Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോൺഗ്രസിനെയും വിമതരെയും കൂട്ടുപിടിച്ച് മുസ്ലിംലീഗ് കോട്ടകൾ തകർക്കാൻ സിപിഐ(എം); ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പൊന്നാനി മോഡൽ പരീക്ഷണം തദ്ദേശ തെരഞ്ഞെടുപ്പിലും വ്യാപിപ്പിക്കും; മലപ്പുറത്ത് കോൺഗ്രസ് - ലീഗ് ബന്ധം കൂടുതൽ പൊട്ടിത്തെറിയിലേക്ക്

കോൺഗ്രസിനെയും വിമതരെയും കൂട്ടുപിടിച്ച് മുസ്ലിംലീഗ് കോട്ടകൾ തകർക്കാൻ സിപിഐ(എം); ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പൊന്നാനി മോഡൽ പരീക്ഷണം തദ്ദേശ തെരഞ്ഞെടുപ്പിലും വ്യാപിപ്പിക്കും; മലപ്പുറത്ത് കോൺഗ്രസ് - ലീഗ്  ബന്ധം കൂടുതൽ പൊട്ടിത്തെറിയിലേക്ക്

എം പി റാഫി

മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ മലപ്പുറത്തെ കോൺഗ്രസ്-ലീഗ് ബന്ധം കൂടുതൽ പൊട്ടിത്തെറിയിലേക്ക്. മുസ്ലിംലീഗും കോൺഗ്രസും മുന്നണി സംവിധാനത്തിൽ ഭരണം കയ്യാളുന്ന ത്രിതല പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളുമാണ് ജില്ലയിൽ ഭൂരിപക്ഷവും. എന്നാൽ ഭരണ മുന്നണിയിൽ ലീഗും കോൺഗ്രസും നേർക്കുനേർ കൊമ്പുകോർക്കുന്നത് ഇവിടത്തെ പതിവുകാഴ്ചയായി മാറിയിരിക്കുകയാണ്. വൈസ് പ്രസിഡന്റ് സ്ഥാനമോ സ്ഥിരം സമിതി അദ്ധ്യക്ഷ പദവിയോ നൽകി കോൺഗ്രസിനെ മൂലയിലിരുത്തി ലീഗ് ഒറ്റയ്ക്ക് ഭരണം കയ്യാളുന്നുവെന്നതാണ് കോൺഗ്രസിന്റെ പ്രധാന പരാതി. കോൺഗ്രസ് ഇടതുപക്ഷവുമായി ഒന്നിച്ചപ്പോൾ, ഭരണം പൂർത്തിയാക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ പല പഞ്ചായത്തുകളിലും മുസ്ലിംലീഗിന് ഭരണസമിതിക്ക് പുറത്ത് നിൽക്കേണ്ടി വന്നു.ഈയാഴ്ചത്തന്നെ മൂന്നു പഞ്ചായത്തുകളിലാണ് ഈ കളി മൂലം ലീഗിന് ആധിപത്യം നഷ്ടപ്പെട്ടത്.

ഇപ്പോൾ, മലപ്പുറത്തെ കോൺഗ്രസുകാർ സിപിഎമ്മിനോടു ചേർന്ന് ലീഗ് ആധിപത്യത്തിന് വിടുതൽ വരുത്താനുള്ള പരിശ്രമത്തിലാണ്. കോൺഗ്രസുകാർക്കു പുറമെ ലീഗിൽ നിന്നുള്ള വിമതർ കൂടി ഇടതുപക്ഷത്തോടൊപ്പം ചേരുമ്പോൾ വരാനിരിക്കുന്ന തെരഞ്ഞുടുപ്പുകളിൽ യു.ഡി.എഫ് നേതൃത്വത്തിന് കൂടുതൽ വിയർപ്പൊഴുക്കേണ്ടി വരും. ലീഗ് കോട്ടകൾ പിടിച്ചടക്കാൻ കോൺഗ്രസുകാരും ലീഗ് വിമതരും ചേർന്ന് ജനകീയ മുന്നണി രൂപീകരിച്ച് ഇതിനോടകം ഇടതു പക്ഷത്തോട് ചേർന്നു പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. സിപിഐ(എം) മുൻ കേന്ദ്ര കമ്മിറ്റി അംഗവും മുതിർന്ന ഇടത് നേതാവുമായ പാലോളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിൽ ആഴ്ചകൾക്ക് മുമ്പ് ജില്ലയിലെ വിമത നേതാക്കളുമായി രഹസ്യചർച്ച നടത്തിയിരുന്നു. തൊട്ടു പിന്നാലെ ജനകീയ മുന്നണി എന്ന പേരിൽ സംഘടിക്കുകയും ആയിരക്കണക്കിന് വിമതർ പങ്കെടുത്ത കൺവെൺഷൻ നടത്തുകയും ചെയ്തു. യു.ഡി.എഫിൽ നിന്നും അസംതൃപ്തരായ നിരവധി പേരെ ജനകീയമുന്നണിയുടെ ഭാഗമാക്കാൻ സാധിക്കുമെന്നാണ് ഇടതുനേതാക്കളുടെ കണക്കുകൂട്ടൽ.

മുൻ.കെപിസിസി അംഗവും പൊന്നാനിയിൽ ലോക്‌സഭാ മണ്ഡലത്തിൽ നിന്നും ഇടത് സ്വതന്ത്രനായി ജനവിധി തേടിയയാളുമായ വി.അബ്ദുറഹിമാന്റെ നേതൃത്വത്തിലാണ് ജനകീയ മുന്നണിയുടെ പ്രവർത്തനം. തവനൂർ, താനൂർ, തിരൂർ, തിരൂരങ്ങാടി, വള്ളിക്കുന്ന്, കൊണ്ടോട്ടി തുടങ്ങിയ മണ്ഡലങ്ങളിലായിരുന്നു വിമതർ തലപൊക്കിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയുടെ വിവിധ പ്രദേശങ്ങളിലേക്കും യു.ഡി.എഫിലെ പൊട്ടത്തെറി വ്യാപിക്കുകയായിരുന്നു. രണ്ടര വർഷത്തിനു ശേഷം പ്രസിഡന്റ് പദവി നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കമായിരുന്നു രണ്ടു ദിവസം മുമ്പ് ലീഗിന് കരുവാരക്കുണ്ട് പഞ്ചായത്ത് നഷ്ടമാകുന്നതിലേക്ക് എത്തിച്ചത്. ലീഗിന്റെ നേതൃത്വത്തിലുണ്ടായിരുന്ന പഞ്ചായത്ത് ഭരണസമിതിയെ കോൺഗ്രസും സിപിഎമ്മും നേതൃത്വം നൽകുന്ന ഇടതു മുന്നണി അവിശ്വാസത്തിലൂടെ പുറത്താക്കുകയായിരുന്നു. അതേസമയം ഫണ്ട് വകയിരുത്തുന്നത് സംബന്ധിച്ച് യാതൊരുവിധ ചർച്ചയും ലീഗ് നടത്താത്തതാണ് അവിശ്വാസം കൊണ്ടുവരാൻ ഇടയാക്കിയതെന്ന് കോൺഗ്രസ് അംഗങ്ങൾ പറഞ്ഞു.

സമാനമായ സംഭവങ്ങൾ തന്നെയായിരുന്നു മാറാക്കര, തേഞ്ഞിപ്പലം തുടങ്ങിയ പഞ്ചായത്തുകളിലും കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയത്. പാലത്തിന് അനുവദിച്ച 15 ലക്ഷത്തോളം രൂപ വാർഡ് മെമ്പർ പോലുമറിയാതെ മുസ്ലിംലീഗ് ഏകപക്ഷീയമായി വകമാറ്റി ചെലവഴിച്ചെന്ന കാരണത്തിനായിരുന്നു കോട്ടക്കൽ മണ്ഡലത്തിലെ മാറാക്കര പഞ്ചായത്ത് ഭരണസമിതിയിൽ നിന്നും കോൺഗ്രസ് അംഗങ്ങൾ പിന്തുണ പിൻവലിച്ചത്. അതേസമയം ഒഴിവ് വന്ന പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയായിരുന്നു തേഞ്ഞിപ്പലം പഞ്ചായത്തിൽ ലീഗ് -കോൺഗ്രസ് പോര് ശക്തമായത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പെട്ട് കോഴ ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനായിരുന്നു പഞ്ചായത്ത് പ്രസിഡന്റായിരുന്ന ലീഗ് നേതാവ് ഫിറോസ് കള്ളിയിൽ രാജിവച്ച് സ്ഥാനമൊഴിഞ്ഞത്.

തുടർന്ന് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ ഇരുപാർട്ടികളും രംഗത്തുവന്നിരിക്കുകയാണ്. മുസ്ലിം ലീഗിന് ഏഴ് അംഗങ്ങളും കോൺഗ്രസിന് ആറ് അംഗങ്ങളുമാണുള്ളത്. തങ്ങൾക്കും പ്രസിഡന്റ് പദവിക്ക് അർഹതയുണ്ടെന്നായിരുന്നു കോൺഗ്രസ് അംഗങ്ങളുടെ വാദം. എന്നാൽ ലീഗ് വിട്ടുകൊടുക്കാൻ തയ്യാറല്ല. പ്രശ്‌നം രൂക്ഷമായതോടെ ജില്ലാ യു.ഡി.എഫ് കമ്മിറ്റി ഇടപെട്ടെങ്കിലും ഇന്ന് ഇരുപാർട്ടികളും പ്രസിഡന്റ് സ്ഥാനത്തേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുകയാണ്. ഇതിൽ ലീഗിലെ വിമത പക്ഷക്കാരായ മൂന്ന് അംഗങ്ങൾ വോട്ട് ചെയ്യാതെ മത്സരത്തിൽ നിന്നും മാറി നിൽക്കും. ഇതോടെ ലീഗിന് തേഞ്ഞിപ്പലത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടമായേക്കും. ലീഗിലെ വിമതരുമായി ഒന്നിച്ച് ഇവിടെയും ഭരണം മറിക്കാൻ ഇടതിന് പദ്ധതിയുണ്ട്.

ഇത്തരത്തിൽ ലീഗുമായി ഇടഞ്ഞു നിൽക്കുന്നവരെ കൂട്ടുപിടിച്ച് ആദ്യം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും തുടർന്ന് നിയമസഭാ തെരഞ്ഞെടുപ്പിലും അട്ടിമറി വിജയം നേടുക എന്ന ലക്ഷ്യമാണ് സിപിഐ(എം) ഉൾപ്പടെയുള്ള ഇടതുപക്ഷ കക്ഷികൾക്കുള്ളത്. ഇതിനായി ഇവർ കച്ചമുറുക്കി ഒരുപടി മുമ്പേ ഇറങ്ങിയിരിക്കുകയാണ്. ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ വർഷങ്ങളായി ഭരണം കയ്യാളുന്ന മുസ്ലിം ലീഗിൽ നിന്നും അധികാരം തിരിച്ചു പിടിക്കുകയും തുടർന്ന് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനു വേണ്ടി കൂടുതൽ സീറ്റ് നേടുകയുമാണ് വിമത കൂട്ടായ്മകളിലൂടെ ലക്ഷ്യമിടുന്നത്. സിപിഐ(എം) നിയന്ത്രണത്തിലാണ് വിമത കൂട്ടായ്മകൾ രൂപപ്പെടുന്നതും പ്രവർത്തിക്കുന്നതുമെല്ലാം. ഇവർക്ക് വിവിധ മതസംഘടനകളുടെയും സാസ്‌കാരിക കൂട്ടായ്മകളുടെയും പിന്തുണയും ലഭിക്കുന്നുണ്ട്. മലപ്പുറത്ത് യു.ഡി.എഫ് വിട്ട് ഇടതുപക്ഷത്തോടൊപ്പം ചേർന്നുള്ള ലീഗിനെതിരെയുള്ള നീക്കം വ്യാപകമായതോടെ വരും ദിവസങ്ങളിൽ യു.ഡി.എഫ് നേതൃത്വത്തിനും ഡി.സി.സിക്കും കൂടുതൽ തലവേദന ഉണ്ടാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP