Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202120Tuesday

തുടരുന്ന മോദി തരംഗം; സുരേന്ദ്രന്റെ ചുറുചുറക്ക്; അഴിമതി വിരുദ്ധ പോരാളികളുടേയും വികസന നായകന്മാരുടേയും കടന്നു വരവ്; ഇക്കുറി ബിജെപി പ്രതീക്ഷിക്കുന്നത് അട്ടിമറി നീക്കം; അഞ്ചു സീറ്റുകൾ എങ്കിലും നേടാൻ കഴിഞ്ഞാൽ ഭരണം നിശ്ചയിക്കാൻ കഴിയുമെന്ന വിശ്വാസത്തിൽ പരിവാർ ക്യാമ്പ്; തന്ത്രങ്ങൾ മെനയാൻ അമിത് ഷായും

തുടരുന്ന മോദി തരംഗം; സുരേന്ദ്രന്റെ ചുറുചുറക്ക്; അഴിമതി വിരുദ്ധ പോരാളികളുടേയും വികസന നായകന്മാരുടേയും കടന്നു വരവ്; ഇക്കുറി ബിജെപി പ്രതീക്ഷിക്കുന്നത് അട്ടിമറി നീക്കം; അഞ്ചു സീറ്റുകൾ എങ്കിലും നേടാൻ കഴിഞ്ഞാൽ ഭരണം നിശ്ചയിക്കാൻ കഴിയുമെന്ന വിശ്വാസത്തിൽ പരിവാർ ക്യാമ്പ്; തന്ത്രങ്ങൾ മെനയാൻ അമിത് ഷായും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം കേരളത്തിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കാനാണ് ബിജെപി ലക്ഷ്യം. നിലവിലെ ഏക സീറ്റിങ് സീറ്റായ നേമം നിലനിർത്തുക മാത്രമല്ല, 10 സീറ്റെങ്കിലും നേടുക കൂടിയാണ് ബിജെപിയുടെ ആഗ്രഹം. അതു സംഭവിച്ചാൽ ആർക്കും ഭൂരിപക്ഷം കിട്ടാത്ത ത്രിശങ്കു സഭയായിരിക്കും ഉണ്ടാകുക. അഞ്ച് സീറ്റ് നേടിയാൽ പോലും ഇത് സംഭവിക്കും. ഇത് മനസ്സിൽ വച്ചാണ് ബിജെപിയുടെ കരുനീക്കങ്ങൾ. എങ്ങനേയും കേരളം പിടിക്കാൻ ഓപ്പറേഷൻ ലോട്ടസ് തന്ത്രമൊരുക്കുകയാണ് ബിജെപി. വോട്ടെണ്ണലിന് ശേഷം കേരളത്തിൽ എന്തും സംഭവിക്കാമെന്ന് അവർ പറയുന്നത്. കേരളത്തിനായി കൂടുതൽ സമയം ആഭ്യന്തരമന്ത്രി കൂടിയായ അമിത് ഷാ നീക്കി വയ്ക്കും. വ്യക്തമായ പദ്ധതികളും തയ്യാറാക്കും.

മോദിയുടെ ഇമേജാകും ബിജെപി പ്രധാനമായും ചർച്ചയാക്കുക. ഇതിനൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ചുറുചുറുക്കും പ്രശ്‌നങ്ങൾ ചർച്ചയാക്കാനുള്ള അപാരതയും. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള വിജയ യാത്ര പാതിവഴി ആകുമ്പോഴാണ് തിരഞ്ഞെടുപ്പു പ്രഖ്യാപനം വരുന്നത്. ഇതോടെ സീറ്റ് വിഭജനം, സ്ഥാനാർത്ഥിനിർണയം എന്നിവയിലേക്കു കാര്യമായി ബിജെപിക്കു കേന്ദ്രീകരിക്കേണ്ടി വരും. മെട്രോ മാൻ ഇ ശ്രീധരൻ ബിജെപിയിൽ ചേർന്നു. അഴിമതി വിരുദ്ധ പോരാളിയായ മുൻ ഡിജിപി ജേക്കബ് തോമസും ബിജെപിയിൽ ഉണ്ട്. രണ്ടു പേരും മത്സരിക്കാനാണ് സാധ്യത. അഴിമതി വിരുദ്ധ പോരാളികളുടേയും വികസന നായകന്മാരുടേയും കടന്നു വരവ് കേരളത്തിൽ ബിജെപിക്ക് കൂടുതൽ കരുത്ത് പകരുമെന്നാണ് അവരുടെ പ്രതീക്ഷ.

എൻഡിഎ ശക്തിപ്പെടുത്താൻ ബിജെപി കാര്യമായ ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചിട്ടില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കരുത്തു പകർന്ന ബിഡിജെഎസ് പിളർപ്പു മൂലം ക്ഷീണിച്ചു. ശബരിമല വിഷയം അടക്കം വീണ്ടും ഉയർത്തിയും കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ പ്രചരിപ്പിച്ചും ഇരുമുന്നണികൾക്കും ബദൽ എന്ന് ചൂണ്ടിക്കാട്ടിയാകും ബിജെപിയുടെ പ്രചരണം. വികസന നായകനായ ശ്രീധരനെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടും. ജേക്കബ് തോമസും മുന്നണിയിൽ ഉണ്ടാകും. ഇനിയും നിരവധി പ്രമുഖരെ ബിജെപിയിൽ എത്തിക്കാനാണ് നീക്കം. ഇതിലൂടെ എങ്ങനേയും അഞ്ച് സീറ്റെന്ന ലക്ഷ്യം നേടുകയാണ് ബിജെപിയുടെ ശ്രമം.

ആർഎസ്എസിന്റെ പിന്തുണയോടെ ശക്തമായ സംഘടനാ പ്രവർത്തനമാണു ബിജെപി നടത്തുന്നത്. ഈ തദ്ദേശ തിരഞ്ഞെടുപ്പിൽ മുന്നണിക്കു പൊതുവായ വോട്ട് വളർച്ച ഉണ്ടായില്ലെങ്കിലും 35 നിയമസഭാ സീറ്റുകളിൽ 20 ശതമാനമോ അതിലേറെയോ വോട്ട് കിട്ടി. മുപ്പതിനായിരത്തോളം വോട്ടു കിട്ടുന്ന 42 നിയമസഭാ മണ്ഡലങ്ങൾ ബിജെപി 'എ പ്ലസ്' ആയി കണക്കാക്കുന്നു. ഇതിൽ പത്തിടത്ത് വിജയമാണ് ലക്ഷ്യം. ന്യൂനപക്ഷ പിന്തുണ നേടിയാൽ മാത്രമേ കേരളത്തിൽ വിജയം നേടാൻ കഴിയൂ എന്നു മനസ്സിലാക്കിയ ബിജെപി ക്രിസ്ത്യൻ വിഭാഗങ്ങളെ അടുപ്പിക്കാനുള്ള തീവ്ര ശ്രമങ്ങൾ നടത്തിയിരുന്നു. പി സി ജോർജിന്റെ ജനപക്ഷത്തെ എൻഡിഎയിൽ എത്തിക്കുന്നതും ഇതിന് വേണ്ടിയാണ്.

പാർട്ടി 30,000-ലധികം വോട്ട് നേടുന്ന 42 മണ്ഡലങ്ങളാണ് ചൂണ്ടുപലക. 20 ശതമാനത്തിലധികം വോട്ട് കിട്ടുന്ന മണ്ഡലങ്ങളുമുണ്ട്. ഇത്തരം മണ്ഡലങ്ങളിൽ 15,000 വോട്ടുകൂടി വന്നാൽ ജയം ഉറപ്പിക്കാമെന്നാണ് കണക്കുകൂട്ടൽ. അതുകൊണ്ടുതന്നെ ശക്തമായ മത്സരമാണ് എൻ.ഡി.എ.യുടെ ലക്ഷ്യം. സ്വർണക്കടത്ത് കേസ് മുതൽ ശബരിമല പ്രശ്‌നംവരെ സർക്കാരിനെതിരേ ശക്തമായ നിലപാടാണ് ബിജെപി. സംസ്ഥാനത്ത് സ്വീകരിച്ചുപോരുന്നത്. സർക്കാരിനെതിരായ പോരാട്ടത്തിന് യു.ഡി.എഫിന് വേണ്ടത്ര കെൽപ്പില്ലെന്നാണ് ബിജെപി.യുടെ ആക്ഷേപം. ശക്തമായ കേന്ദ്രഭരണമുള്ളതും ഗുണം ചെയ്യുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.

ബിജെപി.യോട് അകന്നുനിന്നിരുന്ന ക്രിസ്ത്യൻ, മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങളോട് കൂടുതൽ അടുക്കാൻ നിലവിൽ കഴിയുന്നുണ്ടെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. പ്രധാനമന്ത്രിയുമായി ക്രിസ്ത്യൻ മതമേധാവികളുടെ ചർച്ച സംഘടിപ്പിച്ചതുംമറ്റും അനുകൂലചിന്താഗതിക്ക് കാരണമായിട്ടുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഇ. ശ്രീധരനെപ്പോലെ പൊതുസമൂഹത്തിന്റെ അംഗീകാരമുള്ളവർ പാർട്ടിയിലേക്ക് വരുന്നത് ശുഭസൂചകമാണ്. ജയസാധ്യതയുള്ളയിടങ്ങളിൽ പാർട്ടി വോട്ടുകൾകപ്പുറം പിന്തുണ തേടാൻ കഴിവുള്ളവരെ അവതരിപ്പിക്കാനാണ് ബിജെപി.യുടെ ശ്രമം.

കേരള നിയമസഭയിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയുണ്ടാക്കുക. ഇതാണ് ബിജെപിയുടെ പ്രധാന ലക്ഷ്യം. ഇതിന് വേണ്ടി കഴിഞ്ഞ തവണ രണ്ടാമത് എത്തിയ എല്ലാ സീറ്റിലും ജയിക്കുകയാണ് പ്രധാന ടാർഗറ്റ്. ഭരിക്കുന്നതിന് ബിജെപിയുടെ എംഎൽഎമാരും അനിവാര്യമാണെന്ന തോന്നൽ ഉണ്ടാക്കുകയാണ് ഇതിലൂടെ ലക്ഷ്യം. അതിന് ശേഷം ചെറു പാർട്ടികളുടെ വിശ്വാസം നേടൽ. 35 സീറ്റ് കിട്ടിയാൽ പോലും അധികാരം പിടിക്കാമെന്ന് പ്രത്യക്ഷത്തിൽ പറയുന്ന ബിജെപി പത്ത് സീറ്റ് നേടിയാൽ പോലും അട്ടിമറി തന്ത്രങ്ങൾ ഒരുക്കും.

കേരളത്തിലും ബിജെപി ലക്ഷ്യമിടുന്നത് ചാക്കിട്ടു പിടിത്തത്തിന്റെ ഉത്തരേന്ത്യൻ മോഡലാണെന്ന് കഴിഞ്ഞ ദിവസം മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. മധ്യപ്രദേശിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും കർണ്ണാടകയിലും പരീക്ഷിച്ച് വിജയിച്ച ഓപ്പറേഷൻ ലോട്ടസ്. ഈ ചിന്തയുമായാണ് കേരളത്തിനുള്ള പദ്ധതിയും കേന്ദ്ര ആഭ്യന്തര മന്ത്രി കൂടിയായ അമിത് ഷാ തയ്യാറാക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ 40 സീറ്റ് കിട്ടിയാലും കേരളത്തിൽ ഭരിക്കാൻ സാധിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പ്രഖ്യാപിക്കുന്നത് ഈ തന്ത്രം മനസ്സിൽ വച്ചാണ്. എന്നാൽ അഞ്ചിൽ സീറ്റിൽ അധികം കിട്ടിയാൽ പോലും ഇതിനുള്ള സാധ്യത തേടും. എങ്ങനേയും ഭരണം പിടിക്കാൻ ശ്രമിക്കുമെന്ന് സാരം.

മോദി തരംഗത്തിന്റെ മാത്രം പിൻബലത്തിൽ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ ഏഴു മണ്ഡലങ്ങളിൽ ഇക്കുറി ഒന്നാം സ്ഥാനത്തെത്താൻ കഴിയും എന്നാണ് വിലയിരുത്തൽ. ശബരിമല വിഷയം, സ്വർണക്കടത്ത്, ലൈഫ് മിഷൻ അഴിമതി തുടങ്ങി നിരവധി കാര്യങ്ങൾ ചർച്ചയാകുന്ന ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ, സിറ്റിങ് സീറ്റായ നേമം ഉൾപ്പെടെ എട്ടു മണ്ഡലങ്ങളിൽ കഴിഞ്ഞ തവണത്തേതിനേക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം പറയുന്നു. 2016 ൽ കടുത്ത ത്രികോണ മത്സരം കാഴ്ചവച്ച എൻഡിഎ വട്ടിയൂർക്കാവ്, കഴക്കൂട്ടം, ചാത്തന്നൂർ, പാലക്കാട്, മലമ്പുഴ, മഞ്ചേശ്വരം, കാസർകോട് എന്നിവിടങ്ങളിലാണ് രണ്ടാമതെത്തിയത്. 2016 ൽ മഞ്ചേശ്വരത്തായിരുന്നു ഏറ്റവും ശ്രദ്ധേയമായ ത്രികോണ മത്സരം. ഇവിടെ ഇത്തവണ ഉറപ്പായും ജയിക്കുമെന്നാണ് വിലയിരുത്തൽ.

കപ്പിനും ചുണ്ടിനും ഇടയിൽ വെറും 89 വോട്ടുകൾക്കാണ് ഇപ്പോഴത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് അന്നു മണ്ഡലം നഷ്ടമായത്. വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനും കഴക്കൂട്ടത്ത് വി. മുരളീധരനും ശക്തമായ പോരാട്ടം നടത്തിയാണ് രണ്ടാമതെത്തിയത്. പാലക്കാട്ട് ശോഭാ സുരേന്ദ്രനും മലമ്പുഴയിൽ സി.കൃഷ്ണകുമാറും കാസർകോട്ട് രവീശ തന്ത്രിയും കൊല്ലം ചാത്തന്നൂരിൽ ബി.ബി. ഗോപകുമാറും മികച്ച പ്രകടനം നടത്തി. ചെങ്ങന്നൂരിലും പ്രതീക്ഷയുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP