Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മമതയെ വെള്ളം കുടിപ്പിച്ചിട്ടും 'കർഷക പുത്രനെ'തിരെ തൃണമൂൽ വോട്ട് ചെയ്തില്ല; ദീദിയെ ധിക്കരിച്ച് രണ്ടു പേർ ആൽവയെ പിന്തുണച്ചതും രാഷ്ട്രീയ കൗതുകം; രാജ്യസഭയെ നയിക്കാൻ ധൻകർ എത്തുമ്പോൾ പ്രതിപക്ഷ വിള്ളൽ ചർച്ചകളിൽ; ഇനി ബിജെപിക്ക് രാജ്യസഭയിലും കരുത്ത് കൂടും; ഏകീകൃത സിവിൽ കോഡിൽ ചർച്ച വീണ്ടും സജീവമാകും

മമതയെ വെള്ളം കുടിപ്പിച്ചിട്ടും 'കർഷക പുത്രനെ'തിരെ തൃണമൂൽ വോട്ട് ചെയ്തില്ല; ദീദിയെ ധിക്കരിച്ച് രണ്ടു പേർ ആൽവയെ പിന്തുണച്ചതും രാഷ്ട്രീയ കൗതുകം; രാജ്യസഭയെ നയിക്കാൻ ധൻകർ എത്തുമ്പോൾ പ്രതിപക്ഷ വിള്ളൽ ചർച്ചകളിൽ; ഇനി ബിജെപിക്ക് രാജ്യസഭയിലും കരുത്ത് കൂടും; ഏകീകൃത സിവിൽ കോഡിൽ ചർച്ച വീണ്ടും സജീവമാകും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബംഗാളിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് സർക്കാരിനെ വെള്ളം കുടിപ്പിച്ച ഗവർണർ ജഗ്ദീപ് ധൻകർ ഇനി ഉപരാഷ്ട്രപതി. ഈ നിലപാടുകൾ തന്നെയാണ് ഗവർണ്ണറെ രാജ്യസഭയിലെ ചെയർമാൻ പദവിയിൽ എത്തിക്കുന്നത്. ഇതോടെ ബിജെപിക്ക് രാജ്യസഭയിൽ കൂടുതൽ കരുത്ത് കിട്ടും.

മാർഗരറ്റ് ആൽവേയെയാണ് പരാജയപ്പെടുത്തിയത്. ബംഗാൾ മുൻഗവർണറാണ് ജഗ്ദീപ് ധൻകർ. ധൻകറിന് 528 വോട്ടുകൾ ലഭിച്ചപ്പോൾ പ്രതിപക്ഷ സ്ഥാനാർത്ഥി മാർഗരറ്റ് ആൽവയ്ക്ക് ലഭിച്ചത് 182 വോട്ടുകളാണ്. 15 വോട്ടുകൾ അസാധുവായി. ഈ വോട്ടിംഗും ബിജെപിക്ക് അനുകൂലമാണ്. പ്രതിപക്ഷത്തെ വിള്ളൽ ദൃശ്യമാണ്.

പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ വോട്ടുകൾ ജഗദീപ് ധൻകർക്ക് ലഭിച്ചു എന്നതാണ് പ്രാഥമിക വിലയിരുത്തൽ. ഇരുനൂറ് വോട്ടുകൾ പോലും പ്രതിപക്ഷ സ്ഥാനാർത്ഥിക്ക് ലഭിച്ചില്ല എന്നത് പ്രതിപക്ഷത്തിന്റെ അനൈക്യത്തിന്റെ മറ്റൊരു ഉദാഹരണം കൂടിയായി. 15 വോട്ടുകൾ അസാധുവായിട്ടുണ്ട്. ഇതിൽ കൂടുതലും പ്രതിപക്ഷ വോട്ടുകളാണ് എന്നാണ് വിവരം. വോട്ടെടുപ്പിൽ നിന്നും വിട്ടു നിൽക്കാനുള്ള മമത ബാനർജിയുടെ തീരുമാനം മറികടന്ന് 2 തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ വോട്ട് ചെയ്തത് ശ്രദ്ധേയമായി. കർഷക പുത്രൻ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ ജഗ്ദീപ് ധൻകറെ വിശേഷിപ്പിക്കുന്നത്.

ഏകീകൃത സിവിൽ കോഡ് അടക്കം ബിജെപി കൊണ്ടു വരാത്തത് രാജ്യസഭയിൽ ബിജെപിക്ക് ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിലാണ്. ലോക്‌സഭയും രാജ്യസഭയും ചേരുമ്പോൾ ബിജെപിക്ക് ഉണ്ടായിരിക്കുന്ന വലിയ ഭൂരിപക്ഷത്തിന് തെളിവാണ് ധൻകറിന്റെ വിജയം. ഈ സാഹചര്യത്തിൽ ഏകീകൃത സിവിൽ കോഡ് അടക്കം ഇനി ബിജെപി ചർച്ചയാക്കാൻ സാധ്യതകൾ ഏറെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ധൻകറിന്റെ വിജയം അതുകൊണ്ടു തന്നെ പുതിയ പ്രതീക്ഷയാണ്.

മമതാ ബാനർജിയുടെ തൃണമൂൽ പോലും ഒറ്റക്കെട്ടായി ധൻകറിനെ എതിർത്തില്ല. ഇത് പ്രതിപക്ഷത്തെ വലിയ വിള്ളലിന് തെളിവാണ്. 2019 ൽ ഗവർണറായി നിയമിക്കപ്പെട്ട ശേഷം മമതയ്ക്ക് വലിയ പ്രശ്‌നങ്ങളാണ് ജഗ്ദീപ് ധൻകർ നൽകിയത്. സംസ്ഥാനത്തെ മുഴുവൻ ബിജെപി നേതാക്കൾക്കും ചേർന്നു കഴിയാതെ പോയതാണ് ജഗ്ദീപ് ധൻകർ, ഭരണഘടനയും അതു ഗവർണർക്കു നൽകുന്ന അധികാരങ്ങളും വച്ച് ചെയ്തത്. അക്ഷരാർഥത്തിൽ മമത വെട്ടിലായി. രാഷ്ട്രീയം പോലും ഗവർണ്ണർ പരസ്യമായി പറഞ്ഞു. സർക്കാരിനെ കടന്നാക്രമിച്ചു. വിമർശനങ്ങൾക്ക് മുർച്ഛ കൂടുതലുമായിരുന്നു.

ഇക്കഴിഞ്ഞ ദേശീയ വോട്ടർദിനത്തിൽ ബംഗാൾ അസംബ്ലിയിൽ അംബേദ്കറുടെ പ്രതിമയിൽ മാലയിട്ട ശേഷം ജഗ്ദീപ് ധൻകർ മാധ്യമങ്ങളെ കണ്ടിരുന്നു. 'സ്വന്തം ഇഷ്ടത്തിന് വോട്ടു ചെയ്തവർക്ക് ജീവൻ വിലയായി നൽകേണ്ടി വന്ന സംസ്ഥാനമാണ് ബംഗാൾ. ഭീകരവും ഭീതിദവുമാണ് ഇവിടുത്തെ അവസ്ഥ. നിയമവാഴ്ചയല്ല, വാഴുന്നയാളുടെ നിയമമാണ് ബംഗാളിൽ നടക്കുന്നത്'. മമത ബാനർജിക്കെതിരെയുള്ള കൃത്യമായ ആരോപണമായിരുന്നു അത്.

ആ പറഞ്ഞതിനും ഒരു മാസം മുൻപ് മമത ബാനർജി രാഷ്ട്രപതിക്കു കത്തെഴുതിയത് ഗവർണറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ടായിരുന്നു. അതൊന്നും ധൻകറിനെ കുലുക്കിയില്ല. ഇടയ്ക്കിടെ ഡൽഹിയിലെത്തി ആഭ്യന്തര മന്ത്രി അമിത്ഷായുമായി ചർച്ച നടത്തി. അതിന്റെ പടം ട്വിറ്ററിലിട്ട് 'ബംഗാളിലെ ക്രമസമാധാന തകർച്ചയെക്കുറിച്ച് ആഭ്യന്തര മന്ത്രിയെ ധരിപ്പിച്ചു' എന്ന മട്ടിൽ പോസ്റ്റു ചെയ്ത് ടിഎംസിയെ പ്രകോപിപ്പിക്കാനും ശ്രമിച്ചു. അങ്ങനെ ഏതറ്റം വരെയും പോകുന്ന നേതാവാണ് ധൻകർ.

രാജസ്ഥാനിലെ കിത്താന ഗ്രാമത്തിൽ 1951-ലാണ് ജഗ്ദീപ് ധൻകർ ജനിച്ചത്. ചിറ്റോഗഢ് സൈനിക് സ്‌കൂളിലും രാജസ്ഥാൻ സർവ്വകലാശാലയിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി.1989-91 കാലഘട്ടത്തിൽ രാജസ്ഥാനിലെ ജുഹുൻജുനു മണ്ഡലത്തിൽ നിന്നും ജനതാദൾ പ്രതിനിധിയായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഈ സഭാകാലയളവിൽ ചന്ദ്രശേഖർ സർക്കാരിൽ പാർലമെന്ററി കാര്യമന്ത്രിയായി പ്രവർത്തിച്ചു. പിന്നീട് 1993-ൽ രാജസ്ഥാനിലെ കിഷൻഗണ്ഡ് മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ഇടക്കാലത്ത് രാജസ്ഥാൻ ബാർ അസോസിയേഷന്റെ പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചു.

ഇന്ത്യാ ചരിത്രത്തിൽ ഇതുവരെ ഉണ്ടായത് 13 ഉപരാഷ്ട്രപതിമാരാണ്. പതിനാലാമനാണ് ശനിയാഴ്ച തെരഞ്ഞെടുക്കപ്പെട്ട ജഗ്ദീപ് ധൻഖർ. 13 പേരിൽ ഡോ. എസ് രാധാകൃഷ്ണൻ, ഡോ. സാക്കിർ ഹുസൈൻ, വി വി ഗിരി, ആർ വെങ്കിട്ടരാമൻ, ശങ്കർ ദയാൽ ശർമ, കെ ആർ നാരായണൻ എന്നിവർ രാഷ്ട്രപതിമാരായി. കൃഷൻ കാന്ത് പദവിയിലിരിക്കെ മരിച്ചു. സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച രണ്ടാമത്തെ ഉപരാഷ്ട്രപതിയാണ് ധൻഖർ. നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് ഒന്നാമൻ.

ഏറ്റവും കൂടുതൽ കാലം പദവിയിലിരുന്നത് ആദ്യ ഉപരാഷ്ട്രപതി ഡോ. എസ് രാധാകൃഷ്ണനും മുഹമ്മദ് ഹമീദ് അൻസാരിയുമാണ്. ഇരുവരും രണ്ടു തവണയായി 10 വർഷംവീതം പദവിയിലിരുന്നു. എസ് രാധാകൃഷ്ണനേക്കാൾ ഒരു ദിവസം കൂടുതലാണ് ഹമീസ് അൻസാരി പദവിയിലിരുന്നത്. ഏറ്റവും കുറവ് കാലം ഉപരാഷ്ട്രപതിയായത് വി വി ഗിരി- രണ്ട് വർഷം. രാഷ്ട്രപതിയായിരുന്ന സാക്കിർ ഹുസൈന്റെ മരണത്തെതുടർന്ന് ഉപരാഷ്ട്രപതിയായിരുന്ന വി വി ഗിരി 78 ദിവസം രാഷ്ട്രപതിയുടെ ചുമതലയും നിർവഹിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP