Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അരുവിക്കരയിലെ നേട്ടത്തിൽ ഹൈക്കമാൻഡിനു തൃപ്തി പോര; ബിജെപിയുടെ വളർച്ചയിൽ കേന്ദ്ര നേതൃത്വത്തിന് ആശങ്ക; ഇടതുപക്ഷവുമായി രാജ്യവ്യാപകമായി സഹകരിക്കാൻ ആലോചിച്ച് കോൺഗ്രസ് നേതൃത്വം; മോദി തരംഗത്തിനെതിരെ കോൺഗ്രസും സിപിഎമ്മും ഒരുമിച്ചു നിന്നേക്കും

അരുവിക്കരയിലെ നേട്ടത്തിൽ ഹൈക്കമാൻഡിനു തൃപ്തി പോര; ബിജെപിയുടെ വളർച്ചയിൽ കേന്ദ്ര നേതൃത്വത്തിന് ആശങ്ക; ഇടതുപക്ഷവുമായി രാജ്യവ്യാപകമായി സഹകരിക്കാൻ ആലോചിച്ച് കോൺഗ്രസ് നേതൃത്വം; മോദി തരംഗത്തിനെതിരെ കോൺഗ്രസും സിപിഎമ്മും ഒരുമിച്ചു നിന്നേക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎമ്മും കോൺഗ്രസും ഒരു മുന്നണിയായി മത്സരിക്കുന്ന ഒരു കാലം നിങ്ങൾക്ക് ആലോചിക്കാൻ സാധിക്കുമോ? ഒരു ദശകത്തിനകം അങ്ങനെയും സംഭവിച്ചേക്കാമെന്നു സൂചന.

ബംഗാളിലെ പോലെ സിപിഐ(എം) ദുർബലമാകുകയും ബിജെപി ശക്തമാകുകയും ചെയ്യുമ്പോൾ അതു കോൺഗ്രസിന്റെയും അന്ത്യമാകുമെന്നു തിരിച്ചറിഞ്ഞ കോൺഗ്രസ് കേന്ദ്ര നേതൃത്വമാണ് അരുവിക്കരയുടെ വിജയത്തിൽ അമിതാഹ്ലാദം വേണ്ടെന്നു പറയുന്നത്.

മോദി തരംഗത്തിൽ പിടിച്ചുനിൽക്കാൻ കോൺഗ്രസിന് ഇടതുപക്ഷത്തിന്റെ സഹകരണം കൂടിയേ മതിയാകൂ എന്ന തോന്നൽ കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിൽ ശക്തമാകുകയാണ്. ബംഗാളിൽ അതിനുള്ള അവസരം ഒരുങ്ങിയെന്നും കേരളവും അങ്ങോട്ടേക്കാണു നീങ്ങുന്നതെന്നുമാണ് ഹൈക്കമാൻഡ് വിലയിരുത്തൽ.

ബിജെപി ശക്തമാകുകയും ഇടതുപക്ഷത്തിനും യുഡിഎഫിനും വോട്ടു ചോരുകയും ചെയ്ത കാഴ്ചയാണ് അരുവിക്കരയിൽ കണ്ടത്. ഒരർഥത്തിൽ ഇടതുപക്ഷ സ്ഥാനാർത്ഥി എം വിജയകുമാറിന്റെ ജയം നിഷേധിച്ചത് ബിജെപിയുടെ അക്കൗണ്ടിലേക്ക് വോട്ടുകൾ ചോർന്നതാണെന്നു തന്നെ പറയാം. വിവിധ കക്ഷികളുടെ തെരഞ്ഞെടുപ്പു വിശകലനത്തിൽ ഈ വസ്തുത എല്ലാവരും അംഗീകരിച്ചതുമാണ്. ശക്തനായ സ്ഥാനാർത്ഥിയെ നിർത്തി ബിജെപി പോരാടിയില്ലായിരുന്നുവെങ്കിൽ അരുവിക്കരയിലെ തെരഞ്ഞെടുപ്പു ഫലം മറ്റൊന്നാകുമായിരുന്നുവെന്നു തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

സിപിഐ(എം) നേതാക്കൾ തന്നെ ഇക്കാര്യം പരസ്യമായി പറയുന്നുമുണ്ട്. പൊളിറ്റ് ബ്യൂറോ അംഗങ്ങളടക്കം എൽഡിഎഫ് വോട്ടുകൾ ബിജെപിക്കു ചോരാനിടയാക്കിയ സാഹചര്യത്തെക്കുറിച്ച് സൂക്ഷ്മമായി പരിശോധിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഇത്തരത്തിൽ മാറിയ രാഷ്ട്രീയ സാഹചര്യത്തിലാണ് കോൺഗ്രസും സിപിഎമ്മും കൈകോർക്കാനുള്ള വിദൂര സാധ്യതകൾ തെളിയുന്നത്. അങ്ങനെയെങ്കിൽ, വർഗീയ പാർട്ടിയെന്ന ആരോപണമുള്ള ബിജെപിയെ കേരളത്തിൽ കൂടി വേരുറപ്പിക്കുന്നതിനു തടയിടുക എന്ന ലക്ഷ്യമാണ് ഈ നീക്കത്തിനു പിന്നിലുണ്ടാകുക.

കോൺഗ്രസിനോട് കാര്യമായ വിരോധമൊന്നുമില്ലാത്ത എൽഡിഎഫ് ഘടകകക്ഷികളെ യുഡിഎഫിന്റെ ഭാഗമാക്കുക എന്നതാണ് ആദ്യ പടിയായി കോൺഗ്രസ് നേതൃത്വം ചെയ്യുന്നതെന്നാണ് സൂചന. ഇതിനായി ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശം നൽകിയതായും സൂചനയുണ്ട്. കേരളത്തിലെ മുതിർന്ന നേതാക്കളുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും അടുത്തുതന്നെ ഇക്കാര്യത്തിൽ ചർച്ച നടത്തുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

ചിട്ടയായ പ്രവർത്തനം നടത്തിയിട്ടും സഹതാപ തരംഗം ഉണ്ടായിട്ടും യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയം തിളക്കമാർന്നതല്ലെന്നാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ. ബിജെപിയുടെ സാന്നിധ്യം തന്നെയാണ് തങ്ങൾക്കും തിരിച്ചടിയായെന്നാണ് കോൺഗ്രസും കരുതുന്നത്. തങ്ങളുടെ പാളയത്തിൽ നിന്നും ബിജെപിയിലേക്കു വോട്ടുകൾ ചോർന്നതായി കോൺഗ്രസും കരുതുന്നുണ്ട്. അരുവിക്കരയിൽ യുഡിഎഫിനുണ്ടായ തിരഞ്ഞെടുപ്പു വിജയത്തെക്കാൾ ബിജെപി കൈവരിച്ച നേട്ടം വിശകലനം ചെയ്യണമെന്നു രാഹുൽ ഗാന്ധിയും ആവശ്യപ്പെട്ടിരുന്നു. ഇരുപാർട്ടികളും ബിജെപിയുടെ കാര്യത്തിൽ നടത്തിയ വിലയിരുത്തലാണ് ഒരു സിപിഐ(എം) - കോൺഗ്രസ് ബാന്ധവത്തിനുള്ള പുതുവഴികൾ തെളിക്കുന്നതെന്നാണു സൂചന.

സിപിഐയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വീക്ഷണം ദിനപത്രത്തിൽ വന്ന ലേഖനം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. സിപിഎമ്മിനേയും എൽഡിഎഫിനെയും വിട്ട് സിപിഐ യുഡിഎഫിലേക്കു വരുമെന്ന തരത്തിലായിരുന്നു വീക്ഷണത്തിന്റെ മുഖപ്രസംഗം. അന്തരീക്ഷത്തിൽ നിന്നും സൃഷ്ടിച്ചതല്ല ഈ വാർത്തയെന്നും ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് സിപിഐ യുഡിഎഫിലേക്കെന്ന തരത്തിൽ മുഖപ്രസംഗം എഴുതിയതെന്നുമാണ് സൂചന. മുമ്പ് കോൺഗ്രസിനോടു സഹകരിച്ചു പ്രവർത്തിച്ച പാർട്ടിയാണ് സിപിഐ എന്നതും വീക്ഷണത്തിന്റെ മുഖപ്രസംഗത്തിനു വഴിതെളിച്ചു. എൽഡിഎഫിൽ അതൃപ്തിയുള്ള ഘടകകക്ഷികളെ എല്ലാം ഇത്തരത്തിൽ യുഡിഎഫ് പാളയത്തിലേക്കു കൊണ്ടുവരാനുള്ള നീക്കമാണ് ഘട്ടംഘട്ടമായി നടപ്പാക്കാൻ കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നത്.

ഇന്നു ഡൽഹിയിലെത്തുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി കോൺഗ്രസ് നേതാക്കൾ നടത്തുന്ന ചർച്ചയിൽ ഈ വിഷയവും പരിഗണനയിലുണ്ടാകുമെന്നാണ് വിവരം. കേരളത്തിലെ പരിമിതമായ സാഹചര്യത്തിൽ കോൺഗ്രസിനോടുള്ള എതിർപ്പു ശരിയാണെന്നു തോന്നാമെങ്കിലും അതാണോ ഇനി വേണ്ടതെന്ന പുനർവിചിന്തനമാണ് ഇടതുമുന്നണിയിലുള്ളതെന്നാണ് കോൺഗ്രസ് വക്താവ് പി സി ചാക്കോ പറഞ്ഞത്. കോൺഗ്രസുമായി സഹകരിക്കാതെ ഇടതു പാർട്ടികൾക്കു ബിജെപിയെ ചെറുക്കാനാകില്ലെന്നു കഴിഞ്ഞ ദിവസം എ കെ ആന്റണിയും പറഞ്ഞിരുന്നത് ഈ നീക്കത്തിന്റെ മുന്നോടിയായാണ് വിലയിരുത്തൽ.

ഇടതുപക്ഷത്തു നിന്നു കോൺഗ്രസിലേക്കു കൂടുതൽ വ്യക്തികളും സഖ്യകക്ഷികളും വരാനുള്ള സാധ്യത നിലവിലുണ്ടെന്നാണ് വിവിധ കോൺഗ്രസ് നേതാക്കൾ അവകാശപ്പെടുന്നത്. ബംഗാളിലേതിനു സമാനമായ രാഷ്ട്രീയ സാഹചര്യം കേരളത്തിലും ഉരുത്തിരിയുന്നുണ്ടെന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടതായി കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു. കേരളത്തിൽ ബിജെപി വേരുറപ്പിക്കുന്നതു തടയാൻ സിപിഎമ്മും കോൺഗ്രസും കൈകോർക്കുമോ എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP