Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോൺഗ്രസ് ഭരണം പിടിച്ച മൂന്ന് സംസ്ഥാനങ്ങളിലെ 69 സീറ്റുകളിൽ 61ഉം നേടി ചരിത്ര വിജയം; ദിഗ് വിജയ് സിംഗും ജ്യോതിരാധിത്യയും അടങ്ങിയവരെ കടപുഴകി 29ൽ 28ഉം നേടി ഞെട്ടിച്ചത് മധ്യപ്രദേശ്; ഗുജറാത്തിലും രാജസ്ഥാനിലും ചത്തീസ് ഗഡിലും ഞെട്ടൽ മാറുന്നില്ല; ഹിമാചലിലെ എല്ലാ സീറ്റുകളിലും മൂന്ന് ലക്ഷത്തിൽ അധികം ഭൂരിപക്ഷം; ഉത്തർപ്രദേശിലെ ജാതി രാഷ്ട്രീയം ഇല്ലാതാക്കി ഹിന്ദുദേശീയ വിതച്ചതുകൊയ്തു; ഹിന്ദി ഹൃദയഭൂമി കാവിക്കൊടി കീഴടക്കുമ്പോൾ

കോൺഗ്രസ് ഭരണം പിടിച്ച മൂന്ന് സംസ്ഥാനങ്ങളിലെ 69 സീറ്റുകളിൽ 61ഉം നേടി ചരിത്ര വിജയം; ദിഗ് വിജയ് സിംഗും ജ്യോതിരാധിത്യയും അടങ്ങിയവരെ കടപുഴകി 29ൽ 28ഉം നേടി ഞെട്ടിച്ചത് മധ്യപ്രദേശ്; ഗുജറാത്തിലും രാജസ്ഥാനിലും ചത്തീസ് ഗഡിലും ഞെട്ടൽ മാറുന്നില്ല; ഹിമാചലിലെ എല്ലാ സീറ്റുകളിലും മൂന്ന് ലക്ഷത്തിൽ അധികം ഭൂരിപക്ഷം; ഉത്തർപ്രദേശിലെ ജാതി രാഷ്ട്രീയം ഇല്ലാതാക്കി ഹിന്ദുദേശീയ വിതച്ചതുകൊയ്തു; ഹിന്ദി ഹൃദയഭൂമി കാവിക്കൊടി കീഴടക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 2014ലുണ്ടായ മോദി തരംഗത്തിൽ ബിജെപി കൈപ്പിടിയിലൊതുക്കിയ ഹിന്ദി ഹൃദയഭൂമി 2018 ഡിസംബറിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പിടിച്ചെടുത്തിരുന്നു. അന്ന് ഛത്തീസ്‌ഗഡ്,രാജസ്ഥാൻ,മധ്യപ്രദേശ് എന്നിവിടങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തി. ഇതോടെ ലോക്‌സഭയിലും കോൺഗ്രസ് പ്രതീക്ഷയിലായി. എന്നാൽ കഥമാറി. അഞ്ച് കൊല്ലം മുമ്പ് ഉണ്ടായത് മോദി തരംഗമായിരുന്നെങ്കിൽ 2019-ൽ തരംഗം കൊടുംകാറ്റാവുകയായിരുന്നു. നരേന്ദ്ര മോദിക്കു മുന്നിൽ പിടിച്ചു നിൽക്കാൻ കോൺഗ്രസുൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾക്ക് കഴിഞ്ഞില്ല. ഹിന്ദി ഹൃദയ ഭൂമി വീണ്ടും ബിജെപിക്കൊപ്പമായി. അങ്ങനെ 303 സീറ്റുമായി മോദി വീണ്ടും അധികാരത്തിലും. മൂന്ന് മാസം മുമ്പ് കോൺഗ്രസ് ജയിച്ച മൂന്ന് സംസ്ഥാനങ്ങളിലും ബിജെപിയുടെ അശ്വമേധമാണ് പ്രകടമായത്. മൂന്നിടത്തുമായി ആകെയുള്ള 65 മണ്ഡലങ്ങളിൽ 61 ഇടത്തും താമര വിരിഞ്ഞു.

മധ്യപ്രദേശിലുള്ള 29 സീറ്റുകളിൽ 28-ലും ബിജെപി വിജയിച്ചു. മുഖ്യമന്ത്രി കമൽനാഥിന്റെ മകന്റെ വിജയം മാത്രമാണ് മധ്യപ്രദേശിൽ കോൺഗ്രസിന് അൽപ്പമെങ്കിലും ആശ്വാസം നൽകിയത്. 2014-ൽ 27 സീറ്റുകളായിരുന്നു ബിജെപിക്ക് ലഭിച്ചത്. അയൽ സംസ്ഥാനമായ ഛത്തീസ്‌ഗഡിൽ 11 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 9-ഉം ബിജെപി തൂത്തുവാരി. അശോക് ഗെലോട്ട് മുഖ്യമന്ത്രിയായ രാജസ്ഥാനിൽ ഒരു സീറ്റിൽ പോലും വിജയിക്കാൻ കോൺഗ്രസിനായില്ല. 25 മണ്ഡലങ്ങളിൽ 24-ഉം മോദി തരംഗത്തിൽ കോൺഗ്രസിനു നഷ്ടമായി. അവശേഷിക്കുന്ന ഒരു സീറ്റിൽ രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിയാണ് വിജയിച്ചത്. രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകൻ വൈഭവ് ഗെലോട്ട് വരെ ബിജെപിയുടെ മുന്നിൽ വീണു. മധ്യപ്രദേശിൽ എഐസിസി ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ കുടുംബ മണ്ഡലമായ ഗുണയിലാണ് പരാജയപ്പെട്ടതെന്നത് മോദി തരംഗത്തിന്റെ വ്യാപ്തി വെളിവാക്കുന്നു. ഹിന്ദി ഹൃദയഭൂമിക്ക് പുറമേ ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ബീഹാർ, ഹരിയാന എന്നിവിടങ്ങളിലും കോൺഗ്രസ് തകർന്നടിഞ്ഞിരുന്നു.

ഗോഡ്‌സെ അനുകൂല പ്രസ്താവനകളുമായി വിവദം സൃഷ്ടിച്ച പ്രജ്ഞ സിങ് ഠാക്കാറിന്റെ സ്ഥാനാർത്ഥിത്വം ഉൾപ്പടെയുള്ള കാര്യങ്ങളാൽ ശ്രദ്ധേയമായ സംസ്ഥാനമായിരുന്നു മധ്യപ്രദേശ്. മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ്ങിനെതിരെ പ്രജ്ഞയ്ക്ക് 3.64 ലക്ഷത്തിന്റെ ഭൂരിപക്ഷം നേടാനായി. രാജ്യത്ത് ബിജെപി അധികാരത്തിലേറിയപ്പോഴെല്ലാം ഒപ്പം നിന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. മോദി തരംഗം ആഞ്ഞുവീശിയ 2014 ലും മധ്യപ്രദേശ് കാവിപുതച്ചു. ആകെയുള്ള 29 സീറ്റുകളിൽ 27 ലും ഉയർന്നത് താമര. കമൽനാഥ് മൽസരിച്ച ചിന്ദ്വാരയും ജ്യോതിരാദിത്യ സിന്ധ്യ മൽസരിച്ച ഗുണയും മാത്രമായിരുന്നു അന്ന് കോൺഗ്രസിന് ആശ്വാസം. ഇത്തവണ ഗുണയും കൈവിട്ടു. ബിജെപിയുടെ ഉറച്ച കോട്ടയായ ഭോപ്പാലിൽ മാലഗാവ് സ്‌ഫോടനക്കേസിലെ പ്രതി സാധ്വി പ്രജ്ഞാ സിങ് ഠാക്കൂറിനെ ഇറക്കി മധ്യപ്രദേശിൽ തീവ്ര ഹിന്ദുത്വകാർഡിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയം പയറ്റാനും ബിജെപി നേതൃത്വം മടിച്ചില്ല.

അധികാരത്തിലേറിയാൽ കാർഷിക കടങ്ങൾ എഴുതിത്ത്ത്ത്തള്ളുമെന്നതായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ പ്രധാന വാഗ്ദാനം. എന്നാൽ പദ്ധതിയിൽ തുടക്കത്തിൽത്തന്നെ കല്ലുകടി നേരിട്ടു. അർഹതയുള്ളവർ പട്ടികയ്ക്കു പുറത്തായപ്പോൾ അനർഹർ നേട്ടം കൊയ്തു. ഇതും മധ്യപ്രദേശിൽ കോൺഗ്രസിന് തിരിച്ചടിയായി. ഉത്തർപ്രദേശിൽ യാഥാർഥ്യമായ മഹാസഖ്യം അമ്പതിലേറെ സീറ്റുകളിൽ ബിജെപി.യെ തളയ്ക്കുമെന്നു പ്രതീക്ഷിച്ചു. പക്ഷേ, 15 സീറ്റിലൊതുങ്ങി. അതിജീവനത്തിനായി ശത്രുതമറന്ന് കൈകോർത്തിട്ടും എസ്‌പി.ക്കും ബി.എസ്‌പി.ക്കും ആർ.എൽ.ഡി.ക്കും ബിജെപി.യുടെ തന്ത്രങ്ങൾക്കുമുന്നിൽ പിടിച്ചുനിൽക്കാനായില്ല. ജാതിരാഷ്ട്രീയം വേരുറച്ച മണ്ണിനെ 'ദേശീയത' എന്ന ഹിന്ദു ഏകീകരണതന്ത്രത്തിലൂടെ മോദി വീണ്ടും ബിജെപി പക്ഷത്താക്കി.

2014-ൽ ബിജെപി. 42.63 ശതമാനം വോട്ടുനേടിയിരുന്നു. എസ്‌പി. അഞ്ചുസീറ്റും 22.35 ശതമാനം വോട്ടും. ബി.എസ്‌പി.ക്ക് സീറ്റൊന്നുമില്ലായിരുന്നെങ്കിലും 19.77 ശതമാനം വോട്ടുണ്ടായിരുന്നു. കോൺഗ്രസ് 7.53 ശതമാനം വോട്ടോടെ രണ്ടു സീറ്റിലൊതുങ്ങി. 2014-ൽ വെവ്വേറെ കിട്ടിയ ഈ വോട്ടുകൾ ഒന്നിച്ചാൽ വലിയ മുന്നേറ്റമുണ്ടാക്കാമെന്ന കണക്കുകൂട്ടലിലാണ് 2018-ലെ ഉപതിരഞ്ഞെടുപ്പിലുണ്ടാക്കിയ സഖ്യം 2019-ലും തുടർന്നത്. എന്നാൽ, 49.55 ശതമാനം വോട്ടും 62 സീറ്റും നേടി ബിജെപി. മുന്നേറി. സഖ്യകക്ഷിയായ അപ്നാ ദൾ രണ്ടു സീറ്റും നേടി. 2014-ൽ മഹാസഖ്യത്തിനൊക്കെക്കൂടി ലഭിച്ച 42.98 ശതമാനം വോട്ടുകൾ 38.92 ശതമാനത്തിലേക്ക് കൂപ്പുകുത്തി. എസ്‌പി.ക്ക് അഞ്ചും ബി.എസ്‌പി.ക്ക് പത്തും സീറ്റുകിട്ടി. കോൺഗ്രസ് ഒന്നിലേക്കു ചുരുങ്ങി. അമേഠിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും തോറ്റു. സ്മൃതി ഇറാനി ജെയിന്റ് കില്ലറുമായി.

മോദിസർക്കാരിന്റെ വികസനപദ്ധതികളുടെ ഗുണഫലവും ബിജെപി.ക്കുണ്ടായി. കേന്ദ്രസർക്കാരിന്റെ പ്രധാനമന്ത്രി ആവാസ് യോജനയിൽ 12.4 ലക്ഷം വീടുകൾ യു.പി.യിൽ ലഭ്യമാക്കി. ശുചിത്വഭാരത പദ്ധതിയിൽ 1.71 കോടി ശൗചാലയങ്ങൾ നിർമ്മിച്ചു. ഉജ്ജ്വല ഗ്യാസ് പദ്ധതിയിലൂടെ 1.29 കോടി വീടുകളിൽ സൗജന്യ പാചകവാതകം എത്തിച്ചു. ഇവയുടെയെല്ലാം ഗുണഭോക്താക്കൾ ഭൂരിപക്ഷവും യു.പി. ഗ്രാമങ്ങളിലെ ദളിതരായിരുന്നു. പ്രതിസന്ധി നേരിടുന്ന കരിമ്പ്, ഉരുളക്കിഴങ്ങ് കർഷകർ ഏറെയുള്ള യു.പി.യിൽ കിസാൻ സമ്മാൻ പദ്ധതിയും സ്വാധീനമുണ്ടാക്കി. ഇങ്ങനെ യുപിയിലെ കർഷകരേയും ബിജെപി ഒപ്പം നിർത്തി. ഹിന്ദി ഹൃദയഭൂമി തൂത്തുവാരിയാണ് നരേന്ദ്ര മോദി ജയം ഉറപ്പാക്കിയത്. ഉത്തർപ്രദേശിൽ എസ്‌പി ബിഎസ്‌പി സഖ്യത്തിന്റെ കണക്കുകൾ മറികടന്ന് അത്ഭുതകരമായ മുന്നേറ്റം ബിജെപി നടത്താനായി. ഇതിനൊപ്പം പടിഞ്ഞാറെ ഇന്ത്യയിൽ തുടർന്നുവരുന്ന ആധിപത്യം കിഴക്കേ ഇന്ത്യയിലേക്കും വ്യാപിപ്പിക്കുകയാണ് ബിജെപി ഈ തെരഞ്ഞെടുപ്പ് ഫലത്തോടെ. വടക്കുകിഴക്കൻ മേഖലയിലും തെക്കേ ഇന്ത്യയിലും ബിജെപിക്ക് നില മെച്ചപ്പെടുത്താനായി. ഉത്തർപ്രദേശിൽ കഴിഞ്ഞ തവണ 73 സീറ്റുകൾ എൻഡിഎ സഖ്യം നേടിയിരുന്നു. ഇത്തവണ അതിൽ 15 സീറ്റുകളുടെ കുറവുണ്ട്. എങ്കിലും കഴിഞ്ഞ തവണത്തെക്കാൾ വോട്ടു നേടിയ ബിജെപി അടിത്തറ വിപുലീകരിച്ചു.

ഛത്തീസ്‌ഗഢിൽ 11 സീറ്റുകളിൽ ഒമ്പതും ബിജെപി നേടിയപ്പോൾ ഝാർഖണ്ഡിൽ 14 സീറ്റുകളിൽ പന്ത്രണ്ടെണ്ണത്തിലും ബിജെപി സഖ്യം വിജയിച്ചു. ബീഹാറിൽ നാല്പതിൽ 36 സീറ്റും പിടിച്ചാണ് മോദി മുന്നേറിയത്. ഡൽഹിയിലും ഹരിയാനയിലും എല്ലാ സീറ്റും ബിജെപിക്ക് തന്നെ ലഭിച്ചു. ഗുജറാത്തിലും മഹാരാഷ്ട്രയിലും ബിജെപിയുടെ അപ്രമാദിത്വം തുടർന്നു. പശ്ചിമബംഗാളിൽ മാത്രമാണ് ബിജെപി കുറഞ്ഞ സീറ്റുകൾ നേടിയത്. ഒഡീഷയടക്കം മറ്റു സംസ്ഥാനങ്ങളിലെ നില മെച്ചപ്പെടുത്തിയപ്പോൾ ബിജെപി അനായാസം മുന്നൂറിന് അടുത്തെത്തി. ബിജെപിക്കൊപ്പം നിന്ന സഖ്യകക്ഷികളിൽ അണ്ണാ ഡിഎംകെ ഒഴികെ എല്ലാവരും നേട്ടമുണ്ടാക്കി. ഒഡീഷയിൽ ഭരണം ബിജു ജനതാദൾ വീണ്ടും നേടിയത് മാത്രമാണ് ബിജെപിക്ക് വടക്ക് കിഴക്കൻ മേഖലകളിലേറ്റ ഒരേയൊരു തിരിച്ചടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP