Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അടുത്ത തെരഞ്ഞെടുപ്പിൽ ആരു ഭരിക്കുമെന്ന് തീരുമാനിക്കുന്നത് പൗരത്വ നിയമ പ്രക്ഷോഭത്തിലെ ആവേശം തന്നെ; കൂട്ടത്തോടെ നീങ്ങുന്ന മുസ്ലിം വോട്ട് ബാങ്ക് ഉറപ്പിക്കാൻ ഇടതും വലതും തമ്മിൽ ഉഗ്രൻ മത്സരം; ഒരുമിച്ച് പ്രക്ഷോഭം നടത്തിയാൽ നേട്ടം ഇടത് മുന്നണിക്കാവുമെന്ന് തിരിച്ചറിവിൽ നേരിട്ട് അങ്കത്തിനിറങ്ങി യുഡിഎഫ്; മനുഷ്യ ചങ്ങല മുതൽ സകല സാധ്യതകളും ഉപയോഗിക്കാൻ ഉറച്ച് എൽഡിഎഫും; ദേശീയ പ്രക്ഷോഭങ്ങൾ കെട്ടടങ്ങിയാലും കേരളത്തിലേത് നീളും

അടുത്ത തെരഞ്ഞെടുപ്പിൽ ആരു ഭരിക്കുമെന്ന് തീരുമാനിക്കുന്നത് പൗരത്വ നിയമ പ്രക്ഷോഭത്തിലെ ആവേശം തന്നെ; കൂട്ടത്തോടെ നീങ്ങുന്ന മുസ്ലിം വോട്ട് ബാങ്ക് ഉറപ്പിക്കാൻ ഇടതും വലതും തമ്മിൽ ഉഗ്രൻ മത്സരം; ഒരുമിച്ച് പ്രക്ഷോഭം നടത്തിയാൽ നേട്ടം ഇടത് മുന്നണിക്കാവുമെന്ന് തിരിച്ചറിവിൽ നേരിട്ട് അങ്കത്തിനിറങ്ങി യുഡിഎഫ്; മനുഷ്യ ചങ്ങല മുതൽ സകല സാധ്യതകളും ഉപയോഗിക്കാൻ ഉറച്ച് എൽഡിഎഫും; ദേശീയ  പ്രക്ഷോഭങ്ങൾ കെട്ടടങ്ങിയാലും കേരളത്തിലേത് നീളും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിൽ നവോത്ഥാൻ എത്തിക്കാൻ സിപിഎം കേരളം മുഴുവൻ മതിൽ തീർത്തു. ഇതുകൊണ്ടു ചെന്നെത്തിച്ചത് വോട്ട് ചോർച്ചയിലാണ്. വിശ്വാസികളെ പിണക്കിയപ്പോൾ ലോക്‌സഭയിൽ വോട്ട് കുറഞ്ഞു. 20ൽ 19ഉം കൈവിട്ടു. ശബരിമലയിൽ ചുവടു മാറി വിശ്വാസ സംരക്ഷകരായി പിണറായി സർക്കാർ മാറി. നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ വോട്ട് നഷ്ടമുണ്ടാകാതെ നോക്കി. ഇനി ലക്ഷ്യം നിയമസഭയിൽ വീണ്ടും അധികാരത്തിൽ എത്തലാണ്. അതിന് വേണ്ടി പൗരത്വ നിയമ ഭേദഗതിയിലെ വികാരം പ്രയോഗിക്കാനാണ് നീക്കം. മുസ്ലിം വോട്ടുകളെയാണ് ഇടതുപക്ഷം മനസ്സിൽ കാണുന്നത്. അതുകൊണ്ടാണ് യോജിച്ച പ്രക്ഷോഭത്തിന് കോൺഗ്രസ് തയ്യാറാകാത്തത്. സിപിഎമ്മുമായി വേദി പങ്കിട്ടാൽ മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാകും കൂടുതൽ ശ്രദ്ധ. ഇതൊഴിവാക്കി നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം വോട്ടുകളെ പിടിച്ചു നിർത്താനാണ് കോൺഗ്രസ് നീക്കം.

അടുത്ത തെരഞ്ഞെടുപ്പിൽ കേരളം ആരു ഭരിക്കുമെന്ന് തീരുമാനിക്കുന്നത് പൗരത്വ നിയമ പ്രക്ഷോഭത്തിലെ ആവേശം തന്നെയെന്നാണ് ഇടതും വലതും കണക്കുകൂട്ടുന്നത്. കൂട്ടത്തോടെ നീങ്ങുന്ന മുസ്ലിം വോട്ട് ബാങ്ക് ഉറപ്പിക്കാൻ ഇടതും വലതും തമ്മിൽ ഉഗ്രൻ മത്സരം നടക്കുമ്പോൾ ഇരു കൂട്ടർക്കും നേട്ടമുണ്ടാകാനുള്ള സാധ്യതയുമുണ്ട്. പൗരത്വ നിയമത്തിൽ ഒരുമിച്ച് പ്രക്ഷോഭം നടത്തിയാൽ നേട്ടം ഇടത് മുന്നണിക്കാവുമെന്ന് തിരിച്ചറിവിൽ നേരിട്ട് അങ്കത്തിനിറങ്ങി യുഡിഎഫ് കേരളത്തിലുടനീളം സമര പരമ്പര സൃഷ്ടിക്കുകയാണ്. ഏതറ്റം വരേയും പോകുമെന്ന സന്ദേശമാണ് കോൺഗ്രസ് നൽകുന്നത്. അതിനിടെ വോട്ട് ഉറപ്പിക്കാൻ മനുഷ്യ ചങ്ങല മുതൽ സകല സാധ്യതകളും ഉപയോഗിക്കാൻ ഉറച്ച് എൽഡിഎഫും തന്ത്രങ്ങളൊരുക്കുന്നു. അതുകൊണ്ട് തന്നെ ദേശീയ പൗരത്വ വിഷയത്തിൽ രാജ്യത്തെ മറ്റിടങ്ങളിലെ പ്രക്ഷോഭങ്ങൾ കെട്ടടങ്ങിയാലും കേരളത്തിലേത് നീളാനാണ് സാധ്യത.

കേരളത്തിൽ പൗരത്വ ഭേദഗതിയിലൂടെ ഹിന്ദു വോട്ട് ധ്രൂവീകരണം സാധ്യാമാകില്ലെന്നാണ് ഇടത് വലത് മുന്നണികളുടെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ എങ്ങനേയും മുസ്ലിം വോട്ടുകൾ പിടിച്ചെടുക്കാനാണ് മുന്നണികളുടെ ശ്രമം. പൗരത്വ നിയമത്തിനെതിരെ മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങളിൽ ഉയരുന്ന പ്രതിഷേധത്തിന്റെ മുൻപന്തിയിൽ അണിനിരക്കാൻ സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത് ഈ സാഹചര്യത്തിലാണ്. എൽഡിഎഫിന്റെ മനുഷ്യച്ചങ്ങല സമാനതകളില്ലാത്ത പ്രക്ഷോഭമാക്കി മാറ്റാനുള്ള നിർദ്ദേശങ്ങൾക്കു സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകി. പരമാവധി മുസ്ലീങ്ങളെ ചങ്ങലയുടെ ഭാഗമാക്കും. ഇതിലൂടെ ന്യൂനപക്ഷങ്ങൾക്കിടയിലേക്ക് സ്വാധീനം ഉറപ്പിക്കാനാണ് സിപിഎം നീക്കം. ബിജെപിക്കെതിരായ വികാരമായി ചങ്ങലയെ ചിത്രീകരിക്കാനാണ് ശ്രമം. അങ്ങനെയാണ് മുസ്ലിം വോട്ടുകളെ അടുപ്പിക്കാനുള്ള പദ്ധതി സിപിഎം തയ്യാറാക്കുന്നത്.

ഇത് മനസ്സിലാക്കിയാണ് പതിവില്ലാത്ത ആവേശം കോൺഗ്രസും സമരത്തിൽ കാട്ടുന്നത്. മോദി സർക്കാരിന് വേണ്ടി യുഡിഎഫ് സമരങ്ങളെ പിണറായി അടിച്ചൊതുങ്ങുന്ന എന്ന ചർച്ചയാണ് കോൺഗ്രസ് ഉയർത്തുന്നത്. കോഴിക്കോട് ടി സിദ്ദിഖിന്റെ അറസ്റ്റ് ഉൾപ്പെടെ ഈ വിധത്തിൽ ചർച്ചയാക്കാനാണ് കോൺഗ്രസ് തീരുമാനം. സിപിഎം നേതൃയോഗത്തിൽ കേന്ദ്രകമ്മിറ്റി തീരുമാനങ്ങൾ, സംസ്ഥാന പ്രവർത്തന റിപ്പോർട്ട് എന്നിവയെ ആസ്പദമാക്കി നടന്ന ചർച്ചയിൽ നിറഞ്ഞുനിന്നതു പൗരത്വ നിയമത്തിനെതിരെ രാജ്യമെങ്ങും ഉയരുന്ന സമരങ്ങളാണ്. ആർഎസ്എസ് നേതൃത്വത്തിലുള്ള പദ്ധതികൾ നടപ്പാക്കാനുള്ള മോദി സർക്കാർ നിരന്തരമായി നടത്തുന്ന നീക്കങ്ങളുടെ കാര്യത്തിൽ വൻവഴിത്തിരിവാണു പൗരത്വ നിയമം ഉണ്ടാക്കിയിരിക്കുന്നതെന്ന വികാരത്തിലാണു സിപിഎം. രാഷ്ട്രീയത്തിന് അതീതമായ പോർമുഖങ്ങളാണു തുറക്കുന്നത്. അങ്ങനെ സിപിഎമ്മും കോൺഗ്രസും ഈ വിഷയം കത്തിച്ച് നിർത്താനുള്ള തീരുമാനത്തിലാണ്.

രാജ്യത്ത് പൗരത്വ നിയമത്തിൽ വലിയ പ്രതിഷേധം നടന്നു. അസമിലും ഡൽഹിയിലും അക്രമാസക്തമായ റാലികളുണ്ടായി. അസമും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളും സാധാരണ നിലയിലായി. യുപിയിലും കർശന നടപടി തുടങ്ങുന്നു. ബിജെപിയുടെ പ്രചരണവും നടക്കുന്നു. ഹിന്ദു വോട്ടുകൾ ധ്രുവീകരിക്കുമെന്നതിനാൽ കരുതലോടെയാണ് ഉത്തരേന്ത്യയിൽ കാര്യങ്ങൾ നീങ്ങുന്നത്. എന്നാൽ കേരളത്തിൽ സ്ഥിതി അങ്ങനെ അല്ല. വിഷയം കത്തിച്ചു നിർത്താനാണ് കോൺഗ്രസും സിപിഎമ്മും തീരുമാനിക്കുന്നത്. മുസ്ലിം വോട്ട് ബാങ്കിനെ സ്വാധീനിക്കുന്ന തരത്തിൽ ചർച്ച ഉയർത്തികൊണ്ടു വരും.

ദേശീയതലത്തിൽ ഇടതുപക്ഷത്തിനുണ്ടായിരിക്കുന്ന ദൗർബല്യങ്ങളെ മറികടക്കുന്ന തരത്തിൽ സമരങ്ങൾ സംഘടിപ്പിക്കണമെന്ന ആവശ്യം സിപിഎമ്മിൽ ഉയർന്നു കഴിഞ്ഞു. പാർലമെന്റിനകത്തും പുറത്തും ഇടതിന്റെ ശബ്ദം കൂടുതൽ ഉയരാൻ കഴിയണം. കേരളമാകെ സമര രംഗത്താണെന്ന അസാധാരണ സാഹചര്യമാണുണ്ടായിരിക്കുന്നതെന്നു കമ്മിറ്റി വിലയിരുത്തി. മലബാറിലെ സ്ഥിതി തികച്ചും വ്യത്യസ്തമാണെന്നും എല്ലാവരും തെരുവിലാണെന്നും അവിടെ നിന്നുള്ള കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. സാധാരണ സമരങ്ങളിൽ നിന്നും മറ്റും മാറിനിൽക്കുന്ന വിഭാഗങ്ങളുടെ പ്രാതിനിധ്യമാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. ഈ സാഹചര്യത്തെ രാഷ്ട്രീയമായി എങ്ങനെ അനുകൂലമാക്കി മാറ്റണമെന്നതു സംബന്ധിച്ച നിർദ്ദേശങ്ങളുമുണ്ടായി. മനുഷ്യച്ചങ്ങല സിപിഎമ്മിന്റെയോ എൽഡിഎഫിന്റെയോ പരിപാടി മാത്രമാക്കി ചുരുക്കാതെ കേരളത്തിന്റെയാകെ പ്രതിഷേധനിരയാക്കി മാറ്റാനാണു നീക്കം. മതസാമുദായികസാംസ്‌കാരിക വ്യക്തികളെയാകെ അണിനിരത്താൻ സിപിഎം ശ്രമിക്കും.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കോൺഗ്രസ് രംഗത്ത് വരുന്നതും പ്രതിഷേധം ശക്തമാക്കാനാണ്. പൗരത്വ നിയമ ഭേദഗതി ബിൽ കോൺഗ്രസ് സൃഷ്ടിയാണെന്ന ഗവർണറുടെ കണ്ടുപിടിത്തം വസ്തുതാവിരുദ്ധമെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ഉപനേതാവ് കെ.സി. ജോസഫ് എംഎ‍ൽഎ പറഞ്ഞു. ഗവർണർ ബിജെപി. വക്താവായി അധഃപതിച്ചുവെന്നും ബിജെപിയെ പോലെ ചരിത്രം വളച്ചൊടിക്കാനാണ് ഗവർണറും ശ്രമിക്കുന്നതെന്നും ജോസഫ് ആരോപിച്ചു. ദേശീയ പൗരത്വ നിയമ ഭേദഗതിയിലൂടെ ഗാന്ധിയും നെഹ്റുവും നൽകിയ വാഗ്ദാനം സർക്കാർ പാലിക്കുകയായിരുന്നുവെന്നായിരുന്നു ഗവർണറുടെ പരാമർശം. പാക്കിസ്ഥാനിൽ ദയനീയ ജീവിതം നയിച്ചവർക്ക് നൽകിയ വാഗ്ദാനം ആയിരുന്നു പൗരത്വം. ഈ വാഗ്ദാനം സർക്കാർ പാലിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എ.എൻ.ഐ വാർത്താ ഏജൻസിയോടാണ് ഗവർണർ ഇക്കാര്യം പറഞ്ഞത്. ഇതിനു പിന്നാലെയാണ് കോൺഗ്രസ് അദ്ദേഹത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ഗവർണർ ബിജെപിയുടെ പി.ആർ.ഒയെ പോലെ പ്രവർത്തിച്ചാൽ അദ്ദേഹത്തിന് കേരളത്തിൽ ലഭിച്ചിരിക്കുന്ന വലിയ സ്വീകാര്യത ഉടൻ ഇല്ലാതാവുമെന്ന് കെപിസിസി. മുൻ അധ്യക്ഷൻ വി എം. സുധീരൻ പറഞ്ഞു. ഗവർണ്ണർക്കെതിരേയും കോൺഗ്രസ് പ്രതിഷേധം ശക്തമാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP