Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പണക്കൊഴുപ്പിൽ പൊന്നാനിയിലെത്തിയ പി വി അൻവറിന്റെ അഹങ്കാരത്തിന് തിരിച്ചടി; ഇ ടി മുഹമ്മദ് ബഷീറിന് അപ്രതീക്ഷിതമായി ലഭിച്ചത് രണ്ടു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷം, പൊന്നാനിയിൽ തോറ്റാൽ നിലമ്പൂരിലെ എംഎ‍ൽഎ സ്ഥാനം രാജിവെക്കുമെന്ന് വീമ്പിളക്കിയ അൻവറിനെ പൊടിപോലും ഇല്ല കണ്ടു കിട്ടാൻ

പണക്കൊഴുപ്പിൽ പൊന്നാനിയിലെത്തിയ പി വി അൻവറിന്റെ അഹങ്കാരത്തിന് തിരിച്ചടി; ഇ ടി മുഹമ്മദ് ബഷീറിന് അപ്രതീക്ഷിതമായി ലഭിച്ചത് രണ്ടു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷം, പൊന്നാനിയിൽ തോറ്റാൽ നിലമ്പൂരിലെ എംഎ‍ൽഎ സ്ഥാനം രാജിവെക്കുമെന്ന് വീമ്പിളക്കിയ അൻവറിനെ പൊടിപോലും ഇല്ല കണ്ടു കിട്ടാൻ

ജംഷാദ് മലപ്പുറം

മലപ്പുറം: പണക്കൊഴുമ്പിന്റെ അഹങ്കാരവുമായി പൊന്നാനിയിൽ മത്സരിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥിയും നിലമ്പൂർ എൽ.എൽ.എയുമായ പി.വി.അൻവറിന് പൊന്നാനിയിലെ ജനങ്ങൾ നൽകിയത് സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാത്ത വമ്പൻ പരാജയം, തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ വീമ്പിളക്കിയും, വിവാദ പ്രസ്താവനകൾ നടത്തിയും ശ്രദ്ധേയനായ അൻവർ പൊന്നാനി മണ്ഡലത്തിൽെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയാണു ഏറ്റുവാങ്ങിയത്. 98ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 1.87171വോട്ടുകളുടെ ഭൂരിപക്ഷമാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ഇ.ടി. മുഹമ്മദ് ബഷീർ ഇവിടെ നേടിയത്.

കഴിഞ്ഞ തവണ ഇ.ടി. പൊന്നാനിയിൽനിന്നും വിജയിച്ചിരുന്നത് കേവലം 25,410വോട്ടിന്റെ ഭൂരിപക്ഷത്തിന് മാത്രമാണ്. പൊന്നാനിയിൽ താൻ വിജയിക്കുമെന്നു ഉറപ്പാണെന്നും, പൊന്നാനിയിൽ ജയിച്ചാലും, തോറ്റാലും നിലമ്പൂരിലെ എംഎ‍ൽഎ സ്ഥാനം താൻ രാജിവെക്കുമെന്നുവരെ നേരത്തെ അൻവർ പറഞ്ഞിരുന്നു. എന്നാൽ പരാജയം മണത്ത അൻവർ തന്നെ തെരഞ്ഞെടുപ്പിന് ശേഷം ഇത് മുക്കി. എന്നാൽ മുസ്ലിംലീഗുപോലും പ്രതീക്ഷിക്കാത്ത വിജയമാണു പൊന്നാനിയിൽ ഇ.ടി.മുഹമ്മദ് ബഷീർ നേടിയത്. മുസ്ലിംലീഗ് നടത്തിയ കണക്ക് പ്രകാരം പൊന്നാനിയിൽ നാൽപതിനായിരം മുതൽഎൺപതിനായിരംവരെയുള്ള ഭൂരിപക്ഷത്തിന് വിജയിക്കുമെന്നായിരുന്നു. എന്നാൽ ഇതിനെ കവച്ചുവെച്ചുകൊണ്ടാണ് രണ്ടുലക്ഷത്തോളം വരുന്ന ഭൂരിപക്ഷത്തിന് ഇ.ടി. വിജയിച്ചത്. പൊന്നാനിയിലെ ഉയർന്ന പോളിങ് ആരെ തുണയ്ക്കുമെന്ന ആശങ്കയിലായിരുന്നു പാർട്ടികൾ. 2014ലെ 73.83 ശതമാനം 2019ൽ 74.98 ആയി ഉയർന്നിരുന്നു.

പൊന്നാനി ലോക്സഭ മണ്ഡലം - 2014
പോളിങ് ശതമാനം 73.83
ആകെ വോട്ട് - 8,71,592
വിജയിച്ചത്: ഇ.ടി. മുഹമ്മദ് ബഷീർ - മുസ്ലിം ലീഗ്
നേടിയ വോട്ട്: 378,503
ഭൂരിപക്ഷം: 25,410
വി. അബ്ദുറഹിമാൻ - ഇടതുസ്വതന്ത്രൻ
നേടിയ വോട്ട്: 353,093
കെ. നാരായണൻ: ബിജെപി
നേടിയ വോട്ട്: 75,212
വി.ടി. ഇഖ്റാമുൽഹഖ് - എസ്.ഡി.പി.ഐ
നേടിയ വോട്ട് - 26,640

എംപിയും എംഎ‍ൽഎയും തമ്മിലായിരുന്നു ഇത്തവണ പൊന്നാനിയിൽ മത്സരം. മുസ്ലിംലീഗിന്റെ തട്ടകമായ പൊന്നാനി മണ്ഡലത്തിൽ കഴിഞ്ഞ തവണ നിലമ്പൂരിൽ അട്ടിമറി വിജയം നേടിയ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.വി.അൻവറിന്റെ സ്ഥാനാർത്ഥിത്വം ഗുണംചെയ്യുമെന്ന പ്രതീക്ഷിയിലായിരുന്നു എൽ.ഡി.എഫ്. എന്നാൽ അൻവറിനെ മറികടന്ന് സിറ്റിങ് എംപിയായ ഇ.ടി.മുഹമ്മദ് ബഷീർ ഹാട്രിക് വിജയം കൈവരിച്ചു. എൻ.ഡി.എ സ്ഥാനാർത്ഥി വി.ടി രമ കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽവോട്ടുനേടുകയും ചെയ്തു. മണ്ഡലത്തിൽപോളിങ് 75.37 ശതമാനമായി ഉയർന്നതോടെ ഇരുമുന്നണികളും പ്രതീക്ഷയിലായിരുന്നു. 50,000 മുതൽ 80,000വരെ ഭൂരിപക്ഷത്തിന് ജയിക്കുമെന്നാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ഇ.ടി.മുഹമ്മദ് ബഷീർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇതിനെ കടന്നാണ് രണ്ടുലക്ഷത്തോളംവരുന്ന ഭൂരിപക്ഷ ലഭിച്ചത്.

എന്നാൽ മണ്ഡലത്തിൽ പതിനായിരത്തിൽതാഴെ ഭൂരിപക്ഷത്തിന് എൽ.ഡി.എഫ് സ്വതന്ത്ര്യസ്ഥാനാർത്ഥി പി.വി.അൻവർ ജയിക്കുമെന്ന് എൽ.ഡി.എഫും കണക്ക് കൂട്ടിയിരുന്നത്. മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിലെ രണ്ടു മണ്ഡലങ്ങളായ കോട്ടയ്ക്കലിൽനിന്നും, തിരൂരങ്ങാടിയിൽനിന്നുമാണ് 30,000ത്തോളം ഭൂരിപക്ഷം ലഭിക്കുമെന്ന് യു.ഡി.എഫ് കണക്ക് കൂട്ടിയിരുന്നു. മറ്റു മണ്ഡലങ്ങളായ തിരൂർ, താനൂർ, തൃത്താല മണ്ഡലങ്ങളിൽനിന്നും പതിനായിരംമുതൽ ഭൂരിപക്ഷമാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇവിടങ്ങളിൽനിന്നെല്ലാം പ്രതീക്ഷകൾക്കും അപ്പുറമുള്ള ഭൂരിപക്ഷമാണ് ഇ.ടിക്കു ലഭിച്ചത്. തവനൂരിൽ എൽ.ഡി.എഫിന് മൂൻതൂക്കമുണ്ടാകാനുള്ള സാധ്യതയും കണക്ക് കൂട്ടുന്നെങ്കിലും ഇവിടെയും യു.ഡി.എഫ് മുന്നേറ്റമായിരുന്നു. കോട്ടയ്ക്കലും, തിരൂരങ്ങാടിയും ഒഴിച്ചുള്ള മറ്റു മണ്ഡലങ്ങളിൽനിന്നെല്ലാം താന്മുന്നിട്ടുനിൽക്കുമെന്ന പ്രതീക്ഷയിലായിരുന്നു അൻവർ, അടിയൊഴുക്കുകൾ ഉണ്ടാകുമെന്നും കാലങ്ങളായ യു.ഡി.എഫിനൊപ്പം നിന്ന വോട്ടുകൾ ഇത്തവണ എൽ.ഡി.എഫിന് ലഭിച്ചിട്ടുണ്ടെന്നുമായിരുന്നു അൻവറിന്റെ അവകാശ വാദം.

75.37 ശതമാനം പോളിങ് നടന്ന പൊന്നാനി മണ്ഡലത്തിൽ ഏറ്റവും കൂടുതൽ പോളിങ് നടന്നത് താനൂർ മണ്ഡലത്തിലാണ്. 77 ശതമാനം പോളിങാണ് ഇവിടെ നടന്നത്. ഏറ്റവും കുറവ് പോളിങ് നടന്നത് പൊന്നാനി നിയോജക മണ്ഡലത്തിലാണ്. 71.86 ശതമാനം മാത്രമാണ് പൊന്നാനി മണ്ഡലത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഏറ്റവും കൂടുതലും, കുറവും പോളിങ് നടന്നത് എൽ.ഡി.എഫിന്റെ നിയമസഭാ മണ്ഡലങ്ങളലാണ്. അതേ സമയം പോളിംഗിന് ശേഷം എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.വി.അൻവർ നടത്തിയ പ്രസ്താവനകൾ ഏറെ വിവാദമാകുകയും അൻവറിന് പാർട്ടി താക്കീത് നൽകുകയും ചെയ്തിരുന്നു. മണ്ഡലത്തിൽ സിപിഐ വേണ്ട രീതിയിൽ പ്രവർത്തിച്ചില്ലെന്നും സിപിഐ നേതാവും, വയനാട് ലോകസഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ പി.പി.സുനീറിന് കൂറ് മുസ്ലിംലീഗിനോടാണെന്നും തുറന്നടിച്ചത് ഏറെ വിവാദമുണ്ടാക്കി. ഇതിനെ തുടർന്ന് അൻവറിനെതിരെ ജില്ലയിൽ വ്യപാക പ്രതിഷേധ പ്രകടനങ്ങളും, കോലംകത്തിക്കലുംവരെ സിപിഐ പ്രവർത്തകർ നടത്തി.

്എൽ.ഡി.എഫ് പതിനായിരത്തിൽതാഴെ വോട്ടിന് വിജയിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുമ്പോഴും മണ്ഡലത്തിൽ കഴിഞ്ഞ തവണത്തേക്കാൾവലിയ തോൽവിയുണ്ടാകുമെന്ന് ഒരു വിഭാഗം എൽ.ഡി.എഫുകാർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. നിരവധികേസുകളിലും, വിവാദങ്ങളിലും ആരോപണ വിധേയനായ അൻവറിന് മണ്ഡലത്തിൽ കാര്യമായ ചലനം സൃഷ്ടിക്കാൻ സാധിച്ചില്ലെന്ന ആരോപണവും ഉയർന്നിരുന്നു. ഇതിന് പുറമെ കഴിഞ്ഞ തവണ ജനകീയ സ്ഥാനാർത്ഥിയുമായി രംഗത്തുണ്ടായിരുന്ന വെൽഫെയർപാർട്ടി ഇത്തവണ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതും എൽ.ഡി.എഫിന് തിരിച്ചടിയാകുമെന്ന് കണക്ക് കുട്ടുന്നു. എന്നാൽ തെരഞ്ഞെടുപ്പ് സമയത്ത് എസ്.ഡി.പി.ഐ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്‌ച്ച യു.ഡി.എഫ് സ്ഥാനാർത്ഥി ഇ.ടി മുഹമ്മദ് ബഷീറിന് ദോഷംചെയ്യുമെന്ന കണക്ക്കൂട്ടലുകൾ ഉണ്ടായിരുന്നു. ഇതിന് പുറമെ ഇ.ടിക്കെതിരെ ഇടഞ്ഞു നിന്ന ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരുടെ നിലപാട് എൽ.ഡി.എഫിന് ഗുണം ചെയ്തിട്ടുണ്ടാകുമോയെന്നും, കാന്തപുരം വിഭാഗത്തിന്റെ പിന്തുണ പി.വി.അൻവറിന് ലഭിച്ചതും ഗുണം ചെയ്തില്ല.

അതേ സമയം തെരഞ്ഞെടുപ്പിന് ശേഷം മുസ്ലിംലീഗിനെതിരേയും വിവാദ പ്രസ്താവനയുമായി പി.വി.അൻവർ രംഗത്തുവന്നിരുന്നു. ലീഗ് പ്രമുഖ നേതാക്കളുടെ മുഖംമൂടി വലിച്ചുകീറുന്ന തെളിവുകൾ തന്റെ പക്കലുണ്ടെന്നും ആ തെളിവുകൾ തെരഞ്ഞെടുപ്പിൽ താൻ പുറത്തുവിട്ടിരുന്നുവെങ്കിൽ യു.ഡി.എഫിന് ഈ തെരഞ്ഞെടുപ്പിൽ മലബാറിൽ ഒരു സീറ്റുപോലും ലഭിക്കില്ലായിരുന്നുവെന്നുമാണ് പി.വി.അൻവർ പറഞ്ഞത്. ഇനിയും തന്നെ വ്യക്തി ഹത്യചെയ്യാനാണ് മുസ്ലിംലീഗിന്റെ തീരുമാനമെങ്കിൽ ഈ തെളിവുകൾ പുറത്തുവിടുമെന്നും ഇത് മുസ്ലിംലീഗ് നേതാക്കൾക്കുള്ള താക്കീതാണെന്നും പി.വി.അൻവർ പറഞ്ഞു. എന്നാൽ ഇത് ലീഗിന്റെ ഏതു നേതാക്കൾക്കെതിരെയുള്ളതാണെന്ന് പറയില്ലെന്നും ഇത് താൻ പറയുമ്പോൾ ആ നേതാക്കൾക്ക് തന്നെ മനസ്സിലാകുമെന്നും അൻവർ പറഞ്ഞു. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അൻവർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്, മാസങ്ങളായി തനിക്കെതിരെ ലീഗുകാർ വ്യക്തിഹത്യ നടത്തിക്കൊണ്ടിരിക്കുയാണ്, താൻ പുറത്തുവിടുന്ന തെളിവുകൾ ലീഗുനേതാക്കളുടെ കുടുംബ ജീവിതത്തെ തകർക്കുന്നതും അവരുടെ ജനസമ്മതി തകർക്കുകയും ചെയ്യുന്ന തെളിവുകളാകുമെന്നും അൻവർ പറഞ്ഞു.

ഇതിന്റെ കൃത്യമായ തെളിവുകൾ തന്റെ പക്കലുണ്ട്, മുസ്ലിംമത വിഭാഗത്തിൽ വരുത്താൻ പോകുന്ന വലിയൊരു മാറ്റമാകും ഇതെന്നും അൻവർ പറഞ്ഞു. ഇന്ന് ലീഗ് പ്രവർത്തകർ വിശ്വസിക്കുന്ന പലരുടേയും കൃത്യമായ മുഖം ഈ നാട്ടിലെ ജനങ്ങൾ കാണും, ഈ തെളിവുകൾ പുറത്തുവിട്ടാൽ ഈ നേതാക്കൾക്ക് പിന്നീട് സമൂഹത്തിൽ പുറത്തിറങ്ങി നടക്കാൻ പറ്റാത്ത സാഹചര്യമുണ്ടാകും, ഈ തെളിവുകൾ താൻ ഉപയോഗിക്കാത്തത് തന്റെ വ്യക്തിപരമായ ചില മര്യാദകൾ കൊണ്ടാണ്, അത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്ത് ഞാൻ ഉപയോഗിച്ചരുന്നെങ്കിലും മലബാറിൽ ഒരു സീറ്റും അവർക്ക് ലഭിക്കില്ലായിരുന്നു. എന്നാൽ ഈ തെളിവുകൾ പുറത്തുവന്നാൽ അവർക്കൊപ്പം തന്നെ മുസ്ലിംസമുദായത്തിനും ചീത്തപ്പേരുണ്ടാകുമെന്നതിനാലാണ് താൻ ഇക്കാര്യം പുറത്തുവിടാതിരുന്നത്, പക്ഷെ ഇനിയും എന്നെ വ്യക്തിപരമായി ഹത്യനടത്താനാണ് അവരുടെ തീരുമാനമെങ്കിൽ അങ്ങിനെയാണ് അണികൾക്ക് ലീഗ് നിർദ്ദേശം നൽകിയിട്ടുള്ളതെങ്കിൽ ഇന്നല്ലെങ്കിൽ നാളെ ആ തെളിവുകൾ താൻ പുറത്തുവിടുമെന്നും പി.വി.അൻവർ പറഞ്ഞു.

നേരത്തെ സിപിഐക്കും സിപിഐ വയനാട് ലോകസഭാ മണ്ഡലം സ്ഥാനാർത്ഥി പി.പി.സുനീറിനുമെതിരെ കടുത്ത വിമർശനവുമായി രംഗത്തുവന്ന അൻവറിനെ സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി താക്കീത് ചെയ്തിരുന്നു. ഇതിന് ശേഷമാണ് ലീഗിനെതിരെ കടുത്ത ആരോപണവുമായി അൻവർ രംഗത്തുവന്നത്. സിപിഐക്കെതിരെയുള്ള പി.വി.അൻവറിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശവുമായി എ.ഐ.വൈ.എഫ് രംഗത്തുവന്നിരുന്നു. എ.ഐ.വൈ.എഫ് പൊന്നാനി മുനിസിപ്പൽ കമ്മറ്റിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് വാക്പോരിന് തുടക്കമിട്ടത്. മലപ്പുറത്ത് സിപിഐ.യും, മുസ്ലിം ലീഗും തമ്മിൽ വ്യത്യാസമില്ലെന്നും, തെരഞ്ഞെടുപ്പിലും സിപിഐയ്ക്ക് തന്നോട് വിരോധമുണ്ടായിരുന്നുവെന്ന പി.വി.അൻവറിന്റെ പ്രസ്താവനക്കെതിരെയാണ് എ.ഐ.വൈ.എഫ് പൊന്നാനി മുനിസിപ്പൽ കമ്മറ്റി രംഗത്തെത്തിയത്.

അൻവറിന്റെ പ്രസ്താവന വന്നതോടെയാണ് മുനിസിപ്പൽ കമ്മറ്റിയുടെ പേജിൽ പിവി അൻവറിനെതിരെ രൂക്ഷ വംശമുയർന്നത്. അൻവറേ.. നിന്റെ സ്വത്തും, കുടുംബ മഹിമയും, കണ്ടു മയങ്ങുന്നവരെയേ നീ കണ്ടിട്ടുള്ളൂ ... ഞങ്ങൾ ഇടതുപക്ഷമായത് നിനക്ക് വേണ്ടി പോലും രാപകലില്ലാതെ കഷ്ടപ്പെട്ടത് നെഞ്ചിൽ ഇടതുപക്ഷമുള്ളതുകൊണ്ടാണ്. പണത്തിന്റെ ഹുങ്കിൽ കാര്യം കഴിഞ്ഞാൽ തള്ളി പറയാനാണ് ഭാവമെങ്കിൽ വിവരമറിയും.ഇത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. ഇങ്ങനെയായിരുന്നു എഫ്.ബി. പോസ്റ്റ്. ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ച പി.വി.അൻവറിന് വേണ്ടി പകലന്തിയോളം പണിയെടുത്തിട്ടും, തങ്ങളെ ആക്ഷേപിച്ച അൻവറിനെ നിലയ്ക്ക് നിർത്താൻ നേതൃത്വം തയ്യാറാവണമെന്ന് മുനിസിപ്പൽ കമ്മറ്റി പറഞ്ഞു. ജനപ്രതിനിധിയെന്ന നിലയിൽ ജനാധിപത്യ മര്യാദ അനുസരിച്ച് വിഷയത്തിൽ തെറ്റുതിരുത്താൻ അവർ തയ്യാറാവണമെന്നും എ.ഐ.വൈ.എഫ് പൊന്നാനി മുനിസിപ്പൽ കമ്മറ്റി ആവശ്യപ്പെട്ടു

സിപിഐ രൂക്ഷമായ വിമർശിച്ച പൊന്നാനി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥിയും നിലമ്പൂർ എംഎ‍ൽഎയുമായ പി.വി.അൻവറിന്റെ കോലം വീണ്ടും കത്തിച്ചു. കഴിഞ്ഞ ദിവസം മലപ്പുറത്തും പൊന്നാനിയിലും കോലംകത്തിച്ചതിന് പിന്നാലെ എടപ്പാളിലും, തിരൂരങ്ങാടിയിലുമാണ് വീണ്ടും കോലംകത്തിച്ചത്. പി.വി അൻവർ കഴിഞ്ഞ ദിവസങ്ങളിൽ ദൃശ്യ മാധ്യമങ്ങളിലൂടെ സിപിഐ ക്കെതിരെ നടത്തിയ അധിക്ഷേപകരമായ പരാമർശങ്ങൾക്കെതിരെ എ.ഐ.വൈ.എഫ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെമ്മാട് വച്ചാണ് പ്രതിഷേധ പ്രകടനവും, കോലം കത്തിക്കലും നടത്തിയത്. കുന്നിടിച്ചും, പരിവർത്തനപ്പെടുത്തിയും, ഭൂമി കയ്യേറ്റം നടത്തിവരികയായിരുന്ന പി.വി അൻവറിനെ നിയമവിരുദ്ധമായി സിപിഐ സഹായിച്ചില്ലന്നതാണ് അൻവറിനെ ചൊടിപ്പിച്ചതത്രെ. മുതലാളിതത്വത്തിന്റെ തനി സ്വരൂപമാണ് അൻവർ കാണിച്ചതെന്നും ഇത് ജനപ്രതിനിധിയുടെ വാക്കുകളായി കാണാനാകില്ലെന്നും എ.ഐ.വൈ.എഫ് തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് എംപി സ്വാലിഹ് തങ്ങൾ പറഞ്ഞു. വോട്ടർമാരെയും സിപിഐ പ്രവർത്തകരെയും അധിക്ഷേപിച്ച അൻവറിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികളാണ് ജില്ലയിൽ അങ്ങോളം അരങ്ങേറിയത്. ഇനിയും ഇത്തരത്തിലുള്ള ജൽപനങ്ങൾ സിപിഐ ക്കെതിരെ തുടർന്നാൽ വഴിയിൽ തടയുന്നതടക്കമുള്ള പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും എ.ഐ.വൈ.എഫ് തിരൂരങ്ങാടി മണ്ഡലം കമ്മറ്റി പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP