Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജു എബ്രഹാമിന് പകരക്കാരനെ റാന്നിയിൽ കണ്ടെത്തുക പ്രയാസം; തുടർച്ചയായി മത്സരിച്ചു തോൽക്കുന്ന വാസവനെ ഒഴിവാക്കിയാൽ സുരേഷ് കുറുപ്പിന് പകരക്കാരനില്ല; മന്ത്രിയാകാതെ അയിഷാ പോറ്റി മടങ്ങുമ്പോൾ അസ്വസ്ഥത; ഐസക്കും സുധാകരനും ഇല്ലെങ്കിൽ ആലപ്പുഴ കൈവിടുമോ എന്ന ആശങ്ക; തുടർച്ചയായി രണ്ടു തവണ ജയിച്ചവരെ ഒഴിവാക്കുന്ന സിപിഎം നയം പുലിവാലാകുമ്പോൾ

രാജു എബ്രഹാമിന് പകരക്കാരനെ റാന്നിയിൽ കണ്ടെത്തുക പ്രയാസം; തുടർച്ചയായി മത്സരിച്ചു തോൽക്കുന്ന വാസവനെ ഒഴിവാക്കിയാൽ സുരേഷ് കുറുപ്പിന് പകരക്കാരനില്ല; മന്ത്രിയാകാതെ അയിഷാ പോറ്റി മടങ്ങുമ്പോൾ അസ്വസ്ഥത; ഐസക്കും സുധാകരനും ഇല്ലെങ്കിൽ ആലപ്പുഴ കൈവിടുമോ എന്ന ആശങ്ക; തുടർച്ചയായി രണ്ടു തവണ ജയിച്ചവരെ ഒഴിവാക്കുന്ന സിപിഎം നയം പുലിവാലാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രണ്ടുതവണ തുടർച്ചയായി ജയിച്ച ആർക്കും സീറ്റുവേണ്ടെന്ന മാനദണ്ഡം കർശനമായി പാലിക്കാൻ സിപിഎം തീരുമാനിക്കുമ്പോൾ അത് ഭരണ തുടർച്ചയെന്ന സ്വപ്‌നം തകർക്കുമോ എന്ന സംശയവും ശക്തം. രണ്ടുടേമെന്ന നിബന്ധന കർശനമായി പാലിക്കുന്നതോടെ അഞ്ചുമന്ത്രിമാരാണ് ഇത്തവണ മത്സരരംഗത്തുനിന്ന് ഒഴിവാകുന്നത്. ഇതിനൊപ്പം സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, എ.പ്രദീപ് കുമാർ, രാജു ഏബ്രഹാം, അയിഷ പോറ്റി അടക്കമുള്ള എംഎൽഎമാരിൽ ആർക്കും ഇളവ് നൽകേണ്ട എന്നാണ് തീരുമാനം. ഇതിൽ പ്രദീപ് കുമാറിനും അയിഷാ പോറ്റിക്കും പകരക്കാരെ കണ്ടെത്തുക പ്രയാസമാണ്.

മന്ത്രിമാരായ ഇ.പി.ജയരാജൻ, എ.കെ.ബാലൻ, ടി.എം.തോമസ് ഐസക്, ജി.സുധാകരൻ, സി.രവീന്ദ്രനാഥ് എന്നിവർ മത്സരിക്കില്ല. ഇ.പി.ജയരാജൻ വൈകാതെ സംഘടനാ ചുമതലയിലെത്തും. തരൂർ സീറ്റിൽ മന്ത്രി എ.കെ.ബാലന്റെ ഭാര്യ പി.കെ.ജമീല സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. ഇതിൽ സി.രവീന്ദ്രനാഥ് സ്വയം പിന്മാറിയിരുന്നു. തോമസ് ഐസക്കിനും ജി.സുധാകരനും ഇളവ് നൽകണമെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആർക്കും ഇളവുവേണ്ടെന്ന കർശനനിലപാടാണ് വ്യാഴാഴ്ച ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടായത്. ഇത് ആലപ്പുഴയിലെ സാധ്യതകളെ ബാധിക്കുമോ എന്ന സംശയം പ്രാദേശിക നേതാക്കൾക്കുണ്ട്. ഐസക്കിനെ ഒഴിവാക്കാൻ വേണ്ടിയാണ് സുധാകരനേയും മാറ്റി നിർത്തുന്നത്. അമ്പലപ്പുഴയിൽ സുധാകരന് പ്രചരണം തുടങ്ങിയതുമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൽസരിച്ചവരിൽ ആർക്കെങ്കിലും ഇളവ് വേണോ എന്ന കാര്യം വെള്ളിയാഴ്ച സംസ്ഥാന സമിതി തീരുമാനിക്കും. രണ്ട് ടേം നിബന്ധനയിൽ സംസ്ഥാന സമിതിയിൽ പ്രാദേശിക സാഹചര്യം പരിഗണിച്ച് അപൂർവം ആർക്കെങ്കിലും ഇളവ് പരിഗണിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

ഇ.പി.ജയരാജൻ മത്സരിച്ച മട്ടന്നൂരിൽനിന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ജനവിധിതേടും. മന്ത്രിമാരിൽ എം.എം.മണി ഉടുമ്പൻചോലയിലും ജെ.മേഴ്‌സിക്കുട്ടിയമ്മ കുണ്ടറയിലും എ.സി.മൊയ്തീൻ കുന്നംകുളത്തും ടി.പി.രാമകൃഷ്ണൻ പേരാമ്പ്രയിലും കടകംപള്ളി സുരേന്ദ്രൻ കഴക്കൂട്ടത്തും വീണ്ടും ജനവിധിതേടും. സെക്രട്ടേറിയറ്റ് അംഗങ്ങളായ എം വിഗോവിന്ദൻ തളിപ്പറമ്പിലും ബേബി ജോൺ ഗുരുവായൂരിലും മത്സരിക്കും. തുടർച്ചയായി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചുകൊണ്ടിരിക്കുന്നവരെ പരിഗണിക്കേണ്ട എന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിരിക്കുന്നത്. അങ്ങനെയെങ്കിൽ കെ.എൻ.ബാലഗോപാലിനും വി.എൻ.വാസവനും ഇളവിന് സാധ്യതയുണ്ട്. തരൂരിൽ ജമീലയേയും ഗുരുവായൂരിൽ ബേബി ജോണിനേയും മത്സരിക്കുന്നതിലും എതിർപ്പുകളുണ്ട്.

റാന്നിയിൽ രാജു എബ്രഹാം തുടർച്ചയായി ജയിക്കുന്നു. കഴിഞ്ഞ തവണയും രാജുവിനെ മാറ്റാൻ ചർച്ച നടന്നു. എന്നാൽ പകരം ആളിനെ കണ്ടെത്താനായില്ല. ഇത്തവണ കേരളാ കോൺഗ്രസ് കൂടെ ഉള്ളതിനാൽ ജയിക്കാമെന്നാണ് പ്രതീക്ഷ. അതുകൊണ്ടാണ് രാജുവിനെ മാറ്റുന്നത്. കൊട്ടാരക്കരയിൽ അയിഷാ പോറ്റിയും സർവ്വ സമ്മതയാണ്. ആർ ബാലകൃഷ്ണ പിള്ള ഇടതുപക്ഷത്തുള്ളതിനാൽ ഇവിടേയും ജയിക്കാമെന്നാണ് പ്രതീക്ഷ. രാജു എബ്രഹാമും അയിഷാ പോറ്റിയും മന്ത്രിമാർ പോലും ആവാതെയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ നിന്ന് മാറുന്നത്. ഇത് അണികൾക്ക് പോലും അംഗീകരിക്കാൻ കഴിയുന്നില്ല.

കോഴിക്കോട് നോർത്തിൽ പ്രദീപ് കുമാറിനേയും മാറ്റുന്നു. പ്രദീപിനും മന്ത്രിയാകാൻ അവസരം നൽകിയില്ല. കഴിഞ്ഞ തവണ മന്ത്രിയാക്കുമെന്ന് ഏവരും കരുതി. എന്നാൽ വി എസ് അച്യുതാനന്ദന്റെ പഴയ ശിഷ്യനെ മുഖ്യമന്ത്രി പിണറായി വിജയൻ വെട്ടി. ഇപ്പോൾ സ്ഥാനാർത്ഥി പട്ടികയിൽ നിന്നും. കോഴിക്കോട് നോർത്തിൽ പകരം ആര് മത്സരിക്കുമെന്നതാണ് ഉയരുന്ന ചോദ്യം. സംവിധായകൻ രഞ്ജിത്തിനെ തീരുമാനിക്കാനും സാധ്യതയുണ്ട്. പ്രദീപ് മാറുമ്പോൾ നോർത്തിലും സിപിഎമ്മിന് വിജയ സാധ്യത കുറയും. കോൺഗ്രസിന് സ്വാധീനമുള്ള മണ്ഡലമാണ് നോർത്ത്. ഇവിടെ പ്രദീപ് കുമാറിന്റെ ഇമേജിലായിരുന്നു സിപിഎം വിജയം.

ഏറ്റുമാനൂരിൽ സുരേഷ് കുറുപ്പിനും സീറ്റ് കിട്ടില്ല. കോട്ടയം സിപിഎം സെക്രട്ടറി വിഎൻ വാസവന് വേണ്ടിയാണ് ഇത്. കേരളാ കോൺഗ്രസ് കൂടെയുള്ളതിനാൽ വാസവന് ജയിക്കാനാകുമെന്നാണ് പ്രതീക്ഷ. എന്നാൽ വാസവന് പലപ്പോഴും മത്സരിച്ച് തോൽക്കുന്ന നേതാവാണ്. അതുകൊണ്ട് തന്നെ ഏറ്റുമാനൂരിലും ഇനി മത്സരം കടുക്കും. സുരേഷ് കുമാറിന് വാസവൻ പകരക്കാരനല്ലെന്ന വിലയിരുത്തലും ശക്തമാണ്. എങ്കിലും ജയസാധ്യതയ്ക്ക് മുകളിൽ മറ്റ് പരിഗണനകൾ വരുമ്പോൾ സുരേഷ് കുറുപ്പും മാറി നിൽക്കേണ്ടി വരും.

സിറ്റിങ് എംഎൽഎമാരായ എ.എൻ. ഷംസീർ, ഒ.ആർ. കേളു, പി. ഉണ്ണി, കെ.ബാബു, കെ.ഡി. പ്രസേനൻ, യു.ആർ. പ്രദീപ്, മുരളി പെരുനെല്ലി, കെ.ജെ. മാക്‌സി, സജി ചെറിയാൻ, കെ.യു. ജനീഷ് കുമാർ, എം. സ്വരാജ്, ആന്റണി ജോൺ, യു. പ്രതിഭ, വീണാ ജോർജ്, എം. മുകേഷ്, എം. നൗഷാദ്, വി. ജോയി, ഡി.കെ. മുരളി, സി.കെ. ഹരീന്ദ്രൻ, ഐ.ബി. സതീഷ്, കെ. അൻസലൻ, വി.കെ. പ്രശാന്ത് എന്നീ 23 പേർക്കു വീണ്ടും മത്സരിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അനുമതി നൽകിയിട്ടുണ്ട്. പി.കെ.ശശിയുടെ കാര്യത്തിൽ ഇന്നു സംസ്ഥാന കമ്മിറ്റി അന്തിമ തീരുമാനമെടുക്കും. മന്ത്രി ബാലനു പകരം തരൂരിൽ കെ. രാധാകൃഷ്ണന്റെ പേരും ചർച്ച ചെയ്തു. ഡോ: പി.കെ. ജമീലയും പട്ടികയിലുണ്ട്.

ജി. സുധാകരനു പകരം അമ്പലപ്പുഴയിൽ എച്ച്. സലാമിനാണു സാധ്യത. ആലപ്പുഴയിൽ മന്ത്രി തോമസ് ഐസക്കിനു പകരം ജെ. ചിത്തരഞ്ജൻ വന്നേക്കും. 5 തവണ മത്സരിച്ച രാജു ഏബ്രഹാമിനു പകരം റാന്നിയിൽ റോഷൻ റോയി മാത്യു സ്ഥാനാർത്ഥിയാകും. മന്ത്രിസഭയിലെ രണ്ടാമനായ കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജനെ മത്സര രംഗത്തു നിന്ന് ഒഴിവാക്കിയതോടെ അദ്ദേഹം സംഘടനാ ചുമതലയിലേക്കു വരാനാണ് സാധ്യത. എൽഡിഎഫ് കൺവീനർ, പാർട്ടി ആക്ടിങ് സെക്രട്ടറി എന്നീ 2 ചുമതലകളും തുടർന്നും എ.വിജയരാഘവനെ തന്നെ ഏൽപിക്കുമോ എന്നതിനെ ആശ്രയിച്ചാകും ജയരാജന്റെ സാധ്യത.

കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി പദവിയിൽ മടങ്ങിയെത്താൻ ഇട ഉണ്ടെങ്കിലും ചികിത്സ തുടരുന്നതിനാൽ നിയമസഭാ തിരഞ്ഞെടുപ്പു വേളയിൽ അതിനു സാധ്യത കുറവാണ്. ഇന്നു ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗം ഇക്കാര്യത്തിൽ വ്യക്തത വരുത്തും. അല്ലാത്ത പക്ഷം വിജയരാഘവൻ വഹിക്കുന്ന പദവികളിൽ ഒന്ന് ജയരാജന് കിട്ടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP