Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അയ്യനെ കാണാൻ മാലയിടുന്നതും കറുപ്പുടുക്കുന്നതും നിഷിദ്ധമല്ലാതായി; അയ്യപ്പൻവിളക്കും അന്നദാനവും നടത്തുന്നത് വാർത്തയല്ലാതായി; ബാലസംഘത്തിന്റെ നേതൃത്വത്തിൽ ശോഭായാത്രകൾ; രാമായണ മാസത്തെ അനുകൂലിച്ച് ഫെസ്റ്റുകൾ; ഇനി വരുന്നത് ബാലഗോകുലമോ? സിപിഎമ്മിന്റെ യുടേണുകൾ

അയ്യനെ കാണാൻ മാലയിടുന്നതും കറുപ്പുടുക്കുന്നതും നിഷിദ്ധമല്ലാതായി; അയ്യപ്പൻവിളക്കും അന്നദാനവും നടത്തുന്നത് വാർത്തയല്ലാതായി; ബാലസംഘത്തിന്റെ നേതൃത്വത്തിൽ ശോഭായാത്രകൾ; രാമായണ മാസത്തെ അനുകൂലിച്ച് ഫെസ്റ്റുകൾ; ഇനി വരുന്നത് ബാലഗോകുലമോ? സിപിഎമ്മിന്റെ യുടേണുകൾ

അഖിൽ രാമൻ

കൊച്ചി: സംഘപരിവാർ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച മാതൃസമ്മേളനം മേയർ ബീന ഫിലിപ്പ് ഉദ്ഘാടകയായി പങ്കെടുത്തത് വിവാദമായിരിക്കുകയാണ്. ശ്രീകൃഷ്ണപ്രതിമയിൽ തുളസി മാല ചാർത്തി ഉദ്ഘാടനം നിർവഹിച്ച ശേഷം മേയർ നടത്തിയ പ്രസംഗവും വിവാദമായി. ഈ പശ്ചാലത്തലത്തിൽ സിപിഎമ്മിന്റെ നയംമാറ്റങ്ങളാണ് ഇപ്പോൾ സംവാദ വിഷയം.

ആർഎസ്എസ് എന്ത് ചെയ്യുന്നു അതിനെ ശക്തമായി എതിർക്കുക, പിന്നെ അനുകരിക്കുക, ഇത് കേരളത്തിന്റെ സിപിഎമ്മിന്റെ പൊതുനയമായി മാറി എന്ന ആക്ഷേപം പാർട്ടി നേരിടുന്നുണ്ട്. ഇനി സിപിഎമ്മിന്റെ നേതൃത്വത്തിൽ വരാൻ പോകുന്നത് ബാലഗോകുലമാണ് എന്നാണ് രാഷ്ടീയ നിരീക്ഷകരുടെ പരിഹാസം. നിലവിൽ രക്ഷാബന്ധനം, ശോഭായാത്ര, രാമായണമാസാചരണം തുടങ്ങി പിതൃതർപ്പണം വരെ നടത്തി നിൽക്കുന്നു കാര്യങ്ങൾ

കോഴിക്കോട് മേയർ ബാലഗോകുലം പരിപാടിയിൽ, ഭാരത പാരമ്പര്യത്തെ കുറിച്ച് വാചാലയാവുകയും, സംസ്ഥാനത്തെ ശിശുപരിപാലനം മോശമാണെന്നും ഉത്തരേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്നേഹിക്കുന്നതെന്നും പ്രസംഗിച്ചിരുന്നു. ഇതേ തുർന്ന് സിപിഎം, മേയറെ തള്ളിപ്പറഞ്ഞു. പോരാത്തതിന് മേയർ ബീന ഫിലിപ്പ് സൈബർ സഖാക്കളുടെ രൂക്ഷമായ ആക്രമണം ഏറ്റുവാങ്ങുകയും ചെയ്യുന്നു.

എന്നാൽ മുതിർന്ന സഖാക്കന്മാർ ഈ വിഷയത്തിൽ നിശബ്ദരാണ്. മാതൃസംഘടനകളും മഹിളാ അസോസിയേഷനും ഒക്കെ സ്വന്തമായി ഉണ്ടെങ്കിലും ബാലഗോകുലം പൊലെയുള്ള ചടങ്ങുകളിലേക്ക് എത്തുന്ന പൊലെ സ്ത്രീസാന്നിധ്യം അവയിലേക്ക് എത്താത്തത് എന്താണ് എന്ന് സിപിഎം ആലോചിക്കുന്നുണ്ട്. ആർ.എസ്.എസിനെ പഠിക്കാൻ തീരുമാനിച്ചിരിക്കുന്ന ഈ കാലത്ത് ഉറപ്പായും കമ്മ്യൂണിസ്റ്റ് ബാലഗോകുലം എത്തുക തന്നെ ചെയ്യും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് മുന്നോടിയായാണ് ബാലഗോകുലം മാതൃസംഗമങ്ങൾ സംഘടിപ്പിക്കുന്നത്. പണ്ട് കുട്ടികളെ ശോഭായാത്രയ്ക്ക് അയക്കുന്നതിനെ പരസ്യമായി എതിർത്ത സിപിഎം ശോഭായാത്രയിലെ ജനബാഹുല്യം കണ്ട് ചുവന്ന ശോഭായാത്രകൾ നടത്തിയത് കേരളം കണ്ടതാണ്. പലകാര്യങ്ങളിലും ആർഎസ്.എസ് ശൈലിയെ എതിർത്ത സിപിഎം ഒടുവിൽ യൂടേൺ അടിച്ച് അതേ വഴി അനുകരിക്കുന്നത് കണ്ട രാഷ്ട്രീയ കേരളം ഈ സംഭവത്തിൽ എന്തായിരിക്കും സിപിഎമ്മിന്റെ തുടർ നിലപാട് എന്ന് കൗതുകത്തോടെ വീക്ഷിക്കുകയാണ്.

ഒരു ക്ഷേത്രം നശിച്ചാൽ അത്രയും അന്ധവിശ്വാസങ്ങൾ ഇല്ലാതായി എന്നു വിശ്വസിക്കുന്നവരാണ് സഖാക്കൾ. അനാഥമായി കിടന്നിരുന്ന ബിംബം ശുദ്ധീകരിച്ച് തളിക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച്, തളി ക്ഷേത്രം പുനരുദ്ധരിക്കാൻ കേരളഗാന്ധി കേളപ്പൻ ശമിച്ചപ്പോൾ 'പട്ടിപാത്തിയ കല്ലിന്മേൽ ചന്ദനംചാർത്തിയ കേളപ്പ' എന്ന മുദ്രാവാക്യം വിളിച്ചവരാണ് കമ്യൂണിസ്റ്റുകൾ. 'ബിംബമെന്നാൽ കല്ലെന്നും ഭജനം, പൂജനം, ആരാധനകൾ ഭ്രാന്തന്മാരുടെ ജൽപ്പനമെന്നും' മുദ്രാവാക്യം വിളിച്ചവരാണ് സഖാക്കൾ. ക്ഷേത്രകമ്മിറ്റികളിലും ഉത്സവങ്ങളിലും കമ്യൂണിസ്റ്റുകൾ പങ്കെടുക്കരുതെന്ന് തിട്ടൂരമിറക്കിയതിന് പുറമേ പാലക്കാട് സംസ്ഥാന സമ്മേളനത്തിൽ പാർട്ടി സഖാക്കൾ വീടു കൂടലിനും മറ്റും ഗണപതിഹോമം പോലുള്ള ചടങ്ങുകൾ നടത്താൻ പാടില്ല എന്ന് വാറോലയും ഇറക്കിയിരുന്നു. ക്ഷേത്രങ്ങളിലും ജാതിസംഘടനകളിലും ഉന്നതസ്ഥാനങ്ങളിൽ ഇരിക്കുന്ന പാർട്ടി അംഗങ്ങളുടെ ബാഹുല്യമാണിപ്പോൾ. പ്രാദേശികമായി സിപിഎം ഇതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. താഴെ തട്ടിലെ കരുത്തുചോരുന്നു എന്ന് തോന്നിയപ്പോഴാണ് ഈ തീരുമാനത്തിലെക്ക് പാർട്ടി എത്തിയത്.

ശബരിമലക്ക് മാലയിടുന്നതും, കറുപ്പുടുക്കുന്നതും നിഷിദ്ധമായിരുന്ന ഒരു കാലമുണ്ടായിരുന്നു സിപിഎമ്മിന്. 1957ൽ ശബരിമല തീവെപ്പ് കേസ് അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തുമെന്ന് വാഗ്ദാനം നൽകി വിശ്വാസികളുടെ വോട്ട് വാങ്ങി അധികാരത്തിലെത്തിയ ശേഷം കേസന്വേഷണം അട്ടിമറിച്ചതാണ് ചരിത്രം. കാലമേറെ പിന്നിട്ടപ്പോൾ ചുവപ്പുകോട്ടയായ കണ്ണൂരിലെ ഭാരവാഹികളായ സഖാക്കന്മാർ പോലും പാർട്ടി വിലക്ക് ലംഘിച്ച് ശബരിമലക്ക് പോകാൻ വ്രതം നോറ്റ്, മാലയിട്ട്, ശരണമന്ത്രങ്ങൾ വിളിച്ച് ക്ഷേത്രങ്ങളിലേക്കും ശബരിമലയ്ക്കും പോയി തുടങ്ങി. തുടക്കത്തിൽ എതിർത്ത് നോക്കിയെങ്കിലും അത് ഫലിക്കാതെ വന്നപ്പോൾ പാർട്ടി നിലപാട് മാറ്റി. മാലയിടുന്നവരെ വിലക്കിയാൽ പാർട്ടിയിൽ പ്രവർത്തിക്കാൻ ആളെ കിട്ടില്ല എന്നു മനസ്സിലാക്കി. ഇപ്പോൾ സിപിഎമ്മിന്റെ നേതൃത്വത്തിൽ പല സ്ഥലങ്ങളിലും അയ്യപ്പൻവിളക്കും അന്നദാനവും തുടങ്ങുന്നത് ഒരു വാർത്തയല്ലാതായിരിക്കുന്നു. ഏറ്റവുമൊടുവിൽ ശബരിമലയിലേക്ക് യുവതികളെ കയറ്റാൻ ശ്രമം നടത്തിയെങ്കിലും 2019 ലെ ലോക്സഭയിൽ തിരിച്ചടി ഉണ്ടായപ്പോൾ സിപിഎം മാറ്റി പറഞ്ഞതും കേരളം കണ്ടു.

1982 ൽ വിശ്വഹിന്ദു പരിഷത്ത് കർക്കടക മാസം രാമായണമാസമായി ആചരിക്കാൻ ആഹ്വാനം ചെയ്തപ്പോൾ അതിനെ എതിർത്ത കമ്യൂണിസ്റ്റുകൾ, കാലം മാറിയപ്പോൾ രാമായണമാസത്തെ അനുകൂലിക്കുന്നു. രാമായണ പ്രഭാഷണങ്ങൾ സംഘടിപ്പിക്കുന്നു. രാമായണം ഫെസ്റ്റ് നടത്തുന്നു. ഗ്രാമങ്ങളിലും നഗരങ്ങളിലും ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ ചെറിയ തോതിൽ ആരംഭിച്ച ശോഭായാത്രകൾ ഇന്ന് ജനകീയ ആഘോഷമായി മാറിയിരിക്കുന്നു. പാർട്ടി ഗ്രാമങ്ങളിലെ സിപിഎം കുടുംബങ്ങളിൽ നിന്നുപോലും കൃഷ്ണവേഷം കെട്ടാൻ വ്രതം നോറ്റ് രക്ഷിതാക്കൾ കുട്ടികളെ പങ്കെടുപ്പിക്കാൻ തുടങ്ങി. ഇതിനെതിരെ പ്രതിരോധം തീർക്കാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോൾ സ്വന്തമായി ബാലസംഘത്തിന്റെ നേതൃത്വത്തിൽ ശോഭായാത്രകൾ നടത്താൻ പാർട്ടി തീരുമാനിച്ചതും സഖാക്കന്മാർ കുട്ടികൃഷ്ണന്മാരുമായി നാട് ചുറ്റുന്നതും കേരളം കണ്ടു.

കന്യാകുമാരിയിൽ ഏകനാഥ റാനഡെയുടെ നേതൃത്വത്തിൽ സ്വാമി വിവേകാനന്ദന് സ്മാരകം പണിയാൻ ശ്രമം നടന്ന കാലത്ത് ഭാരതത്തിലെ എല്ലാ സംസ്ഥാന സർക്കാരുകളോടും സഹായം നൽകാൻ അഭ്യർത്ഥിച്ചു. അന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാട് പറഞ്ഞത് ഈ വർഗ്ഗീയവാദിക്ക് സ്മാരകം പണിയാൻ സിപിഎം സർക്കാർ ഒരു നയാപൈസ തരില്ല എന്നായിരുന്നു. കാലമേറെ കഴിഞ്ഞപ്പോൾ ഇന്ന് സ്വാമി വിവേകാനന്ദൻ കമ്യൂണിസ്റ്റുകൾക്ക് സ്വീകാര്യനായിരിക്കുന്നു. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, സിപിഎം, സിപിഐ സമ്മേളനങ്ങളിലെ ബോർഡുകളിൽ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി കാവിയുടുത്ത വിവേകാനന്ദൻ ജ്വലിച്ചുനിൽക്കുന്നു. വിമോചനസമരം നയിച്ച മന്നത്ത് പത്മനാഭനും ഇപ്പോൾ സിപിഎംന്റെ നവോഥാന ഫ്ളക്സുകളിലെ താരസാന്നിധ്യമാണ്. അങ്ങനെ കാലത്തിനൊത്ത് കോലം മാറുമ്പോൾ, ഇനി സിപിഎമ്മിന്റെ നേതൃത്വത്തിൽ വരാൻ പോകുന്നത് ബാലഗോകുലമാണ് എന്നാണ് രാഷ്ടീയ നിരീക്ഷകരുടെ പരിഹാസം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP