Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആകാശ് തില്ലങ്കേരിയെ ഔട്ടാക്കിയിട്ടും ഔട്ടാകാതെ തിരഞ്ഞെടുപ്പുകാലത്ത് സൈബർ പോരാളി; ജയിലിൽ ഇരുന്നു മൊബൈൽ വഴി സ്വർണക്കടത്ത് ക്വട്ടേഷൻ നടത്തിയിട്ടും കൊടിസുനിയും പാർട്ടിയുടെ ആൾ; അർജ്ജുൻ ആയങ്കിയെ അടക്കം തള്ളിപ്പറഞ്ഞിട്ടും പാർട്ടിയെ വിടാതെ ക്വട്ടേഷനുകാർ

ആകാശ് തില്ലങ്കേരിയെ ഔട്ടാക്കിയിട്ടും ഔട്ടാകാതെ തിരഞ്ഞെടുപ്പുകാലത്ത് സൈബർ പോരാളി; ജയിലിൽ ഇരുന്നു മൊബൈൽ വഴി സ്വർണക്കടത്ത് ക്വട്ടേഷൻ നടത്തിയിട്ടും കൊടിസുനിയും പാർട്ടിയുടെ ആൾ; അർജ്ജുൻ ആയങ്കിയെ അടക്കം തള്ളിപ്പറഞ്ഞിട്ടും പാർട്ടിയെ വിടാതെ ക്വട്ടേഷനുകാർ

അനീഷ് കുമാർ

കണ്ണൂർ: ക്വട്ടേഷൻ സംഘങ്ങളെ പടിക്ക് പുറത്താക്കി സിപിഎം.സംസ്ഥാനം മുഴുക്കെ പാർട്ടി വ്യാപിച്ച് കിടപ്പുണ്ടെങ്കിലും പാർട്ടി കൂടുതൽ കേന്ദ്രീകരിക്കുന്ന കണ്ണൂരിൽ നിന്ന് തന്നെയാണ് ഇത്തവണയും ശുദ്ധികലശത്തിന് തുടക്കമിടുന്നത്. അവിശുദ്ധ കൂട്ടുകെട്ടിലും പ്രവർത്തനങ്ങളിലുമൊക്കെ ഏർപ്പെടുന്ന പാർട്ടി പ്രവർത്തകരെ വാക്കാൽ പുറത്താക്കുന്ന രീതി പണ്ടെ ഉണ്ടെങ്കിലും അവരൊക്കെത്തന്നെയും ആവശ്യമുള്ളപ്പോൾ വീണ്ടും പാർട്ടിയുടെ രക്ഷകരായി എത്തുന്നതാണ് പതിവ് കാഴ്‌ച്ച. ഷൂഹൈബ് വധക്കേസിൽ അകാശ് തില്ലങ്കേരിയെ പുറത്താക്കി എന്നു പറയുമ്പോഴും ഈ അടുത്ത കാലത്ത് വരെ സൈബർ ഇടങ്ങളിൽ പാർട്ടിയുടെ രക്ഷകൻ തന്നെയായിരുന്നു ആകാശ്.മാസങ്ങൾക്ക് മുൻപ് പാർട്ടി ഓഫീസ് അഗ്നിക്കിരയാക്കിയപ്പോഴൊക്കെ പോസ്റ്റുകളും തുറന്നെഴുത്തുകളുമായി ആകാശ് ഉൾപ്പടെയുള്ളവർ സജീവമായി രംഗത്തുണ്ടായിരുന്നു.

എന്നാൽ രാമനാട്ടുകര സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പാർട്ടിയോട് അടുത്ത് പ്രവർത്തിക്കുന്ന അർജ്ജുൻ ആയങ്കി ഉൾപ്പടെ സൈബർ സഖാക്കൾക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതാണ് ഇപ്പോൾ ക്വട്ടേഷൻ സംഘങ്ങളുടെ കാര്യത്തിൽ പാർട്ടിയെ പ്രതിരോധത്തിലായിരിക്കുന്നത്. കൊലപാതകത്തിന് പുറമെ കഴിഞ്ഞ തവണ സർക്കാരിനെ ഏറ്റവും കൂടുതൽ വെള്ളം കുടുപ്പിച്ച സ്വർണ്ണക്കടത്തിലേക്ക് വരെ സൈബർ സഖാക്കളായ ചിലർ വഴി പാർട്ടിയുടെ പേര് വലിച്ചിഴക്കുമ്പോഴാണ് ക്വട്ടേഷൻ സംഘങ്ങളെയും ആകാശ് തില്ലങ്കേരിയെയും അർജ്ജുൻ ആയങ്കിയെയും ഉൾപ്പടെ തള്ളിപ്പറഞ്ഞ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ നേരിട്ടെത്തിയത്.

ആകാശ് തില്ലങ്കേരിയെയും അർജുൻ ആയങ്കിയെയുമൊന്നും സിപിഎം സൈബർ പ്രചരണത്തിന്റെ ചുമതല എൽപ്പിച്ചിട്ടില്ലെന്നായിരുന്നു എം.വി ജയരാജൻ പറഞ്ഞത്. പാർട്ടി സമൂഹത്തിലെ യാതൊരു ക്വട്ടേഷൻ പ്രവർത്തനത്തെയും അംഗീകരിക്കുന്നില്ല. ഇവർ നടത്തുന്ന ക്വട്ടേഷൻ പ്രവർത്തനങ്ങളെ പൂർണമായും തള്ളിപ്പറയുകയാണ് സമൂഹത്തിന് തന്നെ വിപത്താണ് ഇത്തരം ക്വട്ടേഷൻ സംഘങ്ങളെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കൊടിയുടെ നിറം നോക്കിയല്ല ഇവർ ക്വട്ടേഷൻ നടത്തുന്നത് സോഷ്യൽ മീഡിയയിൽ സിപിഎമ്മിന് അനുകൂലമായി ഇവർ പ്രചാരണം നടത്തുന്നത് പാർട്ടി അണികളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

ആകാശിന്റെ കാര്യത്തിലേതിന് സമാനമായി ഇത്തവണയും വിപുലമായ ക്യാമ്പൈൻ തന്നെയാണ് പാർട്ടിയുടെ തീരുമാനം. ഇതിനായി എല്ലാ പാർട്ടി പ്രവർത്തകരും ഒറ്റ മനസ്സോടെ ഒറ്റ സ്വരത്തിൽ കൊട്ടേഷനെ തള്ളിപ്പറയണമെന്ന് പാർട്ടി പ്രഖ്യാപിച്ചു കഴിഞ്ഞു.

ക്വട്ടേഷനിലേർപ്പെടുന്ന ഒരാൾക്കും പാർട്ടിയിൽ സ്ഥാനമുണ്ടാകില്ല

സാമൂഹ്യ വിപത്തിനെതിരെ പാർട്ടി എന്നും സ്വീകരിക്കുന്ന ക്യാമ്പൈൻ മോഡൽ തന്നെയാണ് ഇവിടെയും. ക്വട്ടേഷൻ സംഘങ്ങളെ പാർട്ടി കണ്ണൂർ ജില്ല സെക്രട്ടറി തള്ളിപ്പറഞ്ഞ് നിമിഷങ്ങൾക്കകം ക്യാമ്പൈന്റെ പോസ്റ്ററുമായി സഖാക്കളുടെ വാട്‌സ് ആപ്പ് സ്റ്റാറ്റസുകളും എഫ് ബി പേജുകളും നിറഞ്ഞു കഴിഞ്ഞു.ക്വട്ടേഷൻ - മാഫിയ സംഘങ്ങൾക്കും സാമൂഹ്യ തിന്മകൾക്കുമെതിരെ സിപിഎം ന്റെ നേത്വത്തിൽ ജൂലൈ 5ന് വൈകു. 5 മണിക്ക് ജില്ലയിൽ 3801 കേന്ദ്രങ്ങളിൽ വിപുലമായ കാമ്പയിൻ സംഘടിപ്പിക്കുവാനാണ് തീരുമാനം


സ്വർണ്ണകള്ളക്കടത്തും കള്ളപ്പണ ഇടപാടും ശക്തമായ പൊലീസ് നടപടികളുടെ ഫലമായി സമീപകാലത്തായി പുറംലോകം അറിഞ്ഞു തുടങ്ങി.പൊലീസ് നടപടികളുടെ ഫലമായി പല ക്വട്ടേഷനുകളും പാളിപ്പോവുകയാണ് ഉണ്ടായത്. വിദേശത്ത് നിന്ന് കള്ളസ്വർണ്ണവും മറ്റുമായി ചില വാഹകരെത്തുന്നു. അവർ എയർപോർട്ടിൽ വെച്ച് മുൻകൂട്ടി വിവരം നൽകി എത്തിയ ടീമിനെ ഏൽപ്പിക്കുന്നു. വിദേശത്ത് നിന്നും ആസൂത്രണം ചെയ്‌തെത്തിയ മറ്റൊരു ക്വട്ടേഷൻ ടീം വഴിമധ്യേ തട്ടിക്കൊണ്ടുപോകുന്നു. കള്ളസ്വർണ്ണവാഹകർക്ക് ജില്ലയിൽ ഏജന്റുമാരുമുണ്ട്. അത്തരം ചിലരും ക്വട്ടേഷൻകാരും അതിവേഗം സമ്പന്നരായി മാറുന്നു. മണിമാളികകൾ പണിയുന്നു. ഇത്തരക്കാർ സാമൂഹ്യദ്രോഹികളാണെന്ന് എം വി ജയരാജൻ പ്രസ്താവനയിൽ പറയുന്നു.

കൊടകര കുഴൽപ്പണ ഇടപാടാണ് സമീപകാലത്ത് കേരളത്തിൽ നടന്ന ഏറ്റവും വലിയ കള്ളപ്പണ വേട്ട. ബിജെപിയാണ് തെരഞ്ഞെടുപ്പ് സമയത്ത് കോടിക്കണക്കിന് കള്ളപ്പണം കേരളത്തിലെത്തിച്ചതെന്ന് തെളിഞ്ഞു.ജനവിധിയെ അട്ടിമറിക്കാനാണ് കള്ളപ്പണം
കൊണ്ടുവന്നത്. ചില ക്രിമിനലുകൾക്ക് ക്വട്ടേഷൻ നൽകിയാണ് ജില്ലക്കകത്തും പുറത്തുമുള്ള മാഫിയ സംഘങ്ങൾ കള്ളസ്വർണ്ണവും കള്ളപ്പണവും തട്ടിക്കൊണ്ടുപോകുന്നത്. കഞ്ചാവും മയക്കുമരുന്നും ഉൾപ്പെടെയുള്ള സാമൂഹ്യതികൾക്കും ഇക്കൂട്ടർ നേതൃത്വം കൊടുക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നേരത്തെ ക്വട്ടേഷൻ പ്രവർത്തനം നടത്തിയവർ ഇപ്പോൾ സമൂഹത്തിന് മുൻപിൽ മാന്യരാകാൻ ശ്രമിക്കുന്നുണ്ട്.ഇതിനെ സിപിഎം എതിർക്കുകയും തുറന്ന് കാട്ടുകയും ചെയ്യും.ക്വട്ടേഷൻ പ്രവർത്തനങ്ങൾക്കെതിരെ പാർട്ടി അന്വേഷണം നടത്തിയതുകൊണ്ട് കാര്യമില്ല. പൊലിസാണ് ഈ കാര്യം അന്വേഷിച്ചു കണ്ടു പിടിക്കേണ്ടത്.ഇവരെ കണ്ടെത്തി അടിച്ചമർത്താനുള്ള ഉത്തരവാദിത്വം പൊലിസിനുണ്ട്. നേരത്തെ സിപിഎമ്മിനു വേണ്ടി നിരവധി കേസുകളിൽ പ്രതികളായവർ ഇപ്പോൾ സ്വർണ വാഹകരായി മാറുന്നുണ്ട്. അതുകൊണ്ടെന്നും ഇത്തരക്കാരെ സിപിഎം സംരക്ഷിക്കില്ല.

പാർട്ടി ഇത്തരം സ്വർണ വാഹകരെയും ക്വട്ടേഷൻ സംഘങ്ങളെയും തള്ളിപ്പറയുന്നതായി ജയരാജൻ വ്യക്തമാക്കി. ആകാശും ആദർശും മാത്രമല്ല പല പാർട്ടികളിലും ഇത്തരക്കാരുണ്ട് കാവി കൊടിയേന്തിയാണ് പുത്തൻ കണ്ട് പ്രണവ്, ടുട്ടു, ലിനീഷ് എന്നിവർ ക്വട്ടേഷൻ പണിയെടുക്കുന്നത്.മുഹമ്മദ് മർവാൻ സ്വാലിഹ് സൈനുദ്ദീൻ തുടങ്ങി ഒട്ടേറെ പേർ ക്വട്ടേഷൻ പണിയെടുക്കുന്നുണ്ട്.ഇവർ എത് രാഷ്ട്രീയ പാർട്ടിയായാലും തള്ളിപ്പറയണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.


പ്രതിരോധത്തിലാക്കി അർജ്ജുൻ ആയങ്കിയും രാമനാട്ടുകര സ്വർണ്ണക്കടത്തും

പെട്ടെന്നൊരു പത്രസമ്മേളനം നടത്താനും കൊട്ടേഷനെയും ക്വട്ടേഷൻ ഏർപ്പാട് നടത്തുന്നവരെയും ഒരുപോലെ വിമർശിക്കാൻ സിപിഎമ്മിനെ പ്രേരിപ്പിച്ചത് ബിഗ്‌ബിയിലെ ബിലാൽ ജോൺ പറഞ്ഞപോലെ ഒറ്റപ്പേരാണ്. അർജ്ജുൻ ആയങ്കി. കാരണം രാമനാട്ടുകര സ്വർണ കടത്തിലെ മുഖ്യ ആസുത്രകനെന്ന് കരുതുന്ന അർജുൻ ആയങ്കി കണ്ണൂരിലെ ചില ഉന്നത സിപിഎം നേതാക്കളുടെ അടുപ്പക്കാരനെന്ന് സൂചന പുറത്ത് വന്നത് ഇക്കഴിഞ്ഞ ദിവസമാണ്. അർജുൻ ആയങ്കിയെ കസ്റ്റംസ് തെരയുന്ന സാഹചര്യത്തിൽ സ്വർണ കടത്ത് കേസിൽ സംശയത്തിന്റെ മുൾമുന തങ്ങളിലേക്ക് നീണ്ടു വരുമോയെന്ന ആശങ്കയും ചില ഉന്നത സിപിഎം നേതാക്കൾക്കുണ്ടായിരുന്നു.

ഇ ഒരൊറ്റ കാരണത്തിന്റെ പരിണിത ഫലങ്ങളാണ് കഴിഞ്ഞ മണിക്കൂറിലുണ്ടായ സംഭവ വികാസങ്ങൾ അത്രയും.രാമാനാട്ടുകരയിലെ സ്വർണക്കടത്ത് സംഘത്തിന്റെ ബുദ്ധികേന്ദ്രം അർജുനാണെന്ന് വ്യക്തമായ സാഹചര്യത്തിൽ ഇയാൾ രായ്ക്കുരാമാനം വീട്ടിൽ നിന്നും മുങ്ങുകയായിരുന്നു. എടയന്നൂർ ശുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുമായി അടുത്ത ബന്ധം പുലർത്തുന്ന അർജുൻ ആയങ്കി കൊടി സുനിയും സംഘവും ടി.പി വധക്കേസിലെ തുടർന്ന് ഒളിവിൽ താമസിച്ച മുടക്കോഴി മലയിലേക്ക് കടന്നു കളഞ്ഞതായാണ് സൂചന.

രാമനാട്ടുക്കര കേസ് അന്വേഷിക്കുന്നത് കസ്റ്റംസ് എൻഫോഴ്മെന്റാണ്. ലോക്കൽ പൊലിസിന്റെ സഹായമില്ലാതെ മുടക്കോഴിമല പോലെയുള്ള ഒരു സ്ഥലത്തു നിന്നും ഒളിവിൽ കഴിയുന്നവരെ പിടികൂടാനാവില്ല. മുഴക്കുന്ന് പൊലിസ് സ്റ്റേഷൻ പരിധിയിലാണ് മുടക്കോഴി മല. സിപിഎം പാർട്ടി ഗ്രാമത്തിലെ വനാന്തര പ്രദേശങ്ങളിലൊന്നാണ് ഇത്. വ്യാജവാറ്റ് റെയ്ഡിനു പോലും പൊലിസോ എക്സൈസോ മുടക്കോഴി മലയിൽ വഴി തെറ്റിപ്പോലും കയറാറില്ല.ടി.പി വധക്കേസിലുൾപ്പെടെ വിവിധ രാഷ്ട്രീയ കൊലപാതക കേസിലെ പ്രതികൾക്ക് സിപിഎം ഒളിതാവളമൊരുക്കിയത് ഇവിടെയാണ്.

അഴിക്കൽ കപ്പക്കടവ് വിടുള്ള അർജുൻ ഏറെ കാലമായി കണ്ണൂർ പള്ളിക്കുന്നിലെ ഇല്ലിക്കൽ എന്ന സ്ഥലം കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചു വരുന്നത്. പള്ളിക്കുന്നിൽ വാടക വീടെടുത്ത് താമസിച്ചു വരുന്ന ഇയാൾ ആഡംബര ജീവിതമാണ് നയിച്ചു വരുന്നതെന്നാണ് അടുപ്പമുള്ളവർ പറയുന്നത്. റിയൽ എസ്റ്റേറ്റ് -ഷെയർ മാർക്കറ്റ് ബിസിനെസാണെന്നാണ് ഇയാൾ അടുപ്പമുള്ളവരുടെയും സുഹൃത്തുക്കളോടും പറഞ്ഞിരുന്നത്.

ഓരോ തവണയും ഓരോ ആഡംബര കാറിലാണ് ചീറിപ്പാഞ്ഞു പോകൽ വീട്ടിൽ വല്ലപ്പോഴുമേ വരാറുണ്ടായിരുന്നുള്ളൂ.എന്നാൽ കഴിഞ്ഞ വർഷം ലോക് ഡൗൺ തുടങ്ങിയതു മുതൽ ഇയാൾ നാട്ടിൽ തന്നെയുണ്ടായിരുന്നു. കോവിഡ് കാലമായതിനാൽ ബിസിനസ് ഡള്ളാണെന്നായിരുന്നു നാട്ടുകാരോടെല്ലാം പറഞ്ഞിരുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കായി അർജുൻ സജീവമായി പ്രവർത്തിച്ചിരുന്നു. സോഷ്യൽ മീഡിയയിലും സിപിഎം സൈബർ പോരാട്ടത്തിന് നേതൃത്വം നൽകിയിരുന്നു.ഇതു മാത്രമല്ല കണ്ണുരിലെ ചില നേതാക്കളുടെ വലിയ ഫാനായിരുന്ന അർജുൻ ഇവർ പങ്കെടുക്കുന്ന രാഷ്ട്രീയ പരിപാടികളിലും നിറഞ്ഞ സാന്നിധ്യവുമാണ്.

കൊടി സുനി മുതൽ ആകാശ് വഴി അർജുനിലേക്ക്

കൊലപാതകത്തിന്റെ ചോരക്കറ തേച്ചാലും മായ്ച്ചാലും പോകാത്ത കണ്ണുരിലെ പാർട്ടിക്ക് ക്വട്ടേഷൻ എന്നത് പുതുമയോ അയിത്തമോ ആയിരുന്നില്ല. ടിപി വധക്കേസിലെ കൊടി സുനിയിൽ തുടങ്ങി ഷുഹൈബ് വധക്കേസിലെ ആകാശ് തില്ലങ്കേരി വഴി ഇപ്പോൾ അർജുനിലെത്തി നിൽക്കുകയാണ് ക്വട്ടേഷൻ എന്ന പദവും പാർട്ടിയും തമ്മിലുള്ള ബന്ധം. പാർട്ടി അറിഞ്ഞോ അറിയാതെയോ ഇത്തരക്കാരൊക്കെയും ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുള്ളവർ തന്നെയാണ്.

കൊടി സുനി പേരിന് ജയിലിലാണെങ്കിലും മറ്റൊരാളുടെ സിംകാർഡ് ഉപയോഗിച്ച് പുറത്തുള്ളതിനേക്കാൾ നന്നായി കാര്യങ്ങൾ നിയന്ത്രിക്കുന്നുവെന്നാണ് ഒടുവിൽ സ്വർണ്ണക്കടത്ത് കേസിന്റെ കാര്യത്തിൽ വരെ പൊലീസിന് വ്യക്തമായത്.എങ്കിലും കൃത്യമായ സംരക്ഷണം ലഭിക്കുന്നതിനാൽ തന്നെ ഇയാളെ പ്രതി ചേർക്കാനായിട്ടില്ല.വിയ്യൂർ ജയിലിൽ തടവിൽ കഴിയുമ്പോൾ സ്വർണക്കടത്തുകാരിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് കൊടി സുനി കവർച്ച ആസൂത്രണം ചെയ്തുവെന്നായിരുന്നു പൊലീസിന്റെ നിഗമനം. ഇതിൽ ക്വട്ടേഷൻ ഏറ്റെടുത്ത കുപ്രസിദ്ധ കുറ്റവാളി കാക്ക രഞ്ജിത്തും കൂട്ടാളികളും അറസ്റ്റിലായിരുന്നു. കൊടിസുനിയെ ജയിലിലെത്തി ചോദ്യം ചെയ്‌തെങ്കിലും ഇതുവരെ പ്രതിചേർക്കാൻ കഴിഞ്ഞില്ല.

ചൊക്ലിസ്വദേശിയുടെ പേരിലെടുത്ത സിംകാർഡ് ഉപയോഗിച്ച് രാപകൽ ഭേദമില്ലാതെ കൊടി സുനി പലരെയും വിളിക്കുന്നുണ്ടെന്ന് പൊലീസ് അന്ന് ജയിൽ എ.ഡി.ജി.പി.ക്ക് റിപ്പോർട്ട് നൽകിയെങ്കിലും അതിലും റെയ്ഡിനുപോലും തയാറായില്ല. പിന്നീട് കോഴിക്കോട്ട് ചുമതലയേറ്റ ഒരു ഡെപ്യൂട്ടി കമ്മിഷണർ പുനരന്വേഷണത്തിന് ശ്രമിച്ചെങ്കിലും മുന്നോട്ടുപോയില്ല. നല്ലളത്ത് കവർച്ച നടത്തിയ ദിവസംതന്നെ കോഴിക്കോട് വിമാനത്താവളം വഴിയെത്തിയ കണ്ണൂരുകാരന്റെ സ്വർണവും തട്ടിയെടുക്കാൻ ആസൂത്രണം നടത്തിയിരുന്നു. പക്ഷേ, പാളിപ്പോയി.

പിന്നീട് തിരുനെല്ലിയിൽ അഞ്ചുകോടിരൂപ തട്ടിയെടുക്കാനും ജയിലിൽ ആസൂത്രണം നടത്തി. കർണാകടയിൽനിന്ന് സ്വർണം വിറ്റ് മടങ്ങുകയായിരുന്ന സംഘത്തിൽനിന്ന് തട്ടിയെടുത്ത അഞ്ചുകോടി രൂപയിൽ പത്തുലക്ഷം ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജയിൽ ശിക്ഷയനുഭവിക്കുന്ന കൊടി സുനിയുടെ സഹതടവുകാരന് വീട് നിർമ്മിക്കാൻ ലഭിച്ചുവെന്നും പൊലീസ് പറഞ്ഞു.ക്വട്ടേഷൻ സംഘം കവർച്ച ചെയ്യുന്ന സ്വർണം സ്ഥിരമായി വാങ്ങുന്ന കൊല്ലം സ്വദേശി രാജേഷ് ഖന്നയ്ക്ക് സുനിയുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിരുന്നു.
മാത്രമല്ല രാജേഷ് ഖന്നയ്ക്ക് വേണ്ടി കണ്ണൂരിൽനിന്നുള്ള ഒരു അഭിഭാഷകന്റെ ജൂനിയറായ അഭിഭാഷകരാണ് ഒട്ടേറെ കേസുകളിൽ കോടതിയിൽ ഹാജരായത്. ഇതുകൊടി സുനി ഏർപ്പാടുചെയ്തുകൊടുത്തതാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

ഷുഹൈബ് വധക്കേസിൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയ ആകാശ് സമീപകാലത്ത് മട്ടന്നുർ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വന്തമായിക്വട്ടേഷൻ സംഘം നടത്തി വരുന്നതായി പാർട്ടിക്ക് വിവരം ലഭിച്ചതോടെയാണ് പാർട്ടിയുടെ എല്ലാ വിഭാഗത്തിൽ നിന്നും ആകാശിനെ പുറത്താക്കിക്കൊണ്ട് പാർട്ടി പ്രസ്താവന ഇറക്കിയത്.എന്നാൽ അതിനു ശേഷവും കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്തും ലീഗ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിഷയത്തിലുമൊക്കെ പാർട്ടിക്കെതിരെ വന്ന ഒരോ ആരോപണത്തെയും തടുക്കാൻ സൈബർ പോരാളിയായി ആകാശ് മുന്നിൽ തന്നെ ഉണ്ടായിരുന്നു.

ഇപ്പോൾ രാമനാട്ടുകരയിൽ അഞ്ചുപേർ വാഹനാപകടത്തിൽമരിച്ച സ്വർണക്കടത്തിലും കണ്ണൂരിൽനിന്നുള്ള അർജുന്റെ സാന്നിധ്യം ക്വട്ടേഷൻ സംഘങ്ങളിലേക്കുള്ള സൂചനയാണ്. അർജുന്റെ കൂടെ ഷഹിൻ എന്നൊരാളും കൂടെ
വിമാനത്താവളത്തിലെത്തിയിരുന്നെന്നാണ് വിവരം. ഈ അർജ്ജുന് കണ്ണുരിലെ ചില പാർട്ടി നേതാക്കളുമായി നല്ല ബന്ധമുണ്ടെന്നും സൂചനകൾ പുറത്ത് വന്നിരുന്നു.കൊടി സുനിയുൾപ്പടെ ഒളിവിൽ താമസിച്ച കേന്ദ്രത്തിലാണ് ഇപ്പോൾ അർജ്ജുൻ ഉള്ളതെന്നും അർജ്ജുന് ആകാശ് ഉൾപ്പടെ ഉള്ളവരുമായി നല്ല ബന്ധമാണെന്നും സൂചനകളുണ്ട്.

പാർട്ടിക്ക് ഞങ്ങളെ വേണ്ടങ്കിലും ഞങ്ങൾക്ക് പാർട്ടിയെ വിടാൻ പറ്റില്ലലോ

ഒരുപക്ഷെ പാർട്ടിക്ക് എങ്ങിനെയെങ്കിലും പിടിച്ചുനിർത്താൻ കഴിയുന്ന കൊലപാതകത്തിൽ നിന്ന് ആകാശും അർജുനുമൊക്കെ കാലത്തിനനുസരിച്ച് കോലം മാറണമെന്ന തത്വം ഉൾക്കൊണ്ട് സ്വർണ്ണക്കടത്തുൾപ്പടെയുള്ള വിഷയത്തിലേക്ക് ചുവട് മാറിയതോടെയാണ് പാർട്ടി പെട്ട് പോയത്.ഇതോടെ ഇവരെ മാത്രമല്ല കൊട്ടേഷനെത്തന്നെ പടിയടച്ച് പുറത്താക്കേണ്ട സ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണ് പാർട്ടി.

ആകാശ് തില്ലങ്കേരിയെ മട്ടന്നൂർ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള കോട്ടേഷൻ സംഘത്തിന്റെ പേരിൽ പാർട്ടിയിൽ നിന്നും പുറത്താക്കിയ സമയം... അന്നും ഇന്നത്തെപ്പോലെ അകാശിനെതിരെ രഹസ്യമായി പാർട്ടിയിൽ തന്നെ ക്യാമ്പൈൻ ഉണ്ടായിരുന്നു. അക്രമത്തിനും ലഹരിക്കുമെതിരെ എന്ന രീതിയിൽ പാർട്ടി കണ്ണൂർ ജില്ലയിൽ നടത്തിയ ക്യാമ്പൈൻ അക്ഷരാർത്ഥത്തിൽ ആകാശിനെതിരെയായിരുന്നു.പക്ഷെ അതൊക്കെ തന്നെയും വെറും പ്രഹസനങ്ങളായി മാറി എന്നതാണ്്യാഥാർത്ഥ്യം.പതിവിൽ കവിഞ്ഞ ഊർജ്ജ്വ സ്വലതയോടെ പിന്നിടുള്ള തെരഞ്ഞെടുപ്പ് സമയത്ത് വരെ ആകാശിന്റെ സൈബർ ഇടത്തെ ഇടപെടൽ നാം കണ്ടതാണ്

തങ്ങളെ പാർട്ടിക്ക് വേണ്ടെങ്കിലും പാർട്ടിക്ക് തങ്ങളെ വേണമെന്നതാണ് ഇവരുടെ ഒരു ലൈൻ. പല തവണ പാർട്ടി തള്ളിപ്പറഞ്ഞിട്ടും താൻ പോകില്ലെന്ന നിലപാടുമായി ഇന്നം പാർട്ടിക്കുവേണ്ടി സംസാരിക്കുന്ന ആകാശിനെപ്പോലെ ആകാശിന്റെ ഉറ്റ സുഹൃത്തുക്കളിലൊരാളായ അർജ്ജുനും തിരിച്ചു വരുമോ എന്ന് കാത്തിരുന്നു കാണം. അനുഭവം പൊതുവേ അതാണല്ലോ..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP