Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

അബ്ദുള്ളക്കുട്ടിയിലൂടെ ലക്ഷ്യമിടുന്നത് മുസ്ലിം മനസ്സ് അനുകൂലമാക്കാൻ; സിപിഎം എംപിയും കോൺഗ്രസ് എംഎൽഎയുമായിരുന്ന കണ്ണൂരുകാരനെ മോദി കേന്ദ്രമന്ത്രിയാക്കിയാലും അത്ഭുതപ്പെടേണ്ട; പൂർണ്ണ നിരാശയിലാകുന്നത് ശോഭാ സുരേന്ദ്രൻ; ദേശീയ ഭാരവാഹിത്വവും നിഷേധിക്കപ്പെട്ടതോടെ വനിതാ നേതാവിന്റെ മൗനം കൂടുതൽ ചർച്ചകളിലേക്ക്; ബിജെപിയിലും 'അത്ഭുതം' കാട്ടി അബ്ദുള്ളക്കുട്ടി; കേരളത്തിലെ ഗ്രൂപ്പ് മാനേജർമാർക്ക് നെഞ്ചിടിപ്പ് കൂട്ടി നദ്ദയും; ബിജെപിയിൽ പൊട്ടിത്തെറിക്കും സാധ്യത

അബ്ദുള്ളക്കുട്ടിയിലൂടെ ലക്ഷ്യമിടുന്നത് മുസ്ലിം മനസ്സ് അനുകൂലമാക്കാൻ; സിപിഎം എംപിയും കോൺഗ്രസ് എംഎൽഎയുമായിരുന്ന കണ്ണൂരുകാരനെ മോദി കേന്ദ്രമന്ത്രിയാക്കിയാലും അത്ഭുതപ്പെടേണ്ട; പൂർണ്ണ നിരാശയിലാകുന്നത് ശോഭാ സുരേന്ദ്രൻ; ദേശീയ ഭാരവാഹിത്വവും നിഷേധിക്കപ്പെട്ടതോടെ വനിതാ നേതാവിന്റെ മൗനം കൂടുതൽ ചർച്ചകളിലേക്ക്; ബിജെപിയിലും 'അത്ഭുതം' കാട്ടി അബ്ദുള്ളക്കുട്ടി; കേരളത്തിലെ ഗ്രൂപ്പ് മാനേജർമാർക്ക് നെഞ്ചിടിപ്പ് കൂട്ടി നദ്ദയും; ബിജെപിയിൽ പൊട്ടിത്തെറിക്കും സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിജെപിയുടെ ദേശീയ നേതൃത്വത്തിലേക്ക് അതിവേഗം ഉയർത്തപ്പെടുകായണ് എപി അബ്ദുള്ളക്കുട്ടി. കേരളത്തിലെ നേതാക്കൾ സ്വപ്‌നത്തിൽ പോലും വിചാരിക്കാത്ത കാര്യം. വളരെ മുമ്പ് തന്നെ മോദിയുടെ മനസ്സിലേക്ക് കുടിയേറിയ അത്ഭുതക്കുട്ടിയാണ് അബ്ദുള്ളകുട്ടി. ഗുജറാത്ത് മോഡൽ വികസനത്തെ പരസ്യമായി അനുകൂലിച്ച നേതാവായിരുന്നു അബ്ദുള്ളകുട്ടി മുമ്പ്. കോൺഗ്രസിൽ നിൽക്കുമ്പോൾ മോദിക്ക് അനുകൂലമായി അബ്ദുള്ളക്കുട്ടി നടത്തിയ അഭിപ്രായ പ്രകടനങ്ങൾ ദേശീയതലത്തിൽ തന്നെ ചർച്ചായായി. കോൺഗ്രസിൽ ഒതുക്കപ്പെട്ട അബ്ദുള്ളക്കുട്ടി ബിജെപിയിൽ എത്തി. സിപിഎമ്മിലും കോൺഗ്രസിലും സംഭവിക്കാത്തതാണ് ബിജെപിയിൽ എത്തിയപ്പോൾ അബ്ദുള്ളക്കുട്ടിക്ക് കിട്ടുന്നത്. നല്ലൊരു മുസ്ലിം നേതൃമുഖം ഇല്ലാത്ത ബിജെപി അബ്ദുള്ളക്കുട്ടിയെ പാർട്ടിയുടെ ദേശീയ ഉപാധ്യക്ഷനാക്കി.

വളരെ കുറച്ച് പേർക്ക് മാത്രമേ ബിജെപിയുടെ ദേശീയ രാഷ്ട്രീയത്തിൽ മലയാളി മുഖമായി നിറയാൻ കഴിഞ്ഞിട്ടുള്ളൂ. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ടോം വടക്കൻ ഇത്തവണ ദേശീയ വക്തമാവായി. ക്രൈസ്തവ സഭകളുമായുള്ള അടുപ്പമാണ് ടോം വടക്ക് തുണയാകുന്നത്. കോൺഗ്രസിൽ നിന്നാണ് വടക്കനും ബിജെപിയിൽ എത്തുന്നത്. സ്ഥാനമാനങ്ങൾ ഒന്നുമില്ലായിരുന്ന വടക്കന് ദേശീയ വക്താവ് സ്ഥാനം അംഗീകാരമാണ്. അരവിന്ദ് മേനോൻ സെക്രട്ടറിയായി. ഏഷ്യാനെറ്റ് ഓഹരി ഉടമയായ രാജീവ് ചന്ദ്രശേഖരും വക്തവായി. അതായത് ദേശീയ ഭാരവാഹികളായ മലയാളികൾക്കൊന്നും സംസ്ഥാന നേതൃത്വത്തിൽ വലിയ റോളുണ്ടായിരുന്നവരല്ല. കുമ്മനം രാജശേഖരനും ശോഭാ സുരേന്ദ്രനും പദവികൾ പ്രതീക്ഷിച്ചു. രണ്ടു പേരേയും നിരാശരായി. ശോഭാ സുരേന്ദ്രനെ തീർത്തും ഒഴിവാക്കിയെന്ന് വേണം വിലയിരുത്താൻ.

സംസ്ഥാനത്ത് ബിജെപിയുടെ പ്രക്ഷോഭങ്ങളിൽ നിന്ന് ശോഭ മാറി നിൽക്കുകയാണ്. ഇപ്പോഴും ശോഭയ്ക്ക് ദേശീയ തലത്തിൽ ഉത്തരവാദിത്തം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നവരുണ്ട്. മഹിളാ മോർച്ചയിൽ ശോഭാ സുരേന്ദ്രന് പദവി കൊടുക്കുമെന്നാണ് വിലയിരുത്തൽ. സംഘടനാ തെരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്തങ്ങളിൽ ശോഭ നിറഞ്ഞു നിന്നിരുന്നു. അതിന് ശേഷം ആറ്റിങ്ങലിൽ മികച്ച മത്സരം പുറത്തെടുത്തു. അതിന് ശേഷം സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് പരിഗണിച്ചു. പക്ഷേ നറുക്ക് വീണത് കെ സുരേന്ദ്രനായിരുന്നു. ഇതോടെ പാർട്ടിയുമായി അകലത്തിലായി. ഇതുവരെ ഈ വിഷയത്തിൽ ശോഭ പ്രതികരിച്ചിട്ടില്ല. കുമ്മനത്തെ ദേശീയ വൈസ് പ്രസിഡന്റാക്കുമെന്നും കരുതിയവരുണ്ട്. അതും നടന്നില്ല.

ബിജെപിയിലെ പ്രമുഖർക്കൊപ്പമാണ് അബ്ദുള്ളക്കുട്ടി വൈസ് പ്രസിഡന്റാകുന്നത്. രമൺ സിങ്, വസുന്ധര രാജെ സിന്ധ്യ, രാധാമോഹൻ സിങ്, ബൈജയന്ത് ജയ് പാണ്ഡ, രഘുബർ ദാസ്, മുകുൾ റോയ്, രേഖ വർമ, അന്നപൂർണ ദേവി, ഭാരതി ബെൻ ഷിയാൽ, ഡി.കെ. അരുണ, ചുബ ആവോ എന്നിവരാണ് മറ്റ് നാഷണൽ വൈസ് പ്രസിഡന്റുമാർ. ഡി.പുരന്ദരേശ്വരി, ഭൂപേന്ദർ യാദവ്, കൈലാഷ് വിജയവർഗിയ തുടങ്ങിയവരാണ് പുതിയ നാഷണൽ ജനറൽ സെക്രട്ടറിമാർ. ജനറൽ സെക്രട്ടറിമാരായിരുന്ന രാം മാധവ്, മുരളീധർ റാവു, അനിൽ ജെയിൻ എന്നിവരെ ഒഴിവാക്കിയിട്ടുമുണ്ട്. ബിജെപിയിലെ മംഗളൂരു വിഭാഗവുമായി അബ്ദുള്ളക്കുട്ടിക്ക് അടുത്ത ബന്ധമുണ്ട്. ഇതാണ് അബ്ദുള്ളക്കുട്ടിക്ക് മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ ഉൾപ്പെടുന്ന വൈസ് പ്രസിഡന്റുമാരുടെ പട്ടികയിൽ ഇടം നൽകിയത്. ഭാവിയിൽ ബിജെപിയുടെ മുസ്ലിം മുഖമായി അബ്ദുള്ളക്കുട്ടിയെ ഉയർത്താനാണ് നീക്കം. കേന്ദ്രമന്ത്രിയായി പോലും അബ്ദുള്ളക്കുട്ടി മാറാൻ സാധ്യത ഏറെയാണ്.

ഡൽഹിയിൽനിന്നുള്ള അരവിന്ദ് മേനോൻ, പങ്കജ മുണ്ടെ, അനുപം ഹസ്ര,വിനോദ് സോങ്കാർ, സുനിൽ ദിയോധർ എന്നിവരുൾപ്പെട്ടതാണ് പുതിയ നാഷണൽ സെക്രട്ടറിമാർ. കർണാടകയിൽനിന്നുള്ള എംപി. തേജസ്വി സൂര്യയാണ് യുവ മോർച്ചയുടെ പുതിയ അധ്യക്ഷൻ. പൂനം മഹാജനെ ഒഴിവാക്കിയാണ് തേജസ്വി സൂര്യയെ യുവമോർച്ച അധ്യക്ഷനാക്കിയത്. ടോം വടക്കൻ, രാജീവ് ചന്ദ്രശേഖർ എന്നിവർ ദേശീയ വക്താക്കളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പാർട്ടിയുടെ ഐ.ടി. സെൽ ആൻഡ് സോഷ്യൽ മീഡിയ ചുമതലയിൽ അമിത് മാളവ്യ തുടരും. തെലങ്കാനയിൽനിന്നുള്ള ഡോ. കെ ലക്ഷ്മൺ ആണ് ഒ.ബി.സി. മോർച്ച അധ്യക്ഷൻ. ഉത്തർ പ്രദേശിൽനിന്നുള്ള രാജ്കുമാർ ചാഹർ എംപി. കിസാൻ മോർച്ചയുടെയും മധ്യപ്രദേശിൽനിന്നുള്ള ലാൽസിങ് ആര്യ എസ്.സി. മോർച്ചയുടെയും അധ്യക്ഷനാകും. ബിഹാർ തിരഞ്ഞെടുപ്പിനു മുന്നോടിയായാണ് ഭാരവാഹി പട്ടിക പുറത്തിറക്കിയിരിക്കുന്നത്. കേരളത്തിലെ ഗ്രൂപ്പ് താൽപ്പര്യമൊന്നും പരിഗണിക്കാതെയാണ് പ്രഖ്യാപനം.

പ്രധാനമന്ത്രി മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ താൽപ്പര്യമാണ് ദേശീയ അധ്യക്ഷൻ നദ്ദയുടെ പ്രഖ്യാപനത്തിൽ നിറയുന്നത്. വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടു മാത്രമേ അതിനുള്ളൂവെന്നാണ് ലഭിക്കുന്ന സൂചന. സംഘടനാ ചുമതയുള്ള ജനറൽ സെക്രട്ടറിയായ ബിഎൽ സന്തോഷിന്റെ തീരുമാനങ്ങളും ഭാരവാഹി നിർണ്ണയത്തെ സ്വാധീനിച്ചു. മംഗളൂരുവിൽ ബന്ധമുള്ള അബ്ദുള്ളക്കുട്ടിക്ക് തുണയായതും സന്തോഷിന്റെ ഉറച്ച പിന്തുണയാണ്. കേരളത്തിലെ ഗ്രൂപ്പുകളെ സന്തോഷും തള്ളിക്കളയുന്നുവെന്നതാണ് തീരുമാനങ്ങളിൽ നിറയുന്നത്. അതിനിടെ പാർട്ടിക്ക് വേണ്ടി ത്യാഗം സഹിച്ചവരെ ഒഴിവാക്കി മറ്റ് പാർട്ടികളിൽ നിന്ന് ചേക്കേറിയവർക്ക് സ്ഥാനമാനങ്ങൾ നൽകിയതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്. അതൃപ്തി പരസ്യമാക്കി ബംഗാളിലെ മുതിർന്ന നേതാവ് രാഹുൽ സിൻഹ രംഗത്തെത്തി.

ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നാണ് രാഹുൽ സിൻഹയെ മാറ്റിയത്. തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ മുൻ എംപി മുകുൾ റോയിയെ ഉപാധ്യക്ഷനാക്കുകയും ചെയ്തു.ദേശീയ നേതൃത്വത്തെയടക്കം വിമർശിച്ച രാഹുൽ സിൻഹ പാർട്ടി വിട്ടേക്കുമെന്ന സൂചന നൽകി. പത്ത് ദിവസത്തിനകം ഭാവി തീരുമാനം പ്രഖ്യാപിക്കുമെന്നു വ്യക്തമാക്കി. ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയ മുരളീധർ റാവു, രാംമാധവ് എന്നിവരെ മാറ്റിയതിൽ ബിജെപി വിശദീകരണമൊന്നും നൽകുന്നില്ല. കേന്ദ്രമന്ത്രിസഭ, പാർലമെന്ററി പാർട്ടി പുനഃസംഘടനകളിൽ ചില നേതാക്കളെ ഉൾപ്പെടുത്തിയേക്കുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്.

എ പി അബ്ദുള്ളക്കുട്ടിയെ ഉപാധ്യക്ഷനാക്കിയതോടെ പാർട്ടിയുടെ ന്യൂനപക്ഷ നിലപാട് ഒന്നു കൂടി വ്യക്തമാക്കാനാണ് ദേശീയ നേതൃത്വം ശ്രമിച്ചത്. കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കളാരും പട്ടികയിൽ ഇടംപിടിക്കാതിരുന്നത് സംസ്ഥാനത്തെ ഗ്രൂപ്പ് പോരിലുള്ള ദേശീയ നേതൃത്വത്തിന്റെ അതൃപ്തി മൂലമാണെന്നും സൂചനയുണ്ട്. ഈ ഘട്ടത്തിൽ ശോഭാ സുരേന്ദ്രനും മറ്റും എടുക്കുന്ന നിലപാട് ഇനിയെന്തെന്ന ചോദ്യം സജീവമാണ്. കുമ്മനം രാജശേഖരനെ ദേശീയ ഉപാധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന പ്രചാരണം നേരത്തെയുണ്ടായിരുന്നു. മുൻ സംസ്ഥാന അധ്യക്ഷൻ, മുൻ മിസോറാം ഗവർണ്ണർ എന്നീ ചുമതലകൾ വഹിച്ച കുമ്മനത്തിന് ലഭിക്കുമെന്ന് കരുതിയ സ്ഥാനം അബ്ദുള്ളക്കുട്ടിക്ക് ലഭിച്ചതിൽ നേതാക്കൾക്കും അണികൾക്കും ഇടയിൽ അതൃപ്തിയുണ്ട്.

വി മുരളീധരന് ഗ്രൂപ്പിന് വലിയ പരിഗണന നൽകുന്നുവെന്ന പരാതി നേരത്തെ തന്നെ പികെ കൃഷ്ണദാസ് പക്ഷത്തിനുണ്ട്. വി മുരളീധരൻ കേന്ദ്ര സഹമന്ത്രിയായപ്പോൾ അതേ ഗ്രൂപ്പിൽ നിന്നുള്ള കെ സുരേന്ദ്രൻ പാർട്ടി സംസ്ഥാന അധ്യക്ഷനായി. ഈ സാഹചര്യത്തിൽ പികെ കൃഷ്ണ ദാസിനേയും ശോഭാ സുരേന്ദ്രനേയും ദേശീയ നേതൃത്വത്തിലേക്ക് പരിഗണിക്കപ്പെടുമായിരുന്നു. പികെ കൃഷ്ണദാസ് പക്ഷത്തിന് ഇപ്പോൾ പാർട്ടിയിൽ പൂർണ്ണമായും ഒതുക്കപ്പെട്ട പ്രതീതിയാണ് ഉള്ളത്. അതേസമയം, ദേശീയ ഭാരവാഹികളുടെ പട്ടികയിൽ ആരും അവഗണിക്കപ്പെട്ടതായി തോന്നുന്നില്ലെന്നായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം. ആർക്കൊക്കെ എന്തൊക്കെചുമതല നൽകണം എന്നുള്ളത് കേന്ദ്ര നേതൃത്വം ആലോചിച്ചെടുത്ത തീരുമാനമാണ്. ഇവിടെ ആരും അവഗണിക്കപ്പെട്ടതായി തോന്നുന്നില്ല. അവഗണിക്കപ്പെട്ടവരെന്ന് മാധ്യമങ്ങൾ പറയുന്നവരെ പാർട്ടി എങ്ങനെയാണ് പരിഗണിക്കുന്നത് കാത്തിരുന്ന് കാണാമെന്നും സുരേന്ദ്രൻ പറഞ്ഞു.

ഒരു ചുമതലയും വേണ്ടെന്ന് പറഞ്ഞ് രാഷ്ട്രീയത്തിൽ പ്രവർത്തിച്ച ആളാണ് കുമ്മനം രാജശേഖരൻ, ഗവർണർ പദവി വേണ്ടെന്ന് വെച്ച് രാഷ്ട്രീയത്തിൽ പ്രവേശിച്ച ആളാണ് അദ്ദേഹം. അങ്ങനെയുള്ള ഒരാളെ പാർട്ടി പോസ്റ്റിന്റെ പേരിൽ മാധ്യമങ്ങൾ അപമാനിക്കുന്നത് ശരിയല്ലെന്നും സംസ്ഥാനങ്ങളോട് അഭിപ്രായം ആരാഞ്ഞല്ല കേന്ദ്രനേതൃത്വ ഭാരവാഹി പട്ടികയിൽ തീരുമാനം എടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP