Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിമാനത്താവളം അദാനിക്ക് കൊടുക്കുന്നതിനെ എതിർത്ത് കല്ലുകടി ഉണ്ടാക്കി; പൗരത്വ ഭേദഗതിയെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ലെന്ന് തുറന്നു പറഞ്ഞ മുതിർന്ന നേതാവ്; കർഷക പ്രമേയത്തിൽ കേരള സഭയുടെ പൊതു വികാരത്തിനൊപ്പം നിന്ന് പ്രതിരോധത്തിലാക്കുന്നത് ബിജെപിയെ; ശോഭയ്‌ക്കൊപ്പം രാജഗോപാലും സുരേന്ദ്രന് വെല്ലുവിളി; നിർണ്ണായകമാകുക മോദി-ഷാ തീരുമാനം

വിമാനത്താവളം അദാനിക്ക് കൊടുക്കുന്നതിനെ എതിർത്ത് കല്ലുകടി ഉണ്ടാക്കി; പൗരത്വ ഭേദഗതിയെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ലെന്ന് തുറന്നു പറഞ്ഞ മുതിർന്ന നേതാവ്; കർഷക പ്രമേയത്തിൽ കേരള സഭയുടെ പൊതു വികാരത്തിനൊപ്പം നിന്ന് പ്രതിരോധത്തിലാക്കുന്നത് ബിജെപിയെ; ശോഭയ്‌ക്കൊപ്പം രാജഗോപാലും സുരേന്ദ്രന് വെല്ലുവിളി; നിർണ്ണായകമാകുക മോദി-ഷാ തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമസഭയിൽ ബിജെപി നയത്തെ ഒ രാജഗോപാൽ തള്ളി പറയുന്നത് ഇത് മൂന്നാം തവണ. പൗരത്വ നിയമത്തിലും വിമാനത്താവള കൈമാറ്റത്തിലും എടുത്ത അതേ സമീപനം രാജഗോപാൽ കർഷക ബില്ലിലെ പ്രമേയത്തിലും തുടർന്നു. രാമനും കൃഷ്ണനും ചേർന്ന ശ്രീരാമകൃഷ്ണന് സ്പീക്കർ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് തുടങ്ങിയ ഇടത് താൽപ്പര്യം സഭയിൽ രാജഗോപാൽ അവസാന വർഷവും തുടരുകയാണ്. കർഷക പ്രമേയത്തിൽ പരസ്യമായി തന്നെ രാജഗോപാൽ നിലപാടും വിശദീകരിച്ചു. ഇതോടെ കേരളത്തിൽ ബിജെപി വലിയ പ്രതിസന്ധിയിലാകും. 

കർഷക സമരം തന്നെ അനാവശ്യമെന്നായിരുന്നു കേരളത്തിലും ബിജെപി നേതാക്കൾ വാദിച്ചിരുന്നത്. ശോഭാ സുരേന്ദ്രൻ വിമത പ്രശ്‌നമുയർത്തുന്നത് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന് വലിയ തലവേദനായണ്. ഇതിനൊപ്പമാണ് നയപരമായ വിഷയത്തിൽ ദേശീയ നേതൃത്വത്തെ തള്ളി പറയുന്ന രാജഗോപാൽ എംഎൽഎയുടെ നിലപാട്. നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങളേ ഉള്ളൂ. അതുകൊണ്ട് തന്നെ ഈ വിവാദത്തിൽ കരുതലോടെ മാത്രമേ ബിജെപി പ്രതികരിക്കൂ. സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കാനാണ് രാജഗോപാൽ ബോധ പൂർവ്വം ശ്രമിച്ചതെന്ന ചർച്ചയും പാർട്ടിയിൽ സജീവമാണ്. എങ്കിലും നടപടി ഉണ്ടാകില്ല. ശോഭാ സുരേന്ദ്രൻ ഉയർത്തുന്ന ആവശങ്ങളിൽ കഴമ്പുണ്ടെന്ന് രാജഗോപാൽ നേരത്തെ പറഞ്ഞിരുന്നു. ഇതിനൊപ്പമാണ് കർഷക ബില്ലിൽ പാർട്ടി വിരുദ്ധ നിലപാട് എടുത്തത്.

നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തെ എതിർത്തില്ലെന്ന് ഒ.രാജഗോപാൽ പരസ്യമായി പറഞ്ഞതോടെ പ്രതിരോധത്തിനും ബിജെപിക്ക് അവസരമില്ല.. അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും പൊതുഅഭിപ്രായത്തെ മാനിച്ചു. പ്രമേയത്തിലെ ചില പരാമർശങ്ങളെ എതിർക്കുന്നു. കേരളസഭയുടെ പൊതുവികാരമാണ് പ്രമേയത്തിലുള്ളത്. പ്രമേയം പാസാക്കിയത് ഏകകണ്ഠമായാണെന്നും രാജഗോപാൽ പറഞ്ഞു. ഈ വാക്കുകളെ ബിജെപി ദേശീയ നേതൃത്വം എങ്ങനെ എടുക്കുമെന്നതാണ് ഇനി നിർണ്ണയാകം. പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഈ വിഷയത്തെ ഗൗരവത്തോടെ കാണുമെന്ന് ഉറപ്പാണ്.

വിമാനത്താവള നടത്തിപ്പ് അദാനി എന്റർപ്രൈസസിനു കൈമാറാനുള്ള നീക്കത്തെ എല്ലാ അർത്ഥത്തിലും പിന്തുണയ്ക്കുന്നത് ബിജെപിയാണ്. വികസനത്തിന് ഇത് അനിവാര്യതയാണെന്ന് ബിജെപി പറയുന്നു. എന്നാൽ നിയമസഭയിൽ ചർച്ച വന്നപ്പോൾ പാർട്ടിയുടെ ഏക അംഗത്തിന്റെ നിലപാട് വിചിത്രമാണ്. കേന്ദ്ര നീക്കത്തിനെതിരായ പ്രമേയത്തെ എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്യുന്നില്ലെന്ന് രാജഗോപാൽ പറയുന്നു. അതുകൊണ്ട് കൂടിയാണ് ഏകകണ്ഠേന പ്രമേയം നിയമസഭ പാസാക്കിയതും. മുമ്പും സമാനമായ വിവാദങ്ങൾ രാജഗോപാലുമായി ബന്ധപ്പെട്ടുയർന്നിട്ടുണ്ട്. പാർട്ടിക്ക് അപ്പുറം സ്വന്തം പ്രതിച്ഛായയാണ് രാജഗോപാൽ എന്നും നിയമസഭയിൽ പ്രാധാന്യത്തോടെ ഉയർത്തുന്നത്. അതുകൊണ്ട് തന്നെ വിവാദ വിഷയങ്ങളിൽ അകലം പാലിക്കും.

നിയമസഭയിലെ അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ നിന്ന് രാജഗോപാൽ വിട്ടുനിൽക്കുകയും ചെയ്തു. ജനങ്ങളുടെ പ്രശ്നങ്ങൾ പറയാനാണു നിയമസഭ ഉപയോഗിക്കേണ്ടതെന്നു പറഞ്ഞായിരുന്നു ഇത്. കൂട്ടായ്മയുടെ മനോഭാവമാണു നമുക്കു വേണ്ടത്. അതു ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. പല കാര്യങ്ങളും പരിഹരിക്കാൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്നു ശ്രമിക്കുന്നു. കൂടുതൽ തൊഴിൽ സൃഷ്ടിക്കാൻ വ്യവസായങ്ങൾ കൂടുതൽ വരണം. വിമാനത്താവളത്തെ മെച്ചപ്പെടുത്താൻ വരുന്നവരെ കുറ്റം പറഞ്ഞ് ഓടിക്കുന്നതു നല്ലതല്ലെന്നും രാജഗോപാൽ പറഞ്ഞിരുന്നു. എന്നാൽ വോട്ടെടുപ്പിൽ പ്രതിഫലിപ്പിക്കില്ല.

തിരുവനന്തപുരം വിമാനത്താവള വിഷയത്തിൽ നിയമസഭയിൽ രാജഗോപാൽ എംഎൽഎ കൈ ഉയർത്തിയിട്ടും പറയാൻ അനുവദിക്കാതെ പ്രമേയം ഏകകണ്ഠമായി പാസായി എന്ന പ്രഖ്യാപനം നടത്തിയ സ്പീക്കറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ ആരോപിച്ചിരുന്നു. വിമാനത്താവളത്തിന്റെ സ്വകാര്യവൽക്കരണത്തിന് അനുകൂലമാണ് ബിജെപി സംസ്ഥാന ഘടകം. അക്കാരണത്താൽ രാജഗോപാൽ സംസ്ഥാന സർക്കാരിന്റെ പ്രമേയത്തെ എതിർക്കേണ്ടതാണ്. രാജഗോപാൽ എതിർക്കാത്തതിനാൽ, ഐകകണ്‌ഠ്യേന പാസായെന്ന നിലയിലാണ് പ്രമേയം രാഷ്ട്രപതിയുടെ മുന്നിലെത്തിയത്. കാർഷിക നിയമത്തിലും ഇതു തന്നെ സംഭവിക്കും. പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയപ്പോൾ സഭയിലെ ഏക ബിജെപി എംഎൽഎയായ രാജഗോപാൽ എതിർത്ത് വോട്ടു ചെയ്യാത്തത് വിവാദമായിരുന്നു.

പ്രമേയത്തെ സഭയിലെ 139പേരും അനുകൂലിക്കുമ്പോൾ ഒരാളുടെ എതിർപ്പിനു പ്രസക്തിയില്ലെന്നായിരുന്നു രാജഗോപാലിന്റെ നിലപാട്. ശബരിമല സ്ത്രീപ്രവേശ വിഷയത്തിലും രാജഗോപാലിന്റെ ലേഖനങ്ങളായിരുന്നു ബിജെപിക്കെതിരെ സി പി എം ആയുധം ആക്കിയത്. കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വഭേദഗതി നിയമം റദ്ദാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തെ ബിജെപി അംഗം ഒ.രാജഗോപാൽ എതിർക്കാത്തതും വിവാദമായി. ബിജെപിയെ വെട്ടിലാക്കുന്ന നിലപാടാണ് വിഷയത്തിൽ രാജഗോപാൽ എടുത്തത്. ചർച്ചയ്ക്കു ശേഷം പ്രമേയത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും കൈ ഉയർത്താൻ സ്പീക്കർ ആവശ്യപ്പെട്ടപ്പോൾ രാജഗോപാൽ തലകുനിച്ചിരുന്നു. അതുകൊണ്ട് തന്നെ പ്രമേയം എതിരില്ലാതെയാണ് സഭ പാസാക്കിയത്. ഇതിന് ശേഷം കേരള കൗമുദിക്ക് രാജഗോപാൽ നൽകിയ അഭിമുഖം കൂടുതൽ വിവാദത്തിലേക്ക് കാര്യങ്ങളെത്തിച്ചു.

പൗരത്വനിയമത്തെ താൻ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ലെന്ന് രാജഗോപാൽ പറഞ്ഞതായി 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തത്. നിയമത്തിനെതിരെ രാജ്യത്താകെ നടക്കുന്ന പ്രക്ഷോഭം കണ്ടില്ലെന്ന് നടിക്കാനാവില്ല. പ്രമേയത്തിൽ എന്തു നിലപാടെടുക്കണമെന്ന് പാർട്ടി നിർദ്ദേശിച്ചിട്ടില്ല. അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യാതെ വിട്ടുനിൽക്കാനാണ് താൻ തീരുമാനിച്ചത്. അതിനാലാണ് എതിർത്ത് കൈപൊക്കാതിരുന്നത്. ഇത് വ്യക്തിപരമായ നിലപാടാണ് - രാജഗോപാൽ പറഞ്ഞിരുന്നു. പ്രമേയത്തെ താൻ എതിർത്തിട്ടില്ലെന്ന് രാജഗോപാൽ സമ്മതിച്ചെന്നും കേരള കൗമുദി റിപ്പോർട്ട് ചെയ്തു. ഇത് ബിജെപിയെ വെട്ടിലാക്കി.

പൗരത്വ ഭേദഗതിയിൽ കേരള നിയമസഭയിൽ രാജഗോപാൽ പ്രമേയത്തെ എതിർത്തുവെന്ന പൊതു ചിത്രമാണ് പുറത്തുണ്ടായിരുന്നത്. എന്നാൽ പ്രമേയം പാസായത് ഏകകണ്ഠമായാണെന്ന് ധനമന്ത്രി തോമസ് ഐസക് ട്വിറ്ററിൽ കുറിച്ചു. ഇത് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി റി ട്വീറ്റ് ചെയ്യുകയും ചെയ്തു. ഇതോടെയാണ് സഭാ രേഖകൾ പലരും പരിശോധിച്ചത്. ഇതിൽ രാജഗോപാലിന്റെ എതിർപ്പുണ്ടായിരുന്നില്ല. ഇത് ബിജെപി ദേശീയ നേതൃത്വത്തേയും ചൊടിപ്പിച്ചു. കേരള കൗമുദിയിലെ അഭിമുഖത്തോടെ താൻ മനപ്പൂർവ്വം കൈയുയർത്താത്തതാണെന്ന് രാജഗോപാൽ സമ്മതിക്കുന്നുമുണ്ട്. ബിജെപിക്ക് നാഥനില്ലാത്തതാണ് എല്ലാത്തിനും കാരണമെന്ന രാജഗോപാലിന്റെ കുറ്റപ്പെടുത്തലും ദേശീയ നേതൃത്വത്തിനെതിരായ ഒളിയമ്പായി.

വട്ടിയൂർകാവ് ഉപതെരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനെ സ്ഥാനാർത്ഥിയായി രാജഗോപാൽ പരസ്യമായി പറഞ്ഞത് വിവാദമായിരുന്നു. അതിന് ശേഷമാണ് കുമ്മനത്തെ നിർത്തേണ്ടതില്ലെന്ന തീരുമാനം ബിജെപി ദേശീയ നേതൃത്വം എടുത്തത്. പൗരത്വ ബില്ലിലെ രാജഗോപാലിന്റെ നിലപാട് വൈരാഗ്യം തീർക്കലാണെന്ന സംശയം കേന്ദ്ര നേതൃത്വത്തിനുണ്ടായിരുന്നു. എങ്കിലും കേരള നിയമസഭയിലെ ഏക എംഎൽഎയ്ക്കെതിരെ പരസ്യ നിലപാടൊന്നും ബിജെപി എടുത്തില്ല. കർഷക നിയമത്തിലും രാജഗോപാൽ ഒറ്റയാൾ യാത്ര തുടരുന്നു. ബിജെപിയിലെ മുതിർന്ന നേതാവാണ് രാജഗോപാൽ. അതുകൊണ്ട് തന്നെ നടപടി എടുക്കാൻ പാർട്ടിക്ക് ഇപ്പോഴും കഴിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP