Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വി എം സുധീരനേയും ടി എൻ പ്രതാപനേയും വധിക്കാൻ ബാറുടമകൾ ഗൂഢാലോചന നടത്തി; കെ എം മാണിക്കെതിരെ തെളിവുണ്ടാക്കാൻ ചോദ്യം ചെയ്യലിനു മുമ്പു സാക്ഷികൾക്കു രേഖകൾ കൈമാറി; ബാർ കോഴ വിവാദത്തിന്റെ മുനയൊടിച്ചു ശങ്കർ റെഡ്ഡിയുടെ റിപ്പോർട്ട്

വി എം സുധീരനേയും ടി എൻ പ്രതാപനേയും വധിക്കാൻ ബാറുടമകൾ ഗൂഢാലോചന നടത്തി; കെ എം മാണിക്കെതിരെ തെളിവുണ്ടാക്കാൻ ചോദ്യം ചെയ്യലിനു മുമ്പു സാക്ഷികൾക്കു രേഖകൾ കൈമാറി; ബാർ കോഴ വിവാദത്തിന്റെ മുനയൊടിച്ചു ശങ്കർ റെഡ്ഡിയുടെ റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബാർ കോഴയിൽ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളുടെ മുനയൊടിക്കാൻ വിജിലൻസ് ഡയറക്ടർ ശങ്കർ റെഡ്ഡിയുടെ റിപ്പോർട്ട്. നിയമസഭയിൽ വിഷയം ചർച്ചയാകുന്നതിന് മുമ്പ് പ്രതിരോധം തീർക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കുള്ളതെല്ലാം റിപ്പോർട്ടിലുണ്ട്. എന്നാൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതിക്കൂട്ടിലുമാകും. ബാർ കോഴയിലെ കള്ളത്തരം പൊളിക്കാൻ ഇത്രയേറെ തെളിവുണ്ടായിട്ടും കെ എം മാണിയ്‌ക്കെതിരെ എഫ്‌ഐആർ ഇട്ട് പ്രശ്‌നം വഷളാക്കിയത് ചെന്നിത്തലയാണെന്നാണ് ആക്ഷേപം. ഇക്കാര്യം മുന്നണിയിൽ സജീവ ചർച്ചയാക്കാൻ കേരളാ കോൺഗ്രസ് ആഗ്രഹിക്കുന്നു. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് മുന്നിൽ എ വിഭാഗവും പരാതിയുമായെത്തും. ബാർ കോഴയിലെ ഗൂഢാലോചനയുടെ വിശദാംശങ്ങൾ രാഹുലിനെ അറിയിക്കും.

ബാർ കോഴയിൽ ശങ്കർ റെഡ്ഡിയുടെ റിപ്പോർട്ട് സർക്കാരിന് കൈമാറിയിട്ടുണ്ട്. ബാർ കോഴക്കേസ് അന്വേഷിച്ച എസ് പി സുകേശനെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ് ഇത്. നാല് മന്ത്രിമാരെ ബാർ കോഴക്കേസിൽ കുടുക്കാൻ ശ്രമിച്ചെന്നതിനു പുറമേ കെ.എം. മാണിക്കെതിരെ വ്യാജ തെളിവുണ്ടാക്കാനും എസ്‌പി ആർ. സുകേശൻ ശ്രമിച്ചെന്ന് വിജിലൻസ് ഡയറക്ടർ എൻ. ശങ്കർ റെഡ്ഡി സർക്കാരിന് റിപ്പോർട്ട് നൽകി. ബിജു രമേശ് നൽകിയ ഓഡിയോ തെളിവുകൾ വിശകരലനം ചെയ്താണ് നിഗമനത്തിൽ എത്തിയത്. വി എം. സുധീരനെയും ടി.എൻ. പ്രതാപനെയും തട്ടിക്കളയണമെന്നും ബാറുടമകൾ പറയുന്നതായി സി.ഡിയിലുണ്ട്. സി.ഡിയിലെ ഉള്ളടക്കം 120 പേജുള്ള റിപ്പോർട്ടാക്കി ശങ്കർ റെഡ്ഡി സർക്കാരിന് കൈമാറി. കുറ്റകരമായ പെരുമാറ്റദൂഷ്യം സുകേശൻ കാട്ടിയെന്നാണ് കണ്ടെത്തൽ. സുധീരനേയും പ്രതാപനേയും വധിക്കാൻ ശ്രമം നടത്തിയതിന്റെ പേരിൽ ബാറുടമകൾക്ക് എതിരെ പുതിയ കേസ് എടുക്കാനും ആലോചനയുണ്ട്.

ബാർ കോഴയിൽ സുകേശന്റെ കണ്ടെത്തെലുകളെല്ലാം കൃത്രിമമാണെന്നാണ് ശങ്കർ റെഡ്ഡിയുടെ പക്ഷം. ഡ്രൈവർ അമ്പിളി പണം കൈമാറിയെന്ന് മാത്രം പറഞ്ഞാൽ പോരെന്നും ബാറുടമകളായ ചൈനാ സുനിലിന്റെയും യമഹാ സുരേന്ദ്രന്റെയും കാൾ രേഖകളുടെ അടിസ്ഥാനത്തിൽ ശക്തമായ മൊഴി നൽകണമെന്നും സുകേശൻ ആവശ്യപ്പെട്ടതായി ബിജുരമേശ് ബാറുടമകളുടെ യോഗത്തിൽ വെളിപ്പെടുത്തുന്നുണ്ട്. അമ്പിളിയെ ചോദ്യംചെയ്യും മുൻപേ ഇരുവരുടെയും കാൾ ഡീറ്റെയ്ൽ റെക്കാഡ് (സി.ഡി.ആർ) സുകേശൻ സംഘടിപ്പിച്ചെന്നും ഇതുപ്രകാരം അമ്പിളിയെക്കൊണ്ട് മൊഴി നൽകിച്ചെന്നും ശങ്കർ റെഡ്ഡി പറയുന്നു. അമ്പിളിയുടെ മൊഴിയനുസരിച്ച് മാണിക്കെതിരായ വസ്തുതാ റിപ്പോർട്ട് രൂപപ്പെടുത്തുകയായിരുന്നുവെന്ന കണ്ടെത്തലുമുണ്ട്. ഇതെല്ലാം ആഭ്യന്തര മന്ത്രിയുടെ ഇടപെടൽ ഇല്ലാതെ നടക്കുമോ എന്നാണ് മാണിയും എ ഗ്രൂപ്പും ചോദിക്കുന്നത്. ഇത് തന്നെയാണ് അവർ ചർച്ചയാക്കാൻ ആഗ്രഹിക്കുന്നതും.

മാണിക്കെതിരെ എഫ്.ഐ.ആറിനെച്ചൊല്ലി വിജിലൻസിൽ കടുത്ത ആശയക്കുഴപ്പമായിരുന്നു. മാണിക്ക് നൽകിയത് തെരഞ്ഞെടുപ്പ് ഫണ്ടാണെന്നും കേസെടുക്കേണ്ട ആവശ്യമില്ലെന്നും അഡി. ഡയറക്ടർ ഒഫ് പ്രോസിക്യൂഷൻ ജി. ശശീന്ദ്രൻ നിയമോപദേശം നൽകിയിരുന്നു. കേസെടുക്കുന്നത് ഒരു ദിവസം വൈകിപ്പിക്കാൻ പ്രോസിക്യൂഷൻ ഡയറക്ടറുടെ ആവശ്യപ്രകാരം മുഖ്യമന്ത്രി വിജിലൻസ് ഡയറക്ടറായിരുന്ന വിൻസൺ എം. പോളിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജേക്കബ് തോമസ്, സുകേശൻ എന്നിവർ ലീഗൽ അഡ്വൈസറുടേതടക്കം ഉപദേശം വാങ്ങി അർദ്ധരാത്രിയിൽ തന്നെ മാണിക്കെതിരെ കേസെടുത്തു. കേസെടുക്കാൻ സുകേശന് നിർദ്ദേശം നൽകിക്കഴിഞ്ഞെന്നായിരുന്നു വിൻസൺ പോൾ മുഖ്യമന്ത്രിയെ അറിയിച്ചത്. ഇക്കാര്യവും സുകേശൻ ചോർത്തി നൽകി. ഇതിനെല്ലാം പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ടായിരുന്നുവെന്നാണ് ശങ്കർ റെഡ്ഡിയുടെ വിലയിരുത്തൽ.

കെ.എം. മാണിയെ പ്രോസിക്യൂട്ട് ചെയ്യാൻ അറുപതു ശതമാനം തെളിവുണ്ടെന്ന് സുകേശൻ നൽകിയ വസ്തുതാവിവര റിപ്പോർട്ട് അബദ്ധങ്ങൾ നിറഞ്ഞതായിരുന്നുവെന്നും ശങ്കർറെഡ്ഡി വിശദീകരിക്കുന്നുണ്ട്. കാൾ രേഖകൾ എടുത്തെങ്കിലും വിശദമായി പരിശോധിച്ചില്ല. കോഴ കൈമാറിയ സമയത്തും അതിനു തലേന്നും ബാറുടമകൾ എവിടെയായിരുന്നുവെന്ന് പരിശോധിക്കാതെ മൊഴികൾ മാത്രം കണക്കിലെടുത്തു. തെറ്റുകൾ ഓരോന്നായി ചൂണ്ടിക്കാട്ടി സുകേശനെക്കൊണ്ടു തന്നെ തിരുത്തിച്ചു. ഇതിലെല്ലാം ഉപരി തെളിവുകൾ നേരത്തെ സംഘടിപ്പിച്ച് മാണിയെ കുടുക്കുന്ന തരത്തിൽ മൊഴിയുണ്ടാക്കിയെടുത്തുവെന്നും വിജിലൻസ് ഡയറക്ടർ പറയുന്നു. സുകേശിനെതിരെ നടപടി അനിവാര്യമാക്കുന്ന കണ്ടെത്തലുകളാണ് ശങ്കർ റെഡ്ഡി മുന്നോട്ട് വയ്ക്കുന്നത്.

കെ.എം. മാണിക്ക് നൽകാൻ പത്തുലക്ഷം രൂപ ബാർഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് രാജ്കുമാർ ഉണ്ണിക്ക് അമ്പിളി മുഖേന കൈമാറിയെന്നായിരുന്നു ബിജുവിന്റെ മൊഴി. യമഹാ സുരേന്ദ്രനെക്കൊണ്ടു കൂടി ഇത്തരമൊരു മൊഴി കൊടുപ്പിക്കാൻ ബിജു ശ്രമിച്ചു. ഇതിനു പിന്നിൽ സുകേശന്റെ ഉപദേശമാവണമെന്ന് ശങ്കർറെഡ്ഡി വിലയിരുത്തുന്നു. 2014 ഏപ്രിൽ രണ്ടിന് മാണിയുടെ ഔദ്യോഗികവസതിയിലെ ഇടപാടിന് തലേദിവസം ചൈനാ സുനിൽ, യമഹാ സുരേന്ദ്രൻ എന്നിവർ യാത്രചെയ്ത വഴികൾ സി.ഡി.ആർ പ്രകാരമാണ് മനസിലാക്കിയത്. അമ്പിളിയെ ദൃക്‌സാക്ഷിയാക്കാൻ സുകേശനാണ് കരുക്കൾ നീക്കിയതെന്നാണ് വിജിലൻസ് ഡയറക്ടറുടെ കണ്ടെത്തൽ. 2014 ഡിസംബർ ഒമ്പതിന് അർദ്ധരാത്രിയിൽ കെ.എം. മാണിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെങ്ങനെയാണെന്ന വിവരവും ബിജുവിന് സുകേശൻ ചോർത്തിനൽകിയെന്നാണ് ആരോപണം.

എല്ലാ അർത്ഥത്തിലും സുകേശൻ പ്രതിക്കൂട്ടിലാണ്. ബാർ കോഴയിൽ ബിജു രമേശ് നൽകിയ ഓഡിയോ സിഡി തെളിവായി എടുക്കാനാകില്ലെങ്കിലും അതിലെ വസ്തുതകൾ സർക്കാരിനെ ബോധ്യപ്പെടുത്തണം. അതാണ് ശങ്കർ റെഡ്ഡി ചെയ്തിരിക്കുന്നത്. നടപടികളെടുക്കേണ്ടത് സർക്കാരാണ്. ഗൂഢാലോചനയിൽ കേസ് എടുക്കേണ്ട സാഹചര്യം ഉണ്ടെന്നും വിജിലൻസ് വിലയിരുത്തുന്നു. ഇതെല്ലാം വരും ദിനങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP