Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെ സുധാകരന്റെ ചങ്കുറ്റത്തിന്റെ ബലത്തിൽ പ്രതിപക്ഷം സഭയിൽ; മോൻസൻ വിഷയം ഉന്നയിക്കില്ലെന്ന് കരുതിയ ഭരണ പക്ഷ കണക്കുകൂട്ടൽ തെറ്റിച്ച് പ്രതിപക്ഷ തന്ത്രം; കരുതലോടെ മുഖ്യമന്ത്രിയുടെ മറുപടിയും; ആക്രമണം പ്രതിരോധമാക്കുന്ന സുധാകര ശൈലി കോൺഗ്രസ് ഏറ്റെടുക്കുമ്പോൾ

കെ സുധാകരന്റെ ചങ്കുറ്റത്തിന്റെ ബലത്തിൽ പ്രതിപക്ഷം സഭയിൽ; മോൻസൻ വിഷയം ഉന്നയിക്കില്ലെന്ന് കരുതിയ ഭരണ പക്ഷ കണക്കുകൂട്ടൽ തെറ്റിച്ച് പ്രതിപക്ഷ തന്ത്രം; കരുതലോടെ മുഖ്യമന്ത്രിയുടെ മറുപടിയും; ആക്രമണം പ്രതിരോധമാക്കുന്ന സുധാകര ശൈലി കോൺഗ്രസ് ഏറ്റെടുക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎമ്മിന്റെ പൊന്നാപുരം കോട്ടയിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ആളാണ് കെ സുധാകരൻ. അദ്ദേഹം കെപിസിസി പ്രസിഡന്റ് ആയതിന് ശേഷം കോൺഗ്രസ് സംഘടനാപരമായി അൽപ്പം ഉണർവ്വു നേടിയിട്ടുണ്ട്. സംഘടനയെ സെമി കേഡർ ശൈലിയിൽ മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിക്കുമ്പോൾ ഭരണപക്ഷം അദ്ദേഹത്തിനെതിരെ കരുക്കൾ നീക്കുകയും ചെയ്യുന്നു. എന്നാൽ, പ്രതിപക്ഷത്തിന് അപ്പപ്പോൾ തന്നെ മറുപടി നൽകുക എന്ന ശൈലിയാണ് സുധാകരന്റേത്. ആ ശൈലിയിലെ കടന്നാക്രമണം ഇന്ന് നിയമസഭയിൽ പ്രതിപക്ഷത്തു നിന്നും ഉണ്ടായി.

ഇന്നലെ നിയമസഭാ സമ്മേളനം തുടങ്ങുമ്പോൾ മോൻസൻ മാവുങ്കൽ വിഷയമാണ് കത്തി നിന്നത്. ഈ വിഷയത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പ്രതിരോധത്തിലായത് മോൻസന്റെ വീട്ടിൽ ചികിത്സക്ക് പോയതു കൊണ്ടാണ് താനും. സുധാകരൻ മോൻസന് വേണ്ടപെടൽ നടത്തിയെന്ന ആരോപണം ഉയർന്നപ്പോൾ അതിനെ പ്രതിരോധിക്കാനും ഏത് അന്വേഷണത്തെ നേരിടാനും തയ്യാറാണെന്ന വെല്ലുവിളിയാണ് കെപിസിസി അധ്യക്ഷന്റെ ഭാഗത്തു നിന്നും ഉണ്ടായത്. ഇന്നലെ സഭ തുടങ്ങിയപ്പോൾ മോൻസൻ വിഷയം ആരും ഉന്നയിക്കുക ഉണ്ടായില്ല. ഭരണപക്ഷത്തെ ആഭ്യന്തര വകുപ്പിനെ പ്രതിരോധത്തിലാക്കുന്നതാണ് നടപടി എന്നതിനാൽ തന്നെ ഈ വിഷയം ഉന്നയിക്കാൻ ഭരണപക്ഷത്തിനും താൽപ്പര്യം ഉണ്ടായില്ല.

കെപിസിസി അധ്യക്ഷന്റെ ആരോപണ വിധേയനായതിനാൽ പ്രതിപക്ഷവും മോൻസൻ വിഷയം സഭയിൽ ഉന്നയിക്കില്ലെന്നാണ് ഭരണപക്ഷം കരുതിയത്. എന്നാൽ, ഇന്ന് ഈ കണക്കുകൂട്ടത്തൽ തെറ്റിച്ചു കൊണ്ടുള്ള നീക്കമാണ് പ്രതിപക്ഷ നിരയിൽ നിന്നും ഉണ്ടായത്. കെപിസിസി വൈസ് പ്രസിഡന്റ് കൂടിയായ പി ടി തോമസ് മോൻസൻ വിഷയം സഭയിൽ ഉന്നയിച്ചു. അതും അടിയന്തര പ്രമേയ നോട്ടീസായി തന്നെ. കെ സുധാകരന് ഒളിക്കാൻ ഒന്നുമില്ലെന്ന് വ്യക്തമാക്കിയാണ് പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ചത്. വിഷയത്തിൽ മറുപടി നൽകി മുഖ്യമന്ത്രിയും കരുതലെടുക്കുന്ന കാഴ്‌ച്ച സഭയിൽ കണ്ടു. സുധാകരനെതിരെ രാഷ്ട്രീയ പ്രചരണം വേണ്ടെന്ന് നേരത്തെ സിപിഎം തീരുമാനിച്ചിരുന്നു. അതിന്റെ തുടർച്ചയെന്ന് നിലയിലുള്ള മറുപടിയാണ് പിണറായി സഭയിൽ നൽകിയതും.

മുൻ ഡിജിപിയാണ് മോൻസനുമായി അടുത്തബന്ധമുള്ള വ്യക്തി എന്നതും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്ത കൊക്കൂൺ മീറ്റിൽ അനിതക്കൊപ്പം മോൻസൻ പങ്കെടുത്തതുമെല്ലാം ആഭ്യന്തര വകുപ്പിനെ പ്രതിരോധത്തിലാക്കുന്ന കാര്യങ്ങളായി. അതുകൊണ്ട് തന്നെ കരുതലോടെയാണ് മുഖ്യമന്ത്രി പിടി തോമസിന്റെ ആരോപണത്തിന് മറുപടി നൽകിയതും. മോൻസൺ പുരാവസ്തു എന്ന പേരിൽ വ്യാജ സാധനങ്ങൾ കൈമാറി കോടികളുടെ തട്ടിപ്പും തിരിമറിയുമാണ് നടത്തിയത്. നിരവധി പേരെ വഞ്ചിച്ച വ്യക്തിക്ക് സംസ്ഥാനത്തെ മുൻ പൊലീസ് മേധാവി അടക്കം ഉന്നത ഉദ്യോഗസ്ഥരുടെ സംരക്ഷണം ലഭിച്ചിട്ടുണ്ട്. മോൻസണിന്റെ പ്രവർത്തനങ്ങൾ സംശയകരമെന്ന് രഹസ്യാന്വേഷണ വിഭാഗം നേരത്തെ തന്നെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് നൽകിയിരുന്നു. ഇത് കണ്ടില്ലെന്ന് പൊലീസ് നടിച്ചുവെന്ന് പി ടി തോമസ് സഭയിൽ എണ്ണിപ്പറഞ്ഞു.

ഇന്റജിലൻസ് അന്വേഷണം ആവശ്യപ്പെട്ടതിന് മാസങ്ങൾക്ക് മുമ്പേ ബെഹ്‌റ അടക്കം ഉന്നത ഉദ്യോഗസ്ഥർ മോൻസണിന്റെ വീട് സന്ദർശിച്ചു. ആ സമയത്ത് എടുത്ത ഫോട്ടോ മോൻസൺ ദുരുപയോഗം ചെയ്തു. ഇതിന് പിന്നാലെയാണ് മോൻസണിനെതിരെ രഹസ്യവിവരം ലഭിക്കുകയും ഇന്റജിലൻസ് അന്വേഷണം ആവശ്യപ്പെട്ടതും. ബീറ്റ് ബോക്‌സ് അടക്കം മോൻസണിന്റെ വീട്ടിൽ പൊലീസ് സ്ഥാപിക്കുകയും സംരക്ഷണം ഒരുക്കുകയും ചെയ്‌തെന്നും പി.ടി. തോമസ് ചൂണ്ടിക്കാട്ടി.

2019ലെ ഇന്റലിജൻസ് റിപ്പോർട്ട് കണ്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രി അറിയുന്നത് കഴിഞ്ഞ സെപ്റ്റംബറിലാണെന്ന വാദം വിശ്വസിക്കാനാവില്ല. ലോക കേരളസഭ പ്രതിനിധിയായ ഇറ്റലിയിലെ പ്രവാസിയാണ് മോൻസണിന്റെ ഇടനിലക്കാരി. അന്വേഷണം വേണമെന്ന ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിട്ടും ഐ.ജി കേസിൽ ഇടപെട്ടു. തട്ടിപ്പുകാരനാണെന്നും ദുരൂഹതയുണ്ടെന്നുമുള്ള ഇന്റലിജൻസ് റിപ്പോർട്ടുകൾ കാര്യമാക്കിയില്ല. തട്ടിപ്പുകാരുടെ വിളയാട്ടം നടന്നുവെന്നും പി.ടി. തോമസ് ആരോപിച്ചു. പൊലീസ് സമ്മേളനത്തിൽ മോൻസണും ഇറ്റലിയിൽ നിന്നുള്ള ഇടനിലക്കാരിയും പങ്കെടുത്തു. തട്ടിപ്പുകാരെല്ലാം എന്തിന് പിണറായിയുടെ അടുത്തുവരുന്നുവെന്ന് പി.ടി. തോമസ് ചോദിച്ചു. കെപിസിസി അധ്യക്ഷൻ കെ. സുധാകരന് ഒന്നും മറക്കാനില്ലെന്നും പി.ടി. തോമസ് ചൂണ്ടിക്കാട്ടി.

മറുപടി പറഞ്ഞ മുഖ്യമന്ത്രി മോൻസൺ മാവുങ്കലിന്റെ വീട് ആരൊക്കെ സന്ദർശിച്ചുവെന്നും എത്ര ദിവസം താമസിച്ചുവെന്നും ചികിത്സ തേടിയെന്നും ജനങ്ങൾക്കറിയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ വ്യക്തമാക്കി. ആരൊക്കെ എന്തിനൊക്കെ പോയെന്ന് പൊലീസ് കൃത്യമായി അന്വേഷിക്കുന്നുണ്ട്. പൊലീസ് സുഖചികിത്സക്ക് മോൻസണിന്റെ വീട്ടിൽ തങ്ങിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ, സുധാകരന്റെ പേരു പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

വലിയ തുക പിടിച്ചുവെച്ചത് തിരികെ കിട്ടാൻ ഡൽഹിയിൽ സഹായം വേണമെന്ന് പറഞ്ഞു. പണം നൽകിയത് പ്രധാനപ്പെട്ട ആളുടെ സാന്നിധ്യത്തിലാണ്. തട്ടിപ്പിന് കൂട്ടുനിൽക്കുന്ന അവസ്ഥയാണിത്. കോൺഗ്രസിലെ പ്രശ്‌നം ഇവിടുത്തെ ചെലവിൽ പരിഹരിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോടികളുടെ പുരാവസ്തു തട്ടിപ്പ് സംബന്ധിച്ച് പരാതി ലഭിച്ചത് സെപ്റ്റംബർ ആറിനാണ്. ഇതിന് പിന്നാലെ മോൻസണിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. മുൻകൂർ ജാമ്യം തേടി രക്ഷപ്പെടാനുള്ള മോൻസണിന്റെ നീക്കത്തെ പൊലീസ് തടഞ്ഞു. എല്ലാ കാര്യങ്ങളും അന്വേഷണ പരിധിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം മോൻസണിനെതിരെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് ഉണ്ടായിരുന്നിട്ടും പൊലീസ് മൗനം പാലിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. മോൻസണിനൊപ്പമുള്ള മന്ത്രിമാരുടെ ഫോട്ടോകൾ പുറത്തുവന്നു. മന്ത്രിമാർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്ന് പ്രതിപക്ഷം പറഞ്ഞിട്ടില്ല. ഏത് അന്വേഷണവുമായും പ്രതിപക്ഷം സഹകരിക്കും. സുധാകരന്റെ പേരുയർത്തി കുറ്റക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നത് കൗശലമാണ്. മോൻസൺ ഡോക്ടറാണെന്ന് കരുതി പലരും ചികിത്സക്ക് പോയിട്ടുണ്ട്. കോസ്‌മെറ്റിക് ചികിത്സക്ക് പോകുന്നത് കുറ്റമായി കാണേണ്ട. സിനിമ താരങ്ങളും സ്ത്രീകളും മാത്രമല്ല പുരുഷന്മാരും ഇത്തരം ചികിത്സക്ക് പോകാറുണ്ടെന്നും സതീശൻ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെ അടിയന്തര പ്രമേയത്തിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് നിയമസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. കെ സുധാകരന്റെ വിഷയം ഉയർത്തി മുഖ്യമന്ത്രി പ്രതിരോധം തീർക്കുമെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് പ്രതിപക്ഷം വിഷയം ഇന്ന് സഭിൽ ഉയർത്തിയത്. ബെഹ്‌റയുടെ വിഷയത്തിൽ മുഖ്യമന്ത്രി പ്രതിരോധത്തിലാകുന്ന കാഴ്‌ച്ചയും ഇന്നു കണ്ടു. ഏത് അന്വേഷണത്തെയും നേരിടാമെന്ന വെല്ലുവിളി കോൺഗ്രസും ഏറ്റെടുക്കുന്ന കാഴ്‌ച്ചയാണ് ഇന്ന് നിയമസഭയിൽ കണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP