Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അശ്ലീല വീഡിയോ ആയുധമാക്കിയ സിപിഎം പ്രചരണത്തിൽ തുടക്കത്തിൽ പതറി; വോട്ടിങ് ശതമാനം കുറഞ്ഞതോടെ നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് പ്രതീക്ഷ; എന്നാൽ പി ടി എന്ന വികാരത്തിൽ കോൺഗ്രസ് നേതാക്കളുടെ കണക്കൂ കൂട്ടലും തകർത്ത് വമ്പൻ വിജയം; മഹാഭൂരിപക്ഷം കോൺഗ്രസിനെയും ഞെട്ടിച്ചു

അശ്ലീല വീഡിയോ ആയുധമാക്കിയ സിപിഎം പ്രചരണത്തിൽ തുടക്കത്തിൽ പതറി; വോട്ടിങ് ശതമാനം കുറഞ്ഞതോടെ നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് പ്രതീക്ഷ; എന്നാൽ പി ടി എന്ന വികാരത്തിൽ കോൺഗ്രസ് നേതാക്കളുടെ കണക്കൂ കൂട്ടലും തകർത്ത് വമ്പൻ വിജയം; മഹാഭൂരിപക്ഷം കോൺഗ്രസിനെയും ഞെട്ടിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഉമ തോമസിന്റെ അമ്പരപ്പിക്കുന്ന വിജയത്തിൽ കോൺഗ്രസിനും ഞെട്ടൽ. തെരഞ്ഞെടുപ്പു പ്രചരണ രംഗത്തിൽ യുഡിഎഫിനെ കടത്തിവെട്ടുന്നതായിരുന്നു ഇടതിന്റെ പ്രവർത്തനങ്ങൾ. അശ്ലീല വീഡിയോയും വർഗീയതയുമായിരുന്നു എൽഡിഎഫ് പ്രചരണ രംഗത്ത് ഉപയോഗിച്ചത്. വോട്ടെടുപ്പു ദിനത്തിൽ തന്നെ ലീഗ് പ്രവർത്തകനെന്നു പറയുന്ന ആളെ അറസ്റ്റു ചെയ്തതും യുഡിഎഫിൽ അങ്കലാപ്പ് സൃഷ്ടിച്ചിരുന്നു. പോളിങ് ശതമാനം കുറഞ്ഞതും കോൺഗ്രസിനെ പ്രതിരോധത്തിലാക്കുകയുണ്ടായി.

അതുകൊണ്ട് തന്നെ ഫലം വരുന്നത് വരെ അധികം അവകാശവാദത്തിനൊന്നും കോൺഗ്രസ് നേതാക്കൾ തയ്യാറായില്ല. ഉമ വിജയിക്കുമെങ്കിലും ഭൂരിപക്ഷം കുറയുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ, കോൺഗ്രസിന്റെ പ്രതീക്ഷകളെ പോലും മറികടന്ന് അമ്പരപ്പിക്കുന്ന വിജയാണ് കോൺഗ്രസ് നേടിയത്. പി ടി എന്ന വന്മരത്തിന്റെ അദൃശ്യ സാന്നിധ്യം തന്നെയാണ് ഉമയെ ഈ വിജയത്തിലേക്ക് എത്തിച്ചത്.

ഉരുക്ക് കോട്ടയാണെന്ന ആത്മവിശ്വാസം ഒരു ഘട്ടത്തിലും കോൺഗ്രസിന് തിരിച്ചടിയായില്ല. മണ്ഡലത്തിൽ പുതിയ കാലത്തെ പ്രചാരണ കോലാഹലങ്ങളിൽ വലിയ രീതിയിൽ മുഴുകാതെ, പാരമ്പര്യവഴിയിൽ വോട്ടർ പട്ടികയിൽ ചേർക്കേണ്ടവരെ ചേർത്തും തള്ളേണ്ടവരെ തള്ളിയുമുള്ള പ്രവർത്തനമാണ് കോൺഗ്രസ് പ്രധാനമായും നടത്തിയത്. ഇതിനു പുറമെ, കെ. റെയിലിനായുള്ള കല്ലിടൽ കേരളത്തെ സംഘർഷാന്തരീക്ഷത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

ഇതിന്റെ തുടർച്ചയായി കെ. റെയിലിനായുള്ള കുറ്റിയിടൽ നിർത്തി വെക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതുമനസിലാക്കി യു.ഡി.എഫ് നേതാക്കൾ ഒന്നാകെ, കെ. റെയിൽ മുഖ്യപ്രചാരണ വിഷയമാക്കി. ഈ കെണിയിൽ ഇടതുമുന്നണി വീണു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ, കെ. റെയിൽ ഉൾപ്പെടെയുള്ള വികസനപ്രവർത്തികളും, സംസ്ഥാന സർക്കാറിന്റെ വിലയിരുത്തലുമായി തെരഞ്ഞെടുപ്പ് മാറുമെന്ന് പ്രഖ്യാപിച്ചത് ഇതിന്റെ തെളിവാണ്.

മുഖ്യമന്ത്രിയുൾപ്പെടെയുള്ള സംസ്ഥാനത്തെ മന്ത്രിമാരും ഉന്നത നേതാക്കളും എന്തുവന്നാലും തൃക്കാക്കര സ്വന്തമാക്കി, നിയമസഭയിൽ 100 തികയ്ക്കുമെന്ന പ്രഖ്യാപനവും ഏറെ കരുതലോടെ നീങ്ങാൻ യു.ഡി.എഫിനെ പ്രേരിപ്പിച്ചു. ഇതിനുപുറമെ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി. പ്രസിഡന്റ് കെ. സുധാകരനും കേരള രാഷ്ട്രീയത്തിൽ കരുത്ത് തെളിയിക്കാനുള്ള അവസരമാക്കിമാറ്റി. പ്രഫ. കെ.വി. തോമസിന്റെ രാഷ്ട്രീയ നീക്കം ഒരു ഘട്ടത്തിലും കോൺഗ്രസിനെ നിരാശരാക്കിയില്ല. ഒപ്പം, എറണാകുളത്തെ ഇടത്, പ്രവർത്തകരിൽ തെല്ലും ആവേശം സൃഷ്ടിച്ചില്ല. ഇതു കൃത്യമായി മനസിക്കാൻ ഇടതുമുന്നണിക്ക് കഴിഞ്ഞതുകൊണ്ടാവാം മുഖ്യമന്ത്രി പങ്കെടുത്ത പ്രഥമപൊതുയോഗത്തിനുശേഷം കെ.വി. തോമസിനെ അവഗണിച്ചു.

ഉമ തോമസിന്റെ ലീഡ് ഉയർന്നുകൊണ്ടിരിക്കുമ്പോൾ വോട്ടെണ്ണൽ കേന്ദ്രത്തിനു ചുറ്റും തമ്പടിച്ച യു.ഡി.എഫ് പ്രവർത്തകരുടെ മുദ്രാവാക്യം കെ.വി. തോമസിനോടുള്ള അമർഷം വ്യക്തമാക്കുന്നതാണ്. തുടർഭരണം ലഭിച്ച ഇടത് സർക്കാറിനു മുൻപിൽ കോൺഗ്രസിന്റെ രാഷ്ട്രീയ ഭാവി അവസാനിച്ചില്ലെന്ന് ബോധ്യപ്പെടുത്തേണ്ടത് ഉത്തരവാദിത്വമായി നേതാക്കളെടുത്തതും തിരിച്ചുവരവ് അനിവാര്യമാണെന്ന തിരിച്ചറിവും വിജയവഴി തെളിക്കുകയായിരുന്നു.

തൃക്കാക്കരയിൽ വിജയിച്ചതോടെ നിലവിലെ നിയമസഭയിലെ കോൺഗ്രസിന്റെ ഏക വനിതാ എംഎൽഎ എന്ന ബഹുമതിയും ഉമാ തോമസിനെ തേടിയെത്തി. വടകരയിൽ നിന്നും വിജയിച്ച ആർഎംപിയുടെ കെ കെ രമയാണ് യുഡിഎഫ് ക്യാമ്പിലുണ്ടായിരുന്ന ഏക വനിതാ ജനപ്രതിനിധി. ഇപ്പോൾ രമയ്ക്ക് കൂട്ടായി ഉമയുമെത്തി. കഴിഞ്ഞ മൂന്നു നിയമസഭകളിലും യുഡിഎഫിന് ഒരു വനിതാ എംഎൽഎ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന അപൂർവ്വതയുമുണ്ട്. കഴിഞ്ഞ നിയമസഭയിൽ ഷാനി മോൾ ഉസ്മാനായിരുന്നു കോൺഗ്രസിന്റെ വനിതാ എംഎൽഎ. അരൂരിൽ ഉപതെരഞ്ഞെടുപ്പിലൂടെയാണ് ഷാനിമോൾ നിയമസഭയിലെത്തിയത്.

അതിന് മുമ്പ് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന 2011 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ പി കെ ജയലക്ഷ്മി മാത്രമാണ് വിജയിച്ചത്. യുഡിഎഫിലെ ഏക വനിതാ പ്രതിനിധിയായ ജയലക്ഷ്മി മന്ത്രിയുമായി. കെ എസ് യുവിലൂടെയാണ് ഉമാ തോമസ് പൊതുപ്രവർത്തനരംഗത്തേക്ക് പ്രവേശിക്കുന്നത്. 1982ൽ കെഎസ് യു പാനലിൽ മഹാരാജാസ് കോളജിൽ വനിതാ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു. 1984 ൽ മഹാരാജാസ് കോളജിൽ വൈസ് ചെയർപേഴ്സണായി. 1987 ൽ പിടി തോമസുമായി വിവാഹം. തുടർന്ന് സജീവരാഷ്ട്രീയത്തിൽ നിന്നും പിന്മാറി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP