Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോടതി നിലപാട് കടുപ്പിച്ചാൽ ബാർ കോഴയിൽ ബാബുവിന് രാജിവയ്‌ക്കേണ്ടി വരും; കതിരൂർ മനോജ് കേസിൽ ജയരാജനെ അറസ്റ്റ് ചെയ്താൽ സിപിഎമ്മും പ്രതിരോധത്തിൽ ആവും; തെരഞ്ഞെടുപ്പ് അടുക്കമുമ്പോൾ ഇരു മുന്നണികളും നേരിടേണ്ടി വരുന്നത് വമ്പൻ പ്രതിസന്ധി

കോടതി നിലപാട് കടുപ്പിച്ചാൽ ബാർ കോഴയിൽ ബാബുവിന് രാജിവയ്‌ക്കേണ്ടി വരും; കതിരൂർ മനോജ് കേസിൽ ജയരാജനെ അറസ്റ്റ് ചെയ്താൽ സിപിഎമ്മും പ്രതിരോധത്തിൽ ആവും; തെരഞ്ഞെടുപ്പ് അടുക്കമുമ്പോൾ ഇരു മുന്നണികളും നേരിടേണ്ടി വരുന്നത് വമ്പൻ പ്രതിസന്ധി

മറുനാടൻ മലയാളി ബ്യുറോ

തിരുവനന്തപുരം: ബാർകോഴയിൽ കോൺഗ്രസും കതിരൂർ മനോജ് വധ ശ്രമക്കേസിൽ സിപിഎമ്മും പ്രതിസന്ധിയിലാണ്. ബാർ കോഴയിൽ അഴിമതിയും കതിരൂർ കേസിൽ അക്രമ രാഷ്ട്രീയവും കേരളത്തിൽ വീണ്ടും ചർച്ചയാകും. ബാർ കോഴക്കേസിൽ ഹൈക്കോടതിയുടേയും തൃശൂർ വിജിലൻസ് കോടതിയുടേയും ഇടപെടലുകളാണ് യുഡിഎഫ് സർക്കാരിനെ വെട്ടിലാക്കുന്നത്.

എല്ലാം ധനമന്ത്രി സ്ഥാനത്ത് നിന്നുള്ള കെഎം മാണിയുടെ രാജിയോടെ തീർന്നുവെന്നായിരുന്നു വിലയിരുത്തൽ. ബാർ മുതലാളി ബിജു രമേശുമായി ഒത്തുതീർപ്പിലെത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വില്ലനായി കോടതി ഇടപെടലുകൾ വന്നത്. കതിരൂർ മനോജ് കേസിന്റെ ഗൂഢാലോചനയിൽ സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെ ഏത് നിമിഷവും സിബിഐ അറസ്റ്റ് ചെയ്‌തേയ്ക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ജയരാജനെ പോലൊരു നേതാവ് ജയിലിലാകുന്നത് സിപിഎമ്മിനും കടുത്ത പ്രതിസന്ധി സൃഷ്ടിക്കും. അതിലുപരി അക്രമ രാഷ്ട്രീയം വീണ്ടും ചർച്ചയാകും.

എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരായ അന്വേഷണത്തിൽ എന്തു നടപടി സ്വീകരിച്ചെന്ന് ഹൈക്കോടതി സർക്കാരിനോട് ആരാഞ്ഞതാണ് വെല്ലുവിളിയാകുന്നത്. കേരളാ കോൺഗ്രസ് നേതാവും ധനമന്ത്രിയുമായിരുന്ന കെഎം മാണിക്കും എക്‌സൈസ് മന്ത്രിക്കും ഒരേ കേസിൽ ഇരട്ടനീതിയെന്ന വാദം ശരിയവയ്ക്കുന്ന തരത്തിലാണ് കോടതി നിരീക്ഷണം. ലളിതകുമാരി കേസിലെ വിധി പ്രകാരം മന്ത്രിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാമായിരുന്നില്ലേയെന്ന് ചീഫ് ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് എ.എം.ഷെഫീഖ് എന്നിവരടങ്ങിയ ബെഞ്ചാണ് ആരാഞ്ഞത്. ബാർ കോഴക്കേസിനെ കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും കോടതി മേൽനോട്ടം വഹിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഒരുകൂട്ടം ഹർജികൾ പരിഗണിക്കവെയാണു കോടതി സർക്കാരിനെ വിമർശിച്ചത്.

ബാർ കോഴയിൽ എക്‌സൈസ് മന്ത്രി ബാബുവിനെതിരെ എഫ്‌ഐആർ എടുക്കാത്തതിലും ഹൈക്കോടതി വിമർശനം ഉന്നയിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും കോടതി ഉത്തരവിട്ടു. തെളിവുകളും ആരോപണങ്ങളും ഉണ്ടായിട്ടും എന്തുകൊണ്ട് എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരേ കേസെടുക്കാൻ വിജിലൻസ് തയാറായില്ലെന്നാണ് ഹൈക്കോടതിയുടെ ചോദ്യംു. അഡ്വക്കേറ്റ് ജനറലിന്റെ വാദങ്ങൾ തള്ളിയാണ് കോടതി ബാബുവിനെതിരായ കേസിന്റെ കാര്യത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകാൻ വിജിലൻസ് ഡയറക്ടർക്കു നിർദ്ദേശം നൽകിയത്.

ജയരാജനെ കുടുക്കുന്നത് സിബിഐയുടെ നിലപാടാണ്. കതിരൂർ മനോജിനെ കൊന്നത് ജയരാജന്റെ അറിവോടെയാണെന്ന് സിബിഐ പറയുന്നു. ഇതിനെ രാഷ്ട്രീയ ആക്ഷേപമായി സിപിഐ(എം) വിമർശിക്കും. എന്നാൽ ടിപി ചന്ദ്രശേഖരന്റെ കൊലയോടെ സിപിഎമ്മിനെതിരെ ആക്രമ രാഷ്ട്രീയത്തിന്റെ പേരിലുയർന്ന വികാരം വീണ്ടും ചർച്ചയാക്കാൻ ജയരാജന്റെ അറസ്്റ്റുണ്ടായാൽ കോൺഗ്രസ് ശ്രമിക്കും. ഇത് തന്നെയാകും ബിജെപിയും ഉയർത്തുക. എല്ലാത്തിനും പുറമേ ടിപിയുടെ കൊലക്കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആർഎംപിയും വാദമുയർത്തും. ഈ കേസിൽ സിബിഐ അന്വേഷണം വേണമെന്ന കെകെ രമയുടെ ആവശ്യം കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണ്. കൂടുതൽ സിപിഐ(എം) നേതാക്കളെ കേസിൽപ്പെടുത്തുകയെന്ന ലക്ഷ്യമാണ് ടിപി കേസിന് പിന്നിലുള്ളത്. ഇതും സിബിഐയുടെ കൈയിലെത്തിയാൽ സിപിഎമ്മിന്റെ പല മുതിർന്ന നേതാക്കളും സമ്മർദ്ദത്തിലാകും.

ബാർ കോഴയിൽ മന്ത്രിയെ കുറ്റവിമുക്തനാക്കുന്ന റിപ്പോർട്ടാണ് വിജിലൻസ് നൽകിയത്. അതാണ് കോടതി ചോദ്യം ചെയ്യുന്നത്. ജൂൺ ആറിന് വിജിലൻസ് ഡിവൈഎസ്‌പി നൽകിയ റിപ്പോർട്ട് സർക്കാർ സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്‌തോ? അതല്ല റിപ്പോർട്ട് വിജിലൻസ് കോടതിക്ക് കൈമാറുകയാണോ ചെയ്തതെന്നും ഹൈക്കോടതി ചോദിച്ചു. എന്നാൽ, ഇതിന് വ്യക്തമായ മറുപടി നൽകാൻ സർക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ കെ.പി.ദണ്ഡപാണിക്ക് കഴിഞ്ഞില്ല. ബാർ കേസുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ ഉള്ളതിനാലാണ് റിപ്പോർട്ട് സമർപ്പിക്കാൻ കാലതാമസം നേരിടുന്നതെന്ന് എ.ജി പറഞ്ഞു.

എ.ജിയുടെ മറുപടിയെ തുടർന്നാണ്, ബാബുവിനെതിരായ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ എന്തെല്ലാം നടപടികൾ സ്വീകരിച്ചു എന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം ഒരാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ ഡിവിഷൻ ബെഞ്ച് എ.ജിയോട് നിർദ്ദേശിച്ചത്. ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ ബാറുടമകളിൽ നിന്നു കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് കെ ബാബുവിനെതിരായ ആരോപണം. ഇക്കാര്യത്തിൽ നിരവധി ബാറുടമകൾ തെളിവു നൽകുകയും മന്ത്രി ഇടപെട്ടാണ് ബാർ ലൈസൻസ് ഫീസ് കുറച്ചതെന്നും തെളിവുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഈ റിപ്പോർട്ട് പരിഗണിച്ച ശേഷം എഫ്‌ഐആർ ഇടാൻ ഹൈക്കോടതി നിർദ്ദേശിച്ചാൽ ബാബുവിനും രാജിവയ്‌ക്കേണ്ടി വരും. ഇത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കനത്ത ക്ഷീണവുമാകും. മുഖ്യമന്ത്രിയുടെ അതിവിശ്വസ്തനെ ബാർ കോഴയിൽ പ്രതിയാക്കിയാൽ അഴിമതിയുടെ വാപ്തിയെ കുറിച്ച് വീണ്ടും ചർച്ചകൾ ഉയരും.

ബാറുകൾ പൂട്ടാനുള്ള സുപ്രീം കോടതി ഉത്തരവും സർക്കാരിന് വെല്ലുവിളിയാണ്. ഈ കേസിൽ ബാർ മുതലാളിമാർ മലക്കം മറിഞ്ഞാൽ ബാബുവിനെതിരെ കുരുക്ക് മുറുകുകയും ചെയ്യും. ആരോപണം ഉയർന്നപ്പോൾ വിജിലൻസ് മാനുവലിൽ ഇല്ലാത്ത പ്രാഥമികാന്വേഷണം നടത്തി ബാബുവിനെ രക്ഷിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തിയതെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. മന്ത്രി കെ എം മാണിക്കെതിരേ ത്വരിതാന്വേഷണം നടത്തിയപ്പോഴാണ് ബാബുവിനെ രക്ഷിക്കാൻ പ്രാഥമികാന്വേഷണം നൽകിയത്. എന്നാൽ ഈ അന്വേഷണത്തിന്റെ റിപ്പോർട്ട് കോടതിയിൽ വിജിലൻസ് ഹാജരാക്കിയിരുന്നതുമില്ല. കേസിൽ രണ്ടുനീതിയാണു നടക്കുന്നതെന്നു കേരള കോൺഗ്രസ് നേതാക്കളും ആരോപിച്ചിരുന്നു.

ഇപ്പോൾ കോടതി നടത്തിയ ഇടപെടൽ കെ ബാബുവിനെ രക്ഷിക്കാൻ സർക്കാർ നടത്തിയ ശ്രമങ്ങൾ പൊളിച്ചടുക്കുന്നതാണ്. ബാർ ഉടമകളിൽനിന്നു കൈക്കൂലി ചോദിച്ചെന്നതിനു വ്യക്തമായ തെളിവുകളിരിക്കേ ബാബുവിനെ രക്ഷിക്കാൻ നടത്തിയ ശ്രമങ്ങൾ ചോദ്യം ചെയ്യപ്പെടുന്നതായി വേണം ഇന്നത്തെ കോടതി നടപടിയെ നിരീക്ഷിക്കാൻ. ബാർ കോഴക്കേസുമായി ബന്ധപ്പെട്ട് ധനമന്ത്രിസ്ഥാനം നഷ്ടമായ കെ എം മാണി സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിനിടെ തൃശൂർ വിജിലൻസ് കോടതിയുടെ നിർദ്ദേശ പ്രകാരമുള്ള ത്വരിതാ അന്വേഷണം വിജിലൻസ് തുടങ്ങിയിട്ടുണ്ട്. കോടതിയിൽ നൽകിയ ഹർജിയിൽ ത്വരിതാന്വേഷണം വേണ്ടെന്ന നിലപാടാണ് സർക്കാർ എടുത്തത്. എന്നാൽ ത്വരിതാന്വേഷണം അനിവാര്യമാണെന്നായിരുന്നു കോടതിയുടെ നിർദ്ദേശം. ബാബുവിനേയും ബാർ ഉടമ ബിജു രമേശിനേയും പ്രതിയാക്കിയാണ് ത്വരിതാന്വേഷണം നടത്തുന്നത്.

ത്വരിതാന്വേഷണം നടത്തിയാൽ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കേണ്ടി വരും. ഈ സാഹചര്യത്തിൽ റിപ്പോർട്ടിനെ ചോദ്യം ചെയ്യാൻ ബന്ധപ്പെട്ട കക്ഷികൾക്ക് കഴിയും. ഇത് മുന്നിൽ കണ്ടാണ് എക്‌സൈസ് മന്ത്രിക്ക് എതിരെ പ്രാഥമിക പരിശോധന നടത്തിയത്. എന്നാൽ ലളിത കുമാരി കേസിലെ സുപ്രീംകോടതി വിധികാരണം ഇതിന് കഴിയില്ലെന്നതാണ് യാഥാർത്ഥ്യം. എന്നാൽ കോൺഗ്രസ് മന്ത്രിയെ രക്ഷിക്കാനായി വിജിലൻസ് കള്ളക്കളി നടത്തിയതാണ് പ്രാഥമിക പരിശോധനയെന്നാണ് ആക്ഷേപം. മാണിയുടെ കേസിൽ സീസറിന്റെ ഭാര്യ സംശയത്തിന് അതീതയാകണമെന്ന് തിരുവനന്തപുരം വിജിലൻസ് കോടതി നിരീക്ഷിച്ചിരുന്നു. തുടർന്നായിരുന്നു രാജി വച്ചത്. ഇത്തരം നിരീക്ഷണം വല്ലതും ബാബുവിന്റെ കാര്യത്തിലുണ്ടായാൽ മന്ത്രിസഭയാകെ പ്രതിസന്ധിയിലാകും. നിയമസഭാ തെരഞ്ഞെടുപ്പിലും ബാർ കോഴ ശക്തമായി തന്നെ പ്രതിപക്ഷം ഉന്നയിക്കും. വികസന മുദ്രാവാക്യം ഉമ്മൻ ചാണ്ടി ഉയർത്തിയത് അഴിമതിക്കാണെന്ന വാദമാകും ഇടതു പക്ഷവും ബിജെപിയും സജീവമാക്കുക. ഇതെല്ലാം കനത്ത വെല്ലുവിളിയായി യുഡിഎഫിന് മാറും.

സിപിഐ.(എം). ജില്ലാ സെക്രട്ടറി പി.ജയരാജന്റെ അറിവില്ലാതെ കതിരൂർ മനോജിന്റെ കൊലപാതകം നടക്കില്ലെന്നു സിബിഐ.സമർപ്പിച്ച കുറ്റപത്രത്തിൽ സൂചനയുണ്ട്. ഇതാണ് സിപിഎമ്മിനെ വെട്ടിലാക്കുന്നത്. ഏതു സമയവും അദ്ദേഹത്തെ അറസ്റ്റ് ചെയ്യാമെന്ന നിലപാടിലാണ് സിബിഐ.എന്നും അഭിപ്രായമുയർന്നിരുന്നു. സിബിഐ. ചോദ്യം ചെയ്തതു പ്രകാരം ചില രേഖകൾ ഹാജരാക്കണമെന്നും അവർ ജയരാജനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരേയും ജയരാജൻ അവ നൽകിയിട്ടില്ലെന്ന് സിബിഐ. വൃത്തങ്ങൾ പറയുന്നു. കയ്യിലില്ലാത്ത രേഖകൾ ഹാജരാക്കാനാണ് സിബിഐ. തന്നോട് ആവശ്യപ്പെട്ടിട്ടുള്ളതെന്നും ജയരാജനും പറയുന്നു. ഈ തെളിവുകൾ നൽകിയില്ലെങ്കിൽ ജയരാജനെ അറസ്റ്റ് ചെയ്യും.

ആർ.എസ്. എസ്. നേതാവായിരുന്ന കതിരൂർ മനോജ് 2014 സെപ്റ്റംബർ ഒന്നിനു രാവിലെയാണ് കൊല്ലപ്പെട്ടത്. വാനിൽ സഞ്ചരിക്കുകയായിരുന്ന മനോജിനെ ബോംബെറിഞ്ഞും വെട്ടിയും ഒരു സംഘം പേർ കൊലപ്പെടുത്തുകയായിരുന്നു. കേസിൽ 19 സിപിഐ.(എം). പ്രവർത്തകരെ പ്രതികളാക്കി സിബിഐ. ഭാഗിക കുറ്റപത്രം നേരത്തേ തന്നെ നൽകിയിരുന്നു. ഇതിലെ വിവരങ്ങളിലാണ് ജയരാജനുമായി ബന്ധപ്പെട്ട പരമാർശം ഉള്ളത്. ആവശ്യമെങ്കിൽ ജയരാജനെ കേസിൽ പ്രതിചേർക്കുമെന്നാണ് സൂചന. അതിനായാണ് ചോദ്യം ചെയ്യാനായി വിളിച്ചതും. എന്നാൽ രാഷ്ട്രീയകാരണങ്ങളാൽ കരുതലോടെ മാത്രമേ സിബിഐ തീരുമാനം എടുക്കൂ. കേസിൽ പ്രതിയാക്കിയാൽ ജയരാജനെ ശിക്ഷിക്കാനുള്ള പഴുതടച്ചുള്ള തെളിവുകൾ കണ്ടെത്തുകയാണ് സിബിഐ.

സിബിഐ, മനോജ് വധക്കേസിലെ ഗൂഢാലോചനയാണ് ഇപ്പോൾ അന്വേഷിച്ചു വരുന്നത്. നേരത്തെ പി.ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായിരുന്നു മനോജ്. ഇതിലുള്ള പ്രതികാരമാണ് കൊലപാതകത്തിനു കാരണമായതെന്ന് മുഖ്യപ്രതി വിക്രമൻ സിബിഐ. ക്ക് മൊഴി നൽകിയിട്ടുണ്ട്. വിക്രമനുമായി മനോജ് വധത്തിൽ അജ്ഞാതനായ ഒരാൾ ഗൂഢാലോചന നടത്തിയിരുന്നുവെന്ന് കോടതിയിൽ സിബിഐ.യും മൊഴിനൽകിയട്ടുണ്ട്. ഈ ഗൂഢാലോചന നടത്തിയ ആളെ കണ്ടെത്താനുള്ള ശ്രമമാണ് സിബിഐ. നടത്തുന്നത്. പ്രധാന പ്രതിയായ വിക്രമനെ സിപിഐ.(എം). പയ്യന്നൂർ ഏരിയാ കമ്മിറ്റി സെക്രട്ടറി ടി.ഐ. മധുസൂദനൻ ളിത്താവളമുണ്ടാക്കിക്കൊടുത്തുവെന്ന് സിബിഐ. കണ്ടെത്തിയിരുന്നു.

മാസങ്ങൾക്ക് മുമ്പ് തിരുവനന്തപുരം സിബിഐ ഓഫീസിൽ വിളിച്ചുവരുത്തി ഒരു ദിവസം മുഴുവൻ ജയരാജന്റെ മൊഴി എടുത്തിരുന്നു. ഇന്നലെ 11 മണിക്ക് തലശേരി ഗസ്റ്റ്ഹൗസിൽ ഹാജരാകണമെന്ന് കാണിച്ചാണ് പി. ജയരാജന് സിബിഐ ഔദ്യോഗികമായി നോട്ടീസ് നൽകിയത്. ആരോഗ്യസ്ഥിതി മോശമായതിനാൽ ഒരാഴ്ചത്തെ സമയമനുവദിക്കണമെന്ന് വക്കീൽ മുഖേന നോട്ടീസിന് പി. ജയരാജൻ മറുപടി നൽകുകയായിരുന്നു. കോടതിയെ സമീപിക്കാനുള്ള സമയം തേടാനാണ് ജയരാജന്റെയും പാർട്ടിയുടെയും ശ്രമം. എന്നാൽ, സിബിഐ അതിനു മുമ്പ് അറസ്റ്റു ചെയ്‌തേക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP