Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബെന്നിക്ക് വിനയായത് കത്ത് ചോർച്ച? കയ്പമംഗലത്തെ ഇല്ലാത്ത കത്ത് ചർച്ചയാക്കിയത് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനെന്ന് രാഹുലിനെ ബോധ്യപ്പെടുത്തിയത് സുധീരൻ; തൃക്കാക്കരയിലെ സീറ്റ് നിഷേധത്തിൽ അന്വർത്ഥമായത് ദൈവം പണി നൽകുമെന്ന പ്രതാപന്റെ വാക്കുകൾ

ബെന്നിക്ക് വിനയായത് കത്ത് ചോർച്ച? കയ്പമംഗലത്തെ ഇല്ലാത്ത കത്ത് ചർച്ചയാക്കിയത് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനെന്ന് രാഹുലിനെ ബോധ്യപ്പെടുത്തിയത് സുധീരൻ; തൃക്കാക്കരയിലെ സീറ്റ് നിഷേധത്തിൽ അന്വർത്ഥമായത് ദൈവം പണി നൽകുമെന്ന പ്രതാപന്റെ വാക്കുകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൈയും കാലും വെട്ടാനായിരുന്നു പദ്ധതി. ഇത് മനസ്സിലാക്കിയാണ് ഉമ്മൻ ചാണ്ടി ഡൽഹിയിൽ എത്തിയത്. സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായപ്പോൾ ഉമ്മൻ ചാണ്ടിക്ക് നഷ്ടമായത് ബെന്നി ബെഹന്നാനെന്ന ചങ്കിനെയാണ്. ടിഎൻ പ്രതാപന് എതിരെ നടത്തിയ കരുനീക്കമാണ് ബെന്നിക്ക് വിനയായതെന്നാണ് സൂചന. ഈ ഗൂഢാലോചനയ്ക്ക് പിന്നിൽ ബെന്നിയാണെന്ന് തെളിയിച്ചാണ് തൃക്കാക്കരയിൽ പിടി തമോസിനെ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ സ്ഥാനാർത്ഥിയാക്കിയത്. എന്നിക്ക് പണി നൽകിയവർക്ക് ദൈവം താമസിയാതെ പണി നൽകുമെന്നായിരുന്നു വിവാദങ്ങളോട് പ്രതാപന്റെ പ്രതികരണം. ബെന്നിയുടെ സീറ്റ് നിഷേധത്തിലൂടെ പ്രതാപന് നീതി ഉറപ്പാക്കുകയായിരുന്നു സുധീരൻ

തൃപ്പുണ്ണിത്തുറയിൽ കെ ബാബുവിനും ഇരിക്കൂറിൽ കെസി ജോസഫിനും സീറ്റ് നിഷേധിക്കാൻ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ എന്തും പയറ്റുമെന്ന് ഉമ്മൻ ചാണ്ടിക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ മന്ത്രിമാർക്ക് സീറ്റില്ലെങ്കിൽ താനും മത്സരത്തിനില്ലെന്ന് ഭീഷണിപ്പെടുത്തി. തൃക്കാക്കരയിൽ ബെന്നി ബെഹന്നാന് വലിയ പരിക്ക് ഉണ്ടാകുമെന്ന് ഉമ്മൻ ചാണ്ടി കരുതിയതേ ഇല്ല. ഇതിനിടെയിൽ എന്തുവന്നാൽ ടിഎൻ പ്രതാപൻ നിയമസഭ കാണരുതെന്ന് എ വിഭാഗം ഉറപ്പിച്ചു. കയ്‌പ്പമംഗലത്ത് പ്രതാപൻ സ്ഥാനാർത്ഥിയായലും തോൽക്കണം. ഇതിനായി പ്രതാപന്റെ ആദർശ പരിവേഷം പൊളിക്കാൻ തീരുമാനിച്ചു. എന്തുവന്നാലും പ്രതാപൻ മത്സരിക്കുമെന്ന വിശ്വാസത്തിലായിരുന്നു അത്. എന്നാൽ വിവാദങ്ങൾക്ക് പ്രതീക്ഷിച്ചതിലും അധികം കൈവിട്ടു പോയി. മത്സര രംഗത്ത് നിന്ന് പ്രതാപൻ പിന്മാറുകയും ചെയ്തു.

ഇവിടെയാണ് പണി തുടങ്ങുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി യോഗത്തിൽ പ്രതാപൻ അയച്ചെന്ന് പറയുന്ന കത്ത് രാഹുൽ ഗാന്ധി വായിച്ചു. എ ഗ്രൂപ്പിലെ നേതാക്കളും ഉമ്മൻ ചാണ്ടിയോട് അടുപ്പമുള്ള മാദ്ധ്യമ പ്രവർത്തകരും ഗംഭീരമായി അത് പ്ലാൻ ചെയ്തു. അങ്ങനെ കുറച്ചു നേരം പ്രതാപന്റെ പ്രതിച്ഛായ തകർത്തെറിഞ്ഞു. ഇതിനിടെയിൽ ഡീൻ കുര്യാക്കോസിന്റെ പ്രസ്താവന എത്തി. പ്രതാപനെ തീർത്തും കുറ്റപ്പെടുത്തുന്ന പരാമർശം എത്തിയതോടെ പ്രതാപൻ മത്സരത്തിൽ നിന്ന് പിന്മാറി. എന്നാൽ തീർത്തും നിരാശനായിരുന്നു രാഹുൽ ഗാന്ധി. കത്തിന്റെ കഥ ആരു പ്രചരിപ്പിച്ചെതെന്ന് അന്വേഷിച്ചു. എന്തുകൊണ്ട് ഡീൻ കുര്യാക്കോസ് പ്രസ്താവന ഇറക്കി എന്നതായിരുന്നു തിരക്കിയത്. കത്ത് കഥയുടെ ഉറവിടം ഗ്രൂപ്പും ബെന്നിയുമാണെന്ന് പ്രതാപൻ ഉറപ്പിച്ചു പറഞ്ഞു. എന്നാൽ വ്യക്തമായ തെളിവൊന്നുമില്ലായിരുന്നു. ഡീൻ കുര്യാക്കോസിന്റെ പ്രസ്താവനയുടെ മൂലകാരണത്തെ തേടിയുള്ള അന്വേഷണവും എത്തിയത് ബെന്നിയിലാണ്.

ഇക്കാര്യം രാഹുൽ ഗാന്ധിയോട് സുധീരൻ വിശദീകരിച്ചു. രാഹുലിന്റെ നിർദ്ദേശങ്ങളെ സോണിയാ ഗാന്ധിയിലൂടെ ഉമ്മൻ ചാണ്ടി വെട്ടിയെന്ന പത്രവാർത്തകളും കോൺഗ്രസ് ഉപാധ്യക്ഷനെ ചൊടിപ്പിച്ചു. ആർക്കെങ്കിലും സീറ്റ് നിഷേധിക്കുമ്പോൾ പറയാൻ വ്യക്തമായ കാരണം വേണമെന്ന് രാഹുലിന് നിർബന്ധമായിരുന്നു. ഉമ്മൻ ചാണ്ടിക്ക് പോലും സീറ്റ് നൽകണമെന്ന് ആവശ്യപ്പെടാൻ പറ്റാത്ത കാരണം. അവിടെയാണ് പ്രതാപൻ അയച്ചുവെന്ന കത്തിന്റെ ഗൂഢാലോചന ബെന്നിയിലേക്ക് സുധീരൻ പക്ഷം ചാർത്തിയത്. അനാവശ്യ വിവാദം തന്റെ പേരിലുണ്ടാക്കിയ ബെന്നിക്ക് സീറ്റ് നൽകാൻ കഴിയില്ലെന്ന് രാഹുൽ സോണിയയോടും പറഞ്ഞു. ഡീൻ കുര്യാക്കോസിന്റെ പേര് അതിന് മുമ്പേ രാഹുൽ വെട്ടിയിരുന്നു. പ്രതാപന്റെ കത്ത് ആയുധമാക്കി ഉമ്മൻ ചാണ്ടിയുടെ ചങ്ക് രാഹുൽ പറിച്ചെടുത്തു. കടുത്ത വേദനയിൽ സോണിയയെ ഉമ്മൻ ചാണ്ടി വിളിക്കുകയും ചെയ്തു. എന്നാൽ പ്രതാപനെതിരെ വിവാദമുണ്ടാക്കിയ ആൾക്ക് സീറ്റ് നൽകുന്നതിലെ പ്രശ്‌നങ്ങൾ ഉമ്മൻ ചാണ്ടിയോട് സോണിയ വിശദീകരിച്ചു.

അനുരഞ്ജനങ്ങൾക്കൊന്നും വഴങ്ങാതെ, രാഹുൽ ഗാന്ധിയോടുപോലും എതിർത്തുനിന്ന് ഒടുവിൽ വിജയമാഘോഷിച്ച ഉമ്മൻ ചാണ്ടിക്കു ഹൈക്കമാൻഡിൽനിന്നുള്ള ആദ്യപ്രഹരമായി തൃക്കാക്കര സംബന്ധിച്ച തീരുമാനം. ഉമ്മൻ ചാണ്ടിക്കു മുന്നിൽ പൂർണമായി കീഴടങ്ങിയെന്ന പ്രതീതി ഭാവിയിൽ ഗുരുതരപ്രത്യാഘാതത്തിനിടയാക്കുമെന്ന ആശങ്കയും ഹൈക്കമാൻഡ് നീക്കത്തിനു പിന്നിലുണ്ട്. ഹൈക്കമാൻഡ് നേരിട്ടു നിയോഗിച്ച കെപിസിസി. അധ്യക്ഷൻ വി എം. സുധീരന്റെ നിലപാടുകൾ ഉമ്മൻ ചാണ്ടിയുടെ വാശിക്കുമുന്നിൽ നിഷ്പ്രഭമായതും തൃക്കാക്കരയിലെ നടപടി അനിവാര്യമാക്കി. ഇതിനൊപ്പമാണ് പ്രതാപന്റെ കത്ത് വിവാദം. മന്ത്രിമാരായ അടൂർ പ്രകാശിനെയും കെ. ബാബുവിനെയും കെ.സി. ജോസഫിനെയുമാണു സുധീരൻ ലക്ഷ്യമിട്ടതെങ്കിലും ഉമ്മൻ ചാണ്ടി ഇടപെട്ട് സംരക്ഷിക്കുകയായിരുന്നു. ഇതിനിടെയാണ് ആദർശ രാഷ്ട്രീയ പ്രതിച്ഛായ തകർക്കാൻ കത്ത് വിവാദം എത്തുന്നത്. തെരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ തന്നെ യുവാക്കൾക്ക് അവസരം ഒരുക്കാനായി മത്സരത്തിൽ നിന്ന് മാറുന്നതായി പ്രതാപന്റെ പ്രഖ്യാപിച്ചിരുന്നു.

ഇതുയർത്തിയാണ് കെസി ജോസഫിനെ പോലുള്ളവരെ ഒതുക്കാൻ സുധീരൻ നീക്കം തുടങ്ങിയത്. ഇതു കൊണ്ട് കൂടിയാണ് പ്രതാപൻ മത്സരിക്കാൻ രഹസ്യ നീക്കം നടത്തിയതെന്ന ആരോപണത്തിന് മാദ്ധ്യമ ശ്രദ്ധ കൂടുതൽ കിട്ടിയത്. ആദർശം പറയുന്ന പ്രതപാനും സുധീരനുമെല്ലാം അധികാരമോഹികളാണെന്ന് വരുത്തുന്ന തരത്തിലാണ് ചർച്ചകൾ എ ഗ്രൂപ്പ് കൊണ്ട് പോയതും. അതുകൊണ്ട് തന്നെ പ്രതാപന്റെ നിരപാരിധിത്വം തെളിയിക്കാൻ സുധീരൻ മുന്നിട്ടു നിന്നു. രാഹുൽ ഗാന്ധിയുടെ പേരിൽ നടന്ന കള്ളപ്രചരണമായി ഇതിനെ ഉയർത്തിക്കാട്ടുകയും ചെയ്തു. ഇതിന്റെ ഫലമായി ബെന്നി ബെഹന്നാന് വില്ലൻ പരിവേഷം നൽകാൻ സുധീരപക്ഷത്തെ സഹായിക്കുകയും ചെയ്തു. ഇതിനെ പ്രതിരോധിക്കാൻ തന്ത്രശാലിയായ ഉമ്മൻ ചാണ്ടിക്ക് പോലും ആയില്ല. അങ്ങനെ ബെന്നി ബെഹന്നാൻ സ്ഥാനാർത്ഥി പട്ടികയിൽ നിന്നും പുറത്തായി.

ബെന്നിയെ നീക്കാനുള്ള തീരുമാനമറിഞ്ഞ് ഉമ്മൻ ചാണ്ടി ഉടക്കിയെങ്കിലും ഇക്കുറി ഹൈക്കമാൻഡ് ഉറച്ചുനിന്നു. സമവായനീക്കവുമായി രമേശ് ചെന്നിത്തലയും ഇടപെട്ടതോടെ ഉമ്മൻ ചാണ്ടിക്കു മറ്റു വഴിയില്ലാതായി. തൃക്കാക്കരയിൽ ബെന്നിക്കു പകരം സ്ഥാനാർത്ഥിയാകുന്ന പി.ടി. തോമസ് എ ഗ്രൂപ്പിന്റെ ശക്തനായ വക്താവായിരുന്നു. എന്നാൽ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനേത്തുടർന്ന് പിൻവാങ്ങിനിൽക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണു സുധീരൻ തൃക്കാക്കരയിൽ അദ്ദേഹത്തെത്തന്നെ നിർദ്ദേശിച്ചത്. പ്രതാപൻ പിൻവാതിൽ വഴി സീറ്റ് സംഘടിപ്പിക്കാൻ ശ്രമിച്ചെന്നാണ് ആക്ഷേപമാണ് എ ഗ്രൂപ്പ് ഉന്നയിച്ചത്. കൈപ്പമംഗലം സീറ്റിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ഇമെയിൽ അയച്ചെന്നാണ് ആരോപണം. സ്‌ക്രീനിങ് കമ്മറ്റി യോഗത്തിൽ രാഹുൽ പ്രതാപന്റെ കത്ത് കേരള നേതാക്കളെ കാണിച്ചതായി വാർത്ത പുറത്തുവന്നു.

ഇതോടെ പ്രതാപന്റെ ആദർശ പൊയ്മുഖം അഴിഞ്ഞുവീണെന്ന് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഡീൻകുര്യാക്കോസ് വിമർശിച്ചു. കോൺഗ്രസിലെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്കിടെ പ്രതാപനെ ഡൽഹിക്ക് വിളിപ്പിച്ചതോടെ വീണ്ടും അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം ചർച്ചയായി. രാഹുൽ ഗാന്ധിയുടെ അഭ്യർത്ഥന മാനിച്ച് കൈപ്പമംഗലം സീറ്റിൽ മത്സരിക്കുകയാണെന്നും പ്രതാപൻ അറിയിച്ചു. ഇതിനിടെയാണ് സീറ്റ് ചോദിച്ചു വാങ്ങിയതാണെന്ന വാർത്തകൾ വന്നത്. മൽസരിക്കാനില്ലെന്നും സംഘടനാ പ്രവർത്തനം നടത്താനാണ് താൽപര്യമെന്നും പറഞ്ഞ തന്നെ രാഹുൽ ഗാന്ധിയാണ് മൽസരിക്കാൻ നിർബന്ധിച്ചതെന്നായിരുന്നു പ്രതാപൻ പ്രതികരിച്ചത്. കത്തിന്റെ പേരിലുള്ള കള്ളപ്രചാരണത്തിനും യൂത്ത് കോൺഗ്രസ് പ്രസിഡന്റിനെക്കൊണ്ട് പ്രസ്താവന കൊടുപ്പിച്ചതിനും പിന്നിൽ ആരാണെന്നതിനെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടെന്ന് പ്രതാപനും പിന്നീട് പ്രതികരിച്ചു.

പിതൃശൂന്യമായ വാർത്തയായിരുന്നു ആദ്യം വന്നത്. പിന്നാലെ പിതൃത്വമുള്ള പ്രസ്താവനകൾ വന്നു. വരികൾക്കിടയിൽ വായിക്കുന്നവർക്ക് എല്ലാം മനസിലാക്കാൻ കഴിയും. ഈ കത്തിന് പുറകിൽ ആരുടെയെങ്കിലും ഗൂഢാലോചന ഇല്ലാതിരിക്കാൻ സാധ്യതയില്ല. എന്നെ പോലുള്ള ആളുകൾ ഇത്തരമൊരു വിവാദമുണ്ടായാൽ പിന്തിരിയുമെന്ന് അവർക്കറിയാം. അവരുടെ ബുദ്ധിപരമായ പ്ലാനിങ് ഈ കത്തിന് പുറകിലുണ്ടാകാം. പക്ഷേ ഇതുകൊണ്ടൊന്നും വി എം. സുധീരന്റെ നിലപാടുകളെയും തിന്മകൾക്കെതിരായ സുധീരന്റെ പോരാട്ടത്തെയും ചെറുതാക്കാനോ പിന്തിരിപ്പിക്കാനോ കഴിയില്ലെന്നായിരുന്നു പ്രതാപന്റെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP