Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാഷ്ട്രീയക്കാർക്കെതിരേ കാപ്പ ചുമത്തരുതെന്ന ഉത്തരവ് മുഖ്യമന്ത്രി മറന്നതോ കണ്ടില്ലെന്ന് നടിച്ചതോ? വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത്‌കോൺഗ്രസ് നേതാവ് ഫർസീൻ മജീദിന് എതിരെ കാപ്പ ചുമത്തുന്നത് മുൻപ് പൊലീസിന് നൽകിയ നിർദ്ദേശങ്ങളും വിഴുങ്ങി; പറയുന്നതേ ചെയ്യൂ, ചെയ്യാനാവുന്നതേ പറയൂ എന്ന പിണറായിയുടെ വാഴ്‌ത്തുപാട്ട് വീണ്ടും പൊളിയുമ്പോൾ

രാഷ്ട്രീയക്കാർക്കെതിരേ കാപ്പ ചുമത്തരുതെന്ന ഉത്തരവ് മുഖ്യമന്ത്രി മറന്നതോ കണ്ടില്ലെന്ന് നടിച്ചതോ? വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത്‌കോൺഗ്രസ് നേതാവ് ഫർസീൻ മജീദിന് എതിരെ കാപ്പ ചുമത്തുന്നത് മുൻപ് പൊലീസിന് നൽകിയ നിർദ്ദേശങ്ങളും വിഴുങ്ങി; പറയുന്നതേ ചെയ്യൂ, ചെയ്യാനാവുന്നതേ പറയൂ എന്ന പിണറായിയുടെ വാഴ്‌ത്തുപാട്ട് വീണ്ടും പൊളിയുമ്പോൾ

സായ് കിരൺ

തിരുവനന്തപുരം: രാഷ്ട്രീയ പ്രവർത്തകർക്കെതിരേ ഗുണ്ടാ ആക്ട് (കാപ്പ) ചുമത്തരുതെന്ന് മുഖ്യമന്ത്രി നേരിട്ട് പൊലീസിന് നൽകിയ ഉത്തരവ് മറികടന്നാണ് ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ച കണ്ണൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഫർസീൻ മജീദിനെതിരേ കാപ്പ ചുമത്താൻ പൊലീസ് നടപടി തുടങ്ങിയത്. മുൻപ് യു.ഡി.എഫ് ഭരണകാലത്ത് കണ്ണൂരിലെ രാഷ്ട്രീയ കേസുകളുടെ പേരിൽ സിപിഎമ്മിന്റെ മുതിർന്ന നേതാവ് പി.ജയരാജനെതിരേ കാപ്പ ചുമത്താനുള്ള ശ്രമം സിപിഎം. ചെറുത്തു തോൽപ്പിച്ചതാണ്. അന്ന് നിയമസഭയിലടക്കം വൻ കോലാഹലങ്ങളാണുണ്ടായത്. ഇതെല്ലാം മറന്നാണ് കണ്ണൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകനെതിരെ രാഷ്ട്രീയ കേസുകളുടെ എണ്ണം നോക്കി കാപ്പ ചുമത്താൻ പൊലീസിന് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്.

ഗുണ്ടാ ആക്ട് (കാപ്പ) ചുമത്തുന്നത് കരുതലോടെ വേണമെന്നും രാഷ്ട്രീയക്കാർക്കു മേൽ കാപ്പ ചുമത്തരുതെന്നും പൊലീസുദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസിന് കർശന നിർദ്ദേശം നൽകിയിരുന്നതാണ്. കാപ്പ ആക്ട് ദുരുപയോഗം ചെയ്യരുത്. ഇതായിരുന്നു സർക്കാരിന്റെ പൊലീസ് നയം. ഇതെല്ലാം അവഗണിച്ചാണ് രാഷ്ട്രീയക്കാരനായ യുവ നേതാവിനെതിരേ കാപ്പ ചുമത്താനുള്ള നീക്കം. ഫർസീനെതിരേ 16 കേസുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ 19 കേസുകളുണ്ടെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. 19കേസുകളും രാഷ്ട്രീയക്കേസുകളാണെന്ന് അന്നു തന്നെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കിയിരുന്നതാണ്.

കണ്ണൂർ- തിരുവനന്തപുരം ഇൻഡിഗോ വിമാനത്തിലുണ്ടായ പ്രതിഷേധത്തിനെതിരേ പൊലീസ് വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്. വിമാനത്തിൽ തനിക്കെതിരേയുണ്ടായ വധശ്രമം, ആസൂത്രിതമായ ഭീകരപ്രവർത്തനമാണെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷാസംവിധാനങ്ങളെ കബളിപ്പിച്ചുകൊണ്ട് അക്രമം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് അക്രമികൾ വിമാനത്തിൽ കയറിയത്. വിമാനം ലാൻഡ് ചെയ്തയുടൻ അക്രമികൾ മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി മുന്നോട്ടു കുതിച്ചപ്പോൾ എയർഹോസ്റ്റസുമാർ വിലക്കിയെങ്കിലും വകവയ്ക്കാതെ വീണ്ടും മുഖ്യമന്ത്രിക്കു നേരേ നീങ്ങി.

ആക്രമിക്കാനും കൈയേറ്റം ചെയ്യാനും ശ്രമിക്കുന്ന നിലയുണ്ടായി. എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജനും ഗൺമാനും തടഞ്ഞതിനാലാണ് അനിഷ്ടസംഭവങ്ങളുണ്ടാകാതിരുന്നത്. വിമാനത്തിൽ ആക്രമിച്ചാൽ, എത്ര സുരക്ഷയുള്ള ആളായാലും വിമാനജീവനക്കാർക്ക് പ്രതിരോധിക്കാൻ സംവിധാനമില്ലെന്ന് കണ്ട് മുഖ്യമന്ത്രിയെ ലക്ഷ്യം വച്ചുകൊണ്ടുള്ള ഗൂഢാലോചനയാണ് നടന്നത്. മുഖ്യമന്ത്രിയെ വിമാനത്തിൽ നിന്ന് പുറത്തിറക്കാൻ കഴിയാത്ത സാഹചര്യമുണ്ടാക്കുക എന്ന പദ്ധതിയാണ് ആസൂത്രണം ചെയ്തത്. ഒരു ജനാധിപത്യ സംഘടനയും ഇങ്ങനെയൊരു ഭീകരപ്രവർത്തനം ആസൂത്രണം ചെയ്യില്ല- ഇതായിരുന്നു മുഖ്യമന്ത്രിയുടെ വാദം. ഇതുപ്രകാരം പൊലീസ് യൂത്ത് കോൺഗ്രസുകാർക്കെതിരേ വധശ്രമത്തിന് കേസെടുത്തെങ്കിലും കോടതി ജാമ്യം നൽകി. പിന്നാലെ യൂത്ത് കോൺഗ്രസുകാരെ ആക്രമിച്ച എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെതിരേ കോടതി ഉത്തരവു പ്രകാരം കേസെടുക്കുകയും ചെയ്തു.

പൊതുസമൂഹത്തിന്റെ സുരക്ഷയ്ക്കും സമാധാത്തിനും ഭീഷണിയാവുന്ന കെടുംകുറ്റവാളികളെ തുറങ്കലിലടയ്ക്കാനുള്ള നിയമമാണ് കാപ്പ. കാപ്പ ചുമത്താനും കരുതൽ തടങ്കലിലാക്കാനും നിലവിൽ ജില്ലാ കളക്ടർക്കാണ് അധികാരം. കൊള്ളപ്പലിശക്കാർ, അംഗീകൃതമല്ലാത്ത പണമിടപാടുകാർ, വസ്തുക്കൾ തട്ടിയെടുക്കുന്നവർ, ഹവാലയിടപാടുകാർ, ഗുണ്ടാപ്പിരിവുകാർ, അനാശ്യാസക്കാർ, ഗുണ്ടകൾ, ബ്ലേഡ്-മണൽ മാഫിയ, കള്ളനോട്ടടിക്കാർ, മയക്കുമരുന്ന്-വ്യാജമദ്യ ഇടപാടുകാർ എന്നിവർക്കെതിരേ കാപ്പ ചുമത്താം. ഗുണ്ടാനിയമം ചുമത്താനായി ക്രിമിനലുകളുടെ 7വർഷത്തെ കേസുകൾ പരിഗണിക്കും. 5വർഷം ശിക്ഷകിട്ടാവുന്ന ഒരു കേസ്, ഒന്നുമുതൽ അഞ്ചുവർഷം വരെ ശിക്ഷിക്കാവുന്ന രണ്ട് കേസുകൾ എന്നിവയോ മൂന്ന് കേസുകൾ വിചാരണ ഘട്ടത്തിലോ ആണെങ്കിൽ കാപ്പ ചുമത്താം. ഇവർക്കെതിരെ സി.ആർ.പി.സി 170-ാംവകുപ്പുപ്രകാരം കേസെടുക്കും. ജില്ലാമജിസ്‌ട്രേറ്റിന് ഒരുവർഷംവരെ ഇവരെ നാടുകടത്താം. നല്ലനടപ്പ് വിധിച്ചിട്ടും രക്ഷയില്ലെങ്കിൽ ഒരുവർഷം കരുതൽ തടങ്കലിലാക്കും. കാപ്പ ബോർഡിലും ഹൈക്കോടതിയിലും അപ്പീൽ നൽകാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP