Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

സുധീരനെതിരെ ഒരുമിച്ച് നിന്ന എ-ഐ ഗ്രൂപ്പുകൾ ചേരി തിരിഞ്ഞ് തെരുവിലേക്ക്; ഇതുവരെ നടത്തിയ സമവായ ഫോർമുല എല്ലാം ഇരു കൂട്ടരും ആറ്റിലെറിഞ്ഞു; കെ എസ് യു തെരഞ്ഞെടുപ്പ് ഒരുക്കിയത് അതിശക്തമായ അന്തചിദ്രം; സുധീരൻ കെപിസിസി പ്രസിഡന്റ് പദവി ഒഴിഞ്ഞ നിമിഷം തന്നെ വില അറിഞ്ഞ് കോൺഗ്രസ് പ്രവർത്തകർ

സുധീരനെതിരെ ഒരുമിച്ച് നിന്ന എ-ഐ ഗ്രൂപ്പുകൾ ചേരി തിരിഞ്ഞ് തെരുവിലേക്ക്; ഇതുവരെ നടത്തിയ സമവായ ഫോർമുല എല്ലാം ഇരു കൂട്ടരും ആറ്റിലെറിഞ്ഞു; കെ എസ് യു തെരഞ്ഞെടുപ്പ് ഒരുക്കിയത് അതിശക്തമായ അന്തചിദ്രം; സുധീരൻ കെപിസിസി പ്രസിഡന്റ് പദവി ഒഴിഞ്ഞ നിമിഷം തന്നെ വില അറിഞ്ഞ് കോൺഗ്രസ് പ്രവർത്തകർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഗ്രൂപ്പ് അതിപ്രസരം ഇല്ലാതാക്കാനുള്ള ഒറ്റമൂലിയായിരുന്നു വി എം സുധീരൻ. കെപിസിസി അധ്യക്ഷനായി വി എം എത്തിയതോടെ എ-ഐ ഗ്രൂപ്പുകൾ ഒന്നിച്ചു. സുധീരനെതിരെ പടപൊരുതാനായിരുന്നു ഇത്. അതുകൊണ്ട് തന്നെ ഒരർത്ഥത്തിൽ ഗ്രൂപ്പ് പോരും അവസാനിച്ചത് പോലെയായി. സുധീരനെതിരെയായിരുന്നു രമേശ് ചെന്നിത്തലയുടേയും ഉമ്മൻ ചാണ്ടിയുടേയും യോജിച്ചുള്ള നീക്കം. ബാർ വിവാദത്തിൽ തുടങ്ങി പല നയപരമായ കാര്യങ്ങളിലും ഇരുവരും ഒരുമിച്ചു നിന്നു. സംഘടനാ തെരഞ്ഞെടുപ്പിന് വേണ്ടി പോലും വാദിച്ചു. സൂധീരനെ എങ്ങനേയും കെപിസിസി അസ്ഥാനത്ത് നിന്ന് ഇറക്കുക മാത്രമായിരുന്നു ഇതിന്റെ ലക്ഷം. എന്നാൽ വി എം സുധീരനെതിരെ ഒന്നിച്ച് പടനയിച്ച കോൺഗ്രസിലെ എ-ഐ ഗ്രൂപ്പുകൾ സുധീരന്റെ രാജിയോടെ വീണ്ടും അകന്നു.

ഇനി കോൺഗ്രസിൽ ഗ്രൂപ്പ് പോരിന്റെ കാലമാണ്. കെ.എസ്.യു തിരഞ്ഞെടുപ്പിൽ ജില്ലാ പ്രസിഡന്റ് സ്ഥാനങ്ങൾ വീതംവെക്കാനുള്ള ഐ ഗ്രൂപ്പിന്റെ സമവായ ഫോർമുല തള്ളി മത്സരിക്കാൻ കച്ചകെട്ടിയിറങ്ങി എ ഗ്രൂപ്പ് പതിനാലിൽ 11 ജില്ലകളിലും അധ്യക്ഷ പദം നേടി. ഇത് രമേശ് ചെന്നിത്തല പക്ഷത്തിന് ഏറെ തിരിച്ചടിയാണ്. നിലവിൽ എംഎം ഹസ്സൻ കെപിസിസിയുടെ താൽകാലിക അധ്യക്ഷനാണ്. അദ്ദേഹവും ഉമ്മൻ ചാണ്ടിയുടെ അനുയായി. ഹൈക്കമാണ്ട് കൂടുതലായി ഉമ്മൻ ചാണ്ടിയെ കേൾക്കാൻ തുടങ്ങുന്നു. എ ഗ്രൂപ്പിന്റെ കെ എസ് യു തെരഞ്ഞെടുപ്പിലെ വിജയവും കോൺഗ്രസ് ഹൈക്കമാണ്ട് ശ്രദ്ധിക്കും. അതുകൊണ്ട് തന്നെ സമവായ ചർച്ചകളിലും ഐ ഗ്രൂപ്പിന് മുൻതൂക്കം പോകും. ഇതെല്ലാം ഫലത്തിൽ ഇല്ലാതാക്കുന്നത് രമേശ് ചെന്നിത്തലയുടെ മുഖ്യമന്ത്രി പദമാഹത്തിനാണ്. ഈ സാഹചര്യത്തിൽ ഗ്രൂപ്പ് രാഷ്ട്രീയം ചെന്നിത്തലയും സജീവമാക്കും.

Stories you may Like

പുതിയ കെപിസിസി അധ്യക്ഷന്റെ കാര്യത്തിൽ അടക്കം എ ഗ്രൂപ്പുമായി യാതൊരു സഹകരണവും വേണ്ടെന്ന നിലപാടിലാണ് ഐ ഗ്രൂപ്പ്.  നേരത്തെ കെഎസ് യു തിരഞ്ഞെടുപ്പിൽ എട്ട് ജില്ലകൾ എ യ്ക്കും ആറെണ്ണം ഐയ്ക്കും വിട്ടു കൊടുത്തു കൊണ്ട് മത്സരമൊഴിവാക്കണം എന്ന അഭിപ്രായമായിരുന്നു ഐ ഗ്രൂപ്പിന്. ഇതിനായി അണിയറയിൽ ചർച്ചകൾ നടന്നെങ്കിലും വിട്ടുവീഴ്‌ച്ചകൾക്കില്ലെന്നും മത്സരിച്ചു ജയിച്ചോളാമെന്നുമുള്ള നിലപാടാണ് എ ഗ്രൂപ്പ് സ്വീകരിച്ചത്. ഇതാണ് വിജയിച്ചത്. എ ഗ്രൂപ്പിന്റെ വെല്ലുവിളി രമേശ് ചെന്നിത്തല കാര്യമായെടുത്തില്ല. പ്രതിപക്ഷ സ്ഥാനം ഒഴിഞ്ഞ ഉമ്മൻ ചാണ്ടി സംസ്ഥാനമൊട്ടാകെ സഞ്ചരിച്ച് എ ഗ്രൂപ്പ് യോഗങ്ങളിൽ പങ്കെടുക്കുകയും ഗ്രൂപ്പ് സംവിധാനം ചലനാത്മകമാക്കുകയും ചെയ്തു. കെ എസ് യു ഇലക്ഷനോടെ ഈ നീക്കത്തിന്റെ പ്രാധാന്യം ചെന്നിത്തലയും മനസ്സിലാക്കുന്നു.

മികച്ച തയ്യാറെടുപ്പോടെ കെഎസ് യു തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനായതിന്റെ ആത്മവിശ്വാസത്തിലുള്ള എ ഗ്രൂപ്പ് കെപിസിസിയിലും സംഘടനാ തിരഞ്ഞെടുപ്പെന്ന ആവശ്യം വീണ്ടും ശക്തമാക്കിയേക്കും. അതിന് ശേഷം ഉമ്മൻ ചാണ്ടിയെ കെപിസിസി അധ്യക്ഷനാക്കാനാണ് നീക്കം. ഇത് ചെന്നിത്തലയ്ക്ക് വലിയ തിരിച്ചടിയാകും. കെപിസിസി അധ്യക്ഷനായി ഉമ്മൻ ചാണ്ടിയെത്തിയാൽ കോൺഗ്രസ് രാഷ്ട്രീയമാകെ അദ്ദേഹത്തോടൊപ്പമാകും. സംഘടനാ കരുത്ത് ഉപയോഗിച്ച് പാർട്ടിയിലെ ഒന്നാം നമ്പറുകാരനായി ഭരണത്തലപ്പത്ത് എത്താൻ ഉമ്മൻ ചാണ്ടി വീണ്ടും ശ്രമിക്കുകയും ചെയ്യും. ഇതിനെതിരെ ഐ ഗ്രൂപ്പിനെ യോജിച്ച നിലപാടിലെത്തിക്കാനാണ് ചെന്നിത്തലയുടെ നീക്കം. മുമ്പ് കരുണാകരന്റെ കാലത്ത് ഐ ഗ്രൂപ്പിന് ഒരു നേതാവേ ഉണ്ടായിരുന്നുള്ളൂ. അതായിരുന്നു ലീഡർ കരുണാകരൻ. എന്നാൽ നേതൃത്വം ചെന്നിത്തലയുടെ കൈയിലെത്തിയപ്പോൾ കാര്യങ്ങൾ മാറി. ഇന്നവിടെ വാളെടുത്തവരെല്ലാം വെളിച്ചപാടാണ്. എ ഗ്രൂപ്പിൽ അവസാന വാക്ക് ഉമ്മൻ ചാണ്ടിയും.

ഇത് തന്നെയാണ് കെ എസ് യു തെരഞ്ഞെടുപ്പിൽ എ ഗ്രൂപ്പിന് നിർണ്ണായകമായത്. ഐ ഗ്രൂപ്പിന്റെ സ്വന്തം തട്ടകമായ തൃശ്ശൂർ അടക്കമുള്ള ജില്ലകളിൽ ഉമ്മൻ ചാണ്ടി നേരിട്ടെത്തി ഗ്രൂപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പ്രതിപക്ഷ നേതൃസ്ഥാനം ഐ ഗ്രൂപ്പിന് ലഭിച്ച സ്ഥിതിക്ക് പാർട്ടി അധ്യക്ഷ സ്ഥാനം തങ്ങൾക്ക് അർഹതപ്പെട്ടതാണെന്നാണ് എ ഗ്രൂപ്പ് നിലപാട്. ഇക്കാര്യത്തിൽ ഐ ഗ്രൂപ്പ് പരസ്യമായി എതിർപ്പുന്നയിക്കുന്നില്ലെങ്കിലും ഹൈക്കമാൻഡ് തങ്ങളുടെ അഭിപ്രായം തേടുകയാണെങ്കിൽ പുതിയ സാഹചര്യത്തിൽ ഉമ്മൻ ചാണ്ടിയെ എതിർത്തേക്കുമെന്നാണ് സൂചന. പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്താനുള്ള തിരക്കിട്ട ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുമ്പോൾ കേരളത്തിൽ നിന്ന് ഇക്കാര്യത്തിൽ അഭിപ്രായ സമന്വയം ഉണ്ടാവാനുള്ള സാധ്യതകൾ ഇതോടെ തീർത്തും ഇല്ലാതെയാവും. കെ എസ് യുവിൽ സമവായത്തിന് എ ഗ്രൂപ്പ് തയ്യാറായില്ല. അതുകൊണ്ട് തന്നെ ഉമ്മൻ ചാണ്ടിക്കായി ചെന്നിത്തലയും ഒത്തുതീർപ്പിനില്ല.

സംഘടനാ തെരഞ്ഞെടുപ്പ് നടക്കട്ടേയെന്നാണ് ഐ ഗ്രൂപ്പിന്റെ പക്ഷം. ഇതിനായി താഴെ തട്ടുമുതൽ സംഘടന പിടിക്കാൻ ഐ ഗ്രൂപ്പ് എത്തും. ഇതോടെ എ ഗ്രൂപ്പും മേധാവിത്വത്തിനായി എത്തും. ഇത് സംഘർഷങ്ങളിലേക്ക് കാര്യങ്ങളെത്തിക്കും. എങ്കിലും കുഴപ്പമില്ല പാർട്ടിയുടെ നിയന്ത്രണം നഷ്ടമാകരുതെന്നാണ് ഇരു ഗ്രൂപ്പുകളുടേയും നിലപാട്. കെപിസിസിയുടെ താൽകാലിക അധ്യക്ഷൻ എംഎം ഹസ്സനാണ്. അതുകൊണ്ട് തന്നെ എ ഗ്രൂപ്പ് കൂടുതൽ പിടിമുറുക്കുമെന്ന പേടി ചെന്നിത്തലയ്ക്കുണ്ട്. ഇതിനൊപ്പം ഐ ഗ്രൂപ്പിൽ ഒന്നിലധികം സ്ഥാന മോഹികളും. കെ സുധാകരൻ, കെ സി വേണുഗോപാൽ, വിഡി സതീശൻ, കെ മുരളീധരൻ ഇങ്ങനെ നീളുന്നു പട്ടിക. ഇവരിൽ നിന്ന് ഒരാളെ ഉടൻ നിശ്ചയിച്ച് ഐ ഗ്രൂപ്പ് കെപിസിസി അധ്യക്ഷനായി ഉയർത്തികാട്ടും. അതിന് ശേഷം താഴെ തട്ടിൽ പ്രചരണവും തുടങ്ങും. കരുണാകര വികാരം നിറച്ച് സംഘടന പിടിക്കാനാണ് നീക്കം.

വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് തുടർച്ചയായി തിരിച്ചടി നേരിടുന്ന സാഹചര്യത്തിൽ ഉമ്മൻ ചാണ്ടിയെ പിണക്കി കേരളത്തിലെ സാഹചര്യങ്ങൾ കൂടുതൽ വഷളാക്കാൻ ഹൈക്കമാൻഡ് ശ്രമിച്ചേക്കില്ല. ഇതും ഐ ഗ്രൂപ്പിന് തിരിച്ചടിയാകും. വ്യക്തിപരമായി വിഡി സതീശനോടാണ് രാഹുൽ ഗാന്ധിക്ക് താത്പര്യമെങ്കിലും ഈ നീക്കത്തെ എ ഗ്രൂപ്പ് എതിർക്കും എന്നുറപ്പാണ്. വി എം സുധീരന്റെ രാജിക്ക് ശേഷവും പദവികൾ ഏറ്റെടുക്കാനില്ലെന്ന് ഉമ്മൻ ചാണ്ടി ആവർത്തിച്ച സാഹചര്യത്തിൽ കെവി തോമസ് പാർട്ടി അധ്യക്ഷനാവാനും സാധ്യതകളേറെയാണ്. തിരുവഞ്ചൂർ രാധാകൃഷ്ണനേയും ഉമ്മൻ ചാണ്ടി പരിഗണിച്ചേക്കും. ഏതായാലും എ ഗ്രൂപ്പിൽ അവസാന വാക്ക് ഉമ്മൻ ചാണ്ടിയുടേത് തന്നെയാകുമെന്ന് ഉറപ്പ്.

അങ്ങനെയൊരു പേര് മുന്നോട്ട് വയ്ക്കുമ്പോൾ അതിനെ എതിർക്കാനും സംഘടനാ തെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങളെത്തിക്കാനുമാണ് ചെന്നിത്തലയുടെ നീക്കം. സംഘടനാ തെരഞ്ഞെടുപ്പിൽ മുൻതൂക്കം എ ഗ്രൂപ്പിന് കിട്ടിയാൽ അത് തന്റെ നേതൃത്വത്തിന് പോലും വെല്ലുവിളയാകുമെന്നും ചെന്നിത്തലയ്ക്ക് അറിയാം. അതുകൊണ്ട് തന്നെ രണ്ടും കൽപ്പിച്ചൊരു കളിയാകും ഐ ഗ്രൂപ്പ് വരും ദിനങ്ങളിൽ നടത്തുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP