Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമ്പിളി ആദ്യം മൊഴി നൽകിയത് പണവുമായി അകത്തേക്ക് കയറി പോകുന്നത് കണ്ടെന്ന്; കോഴ കൊടുക്കുന്നത് കാണാതെ സാക്ഷിയാക്കാൻ ആവില്ലെന്ന് വിജിലൻസ് ഉപദേശിച്ചപ്പോൾ മൊഴി മാറ്റിപ്പറഞ്ഞു; തന്നെ കുടുക്കാൻ ഉദ്യോഗസ്ഥർ കരുക്കൾ നീക്കിയെന്ന് ഉറച്ച് വിശ്വസിച്ച് കെ എം മാണി

അമ്പിളി ആദ്യം മൊഴി നൽകിയത് പണവുമായി അകത്തേക്ക് കയറി പോകുന്നത് കണ്ടെന്ന്; കോഴ കൊടുക്കുന്നത് കാണാതെ സാക്ഷിയാക്കാൻ ആവില്ലെന്ന് വിജിലൻസ് ഉപദേശിച്ചപ്പോൾ മൊഴി മാറ്റിപ്പറഞ്ഞു; തന്നെ കുടുക്കാൻ ഉദ്യോഗസ്ഥർ കരുക്കൾ നീക്കിയെന്ന് ഉറച്ച് വിശ്വസിച്ച് കെ എം മാണി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുഡിഎഫ് രാഷ്ട്രീയത്തെ പ്രകമ്പനം കൊള്ളിച്ച് ബാർകോഴ കേസിന്റെ അന്വേഷണത്തിന് ഒടുവിൽ എന്തുസംഭവിക്കും? മാണിയെ പ്രതിയാക്കി കുറ്റപത്രം വന്നാൽ ഉമ്മൻ ചാണ്ടി സർക്കാർ വീഴുമെന്ന സൂചന തന്നെയാണ് കേരളാ കോൺഗ്രസ് വൃത്തങ്ങൾ നൽകുന്നത്. ഏറ്റവും ഒടുവിൽ ബിജു രമേശിന്റെ ഡ്രൈവർ അമ്പിളിയുടെ നുണപരിശോധനാ ഫലവും രാഷ്ട്രീയ കേരളത്തെ ചൂടുപിടിപ്പിക്കുന്നു. നുണപരിശോധനാ ഫലത്തിന്റെ വിവരം മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നോൾ തനിക്കെതിരായ ഗൂഢാലോചന മറനീക്കി പുറത്തുവന്നുവെന്ന് ഉറപ്പിക്കുകയാണ് ധനമന്ത്രി കെ എം മാണി. എന്നാൽ ഗൂഢാലോചനയ്ക്ക് പിന്നിലാര് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം തേടാനും സാധിക്കുന്നില്ല. കേസ് അന്വേഷിക്കുന്ന വിജിലൻസ് ഉദ്യോഗസ്ഥരെയും വകുപ്പിന്റെ ചുമതലക്കാരനായ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയും പ്രതിക്കൂട്ടിൽ നിർത്തുകയാണ് കേരളാ കോൺഗ്രസ് വിഭാഗം.

അതേസമയം നുണപരിശോധനാ ഫലത്തെ മാത്രം അടിസ്ഥാനമാക്കി വിജിലൻസിന് മുന്നോട്ടു പോകാൻ സാധിക്കില്ലെന്നാണ് വ്യക്തമാകുന്നത്. വിജിലൻസ് സംഘത്തിന് മുമ്പാകെ മൊഴി നൽകിയപ്പോൾ അമ്പിളി ആദ്യം പറഞ്ഞത് രാജ്കുമാർ ഉണ്ണി പണവുമായി അകത്തേക്ക് കയറി പോകുന്നത് കണ്ടുവെന്നായിരുന്നു. എന്നാൽ കോഴ കൊടുക്കുന്നത് കാണാതെ സാക്ഷിയാക്കാൻ സാധിക്കില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞപ്പോൾ മൊഴി മാറ്റിപ്പറയുകയായിരുന്നു. തന്നെ കുടുക്കാൻ ഉദ്യോഗസ്ഥർ നീക്കിയ കരുനീക്കത്തിന്റെ ഭാഗമാണ് ഇങ്ങനെ സംഭവിച്ചു എന്ന് തന്നെയാണ്.

മാറ്റിപ്പറഞ്ഞ മൊഴിയുടെ അടിസ്ഥാനത്തിൽ തന്നെയാണ് നുണപരിശോധനക്ക് വിധേയനാകാൻ അമ്പിളി സമ്മതിച്ചതും. നുണപരിശോധനയുടെ ഫലത്തിൽ ഉൾപ്പെടുത്തിയ യെസ് ഓർ നോ ചോദ്യത്തിൽ മിക്കതിനും യേസ് എന്ന് വ്യക്തമാക്കുക കൂടി ചെയ്തതോടെ ശാസ്ത്രീയ പരിശോധനാ ഫലത്തിന് ആധികാരികതയും വരികയായിരുന്നു. ബാറുടമകളിൽ നിന്ന് പിരിച്ചെടുത്ത 35 ലക്ഷം രൂപ പ്ലാസ്റ്റിക് കവറുകളിലാക്കി ബാറുടമകളുടെ ഭാരവാഹി രാജ്കുമാർ ഉണ്ണി ധനമന്ത്രി കെ.എം. മാണിക്ക് കൈമാറിയതിന് താൻ സാക്ഷിയാണെന്ന ബിജു രമേശിന്റെ െ്രെഡവർ അമ്പിളിയുടെ മൊഴി ശരിയാണെന്നായിരുന്നു നുണ പരിശോധനയിൽ തെളിഞ്ഞത്.

കോഴ നൽകിയത് നേരിട്ടുകണ്ട ഏക സാക്ഷിയായ അമ്പിളിയെ പരാതിക്കാരന്റെ അനുകൂലസാക്ഷി (ഇന്ററസ്റ്റഡ് വിറ്റ്‌നസ്) എന്ന ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ വിമർശനം മറികടക്കാനാണ് അമ്പിളിയെ വിജിലൻസ് നുണപരിശോധനയ്ക്ക് വിധേയനാക്കിയത്. അതുകൊണ്ട് ഇതിനെ അടിസ്ഥാനമാക്കി മാണിയെ പ്രതിയാക്കിയാൽ അത് കേരളത്തിൽ ഏറെ വിവാദമാക്കുമെന്ന കാര്യം ഉറപ്പാണ്. എന്നാൽ നുണപരിശോധനാ ഫലത്തെ പൂർണ്ണമായും വിശ്വസിക്കാൻ സാധിക്കില്ലെന്ന സുപ്രീംകോടതി പരാമർശത്തിലാണ് മാണിയുടെ പ്രതീക്ഷ. നിലവിലെ സാഹചര്യ തെളിവുകളെ സാധൂകരിക്കുന്നതാണ് നുണപരിശോധനാ ഫലം.

ഏപ്രിൽ ഒന്ന്, രണ്ട് തീയതികളിൽ രാജ്കുമാർ ഉണ്ണിയുമൊത്ത് അമ്പിളി സഞ്ചരിച്ച വഴികളെല്ലാം സത്യമാണെന്ന് മൊബൈൽ ടവർ ലൊക്കേഷൻ പരിശോധനയിലൂടെ വിജിലൻസ് കണ്ടെത്തിയെന്നാണ് മാദ്ധ്യമ റിപ്പോർട്ടുകൾ. പഴവങ്ങാടിയിൽ ബാറുടമകളായ ഇന്ദ്രപാലൻ, ചൈനാ സുനിൽ എന്നിവരോട് അമ്പിളിയുടെ മൊഴിയിലുള്ള സമയത്ത് രാജ്കുമാർ സംസാരിച്ചിട്ടുണ്ട്. ഏപ്രിൽ ഒന്നിന് രാത്രി ഔദ്യോഗിക വസതിയിൽ വച്ച് പണം കൈമാറാനായിരുന്നു നിർദ്ദേശമെന്നും പാലായിൽ നിന്നെത്താൻ വൈകിയതിനാലാണ് ഇടപാട് അടുത്ത ദിവസത്തേക്ക് മാറ്റിയതെന്നും ബിജുരമേശിന്റെ മൊഴിയിലുണ്ട്. മാണിയുടെയും പേഴ്‌സണൽ സ്റ്റാഫംഗത്തിന്റെയും മൊബൈലിലേക്ക് രാജ്കുമാറിന്റെ വിളികൾ ഇതേ സമയത്തെത്തിയിട്ടുണ്ട്. ഏപ്രിൽ രണ്ടിന് പുലർച്ചെ അമ്പിളി കോട്ടയ്ക്കകത്തെ ഹോട്ടലിലെത്തിയതിനും അവിടെ നിന്ന് നന്ദൻകോട്ടേക്ക് സഞ്ചരിച്ചതിനും മൊബൈൽ ടവറുകളിൽ നിന്ന് തെളിവുകിട്ടിയെന്നാണ് മാദ്ധ്യമവാർത്തകൾ.

ഏപ്രിൽ രണ്ടിന് രാവിലെ ക്ലിഫ്ഹൗസിന്റെ പ്രധാന ഗേറ്റ് കടന്ന് കെ.എൽ ഒന്ന്ബി ബി 7878 എ എറ്റിയോസ് കാറിൽ അമ്പിളിയും രാജ്കുമാർ ഉണ്ണിയുമെത്തിയതിന് അവിടത്തെ രജിസ്റ്റർ തെളിവാണ്. എന്നാൽ ഈ പ്രദേശത്ത് നാല് മന്ത്രിമാർ താമസിക്കുന്നുണ്ടെന്ന കാര്യവും മാണി ചൂണ്ടിക്കാട്ടുന്നു. ഏപ്രിൽ രണ്ടിന് രാവിലെ രാജ്കുമാറിനെ ബന്ധുവായ ശ്രീവത്സന്റെ നന്ദൻകോട്ടെ വീട്ടിലേക്ക് കൊണ്ടുപോയി. രണ്ടു കവറുകളിലാക്കിയ 35 ലക്ഷം രൂപ ശ്രീവത്സനെ ഏല്പിച്ച ശേഷം മാണിയുടെ വസതിയിലേക്ക് പോയി അവിടെ മാണിക്ക് പണം കൊടുക്കുന്നത് കണ്ടുവെന്നാണ് വ്യക്തമാക്കുന്നത്.

ഏപ്രിൽ രണ്ടിന് രണ്ട് തവണ ക്ലിഫ് ഹൗസിലേക്ക് കാർ കൊണ്ടുപോയത് ഒരേ ഗേറ്റിൽ കൂടിയാണെന്നും ശ്രീവത്സന്റെ വീട്ടിൽ നിന്ന് കൊണ്ടുവന്ന പണം രാജ്കുമാർ ഉണ്ണിക്ക് കൈമാറിയെന്നതും സത്യം തന്നെയാണ്. പ്ലാസ്റ്റിക് ബാഗുകളിൽ പൊതിഞ്ഞ പണം മാണിക്ക് രാജ്കുമാർ ഉണ്ണി കൈമാറിയത് കണ്ടുവെന്നാണ് അമ്പിളി പറയുന്നത്. എന്നാൽ, ഒരു ഡ്രൈവറും മറ്റുള്ളവരും നോക്കി നിൽക്കേ മാണി പണം വാങ്ങുമോ എന്ന ചോദ്യാണ് മാണി വിഭാഗം ഉന്നയിക്കുന്നത്.

അതേസമയം ആഭ്യന്തരവകുപ്പിന് ഇരട്ട നീതിയാണെന്നും അദ്ദേഹം കേരള കോൺഗ്രസ് എമ്മിന്റെ മുഖപ്പത്രമായ 'പ്രതിച്ഛായ'ക്ക് നൽകിയ അഭിമുഖത്തിൽ കെ എം മാണി കുറ്റപ്പെടുത്തി. കോൺഗ്രസ് മന്ത്രിമാർക്കെതിരെയും ആരോപണം ഉയർന്നെങ്കിലും എഫ്.ഐ.ആർ ഇല്ല. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിലൂടെ ആഭ്യന്തരവകുപ്പ് തന്നോട് പക്ഷപാതപരമായി പെരുമാറി. ആഭ്യന്തരവകുപ്പ് ഒരേ വിഷയത്തിൽ രണ്ടുനിലപാടാണ് സ്വീകരിച്ചത്. കാമ്പില്ലാത്ത പരാതിയിൽ തനിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യരുതെന്ന അഭിപ്രായം മുഖ്യമന്ത്രിക്കും ഉണ്ടായിരുന്നു. യു.ഡി.എഫിലെ നേതാക്കൾക്കും ഇതേ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു.

ഗൂഢാലോചനക്ക് പിന്നിൽ പി.സി. ജോർജാണോയെന്ന് സംശയമുണ്ട്. പി.സി. ജോർജിന്റെ പുതിയ പ്രസ്താവനകളും നിലപാടുകളും ഇത് ശരിവെക്കുന്നുവെന്ന തോന്നൽ ജനങ്ങൾക്കുമുണ്ട്. ബാർ കോഴക്കേസിൽ പാർട്ടി നടത്തിയ അന്വേഷണ റിപ്പോർട്ട് രാഷ്ട്രീയ കാരണങ്ങളാൽ പുറത്തുവിടാൻ കഴിയില്ല. യു.ഡി.എഫിൽ ഒറ്റതിരിഞ്ഞ് ആക്രമിക്കപ്പെട്ടുവെന്ന തോന്നലില്ല. എന്നാൽ, ചിലർ അവസരം മുതലെടുത്തു. മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റുമൊക്കെ ബാർകോഴ ആരോപണം കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും മാണി പ്രതിച്ഛായക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP