Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202001Tuesday

സ്മാർട്ട് ഫോണും കയ്യിൽ വച്ച് ചൈനയെ എതിർക്കാനാകില്ലേ? ചൈന ഇല്ലാതെ ജീവിക്കാൻ കഴിയില്ലെന്നാണ് ശരാശരി മലയാളി ചിന്ത; സത്യം മറിച്ചും; ഇന്ത്യൻ വിപണിയിൽ മേൽക്കൈ അവകാശപ്പെടാൻ കഴിയുന്നത് ഇലക്ട്രിക് ഉപകരണ വിപണിയിൽ; ചൈന ഒറ്റപ്പെടുകയും ഇന്ത്യക്കു നേതൃത്വ പദവി ലഭിക്കാനും കളം ഒരുങ്ങുന്നു

സ്മാർട്ട് ഫോണും കയ്യിൽ വച്ച് ചൈനയെ എതിർക്കാനാകില്ലേ? ചൈന ഇല്ലാതെ ജീവിക്കാൻ കഴിയില്ലെന്നാണ് ശരാശരി മലയാളി ചിന്ത; സത്യം മറിച്ചും; ഇന്ത്യൻ വിപണിയിൽ മേൽക്കൈ അവകാശപ്പെടാൻ കഴിയുന്നത് ഇലക്ട്രിക് ഉപകരണ വിപണിയിൽ; ചൈന ഒറ്റപ്പെടുകയും ഇന്ത്യക്കു നേതൃത്വ പദവി ലഭിക്കാനും കളം ഒരുങ്ങുന്നു

കെ ആർ ഷൈജുമോൻ, ലണ്ടൻ

 കവൻട്രി: 'നിങ്ങൾ ടൈപ് ചെയ്യുന്ന സ്മാർട്ട് ഫോൺ മാറ്റി വച്ച് ചൈനയെ എതിർക്കാൻ നോക്കൂ''. ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തി സംഘർഷം ശക്തി പ്രാപിച്ച ശേഷം സോഷ്യൽ മീഡിയയിൽ എത്തുന്ന ചൈനീസ് വിരുദ്ധ പ്രചാരണത്തിന് 'നിഷ്പക്ഷ, നിഷ്‌കളങ്ക'' ലേബലിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്ന ശരാശരി മലയാളിയുടെ ഇൻസ്റ്റന്റ് റെസ്പോൻസാണ് സ്മാർട്ട് ഫോണിനെ കൂട്ടുപിടിച്ചുള്ള ചൈനീസ് മാനിയ. ചൈനയുടെ സാമ്പത്തിക കരുത്തും സൈനിക ശേഷിയും മുൻ നിർത്തി ഇന്ത്യക്കു പിടിച്ചു നില്ക്കാൻ കഴിയില്ല എന്ന ശരാശരി ചിന്തയിൽ നിന്നുമാണ് മലയാളിയുടെ പൊതു മനസ്സിൽ നിന്നും ഇത്തരം ആത്മവിശ്വാസം ഇല്ലായ്മ പുറത്തുവരുന്നത്. അതിർത്തിയിൽ എക്കാലത്തും ഇന്ത്യ പ്രയാസം നേരിടുമ്പോഴും നല്ല പങ്കു മലയാളിയും സ്വന്തം രാജ്യത്തോട് കൂറ് കാട്ടാൻ മടിക്കുന്നു എന്നതും ചരിത്രമാണ് . ഒരു പക്ഷെ അന്യ രാജ്യത്തോട് അതിർത്തി പങ്കിടാതെ കടലിനോടു ചേർന്ന് കിടക്കുന്ന സുരക്ഷിത മനോഭാവം ആയിരിക്കണം ഇപ്പോൾ മലയാളിയെക്കൊണ്ട് ചൈനക്ക് വേണ്ടി ശബ്ദമുയർത്താൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം .

ആയുധമെടുത്തല്ലാതെയും യുദ്ധമുണ്ട് എന്ന് ലോകത്തെ ബോധ്യപ്പെടുത്തി സ്വാതന്ത്ര്യം നേടിയ ഒരു ജനത ആത്മവീര്യം നഷ്ടമാകാതെ എത്ര വലിയ ശക്തിയോടും പോരാടാൻ തയാറാണ് എന്ന 'ബോയ്‌കോട്ട് '' രാഷ്ട്രീയത്തിന്റെ ഏറ്റവും പുതിയ തന്ത്രമാണ് ജനപ്രിയം ആയിരുന്ന ടിക് ടോക് ഉൾപ്പെടെ 59 ചൈനീസ് നിർമ്മിത മൊബൈൽ ആപ്പുകൾ നിരോധിക്കാനുള്ള തീരുമാനം . ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ വിദേശ വസ്തു ബഹിഷ്‌ക്കരണ ആഹ്വനം സമര നെതൃത്വം നൽകിയ കോൺഗ്രസ് മുന്നോട്ടു വച്ചപ്പോൾ ഏറ്റെടുക്കാൻ ജനം കാട്ടിയ ആവേശം ഇന്ത്യയിൽ പരക്കെ ചൈനീസ് ആപ് ബഹ്ഷ്‌ക്കരണത്തിലും ദൃശ്യമാണ് . എന്നാൽ കലയോടാണോ പ്രതിഷേധം എന്ന മട്ടിൽ ഈ ബഹിഷ്‌ക്കരണത്തെ നിസ്സാരവൽക്കരിക്കാൻ മലയാളി സമൂഹം മുന്നോട്ട് വരുന്നുണ്ട് എന്നത് രാജ്യത്തോടുള്ള കൂറ് കൂടിയാണ് ചോദ്യം ചെയ്യാൻ കാരണമായി മാറുന്നത് .

ആധുനിക ആഗോള വിപണിയിൽ കച്ചവട താല്പര്യം ഹനിച്ചു മുന്നോട്ട് പോകാൻ അമേരിക്കയ്ക്കും ചൈനക്കും അടക്കമുള്ള വൻശക്തികൾക്കു മുന്നോട്ടു പോകാനാവില്ല എന്നതാണ് ഇപ്പോൾ ഇന്ത്യയുടെ പ്രതിരോധ ശക്തിയായി മാറുന്നത് . ബോംബും ടാങ്കും കയ്യിൽ ഉള്ളതിനേക്കാൾ പതിന്മടങ്ങു ശക്തിയാണ് വാങ്ങൽ ശേഷി കയ്യിൽ ഉള്ള വിപണി എന്ന് ലോകം കൂടുതലായി തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നത് ഇന്ത്യൻ വിപണിയുടെ ശക്തി ബോധ്യപ്പെട്ടതോടെയാണ്. ഇക്കാര്യം ഏറ്റവും നന്നായി അറിയുന്ന അമേരിക്കയും ചൈനയും ഇന്ത്യയെ പ്രകോപിപ്പിക്കാൻ തയ്യാറാകില്ലെന്നു വ്യക്തം. ഇന്ത്യ കടുത്ത തീരുമാനങ്ങളിലെക്കു നീങ്ങിയാൽ കൂടുതൽ ദോഷം സംഭവിക്കുക തങ്ങൾക്കു തന്നെയെന്ന് ചൈനക്ക് വക്തമാണ്. കാരണം ചൈനീസ് സഹായം കൂടാതെ ഇന്ത്യക്കു പിടിച്ചു നില്ക്കാൻ കഴിയും എന്നത് തന്നെ പ്രധാനം .

പൊതുവിൽ മലയാളി ചിന്തിക്കുന്നത് പോലെ അടിസ്ഥാന കാര്യങ്ങളിൽ ഇന്ത്യ ചൈനയെ ആശ്രയിക്കുന്നില്ല എന്നതാണ് വാസ്തവം. ഇന്ത്യയിൽ ചൈനീസ് സാന്നിധ്യം ഇലക്ട്രോണിക് ഇറക്കുമതി വിപണിയിൽ മാത്രമാണ്. എന്നാൽ അതത്ര ചെറുതല്ല താനും. മൊബൈലും ടിവിയും വാഷിങ് മെഷീനും അടക്കം സാധാരണ ജീവിതത്തിൽ ഒഴിവാക്കാൻ കഴിയാത്ത പലതും ഇന്ത്യക്കാരന്റെ കയ്യിൽ എത്താൻ ചൈന വിചാരിക്കണം . എന്നാൽ ഒരു അടിയന്തര ഘട്ടത്തിൽ, പ്രയാസപ്പെട്ടിട്ടാണെങ്കിൽ പോലും ഇതൊന്നും ഇല്ലാതെ ഒരു ജനതയ്ക്ക് ജീവിക്കാനും കഴിയും എന്ന വസ്തുതയും ഒരു യുദ്ധ തന്ത്രത്തിൽ പ്രധാനമാണ്. ഈ മേഖലയെ ശക്തിപ്പെടുത്താൻ ഇൻസെന്റീവ് സ്‌കീം ഏർപ്പെടുത്തി 48000 കോടി രൂപയുടെ പാക്കേജ് ഇന്ത്യ അവതരിപ്പിച്ചത് അടുത്തിടെയാണ്. ഇലക്ട്രിക്കൽസ് ഒഴികെ ഉള്ള സർവ മേഖലകളിലും ചൈനയുടെ ഇന്ത്യൻ വിപണി കടന്നുകയറ്റം ദുർബലം തന്നെയാണ്. ഈ ഒരർത്ഥത്തിൽ ഇന്ത്യക്കു ചൈനീസ് ബോയ്‌കോട്ട് എന്ന യുദ്ധ തന്ത്രം ഒഴിവാക്കാൻ ആകാത്തത് ഒന്നുമല്ല.

ഇലക്ട്രിക്കൽ മെഷീനറി ഇറക്കുമതിയിൽ മാത്രമാണ് ഇന്ത്യ അല്പമെങ്കിലും ചൈനയെ അമിതമായി ആശ്രയിക്കേണ്ടി വരുന്നത് . ഇന്ത്യയിലേക്കുള്ള മൊത്തം ഇലക്ട്രിക്കൽ ഇറക്കുമതിയിൽ 34 ശതമാനവും ചൈനയിൽ നിന്നാണ് . ഇതിൽ പൊടുന്നനെ കുറവുണ്ടായാൽ അത് വിപണിയിൽ പ്രതിഫലിക്കുകയും ചെയ്യും. പണലാഭം നോക്കുന്ന ഇന്ത്യൻ വിപണി മനസാണ് ചൈനീസ് ഉൽപ്പന്നങ്ങളെ ആശ്രയിക്കാൻ ജനത്തെ പ്രേരിപ്പിച്ചത് എന്നും വ്യക്തം. ടിവിയും ക്യാമറയും മാത്രമല്ല, റഡാറുകൾ പോലും ഇന്ത്യയിൽ എത്തുന്നത് ചൈനയിൽ നിന്നാണ്. ഹെഡ്‌ഫോൺ, മൈക്രോഫോൺ, ലൗഡ് സ്പീക്കർ തുടങ്ങിയ ഇനങ്ങളുടെ ഒക്കെ സർവാധിപത്യം തന്നെ ചൈനീസ് ഉൽപ്പനങ്ങൾക്കാണ് എന്നും പറയാതിരിക്കാനാകില്ല. എന്നാൽ ഈ ഒരിനം കൊണ്ട് തീരുകയാണ് ഇന്ത്യയിൽ ചൈനീസ് വിപണി ആധിപത്യം.

കാർഷിക ആവശ്യത്തിനുള്ള വളം അടക്കമുള്ള ഉത്പന്നങ്ങൾ ഇന്ത്യ ചൈനയിൽ നിന്നും എത്തിക്കുന്നത് ആവശ്യം ഉള്ളതിന്റെ വെറും രണ്ടു ശതമാനം മാത്രമാണ്. ഇതിൽ തന്നെ ഡൈ അമോണിയം ഫോസ്‌ഫേറ്റ് എന്ന ഇനമാണ് മുഖ്യമായും എത്തുന്നതും. ഇന്ത്യൻ കർഷകർക്ക് പ്രിയപ്പെട്ട യൂറിയയും ചൈനയിൽ നിന്നും എത്തുന്നുണ്ട് . ആരോഗ്യ രംഗത്തും ഇന്ത്യയിൽ ചൈനയുടെ സാന്നിധ്യം നാമമാത്രമാണ്. കോവിഡ് പടർന്നപ്പോൾ അമേരിക്കയും ബ്രിട്ടനും ഒക്കെ സർവസാധാരണമായ പാരസെറ്റമോൾ പോലും ആവശ്യത്തിനു കയ്യിൽ ഇല്ലാതെ വിഷമിക്കുന്നത് ലോകം കണ്ടതാണ്. എന്നാൽ ലോകത്തെ തന്നെ ഏറ്റവും വലിയ മരുന്നു നിർമ്മാതാക്കളായ ഇന്ത്യക്കു ഈ രംഗത്ത് ചൈനയെ ഒരു വിധത്തിലും ആശ്രയിക്കേണ്ട കാര്യം വരുന്നില്ല. എന്നാൽ ആശുപത്രികൾക്കും മറ്റും ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളിൽ രണ്ടു ശതമാനം ഇറക്കുമതി ചൈനയിൽ നിന്നുമാണ്. വെന്റിലേറ്ററുകൾ, മാസ്‌കുകൾ എന്നിവ മുൻപ് വലിയ തോതിൽ ചൈനയിൽ നിന്നും എത്തിയ സാഹചര്യത്തിന് ബദലായി കോവിഡ് പ്രതിരോധ നടപടി എന്ന നിലയിൽ എൻ 95 നിലവാരമുള്ള മാസ്‌കുകൾ ഇന്ത്യ സ്വയം നിർമ്മിച്ചു കരുത്തുകാട്ടുക ആയിരുന്നു .

ലോകത്തെ ഒട്ടുമിക്ക ഓട്ടോവിപണിയിൽ ചൈനീസ് സർവാധിപത്യം ദൃശ്യം ആണെങ്കലിലും ഇന്ത്യൻ ഓട്ടോ മൊബൈൽ വിപണിയിൽ ചൈനയുടെ സാന്നിധ്യം വെറും രണ്ടു ശതമാനം മാത്രമാണ്. യൂറോപ്യൻ വിപണിയിൽ പോലും ചൈനീസ് കാറുകൾ കളം പിടിച്ചു തുടങ്ങിയെങ്കിലും മാരുതിയും ടാറ്റയും മഹീന്ദ്രയും ഒക്കെ ചേർന്ന് നൽകിയ ആത്മവിശ്വാസം ഇന്നും ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായത്തിന്റെ കരുത്തു കുറയ്ക്കാൻ ഒട്ടും ഇടയാക്കിയിട്ടില്ല. കാർ നിർമ്മിതിയിൽ പ്രധാന ഘടകങ്ങളായ സ്റ്റിയറിങ് , ഇലക്ട്രിക്കൽ , ബ്രെക്കിങ് സിസ്റ്റം, ഇന്റീരിയർ തുടങ്ങി പലതും ഇപ്പോൾ ചൈനീസ് കമ്പനികളാണ് ഇന്ത്യയിൽ എത്തിക്കുന്നത് എങ്കിലും ഇവ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യക്കു കരുത്തുണ്ട്. ഈ രംഗത്തേക്ക് ഇന്ത്യ ശ്രദ്ധ നൽകിയാൽ കോവിഡിൽ നിന്നും തനിയെ കരകയറുന്ന സാമ്പത്തിക വിപണിയും ഇന്ത്യയ്ക്ക് സ്വന്തമാകും .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP