Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

കൊറോണ കാലത്ത് ബസ് കൂലി കൂട്ടിയതോടെ കടുംവെട്ട് നടത്തുന്നത് ടൂവീലർ ഇല്ലാത്ത പാവങ്ങളെ; ദൂരപരിധി കുറച്ച് നിരക്ക് ഉയർത്തിയത് മറ്റൊരു സംസ്ഥാനത്തും കൂലി കൂട്ടാത്തപ്പോൾ; പുതിയ തീരുമാനം രോഗഭീതിയിൽ യാത്രക്കാർ കുത്തനെ കുറഞ്ഞിരിക്കെ; അതിഥി തൊഴിലാളികളും നാടുവിട്ടതോടെ ബസിൽ കയറാൻ ആളെ കിട്ടാനില്ല; ഉടുതുണിക്ക് മറുതുണിയില്ലാത്ത കെഎസ്ആർടിസിക്ക് ഇനി രക്ഷ മത്സരഓട്ടം അവസാനിപ്പിക്കൽ; കെഎസ്ആർടിസിയും സ്വകാര്യ ബസുകളും സംയോജിതമായി സർവീസ് നടത്തണമെന്നും വിദഗ്ദ്ധർ

കൊറോണ കാലത്ത് ബസ് കൂലി കൂട്ടിയതോടെ കടുംവെട്ട് നടത്തുന്നത് ടൂവീലർ ഇല്ലാത്ത പാവങ്ങളെ; ദൂരപരിധി കുറച്ച് നിരക്ക് ഉയർത്തിയത് മറ്റൊരു സംസ്ഥാനത്തും കൂലി കൂട്ടാത്തപ്പോൾ; പുതിയ തീരുമാനം രോഗഭീതിയിൽ യാത്രക്കാർ കുത്തനെ കുറഞ്ഞിരിക്കെ; അതിഥി തൊഴിലാളികളും നാടുവിട്ടതോടെ ബസിൽ കയറാൻ ആളെ കിട്ടാനില്ല; ഉടുതുണിക്ക് മറുതുണിയില്ലാത്ത കെഎസ്ആർടിസിക്ക് ഇനി രക്ഷ മത്സരഓട്ടം അവസാനിപ്പിക്കൽ; കെഎസ്ആർടിസിയും സ്വകാര്യ ബസുകളും സംയോജിതമായി സർവീസ് നടത്തണമെന്നും വിദഗ്ദ്ധർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് കാലത്ത് സംസ്ഥാനത്ത് ദൂരപരിധി കുറച്ച് ബസ് ചാർജ് കൂട്ടിയിരിക്കുകയാണ്. ജനങ്ങളെ ബുദ്ധിമുട്ടിക്കണമെന്ന് സർക്കാരിനില്ലെന്ന് ഗതാഗതമന്ത്രി പറഞ്ഞുവെങ്കിലും വിഷമമാകുമെന്ന കാര്യത്തിൽ സംശയമില്ല. ബസിൽ മിനിമം ചാർജിൽ സഞ്ചരിക്കാവുന്ന ദൂരപരിധി അഞ്ച് കിലോമീറ്റർ എന്നത് രണ്ടര കിലോമീറ്ററാക്കിയാണ് ചുരുക്കിയത്. അഞ്ച് കിലോമീറ്ററിന് മിനിമം ചാർജ് എട്ട് രൂപയെന്നത് ഇനി 2.5 കിലോമീറ്ററിന് എട്ട് രൂപ എന്ന നിരക്കിലായിരിക്കും. മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം. നേരത്തെ എട്ട് രൂപ നിരക്കിൽ അഞ്ച് കിലോമീറ്റർ ദൂരം സഞ്ചരിക്കാമായിരുന്നു. ഇതാണ് രണ്ടര കിലോമീറ്റർ ആയി കുറച്ചത്. കൊറോണയുടെ പേരിൽ രാജ്യത്തൊരിടത്തും ബസുകൂലി കൂട്ടാത്ത സാഹചര്യത്തിലാണ് കേരളത്തിൽ എൽഡിഎഫ് സർക്കാർ മാത്രം ഈ കടുംകൈ ചെയ്തത്. സർക്കാരിനെതിരെ പല ആരോപണങ്ങളും ഉന്നയിക്കുന്ന പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ബസ് ചാർജ് കൂട്ടിയതിൽ പ്രതികരിച്ചിട്ടില്ല.

കൊറോണ കാലത്തും കടുംവെട്ട്

കൊറോണയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ ഏതൊക്കെ സംസ്ഥാനങ്ങൾ പാവപ്പെട്ടവരുടെ യാത്രാമാധ്യമമായ ഓർഡിനറി ബസുകളുടെ കൂലി കൂട്ടി എന്ന് മുഖ്യമന്ത്രിക്കറിയാൻ വിഷമമില്ല. പൊതു ഭരണ വകുപ്പ് സെക്രട്ടറികൂടിയായ ഗതാഗത സെക്രട്ടറി ജ്യോതിലാൽ അയൽ സംസ്ഥാനങ്ങളിലെ ഗതാഗത സെക്രട്ടറിമാർക്ക് ഒരു ഇമെയിൽ അയച്ചാൽ അപ്പോൾ കിട്ടും മറുപടി. തമിഴ്‌നാട്ടിലെയും, കർണാടകത്തിലെയും യാത്രാ നിരക്കുകൾ കൂട്ടുന്ന അന്നു തന്നെ കേരളാ ആർടിസിയിലെത്തും. കാരണം അന്തർ സംസ്ഥാന സർവീസുകളിൽ യാത്രാക്കൂലി നിശ്ചയിക്കാനായി അത്തരം ഫെയർ റിവിഷൻ നോട്ടിഫിക്കേഷനുകൾ നേരത്തെ തന്നെ കെഎസ്ആർടിയിലെത്തും. അതുകൊണ്ട് തന്നെ വേറെ എവിടെയും കൂലി കൂട്ടിയിട്ടില്ലെന്ന് എല്ലാവർക്കും അറിയാം

ഉന്നത ഉദ്യോഗസ്ഥരുടെ കളികൾ

കൊറോണ കാലത്ത് തിരുവനന്തപുരം സിറ്റിയിൽ സിറ്റി/ടൗൺ ബസിന് പകരം സൂപ്പർ ഡീലക്‌സ് ബസ് വേണമെങ്കിലും ഓടിക്കാമെന്നും സംസ്ഥാനത്തെ പകർച്ചവ്യാധി നിയമം അതിനനുവദിക്കുന്നുണ്ടെന്നുമായിരുന്നു ഒരു ഉദ്യോഗസ്ഥന്റെ നിർദ്ദേശം. സർവീസിൽ നിന്നും ലീവെടുക്കാതെ രണ്ട് വർഷം റഗുലർ കോളജിൽ പോയി എംബിഎ ബിരുദം സ്വന്തമാക്കിയെന്നു നുണ പറഞ്ഞ അനിൽ കുമാർ എന്ന ഉദ്യോഗസ്ഥനാണ് ഈ നിർദ്ദേശം മുന്നോട്ട് വച്ചത്. ഈ ഉദ്യോഗസ്ഥൻ കള്ള സർട്ടിഫിക്കറ്റ് നൽകി കെഎസ്ആർടിസിയിലെ സൗത്ത് സോൺ എക്‌സിക്യൂട്ടീവ് ഡയറക്ടറായി പ്രവർത്തിക്കുകയാണെന്നും ആരോപണമുണ്ട്. പത്തനംതിട്ടയിലെ ഇല്ലാത്ത ഒരു കോളജിൽ നിന്നും വ്യാജ എംബിഎ സർട്ടഫിക്കറ്റുമായി എത്തിയ (അന്വേഷണം വന്നപ്പോൾ വ്യാജ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയി എന്നു കോടതിയിൽ സത്യവാങ്മൂലം) ഷറഫ് മുഹമ്മദ് എന്ന ഓപ്പറേഷൻസ് വിഭാഗം മേധാവിയാണ് മറ്റൊരാൾ. ഈ ഉദ്യോഗസ്ഥൻ കൊറോണക്കാലത്തും അതിന് ശേഷവും ഓർഡിനറിയോ, സിറ്റി ബസോ ഓടിക്കേണ്ട, പകരം മുഴുവൻ ഇരട്ടി ബസുകൂലി ഈടാക്കാവുന്ന ഫാസ്റ്റ് മതിയെന്ന ഉപദേശകനാണ്. ഇത്തരം ഉപദേശകരാണ് സാധാരണക്കാരുടെ വയറ്റത്തടിക്കുന്നത്.

ടൂവീലർ ഇല്ലാത്ത പട്ടിണിപ്പാവങ്ങളെ കൊള്ളയടി

ടൂവീലർ ഇല്ലാത്ത പട്ടിണിപാവങ്ങളാണ് ഓർഡിനറി കെഎസ്ആർടിസിയിൽ കയറുന്നത്. അവരെ കൊള്ളയടിക്കുക എന്നതാണ് കെഎസ്ആർടിസി ഉന്നതരുടെ നയം. ആരും ചോദിക്കാനും പറയാനുമില്ല എന്ന സൗകര്യവുമുണ്ട്. മിനിമം ചാർജ് 8 രൂപയിൽ നിന്നും 10 രൂപയാക്കിയാലും കിലോമീറ്റർ യാത്രാക്കൂലി 90 പൈസാ അല്ല, മൂന്നര രൂപാ ആക്കിയാലും ബസ് വ്യവസായം ലാഭകരമാകില്ല. കാരണം ഓർഡിനറി ബസിൽ കയറുന്നതിനേക്കാൾ ലാഭകരമാണ് ടു വീലർ യാത്ര.

അതിഥി തൊഴിലാളികൾ സംസ്ഥാനം വിട്ടതോടെ ബസ് യാത്രക്കാരുടെ എണ്ണം കുറഞ്ഞു. ഓർഡിനറി ബസുകളിലെ 30% യാത്രക്കാർ ഈ വിഭാഗത്തിൽപ്പെട്ടവരായിരുന്നു. കൂടാതെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് തിരിച്ച് പോകാതെ കേരളത്തിൽ തുടരുന്ന അതിഥി തൊഴിലാളികളും സെക്കന്റ്ഹാൻഡ് ടൂ വീലർ സ്വന്തമാക്കി കൊണ്ടിരിക്കുന്നു.

കൊറോണ ഭീതിയിൽ യാത്രക്കാർ കുറഞ്ഞു

കൊറോണഭീതി തീർച്ചയായും ബസ് വ്യവസായത്തിന്റെ നട്ടെല്ലൊടിച്ചു. കെഎസ്ആർടിസി ബസിൽ സ്ഥിരം ജോലിക്കാരായ അന്തർ ജില്ലാ ബസ് യാത്രക്കാരും ബസുകളെ ഉപേക്ഷിച്ച് കഴിഞ്ഞു. കാരണം ഏത് യാത്രക്കാരനാണ് കൊറോണ ഉള്ളതെന്ന് അറിയില്ലല്ലോ. അഞ്ച് പേർ ഒത്തുകൂടി ഒരു റൂട്ടിൽ ആഴ്ചയിൽ ഒരിക്കൽ ഒരാൾ സ്വന്തം കാർ എടുക്കുന്ന അവസ്ഥയിലായി കാര്യങ്ങൾ. അന്തർജില്ലാ സ്ഥിരം ജീവനക്കാരും ബസുകൾ ഉപേക്ഷിക്കുന്നതായാണ് റിപ്പോർട്ടുകൾ.

അയൽ സംസ്ഥാനങ്ങളിലെ നിരക്കുകൾ കണ്ടുപഠിക്കട്ടെ

അയർ സംസ്ഥാനങ്ങളിലെ സിറ്റി ഓർഡിനറി ബസുകളിലെ മിനിമം യാത്രാക്കൂലിയും മിനിമം യാത്രാക്കൂലിക്ക് യാത്ര ചെയ്യാവുന്ന ദൂരവും മുഖ്യമന്ത്രിയും, ഗതാഗതമന്ത്രിയും മാത്രമല്ല ബസുടമകൾ തന്നെ പഠിക്കുന്നത് നല്ലതായിരിക്കുമെന്നാണ് ഗതാഗത രംഗത്തെ വിദഗ്ദ്ധർ പറയുന്നത്.

നിലവിലുണ്ടായിരുന്ന വരുമാനത്തിൽ വലിയ കുറവ് സംഭവിക്കുന്ന സാഹചര്യത്തിൽ, മിനിമം ചാർജ് കൂട്ടിയാൽ ഉള്ള യാത്രക്കാർ കൂടി കുറയും എന്നതാണ് സത്യം. കൊറോണയുടെ പശ്ചാത്തലത്തിൽ യാത്രക്കാർക്ക് ലാഭകരമായ യാത്ര അവർക്ക് തിരഞ്ഞെടുക്കാൻ സാധിക്കുക എന്നതാണ് വേണ്ടത്.

സ്വകാര്യ ബസുടമകൾ എന്തുചെയ്യും?

ഗതാഗത മേഖലയെ കുറിച്ച് വ്യക്തമായ പിടിപാടുള്ള വിദഗ്ധരുടെ അസാന്നിധ്യമാണ് വലിയൊരു ശാപം. കെഎസ്ആർടിസിയെയും സ്വകാര്യബസുകളെയും സമഗ്രമായി കണ്ടുള്ള പരിഹാരമാണ് വേണ്ടത്. ബസ് വ്യവസാസത്തെ കുറിച്ച് ക്യത്യമായി പഠിക്കാത്ത ജസ്റ്റീസ് രാമചന്ദ്രനോ, ഗതാഗത വിദഗ്ധനെന്നവകാശപ്പെടുന്ന ഇളങ്കോവനോ ഒന്നും സ്വകാര്യ ബസ് ഗതാഗതത്തെ രക്ഷിക്കാനാവില്ലെന്ന് പറയുന്നു ഗതാഗത മേഖലയിലെ വിദഗ്ധനും സംസ്ഥാന പ്ലാനിങ് ബോർഡിലെ ഗതാഗത സർക്കിൾ ഗ്രൂപ്പ് അംഗവുമായ ജയിംസ് വടക്കൻ. '30 മുതൽ 35 ലക്ഷം വരെ മുതൽ മുടക്കിയിരിക്കുന്ന സ്വകാര്യ ബസുടമകൾ തന്നെ അവർക്ക് രക്ഷപെടാനുള്ള മാർഗം ആരായുക 30 ലക്ഷം മുടക്കി പുത്തൻ ബസിറക്കിയ ആയിരക്കണക്കിന് ബുസടുമകൾ വഴിയാധാരമാകും. അടുത്തനാളിൽ എറണാകുളം ജില്ലയിലെ ഏറ്റവും വലിയ ബസ് ഓപ്പറേറ്ററും ബസുടമാ സംഘം നേതാവുമായി സത്യൻ പറഞ്ഞതാണ് സത്യം. 'യാത്രക്കാരുള്ളിടത്ത് ആവശ്യാനുസരണം ബസോടിച്ചാൽ മതി' കൊറോണക്കാലത്തിനും മുൻപ് തന്നെ ആവശ്യത്തിന്റെ ഇരട്ടിയിലധികം ബസുകൾ കേരളത്തിലുണ്ട്. കൊറോണ ഭയത്തെത്തുടർന്ന് യാത്രക്കാർ വീണ്ടും പകുതിയായി.'

ഗതാഗത മേഖലയിലെ വിദഗ്ധൻ ജയിംസ് വടക്കന്റെ നിർദ്ദേശങ്ങൾ

കെഎസ്ആർടിസി ബസ് മത്സര ഓട്ടം അവസാനിപ്പിക്കണം

കെഎസ്ആർടിസിയും സ്വകാര്യ ബസുകളും സംയോജിതമായി സർവീസ് നടത്തണം. ഇനി ഒറ്റ പുതിയ ബസുകൾ കെഎസ്ആർടിസി വാങ്ങരുത്. ഇലക്ട്രിക് ബസാണെങ്കിലും. അടിയന്തരമായി കെഎസ്ആർടിസിക്ക് ഫാസ്റ്റ് പാസഞ്ചർ അടക്കം 1200 സൂപ്പർ ഫാസ്റ്റ് ബസുകൾ ആവശ്യമുണ്ട്. കെഎസ്ആർടിസിയുടെ കൈയിലുള്ളത് പഴക്കം ചെന്ന് നിയമാനുസൃതം ഓടിക്കാനാവാത്തതാണ്. 2 വർഷത്തിൽ താഴെ പഴക്കമില്ലാത്ത പുതിയ ഗ്ലാസ് ബോഡികളെ 1200 സ്വകാര്യ ബസുകൾ ഡ്രൈവറെ സഹിതം കെഎസ്ആർടിസിയിലേയ്ക്ക് വാടകയ്ക്ക് എടുക്കുക.

കിലോമീറ്റർ വാടക രാമചന്ദ്രൻ കമ്മിഷൻ തീരുമാനിക്കട്ടെ. ഓടുന്ന കിലോമീറ്റർ തുക അതാത് ദിവസം കളക്ഷനിൽ നിന്നും സ്വകാര്യ ബസുടമകൾക്ക് കൊടുക്കുക. അടുത്തഘട്ടമായി സ്വകാര്യ റൂട്ടുകളിൽ അവരുമായി മത്സരിച്ചോടുന്ന കെഎസ്ആർടിസി ബസുകൾ റദ്ദാക്കുക. പൊതു ഗതാഗതമെന്നാൽ കെഎസ്ആർടിസി എന്നല്ല. റൂട്ട് ബസ് എന്നാണ് മനസിലാക്കേണ്ടത്. ഏറ്റവും മിനിമം ഇതെങ്കിലും ചെയ്താൽ കേരളത്തിൽ പൊതുബസ് ഗതാഗതം നിലനിൽക്കും. അല്ലെങ്കിൽ സ്വന്തമായി വണ്ടിയില്ലാത്തവർ ഓട്ടോയിൽ പോകേണ്ടിവരും.

(സ്വകാര്യ / കെഎസ്ആർടിസി ചാർജ് വർധനവടക്കം പൊതു ഗതാഗത മേഖലയെ സംബന്ധിച്ചു 1928 മുതൽ 30 ൽ പരം കേസുകൾ ഹൈക്കോടതിയിൽ നടത്തി അനുകൂല വിധികൾ സമ്പാദിച്ച കേരളത്തിലെ തന്നെ ഏറ്റവും പ്രബലമായ ഉപഭോക്തൃസംഘടനയായ പാലായിലെ സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ സ്ഥാപകനും മാനേജിങ് ട്രസ്റ്റിയുമാണ് ജയിംസ് വടക്കൻ).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP