Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

'ആനയെ കൊടുത്താലും ആശ കൊടുക്കരുത്' എന്നു പറഞ്ഞ് മോദിയെയും അമിത്ഷായെയും വിമർശിച്ച് ബിഡിജെഎസ് ജനറൽ സെക്രട്ടറി ടിവി ബാബു; ബിജെപി ബാന്ധവം ഗുണം ചെയ്തില്ലെന്നും സ്ഥാനമാനങ്ങൾ നൽകാതെ കബളിപ്പിച്ചെന്നും വികാരം തുഷാറിന്റെ പാർട്ടിയിൽ ശക്തം; എൻഡിഎ മുന്നണിയിൽ എങ്കിലും അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും സിപിഎമ്മിന് രഹസ്യ പിന്തുണ; തന്ത്രം വിജയിച്ചാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ മുന്നണി വിട്ട് ഇടതുമുന്നണിയിൽ ചേക്കേറാൻ അണിയറ നീക്കങ്ങൾ സജീവമാക്കി ബിഡിജെഎസ്

'ആനയെ കൊടുത്താലും ആശ കൊടുക്കരുത്' എന്നു പറഞ്ഞ് മോദിയെയും അമിത്ഷായെയും വിമർശിച്ച് ബിഡിജെഎസ് ജനറൽ സെക്രട്ടറി ടിവി ബാബു; ബിജെപി ബാന്ധവം ഗുണം ചെയ്തില്ലെന്നും സ്ഥാനമാനങ്ങൾ നൽകാതെ കബളിപ്പിച്ചെന്നും വികാരം തുഷാറിന്റെ പാർട്ടിയിൽ ശക്തം; എൻഡിഎ മുന്നണിയിൽ എങ്കിലും അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും സിപിഎമ്മിന് രഹസ്യ പിന്തുണ; തന്ത്രം വിജയിച്ചാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ മുന്നണി വിട്ട് ഇടതുമുന്നണിയിൽ ചേക്കേറാൻ അണിയറ നീക്കങ്ങൾ സജീവമാക്കി ബിഡിജെഎസ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിൽ വോട്ടുകച്ചവടവുമായി നടന്ന ബിജെപിയെ നിയമസഭയിലേക്ക് വിജയിപ്പിക്കാൻ കെൽപ്പുള്ള പാർട്ടിയായി മാറ്റിയതിൽ ബിഡിജെഎസ് എന്ന പുത്തൻ രാഷ്ട്രീയപാർട്ടിയുടെ പങ്ക് കാര്യമായി തന്നെയുണ്ട്. ഒ രാജഗോപാലാൽ നേമത്തു നിന്നും വിജയിക്കാൻ കാരണവും മറ്റിടങ്ങളിലെ ബിജെപിയുടെ കുതിപ്പിനും വക നൽകിയത് ബിഡിജെഎസ് സാന്നിധ്യമായിരുന്നു. ഏറ്റവും ഒടുവിൽ പാലയിൽ മാണി സി കാപ്പനെ വിജയിപ്പിക്കാൻ ഇടയാക്കിയത് ബിഡിജെഎസ് നിലപാടായിരുന്നു. പാല ഉപതിരഞ്ഞെടുപ്പോടെ ബിഡിജെഎസ് എങ്ങോട്ട് എന്ന ചോദ്യം ഉയർന്നിട്ടുണ്ട്. ഇടതുമുന്നണിയോട് ചേർന്നു നിന്ന് അവർക്ക് പിന്തുണ നൽകുന്ന നിലപാടാണ് ഈ ഉപതിരഞ്ഞെടുപ്പിലും ബിഡിജെഎസ് സ്വീകരിക്കുന്നത്. ഇതോടെ എൻഡിഎ മുന്നണി വിടാൻ തുഷാറും കൂട്ടരും ഒരുങ്ങുന്നുവെന്നാണ് രാഷ്ട്രീയ സൂചനകൾ.

ബിജെപിയുമായി ചേർന്നിട്ട് അഞ്ചര വർഷം പിന്നിട്ടിട്ടും ബിജെപി നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ തയ്യാറാകുന്നില്ലെന്നാണ് പ്രധാന ആക്ഷേപം. ഇതിലെ അതൃപ്തി ബിഡിജെഎസ് പരസ്യമാക്കുകയും ചെയ്യുന്നുണ്ട്. അഞ്ചു നിയമസഭ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ, ബിജെപിയെ വിമർശിച്ച് ബിഡിജെഎസ് ജനറൽ സെക്രട്ടറി ടിവി ബാബു ഫേസ്‌ബുക്കിൽ കുറിച്ച വരികൾ സജീവ ചർച്ചയാകുന്നുണ്ട്. ആനയെ കൊടുത്താലും ആശ കൊടുക്കരുത് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെയും ടി വി ബാബു ഓർമ്മപ്പെടുത്തിയത്.

ബിഡിജെഎസിന്റെ ശക്തി അളക്കുവാൻ ഈ ഉപതെരഞ്ഞെടുപ്പുകൾ ധാരാളമെന്ന് ടി വി ബാബു ഫേസ്‌ബുക്കിൽ കുറിച്ചു. 'നിലപാടുകൾ തുറന്നു പറയും, ധീരമായി മുന്നേറും.ആർക്കും ഭാരവും ബാദ്ധ്യതയുമാകാതെ രാഷ്ട്രീയ മുന്നേറ്റത്തിന് കേരളത്തിൽ ധാരാളം ഇടമുണ്ട്.ദരിദ്ര ജനതക്ക് അധികാര അവസരങ്ങൾ പങ്കിടാൻ മൂന്നു മുന്നണികളും തയ്യാറല്ല. ബി ഡി ജെ എസിനു മുന്നിൽ മൂന്നു മുന്നണിയും ഒരു പോലെയാണ്. അവരുടെ ദാസ്യവേലക്ക് ഇരന്നു നിൽക്കണമെന്ന ഭാവത്തെ ഭേദിക്കുകയാണ് ഞങ്ങളുടെ മൗലികമായ ചുമതല. അതിനു വൈകിയത് ഞങ്ങളുടെ മാത്രം കുറ്റമാണ്. ബിഡിജെഎസ് സ്വന്തം അനുഭവത്തിലൂടെ പഠിച്ചു കൊണ്ടിരിക്കുന്നു.' - ടി വി ബാബു കുറിച്ചു.

നേരത്തെ, ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരൂർ നിയമസഭ സീറ്റ് ബിഡിജെഎസിന് മാറ്റിവെയ്ക്കാൻ ബിജെപി തീരുമാനിച്ചിരുന്നു. എന്നാൽ ബോർഡ്, കോർപ്പറേഷൻ ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ ഇതുവരെ പാലിക്കാത്തതിൽ പ്രതിഷേധിച്ച് മത്സരിക്കേണ്ടെന്ന് ബിഡിജെഎസ് തീരുമാനിക്കുകയായിരുന്നു. എന്നാൽ പ്രചാരണത്തിൽ എൻഡിഎയുടെ ഭാഗമായി പ്രവർത്തിക്കുമെന്നും ബിഡിജെഎസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഇവിടെ പ്രചരണ രംഗത്ത് അടക്കം ബിഡിജെഎസ് അത്രകണ്ട് സജീവമല്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതെ പിണക്കം മാറില്ലെന്ന ബിഡിജെഎസിന്റെ സന്ദേശം കേന്ദ്ര നേതൃത്വം തള്ളിയിട്ടുണ്ട്. മുന്നണി വിടുന്നെങ്കിൽ വിടട്ടെയെന്ന നിലപാടിലാണ് ബിജെപി കേന്ദ്ര നേതാക്കൾ. സ്ഥാനങ്ങൾ ലഭിച്ചില്ലെന്നു ബിഡിജെഎസ് നേതൃത്വം പറയുമ്പോൾ, അവരുമായുള്ള ബന്ധം ഗുണം ചെയ്തില്ലെന്നു ബിജെപി സംസ്ഥാന നേതൃത്വവും പറയുന്നു. ഇതോടെ വെള്ളാപ്പള്ളിയും തുഷാറും തങ്ങളുടെ നിലപാട് വ്യക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്. ബിഡിജെഎസ് ഇല്ലാതെ കേരളത്തിൽ തെരഞ്ഞെടുപ്പിൽ മുന്നേറ്റം ഉണ്ടാക്കാൻ ബിജെപിക്ക് സാധിക്കില്ലെന്ന് വരുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

ബിഡിജെഎസ്, എസ്എൻഡിപി വോട്ടുകൾ അരൂരിൽ അടക്കം ഇടതുമുന്നണിക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഗ്ദാനം ചെയ്ത സ്ഥാനങ്ങൾ ലഭിച്ചില്ലെങ്കിൽ പ്രചാരണത്തിൽ സജീവമാകില്ലെന്നായിരുന്നു ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് സമയത്തെ ബിഡിജെഎസ് നിലപാട്. അന്ന് ചെങ്ങന്നൂരിൽ ഇടതു മുന്നണി വിജയിച്ചു. പിന്നീട് പാലയിലും വിജയം കൊയ്തു. മറ്റു പാർട്ടികൾ പ്രചാരണത്തിൽ മുന്നേറിയിട്ടും ബിഡിജെഎസ് നിലപാട് വ്യക്തമാക്കാത്തതിനെത്തുടർന്ന് അവരെ ഒഴിവാക്കി കൺവൻഷനുകൾ വിളിക്കാൻ ബിജെപി തീരുമാനിച്ചു. ഭീഷണിക്ക് വഴങ്ങി സ്ഥാനങ്ങൾ നൽകേണ്ടതില്ലെന്നായിരുന്നു കേന്ദ്ര തീരുമാനവും. അന്നു മത്സരത്തിൽ മൂന്നാം സ്ഥാനത്തായ പി.എസ്.ശ്രീധരൻപിള്ളയ്ക്ക് കിട്ടിയത് 35,270 വോട്ടായിരുന്നു.

2016ലെ തിരഞ്ഞെടുപ്പിൽ ലഭിച്ചത് 42,682 വോട്ട്. 7,412 വോട്ടു കുറഞ്ഞതു ബിഡിജെഎസിന്റെ നിസ്സഹകരണം കാരണം തന്നെയായിരുന്നു. തർക്കങ്ങൾ പരിഹിക്കുന്നതിന്റെ ഭാഗമായി ചെറിയൊരു സ്ഥാനവും ബിഡിജെഎസിന് കേന്ദ്രം നൽകിയിരുന്നു. സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനമാണ് ബിഡിജെഎസിനു നൽകിയത്. എന്നാൽ അന്ന് അതിന് ശേഷം കാര്യമായ സ്ഥാനമാനങ്ങൾ ലഭിച്ചില്ല. ഇതോടെ ബിഡിജെഎസ് ഉടക്കുമായി നീങ്ങി. ഇതിനിടെയാണ് ശബരിമല വിഷയം കേരളത്തിൽ സജീവമായി ചർച്ചയാകുന്നത്. ഇതോടെ, സർക്കാർ വെള്ളാപ്പള്ളിയുമായി കൂട്ടുകൂടി. എന്നാൽ, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഎം തിരിച്ചടി നേരിട്ടു.

ഇപ്പോഴത്തെ നിലയിൽ അരൂരിൽ ബിഡിജെഎസ് കണ്ണുവെക്കുന്നത് ഇടതു മുന്നണിയിലേക്കാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ എൽഡിഎഫിൽ സാധ്യത തേടുകയാണ് തുഷാറും സംഘവും. വെള്ളാപ്പള്ളിയുടെ നിലപാട് തന്നെയാണ് ഇതിൽ പ്രധാനമായത്. അരൂരിൽ ബിജെപി സ്ഥാനാർത്ഥിയുടെ പത്രികാ സമർപ്പണത്തിനു ബിഡിജെഎസ് നേതാക്കൾ എത്തിയെങ്കിലും പ്രചാരണത്തിൽ സജീവമല്ലെന്ന ആക്ഷേപം പ്രാദേശിക നേതൃത്വം ഉയർത്തുന്നു. തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപു ബിഡിജെഎസിനെ എൽഡിഎഫിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങൾ സിപിഎം ആരംഭിച്ചതായി പാർട്ടി കരുതുന്നു.

എസ്എൻഡിപി നേതൃത്വവുമായി സിപിഎം കൂടുതൽ അടുക്കുന്നതും വെള്ളാപ്പള്ളി നടേശന്റെ സിപിഎം അനുകൂല പ്രസ്താവനകളും ഇതിന്റെ ഭാഗമാണെന്നു നേതൃത്വം ചൂണ്ടിക്കാട്ടുന്നു. ഈഴവ സമുദായത്തിനു സ്വാധീനമുള്ള അരൂരിൽ ബിഡിജെഎസിനെയും എസ്എൻഡിപിയെയും സമ്മർദത്തിലാക്കാനാണ് ആ വിഭാഗത്തിൽനിന്നുള്ള പ്രകാശ് ബാബുവിനെ ബിജെപി സ്ഥാനാർത്ഥിയാക്കിയത്. ബിജെപിയുമായി ഭിന്നത ഉണ്ടെങ്കിലും മുന്നണി വിടുന്നതിനോടു ബിഡിജെഎസിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ബിജെപി ബന്ധം ഉപേക്ഷിച്ചാൽ എങ്ങോട്ടുപോകും എന്നതിനെ സംബന്ധിച്ചാണു തർക്കം. ഇടതുമുന്നണി വാതിൽ തുറന്നാൽ അവിടേക്ക് പോകാം എന്നു തന്നെയാണ് പാർട്ടിയുടെ നോട്ടം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP