Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശോഭനാ ജോർജിന് വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത് ഓർത്തഡോക്‌സ് സഭ; അപ്രതീക്ഷിതമായി ബിജെപി സ്ഥാനാർത്ഥി കുതിപ്പ് നടത്തുന്ന ചെങ്ങന്നൂരിൽ വിഷ്ണുനാഥിന് പോരാട്ടം വീണ്ടും കടുക്കും

ശോഭനാ ജോർജിന് വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത് ഓർത്തഡോക്‌സ് സഭ; അപ്രതീക്ഷിതമായി ബിജെപി സ്ഥാനാർത്ഥി കുതിപ്പ് നടത്തുന്ന ചെങ്ങന്നൂരിൽ വിഷ്ണുനാഥിന് പോരാട്ടം വീണ്ടും കടുക്കും

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ക്രൈസ്തവ വോട്ടുകളുടെ ഏകീകരണത്തിലൂടെ ചെങ്ങന്നൂരിൽ ഹാട്രിക്കാണ് പിസി വിഷ്ണുനാഥ് ലക്ഷ്യമിട്ടത്. ബിജെപിയുടെ അഡ്വക്കേറ്റ് പിസി ശ്രീധരൻ പള്ള നായർ വോട്ടുകളിൽ ഭൂരിപക്ഷവും നേടമെന്ന തിരിച്ചറിവിലാണ് ഇത്. എന്നാൽ കാര്യങ്ങൾ വിഷ്ണുനാഥിന് അത്ര എളുപ്പമല്ല. ചതുഷ്‌കോണ മത്സര ചൂടിൽ തിളയ്ക്കുന്ന ചെങ്ങന്നൂരിൽ ഓർത്തഡോക്‌സ് സഭയും വിഷ്ണു നാഥിന് വോട്ട് ചെയ്യാനില്ല. സ്വതന്ത്രയായി മത്സരിക്കുന്ന ശോഭനാ ജോർജിനൊപ്പമാണ് ഓർത്തഡോക്‌സ് സഭയുടെ മനസ്സ്. ഇതോടെ ആർക്ക് വേണമെങ്കിലും ജയിക്കാവുന്ന അവസ്ഥയിലേക്ക് ചെങ്ങന്നൂരിലെ രാഷ്ട്രീയ ചിത്രം മാറുകയാണ്.

ശോഭനാ ജോർജിന് സഭാ അടിസ്ഥാനത്തിൽ വോട്ട് തേടി ഓർത്തഡോക്‌സ് സഭയുടെ ചെങ്ങന്നൂർ ഭദ്രാസനാധിപൻ രംഗത്ത് എത്തിയിട്ടുണ്ട്. സഭയുടെ മകൾക്ക് വോട്ട് ചെയ്യാൻ ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്തനാസിയോസ് ആഹ്വാനം ചെയ്തു. ചെങ്ങന്നൂർ പുത്തൻതെരുവ് സെന്റ് ഇഗ്‌നേഷ്യസ് പള്ളിയിൽ നടന്ന ധ്യാനത്തിനിടെയാണ് ആഹ്വാനം. യു.ഡി.എഫ് വിമത സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ശോഭനാ ജോർജിന്റെ പേര് എടുത്ത് പറയാതെയായിരുന്നു പ്രഖ്യാപനം. ചെങ്ങന്നൂർ ഭദ്രാസനത്തിലെ 51 പള്ളികളിലെ വിശ്വസികളും വികാരിമാരുമാണ് യോഗത്തിൽ പങ്കെടുത്തിരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പി.സി വിഷ്ണുനാഥിനെതിരെ വിമതയായി രംഗത്തു വന്ന ശോഭനാ ജോർജിനെ സഭ ഇടപെട്ടാണ് സ്ഥാനാർത്ഥിത്വം പിൻവലിപ്പിച്ചത്.

അന്ന് സഭയ്ക്ക് നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്നാണ് സൂചന. ഇതേതുടർന്നാണ് ഇത്തവണ ശോഭന ജോർജിന് പരോക്ഷ പിന്തുണയുമായി സഭാ നേതൃത്വം രംഗത്ത് വന്നത്. മൂന്ന് തവണ എംഎ‍ൽഎയായ ശോഭനാ ജോർജിന് മണ്ഡലത്തിൽ നിർണ്ണായക സ്വാധീനമുണ്ട്. ശോഭനാ ജോർജ് കൂടി രംഗത്തു വന്നതോടെ മണ്ഡലത്തിൽ ചതുഷ്‌കോണ മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. ഓർത്തഡോക്‌സ് സഭയുടെ നിലപാട് തങ്ങൾക്ക് ഗുണകരമാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. എന്നാൽ പാർട്ടി വോട്ടുകൾ ഉറപ്പായതിനാൽ പരമ്പരാഗതമായി ലഭിക്കാത്ത ഈ വോട്ടുകൾ ശോഭനാ ജോർജിന് കിട്ടുന്നത് ജയമൊരുക്കുമെന്ന് ഇടതുപക്ഷവും പറയുന്നു.

അതായത് ഓർത്തഡോക്‌സ് സഭയുടെ പിന്മാറ്റം ബാധിക്കുന്നത് വിഷ്ണുനാഥിനെ മാത്രമാണ്. പരമ്പരാഗതമായി കോൺഗ്രസിന് വോട്ട് ചെയ്യുന്നവരാണ് ചെങ്ങന്നൂരിലെ ഓർത്തഡോക്‌സുകാരെന്നാണ് വിലിയിരുത്തൽ. ഈ വോട്ടുകൾ ശോഭനാ ജോർജിന് മാറുമ്പോൾ തിരിച്ചടി വിഷ്ണുനാഥിന് മാത്രമാണ്. ഒരു സമുദായത്തിന്റെ മാത്രം പിന്തുണയിൽ ശോഭനാ ജോർജിന് ജയിക്കാനാവില്ല. എന്നാൽ കോൺഗ്രസിന്റെ പരമ്പരാഗത വോട്ടുകൾ സ്വതന്ത്ര പക്ഷത്തേക്ക് മാറുന്നത് ഇടതിനും വലതിനും നേട്ടമാകും. പിസി ശ്രീധരൻ പിള്ളയുടെ സ്ഥാനാർത്ഥിത്വമാണ് ചെങ്ങന്നൂരിനെ ശ്രദ്ധേകേന്ദ്രമാക്കിയത്. ചിട്ടയായ പ്രവർത്തനത്തിലൂടെ പ്രചരണത്തിൽ ബിജെപി മുൻതൂക്കം നേടുകയും ചെയ്തു.

സിറ്റിങ് എംഎൽഎ പിസി വിഷ്ണുനാഥിന് ഈസി വാക്കോവർ കിട്ടുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്. എന്നാൽ നേമവും വട്ടിയൂർക്കാവും പോലെ ബിജെപിക്ക് ഏറ്റവും പ്രതീക്ഷയുള്ള മണ്ഡലമായി ചെങ്ങന്നൂർ മാറുകയാണ്. ശ്രീധരൻ പിള്ളയുടെ തന്ത്രപരമായ ഇടപെടലിലൂടെ ചെങ്ങന്നൂർ ബിജെപിയോട് അടുക്കുകയാണ്. പ്രചരണത്തിൽ ഏറെ മുന്നേറിയ ബിജെപി എതിരാളികളെ ബഹുദൂരം ചെങ്ങന്നൂരിൽ പിന്നിലാക്കി. ആലപ്പുഴയിലെ വിഭാഗിയത ചെങ്ങന്നൂരിലെ സിപിഐ(എം) സ്ഥാനാർത്ഥി നിർണ്ണയത്തെ ബാധിച്ചതും ശ്രീധരൻപിള്ളയെ സഹായിക്കുന്ന ഘടകമായി. ഇതിനൊപ്പമാണ് സുകുരമാൻനായരുടെ സർവ്വ പിന്തുണയും. എൻഎസ്എസ് ശ്രീധരൻ പിള്ളയെ പിന്തുണച്ചാൽ വിഷ്ണുനാഥിന്റെ കാര്യം പരുങ്ങലിലാകുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പോലും തിരിച്ചറിഞ്ഞു. അങ്ങനെയാണ് സുകുമാരൻ നായരെ വശത്താക്കാൻ മുഖ്യമന്ത്രി നേരിട്ടെത്തിയത്. എന്നാൽ ശ്രീധരൻ നായരോടുള്ള സുകുമാരൻ നായരുടെ സ്‌നേഹം മനസ്സിലാക്കി മടങ്ങാനേ ഉമ്മൻ ചാണ്ടിക്കായുള്ളൂ എന്നാണ് സൂചന. ഇതിനിടെയാണ് ഓർത്തഡോക്‌സ് സഭയുടെ നിലപാട് വിശദീകരണവും.

എല്ലാ വിഭാഗത്തേയും കൈയിലെടുത്തുള്ള വോട്ട് ചോദ്യത്തിന് വലിയ പ്രതികരണം കിട്ടുന്നുവെന്ന് കോൺഗ്രസും ഇടതുപക്ഷവും തിരിച്ചറിയുന്നു. ഇതോടെ ബിജെപി മുന്നണിക്ക് ജയസാധ്യതയുള്ള മണ്ഡലമായി ചെങ്ങന്നൂർ മാറുകയാണ്. നായർഈഴവക്രൈസ്ത വോട്ടുകൾ ഇവിടെ നിർണ്ണായകമാണ്. സുകുമാരൻനായരിലൂടെ നായർ വോട്ടുകളും ബിഡിജെഎസിലൂടെ ഈഴവരേയും കൈയിലെടുക്കുകയാണ് ശ്രീധരൻ നായർ. കേന്ദ്ര ഭരണത്തിന്റെ സ്വാധീനത്തണലിൽ ക്രൈസ്തവ സഭകളും അടുക്കുന്നു. ചെങ്ങന്നൂരിൽ സിറ്റിങ് എംഎൽഎ പി.സി വിഷ്ണുനാഥിന് ഭീഷണിയായി മുൻ എംഎൽഎ ശോഭന ജോർജ് വിമത സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് പ്രചാരണത്തിൽ സജീവമാണ്. കഴിഞ്ഞ തവണയും വിമത ഭീഷണി ഉയർത്തിയ ശോഭനയെ നേതൃത്വം ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.

ഇത്തവണ അതിന് കഴിഞ്ഞില്ല. ഇതും ശ്രീധരൻപിള്ളയ്ക്ക് പ്രതീക്ഷയാണ്. ശോഭനാ ജോർജ് നേടുന്ന വോട്ടുകൾ ക്രൈസ്തരുടേതാകുമെന്നാണ് വിലയിരുത്തൽ. ഇത് ശരിവയ്ക്കുന്നതാണ് ഓർത്തഡോക്‌സ് സഭയുടെ ആഹ്വാനം. ബിജെപിയെ ജയിപ്പിക്കാനുള്ള സഭയുടെ തന്ത്രമായി ഇതിനെ വിലയിരുത്തുന്നവരമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP