Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത ഐഷാപോറ്റിയെയും എംഎം മോനായിയെയും ശാസിച്ചത് പഴയ കഥ; വൈദികരെ ഒപ്പം ഇരുത്തി വാർത്താസമ്മേളനം നടത്തിയ ജോ ജോസഫ് കൃത്യമായ സൂചകം; പള്ളിക്ക് ദശാംശവും പാർട്ടിക്ക് ലെവിയും നൽകുന്ന സ്ഥാനാർത്ഥി; സിപിഎമ്മിന്റേത് വിവാദ പരീക്ഷണം

ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത ഐഷാപോറ്റിയെയും എംഎം മോനായിയെയും ശാസിച്ചത് പഴയ കഥ; വൈദികരെ ഒപ്പം ഇരുത്തി വാർത്താസമ്മേളനം നടത്തിയ ജോ ജോസഫ് കൃത്യമായ സൂചകം; പള്ളിക്ക് ദശാംശവും പാർട്ടിക്ക് ലെവിയും നൽകുന്ന സ്ഥാനാർത്ഥി; സിപിഎമ്മിന്റേത് വിവാദ പരീക്ഷണം

എം റിജു

 കൊച്ചി: തീർത്തും ഭൗതികവാദികളാണ് ക്ലാസിക്കൽ മാർക്സിസ്റ്റുകൾ. അവിടെ ആത്മീയതക്കും മതാധിഷ്ഠതമായ യുക്തിക്കും യാതൊരു പ്രസക്തിയുമില്ല. എന്നാൽ കേരളത്തിലെ സിപിഎമ്മും, സിപിഐയും അടങ്ങുന്ന ഇടതുപക്ഷം ഇതിൽ വെള്ളം ചേർത്തിട്ട് നാളുകൾ ഒരുപാടായി. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന മാർക്സിന്റെ ഉദ്ധരണിയൊന്നും ഇപ്പോൾ പാർട്ടി വേദികളിൽ പോലും കേൾക്കാറില്ല. മറിച്ച് പാതിരിമാർക്കും പാർട്ടിയിൽ ചേരാമെന്ന് ലെനിൻ പറഞ്ഞതിന്റെ ഉദ്ധരണിയാണ് എവിടെയും. അതായത് ഭൗതികവാദത്തെ കൈയൊഴിഞ്ഞ് വിശ്വാസ രാഷ്ട്രീയത്തെ കൈപിടക്കുക എന്നാണ് സിപിഎം ഇപ്പോൾ ശ്രമിക്കുന്നത്.

അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്, കഴിഞ്ഞ ദിവസം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ കണ്ടത്. തീർത്തും മതം നോക്കി തന്നെയാണ്, ഡോ ജോ ജോസഫിനെ സ്ഥാനാർത്ഥിയാക്കിയത് എന്ന വിമർശനം, പാർട്ടി നേതാക്കളും രഹസ്യമായി ശരിവെക്കുന്നു. ന്യുനപക്ഷ വിഭാഗങ്ങളെ പാർട്ടിയോട് അടുപ്പിക്കാനുള്ള അടവ് നയമാണത്രേ ഇത്. സിപിഎം പാർട്ടി അംഗമാണെന്ന് വ്യക്തമാക്കിയ ജോ ജോസഫ് തന്റെ കന്നി വാർത്താ സമ്മേളനം നടത്തിയ രീതി രാഷ്ട്രീയമായി പിശകാണെന്ന്, സോഷ്യൽ മീഡിയയിൽ അടക്കം കടുത്ത വിമർശനം ഉയർന്നു കഴിഞ്ഞു.

ഒരു സ്വകാര്യ ആശുപത്രിയുടെ പരസ്യ മുഖമായി എന്നതിനപ്പുറം ആശുപത്രി മാനെജ്മെന്റിലെ രണ്ട് വൈദികരെ ഒപ്പം ഇരുത്തിയായിരുന്നു ജോ ജോസഫിന്റെ വാർത്താ സമ്മേളനം. അവർക്ക് മൈക്ക് കൈമാറി സംസാരിപ്പിക്കുന്നതിലുടെ എന്ത് സന്ദേശമാകും തൃക്കാക്കരയിലെ വോട്ടർമാർക്ക് നൽകുക എന്ന ചോദ്യം ഉയരുന്നുണ്ട്. 'ഇന്ത്യയിൽ മറ്റേതെങ്കിലും കമ്യുണിസ്റ്റ് സ്ഥാനാർത്ഥി ഇങ്ങനെ ചെയ്തിട്ടുണ്ടാകുമോ? ആ പ്ലാറ്റ്ഫോമിൽ സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റിയംഗവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ജില്ലാ സെക്രട്ടറിയും ഇരുന്നത് തെറ്റല്ലേ?- സോഷ്യൽ മീഡിയയിൽ ഉയരുന്ന ഇത്തരം ചോദ്യങ്ങളോട്, സിപിഎം നേതാക്കൾക്കും കൃത്യമായ മറുപടിയില്ല.

എന്തിന് മോനായിയെയും ഐഷാ പോറ്റിയെയും ശാസിച്ചു?

ഒന്നര പതിറ്റാണ്ട് മുമ്പത്തെ സംഭവമാണ്. 2006ൽ കൊട്ടാരക്കരയിൽ ബാലകൃഷ്ണപിള്ളയെ അട്ടിമറിച്ച് ഐഷാ പോറ്റി ജയിന്റ് കില്ലറായ കാലം. പി പി തങ്കച്ചനെ തോൽപിച്ച് എം എം മോനായി സ്റ്റാറായി നിൽക്കുന്ന കാലം. നിയമസഭയിൽ ഇരുവരും ദൈവനാമത്തിൽ സത്യ പ്രതിജ്ഞ ചെയ്തതോടെ സിപിഎം നയം മാറി. കൊട്ടാരക്കര കടന്ന് എത്തിയ ഐഷാ പോറ്റിയും കുന്നത്ത് നാട് ചുവപ്പിച്ച എംഎം മോനായിയും പ്രത്യയശാസ്ത്ര ബോധമില്ലായ്മയുടെ ചൂടറിഞ്ഞു. 2006യെ പാർട്ടി കത്തിൽ ഇങ്ങനെ പറയുന്നു. -'പാർട്ടി ഏരിയാ കമ്മിറ്റി അംഗങ്ങളായ സഖാക്കൾ: എം.എം മോനായി, ഐഷാ പോറ്റി എന്നിവർ എം.എൽ. എമാരായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത് പാർട്ടിക്കാകെ വരുത്തിവച്ച അപമാനം ആയിരുന്നു.

വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദത്തിൽ ഉറച്ചു നിൽക്കുന്ന ഒരാളാണു പാർട്ടി അംഗത്വത്തിലേക്കുവരുന്നത്. ദീർഘകാലമായി പാർട്ടി അംഗങ്ങളായി തുടരുകയും ഏരിയാ കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത ഈ സഖാക്കൾക്ക് തങ്ങളുടെ രഹസ്യമാക്കി വെച്ചിരുന്ന ദൈവവിശ്വാസം പരസ്യമായി പ്രകടിപ്പിച്ച് പാർട്ടിയെയാകെ അപമാനിക്കുന്നതിന് ഒരു പ്രയാസവുമുണ്ടായില്ല. ഇത്തരത്തിൽ പരസ്യമായി പാർട്ടിയുടെ നിലപാടുകൾ ധിക്കരിക്കുന്ന പാർട്ടി പ്രവർത്തകരുടെ ചെയ്തികൾ പാർട്ടി ഘടകങ്ങൾ കണ്ടില്ലെന്ന് നടിക്കരുത്. പാർട്ടി നിലപാടുകളിൽ പാർട്ടി അംഗങ്ങളെയാകെ ഉറച്ചുനിൽക്കുന്നതിന് സഹായിക്കുന്ന ഇടപെടലുകൾ പാർട്ടി ഘടകങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാവണം'- ഇങ്ങനെയാണ് പാർട്ടി കത്ത് അവസാനിക്കുന്നത്.

2006ലെ നിലപാട് 2022ൽ എത്തിയപ്പോൾ എങ്ങനെയാണ് അട്ടിമറിയുന്നത് എന്നാണ് ചോദ്യം. ഈ ആന്റണി ജോൺ, വീണ ജോർജ്, ദലീമ എന്നീ മൂന്ന് സിപിഎം എംഎൽമാർ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്ത്. വീണാ ജോർജ് മന്ത്രയായി സത്യപ്രതിജ്ഞ ചെയ്തതും ദൈവനാമത്തിലാണ്. എന്നിട്ടും എന്തുകൊണ്ടാണ് ഇവർക്കു നേരെ വിമർശനം ഉയരാത്തത് എന്നയാണ് ചോദ്യം. നേരത്തെ സിപിഎം സ്വതന്ത്രന്മാരായി ജയിച്ച കെ ടി ജലീലും, ഇപ്പോൾ വി അബ്ദുറഹിമാനും സത്യപ്രതിജ്ഞ ചെയ്തത് അള്ളാഹുവിന്റെ നാമത്തിലാണ്. ഇപ്പോൾ തൃക്കാക്കരയിൽ എത്തിയതോടെ മതം പരസ്യമായി സിപിഎമ്മിൽ ഇടകലരുകയാണ്.

ആന്റണി ജോൺ, വീണ ജോർജ്, ദലീമ എന്നിവർ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത എംഎൽഎമാർക്കെതിരെ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് അന്നത്തെ സിപിഎം ആക്റ്റിങ്ങ് സെക്രട്ടറി എ വിജയരാഘവന്റെ മറുപടി ഇങ്ങനെയായിരുന്നു. 'മൂന്ന് എംഎൽഎമാർ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിൽ മതിയായ പാർട്ടി വിദ്യാഭ്യാസം നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. പാർട്ടി അംഗങ്ങളിൽ യുക്തിബോധവും ശാസ്ത്ര ബോധവും വളർത്തുന്നതിനായാണ് പാർട്ടി വിദ്യാഭ്യാസം നൽകുന്നത്. പാർട്ടി വിദ്യാഭ്യാസ പരിപാടികൾ ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പാർട്ടിയിൽ ചേർന്നവർ ഉടൻ പാർട്ടി ബോധത്തിലേക്ക് എത്തണമെന്നില്ല. പാർട്ടി വിദ്യാഭ്യാസത്തിലൂടെയാണ് അത് നേടിയെടുക്കുകയെന്നും അദ്ദേഹം വിശദമാക്കി. 'സംസ്ഥാന കമ്മിറ്റി മുതൽ പ്രാദേശിക കമ്മിറ്റി വരെയുള്ള അംഗങ്ങൾക്ക് വിദ്യാഭ്യാസം നൽകും. കമ്മ്യൂണിസ്റ്റുകാരന് ശാസ്ത്രയുക്തി ബോധമുണ്ടാകുന്നത് പ്രധാനമാണ്. അതുകൊണ്ടാണ് പാർട്ടി വിദ്യാഭ്യാസത്തിന് പ്രധാന്യം നൽകുന്നതെന്നും'- എ വിജയരാഘവർ അന്ന് പറഞ്ഞ് ഇങ്ങനെയാണ്.

വിശ്വാസിക്കും കമ്യൂണിസ്റ്റാവാമെന്ന് കോടിയേരി

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച്, ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റ് തൊപ്പിയിട്ടശേഷമാണ് സിപിഎമ്മിന് വിശ്വാസ വിഷയത്തിൽ കാര്യമായ മാറ്റം ഉണ്ടാവുന്നത്. ഏതൊരു വിശ്വാസിക്കും കമ്യുണിസ്റ്റാകാം എന്നായിരുന്നു ഇക്കഴിഞ്ഞ മാസം പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. സോവിയറ്റ് യൂണിയനിൽ പാതിരിമാരെ പാർട്ടിയിലേക്ക് ക്ഷണിച്ച ലെനിനെയാണ് അന്ന് സിപിഎം സെക്രട്ടറി ഉയർത്തിക്കാട്ടിയത്.

സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനോദ്ഘാടന പ്രസംഗത്തിലാണ് ലെനിനെ ഉദ്ധരിച്ച് കോടിയേരി വിശ്വാസം സംബന്ധിച്ച് പാർട്ടി ലൈനിൽ വ്യാഖ്യാനം നടത്തിയത്. കമ്മ്യൂണിസത്തിലേക്ക് പോകുന്നവർ മതനിരാസത്തിലേക്ക് എത്തിപ്പെടുന്നുവെന്ന ചർച്ച സജീവമായ സാഹചര്യത്തിലാണ് കോടിയേരിയുടെ പ്രസംഗം. അതേസമയം, കോടിയേരിയുടെ നിലപാടിനെതിരേ പാർട്ടി സൈദ്ധാന്തികരുൾപ്പെടെ കടുത്ത അതൃപ്തിയിലാണ്. മാർക്‌സിയൻ സിദ്ധാന്തത്തിന് തടയിട്ട് മതവിശ്വാസികളെ ആകർഷിക്കാൻ സംസ്ഥാന സെക്രട്ടറി നടത്തുന്ന ശ്രമം താൽക്കാലിക നേട്ടം ഉണ്ടാക്കുമെങ്കിലും അടിസ്ഥാനപരമായി പാർട്ടി നയത്തെ വെല്ലുവിളിക്കുന്നതാണെന്നതാണ് പ്രധാന വിമർശനം.

അതേസമയം, മതവിശ്വാസികളെ പാർട്ടിയിലേക്ക് കൂടുതൽ ആകർഷിക്കുന്നതാണ് സംസ്ഥാന സെക്രട്ടറിയുടെ പരാമർശമെന്നും ഇതു പാർട്ടിക്ക് ഗുണം ചെയ്യുമെന്നും ഒരുവിഭാഗം വാദിക്കുന്നു. പുതിയ സാഹചര്യത്തിൽ ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നടക്കം ധാരാളംപേർ പാർട്ടിയിലേക്ക് വരാൻ തയാറായി നിൽക്കുന്നുണ്ട്. എന്നാൽ മതവിശ്വാസം സംബന്ധിച്ച് പാർട്ടി പുലർത്തിപ്പോരുന്ന നയമാണ് പലരെയും അകറ്റുന്നത്. ഈ സാഹചര്യത്തിൽ വിശ്വാസികൾക്ക് പാർട്ടി അംഗത്വം നൽകാമെന്നത് പാർട്ടിയുടെ മാറ്റത്തെ സൂചിപ്പിക്കുന്നതാണെന്നും വാദമുയർന്നിട്ടുണ്ട്.

വർഷങ്ങൾക്ക് മുമ്പ് കാടാമ്പുഴ ക്ഷേത്രത്തിൽ കോടിയേരിക്കു വേണ്ടി പൂമൂടൽ വഴിപാട് നടത്തിയ വാർത്ത ഏറെ വിവാദമായിരുന്നു. ക്ഷേത്രദർശനത്തിന്റെ പേരിൽ സിപിഎം നേതാക്കൾ കടുത്ത വിമർശനവും താക്കീതും നേരിട്ടിട്ടുമുണ്ട്. ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത എംഎ‍ൽഎമാരോട് പാർട്ടി വിശദീകരണം ചോദിച്ചിരുന്നു. ഇ.കെ നായനാർ അന്തരിച്ചപ്പോൾ അദ്ദേഹത്തിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്തതും വിമർശനത്തിന് ഇടയാക്കിയതാണ്.

തൃക്കാക്കരയിൽ പുതിയ പരീക്ഷണം

പണ്ടൊക്കെ പാർട്ടിയിൽ മതം കലരുകയാണ് ചെയ്തിരുന്നെങ്കിൽ ഇപ്പോൾ മതത്തിൽ പാർട്ടി കലരുകയാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അതിന്റെ കൃത്യമായ സൂചനയാണ്. അരിവാൾ ചുറ്റിക നക്ഷത്രത്തിൽ തൃക്കാക്കരയിൽ ഒരു സ്ഥാനാർത്ഥി കൃത്യമായി ഒരു മതത്തിന്റെ പ്രതിനിധിയാവുകയാണ്. സിപിഎമ്മിന്റെ ചരിത്രത്തിൽ ആദ്യമാണിത്. പള്ളിക്ക് ദശാംശവും പാർട്ടിക്ക് ലെവിയും നൽകുന്ന കമ്യൂണിസ്റ്റും കത്തോലിക്കനുമായ സഖാവ്. ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ മുന്നേറ്റങ്ങളും കത്തോലിക്കാ സഭയുടെ വിന്യാസ പദ്ധതികളെക്കുറിച്ചും ജോ ജോസഫ് എഴുതിയ ലേഖനത്തിൽ ഡോക്ടർ വിപ്ലവത്തെയും വിശ്വാസത്തെയും ഒരേ നൂലിൽ കോർക്കാൻ പരിശ്രമിക്കുന്നുണ്ട്.

ഒരു കാര്യം വ്യക്തമാണ്. 2021 ൽ തൃക്കാക്കരയിൽ മത്സരിച്ച ഡോ. ജെ ജേക്കബല്ല 2022 ലെ ഡോ.ജോ ജോസഫ്. ഇടതു കൈയിൽ ദാസ് ക്യാപിറ്റലും വലത് കൈയിൽ ബൈബിളും പിടിക്കുന്ന സ്ഥാനാർത്ഥി ഒരു രാഷ്ട്രീയ അദ്ഭുതം തന്നെയാണ്. സിപിഎമ്മിന്റെ പുതിയ പരീക്ഷണവും. ആ രാഷ്ട്രീയത്തിന്റെ ഭാവി എന്താകും എന്നതിന്റെ ഉത്തരമായിരിക്കും തൃക്കാക്കരയിലെ തെരഞ്ഞെടുപ്പു ഫലം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP