്ളത്. ഷാഹീൻബാഗിൽ സമരം നടത്തുന്നവരിൽ അധികവും മുസ്ലീങ്ങളാണ്. 12 ശതമാനം വരുന്ന മുസ്ലിം വോട്ടുബാങ്കിനെ പിണക്കാതിരിക്കാൻ അദ്ദേഹം ആശ്രയിച്ചത് ആം ആദ്മി പാർട്ടി എംഎൽഎ ആയ അമാനത്തുള്ളാ ഖാനെയാണ്. ഹിന്ദു ധ്രുവീകരണം നടത്താൻ ബിജെപി ആഗ്രഹിച്ചെങ്കിലും അതിന് നിന്നു കൊടുക്കാൻ കെജ്രിവാൾ തയ്യാറായില്ല. മറുതന്ത്രങ്ങൾ കൊണ്ട് അതിനെ മറികടക്കാൻ അദ്ദേഹത്തിന് സാധിച്ചു.

രാഷ്ട്രീയത്തിലെ അതിബുദ്ധിമാനാണ് കെജ്രാവാൾ. ബിജെപിയടക്കമുള്ള കക്ഷികൾ തനിക്കെതിരെ തൊടുക്കുന്ന ഓരോ അസ്ത്രങ്ങളും തിരിച്ച് അവർക്കെതിരെയുള്ള വജ്രായുധങ്ങളാക്കി മാറ്റാനുള്ള അപാരമായ സിദ്ധി അരവിന്ദ് കേജ്രിവാളിനുണ്ട്. തന്നെ ഭീകരവാദി എന്നുവിളിച്ച പർവേശ് ശർമ്മയോട് കേജ്രിവാൾ ചോദിച്ച ചോദ്യം തന്നെ അതിന് ഏറ്റവും നല്ല ഉദാഹരണമാണ്. 'നിങ്ങൾക്ക് അസുഖം വന്നാൽ ചികിത്സിക്കാൻ ചെല്ലുന്ന സർക്കാർ ആശുപത്രികളിൽ സേവനം സൗജന്യമാകുന്നതിനെ ഭീകരവാദം എന്നാണോ വിളിക്കേണ്ടത്? നിങ്ങളുടെ കുട്ടികൾക്ക് ഇന്ന് മികച്ച വിദ്യാഭ്യാസം കിട്ടുന്നുണ്ട് എങ്കിൽ അതിനെയും ഭീകരവാദമെന്നാണോ വിളിക്കേണ്ടത് ? കുറഞ്ഞ നിരക്കിൽ വെള്ളവും, വൈദ്യുതിയും കിട്ടിത്തുടങ്ങുമ്പോൾ അതിനെയും നിങ്ങൾ ഭീകരവാദം എന്നാണോ വിളിക്കുക? എങ്കിൽ തീവ്രവാദിയായിത്തന്നെ തുടരുന്നതാണ് എനിക്കിഷ്ടം''- ഇത്തരം മറുപടികളിലൂടെ കെജ്രിവാൾ ഹീറോയായി മാറുകയാണ്. രാഷ്ട്രീയ തന്ത്രങ്ങൾ കൊണ്ട് കെജ്രിവാൾ ദേശീയ രാഷ്ട്രീയത്തിന്റെ മുഖമായി മാറുമോ എന്നാണ് ഇനി അറിയേണ്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP