Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിജെപിയാണ് മുഖ്യ ശത്രുവെന്ന് യെച്ചൂരി; ജനറൽ സെക്രട്ടറിയെ മാറ്റി പാർട്ടി പിടിക്കാൻ പിണറായിയും കാരാട്ടും; നിർണ്ണായകമാവുക മണിക് സർക്കാരിന്റെ നിലപാട്; കോൺഗ്രസിനോടുള്ള മൃദു സമീപനത്തെ എതിർക്കാനുറച്ച് കേരളം; ഹൈദരാബാദ് പാർട്ടി കോൺഗ്രസിൽ വിഭാഗീയത ആളിക്കത്തും; സിപിഎമ്മിൽ ഇനി പ്രത്യയശാസ്ത്ര പോര്

ബിജെപിയാണ് മുഖ്യ ശത്രുവെന്ന് യെച്ചൂരി; ജനറൽ സെക്രട്ടറിയെ മാറ്റി പാർട്ടി പിടിക്കാൻ പിണറായിയും കാരാട്ടും; നിർണ്ണായകമാവുക മണിക് സർക്കാരിന്റെ നിലപാട്; കോൺഗ്രസിനോടുള്ള മൃദു സമീപനത്തെ എതിർക്കാനുറച്ച് കേരളം; ഹൈദരാബാദ് പാർട്ടി കോൺഗ്രസിൽ വിഭാഗീയത ആളിക്കത്തും; സിപിഎമ്മിൽ ഇനി പ്രത്യയശാസ്ത്ര പോര്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോൺഗ്രസിനെ ചൊല്ലി സിപിഎമ്മിൽ ഇനി പോര് മുറുകും. ബിജെപിയെ ഉയർത്തി കോൺഗ്രസുമായി സഹകരിക്കാനാണ് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നീക്കം. ബംഗാൾ ഘടകത്തിന്റെ പിന്തുണയോടെയാണ് ഈ നീക്കം. എന്നാൽ കേരളാ ഘടകവും മുഖ്യമന്ത്രി പിണറായി വിജയനും ഇതിനെ അനുകൂലിക്കില്ല. കേരളത്തിലും ത്രിപുരയിലും മാത്രമാണ് സിപിഎമ്മിനെ ഭരണമുള്ളത്. ഇവിടെ രണ്ടിടവും കോൺഗ്രസാണ് മുഖ്യ ശത്രു. ബംഗാളിലെ സിപിഎമ്മിന് പഴയ പ്രതാപമില്ല. ഈ അവസ്ഥയിലേക്ക് കേരളത്തിലേയും ത്രിപുരയിലേയും പാർട്ടിയെ കൊണ്ടു ചെന്നെത്തിക്കാൻ അനുവദിക്കില്ലെന്നാണ് പിണറായിയുടെ നിലപാട്. പ്രകാശ് കാരാട്ടിനെ മുൻനിർത്തി സി.പി.എം നേതൃത്വം പിടിച്ചെടുക്കാനാണ് പിണറായിയുടെ കരുനീക്കം.

കോൺഗസിനോടുള്ള സിപിഎമ്മിന്റെ സമീപനത്തിൽ മാറ്റത്തിന് സാധ്യതയുണ്ടെന്ന സൂചനയാണ് യെച്ചൂരി നൽകുന്നത്.സിപിഎമ്മിന്റെ രാഷ്ട്രീയ അടവുനയത്തിൽ മാറ്റമുണ്ടാകുമെന്നും രാഷ്ട്രീയ സാഹചര്യം നോക്കിയാണ് അടവുനയം തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പാർട്ടി കോൺ്ഗ്രസ് നടന്നപ്പോഴുള്ള സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും സീതാറാം യെച്ചൂരി കൂട്ടിച്ചേർത്തു. എന്നാൽ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം സാഹചര്യം മാറിയിട്ടില്ല. തകർന്നടിയുന്ന കോൺഗ്രസിന് വേണ്ടി നിലപാട് മാറ്റാൻ യെച്ചൂരി തയ്യാറായാൽ കേരളത്തിലും ത്രിപുരയിലും സിപിഎമ്മിന് തിരിച്ചടിയാകും. അതുകൊണ്ട് തന്നെ ബിജെപിയേയും കോൺഗ്രസിനേയും ഒരേ അകലത്തിൽ നിർണ്ണമെന്നാണ് പിണറായിയുടെ ആവശ്യം. ബംഗാളിൽ നിന്ന് രാജ്യസഭയിലേക്ക് യെച്ചൂരിയെ മത്സരിപ്പിക്കാൻ കോൺഗ്രസ് തയ്യാറായിരുന്നു. എന്നാൽ പ്രകാശ് കാരാട്ടിന്റെ എതിർപ്പ് വിനയായി. കോൺഗ്രസുമായി പ്രത്യക്ഷ സഹകരണം വേണ്ടെന്ന നയരേഖയാണ് യെച്ചൂരിക്ക് വിനായായത്. ഇതിനുള്ള പ്രതികാരം വീട്ടാൻ യെച്ചൂരി ശ്രമിക്കുന്നുവെന്നാണ് കാരാട്ട് പക്ഷത്തിന്റെ നിലപാട്.

സിപിഐ എം 22-ാം പാർട്ടി കോൺഗ്രസ് 2018 ഏപ്രിൽ 18 മുതൽ 22 വരെ ഹൈദരാബാദിൽ നടത്താൻ കേന്ദ്രകമ്മിറ്റിയോട് ശുപാർശ ചെയ്യാനും പൊളിറ്റ്ബ്യൂറോ യോഗം തീരുമാനിച്ചു. പാർട്ടി കോൺഗ്രസിൽ പരിഗണിക്കേണ്ട രേഖകളും അജണ്ടയും തയ്യാറാക്കാൻ തുടങ്ങിയെന്നും സീതാറാം യെച്ചൂരി അറിയിച്ചു. ഇതിലെ പ്രധാന ഭാഗം കോൺഗ്രസ് ബന്ധം തന്നെയായിരിക്കും. അതത് കാലത്തെ മൂർത്തസാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് പാർട്ടിയുടെ രാഷ്ട്രീയഅടവുനയം രൂപീകരിക്കുകയെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു. എന്നാൽ ഇതെല്ലാം വെറും സ്വപ്‌നങ്ങൾ മാത്രമാകുമെന്നാണ് കാരാട്ട് പക്ഷം പറയുന്നത്. ഇപ്പോൾ ഈ പക്ഷത്തിന്റെ യഥാർത്ഥ നേതാവ് പിണറായി വിജയനാണ്. കേരള മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് പാർട്ടി അതിന്റേതായ വിലകൊടുക്കും. ത്രിപുരയിലും കേരളത്തിലും പാർട്ടിക്ക് തിരിച്ചടിയുണ്ടാകുന്നതൊന്നും ഹൈദരബാദിലെ പാർട്ടി കോൺഗ്രസിലുണ്ടാകില്ലെന്നും മുതിർന്ന നേതാവ് മറുനാടനോട് പറഞ്ഞു.

2015ൽ കഴിഞ്ഞ പാർട്ടി കോൺഗ്രസ് ചേർന്നപ്പോൾ നിലനിന്ന രാഷ്ട്രീയസാഹചര്യമല്ല ഇപ്പോഴുള്ളത്. എല്ലാ പാർട്ടി അംഗങ്ങൾക്കും അഭിപ്രായം രേഖപ്പെടുത്താൻ അവസരം നൽകിയാണ് രാഷ്ട്രീയ അടവുനയത്തിന്റെ കാര്യത്തിൽ തീരുമാനം എടുക്കുക. എല്ലാകാലത്തും പാർട്ടി സ്വീകരിച്ചുവന്ന ത് ഇതേ ശൈലി തന്നെയാണെന്നും സീതാറാം യെച്ചൂരി പ്രതികരിച്ചു. ബിജെപിയെ മുഖ്യ ശത്രുവായി കണ്ട് അടവ് നയത്തിൽ മാറ്റം ഉണ്ടാകുമെന്ന് ഉറപ്പാണെന്നാണ് യെച്ചൂരി പക്ഷം വിശദീകരിക്കുന്നത്. ഡൽഹിയിൽ നടന്ന പി.ബി യോഗത്തിൽ യെച്ചൂരി അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയ രൂപരേഖയിലും ഇക്കാര്യം വ്യക്തമായി പറയുന്നു. ഇതിനെ എതിർക്കാൻ പിണറായിയും കാരാട്ടം എത്തുമ്പോൾ പാർട്ടി സമ്മേളനങ്ങൾ പ്രത്യയ ശാസ്ത്ര ചർച്ചാ വേദിയാകും. കേരളം ഒന്നടങ്കം യെച്ചൂരിയുടെ നിർദ്ദേശങ്ങളെ തള്ളും. ബംഗാൾ ഘടകത്തിന് പഴയ പ്രതാപമില്ല. അതുകൊണ്ട് തന്നെ ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാരിനെ കൂട്ടുപിടിച്ച് യെച്ചൂരിയെ വെട്ടാനാണ് തീരുമാനം.

ജനറൽ സെക്രട്ടറിയായി ഇനി രണ്ട് ടേം കൂടി യെച്ചൂരിക്ക് തുടരാനാകും. എന്നാൽ അധികാരം പിടിച്ചെടുത്ത് വീണ്ടും കാരാട്ടിനെ ജനറൽ സെക്രട്ടറിയാക്കാനാണ് പിണറായി വിജയന്റെ നീക്കം. കാരാട്ട് വിസമ്മതം പ്രകടിപ്പിച്ചാൽ എസ് രാമചന്ദ്രൻ പിള്ളയെ ജനറൽ സെക്രട്ടറിയാക്കാനും ശ്രമിക്കും. കഴിഞ്ഞ പാർട്ടി കോൺഗ്രസിലും എസ് ആർ പിയെ ജനറൽ സെക്രട്ടറിയാക്കാൻ കാരാട്ടും പിണറായിയും ശ്രമിച്ചിരുന്നു. എന്നാൽ ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാരിന്റെ പിന്തുണ യെച്ചൂരിക്ക് തുണയായി. കോൺഗ്രസിനോടുള്ള യെച്ചൂരിയുടെ അടുപ്പമുയർത്തി തീവ്ര കമ്മ്യൂണിസ്റ്റുകളെ സ്വാധീനിക്കാനാണ് പിണറായിയുടെ നീക്കം. ഇതിലൂടെ യെച്ചൂരിയെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റാമെന്നും കരുതുന്നു. എന്നാൽ ബംഗാളും ത്രിപുരയും തനിക്കൊപ്പം നിൽക്കുമെന്ന കണക്ക് കൂട്ടലിലാണ് യെച്ചൂരി.

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ബിജെപി കരുത്തു കാട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ ഇവിടേയും മുഖ്യ ശത്രു ബിജെപിയാണ്. ഈ തിരിച്ചറിവിൽ തന്ത്രങ്ങൾ മെനയാനാണ് യെച്ചൂരിയുടെ നീക്കം. കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ 25 കൊല്ലത്തെ അടവുനയം വിലയിരുത്തി പ്രത്യേക രേഖ സി.പി.എം തയ്യാറാക്കിയിരുന്നു. ഇതിനു പുറമെ രാഷ്ട്രീയ പ്രമേയവും അവതരിപ്പിച്ചു. രണ്ടിലും കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നതിന് എതിരായ നിലപാടാണ് ഉള്ളത്. ഒപ്പം ബൂർഷ്വാ പാർട്ടികളുമായി സംസ്ഥാനങ്ങളിൽ സഖ്യം വേണ്ടെന്നും സി.പി.എം തീരുമാനിച്ചിരുന്നു. എന്നാൽ ഈ സമീപനത്തിൽ മാറ്റം വേണം എന്ന ശക്തമായ നിലപാടിലാണ് ബംഗാൾ ഘടകം. രാഷ്ട്രീയ പ്രമേയം അടുത്ത പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാവും അവതരിപ്പിക്കുക. പ്രമേയത്തിന്റെ രൂപരേഖയാണ് യെച്ചൂരി പിബി യോഗത്തിൽ അവതരിപ്പിച്ചത്. ഇത് സ്വീകാര്യമല്ലെന്ന നിലപാടിലാണ് പിണറായിയും കാരാട്ടും.

പിബിയിൽ ഭൂരിപക്ഷത്തിനും നയം മാറ്റുന്നതിനോട് യോജിപ്പില്ല. എന്നാൽ കേന്ദ്രകമ്മിറ്റിയിൽ നയം മാറ്റം വേണോയെന്ന ചർച്ച നടക്കും. അവിടെ ശക്തമായ വാദം ഉന്നയിക്കാനാണ് ബംഗാൾ ഘടകവും തീരുമാനിച്ചിരിക്കുന്നത്. കോൺഗ്രസിനെയല്ല ബിജെപിയെ ആണ് മുഖ്യശത്രുവായി കാണേണ്ടതെന്ന് സീതാറാം യെച്ചൂരി അവതരിപ്പിച്ച രൂപരേഖ ബംഗാൾ ഘടകത്തിന്റെ മാത്രം നിലപാടാണ്. കോൺഗ്രസുമായുള്ള സമീപനത്തിൽ മിതത്വം പാലിക്കുന്നത് കേരളത്തിൽ പ്രശ്നമുണ്ടാക്കുമെന്നും അത് ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കുമെന്നും കേരളം ഘടകം വാദിക്കുന്നു. കേന്ദ്രക്കമ്മിറ്റിയാണ് ഇക്കാര്യത്തിൽ അവസാന തീരുമാനമെടുക്കുക. ഒക്ടോബർ 14-ാം തീയതിയാണ് കേന്ദ്രകമ്മിറ്റി.

ഇതിന് മുന്നോടിയായി ഒക്ടോബർ രണ്ടിന് വീണ്ടും പി.ബി യോഗം ചേരും. ഈ യോഗത്തിലായിരിക്കും കേന്ദ്രകമ്മിറ്റിയിൽ അവതരിപ്പിക്കേണ്ട രൂപ രേഖയ്ക്ക് അന്തിമ രൂപം നൽകുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP