Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊലപാതക രാഷ്ട്രീയത്തിന്റെ പേരിൽ സിപിഎമ്മിനെ കുറ്റം പറയാൻ കോൺഗ്രസിന് എന്ത് അവകാശം? അമ്മയുടെ മുമ്പിൽ വച്ച് മുൻ ബ്ലോക്ക് സെക്രട്ടറിയെ കുത്തി കൊന്നത് ഗ്രൂപ്പ് വൈരാഗ്യം തീർക്കാൻ

കൊലപാതക രാഷ്ട്രീയത്തിന്റെ പേരിൽ സിപിഎമ്മിനെ കുറ്റം പറയാൻ കോൺഗ്രസിന് എന്ത് അവകാശം? അമ്മയുടെ മുമ്പിൽ വച്ച് മുൻ ബ്ലോക്ക് സെക്രട്ടറിയെ കുത്തി കൊന്നത് ഗ്രൂപ്പ് വൈരാഗ്യം തീർക്കാൻ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ആരോഗ്യപരമായ പൊതു പ്രവർത്തനത്തിന് കൊലപാതക രാഷ്ട്രീയം ഗുണകരമല്ല. കേരളത്തിൽ കൊലപാതക രാഷ്ട്രീയത്തിന്റെ വക്തക്കാളായി സിപിഎമ്മിനെ ഉയർത്തിക്കാട്ടി നേട്ടമുണ്ടാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നതും പൊതു സമൂഹത്തിന് ആക്രമത്തോടുള്ള എതിർപ്പ് തിരിച്ചറിഞ്ഞാണ്.

ടിപി ചന്ദ്രശേഖരൻ കൊലപതാകവും കണ്ണൂരിലെ ബോംബ് രാഷ്ട്രീയവുമെല്ലാം ചർച്ചകളിലെത്തുമ്പോൾ കോൺഗ്രസ് ആഞ്ഞെടിക്കും. സിപിഎമ്മുകാരെ കുഴപ്പക്കാരായി ചിത്രീകരിച്ച് ഗാന്ധിയൻ അഹിംസയുടെ പ്രസക്തി ഓർമിപ്പിക്കും. കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ സമാധാന സ്‌നേഹ പ്രസ്താവനകളുമെത്തും. അരുവിക്കരയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയമാണ് ഉയർത്തി വോട്ട് നേടിയത്. സഹവർത്തിത്വത്തിലൂന്നിയ രാഷ്ട്രീയ പ്രവർത്തനത്തെ കുറിച്ച് മാത്രമേ കേരളത്തിൽ എകെ ആന്റണിയും പറയാറുള്ളൂ.

എന്നാൽ കണ്ണൂരിൽ കോൺഗ്രസിനും ക്രിമിനൽ ബന്ധങ്ങളുണ്ട്. അതെല്ലാം പലപ്പോഴും ചർച്ചകളിലെത്തും. അപ്പോഴെല്ലാം പ്രതിരോധമായി അതിന് വ്യാഖ്യാനിച്ച് കോൺഗ്രസുകാർ രക്ഷപ്പെടും. എന്നാൽ തൃശൂർ ചാവക്കാട് പുത്തൻകടപ്പുറത്ത് കോൺഗ്രസ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചതിൽ പാർട്ടി നേതൃത്വം നിശബ്ദരാണ്. അണ്ടത്തോട് ഹനീഫ(40)യാണ് മരിച്ചത്. കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് സംശയിക്കുന്നു. പക്ഷേ നേതൃത്വത്തിന് മിണ്ടാട്ടമില്ല. അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് ഗുരുവായൂർ മണ്ഡലത്തിൽ കോൺഗ്രസ് ശനിയാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തു. തൃശൂരിലെ എ-ഐ ഗ്രൂപ്പ് പോരാണ് കൊലപാതകത്തിന് കാരണമെന്ന തിരിച്ചറിവോടെയാണ് ഹർത്താലെന്നതാണ് യാഥാർത്ഥ്യം.

മണത്തല ബേബിറോഡ് പഴയ 14-ാം വാർഡിലാണ് യൂത്ത് കോൺഗ്രസ് മുൻ ബ്ലോക്ക് സെക്രട്ടറിയെ വീടിനു ഉമ്മറത്ത് വച്ച് ഉമ്മയുടെ മുന്നിലിട്ട് കുത്തിക്കൊന്നത്. കഴിഞ്ഞ ദിവസം രാത്രി പത്തോടെയാണ് സംഭവം. കുത്തേറ്റ ഹനീഫയെ മുതുവട്ടൂർ രാജ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കോൺഗ്രസ് എ ഗ്രൂപ്പിന്റെ പഴയ നേതാവാണ് ഹനീഫ. മാസങ്ങളായി എ, ഐ ഗ്രൂപ്പുകൾ തമ്മിലുള്ള സംഘട്ടനം ഇവിടെ നിലനിൽക്കുകയാണ്. ഹനീഫയുടെ സഹോദര പുത്രനെ നേരത്തെ ഒരു സംഘം വെട്ടിപരുക്കേൽപ്പിച്ചിരുന്നു. പ്രകോപനവുമില്ലാതെയാണ് ഹനീഫയെ കുത്തിയതെന്ന് പറയുന്നു. ആറോളം വരുന്ന സംഘം വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നുവത്രെ. മൃതദേഹം മുതുവട്ടൂർ രാജ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഭാര്യ. ഷഫ്‌ന.

ഹനീഫയുടെ ജ്യേഷ്ഠന്റെ മകൻ മുഹമ്മദ് ഫറൂഖ് കെ.എസ്.യു.വിന്റെ ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡന്റാണ്. കഴിഞ്ഞമാസം കെ.എസ്.യു. ബ്ലോക്ക് പ്രസിഡന്റ് മുഹമ്മദ് ഫറൂഖും ഐ ഗ്രൂപ്പ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. ഇതിന്റെ തുടർച്ചയാണ് കൊലപാതകമെന്ന് സംശയിക്കുന്നു. ചാവക്കാട്ട് കോൺഗ്രസ് എ, ഐ ഗ്രൂപ്പുകൾ തമ്മിലുള്ള വഴക്ക് തെരുവിലേക്കെത്തുന്ന സ്ഥിതിയിലായിട്ട് കുറച്ചായി. എന്നാൽ ജില്ലാ നേതൃത്വം പോലും ക്രിയാത്മകമായി ഇടപെട്ടില്ല. കെപിസിസി പ്രസിഡന്റിന്റെ സ്വന്തം ജില്ലയിലെ പ്രശ്‌നങ്ങളോട് സംസ്ഥാന നേതൃത്വം അനങ്ങാപ്പാറ നയം സ്വീകരിച്ചു. ഇതോടെ തർക്കങ്ങൾ കത്തിക്കുത്തിലേക്കും മരണങ്ങളിലേക്കും എത്തി. അതിനിടെ ഹനീഫയെ എ ഗ്രൂപ്പുകാരനാക്കാനും ഐ ഗ്രൂപ്പുകാരനാക്കാനും ഇപ്പോൾ ശ്രമം നടക്കുന്നുണ്ട്. എ ഗ്രൂപ്പ് വിട്ടതിന്റെ പ്രതികാരമാണ് കൊലയെന്നാണ് ഐ ഗ്രൂപ്പിന്റെ വാദം. ഇത് കള്ളമാണെന്ന് എ ഗ്രൂപ്പും പറയുന്നു.

ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചാണ് കൊലയെന്നാണ് സംശയം. തൃശൂരെന്നാണ് കെ കരുണാകരന്റെ കോട്ടയായിരുന്നു. ഇവിടെ ഐ ഗ്രൂപ്പിനെ ചോദ്യം ചെയ്യാൻ ആരും ഉണ്ടായിരുന്നില്ല. എന്നാൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായതോടെ കാര്യങ്ങൾ മാറി. തൃശൂരിലെ ഡിസിസി പ്രസിഡന്റു പോലും എ ഗ്രൂപ്പുകാരനായി. പതിയെ ജില്ലയിൽ എ ഗ്രൂപ്പ് ശക്തരായി. ഇതിനെ ചെറുക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പിനായില്ല. ഇത് പലപ്പോഴും തർക്കത്തിനും സംഘർഷത്തിനും ഇട നൽകി. ഈ ഗ്രൂപ്പ പോരിലെ അവസാന രക്തസാക്ഷിയാണ് ഫനീഫ. കൊലപാതക രാഷ്ട്രീയത്തോട് കോൺഗ്രസിനുള്ള താൽപ്പര്യമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന വാദവുമായി സിപിഎമ്മും എത്തിക്കഴിഞ്ഞു. ഗ്രൂപ്പ് പോരിന്റെ പേരിൽ സ്വന്തം പാർട്ടിക്കാരനെ കൊന്ന ശേഷം ഹർത്താലു നടത്തുന്ന നിലയിലേക്ക് കോൺഗ്രസുകാർ തരം താഴ്ന്നുവെന്നാണ് അവരുടെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP