Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോ-ലീ-ബി വിവാദമയുർത്തിയിട്ടും രാജഗോപാലിന് വഴങ്ങിയില്ല; ശോഭാ സുരേന്ദ്രനൊപ്പമാണ് വെള്ളാപ്പള്ളി എന്നതിനാൽ ബിഡിജെഎസിനോടും ആലോചിച്ചില്ല; പ്രാദേശികനെ സ്ഥാനാർത്ഥിയാക്കിയത് കുഞ്ഞാലിക്കുട്ടിക്ക് വേണ്ടിയെന്ന ആരോപണം സജീവമാകും; മലപ്പുറത്ത് സമ്പൂർണ്ണ നിരാശ; അമിത് ഷായുടെ ചോദ്യത്തിന് എന്തുത്തരം പറയണമെന്ന് അറിയാതെ കുമ്മനം; ബിജെപിയിൽ കലാപം മൂക്കും

കോ-ലീ-ബി വിവാദമയുർത്തിയിട്ടും രാജഗോപാലിന് വഴങ്ങിയില്ല; ശോഭാ സുരേന്ദ്രനൊപ്പമാണ് വെള്ളാപ്പള്ളി എന്നതിനാൽ ബിഡിജെഎസിനോടും ആലോചിച്ചില്ല; പ്രാദേശികനെ സ്ഥാനാർത്ഥിയാക്കിയത് കുഞ്ഞാലിക്കുട്ടിക്ക് വേണ്ടിയെന്ന ആരോപണം സജീവമാകും; മലപ്പുറത്ത് സമ്പൂർണ്ണ നിരാശ; അമിത് ഷായുടെ ചോദ്യത്തിന് എന്തുത്തരം പറയണമെന്ന് അറിയാതെ കുമ്മനം; ബിജെപിയിൽ കലാപം മൂക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മലപ്പുറത്ത് 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ചത് 64000ൽപ്പരം വോട്ടുകളാണ്. കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ 7 മണ്ഡലങ്ങളിൽ നിന്നും ലഭിച്ചത് 70000 വോട്ടുകളാണ്. ഉത്തർപ്രദേശിലെ തിളങ്ങുന്ന വിജയം. ഡൽഹിയിൽ ആംആദ്മിയെ തകർത്ത് നേടിയ ആധികാരിക വിജയം. അങ്ങനെ രാജ്യം മുഴുവൻ മോദി തരംഗം നിലനിൽക്കുന്നുവെന്നാണ് വിലയിരുത്തൽ. എന്നാൽ അതിന്റെ ഒരു പ്രതിഫലനവും മലപ്പുറത്തെ ഉപതെരഞ്ഞെടുപ്പിൽ മാത്രം കണ്ടില്ല. ബിജെപിയുടെ അവകാശവാദമെല്ലാം ഇവിടെ തകർന്നടിഞ്ഞു. സ്ഥാനാർത്ഥി നിർണ്ണയത്തിലെ വീഴ്ച തന്നെയാണ് വിനയാകുന്നത്. ഇതിന്റെ പേരിൽ പ്രതിക്കൂട്ടിൽ നിൽക്കുക ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും. ബിജെപിയിൽ കേന്ദ്രമന്ത്രിപദം പോലും അടുത്തെത്തി നിൽക്കുമ്പോഴാണ് കുമ്മനത്തിന് മലപ്പുറം തെരഞ്ഞെടുപ്പ് രാഷ്ട്രീയ തിരിച്ചടിയാകുന്നത്. വരും ദിവസങ്ങളിൽ സംസ്ഥാന നേതൃത്വത്തിൽ കുമ്മനത്തിനെതിരെ വലിയ പ്രതിഷേധം ആളിക്കത്തിക്കാൻ പോന്നതാണ് മലപ്പുറത്തെ തെരഞ്ഞെടുപ്പ്.

നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിലാണ് ബിജെപി ശ്രദ്ധേയമായ രാഷ്ട്രീയ നീക്കം നടത്തിയത്. ഒ രാജഗോപാലിനെ സ്ഥാനാർത്ഥിയാക്കി ആരുമില്ലാതിരുന്ന നെയ്യാറ്റിൻകരയിൽ ബിജെപി 30,000 വോട്ട് നേടി. ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന വി മുരളീധരന്റെ താൽപ്പര്യവും തീരുമാനവുമായിരുന്നു ഇതിന് കാരണം. വിജയപ്രതീക്ഷയോടെ രാജഗോപാൽ കളം നിറഞ്ഞപ്പോൾ നെയ്യാറ്റാൻകരയിൽ എട്ടിരട്ടിയോളം വോട്ട് ബിജെപിക്ക് കിട്ടി. അരുവിക്കരയിലും രാജഗോപാലിനെ മുൻനിർത്തി മുരളീധരൻ ഈ തന്ത്രം തുടർന്നു. അവിടെ 35000 വോട്ടാണ് ബിജെപി നേടിയത്. സംസ്ഥാന രാഷ്ട്രീയത്തിൽ ബിജെപിയെ തള്ളിക്കളയാനാവില്ലെന്ന് തെളിയിച്ച ഉപതെരഞ്ഞെടുപ്പ്. തിരുവനന്തപുരം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജഗോപാൽ രണ്ടാമനായി. നേമത്ത് നിന്ന് ജയിച്ച് നിയമസഭയിൽ അക്കൗണ്ടും തുറന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് ബിജെപിക്ക് മുന്നേറ്റം ദൃശ്യമായിരുന്നു. ഇതുകൊണ്ട് തന്നെ പരമാവധി വോട്ടുകൾ പെട്ടിയിലാക്കാൻ മലപ്പുറത്ത് ബിജെപി എത്തുമെന്ന് കരുതി. സ്ഥാനാർത്ഥിയാകാൻ ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും എഎൻ രാധാകൃഷ്ണനും തയ്യാറുമായിരുന്നു. പക്ഷേ കുമ്മനം മാത്രം അനുവദിച്ചില്ല. ബിജെപിയിലെ ഒരു വിഭാഗം നടത്തിയ കരുനീക്കത്തിൽ കുമ്മനം വീഴുകയായിരുന്നു. അതിന്റെ വിലയായിരുന്നു മലപ്പുറത്തെ കനത്ത തോൽവി.

ഇതിന് കാരണം കുമ്മനത്തിന്റെ നിലപാടാണെന്ന് ഇതിനോടകം തന്നെ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെ രാജഗോപാൽ പക്ഷം അറിയിച്ചിട്ടുണ്ട്. തന്ത്രങ്ങളൊരുക്കിയതിൽ ബിജെപി സംസ്ഥാന നേതൃത്വം അമ്പേ പരാജയപ്പെട്ടെന്ന് തന്നെയാണ് വി മുരളീധരന്റേയും നിലപാട്. ഈ വാദങ്ങളെ ഗൗരവത്തോടെ തന്നെ അമിത് ഷായും കാണുന്നുണ്ട്. മലപ്പുറത്തെ പരാജയത്തിൽ കുമ്മനത്തോട് അമിത് ഷാ വിശദീകരണവും തേടും. ഈ സാഹചര്യത്തിൽ അടുത്ത കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ കേരളത്തിന്റെ പ്രാതിനിധ്യവും അവതാളത്തിലായി. മോദി തരംഗം അഞ്ഞെടിച്ചിട്ടും മലപ്പുറത്തെ പരാജയം ബിജെപി ദേശീയ നേതൃത്വത്തിന് വലിയ തിരിച്ചടിയാണ്. കേരളത്തിലെ നേതാക്കൾ പറഞ്ഞു പറ്റിക്കുകയാണെന്ന വാദവും ഇതോടെ ബിജെപി ദേശീയ നേതൃത്വത്തിൽ സജീവമാകും. ഇതിനെല്ലാം കുമ്മനം തന്നെ മറുപടി പറയുകയും ചെയ്യും.

സ്ഥാനാർത്ഥി നിർണ്ണയം നടന്നപ്പോൾ തന്നെ സംസ്ഥാന നേതാവിനെ മത്സരിപ്പിക്കണമെന്നായിരുന്നു മലപ്പുറത്തെ ബിജെപി നേതാക്കളുടെ ആഗ്രഹം. ശോഭാ സുരേന്ദ്രന്റെ പേര് മുന്നോട്ട് വയ്ക്കുകയും ചെയ്തു. എന്നാൽ സംസ്ഥാന കോർ കമ്മറ്റി യോഗത്തിൽ കുമ്മനം അതിനെ വെട്ടി. മികച്ച സ്ഥാനാർത്ഥിയെ നിർത്തണമെന്ന് രാജഗോപാൽ തുറന്നു പറഞ്ഞിട്ടും കേട്ടില്ല. പിപി മുകുന്ദനെ പോലെ എല്ലാവരേയും ഒരുമിപ്പിക്കണമെന്ന് ആവർത്തിച്ചിട്ടും കേട്ടില്ലെന്ന് നടിച്ചു. രാജഗോപാലിന്റെ നിർദ്ദേശത്തെ തള്ളിയതിന് പറഞ്ഞത് തൊടു ന്യായങ്ങളാണ്. ബിജെപിയുടെ കൈയിൽ കാശില്ല. മലപ്പുറത്ത് മികച്ച സ്ഥാനാർത്ഥിയെ നിർത്തിയാൽ അഞ്ച് കോടിയെങ്കിലും ചെലവാകും. അതുകൊണ്ട് തന്നെ പ്രാദേശികൻ മത്സരിക്കട്ടേയെന്ന് കുമ്മനം വിശദീകരിച്ചു. ഇതിനെ വി മുരളീധരനും പരോക്ഷമായി പിന്തുണച്ചു. അങ്ങനെ മലപ്പുറത്തെ സ്ഥാനാർത്ഥി നിർണ്ണയം ജില്ലാ കമ്മറ്റിക്ക് വീണ്ടും വിട്ടു. ശ്രീപ്രകാശിനെ ഇരുത്തി പികെ കൃഷ്ണദാസ് കുമ്മനത്തിന്റെ മനസ്സ് മലപ്പുറത്ത് വിശദീകരിച്ചു. ഇതോടെ സ്ഥാനാർത്ഥിയാകാൻ പ്രമുഖരെത്തില്ലെന്ന് ഉറപ്പിച്ചു. സഖ്യകക്ഷിയായ ബിഡിജെഎസിന്റെ എല്ലാമെല്ലാമായ വെള്ളാപ്പള്ളി നടേശനോട് പോലും സ്ഥാനാർത്ഥി നിർണ്ണയത്തെ കുറിച്ച് ആലോചിച്ചില്ല.

വെള്ളാപ്പള്ളിയുടെ മനസ്സ് ശോഭാ സുരേന്ദ്രന് അനുകൂലമാണെന്ന് കുമ്മനത്തിന് അറിയാമായിരുന്നു. അതുകൊണ്ടാണ് വെള്ളാപ്പള്ളിയോട് ആലോചിക്കാതെ സ്ഥാനാർത്ഥിയെ അതീവ രഹസ്യമായി ഡൽഹിയിൽ നിന്ന് പ്രഖ്യാപിച്ചത്. ഒരു ലക്ഷം വോട്ട് കുമ്മനം ഉറപ്പ് പറയുകയും ചെയ്തു. മലപ്പുറത്ത് അതിനപ്പുറം ചിന്തിക്കേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വത്തിനും അറിയാമായിരുന്നു. മോദിയുടെ ശോഭ കുറയാതിരിക്കാൻ ഒരു ലക്ഷം മതിയെന്നും പറഞ്ഞു. ഇവിടെയാണ് എല്ലാം താളം തെറ്റുന്നത്. ബിജെപി കൊണ്ടു പിടിച്ച് പ്രചരണം നടത്തിയെന്ന് അവകാശപ്പെട്ടിട്ടും നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ട് പോലും കിട്ടിയില്ല. നോട്ട് നിരോധനത്തിന് ശേഷം കേരളത്തിൽ നടന്ന ആദ്യ തെരഞ്ഞെടുപ്പ്. ഇതിന്റെ ആകുലതകൾ ഏറെ ബാധിച്ചത് കേരളത്തിലാണെന്നും അതുകൊണ്ട് തന്നെ കേരളം മോദിയെ അവഗണിക്കുമെന്നും മുസ്ലിംലീഗും സിപിഎമ്മും പറഞ്ഞു. ഇതെല്ലാം ശരിയാണെന്ന തരത്തിൽ തെരഞ്ഞെടുപ്പ് ഫലവുമെത്തി. ഇവിടെ ഉത്തരം പറയേണ്ടി വരിക കുമ്മനം മാത്രമാകും.

മലപ്പുറം ജില്ലാ കമ്മിറ്റി കോർ കമ്മിറ്റിക്ക് സമർപ്പിച്ച സ്ഥാനാർത്ഥി പട്ടികയിൽ ശോഭ സുരേന്ദ്രൻ മത്സരിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇത് സംസ്ഥാന കമ്മിറ്റിയുടെ മുന്നിലെത്തിയപ്പോൾ ആവശ്യം അംഗീകരിക്കാനാകില്ലെന്ന തീരുമാനമാണ് കൈക്കൊണ്ടത്. പ്രാദേശിക നേതാവിനെ മതിയെന്ന തീരുമാനം സംസ്ഥാന കമ്മിറ്റി തന്നെ ജില്ലാ കമ്മിറ്റിയെ നേരിട്ട് അറിയിക്കുകയും ചെയ്തു. ഇതിൽ ജില്ലാ കമ്മിറ്റിക്ക് അസംതൃപ്തിയുണ്ടെന്ന് മനസ്സിലാക്കിയ സംസ്ഥാന നേതൃത്വം കാര്യങ്ങൾ ഒത്ത് തീർപ്പാക്കുന്നതിനായി കൃഷ്ണദാസിനെ മലപ്പുറത്തേക്ക് അയക്കുകയായിരുന്നു. കുമ്മനം രാജ ശേഖരന്റെ നിലപാട് ജില്ലാ നേതൃത്വത്തെ അറിയിച്ച ശേഷം കൃഷ്ണദാസും മടങ്ങി. 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച ശ്രീ പ്രകാശ് തന്നെ മത്സരിച്ചാൽ മതിയെന്നും പറഞ്ഞു. മലപ്പുറത്ത് പ്രാദേശിക നേതാവിനെ നിർത്തി മത്സരത്തിന് പോലുമില്ലെന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയാൽ പ്രധാന രാഷ്ട്രീയ ശത്രുക്കളാ സി.പി.എം ഉന്നയിക്കുന്ന കോ-ലീ-ബി സഖ്യം എന്ന ആരോപണം വീണ്ടും സജീവമാകുമെന്നും പ്രാദേശിക നേതാക്കൾ മുന്നോട്ട് വച്ചു. ഇതൊന്നും കുമ്മനം ചെവിക്കൊണ്ടില്ല.

യുഡിഎഫ് സ്ഥാനാർത്ഥിയായി കുഞ്ഞാലിക്കുട്ടി തന്നെ രംഗത്തുള്ളതായിരുന്നു കോ-ലീ-ബി സഖ്യത്തിന്റെ സാധ്യതകളിലേക്ക് വിരൽ ചുണ്ടിയത്. ബിജെപി പ്രമുഖരെ രംഗത്തിറക്കാതിരിക്കുന്നത് കുഞ്ഞാലിക്കിട്ടിക്ക് വേണ്ടിയാണെന്ന ആരോപണവും ഉയർന്നു. ഇതാണ് രാജഗോപാൽ പക്ഷവും ചർച്ചയാക്കി. വി എസ് അച്യുതാനന്ദനും ഈ വിഷയം ഏറ്റെടുത്തു. അപ്പോഴെല്ലാം മൊത്തം വോട്ടുകൾ ഒരുലക്ഷം കവിയുമെന്നായിരുന്നു ബിജെപി നേതാക്കളുടെ അവകാശവാദം. ഇതിനിടെയിൽ തന്ത്രപരമായ പിഴവുകളും വന്നു. പ്രചരണത്തിന്റെ ചുമതല ഏൽപ്പിച്ചത് ബിജെപിയുടെ സംഘടനാ ജനറൽ സെക്രട്ടറിയായ എം ഗണേശിനെ ഏൽപ്പിച്ചു. ആർ എസ് എസിൽ നിന്ന് അടുത്ത കാലത്ത് മാത്രം ബിജെപിയിലെത്തിയ ഗണേശിന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഒരു മുൻപരിചയവുമില്ലായിരുന്നു. മികച്ച സ്ഥാനാർത്ഥിയെ നിർത്താത്തതുകൊണ്ട് തന്നെ ആർ എസ് എസുകാരും സജീവമായില്ല. ഇതോടെ ഹൈന്ദവ വോട്ടുകളും കുഞ്ഞാലിക്കുട്ടി പക്ഷത്തേക്ക് മറിഞ്ഞു. ഇതുകൊണ്ട് മാത്രമാണ് പാർട്ടി വോട്ടുകൾക്ക് അപ്പുറം അരേയും ആകർഷിക്കാൻ ബിജെപിക്ക് കഴിയാതെ പോയത്.

ബിജെപിയിലെ ഒരു വിഭാഗത്തിന് കുഞ്ഞാലിക്കുട്ടിയുമായി അടുത്ത ബന്ധമുണ്ട്. മികച്ച സ്ഥാനാർത്ഥിയെ ബിജെപി നിർത്തിയിരുന്നുവെങ്കിൽ തീർച്ചയായും വോട്ട് കൂടുമായിരുന്നു. ഹൈന്ദവ വോട്ടുകളുടെ കേന്ദ്രീകരണത്തിൽ പോലും കാര്യങ്ങളെത്തുമായിരുന്നു. എന്നാൽ കുഞ്ഞാലിക്കുട്ടിയോടുള്ള സ്‌നേഹം കാരണം സ്ഥാനാർത്ഥി നിർണ്ണയത്തിൽ ചിലർ ഒത്തുകളിച്ചു. ഇതിന് പിന്നിൽ ഒരു കാരണവുമുണ്ട്. ബിജെപി സംസ്ഥാന നേതാവിനെ നിർത്തിയാൽ ഇടതുപക്ഷവും നല്ലൊരു സ്ഥാനാർത്ഥിയെ നിർത്തുമായിരുന്നു. ഇതോടെ പ്രചരണം ചൂടുപിടിക്കും. കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം കുറയുകയും ചെയ്യും. അതുകൊണ്ട് മാത്രമാണ് ശ്രീപ്രകാശിനെ സ്ഥാനാർത്ഥിയാക്കിയത്. പ്രമുഖ നേതാക്കളാരും പ്രചരണത്തിൽ സജീവമായതുമില്ല. ഇങ്ങനെ എല്ലാ അർത്ഥത്തിലും കുഞ്ഞാലിക്കുട്ടിക്ക് വിജയമൊരുക്കുകയായിരുന്നു സംസ്ഥാന നേതൃത്വം ചെയ്തത്-ബിജെപിയിലെ പ്രമുഖൻ മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെയാണ്. ബിജെപിയുടെ നയത്തെ ചെറുക്കാനുള്ള വിധിയെഴുത്തായി മലപ്പുറത്തെ തെരഞ്ഞെടുപ്പ് ഫലത്തെ ഏവരും അവലോകനം ചെയ്യുന്നു. ഇത് സംസ്ഥാന നേതൃത്വത്തിന്റെ വലിയ വീഴ്ചയാണെന്ന് നേതാക്കൾ തുറന്ന് പറയുന്നു.

ജയിച്ചാൽ എല്ലാവർക്കും നല്ല ബീഫ് നൽകുമെന്ന് ശ്രീ പ്രകാശ് പറഞ്ഞു. ഇതും ബോധപൂർവ്വമായിരുന്നു. ഇതിലൂടെ ബിജെപിക്ക് കിട്ടേണ്ട ഹൈന്ദവ വോട്ടുകൾ പോലും കുഞ്ഞാലിക്കുട്ടിക്ക് കിട്ടുന്ന സാഹചര്യമുണ്ടായി. ആർ എസ് എസും ഇതോടെ പ്രചരണത്തിൽ നിന്ന് പൂർണ്ണമായും പിന്മാറി. ഇതുകൊണ്ട് മാത്രാണ് മോദി തരംഗം ആഞ്ഞടിക്കുമ്പോഴും മലപ്പുറത്തെ നേട്ടം നാമമാത്ര വോട്ടുകളിൽ മാത്രമാകുന്നത്. കുമ്മനം എന്ത് പറഞ്ഞാലും ഇത് സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചയാണെന്നും അവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP