Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202120Sunday

കോൺഗ്രസ് ആദ്യം ശ്രമിക്കുന്നത് പരസ്യ വിഴുപ്പഴക്കൽ ഒഴിവാക്കാൻ; നേതൃത്വം ഒന്നാകെ മാറണമെന്ന വാദത്തിന് ശക്തി പ്രാപിക്കുന്നു; അടിമുടി അഴിച്ചുപണി വേണമെന്ന് പ്രഖ്യാപിക്കുമ്പോഴും ഗ്രൂപ്പ് മാനേജർമാർ വിട്ടു വീഴ്ചയ്ക്കില്ല; നിലനിൽപ്പിന് ആവതില്ലാതായിട്ടും ഒന്നും ചെയ്യാതെ കോൺഗ്രസ്; സുധാകരനേയും തോമസിനേയും വെട്ടാൻ മത്സരം മുറുകുമ്പോൾ

കോൺഗ്രസ് ആദ്യം ശ്രമിക്കുന്നത് പരസ്യ വിഴുപ്പഴക്കൽ ഒഴിവാക്കാൻ; നേതൃത്വം ഒന്നാകെ മാറണമെന്ന വാദത്തിന് ശക്തി പ്രാപിക്കുന്നു; അടിമുടി അഴിച്ചുപണി വേണമെന്ന് പ്രഖ്യാപിക്കുമ്പോഴും ഗ്രൂപ്പ് മാനേജർമാർ വിട്ടു വീഴ്ചയ്ക്കില്ല; നിലനിൽപ്പിന് ആവതില്ലാതായിട്ടും ഒന്നും ചെയ്യാതെ കോൺഗ്രസ്; സുധാകരനേയും തോമസിനേയും വെട്ടാൻ മത്സരം മുറുകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി കെ സുധാകരൻ എത്തരുത്. പ്രതിപക്ഷത്തെ നയിക്കാൻ പിടി തോമസും വേണ്ട. തോമസിനെ കെപിസിസി അധ്യക്ഷനായി പറയുന്നവർക്കും കോൺഗ്രസിൽ ശത്രുക്കൾ കൂടും. കോൺഗ്രസിൽ അഴിച്ചു പണിയും തട്ടിക്കൂട്ടാകുമെന്ന സംശയം അതിശക്തമാകുന്നു. കെപിസിസിയിൽ അടിമുടി അഴിച്ചു പണിയാണ് അണികളുടെ ആഗ്രഹം. എന്നാൽ പാർട്ടി തകർന്നാലും ഗ്രൂപ്പുകൾക്ക് ഒന്നും സംഭവിക്കരുതെന്ന നിലപാടിലാണ് ഗ്രൂപ്പ് മാനേജർമാർ. അതുകൊണ്ട് തന്നെ പ്രശ്‌നം സങ്കീർണ്ണതകളിലേക്ക് കടക്കുകയാണ്. പ്രധാനമായും യൂത്ത് കോൺഗ്രസ്, കെ.എസ്.യു. സംഘടനകളുടെ തിരഞ്ഞെടുപ്പ് പഴയ രീതിയിലാക്കണം. പാർട്ടിയെ നവീകരിക്കുന്നതിനും സംഘടനയെ അടിമുടി ഉടച്ചുവാർക്കുന്നതിനുമുള്ള വിശദമായ ചർച്ച ഉടൻ ആരംഭിക്കണമെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു.

ഇനി ഹൈക്കമാൻഡ് നിയോഗിച്ച നിരീക്ഷകരായ മുൻ ലോക്‌സഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ, പുതുച്ചേരി മുന്മുഖ്യമന്ത്രി വി.വൈദ്യലിംഗം എന്നിവർ കേരളത്തിലെത്തും. ഇവർ പാർട്ടി, നിയമസഭാ കക്ഷി നേതാക്കളുമായി ചർച്ച നടത്തി നൽകുന്ന റിപ്പോർട്ടുകളുടെ കൂടി അടിസ്ഥാനത്തിലായിരിക്കും നേതൃതല മാറ്റങ്ങൾ. മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പാർട്ടിക്കും നേതാക്കൾക്കും അവമതിപ്പു സൃഷ്ടിക്കുന്ന പ്രസ്താവന നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തീരുമാനിച്ചു. പരാജയം ഉണ്ടാക്കിയ അങ്കലാപ്പിനു പിന്നാലെ കൂടുതൽ തർക്കം സൃഷ്ടിച്ച് അന്തരീക്ഷം വഷളാക്കരുത് എന്നാണു പൊതുധാരണ.

കെപിസിസി., ഡി.സി.സി. തലത്തിലുള്ള ജംബോ കമ്മിറ്റികൾ പിരിച്ചുവിടണമെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയുടെ പൊതുവികാരം ഉയർന്നു. നിയമസഭാതിരഞ്ഞെടുപ്പിൽ ജംബോ സമിതികൾകൊണ്ട് കാര്യമായ പ്രയോജനമുണ്ടായില്ലെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. മാത്രമല്ല, ആളുകൂടിയതിനാൽ ആർക്കും ഉത്തരവാദിത്വവുമുണ്ടായില്ല. തിരഞ്ഞെടുപ്പുഫലം വിശദമായി വിലയിരുത്താൻ രാഷ്ട്രീയകാര്യസമിതിയുടെ യോഗം 18, 19 തീയതികളിൽ ചേരും. അതിനുമുമ്പായി മത്സരിച്ച സ്ഥാനാർത്ഥികൾ, ഡി.സി.സി. പ്രസിഡന്റുമാർ, രാഷ്ട്രീയകാര്യസമിതി അംഗങ്ങൾ എന്നിവരിൽനിന്ന് വിശദമായ റിപ്പോർട്ട് വാങ്ങും. എ.ഐ.സി.സി. പ്രതിനിധികളും തോൽവിയെക്കുറിച്ച് പഠിക്കാനെത്തും. മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പാർട്ടിക്കും നേതാക്കൾക്കും അവമതിപ്പുണ്ടാക്കുന്ന പ്രസ്താവനകൾ നടത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കും. പോഷകസംഘടനകളിലും മാറ്റംവേണം.

പാർട്ടിയിൽ പൂർണ ഐക്യം നിലനിർത്തി എല്ലാ തലങ്ങളിലും മാറ്റം വരുത്താാണ് കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി തീരുമാനം. തോൽവിയുടെ പേരിൽ ആരെയും ഒറ്റപ്പെടുത്തിയും കുറ്റപ്പെടുത്തിയും പുറന്തള്ളാൻ പാടില്ലെന്ന പൊതുവികാരം യോഗത്തിലുണ്ടായി. കോൺഗ്രസിൽ വിശ്വാസം അർപ്പിക്കുന്ന ജനങ്ങളുടെയും പ്രവർത്തകരുടെയും ആത്മവീര്യം ഉയർത്താൻ സാധിക്കുന്ന പൊളിച്ചെഴുത്ത് ഹൈക്കമാൻഡിന്റെ പിന്തുണയോടെ നടപ്പാക്കാനാണു ധാരണ. ഒരു അസംബ്ലി മണ്ഡലത്തിലെ പ്രവർത്തനം ഏകോപിപ്പിക്കാൻ ഒരു കമ്മിറ്റി എന്ന പഴയ സംവിധാനം തിരിച്ചുകൊണ്ടുവരും. നിലവിൽ ഒരു നിയോജക മണ്ഡലത്തിൽ 2 ബ്ലോക്ക് കമ്മിറ്റികളുണ്ട്. മത്സരിച്ച എല്ലാ സ്ഥാനാർത്ഥികളിൽനിന്നും അഭിപ്രായങ്ങൾ എഴുതി വാങ്ങും. ഡിസിസികളിൽനിന്നും റിപ്പോർട്ട് ശേഖരിക്കും. രാഷ്ട്രീയകാര്യസമിതി അംഗങ്ങളോടു കൂടുതൽ നിർദ്ദേശങ്ങൾ എഴുതി നൽകാനും ആവശ്യപ്പെട്ടു.

കോൺഗ്രസിൽ ഇപ്പോഴത്തെ ശ്രമം പരസ്യ വിഴുപ്പഴക്കൽ ഒഴിവാക്കാനാണ്. നേതൃത്വം ഒന്നാകെ മാറണമന്ന വാദത്തിന് ശക്തിയും കൂടി. അപ്പോഴും സ്ഥാനങ്ങൾ എയും ഐയും ചേർന്ന് പങ്കിട്ടെടുക്കാനാണ് സാധ്യത. ഗ്രൂപ്പുകൾക്ക് വഴങ്ങുന്നവർ മാത്രം നേതൃസ്ഥാനത്ത് എത്താനാണ് നേതാക്കളുടെ താൽപ്പര്യം. അതിനിടെ രെഞ്ഞെടുപ്പു തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും നിലപാട് എടുത്തു കഴിഞ്ഞു. ഉത്തരവാദിത്തം ഏറ്റെടുത്താൽ മാത്രം പോരെന്നും അതിന്റെ അടിസ്ഥാനത്തിൽ ഓരോരുത്തരും സ്വയം തീരുമാനം എടുക്കണമെന്നും വി.ഡി.സതീശനും ഇന്നലെ പാർട്ടി യോഗത്തിൽ നിലപാട് എടുത്തു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ ഒഴിവാക്കിയാൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെയും നീക്കണമെന്നു മുതിർന്ന നേതാവ് പി.ജെ.കുര്യനും ആവശ്യപ്പെട്ടു.

ആദ്യം സംസാരിച്ച മുല്ലപ്പള്ളി പഴി തന്നിൽ മാത്രം ചാരുന്നതിലുള്ള പ്രതിഷേധം വ്യക്തമാക്കിയതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പു മേൽനോട്ട സമിതി അധ്യക്ഷൻ എന്ന നിലയിൽ തനിക്കും പങ്കുണ്ടെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കിയത്. പ്രതിപക്ഷ നേതാവ് എന്ന ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ഉദ്ദേശിക്കുന്നില്ലെന്നും പരസ്പരം കുറ്റപ്പെടുത്താതെ ഒരുമിച്ചു നിൽക്കേണ്ട സമയമാണെന്നു ചെന്നിത്തലയും പറഞ്ഞു. പ്രതിപക്ഷ നേതാവാകാനാണ് വിഡി സതീശന്റെ ശ്രമം. എന്നാൽ പിണറായിയുമായി അഡ്ജസ്റ്റുമെന്റുകൾക്ക് വഴങ്ങാത്ത പിടി തോമസിനെ പ്രതിപക്ഷ നേതാവാക്കണമെന്നതാണ് പൊതു വികാരം. വിഡി സതീശനേക്കാൾ നല്ലത് രമേശ് ചെന്നിത്തലയാണെന്ന വാദവും ശക്തമാണ്. എന്നാൽ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരന്റെ പേരിനാണ് കൂടുതൽ താൽപ്പര്യക്കാർ. എന്നാൽ ഗ്രൂപ്പ് മാനേജർമാരെല്ലാം ഇതിനെ എതിർക്കുന്നു.

കോൺഗ്രസിനു തിരിച്ചുവരാൻ സാധിക്കുമെന്നും പ്രവർത്തകരുടെ ആത്മവിശ്വാസം നിലനിർത്താൻ കഴിയുന്ന മാറ്റങ്ങൾ അനിവാര്യമാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. അമിത ആത്മവിശ്വാസം വിനയായെന്നും താഴെത്തട്ടിലെ സംഘടനാ ദൗർബല്യങ്ങൾ നീക്കാൻ സാധിച്ചില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറും ചൂണ്ടിക്കാട്ടി. ബിജെപി.ക്ക് വിജയസാധ്യതയുണ്ടായിരുന്ന മൂന്നുമണ്ഡലങ്ങളിൽ അവരെ തടുത്തുനിർത്തിയത് യു.ഡി.എഫ്. സ്ഥാനാർത്ഥികളാണ്. മഹാമാരിയും പ്രളയവും സർക്കാരിനെതിരായ വിഷയങ്ങളെ സമരപഥത്തിലെത്തിക്കുന്നതിന് പ്രതിപക്ഷത്തിന് തടസ്സമായിട്ടുണ്ടെന്നും യോഗം വിലയിരുത്തി.

ഒമ്പതുസീറ്റുകളിൽ ഒതുങ്ങി പരാജയത്തിൽ പതിച്ച പാർട്ടിയെ യുവശക്തിയുടെ മുന്നേറ്റത്തിലൂടെ അധികാരത്തിൽ തിരിച്ചുകൊണ്ടുവന്ന ചരിത്രം യോഗം അനുസ്മരിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP