Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

കെജ്രിവാളിന് എതിരായി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്തത് ആദ്യ തോൽവി; പ്രസംഗിച്ചത് 46 മണ്ഡലങ്ങളിൽ; കളത്തിലിറക്കിയത് 240 എംപിമാരെയും തലമുതിർന്ന നേതാക്കളെയും; ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ വിജയത്തിൽ എത്തിച്ചിട്ടും രാഷ്ട്രീയ ചാണക്യന് ഇന്ദ്രപ്രസ്ഥത്തിൽ അടിമുടി പിഴച്ചു; സംസ്ഥാനങ്ങളിലെ തുടർച്ചയായ തോൽവികളിൽ രാഷ്ട്രീയ ഭൂപടം വീണ്ടും മാറുമ്പോൾ മോദി-ഷാ കൂട്ടുകെട്ടിന്റെ രാഷ്ട്രീയ അപ്രമാധിത്വത്തിനും തിരിച്ചടി ആകുന്നു

കെജ്രിവാളിന് എതിരായി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്തത് ആദ്യ തോൽവി; പ്രസംഗിച്ചത് 46 മണ്ഡലങ്ങളിൽ; കളത്തിലിറക്കിയത് 240 എംപിമാരെയും തലമുതിർന്ന നേതാക്കളെയും; ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ വിജയത്തിൽ എത്തിച്ചിട്ടും രാഷ്ട്രീയ ചാണക്യന് ഇന്ദ്രപ്രസ്ഥത്തിൽ അടിമുടി പിഴച്ചു; സംസ്ഥാനങ്ങളിലെ തുടർച്ചയായ തോൽവികളിൽ രാഷ്ട്രീയ ഭൂപടം വീണ്ടും മാറുമ്പോൾ മോദി-ഷാ കൂട്ടുകെട്ടിന്റെ രാഷ്ട്രീയ അപ്രമാധിത്വത്തിനും തിരിച്ചടി ആകുന്നു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ മന്ത്രിസഭ രൂപീകരിക്കാൻ സാധിക്കാതെ പോയ ബിജെപിക്കേറ്റ അടുത്ത പ്രഹരമാണ് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി. മോദിയും അമിത്ഷായും നേരിട്ടിറങ്ങി വമ്പൻ പ്രചരണങ്ങളുമായി മുന്നോട്ടു പോയിട്ടും തോൽവിയായിരുന്നു ബിജെപിക്ക് നേരിടേണ്ടി വന്നത്. എക്‌സിറ്റ് പോളുകൾ ശരിവെച്ച് അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടി വൻ വിജയങ്ങൾ നേടി. സർവ സന്നാഹങ്ങളും ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടും ഡൽഹിയുടെ കിരീടവും ചെങ്കോലും അണിയാൻ ബിജെപി ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് ജനവിധി നൽകുന്ന സൂചന. സീറ്റുകൾ കൂടുതൽ നേടാൻ കഴിഞ്ഞത് മാത്രമാണ് ബിജെപിയുടെ നേട്ടമായി വിലയിരുത്തുന്നത്. തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിലുടനീളം അമിത് ഷായുടെ തന്ത്രങ്ങളായിരുന്നു ബിജെപിയെ മുന്നോട്ട് നയിച്ചത്. ജെ.പി നദ്ദ പാർട്ടി അധ്യക്ഷസ്ഥാനത്ത് എത്തിയെങ്കിലും ഡൽഹിയിലെ ബിജെപിയെ മുന്നോട്ട് നയിച്ചത് ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദ്ദേശങ്ങളായിരുന്നു. തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അടിതെറ്റുമ്പോൾ ചോദ്യം ചെയ്യപ്പെടുന്നത് അമിത് ഷായുടെ തന്ത്രങ്ങൾ കൂടിയാണ്.

ഏതു വിധേനയും ഡൽഹി പിടിക്കുക എന്നതായിരുന്നു ബിജെപിയുടെ തന്ത്രം. അതിനായി രംഗത്തിറങ്ങിയത് സാക്ഷാൽ അമിത് ഷാ തന്നെ. രണ്ടു ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ പാർട്ടിയെ വിജയതിലകമണിയിച്ച രാഷ്ട്രീയ ചാണക്യന് പക്ഷേ, ഇന്ദ്രപ്രസ്ഥത്തിൽ വീണ്ടും തിരിച്ചടി നേരിട്ടു. മൊത്തം 46 പൊതുയോഗങ്ങളിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി കൂടിയായ അമിത് ഷാ സംസാരിച്ചത്. വീടുകൾ തോറും കയറിയിറങ്ങി പാർട്ടിക്ക് വേണ്ടി വോട്ടു ചോദിച്ചു. പാർട്ടി ലഘുലേഖലയും പിടിച്ച് റോഡിലിറങ്ങി വോട്ടർമാരെ കാണുന്ന അമിത് ഷായുടെ കാഴ്ച കാണേണ്ടതു തന്നെയായിരുന്നു. എന്നിട്ടും ഷായെ ഡൽഹി ജനത കൈവിട്ടു.

തനിക്കൊപ്പം ഷാ രംഗത്തിറക്കിയത് 240 ബിജെപി എംപിമാരെയാണ്. 70 സീറ്റുകൾ മാത്രമുള്ള, താരതമ്യേന ചെറിയൊരു സംസ്ഥാനമായ ഡൽഹിയിൽ പ്രചാരണ ഘട്ടത്തിൽ ബിജെപി ദേശീയ നേതാക്കളെ കൊണ്ടുള്ള തല്ലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങി നക്ഷത്രശോഭയുള്ള നിരവധി നേതാക്കൾ ബിജെപിക്കായി വോട്ടു ചോദിച്ച് ഗോദയിലിറങ്ങി. അധികാരത്തിന്റെ സർവ്വ സന്നാഹങ്ങളുടെയും തിണ്ണമിടുക്കിൽ നടത്തിയ പ്രചാരണത്തിന് പക്ഷേ, വോട്ടർമാരുടെ മനസ്സു മാറ്റാനായില്ല എന്ന് ജനവിധി തെളിയിക്കുന്നു. അടിസ്ഥാന വികസനം മുന്നിൽ വെച്ചുള്ള ആം ആദ്മി പാർട്ടിയുടെയും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെയും തന്ത്രങ്ങൾക്കു മുമ്പിൽ അമിത് ഷാക്കും കൂട്ടർക്കും പിടിച്ചു നിൽക്കാനായില്ല.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിലെ ഷാഹീൻബാഗിൽ നടക്കുന്ന സമരത്തെ ചുറ്റിപ്പറ്റിയായിരുന്നു ബിജെപിയുടെ പ്രചാരണം. ഹിന്ദുത്വ വോട്ടുകളുടെ ഏകീകരണം ലക്ഷ്യമിട്ടായിരുന്നു ബിജെപിയുടെ എല്ലാ പ്രചാരണവും. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഷാഹീൻ ബാഗിലെ പ്രതിഷേധക്കാർക്ക് ബിരിയാണി വിളമ്പുകയാണ് എന്ന് യോഗി ആദിത്യനാഥ് ആരോപിച്ചിരുന്നു. വീടുകൾ തോറും കയറിയിറങ്ങി രാജ്യദ്രോഹത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കെജ്രിവാൾ സ്വീകരിക്കുന്നത് എന്ന പ്രചാരണം ബിജെപി അഴിച്ചു വിട്ടു. പ്രസ്താവനകൾ കൊണ്ട് ഷാഹീൻബാഗിന് ഒപ്പം നിന്നും എന്നാൽ അവിടം സന്ദർശിക്കാതെയുമാണ് കെജ്രിവാൾ ഇതിനെ പ്രതിരോധിച്ചത്. ഷാഹീൻബാഗിനെ കുറിച്ച് കടുത്ത വർഗീയ പരാമർശം നടത്തിയ മന്ത്രിമാർ അടക്കമുള്ള നേതാക്കൾക്കെതിരെ കമ്മിഷന് നടപടികൾ എടുക്കേണ്ടി വന്നു.

ഇന്ത്യയിലെ രാഷ്ട്രീയഭൂപടത്തിൽ താമര പടർന്ന് തുടങ്ങിയപ്പോൾ അതിന്റെയെല്ലാം ക്രെഡിറ്റ് ബിജെപി നേതൃത്വം നൽകിയത് അവരുടെ പാർട്ടി അധ്യക്ഷനായിരുന്ന അമിത് ഷാക്കായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുന്നിൽ നിർത്തി അമിത് ഷാ ഒരുക്കിയ തന്ത്രങ്ങളായിരുന്നു ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നിലെന്നായിരുന്നു പാർട്ടി നേതൃത്വം അവകാശപ്പെട്ടിരുന്നത്. രാഷ്ട്രീയ ചാണക്യൻ എന്ന വിശേഷണം പോലും ബിജെപി അമിത് ഷാക്ക് ചാർത്തി നൽകി.

പക്ഷേ ചാണക്യനിപ്പോൾ കഷ്ടകാലമാണ്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ജാർഖണ്ഡ്് തുടങ്ങി ഷായുടെ നേതൃത്വത്തിൽ അടുത്തകാലത്ത് നേരിട്ട തെരഞ്ഞെടുപ്പുകളിലെല്ലാം ബിജെപി പരാജയം രുചിച്ചു. ഒടുവിൽ ഡൽഹിയിൽ കൂടി തന്ത്രങ്ങൾ പിഴക്കുമ്പോൾ എക്കാലത്തും അമിത് ഷായുടെ ചിറകിനടിയിൽ സുരക്ഷിതമായിരിക്കുമെന്ന ബിജെപിയുടെ പ്രതീക്ഷകൾക്ക് കൂടിയാണ് മങ്ങലേൽക്കുന്നത്.

വികസനവും വിഭജന അജണ്ടയും തമ്മിലുള്ള പോരാട്ടമായിരുന്നു ഡൽഹി തെരഞ്ഞെടുപ്പിൽ. വികസന നേട്ടങ്ങളെ മുൻനിർത്തി ആപ് തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ സി.എ.എ സമരങ്ങളെ അധിക്ഷേപിച്ച് വർഗീയ അജണ്ടയായിരുന്നു അമിത് ഷായുടെ പ്രചാരണ ആയുധം. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരക്കാരെ ദേശദ്രോഹികളായി ചിത്രീകരിക്കാനും അവരെ വെടിവെച്ച് കൊല്ലാൻ വരെ ബിജെപി നേതാക്കൾ ആഹ്വാനം ചെയ്തു. ഈ സാമുദായിക ധ്രുവീകരണം ജനങ്ങൾ തള്ളികളഞ്ഞതായാണ് ഡൽഹി തെരഞ്ഞെടുപ്പ് ഫലം. സീറ്റുകൾ വർധിപ്പിച്ചെങ്കിലും അവകാശവാദങ്ങൾക്ക് അടുത്തെങ്ങുമെത്താൻ ബിജെപി നേതൃത്വത്തിന് സാധിച്ചില്ല.

ബീഹാർ ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ പോളിങ്ബൂത്തിലേക്ക് നീങ്ങാനിരിക്കെയാണ് ഡൽഹിയിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നിരിക്കുന്നത്. നില മെച്ചപ്പെടുത്തിയതുകൊണ്ടും നിലവിലെ രാഷ്ട്രീയസാഹചര്യത്തിലും അമിത് ഷായുടെ കൈകളിൽ തന്നെയാണ് ഇതിന്റെ പ്രചാരണചുമതലയും എത്തുക. പക്ഷേ, ബിജെപിയുടെ രാഷ്ട്രീയ ചാണക്യന് അത്ര എളുപ്പമാവില്ല ഇനി വരുന്ന തെരഞ്ഞെടുപ്പ് യുദ്ധങ്ങൾ. അതിന്റെ കൃത്യമായ സൂചനകളാണ് ഡൽഹി നൽകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP