Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശബരിമലയിലെ യുവതീ പ്രവേശനം സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നത്തിലേക്ക് തള്ളിവിടുമെന്ന ആശങ്ക ശക്തം; സംഘപരിവാർ സംഘടനകൾ ഒരുങ്ങുന്നത് തുടർച്ചയായി നീണ്ടുനിൽക്കുന്ന പ്രതിഷേധ പരിപാടികൾക്ക്; അക്രമങ്ങൾക്ക് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ടും; സംഘർഷങ്ങളിൽ ഭരണ വൃത്തങ്ങളിലും ആശങ്ക; മുഖ്യമന്ത്രിക്ക് പിന്തുണയുമായി പാർട്ടി സെക്രട്ടറിയും നേതാക്കളും ഒപ്പമുണ്ടെങ്കിലും കടകംപള്ളി അടക്കമുള്ളവർക്ക് അതൃപ്തി; മതിലിനുള്ള പിന്തുണ യുവതീ ദർശനത്തിന് നൽകാതെ സമുദായ നേതാക്കളും

ശബരിമലയിലെ യുവതീ പ്രവേശനം സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നത്തിലേക്ക് തള്ളിവിടുമെന്ന ആശങ്ക ശക്തം; സംഘപരിവാർ സംഘടനകൾ ഒരുങ്ങുന്നത് തുടർച്ചയായി നീണ്ടുനിൽക്കുന്ന പ്രതിഷേധ പരിപാടികൾക്ക്; അക്രമങ്ങൾക്ക് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ടും; സംഘർഷങ്ങളിൽ ഭരണ വൃത്തങ്ങളിലും ആശങ്ക; മുഖ്യമന്ത്രിക്ക് പിന്തുണയുമായി പാർട്ടി സെക്രട്ടറിയും നേതാക്കളും ഒപ്പമുണ്ടെങ്കിലും കടകംപള്ളി അടക്കമുള്ളവർക്ക് അതൃപ്തി; മതിലിനുള്ള പിന്തുണ യുവതീ ദർശനത്തിന് നൽകാതെ സമുദായ നേതാക്കളും

എം മനോജ് കുമാർ

തിരുവനന്തപുരം: ശബരിമല ദർശനത്തിനു യുവതീകൾ എത്തിയതിനെ തുടർന്ന് സംസ്ഥാനം സംഘർഷത്തിലേക്ക് നീങ്ങുന്നു. നീണ്ടുനിന്ന പ്രതിഷേധ പരിപാടികൾക്കാണ് സംഘപരിവാർ സംഘടനകൾ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായാണ് നാളെ ഹർത്താൽ പ്രഖ്യാപിച്ചത്. പിന്നാലെ പലയിടത്തും സംഘർഷം രൂപപ്പെട്ടിട്ടുണ്ട്. ഈ സംഘർഷം നീണ്ടു നിന്നേക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ആചാരലംഘനം സർക്കാർ മേൽനോട്ടത്തിൽ നടന്നതിനാൽ സർക്കാരുമായി ഏറ്റുമുട്ടലിനാണ് ഹിന്ദു സംഘടനാ നീക്കം. സംസ്ഥാനത്ത് വ്യാപകമായി അരങ്ങേറുന്ന അക്രമപ്രവർത്തനങ്ങൾക്ക് ഈ ഹിന്ദു സംഘടനാ നീക്കവുമായി ബന്ധവുമുണ്ട്.

അക്രമത്തിന്റെ സാധ്യതകൾ ചൂണ്ടിക്കാട്ടി വിവിധ ജില്ലകളിൽ നിന്നും രഹസ്യാന്വേഷണ റിപ്പോർട്ടുകളും വന്നിട്ടുണ്ട്. അതേ സമയം ശബരിമലയിൽ ദർശനത്തിനു യുവതികളെ എത്തിച്ച നടപടിയിൽ ഭരണവൃത്തങ്ങളിൽ ആശങ്ക ഉടലെടുത്തിട്ടുണ്ട്. ആശങ്കയുടെ പശ്ചാത്തലത്തിൽ ഭരണകൂടം സ്ഥിതിഗതികൾ വിലയിരുത്തിക്കൊണ്ടിരിക്കുന്നുണ്ട്. യുവതീ പ്രവേശന കാര്യത്തിൽ പ്രതിഷേധത്തിന് ആഹ്വാനം മുഴങ്ങുകയും ബിജെപി പ്രവർത്തകർ വാഹനങ്ങൾ തടയുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സംഘർഷ സാധ്യത അധികരിച്ചിരിക്കുകയാണ്.

യുവതീകളെ സന്നിധാനത്ത് എത്തിച്ചതിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും മറ്റു ചില നേതാക്കൾക്കും വിയോജിപ്പുണ്ട് എന്നാണ് സൂചന. യുവതീ പ്രവേശന വിഷയത്തിൽ എതിർ നിലപാട് പലപ്പോഴും സ്വീകരിക്കുന്നതിനാൽ ഇന്നു രാവിലെയുള്ള ശബരിമല യുവതീ ദർശനം കടകംപള്ളിയെ മുഖ്യമന്ത്രി അറിയിച്ചില്ല എന്നാണ് പുറത്തു വന്ന വിവരം. കടകംപള്ളി മാത്രമല്ല ദേവസ്വം പ്രസിഡന്റ് എ.പത്മകുമാറും യുവതികളെ സന്നിധാനത്ത് എത്തിക്കുന്ന വിവരം അറിഞ്ഞിരുന്നില്ല.

യുവതീ പ്രവേശന വിഷയത്തിൽ സർക്കാർ തലത്തിൽ ആശങ്കകൾ ശക്തമായിരിക്കെ സിപിഎമ്മിനകത്തും ആശങ്കകൾ ശക്തമാണ്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സർക്കാർ നടപടിയെ അനുകൂലിച്ച് മുന്നോട്ട് വന്നിട്ടുണ്ട്. മന്ത്രി ഇ പി ജയരാജനും ഈ നിലപാടിലാണ്. എങ്കിലും കോടിയേരി അടക്കമുള്ളവർക്ക് ഈ വിഷയത്തിൽ സംഘപരിവാറിനെ നേരിടേണ്ടി വരുന്നതിൽ ആശങ്ക നിലനില്ക്കുന്നുണ്ട്.

വനിതാ മതിലിനു പാർട്ടി നൽകിയ പിന്തുണ ശബരിമല യുവതീ പ്രവേശന വിഷയത്തിൽ പാർട്ടി നൽകിയിട്ടില്ല. ഇതും പാർട്ടിക്കുള്ളിൽ പ്രതിസന്ധി സംജാതമാക്കുന്നുണ്ട്. വെള്ളാപ്പള്ളിയെ പോലുള്ള എസ്എൻഡിപി നേതാക്കളും ഈ നിലപാടിലാണ്. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ഈഴവ സമുദായത്തിലെ ഭൂരിപക്ഷ വികാരം എതിരാണ്. അതുകൊണ്ട് മതിൽ വിഷയത്തിലുള്ള പിന്തുണ യുവതി പ്രവേശനത്തിന് നൽകാൻ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.

പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കൈവിട്ട കളിയാണോ സർക്കാർ നടത്തുന്നത് എന്നാണ് പാർട്ടിയിലെ ചില കോണുകളിൽ നിന്നും ഉയരുന്ന ചോദ്യം. സർക്കാർ നടപടികൾ ന്യായീകരിക്കേണ്ട ബാധ്യത പാർട്ടിക്ക് വരുന്നതിനാൽ സിപിഎമ്മും ശബരിമല പ്രശ്‌നത്തിൽ പ്രതിസന്ധിയിലാണ്. ശബരിമല പ്രശ്‌നത്തിൽ കോടിയേരിക്ക് മാത്രമല്ല മറ്റു സിപിഎം നേതാക്കൾക്കും സർക്കാർ നടപടികളോട് വിയോജിപ്പുണ്ട്. ആരും അത് ശക്തമായി പ്രകടിപ്പിക്കുന്നില്ലെങ്കിലും ശബരിമല പ്രശ്‌നത്തിൽ സിപിഎമ്മും രാഷ്ട്രീയവും പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ് എന്നാണ് ലഭിക്കുന്ന സൂചനകൾ. വടക്കൻ നേതാക്കൾക്ക് സിപിഎമ്മിലെ ആധിപത്യത്തിന്നെതിരെയാണ് തെക്കൻ നേതാക്കൾ യോജിക്കുന്നത്.

ശബരിമല ഈ നീക്കങ്ങൾക്ക് ഊർജം പകരുന്നുമുണ്ട്. ശബരിമല പ്രശ്‌നത്തിൽ പ്രതിസന്ധിയിലായ തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് പത്മകുമാറിനെ ഉള്ളാലെ സഹായിക്കുന്ന നടപടികളാണ് ദേവസ്വം മന്ത്രി കടകംപള്ളിയിൽ നിന്നും ഉണ്ടായിരുന്നത്. യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ടു പത്മകുമാറിനെ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കാനുള്ള ശ്രമങ്ങൾ വന്നെങ്കിലും അത് വിജയിക്കാതിരുന്നത് ശബരിമലയുമായി ബന്ധപ്പെട്ടു സിപിഎമ്മിൽ നിന്നും വന്ന അടിയൊഴുക്കുകളായിരുന്നു. ഈ ശ്രമത്തെക്കുറിച്ച് ഈയിടെ പരസ്യമായി പത്മകുമാർ പ്രതികരിക്കുകയും ചെയ്തിരുന്നു.

പക്ഷെ ഇന്നത്തെ ശബരിമല യുവതീ പ്രവേശന വിഷയത്തോടെ സിപിഎമ്മിലും പുതിയ പ്രതിസന്ധി സംജാതമാവുകയാണ്. പാർട്ടിക്കുള്ളിലെ എതിർപ്പ് ഏത് രീതിയിൽ പുറത്തു വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. ശബരിമല പ്രശ്‌നത്തിൽ സിപിഎമ്മിൽ പ്രതിസന്ധി സംജാതമായിരിക്കെ ഹിന്ദു സംഘടനകൾ പ്രത്യക്ഷത്തിൽ തെരുവിലേക്ക് നീങ്ങുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കടകളടപ്പിച്ച് പ്രതിഷേധം നടക്കുന്നുണ്ട്. പലയിടത്തും നിർബന്ധപൂർവ്വമാണ് കടകൾ അടപ്പിക്കുന്നത്. മാധ്യമപ്രവർത്തകർക്ക് നേരെയും വ്യാപക ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപെടുന്നുണ്ട്.

തിരുവനന്തപുരം സെക്രട്ടേറിയേറ്റ് ലക്ഷ്യമാക്കി നീങ്ങിയ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞിട്ടുണ്ട്. ഇവർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. പ്രതിഷേധ പ്രകടനം നടത്തിയവർ വരുന്ന വഴിയിൽ വനിതാ മതിലിനായി വച്ചിരുന്ന ബാനറുകളും മറ്റ് തോരണങ്ങളും നശിപ്പിച്ചതായി വാർത്തകളുണ്ട്. നെയ്യാറ്റിൻക്കരയിൽ റോഡ് ഉപരോധം നടക്കുകയാണ്. കർമസമിതി പ്രവർത്തകരും ബിജെപി പ്രവർത്തകരുമാണ് റോഡ് ഉപരോധിക്കുന്നത്. കൊച്ചി കലൂരിലും പ്രതിഷേധപ്രകടനം നടക്കുകയാണ്. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സംസ്ഥാനം സംഘർഷത്തിലേക്ക് നീങ്ങുന്നു എന്നാണ് ഇപ്പോൾ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങൾ വിരൽചൂണ്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP