Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭൂരിപക്ഷമായ നായർ വോട്ടുകൾ വിഭജിച്ചു പോകുമ്പോൾ നിർണായകമാകുക ക്രൈസ്തവ വോട്ടുകൾ; സിഎസ്‌ഐ സഭക്കാരനായ സജി ചെറിയാനെ സിപിഎം സ്ഥാനാർത്ഥിയാക്കിയത് ക്രിസ്ത്യൻ വോട്ടുകൾ ലക്ഷ്യം വെച്ച്; കോൺഗ്രസിനൊപ്പം നിൽക്കുന്ന വോട്ടുബാങ്ക് വിജയകുമാറിന് അനുകൂലമാക്കാൻ ഉമ്മൻ ചാണ്ടി തന്നെ കളം നിറയും; അൽഫോൻസ് കണ്ണന്താനത്തെ കളത്തിലിറക്കി സഭക്കാരെ ഒപ്പം നിർത്താൻ ബിജെപിയും; ബിഡിജെഎസും ശോഭാനാ ജോർജ്ജും നിർണായകം: ചെങ്ങന്നൂരിൽ പോരാട്ടച്ചൂട് കടുക്കുമ്പോൾ സ്വാധീനിക്കുന്ന ഘടകങ്ങൾ

ഭൂരിപക്ഷമായ നായർ വോട്ടുകൾ വിഭജിച്ചു പോകുമ്പോൾ നിർണായകമാകുക ക്രൈസ്തവ വോട്ടുകൾ; സിഎസ്‌ഐ സഭക്കാരനായ സജി ചെറിയാനെ സിപിഎം സ്ഥാനാർത്ഥിയാക്കിയത് ക്രിസ്ത്യൻ വോട്ടുകൾ ലക്ഷ്യം വെച്ച്; കോൺഗ്രസിനൊപ്പം നിൽക്കുന്ന വോട്ടുബാങ്ക് വിജയകുമാറിന് അനുകൂലമാക്കാൻ ഉമ്മൻ ചാണ്ടി തന്നെ കളം നിറയും; അൽഫോൻസ് കണ്ണന്താനത്തെ കളത്തിലിറക്കി സഭക്കാരെ ഒപ്പം നിർത്താൻ ബിജെപിയും; ബിഡിജെഎസും ശോഭാനാ ജോർജ്ജും നിർണായകം: ചെങ്ങന്നൂരിൽ പോരാട്ടച്ചൂട് കടുക്കുമ്പോൾ സ്വാധീനിക്കുന്ന ഘടകങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ഭരണ കക്ഷിയെ സംബന്ധിച്ചോടത്തോളം ജില്ലാ സെക്രട്ടറിയായ വ്യക്തിയെ ഒരു ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കുമ്പോൾ അത് ഉയർത്തുന്നത് വലിയ വെല്ലുവിളികളാണ്. പാർട്ടി കേഡർ സംവിധാനം കൊണ്ട് വിജയിച്ചു കയറാൻ കരുത്തില്ലാത്തിടത്ത് മതം കൂടി രാഷ്ട്രീയത്തിൽ വിഷയമാക്കി വിജയിച്ചു കയറാനുള്ള തന്ത്രങ്ങളാണ് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ സിപിഎം തുടക്കത്തിൽ തന്നെ പയറ്റിയത്. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം സിറ്റിങ് സീറ്റാണ് ചെങ്ങന്നൂരിലേത്. കടുത്ത ഭരണവിരുദ്ധ വികാരം പിണറായിക്കെതിരെ ഉണ്ടെന്ന് മാധ്യമങ്ങളും നിഷ്പക്ഷരും പറയുമ്പോഴും അങ്ങനെ അല്ല കാര്യങ്ങളെന്ന് തെളിയിക്കാൻ സിപിഎമ്മിന് ചെങ്ങന്നൂരിൽ വിജയം അനിവാര്യമാണ്. അതുകൊണ്ടാണ് കരുത്തനായ ചെറിയാനെ തന്നെ സ്ഥാനാർത്ഥിയാക്കിയത്.

സജി ചെറിയാന് പുറമേ മറ്റ് യുഡിഎഫിന്റെ സ്ഥാനാർത്ഥിയായി ഡി വിജയകുമാറും ബിജെപി സ്ഥാനാർത്ഥി ശ്രീധരൻ പിള്ളയുമാണ് മത്സര രംഗത്തുള്ളത്. മൂന്ന് പേരും തെരഞ്ഞെടുപ്പ് പ്രചരണം നേരത്തെ തന്നെ തുടങ്ങുകയും ചെയ്തിരുന്നു. എന്നാൽ, തീയ്യതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കാത്തത് മാത്രമായിരുന്നു പ്രശ്‌നം. ഇപ്പോൾ മെയ് 28ന് തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചതോടെ പോരാട്ടച്ചൂടിലേക്ക് നീങ്ങുകയാണ്. മൂന്ന് പേരും ഒരുപോലെ വിജയപ്രതീക്ഷയുണ്ടെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. സാമുദായിക ഘടങ്ങൾ പൊതുവേ പരിശോധിക്കുമ്പോൾ മണ്ഡലത്തിൽ ഭൂരിപക്ഷ നായർ സമുദായമാണ്. ബിജെപിയുടെയും കോൺഗ്രസിന്റെയും സ്ഥാനാർത്ഥികൾ നായർ വിഭാഗത്തിൽ പെട്ടവർ ആയതിനാൽ ഈ വോട്ടുകൾ മൂന്ന് കൂട്ടർക്കുമായി വിഭജിച്ചു പോകും. ഇതോടെ ക്രൈസ്തവ വോട്ടുബാങ്ക് തന്നെയാകും മണ്ഡലത്തിൽ നിർണായകമാകുക.

കത്തോലിക്കാ സമുദായത്തിന് കാര്യമായ സ്വാധീനം മണ്ഡലത്തിൽ ഇല്ല. എന്നാൽ, ഓർത്തഡോക്‌സ്, മാർത്തോമ വിഭാഗങ്ങൾക്ക് ശക്തമായ സ്വാധീനം ഉണ്ട് താനും. സിഎസ്‌ഐ സമുദായക്കാരനാണ് സിപിഎം സ്ഥാനാർത്ഥി. അതുകൊണ്ട് രാഷ്ട്രീയമായ കേഡർ വോട്ടുകളും ക്രൈസ്തവ സ്ഥാർത്ഥി എന്ന പരിഗണനയും ലഭിച്ചാൽ വിജയിച്ചു കയറാം എന്നാണ് സജി ചെറിയാന്റെ പ്രതീക്ഷ. ബിജെപിയുമായി ഇടഞ്ഞു നിൽക്കുന്ന ബിഡിജെഎസ് വോട്ടുകളിലും ഇടതു സ്ഥാനാർത്ഥി കണ്ണുവെക്കുന്നു. എന്തായാലും ക്രൈസ്തവ വോട്ടുകൾ സംഘടിതമാണ്. അതുകൊണ്ട് തന്നെ ഈ വോട്ടുകൾ കരസ്ഥാമാക്കുന്ന സ്ഥാനാർത്ഥിക്ക് വിജയപ്രതീക്ഷകൾ ഏറെയാണ്. അതിനാൽ തന്നെയാണ് ഓർത്തഡോക്‌സ് സമുദായക്കാരിയായ ശോഭനാ ജോർജ്ജിനെയും എൽഡിഎഫ് ഒപ്പം കൂട്ടിയത്.

എന്നാൽ സമുദായ കണക്കുകളിൽ മാത്രം ശ്രദ്ധപതിപ്പിച്ചാൽ അവർത്ത് തിരിച്ചടിയുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ശക്തമായ ത്രികോണപോരിന് സാധ്യതയുള്ള ചെങ്ങന്നൂരിൽ അടിയൊഴുക്കുകളാകും നിർണ്ണായകം. 2016ലെ തെരഞ്ഞെടുപ്പ് ചിത്രത്തിൽ വിജയിച്ചത് സിപിഎമ്മിന്റെ രാമചന്ദ്രൻ നായരായിരുന്നു. അദ്ദേഹത്തിന്റെ ആകസ്മിക വിയോഗമെത്തിച്ച തെരഞ്ഞെടുപ്പിൽ ജയിക്കേണ്ടത് സിപിഎമ്മിന് അനിവാര്യതയാണ്. പിണറായി സർക്കാരിന് കൂടുതൽ കരുത്തോടെ മുന്നോട്ട് പോകാൻ വിജയം അനിവാര്യമാണ്. എന്നാൽ മണ്ഡലത്തിലെ സാമുദായിക സമവാക്യങ്ങൾ അനകൂലമാക്കുന്ന സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താൻ സിപിഎമ്മിന് കഴിഞ്ഞില്ല. ജില്ലാ സെക്രട്ടറി സജി ചെറിയാൻ സ്ഥാനാർത്ഥിയായി.

ബിജെപി കഴിഞ്ഞ തവണ മത്സരിച്ച പിഎസ് ശ്രീധരൻ പിള്ളയെ തന്നെ വീണ്ടും രംഗത്തിറക്കിയപ്പോൾ ബിജെപിക്ക് വലിയ പ്രതീക്ഷയായിരുന്നു. എന്നാൽ, ദേശീയ തലത്തിലെ പ്രശ്‌നങ്ങൾ ബിജെപിയുടെ പ്രതീക്ഷക്ക് നേരിട്ട മങ്ങലേൽപ്പിച്ചു. പെട്രോൾ വിലവർദ്ധന വരെ ബിജെപിയെ പ്രതിരോധത്തിലാക്കുന്നു. ബിഡിജെഎസ് എൻഡിഎ മുന്നണിക്ക് പുറത്താണ്. ബിജെപി സ്ഥാനാർത്ഥിയാണ് മത്സരിക്കുന്നതെന്നാണ് തുഷാർ വെള്ളാപ്പള്ളി പറയുകയും ചെയതു. കേന്ദ്രത്തിൽ സ്ഥാനമാനങ്ങൾ ഇതുവരെ തുഷാറിനും സംഘത്തിനും ലഭിച്ചില്ല. രാജ്യസഭാ എംപി സ്ഥാനമാകട്ടെ വി മുരളീധരൻ കൊണ്ടുപോകുകയും ചെയ്തു. എങ്കിലും അൽഫോൻസ് കണ്ണന്താനത്തെ കളത്തിലിറക്കി പിള്ളക്ക് അനുകൂലമായി കാര്യങ്ങൾ നീക്കാനാണ് ബിജെപിയുടെ പദ്ധതി. നായർ വോട്ടുകളിലും അവർ കണ്ണുവെക്കുന്നു.

അതേസമയം ചെങ്ങന്നൂരിലെ മത്സരിക്കുന്ന മൂന്ന് സ്ഥനാർത്ഥികളിലും ഹിന്ദു സമുദായത്തിന് ഏറ്റവും സ്വീകാര്യനായ വ്യക്തിയാണ് കോൺഗ്രസിന് വേണ്ടി കളത്തിലിറങ്ങിയ ഡി വിജയകുമാർ. ഇത് മനസ്സിലാക്കിയാണ് കോൺഗ്രസ് പ്രതീക്ഷിത മുഖങ്ങളെ വെട്ടി വിജയകുമാറിനെ സ്ഥാനാർത്ഥിയാക്കി. അയ്യപ്പസേവാ സംഘം ദേശീയ വൈസ് പ്രസിഡന്റാണ് വിജയകുമാർ. ഹൈന്ദവ സംഘടനയുമായി ഏറെ അടുപ്പമുള്ള കോൺഗ്രസ് നേതാവ്. 1992ൽ വിജയകുമാറിനെ മത്സരിപ്പിക്കാൻ ധാരണയായതായിരുന്നു. അവസാന നിമിഷം ശോഭനാ ജോർജിന് വേണ്ടി മാറിക്കൊടുത്തു. അതിന് ശേഷവും ചെങ്ങന്നൂരിൽ സാധാരണക്കാർക്കൊപ്പം പ്രവർത്തിച്ച നേതാവാണ് വിജയകുമാർ. അയ്യപ്പസേവാസംഘത്തിന്റെ നേതാവെന്ന നിലയിൽ സജീവമാവുകയും ചെയ്തു. ഈ പ്രതിച്ഛായയാണ് വിജയകുമാറിന് നേരിയ മുൻതൂക്കം നൽകുന്നത്.

ഇവിടെ എ ഗ്രൂപ്പുകാരൻ കൂടിയായ വിജയകുമാറിനെ വിജയിപ്പക്കാൻ ഉമ്മൻ ചാണ്ടി കച്ചക്കെട്ടി രംഗത്തിറങ്ങും. ക്രൈസ്തവ വോട്ടു ബാങ്ക് കോൺഗ്രസിന് അനുകൂലമായാണ് ചിന്തിക്കുന്നത്. ഇത്് പതിവുപോലെ അനുകൂലമാക്കാനാണ് ഉമ്മൻ ചാണ്ടിയെയും കൂട്ടരെയും രംഗത്തിറക്കുക. എന്നാൽ മാർത്തോമ സഭയ്ക്ക് അടക്കം ബിജെപിയോട് കൂട്ടുകൂടുന്നതിൽ യാതൊരു തടസവും ഇല്ലാത്തവരാണ്. ഓർത്തഡോക്‌സ് സഭാ പ്രശ്‌നത്തിൽ ഇടപെട്ട് മോദിയും ഒരു പരിധിവരെ അവർക്ക് സ്വീകാര്യനാണ്. ഈ വെല്ലുവിളികൾ ഉണ്ടെങ്കിലും വിജയപ്രതീക്ഷ ഡി വിജയകുമാറിനുണ്ട്. ഹൈന്ദവ വോട്ടുകളിലും ക്രൈസ്തവ വോട്ടുകളിലും അദ്ദേഹം കണ്ണുവെക്കുന്നു.

ബിജെപിക്കൊപ്പമായിരുന്ന ബിഡിജെഎസിന് മണ്ഡലത്തിൽ അയ്യായിരത്തിൽ അധികം വോട്ടുണ്ട്. ഈ വോട്ടുകൾ പതിനായിരമാണെന്ന് തുഷാർ വെള്ളാപ്പള്ളി അവകാശപ്പെടുന്നു. ഈ വോട്ടുകൾ ആർക്ക് ലഭിക്കുമെന്നതാണ് അതിനിർണ്ണായകം. ഈ വോട്ടുകൾ ശേഖരിക്കാൻ സിപിഎമ്മിനാകുമോ എന്നതാണ് ഉയുരന്ന ചോദ്യം. ഇതിനൊപ്പം എൻഎസ്എസ് വോട്ടുകളും അതിനിർണ്ണായകമാകും. അതുകൊണ്ട് തന്നെ ശക്തമായ ത്രികോണമത്സരത്തിനുള്ള സാധ്യതയുള്ളത്. യു.ഡി.എഫ്.മണ്ഡലമെന്ന് വിശേഷിപ്പിച്ചിരുന്ന ചെങ്ങന്നൂരിൽ ആർക്കും ജയിക്കാമെന്ന സാഹചര്യമാണിപ്പോൾ. 2016ലെ തിരഞ്ഞെടുപ്പിൽ പ്രധാന മുന്നണികൾ നേടിയ വോട്ടിന്റെ കണക്ക് നൽകുന്ന സൂചനയാണിത് .

36.38 ശതമാനം വോട്ടുനേടിയ കെ.കെ.രാമചന്ദ്രൻ നായരാ(എൽ.ഡി.എഫ്.)യിരുന്നു വിജയിച്ചത്. 30.89 ശതമാനം വോട്ടുകിട്ടിയ പി.സി.വിഷ്ണുനാഥ് (യു.ഡി.എഫ്.) രണ്ടാമതും 29.36 ശതമാനം വോട്ട് കരസ്ഥമാക്കിയ പി.എസ്.ശ്രീധരൻപിള്ള (എൻ.ഡി.എ.) മൂന്നാമതും എത്തി. വിജയിച്ചയാളും മൂന്നാമതെത്തിയ സ്ഥാനാർത്ഥിയും തമ്മിലുള്ള വോട്ടുവ്യത്യാസം പതിനായിരത്തിൽപ്പരം മാത്രം. രാഷ്ട്രീയത്തിനപ്പുറം ജാതിസമവാക്യങ്ങളും നിർണായകമെന്നതാണ് ഈ മണ്ഡലത്തിന്റെ സവിശേഷത. അതുകൊണ്ടുതന്നെ സ്ഥാനാർത്ഥിനിർണയത്തിൽ ഇവിടെ ജാതിയും ഒരു ഘടകമാണ്. ഹിന്ദു ഭൂരിപക്ഷമുള്ള ഈ മണ്ഡലത്തിൽ നായർസമുദായമാണ് മുമ്പിൽ. അതിനുപിന്നിൽ ഈഴവ, ക്രിസ്ത്യൻ വിഭാഗങ്ങൾ. സജി ചെറിയാനും പി.എസ്.ശ്രീധരൻപിള്ളയും രണ്ടാംതവണയാണ് ഇവിടെ ജനവിധി തേടുന്നത്. സജി ചെറിയാൻ 2006-ൽ മത്സരിച്ചുവെങ്കിലും പി.സി.വിഷ്ണുനാഥിനോട് പരാജയപ്പെട്ടു. പി.എസ്.ശ്രീധരൻപിള്ള കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് ആദ്യമായി ചെങ്ങന്നൂരിൽ മത്സരിച്ചത്. മൂന്നാംസ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടുവെങ്കിലും എൻ.ഡി.എ.യുടെ വോട്ടുവിഹിതത്തിൽ റെക്കോഡിട്ടു.

രാഷ്ട്രീയപാർട്ടികൾക്ക് പുറമേ എൻ.എസ്.എസ്., എസ്.എൻ.ഡി.പി.യോഗം, വിശ്വകർമ്മ സംഘടനകൾ, ക്രൈസ്തവസഭകൾ തുടങ്ങിയവയുടെ നിലപാടും ഇവിടെ തിരഞ്ഞെടുപ്പുഫലത്തെ സ്വാധീനിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഈ സംഘടനകളുടെ നിലപാടും തിരഞ്ഞെടുപ്പിൽ പ്രധാനമാണ്.

മണ്ഡലത്തിന് പരിചിതരായി മൂന്ന് സ്ഥാനാർത്ഥികളും

ചെങ്ങന്നൂർ നിയമസഭാ മണ്ഡലത്തിന് മൂന്ന് സ്ഥാനാർത്ഥികളെയും പരിചയമുണ്ട്. ചെങ്ങന്നൂർ കാർഷിക സഹകരണ ബാങ്കിന്റെ പ്രസിഡന്റും അഖില ഭാരത അയ്യപ്പ സേവാസംഘത്തിന്റെ ദേശീയ വൈസ് പ്രസിഡന്റുമാണു വിജയകുമാർ. കെപിസിസി നിർദ്ദേശം ഹൈക്കമാൻഡ് അംഗീകരിക്കുകയായിരുന്നു. ചെങ്ങന്നൂർ സ്വദേശിയായ ഇദ്ദേഹത്തിനു പ്രാദേശികമായുള്ള ജനസമ്മതിയാണു തുണയായത്. ചങ്ങനാശേരി എൻഎസ്എസ് കോളജിൽ കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്റായാണു വിജയകുമാർ പൊതുപ്രവർത്തനം ആരംഭിച്ചത്. യൂത്ത് കോൺഗ്രസ് ചെങ്ങന്നൂർ ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, ആലപ്പുഴ ഡിസിസി ജനറൽ സെക്രട്ടറി, ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ്, കെപിസിസി അംഗം, നിർവാഹകസമിതി അംഗം എന്നീ പദവികളിൽ പ്രവർത്തിച്ചു. സാധാരണ കോൺഗ്രസുകാർക്കും സ്വീകാര്യനായ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്.

ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്, മൂന്നു തവണ ചെങ്ങന്നൂർ ബാർ അസോസിയേഷൻ പ്രസിഡന്റ്, ദക്ഷിണ റെയിൽവേ സോണൽ കമ്മിറ്റി അംഗം, ചെങ്ങന്നൂർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ്, റെയിൽവേ ഡിവിഷനൽ യൂസേഴ്സ് കമ്മിറ്റി അംഗം (തിരുവനന്തപുരം, പാലക്കാട്), കേരള കാർഷിക സർവകലാശാല മുൻ അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ, ആലപ്പുഴ കോഓപറേറ്റീവ് സ്പിന്നിങ് മിൽസ് ലിമിറ്റഡ് ചെയർമാൻ എന്നീ പദവികളും വഹിച്ചിട്ടുണ്ട്.

സിപിഎം ജില്ലാ സെക്രട്ടറിയാണ് സജി ചെറിയാൻ. ജില്ലയിലെ സിപിഎം സംവിധാനത്തെ നിയന്ത്രിക്കുന്ന കരുത്തൻ. അതുകൊണ്ട് സംഘടനാ സംവിധാനവും അധികാരവുമൊക്കെ സജി ചെറിയാൻ മണ്ഡലത്തിൽ പ്രയോജനപ്പെടുത്തും. സാമുദായിക വോട്ടുകളാകും ചെങ്ങന്നൂരിൽ നിർണ്ണായകം. ഇക്കഴിഞ്ഞ ജില്ലാ സമ്മേളനത്തിൽ രണ്ടാംതവണയും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി സജി ചെറിയാൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നിയമ ബിരുദധാരിയാണ്. 1995ൽ ജില്ലാ കമ്മിറ്റി അംഗമായി. 2001 മുതൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുംനിലവിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമാണ്. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2006ൽ പി.സി. വിഷ്ണുനാഥിനെതിരേ ചെങ്ങന്നൂർ മണ്ഡലത്തിൽനിന്നു നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

ബിജെപി സ്ഥാനാർത്ഥി ശ്രീധരൻ പിള്ളുടെ ജന്മദേശമാണ് ചെങ്ങന്നൂർ. അതുകൊണ്ട് തന്നെയാണ് അദ്ദേഹം വീണ്ടും മത്സര രംഗത്തിറങ്ങിയത്. കഴിഞ്ഞ തവണ 42000വോട്ടാണ് ശ്രീധരൻ പിള്ള നേടിയത്. ബിഡിജെഎസ് പിന്തുണയുടെ കരുത്തിലായിരുന്നു ഇത്. ഇത്തവണ തുഷാറും കൂട്ടരും പിണക്കം മറന്ന് ഒരുമിച്ചാൽ അത്ഭുതം സംഭവിക്കുമെന്ന് പിള്ള കരുതുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP