Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബീഹാറിൽ നിതീഷ്-ലാലു സഖ്യത്തെ ഞെട്ടിച്ച് ബിജെപി; യുപിയിൽ അസംഖാന്റെ തട്ടകത്തിൽ ബിജെപി അട്ടിമറി ജയം നേടിയെങ്കിലും മറ്റിടങ്ങളിൽ തിരിച്ചടി; രാജസ്ഥാനിലും ചത്തിസ് ഗഡിലും കോൺഗ്രസ് തിളക്കം തുടരുന്നു; ഒഡീഷയിൽ ബിജെഡിയെ തോൽപ്പിക്കാനാവില്ലെന്ന് വീണ്ടും തെളിയിച്ചു; മോദിയുടെ പാർട്ടിക്ക് നഷ്ടമായത് രണ്ട് സിറ്റിങ് സീറ്റ്; തിരിച്ചു പിടിച്ചത് ഒരെണ്ണം; ഗുജറാത്ത് ജയിച്ചെങ്കിലും ബിജെപിക്ക് ആഹ്ലാദിക്കാനാകുമോ?

ബീഹാറിൽ നിതീഷ്-ലാലു സഖ്യത്തെ ഞെട്ടിച്ച് ബിജെപി; യുപിയിൽ അസംഖാന്റെ തട്ടകത്തിൽ ബിജെപി അട്ടിമറി ജയം നേടിയെങ്കിലും മറ്റിടങ്ങളിൽ തിരിച്ചടി; രാജസ്ഥാനിലും ചത്തിസ് ഗഡിലും കോൺഗ്രസ് തിളക്കം തുടരുന്നു; ഒഡീഷയിൽ ബിജെഡിയെ തോൽപ്പിക്കാനാവില്ലെന്ന് വീണ്ടും തെളിയിച്ചു; മോദിയുടെ പാർട്ടിക്ക് നഷ്ടമായത് രണ്ട് സിറ്റിങ് സീറ്റ്; തിരിച്ചു പിടിച്ചത് ഒരെണ്ണം; ഗുജറാത്ത് ജയിച്ചെങ്കിലും ബിജെപിക്ക് ആഹ്ലാദിക്കാനാകുമോ?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ ചരിത്രവിജയത്തിന്റെ ആവേശത്തിനിടെ, യുപിയിൽ ബിജെപിക്ക് പ്രതീക്ഷയും നിരാശയും. ബീഹാറിലും നേട്ടം ഉണ്ടാക്കി. നിതീഷ് കുമാർ-ലാലു പ്രസാദ് യാദവ് സഖ്യത്തെ വോട്ടെണ്ണലിന്റെ അവസാന ഘട്ടത്തിലാണ് ബിജെപി മറികടന്നത്. എന്നാൽ രാജസ്ഥാനിലും ചത്തീസ്ഗഡിലും സീറ്റ് നിലനിർത്തിയ കോൺഗ്രസിനും അശ്വാസമായിരുന്നു ഉപതെരഞ്ഞെടുപ്പ് ഫലം. ഒഡീഷയിൽ തോൽപ്പിക്കാനാവാത്ത കക്ഷിയായി നവീൻ പട്‌നായിക്കിന്റെ ബിജെഡി മാറുകയാണ്. രണ്ട് സിറ്റിങ് സീറ്റുകളാണ് ബിജെപിക്ക് ഉപതിരഞ്ഞെടുപ്പിൽ നഷ്ടമായത്. അസാധ്യമെന്ന കരുതിയ അസംഖാന്റെ കോട്ട പിടിക്കുകയും ചെയ്തു. ഗുജറാത്തിൽ ജയിച്ച ബിജെപി ഹിമാചലിൽ തീർന്നു. ഇതിനൊപ്പമാണ് ഉപതിരഞ്ഞെടുപ്പിലെ ഫലങ്ങളും ചർച്ചയാകുന്നത്.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ ചരിത്ര വിജയം ബിജെപി വലിയ തോതിൽ ആഘോഷിക്കുന്നതിനിടെ, ഒറ്റ തിരഞ്ഞെടുപ്പിൽ മാത്രമാണ് ബിജെപി ജയിച്ചതെന്ന് ഓർമിപ്പിച്ച് ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദ രംഗത്തു വന്നിരുന്നു. ഗുജറാത്ത് തിരഞ്ഞെടുപ്പിലെ വിജയത്തിനൊപ്പം, ഹിമാചൽ പ്രദേശിലും ഡൽഹി മുൻസിപ്പൽ കോർപറേഷനിലേക്കു നടന്ന തിരഞ്ഞെടുപ്പിലും ബിജെപി തോൽവിയേറ്റു വാങ്ങിയത് ചൂണ്ടിക്കാട്ടിയാണ് എഎപി ദേശീയ വക്താവും രാജ്യസഭാംഗവുമായ രാഘവ് ഛദ്ദയുടെ പരാമർശം. ഹിമാചൽ പ്രദേശിൽ ഭരണം നഷ്ടമായ ബിജെപിക്ക്, 15 വർഷത്തെ ഇടവേളയ്ക്കു ശേഷം ഡൽഹി മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിലും അടിപതറിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടകം പിടിക്കാൻ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങിയ എഎപിക്ക്, അവിടെ അഞ്ച് സീറ്റുകൾ ലഭിച്ചിരുന്നു. അതേസമയം, 156 സീറ്റുകൾ നേടിയ ബിജെപി ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ഗുജറാത്തിൽ നേടിയത്. മുഖ്യപ്രതിപക്ഷമായിരുന്ന കോൺഗ്രസ് അവിടെ വെറും 17 സീറ്റിൽ ഒതുങ്ങി. എന്നാൽ ഹിമാചലിൽ തോറ്റു. കഴിഞ്ഞ ദിവസം ഡൽഹി കോർപ്പറേഷനിലേക്കും അടിതെറ്റി. തോൽവിക്കിടയിലും സംഘടനയെന്ന നിലയിൽ ബിജെപി സജീവമാണെന്ന് തെളിയിക്കുന്നതാണ് ഫലങ്ങൾ. അതുകൊണ്ട് തന്നെ കേന്ദ്ര ഭരണത്തിൽ ഹാട്രിക് തികയ്ക്കാൻ മോദിക്കാകുമെന്ന് തന്നെയാണ് ബിജെപിയുടെ വിലയിരുത്തൽ. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തെറ്റു തിരുത്തി കൂടുതൽ തിളക്കമാർന്ന വിജയമാണ് ബിജെപി ലക്ഷ്യമിടുന്നത്.

യുപിയിൽ കൂടുതൽ കരുതലുകൾ ഉണ്ടാകും. ഉപതിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ റാംപുർ സദറിൽ തകർപ്പൻ വിജയവുമായി ബിജെപി കൈയടി നേടി. സമാജ്വാദി പാർട്ടി നേതാവ് അസം ഖാന്റെ തട്ടകമായ ഈ മുസ്ലിം ഭൂരിപക്ഷ മണ്ഡലത്തിൽ ബിജെപി ആദ്യമായി വിജയക്കൊടി നാട്ടി. ഇവിടെ ബിജെപി സ്ഥാനാർത്ഥി അക്ഷയ സക്‌സേന, സമാജ്വാദി പാർട്ടിക്കായി മത്സരിച്ച അസം ഖാന്റെ ഉറ്റ അനുയായി അസിം രാജയെ പരാജയപ്പെടുത്തി. 2002 മുതലിങ്ങോട്ട് അസം ഖാനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും മാത്രം ജയിച്ചുവരുന്ന മണ്ഡലമാണിത്. 1980 1993 കാലഘട്ടത്തിലും വിവിധ പാർട്ടികളുടെ ടിക്കറ്റിൽ അസം ഖാൻ ഇവിടെ വിജയിച്ചിട്ടുണ്ട്.

ഇവിടെ ബിജെപി പ്രവർത്തകരല്ലാത്ത വോട്ടർമാരെ വോട്ടു ചെയ്യുന്നതിൽ തടഞ്ഞതായി സമാജ്വാദി പാർട്ടി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചരിത്രത്തിലാദ്യമായി മണ്ഡലം ബിജെപി പിടിച്ചെടുത്തത്. സമാജ്വാദി പാർട്ടി നേതാവ് അസം ഖാനെ 2019ലെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ അയോഗ്യനാക്കിയതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്. എന്നാൽ യുപിയിലെ സിറ്റിങ് സീറ്റിൽ ബിജെപി തോൽക്കുയും ചെയ്തു. മെയ്ൻപുരിയിലും തോൽവിയുണ്ടായി.

ഉത്തർപ്രദേശിലെ ഖട്ടൗലി മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി പരാജയപ്പെട്ടു. ഇവിടെ രാഷ്ട്രീയ ലോക്ദളിന്റെ (ആർഎൽഡി) മദൻ ഭയ്യയാണ് വിജയിച്ചത്. ഉത്തർപ്രദേശിലെ മെയ്ൻപുരി ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിയുടെ ഡിംപിൾ യാദവ് വിജയിച്ചു. സമാജ്വാദി പാർട്ടിയുടെ സിറ്റിങ് സീറ്റാണിത്. ഇവിടെ എംപിയായിരുന്ന സമാജ്വാദി പാർട്ടി മുൻ അധ്യക്ഷൻ മുലായം സിങ് യാദവിന്റെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്.

ബിഹാറിലെ കുഡ്‌നി നിയമസഭാ സീറ്റിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചുകയറി. ബിജെപി സ്ഥാനാർത്ഥി കേദാർ പ്രസാദ് ഗുപ്ത ജനതാദൾ (യു) സ്ഥാനാർത്ഥി മനോജ് സിങ് ഖുശ്വാഹയെ 3645 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി. മഹാസഖ്യത്തിനെതിരെ നേടിയ വിജയം ബിഹാറിൽ ബിജെപിക്ക് കരുത്താണ്. ആർജെഡിയുടെ സിറ്റിങ് സീറ്റാണ് സഖ്യകക്ഷിയായ ജെഡിയുവിനു വിട്ടു കൊടുത്തത്. ആർജെഡി എംഎൽഎയായിരുന്ന അനിൽ കുമാർ സഹാനിയെ അയോഗ്യനാക്കിയതിനെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്.

പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്തമേറ്റെടുത്തു നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നു ബിജെപി നേതാവ് സുശീൽ കുമാർ മോദി ആവശ്യപ്പെട്ടു. ആർജെഡി അധ്യക്ഷൻ ലാലു യാദവിന്റെ വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയ പോലും തിരഞ്ഞെടുപ്പിൽ വൈകാരിക വിഷയമാക്കാൻ മഹാസഖ്യം ശ്രമിച്ചുവെന്നു സുശീൽ മോദി പരിഹസിച്ചു. ഈ തോൽവി മഹാ സഖ്യത്തിന് തിരിച്ചടിയാണ്.

ഒഡീഷയിലെ പദാംപുർ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെഡിയുടെ ബർഷ സിങ് ബരീഹ 42,679 വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ചു. ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്നു ഇത്. തോറ്റെങ്കിലും 2019ലെ വോട്ട് വിഹിതം നിലനിർത്താനായത് ബിജെപിക്കു നേട്ടമായി. അതേസമയം, ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് കെട്ടിവച്ച പണം നഷ്ടമായി. മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനോട് ജനങ്ങൾക്കുള്ള താൽപ്പര്യമാണ് ജയത്തിൽ നിഴലിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ നേട്ടത്തിന് ശേഷം നവീന് പിന്തുണ കൂടിയതിന്റെ തെളിവാണ് ഈ വിജയം.

രാജസ്ഥാനിലെ സർദാർഷഹർ മണ്ഡലത്തിൽ കോൺഗ്രസ് വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച അനിൽ കുമാർ ശർമ 26,696 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിജെപി സ്ഥാനാർത്ഥി അശോക് കുമാറിനെ പരാജയപ്പെടുത്തിയത്. ഇവിടെ കോൺഗ്രസ് എംഎൽഎയായിരുന്ന ഭൻവാർലാൽ ശർമയുടെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്. അദ്ദേഹത്തിന്റെ മകനാണ് ഇവിടെ ജയിച്ച അനിൽ കുമാർ ശർമ.

ഛത്തീസ്‌ഗഡിലെ ഭാനുപ്രതാപ്പുരിൽ ബിജെപിയെ പരാജയപ്പെടുത്തി കോൺഗ്രസ് സീറ്റ് നിലനിർത്തി. കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച സാവിത്രി മണ്ഡവി, 21171 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം നടക്കുന്ന അഞ്ചാമത്തെ ഉപതിരഞ്ഞെടുപ്പിലാണ് ഇവിടെ ഭരണകക്ഷിയായ കോൺഗ്രസ് ബിജെപിയെ പരാജയപ്പെടുത്തുന്നത്. സിറ്റിങ് എംഎൽഎ മനോജ് സിങ് മണ്ഡവിയുടെ മരണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP