Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്വർണ്ണക്കടത്തു കേസിൽ വരിഞ്ഞു മുറുക്കുന്നത് എൻഐഎ അടക്കം നാല് കേന്ദ്ര ഏജൻസികൾ; എഫ്‌സിആർഎ ചട്ടലംഘനത്തിന്റെ പേരിൽ അന്വേഷണം നേരിടുന്നത് മുഖ്യമന്ത്രിയും കെ ടി ജലീലും നേരിട്ട്; സിപിഎമ്മിനെ കൊലയാളിപ്പാർട്ടി ഇമേജ് ചാർത്തി പെരിയ ഇരട്ടക്കൊലയിലെ സിബിഐ അന്വേഷണവും; സിപിഎം ക്രിമിനലുകളെ രക്ഷിക്കാൻ ഖജനാവ് ധൂർത്തടിച്ചിട്ടും രക്ഷയില്ല; ബിജെപിക്ക് സിപിഎമ്മിനെ വരുതിയിലാക്കാൻ പാകത്തിന് നിലവിലുള്ളത് അരഡസൻ സിബിഐ കേസുകൾ; സമയമാകുമ്പോൾ കണ്ടറിഞ്ഞു കളിക്കാൻ അമിത്ഷാ

സ്വർണ്ണക്കടത്തു കേസിൽ വരിഞ്ഞു മുറുക്കുന്നത് എൻഐഎ അടക്കം നാല് കേന്ദ്ര ഏജൻസികൾ; എഫ്‌സിആർഎ ചട്ടലംഘനത്തിന്റെ പേരിൽ അന്വേഷണം നേരിടുന്നത് മുഖ്യമന്ത്രിയും കെ ടി ജലീലും നേരിട്ട്; സിപിഎമ്മിനെ കൊലയാളിപ്പാർട്ടി ഇമേജ് ചാർത്തി പെരിയ ഇരട്ടക്കൊലയിലെ സിബിഐ അന്വേഷണവും; സിപിഎം ക്രിമിനലുകളെ രക്ഷിക്കാൻ ഖജനാവ് ധൂർത്തടിച്ചിട്ടും രക്ഷയില്ല; ബിജെപിക്ക് സിപിഎമ്മിനെ വരുതിയിലാക്കാൻ പാകത്തിന് നിലവിലുള്ളത് അരഡസൻ സിബിഐ കേസുകൾ; സമയമാകുമ്പോൾ കണ്ടറിഞ്ഞു കളിക്കാൻ അമിത്ഷാ

എം മനോജ് കുമാർ

തിരുവനന്തപുരം: കാസർകോട് പെരിയ ഇരട്ടക്കൊലപാതകങ്ങളുടെ അന്വേഷണം സിബിഐയ്ക്ക് വിട്ട ഹൈക്കോടതി ഉത്തരവ് സിപിഎമ്മിന് വൻ രാഷ്ട്രീയ തിരിച്ചടിയാണ് സമ്മാനിക്കുന്നത്. ഭാവിയുടെ വാഗ്ദാനമായി മാറേണ്ടിയിരുന്ന രണ്ടു യുവാക്കളാണ് ഇളം പ്രായത്തിൽ ഒരുമിച്ച് സിപിഎമ്മിന്റെ കൊലക്കത്തിക്ക് ഇരയായത്. ടിപി വധത്തിനു ശേഷം കേരളത്തെ നടുക്കിയ രാഷ്ട്രീയ കൊലപാതകമായിരുന്നു കൃപേഷിന്റെയും ശരത് ലാലിന്റെയും വധങ്ങൾ. രാഷ്ട്രീയമായി നേട്ടമുണ്ടാക്കിയെന്നു സിപിഎം കരുതുന്ന ഈ വധങ്ങളിൽ വരുന്ന സിബിഐ അന്വേഷണത്തെ പാർട്ടി പക്ഷെ ആദ്യം തന്നെ ഭയപ്പെട്ടിരുന്നു. ഖജനാവിൽ നിന്നുള്ള ലക്ഷങ്ങൾ അഭിഭാഷകർക്ക് നൽകിയാണ് സിബിഐ അന്വേഷണത്തിന്നെതിരെ ഹൈക്കോടതിയിൽ പിണറായി സർക്കാർ വാദിച്ചത്. പെരിയ വധവും സിബിഐയ്ക്ക് വരുമ്പോൾ അത് സിപിഎമ്മിന്റെ ഉറക്കം കെടുത്തു തന്നെയാണ് ചെയ്യുന്നത്. സിപിഎമ്മിന്റെ ഉന്നത നേതാക്കൾ പ്രതികളായ കേരളത്തിലെ അരഡസൻ രാഷ്ട്രീയ കൊലപാതകങ്ങളാണ് ഇപ്പോൾ സിബിഐയ്ക്ക് മുൻപാകെ വന്നിരിക്കുന്നത്.

സിപിഎമ്മിനെതിരെ, സർക്കാരിനെതിരെ നീങ്ങാൻ കേന്ദ്രസർക്കാരിനു ലഭിച്ച ശക്തമായ ആയുധങ്ങളിൽ ഒന്ന് കൂടിയായി മാറുകയാണ് പെരിയ രാഷ്ട്രീയ കൊലപാതകത്തിലെ സിബിഐ അന്വേഷണം. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടു കേന്ദ്രത്തിന്റെ എൻഐഎ ഉൾപ്പെടെയുള്ള കേന്ദ്രത്തിന്റെ നാല് ഏജൻസികൾ മുഖ്യമന്ത്രി പിണറായി വിജയനെ വരിഞ്ഞു മുറുക്കി നിൽക്കുന്ന വേളയിൽ തന്നെയാണ് പെരിയ കൊലപാതകങ്ങൾ അന്വേഷിക്കാനുള്ള സിബിഐയുടെ വരവും. സംസ്ഥാന പൊലീസിന്റെ അന്വേഷണം പോലെയല്ല സിബിഐ അന്വേഷണം വന്നാലുള്ള സ്ഥിതി. കൊന്നവരെ പിടിച്ചാൽ പൊലീസ് അന്വേഷണം അവസാനിക്കും. കൊലപാതകത്തിനു മുന്നിലുള്ള രാഷ്ട്രീയ ഗൂഢാലോചന കൂടി സിബിഐ അന്വേഷിക്കും. ഈ രീതിയിൽ അന്വേഷണം വന്നാൽ കുടുങ്ങുക സിപിഎമ്മിന്റെ ഉന്നത നേതാക്കളാക്കും. ഇതാണ് പൊതുഖജനാവിൽ നിന്നും പണം എടുത്ത് പെരിയ രാഷ്ട്രീയ കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണ്ടെന്നു മികച്ച അഭിഭാഷകരെ അണിനിരത്തി സർക്കാർ വാദിക്കാൻ കാരണം.

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള ബന്ധം തെളിഞ്ഞതോടെ കേന്ദ്ര അന്വേഷണ ഏജൻസികളുടെ ചവിട്ടടിക്ക് കീഴിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇരിപ്പിടം. സ്വർണ്ണക്കടത്ത് കേസിന്റെ അന്താരാഷ്ട്ര ബന്ധം മറനീക്കാൻ എൻഐഎ, സ്വർണ്ണക്കടത്ത് പ്രതികളെ മുഴുവൻ പിടികൂടാനും അകത്താകാനും കസ്റ്റംസ്, സ്വർണ്ണക്കടത്തിന് പിന്നിലെ കള്ളപ്പണ ബന്ധങ്ങൾ കണ്ടുപിടിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറെറ്റ്. എല്ലാം നിരീക്ഷിച്ച് ഡിആർഐ. ഈ നാല് ഏജൻസികളും ഇടത് സർക്കാരിൽ പിടിമുറുക്കിയിരിക്കുകയാണ്. ഇതൊന്നും പോരാതെയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ജലീൽ എഫ്‌സിആർഎ ചട്ടലംഘനത്തിന്റെ പേരിൽ കേന്ദ്രം പ്രഖ്യാപിച്ച അന്വേഷണം നേരിടുന്നത്. യുഎഇ കോൺസുലേറ്റ് വഴി നടന്ന സ്വർണ്ണക്കടത്തിൽ മന്ത്രി ജലീലിനും പങ്കുണ്ടെന്ന ആരോപണം ശക്തമാണ്. സർക്കാർ സംവിധാനമായ സിആപ്റ്റ് വഴി യുഎഇ കോൺസുലെറ്റ് വഴി എത്തിയ രഹസ്യ പാർസലുകൾ വിതരണം ചെയ്ത മന്ത്രി ജലീലിന്റെ നടപടിയിൽ ഇതേ വരെ സർക്കാർ കൃത്യമായ ഉത്തരം നൽകിയിട്ടില്ല. ഖുറാൻ ആണെന്നു മന്ത്രി ജലീൽ പറയുന്നു. വിദേശ രാജ്യത്ത് നിന്നും മതഗ്രന്ഥങ്ങൾ ഇറക്കുമതി ചെയ്യാൻ ആർക്കും അനുമതിയില്ല. യുഎ ഇ കോൺസുലെറ്റിന്റെ സഹായം സ്വീകരിക്കാനും മന്ത്രി എന്ന നിലയിൽ ജലീലിനു അനുവാദമില്ല. ഇത് രണ്ടും മന്ത്രി ചെയ്തു. എന്താണ് രഹസ്യ പാർസലിൽ ഉണ്ടായിരുന്നത് എന്ന് ഇപ്പോഴും വ്യക്തവുമല്ല. സ്വർണം തന്നെ സി ആപ്റ്റ് വണ്ടിയിൽ മന്ത്രി കടത്തി എന്ന ആരോപണവും ശക്തവും കേന്ദ്ര ഏജൻസികൾ നേരിട്ട് ഇത് അന്വേഷിച്ചു കൊണ്ടിരിക്കുകയുമാണ്. ഇതൊന്നും പോരാഞ്ഞിട്ടാണ് മുഖ്യമന്ത്രി തന്നെ എഫ്‌സിആർഎ ചട്ടം ലംഘിച്ച് യുഎഇ കോൺസുലെറ്റ് വഴി നടന്ന ഈന്തപ്പഴം ഉദ്ഘാടനം ചെയ്യാൻ നേരിട്ട് എത്തിയത്.

ജലീലിനു ഒപ്പം മുഖ്യമന്ത്രിയുടെ നടപടിയിലും കേന്ദ്ര സർക്കാർ അന്വേഷണം നടത്തുകയാണ്. സ്വർണ്ണക്കടത്ത് കേസിലെ അന്വേഷണത്തിൽ തന്നെ പിണറായി സർക്കാർ പുലിവാല് പിടിച്ചിരിക്കുകയാണ്. അതിനു പിറകെയാണ് സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ നടത്തുന്ന അന്വേഷണം. തീവ്രവാദ ബന്ധം അന്വേഷിക്കുന്ന എൻഐഎയുടെ അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിനെയാണ് എന്നത് തന്നെ ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. മുഖ്യമന്ത്രിക്ക് മറ്റൊരു തിരിച്ചടിയായി ലാവ്‌ലിൻ കേസ് സുപ്രീംകോടതിയിൽ തുടരുകയുമാണ്. ഇതിൽ മുഖ്യമന്ത്രിയുടെ പിറകെയുള്ളത് സിബിഐയാണ് എന്നത് പിണറായി വിജയന്റെയും സിപിഎമ്മിന്റെയും ഉറക്കം കെടുത്തുകയാണ്. ഇതിനൊക്കെ പുറമേയാണ് ഇപ്പോൾ പെരിയ ഇരട്ടക്കൊലപാതകം അന്വേഷിക്കാൻ കൂടി സിബിഐ എത്തുന്നത്. സിപിഎമ്മിനെ രാഷ്ട്രീയമായി പ്രതിക്കൂട്ടിലാക്കാൻ വേറെയും അരഡസൻ രാഷ്ട്രീയ കൊലപാതകങ്ങളിൽ സിബിഐ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

പിണറായി വിജയനെ വിറപ്പിക്കുന്ന ലാവ്ലിൻ കേസ്, പയ്യോളി മനോജ് വധം, അരിയിൽ ഷുക്കൂർ വധം., കതിരൂർ മനോജ് വധം, ഫസൽ വധം, ഷുഹൈബ് വധക്കേസ്. ഇപ്പോൾ പെരിയ രാഷ്ട്രീയ കൊലപാതകങ്ങളും. ഏതൊക്കെ തലവേദനയായി മുന്നിൽ നിൽക്കുമ്പോഴാണ് കേന്ദ്ര ഏജൻസികൾ സ്വർണ്ണക്കടത്ത് കേസില മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തിണ്ണയിൽ കയറി നിരങ്ങുന്നത്. എപ്പോൾ വേണമെങ്കിലും എൻഐഎ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അകത്ത് കയറാം എന്ന ചിന്തയും സർക്കാരിന്റെയും സിപിഎമ്മിന്റെയും ഉറക്കം കെടുത്തുകയാണ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനു സ്വർണ്ണക്കടത്തിന്റെ മുഖ്യ ആസൂത്രക സ്വപ്നാ സുരേഷുമായുള്ള ബന്ധം തെളിഞ്ഞതോടെ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് സംശയ നിഴലിലായത്. . ശിവശങ്കറിന്റെയും സ്വപ്നയുടെയും മൊഴികളിൽ തെളിഞ്ഞത് സ്വർണ്ണക്കടത്തിനു മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള ബന്ധം തന്നെയാണ്. സ്വപ്ന സുരേഷും കൂട്ടാളികളും എൻഐഎയുടെ വലയിലായി. മുൻ പ്രിൻസിപ്പൽ സെക്രട്ടറി ഏത് നിമിഷം വേണമെങ്കിലും ഇഡിയുടെ അറസ്റ്റിൽ ആകാനുള്ള സാധ്യത നിലനിൽക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റൊരു ഉന്നതനെയും എൻഐഎ-കസ്റ്റംസ് സംഘങ്ങൾ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ്.

ടിപി വധം ഒഴിയാത്ത തലവേദന

ടിപി വധക്കേസ് അന്വേഷിച്ച സംസ്ഥാന പൊലീസ് തന്നെ വധത്തിൽ സിപിഎമ്മിന്റെ ഉന്നത നേതാക്കളെ പൊക്കിയത് സിപിഎമ്മിന് തീർത്താൽ തീരാത്ത തലവേദനയാണ് സമ്മാനിച്ചത്. ടിപി വധത്തിൽ ഇതുവരെ വധ ഗൂഢാലോചന അന്വേഷിച്ചില്ല. വധ ഗൂഢാലോചന അന്വേഷിക്കണമെന്നുള്ള ആർഎംപിയുടെ ആവശ്യം ഇതേവരെ നടപ്പിലായിട്ടില്ല. സിപിഎമ്മിന് രാഷ്ട്രീയമായി വലിയ ആശ്വാസം നല്കുന്ന നടപടിയാണ് ടിപി വധഗൂഢാലോചനയിൽ സിബിഐ അന്വേഷണം വരാതിരുന്നത്. ടിപി വധത്തിൽ സിപിഎം ഈ രീതിയിൽ രക്ഷപ്പെട്ടു നിൽക്കുമ്പോൾ തന്നെയാണ് പെരിയ കൊലപാതകങ്ങളിൽ സിബിഐ വരുന്നത്. സിബിഐ അന്വേഷണത്തിൽ തീർച്ചയായും വധഗൂഢാലോചന തന്നെ ഉൾപ്പെടും. ഈ രീതിയിൽ അന്വേഷണം വന്നാൽ പെടുക സിപിഎമ്മിന്റെ കണ്ണൂർ-കാസർകോട് ജില്ലകളിലെ മുതിർന്ന നേതാക്കളാകും. ഉന്നത നേതാക്കൾക്ക് ബന്ധമുണ്ടോ എന്നും സിബിഐ പരിശോധിക്കും. തീർച്ചയായും ഇതും കേന്ദ്രത്തിന്റെ കയ്യിലുള്ള രാഷ്ട്രീയ ആയുധങ്ങളിൽ ഒന്നായി മാറും. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളം കുടിച്ചിരിക്കുകയാണ്. യുഎഇ കോൺസുലേറ്റ് വഴി നടന്ന സ്വർണ്ണക്കടത്തിൽ മറ നീക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനുള്ള ബന്ധമാണ്. ഇതിന്റെ ഞെട്ടലിൽ നിന്നും സിപിഎം കരകയറിയിട്ടില്ല. അതിന്നിടയിൽ തന്നെയാണ് അടുത്ത ആഘാതമായി പെരിയ രാഷ്ട്രീയ കൊലപാതങ്ങൾ അന്വേഷിക്കാനുള്ള സിബിഐയുടെ വരവ്.

സിബിഐ അന്വേഷണം വന്നാൽ എത്തുക നെഞ്ചുവേദന

രാഷ്ട്രീയ കൊലപാതകങ്ങൾ നിരന്തരം നടത്തുന്നതിൽ തെല്ലും മടിയില്ലാത്ത സിപിഎം പക്ഷെ അതിനു അനുപൂരകമായി വരുന്ന സിബിഐ അന്വേഷണങ്ങളെ ഭയക്കുന്നുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങളിൽ സിബിഐ അന്വേഷണം വരുമ്പോൾ കേരളത്തിലെ സിപിഎമ്മിനു നെഞ്ചു വേദന വരും. പാർട്ടിയെ അടിമുടി കുലുക്കുന്ന നെഞ്ചുവേദനയായാണ് സിബിഐ അന്വേഷണം വരാൻ പോകുന്നത് എന്നതുകൊണ്ടാണ് ഈ നെഞ്ചുവേദന പാർട്ടിയെ നടുക്കുകയും ഉലയ്ക്കുകയും ചെയ്യുന്നത്. ഇപ്പോൾ കാസർകോട് പെരിയയിൽ സിപിഎം നടത്തിയ ഇരട്ടക്കൊലപാതകങ്ങളിലും സിബിഐ അന്വേഷണം എത്തിക്കഴിഞ്ഞു. സിപിഎം ക്രിമിനൽ സംഘത്തിനാൽ നിഷ്ടൂരമായി കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബങ്ങളാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചത്. സിബിഐ അന്വേഷണം എന്ന ആവശ്യങ്ങൾ ശക്തമായതോടെയാണ് ഇപ്പോൾ സിപിഎമ്മിന് വീണ്ടും നെഞ്ചു വേദന വന്നിരിക്കുന്നത്. ഈ നെഞ്ചുവേദന മുൻപ് പ്രകടമാക്കിയത് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെയാണ്.

കോടിയേരി സിബിഐ അന്വേഷണ ആവശ്യത്തിന്നെതിരെ ഇന്ന് സിംഹഗർജനം തന്നെയാണ് മുഴക്കിയിട്ടുള്ളത്. കേരളത്തിലെ എല്ലാ കാര്യങ്ങളും സിബിഐ അന്വേഷിക്കണമെന്നുണ്ടെങ്കിൽ കേരളാ പൊലീസ് എന്തിനാണെന്നാണ് കോടിയേരി ചോദിച്ചത്. അന്വേഷണം നടന്നുവരുന്നതേയുള്ളു. ഈ ഘട്ടത്തിൽ സിബിഐ അന്വേഷിക്കണമെന്ന് പറയുന്നത് കേസന്വേഷണത്തേപ്പറ്റി കാര്യങ്ങൾ മനസിലാകാത്തതുകൊണ്ടാണ്. കൊല്ലപ്പെട്ടവരുടെ കുടുംബം സിബിഐ എന്നുപറയുന്നത് എന്തെങ്കിലും അഭിപ്രായത്തിന്റെ ഭാഗമായി പറയുന്നതായിരിക്കും. അങ്ങനെ അഭിപ്രായം ഉണ്ടെങ്കിൽ അവർ ബന്ധപ്പെട്ട ആളുകളെ അറിയിക്കട്ടെ. കേരളത്തിൽ നടക്കുന്ന എല്ലാ സംഭവങ്ങളിലും സിബിഐ അന്വേഷണം വേണം എന്ന് പറഞ്ഞാൽ കേരളാ പൊലീസ് പിരിച്ചുവിടുന്നതല്ലെ നല്ലതെന്നും കോടിയേരി ചോദിച്ചു. കോടിയേരിയുടെ ഈ പ്രതികരണങ്ങളിൽ നിന്ന് തന്നെ പെരിയ കൊലപാതകങ്ങളിൽ സിപിഎമ്മിന് നെഞ്ചുവേദന തുടങ്ങിയെന്നു വ്യക്തമാണ്. ഈ നെഞ്ചു വേദന കൂട്ടിയാണ് പെരിയ കൂടി സിബിഐ എത്തുന്നത്. പെരിയ രാഷ്ട്രീയ കൊലപാതകത്തിലെ പ്രതികൾ സിപിഎം ഏരിയാ കമ്മറ്റി അംഗം പീതാംബരൻ അടക്കമുള്ളവരാണ് എന്നാണ് കോടിയേരി പറയുന്നത്. പീതാംബരനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പൊലീസിനെക്കാളും മുൻപ് ഈ കേസിൽ പ്രതിയാരെന്നു പ്രഖ്യാപിച്ച പാർട്ടി സെക്രട്ടറിയാണ് കോടിയേരി എന്നുകൂടി ഓർക്കേണ്ടതുണ്ട്. പൊലീസ് അന്വേഷണം നടക്കുന്നു. പിന്നെന്തിനു സിബിഐ അന്വേഷണം ഇതാണ് കോടിയേരി ചോദിച്ചത്. സിപിഎം ഭരിക്കുമ്പോൾ പൊലീസ് സിപിഎം പറയുന്നത് കേൾക്കും. അതിനു അപ്പുറം പോകില്ല. പക്ഷെ സിബിഐ ഗൂഢാലോചനാ സിദ്ധാന്തത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് സിപിഎമ്മിനെ നെഞ്ചു വേദനയിലേക്ക് ആഴ്‌ത്താൻ പര്യാപ്തമാണ്.

സിബിഐ അന്വേഷണത്തിൽ കുരുങ്ങുക കൊന്നവർ മാത്രമല്ല കൊല്ലിച്ചവർ കൂടിയാകും

സിബിഐ അന്വേഷണങ്ങളെ എന്തിനാണ് സിപിഎം ഭയക്കുന്നത്? രാഷ്ട്രീയ കൊലപാതകങ്ങൾ അന്വേഷിക്കുമ്പോൾ സിബിഐ കൊന്നവരെയല്ല കൊല്ലിച്ചവരിലേക്കാണ് പോകുക. കൊല്ലിച്ചവരിലേക്ക് പോകുമ്പോൾ കുടുങ്ങുക സിപിഎമ്മിന്റെ ഉന്നത നേതൃത്വങ്ങൾ തന്നെയാകും. ഇതാണ് സിബിഐ അന്വേഷണം വരുമ്പോൾ സിപിഎമ്മിന് നെഞ്ചുവേദന വരുന്നത്. ഈ നെഞ്ചുവേദനയിൽ നിന്ന് മുൻപ് പാർട്ടി സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനും വിമുക്തനാവുന്നില്ല. കാരണം ലാവ്ലിൻ കേസിൽ സിബിഐ പിണറായിയുടെ പിറകെയുണ്ട്. ലാവ്ലിൻ കേസ് ഈ വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കുകയാണ്. പിണറായി വിജയൻ ഉൾപ്പെടെ മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയതിൽ സിബിഐ നൽകിയ അപ്പീലും, വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെ കെഎസ്ഇബി മുൻ ഉദ്യോഗസ്ഥൻ കസ്തൂരി രംഗ അയ്യർ, ആർ ശിവദാസൻ, കെജി രാജശേഖരൻ എന്നിവർ നൽകിയ ഹർജികളുമാണ് കോടതി പരിഗണിക്കുന്നത്.

വിചാരണ കോടതിയും ഹൈക്കോടതിയും കുറ്റവിമുക്തനാക്കിയതിനാൽ സുപ്രീം കോടതി സിബിഐയുടെ അപ്പീൽ തള്ളണം എന്നാണു പിണറായി വിജയന്റെ അഭിഭാഷകൻ വി ഗിരി സുപ്രീം കോടതിയിൽ ആവശ്യപെട്ടത്, ഇത്തവണയും അതേ ആവശ്യം തന്നെയാണ് ഉന്നയിക്കുന്നത്. എന്നാൽ പിണറായി വിജയനോട് വിചാരണ നേരിടാൻ നിർദ്ദേശിക്കണം എന്ന ആവശ്യമാണ് സിബിഐ ഉന്നയിക്കുന്നത്. വിചാരണ നേരിടണമെന്ന് സുപ്രീംകോടതി വിധിച്ചാൽ ഇളകുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖ്യമന്ത്രി കസേര കൂടിയാണ്,. ജസ്റ്റിസുമാരായ എൻവി രമണ, ശാന്തന ഗൗഡർ എന്നിവരടങ്ങിയ ബെഞ്ച് സിബിഐയെപ്പോലെ സിപിഎമ്മിന് ദുഷ്‌കരമായ ഒരു ബെഞ്ച് കൂടിയാണ്. സിപിഎം എന്തിനു സിബിഐയെ ഭയപ്പെടുന്നത് എന്നറിയാൻ വേറെ ഉദാഹരണങ്ങൾ വേണമെങ്കിൽ വി എസ് അച്യുതാനനന്ദന്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കെ.എം.ഷാജഹാന്റെ ഇന്നലത്തെ ഒരു ഫെയ്‌സ് ബുക്ക് പോസ്റ്റ് ശ്രദ്ധിച്ചാൽ മതി.

എന്തുകൊണ്ട് സിബിഐയെ സിപിഎം ഭയക്കണം?

ടിപി വധത്തിലെ വിധിന്യായത്തിലെ 24 മുതൽ 26വരെയുള്ള പേജുകൾ ആണ് ഷാജഹാൻ പരാമർശിക്കുന്നത്. ടി പി യുടെ ശരീരത്തിലേറ്റ മുറിവുകൾ എന്തൊക്കെ എന്ന് വിശദീകരിക്കുന്ന ഭാഗമാണിത്. പ്രോസിക്യൂഷൻ സാക്ഷിയായ .ഡോ.സുജിത്തിനെ വിധിന്യായത്തിൽ ജഡ്ജി ഉദ്ധരിക്കുന്നുണ്ട്. വിധിന്യായത്തിൽ ഇങ്ങിനെ പറയുന്നു. ടിപിയുടെ തലയുടെ പിൻഭാഗത്ത്, തൊട്ട് താഴെയുള്ള തലയോട്ടിയെ മുറിച്ച് കൊണ്ട് 10 സെന്റീമീറ്റർ നീളമുള്ള മുറിവ്, തലയുടെ ഇടത് ഭാഗത്ത് 20 ഃ 10 സെന്റീമീറ്റർ പ്രദേശത്ത് പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന തലങ്ങും വിലങ്ങും ഉള്ള ഒട്ടേറെ മുറിവുകൾ. അതിനെ തുടർന്ന് തലച്ചോർ പുറത്തേക്ക് വന്ന നിലയിൽ. മൂക്ക് മുറിച്ച് കൊണ്ടും, മുഖത്തെ എല്ലുകൾ മുറിച്ച് കൊണ്ടും മുഖത്തിന്റെ മുൻഭാഗത്ത് കീഴ് താടിയുടേയും ഇടത് ചെവിയുടേയും ഭാഗത്ത് തലങ്ങും വിലങ്ങും ഉള്ള അനേകം മുറിവുകൾ. മുഖത്തിന്റെ ഇടത് ഭാഗത്ത് 10 സെന്റീമീറ്റർ നീളമുള്ള മുറിവ്. ഇങ്ങിനെയുള്ള മുറിവിന്റെ അനേകം വിശദാംശങ്ങൾ ആണ് വിധിന്യായത്തിൽ പറയുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളിൽ സിബിഐ വന്നാൽ അവർ ആദ്യം പരിശോധിക്കുക ഇത്തരം മുറിവുകൾ ആകും.

സമാന രാഷ്ട്രീയ കൊലപാതകങ്ങളിൽ സിപിഎമ്മിന്റെ ക്രിമിനൽ സംഘം എതിരാളികളെ മുൻപ് കൊലചെയ്തത് സിബിഐ പഠിക്കും. സമാന മുറിവുകൾ, വെട്ടിന്റെ ആഴം എന്നിവയെല്ലാം പഠിക്കും. സ്വാഭാവികമായും സിപിഎം ക്വട്ടേഷൻ സംഘങ്ങളിലേക്ക് അന്വേഷണം വ്യാപിക്കും. ടിപി വധത്തിൽ അന്നത്തെ ഡിജിപി ടി.പി.സെൻകുമാർ ചെയ്തത് പോലെ ക്വട്ടേഷൻ സംഘത്തെ പൊക്കും. കൊല്ലിച്ചവർ ആരെന്നതിലേക്ക് അന്വേഷണം നീക്കും. അപ്പോൾ സിപിഎമ്മിന് നെഞ്ചു വേദന വരും. സിബിഐ അന്വേഷിക്കുന്ന കതിരൂർ മനോജ് വധം, അരിയിൽ ഷുക്കൂർ വധം. ഫസൽ വധം തുടങ്ങിയ അന്വേഷണങ്ങൾ പോലെ സിപിഎമ്മിലെ ഉന്നത നേതൃത്വങ്ങളിലേക്ക് അന്വേഷണം വരും. സിപിഎം കണ്ണൂർ സെക്രട്ടറി പി.ജയരാജനെപോലുള്ളവർ പെടും. അതിനും മുകളിലേക്ക് ബന്ധം പോയിട്ടുണ്ടെങ്കിൽ അവരും പ്രതി ചേർക്കപ്പെടും.

സിബിഐ വന്നാൽ അന്വേഷണം നീളുക സിപിഎം ഉന്നത നേതൃത്വത്തിലേക്ക്

അരിയിൽ ഷുക്കൂർ വധക്കേസിൽ പി.ജയരാജനും ടി.വി.രാജേഷ് എംഎൽയുമാണ് സിബിഐ പ്രതിചേർത്തത്. സിബിഐ അന്വേഷിക്കുന്ന കതിരൂർ മനോജ് വധത്തിലും പി.ജയരാജൻ അടക്കമുള്ളവരെയാണ് സിബിഐ പ്രതി ചേർത്തിരിക്കുന്നത്. ഈ കേസിൽ ജയരാജൻ ജയിൽ വാസം അനുഭവിക്കുകയും ചെയ്തിരുന്നു. 2016 ഫെബ്രുവരി 11ന് തലശേരി സെഷൻ കോടതിയിൽ കീഴടങ്ങിയ ജയരാജനെ ന്ന് മാർച്ച് 11 വരെ റിമാൻഡ് ചെയ്തിരുന്നു. സിബിഐ അന്വേഷിക്കുന്ന ഫസൽ വധത്തിൽ പ്രതികളായി മാറിയത് കണ്ണൂർ ജില്ലയിലെ സിപിഎമ്മിന്റെ ഉന്നത നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനുമായിരുന്നു. സിപിഐ.എം. കണ്ണൂർ ജില്ലാ സെക്രട്ടേറിയേറ്റ് അംഗമാണ് കാരായി രാജൻ. കാരായി ചന്ദ്രശേഖരൻ കണ്ണൂർ തിരുവങ്ങാട് ലോക്കൽ സെക്രട്ടറിയുമായിരുന്നു.

ടി.പി. വധക്കേസിൽ അറസ്റ്റിലായ കൊടിസുനിയാണ് ഫസൽ വധക്കേസിലെ ഒന്നാം പ്രതി. സിബിഐ അന്വേഷണം വരുമ്പോൾ ഇതെല്ലാം തന്നെ സിപിഎമ്മിന് തലവേദന സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ആയി മാറും. പെരിയ കൊലപാതകങ്ങളിൽ സിബിഐ അന്വേഷണം ശക്തമാകാൻ കാരണം ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ള പീതാംബരൻ അല്ല പ്രതിയെന്ന പീതാംബരന്റെ ഭാര്യ മഞ്ജുവിന്റെ പ്രസ്താവനയാണ്. പീതാംബരൻ ആണ് പെരിയ കൊലപാതകം നടത്തിയതെന്ന പാർട്ടി സെക്രട്ടറി കോടിയേരിയുടെ വാദമാണ് പീതാംബരന്റെ ഭാര്യ മാധ്യമങ്ങൾക്ക് മുന്നിൽ തള്ളിക്കളഞ്ഞത്. ഇതോടെ കൊലപാതകങ്ങളിൽ സിപിഎമ്മിന്റെ പങ്ക് വ്യക്തമാവുകയും കോൺഗ്രസ് നിഷ്പക്ഷ അന്വേഷണത്തിനായി സിബിഐ വരണം എന്നാവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സിബിഐ അന്വേഷണം വേണമെന്ന കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്റെ വാദങ്ങൾക്ക് അനുസരിച്ചാണ് കോൺഗ്രസ് നീങ്ങുക എന്ന് ഇപ്പോൾതന്നെ വ്യക്തമാവുകയും ചെയ്തിട്ടുണ്ട്.

കൂടുതൽ തലവേദന സൃഷ്ടിച്ച് ടിപി വധ ഗൂഢാലോചനകൂടി സിബിഐയിലേക്ക് വന്നേക്കും

സിപിഎമ്മിന്റെ തലവേദന സൃഷ്ടിക്കുന്ന സിബിഐ അന്വേഷണങ്ങളിൽ ലാവ്ലിൻ കേസ്, കതിരൂർ മനോജ് വധം, പയ്യോളി മനോജ് വധം, അരിയിൽ ഷുക്കൂർ വധം , ഫസൽ വധം, എന്നിവ മാത്രമാണോ? അല്ല ഈ പട്ടികയിൽ സിപിഎമ്മിനെ ഭീതിപരത്തി ടി.പി.ചന്ദ്രശേഖരൻ വധം കൂടിയുണ്ട്. ടിപി വധക്കേസ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു കഴിഞ്ഞു. കുഞ്ഞനന്തനും, കൊടി സുനിയും കിർമാണി മനോജ് അടക്കമുള്ള 12 പ്രതികളും ഇപ്പോൾ ജയിലിലാണ്. പക്ഷെ ആർഎംപിയുടെ ആവശ്യം ടിപി വധ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്നാണ്. ഈ ആവശ്യം ഉയർത്തിയുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ടിപി വധ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി വിധി വന്നാൽ അത് സിപിഎമ്മിന് ചരിത്രത്തിലേറ്റവും വലിയ തലവേദനയായി മാറും. കാരണം ഇപ്പോഴത്തെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ മുതൽ മേൽപ്പോട്ടാണ് ഈ ഗൂഢാലോചന അന്വേഷണം പോകുന്നത്.

ടിപിയെ വധിക്കാൻ ഉത്തരവിട്ടത് കേരളാ പൊലീസിന്റെ കണക്കിൽ പി.മോഹനൻ മാസ്റ്ററാണ്. ടിപിയെ വധിക്കാൻ സിപിഎമ്മിന്റെ എക്കാലത്തെയും വലിയ ക്രിമിനൽ സംഘത്തെ നിയോഗിക്കും മുൻപ് കുഞ്ഞനന്തൻ ടിപിയെ ഇല്ലായ്മ ചെയ്യേണ്ടതുണ്ടോ എന്ന് ചോദിച്ചത് പി.മോഹനൻ മാസ്റ്ററോടാണ്. മോഹനൻ മാസ്റ്ററുടെ അംഗീകാരം കിട്ടിയതിനു ശേഷമാണ് കൊടി സുനി അടക്കമുള്ള സിപിഎമ്മിന്റെ ക്വട്ടേഷൻ സംഘത്തെ കുഞ്ഞനന്തൻ മാസ്റ്റർ ടിപി വധത്തിനു ഏർപ്പെടാക്കുന്നത്. ടിപി വധത്തിലെ പ്രതി സ്ഥാനത്ത് നിന്ന് മോഹനൻ മാസ്റ്ററെ ഒഴിവാക്കുമ്പോൾ വിധി ന്യായത്തിൽ ജഡ്ജി പറഞ്ഞത് വെറും സംശയത്തിന്റെ ആനുകൂല്യം മാത്രം നൽകിയാണ് മോഹനൻ മാസ്റ്ററെ കുറ്റവിമുക്തൻ ആക്കുന്നത് എന്നാണ്. വധഗൂഢാലോചനയിൽ സിബിഐ അന്വേഷണം വന്നാൽ ആദ്യം മാഞ്ഞുപോവുക ഈ സംശയത്തിന്റെ ആനുകൂല്യമാകും. ടിപി വധത്തിൽ പ്രതിചേർക്കപ്പെട്ട ജയിലിൽ കഴിഞ്ഞ നേതാവ് കൂടിയാണ് മോഹനൻ മാസ്റ്റർ എന്നത് സിപിഎമ്മിന് വിസ്മരിക്കാൻ സാധിക്കുകയുമില്ല.ലാവലിൻ, ടിപി വധ ഗൂഢാലോചന എന്നീ കേസുകൾ മാറ്റി നിർത്തിയാൽ സിബിഐയും സിപിഎമ്മും നേർക്ക് നേർക്ക് വരുന്നത് ഇത്രയും കേസുകളിലാണ്.

കാരായിമാരെ കുടുക്കിയ ഫസൽ വധക്കേസ്

കണ്ണൂരിനെ ചുവപ്പിച്ച രാഷ്ട്രീയ കൊലപാതക കേസുകളിൽ ആദ്യമായി സിബിഐ അന്വേഷണം വരുന്നത് ഫസൽ വധക്കേസിലാണ്. 2006 ഒക്ടോബറിലാണ് ഈ കൊലപാതകം നടക്കുന്നത്. ലോക്കൽ പൊലീസിന്റെയും ക്രൈം ബ്രാഞ്ചിന്റെയും അന്വേഷണം വഴിമുട്ടി നിൽക്കുകയായിരുന്നു. തുടർന്ന് , ഫസലിന്റെ ഭാര്യയുടെ അഭ്യർത്ഥന പ്രകാരം കേസ് ഹൈക്കോടതി സിബിഐക്ക് വിടുന്നത്. . 2008ൽ അന്വേഷണം തുടങ്ങിയ സിബിഐ, സിപിഎം നേതാക്കളായ കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ എന്നിവരുൾപ്പെടെ 8പേരെ പ്രതിയാക്കി കുറ്റപത്രം നൽകിയിട്ടുണ്ട്. കേസ് വിചാരണ വേളയിലാണ്.

പയ്യോളി മനോജ് വധം

ബിഎംഎസ് നേതാവ് മനോജ് പയ്യോളിയിൽ കൊല്ലപ്പെട്ട കേസാണിത്. സിബിഐ ഏറ്റെടുത്ത രണ്ടാമത് കേസ് ആണിത്. . ലോക്കൽ പൊലീസ് നടത്തിയ അന്വേഷണത്തിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടിയ ശേഷം കേസ് ഹൈക്കോടതി സിബിഐയ്ക്ക് വിടുകയായിരുന്നു. . 7 സിപിഎം നേതാക്കൾ ഉൾപ്പെടെ 9 പേരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു 2012 ഫെബ്രുവരി 12നാണു മനോജിനെ വീട്ടിൽ അതിക്രമിച്ചു കയറി മുഖംമൂടി സംഘം വെട്ടിപ്പരുക്കേൽപിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കേ മനോജ് മരിച്ചു. പി.വി. രാമചന്ദ്രൻ ഉൾപ്പെടെ 15 പേരെ പ്രതികളാക്കി കുറ്റപത്രം നൽകിയിരുന്നു. എന്നാൽ, വിചാരണ തുടങ്ങാനിരിക്കേ, തങ്ങളല്ല പ്രതികളെന്നും പാർട്ടിയും പൊലീസും ചേർന്നു പ്രതികളാക്കുകയായിരുന്നുവെന്നും ഇവരിൽ നാലുപേർ കോടതിയെ അറിയിച്ചിരുന്നു.

പാർട്ടിക്കോടതി വിചാരണ നടത്തി ശിക്ഷ വിധിച്ച അരിയിൽ ഷുക്കൂർ വധക്കേസ്

പി. ജയരാജൻ, ടിവി രാജേഷ് എംഎൽഎ എന്നിവർ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിനു കല്ലെറിഞ്ഞതിന് പാർട്ടി വിചാരണ നടത്തി ലീഗ് പ്രവർത്തകനായ അരിയിൽ ഷുക്കൂറിനെ വധിച്ചു എന്നായിരുന്നു ഈ കേസ്. ഷുക്കൂറിന്റെ അമ്മയുടെ അപേക്ഷ പരിഗണിച്ച് സിബിഐ കേസ് ഏറ്റെടുത്തു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത 7 പേർക്കൊപ്പം ആസൂത്രണത്തിൽ പങ്കാളികളെന്ന പേരിൽ ജയരാജനെയും ടി വി രാജേഷിനെയും പ്രതിചേർത്തു.കണ്ണൂരിലെ തളിപ്പറമ്പ് പട്ടുവത്തെ അരിയിൽ സ്വദേശിയും എം.എസ്.എഫിന്റെ പ്രാദേശിക നേതാവുമായ അരിയിൽ അബ്ദുൽ ഷുക്കൂറിനെ (24) 2012 ഫെബ്രുവരി 20ന് കണ്ണപുരം കീഴറയിലെ വള്ളുവൻ കടവിനടുത്ത് വെച്ച് സിപിഎം പ്രവർത്തകർ വിചാരണ നടത്തി കൊലപ്പെടുത്തിയ സംഭവമാണ് ഷുക്കൂർ വധക്കേസ്.

പി ജയരാജനെ അഴിക്കുള്ളിലാക്കിയ കതിരൂർ മനോജ് വധം

15 വർഷം മുൻപ് പി ജയരാജനെ ആക്രമിച്ചതിനുള്ള പ്രതികാരമെന്നാണ് കതിരൂർ മനോജ് വധം സിബിഐ വിലയിരുത്തിയത്. ഈ കേസിൽ ജയരാജനുള്ള പങ്ക് ചൂണ്ടിക്കാട്ടി യുഎപിഎ ചുമത്തി പി ജയരാജനെ സിബിഐ ഒരുമാസത്തോളം ജയിലിലടച്ചു. ഈ കേസിൽ ഇപ്പോൾ ജാമ്യത്തിലാണ് പി ജയരാജൻ. 2014 സെപ്റ്റംബർ ഒന്നിന് രാവിലെ 11 മണിയോടെയായിരുന്നു കതിരൂർ ഉക്കാസ് മൊട്ടയിൽ വെച്ച് മനോജിനെ മൃഗീയമായി കൊലപ്പെടുത്തിയത്. അക്രമത്തിൽ മനോജിന്റെ കൂടെയുണ്ടായിരുന്ന ബിജെപി പ്രവർത്തകനായ കൊളപ്രത്ത് പ്രമോദിന് ഗുരുതരമായ പരിക്കേറ്റിരുന്നു. രാവിലെ വീട്ടിൽ നിന്നും മാരുതി ഓമ്‌നി വാനിൽ തലശ്ശേരിയിലേക്ക് പോകവേ ഉക്കാസ് മൊട്ടയിൽവെച്ച് അക്രമിസംഘം മനോജ് സഞ്ചരിച്ച വാനിനു നേരെ ബോംബെറിയുകയും നിയന്ത്രണംവിട്ട വാൻ റോഡരികിലെ മതിലിലിടിച്ച് നിൽക്കുകയുമായിരുന്നു. ഓടിയെത്തിയ അക്രമിസംഘം മനോജിനെ വാനിൽ നിന്നും പിടിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ഷുഹൈബ് വധക്കേസ്

ഷുഹൈബ് വധക്കേസിൽ പൊലീസ് അന്വേഷണം തൃപ്തികരമെന്ന് മുഖ്യമന്ത്രി അവകാശപ്പെടുമ്പോഴാണ് സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. വന്നത്. സിപിഎമ്മിന് ശക്തമായ ആഘാതമായാണ് ഈ വിധി വന്നത്. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് തുറന്നടിച്ചാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. പ്രതികൾക്കെതിരെ യുഎപിഎ ചുമത്തണമെന്നും ഷുഹൈബിന്റെ മാതാപിതാക്കളുടെ ഹർജിയിൽ ഹൈക്കോടതി വിധിച്ചു. സിബിഐ അന്വേഷണം ഇല്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് കോടതി തീരുമാനം വന്നത്.

2018 ഫെബ്രുവരി 12നു രാത്രി 10.45ന് എടയന്നൂർ തെരൂരിലെ തട്ടുകടയ്ക്കു മുൻപിലാണു ഷുഹൈബിനെ സിപിഎം ക്രിമിനൽ സംഘം വെട്ടുന്നത്. 41 തവണ ശരീരത്തിൽ വെട്ടേറ്റിരുന്നു. കാലിലും ഒട്ടേറെ വെട്ടേറ്റിരുന്നു. സംഭവസ്ഥലത്ത് നിന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഷുഹൈബ് മരിക്കുന്നത്. ജനുവരി 12ന് എടയന്നൂർ ടൗണിലുണ്ടായ സിപിഎം-കോൺഗ്രസ് സംഘർഷത്തിൽ സിഐടിയു പ്രവർത്തകൻ ചാലോടിലെ ബൈജുവിനു പരുക്കേറ്റിരുന്നു. ബൈജുവും സിപിഎം പ്രാദേശിക നേതാക്കളും നടത്തിയ ഗൂഢാലോചനയാണു ഷുഹൈബിന്റെ കൊലപാതകത്തിലെത്തിയതെന്നാണ് കുറ്റപത്രത്തിൽ പറഞ്ഞത്. ഈ നിര ഇപ്പോൾ നീളുകയാണ്. സിപിഎമ്മിന് മറ്റൊരു തലവേദന സൃഷ്ടിച്ച് അന്വേഷണത്തിലെ വിശ്വാസ്യത ഇല്ലായ്മ ചൂണ്ടിക്കാട്ടി പെരിയ ഇരട്ടക്കൊലപാതക കേസും ഇപ്പോൾ സിബിഐ അന്വേഷണത്തിലേക്ക് എത്തിയിരിക്കുകയാണ്. എന്ന ആവശ്യത്തിലേക്ക് നീങ്ങുകയാണ്. സിപിഎമ്മിനെ പ്രതിരോധത്തിലാകുന്ന രാഷ്ട്രീയ കൊലപാതക കേസുകളുടെ എണ്ണം കൂടുമ്പോൾ അതിനനുസരിച്ച് പാർട്ടി കൂടുതൽ കൂടുതൽ കൂടുതൽ പ്രതിരോധത്തിലേക്ക് നീങ്ങിപ്പോവുകയുമാണ് ചെയ്യുന്നത്.

മറുനാടൻ മലയാളി യുട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യാൻ ക്ലിക് ചെയ്യുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP