Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നേമത്ത് കുമ്മനം തന്നെ സ്ഥാനാർത്ഥിയാകണം; വട്ടിയൂർക്കാവിൽ നേട്ടം കൊയ്യാൻ സുരേഷ് ഗോപിയേയും വർക്കലയിൽ ശോഭാ സുരേന്ദ്രനെയും മത്സരിപ്പിക്കണം; പാലക്കാടും മഞ്ചേശ്വരത്തും ഉചിതമായ സ്ഥാനാർത്ഥിയെ കണ്ടെത്താൻ മണ്ഡലത്തിലെ ബിജെപി പ്രവർത്തകരെ ഉൾപ്പെടുത്തി വോട്ടെടുപ്പ് നടത്തണം; നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബിജെപി ശ്രദ്ധിക്കേണ്ടത്

നേമത്ത് കുമ്മനം തന്നെ സ്ഥാനാർത്ഥിയാകണം; വട്ടിയൂർക്കാവിൽ നേട്ടം കൊയ്യാൻ സുരേഷ് ഗോപിയേയും വർക്കലയിൽ ശോഭാ സുരേന്ദ്രനെയും മത്സരിപ്പിക്കണം; പാലക്കാടും മഞ്ചേശ്വരത്തും ഉചിതമായ സ്ഥാനാർത്ഥിയെ കണ്ടെത്താൻ മണ്ഡലത്തിലെ ബിജെപി പ്രവർത്തകരെ ഉൾപ്പെടുത്തി വോട്ടെടുപ്പ് നടത്തണം; നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബിജെപി ശ്രദ്ധിക്കേണ്ടത്

ന്യൂസ് ഡെസ്‌ക്‌

നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിലാണ് കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ. അധികാരം പിടിക്കാനുള്ള പോരാട്ടം ഇടത് പക്ഷവും വലത് പക്ഷവും തമ്മിലാണ്. ശക്തമായ സാന്നിദ്ധ്യമായി ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയുമുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അക്കൗണ്ട് തുറന്ന നേമം മണ്ഡലം തന്നെയാണ് ഇത്തവണയും പാർട്ടി നേതൃത്വം പ്രതീക്ഷ വച്ചുപുലർത്തുന്നത്. ഒ രാജഗോപാലിന്റെ സൽപേരായിരുന്നു കഴിഞ്ഞ തവണ വിജയം കുറിക്കാൻ നേമത്ത് ബിജെപിക്ക് കരുത്തായത്. രാജഗോപാൽ അല്ല നേമത്ത് മത്സരിച്ചിരുന്നതെങ്കിൽ ബിജെപി തോൽക്കുമെന്നു തന്നെയാണ് എൽഡിഎഫ് വിശ്വസിച്ചിരുന്നത്. കാരണം യുഡിഎഫിന് അവിടെ പ്രാതിനിധ്യം നഷ്ടപ്പെട്ടു പോയി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേവലം 13860 വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചത്. എതാണ്ട് 7500 - 8000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫിനെ പരാജയപ്പെടുത്തിയാണ് നേമം ബിജെപി പിടിച്ചത്.

ഇക്കുറി നേമത്ത് എന്ത് സംഭവിക്കും. ഒ രാജഗോപാലിന് പകരം അത്രയും ജനസമ്മിതിയുള്ള ഒരു നേതാവിനെ നിർത്തിയില്ലെങ്കിൽ ബിജെപിക്ക് നേമം കൈവിട്ട് പോകാൻ ഇടയുണ്ട് എന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസം പുറത്തുവരുന്ന സൂചന കുമ്മനത്തെ സ്ഥാനാർത്ഥിയാക്കുമെന്നാണ്. അങ്ങനെയെങ്കിൽ ബിജെപിക്ക് നല്ലത്. ഗ്രൂപ്പ് വഴക്കുമായി ബന്ധപ്പെട്ട് കേൾക്കുന്ന കാര്യമനുസരിച്ച് കുമ്മനം രാജശേഖരനോട് ഔദ്യോഗിക നേതൃത്വത്തിന് വേണ്ടത്ര മമതയില്ല എന്നായിരുന്നു. മറ്റാരെയെങ്കിലും നേമത്ത് മത്സരിപ്പിക്കാൻ ശ്രമിക്കുന്നു എന്നായിരുന്നു ആദ്യം കേട്ടത്. എന്നാൽ കുമ്മനം രാജശേഖരനല്ലാതെ മറ്റൊരാളെ നേമത്ത് സ്ഥാനാർത്ഥിയാക്കിയാൽ ബിജെപി തോറ്റ് പോകാനുള്ള സാധ്യത 90 ശതമാനമാണ്. കൈയിലിരിക്കുന്ന സീറ്റ് ഉറപ്പിക്കുകയാകണം ബിജെപി ആദ്യം ചെയ്യേണ്ടത്. കുമ്മനമല്ലാതെ മറ്റൊരു സ്ഥാനാർത്ഥിയെ പരിഗണിക്കാതിരിക്കുക. കുമ്മനത്തോട് അവിടെ പ്രചാരണത്തിന് ഇറങ്ങാൻ പറയുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.

രണ്ടാമത് ബിജെപിക്ക് ഒന്നാമതോ രണ്ടാമതോ എത്താൻ സാധ്യതയുള്ള സീറ്റുകൾ കണ്ടെത്തി അവയിൽ മാത്രം ഫോക്കസ് ചെയ്യുക. മറ്റുള്ള മണ്ഡലങ്ങളിൽ വോട്ട് വർ്ദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുക എന്നതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ടാമതെത്തിയ സീറ്റുകളിൽ ഒന്ന് പാലക്കാടാണ്. രണ്ടാമത്തെത് മഞ്ചേശ്വരമാണ്. മൂന്നാമത്തേത് വട്ടിയൂർക്കാവാണ്. ഈ മൂന്ന് മണ്ഡലങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചാൽ വിജയസാധ്യത ഇപ്പോഴും ബാക്കിയാണ്. ഈ മൂന്ന് മണ്ഡലങ്ങളിലും സൂക്ഷ്മമായി സ്ഥാനാർത്ഥി നിർണയം നടത്തുകയാണ് വേണ്ടത്.

മഞ്ചേശ്വരം

മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ മത്സരിച്ചിട്ട് കേവലം 89 വോട്ടുകൾക്കാണ് 2016ൽ പരാജയപ്പെട്ടത്.എന്നാൽ കഴിഞ്ഞ വർഷം ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ 8000 ത്തോളം വോട്ടുകളുടെ ഭൂരിപക്ഷം യുഡിഎഫിന് നേടാനായി. ലീഗ് സ്ഥാനാർത്ഥി ജയിച്ചത് 8000 ലേറെ വോട്ടുകൾ നേടിയാണ്. മഞ്ചേശ്വരം മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് ജയം ഉറപ്പില്ലെന്നാണ് സൂചന, മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിയെ നിർണയിക്കുമ്പോൾ അവിടുത്തെ പ്രാദേശിക സാഹചര്യങ്ങൾ മനസിലാക്കി ഏറ്റവും സർവ സമ്മതനെ തീരുമാനിക്കുക. മഞ്ചേശ്വരത്തെ ബിജെപിക്കാരാണ് അത് തീരുമാനിക്കേണ്ടത്.

ഗ്രൂപ്പ് വഴക്ക് മറന്ന് ജനാധിപത്യ രീതിയിൽ സ്ഥാനാർത്ഥിയെ നിർണയിക്കണം. അമേരിക്കൻ തെരഞ്ഞെടുപ്പിൽ നടക്കുന്നത് പോലെ സ്ഥാനാർത്ഥികളാകാൻ ഉചിതരായ എട്ടോ പത്തോ പേരെ നോമിനേറ്റ് ചെയ്ത് മണ്ഡലത്തിലെ ബിജെപി പ്രവർത്തകരെകൊണ്ട് വോട്ട് ചെയ്യിപ്പിച്ച് ഏറ്റവും പിന്തുണ കിട്ടുന്നയാളെ സ്ഥാനാർത്ഥിയായി നിശ്ചയിക്കണം.

പാലക്കാട്

രണ്ടാമതെത്തിയ മറ്റൊരു മണ്ഡലം പാലക്കാടാണ് ശോഭാ സുരേന്ദ്രൻ 40076 വോട്ടോടു കൂടി രണ്ടാമത്തെത്തി. 57559 വോട്ടോടു കൂടിയാണ് ഷാഫി പറമ്പിൽ പാലക്കാട് ജയം നേടിയത്. 17500 ഓളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ. പാലക്കാട് ബിജെപിക്ക് വിജയ സാധ്യത കുറവാണ്. വോട്ടുറപ്പിക്കുക. ബിജെപിയിൽ ഏറ്റവും കൂടുതൽ ഗ്രൂപ്പ് വഴക്ക് സജീവമായ സ്ഥലം കൂടിയാണ് പാലക്കാട്. ഗ്രൂപ്പ് നേതാക്കളുടെ താൽപര്യം നോക്കാതെ ബിജെപി പ്രവർത്തകരെക്കൊണ്ട് വോട്ടിനിടീച്ച് സ്ഥാനാർത്ഥിയെ നിർണയിക്കുക എന്നതാണ് ഉചിതം.

വട്ടിയൂർക്കാവ്

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ 43700 വോട്ടുകളോട് കൂടി ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ രണ്ടാമത്തി. കെ മുരളീധരൻ ഏതാണ്ട് 7500 വോട്ടുകൾക്കാണ് വട്ടിയൂർക്കാവിൽ കഴിഞ്ഞ തവണ തെരഞ്ഞെടുക്കപ്പെട്ടത്. മുരളീധരൻ സ്ഥാനാർത്ഥിയായി ഇല്ലെങ്കിൽ ബിജെപിക്ക് വിജയസാധ്യത ഉണ്ടെന്ന് കരുതിയെങ്കിലും കഴി്ഞ്ഞ ഉപതെരഞ്ഞെടുപ്പിൽ വി കെ പ്രശാന്ത് ഏതാണ്ട് പതിനായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ചു. ബിജെപി ദയനീയ പ്രകടനം കാഴ്ചവച്ച് മൂന്നാമതായി മാറി. നിയമസഭാ തെരഞ്ഞെടുപ്പിൽ 43700 വോട്ട് നേടിയ ബിജെപിക്ക് ഉപതെരഞ്ഞെടുപ്പിൽ
നേടാനായത് 27433 വോട്ടുകൾ മാത്രമാണ്. കഴിഞ്ഞ തവണത്തേക്കാൾ പകുതിവോട്ട്. ജയം നേടിയ പ്രശാന്തിനേക്കാൾ പകുതി വോട്ട്. അതിന് അർത്ഥം വട്ടിയൂർക്കാവ് ഒരു ബിജെപി അനുകൂല മണ്ഡലമല്ല എന്നതാണ്. മറിച്ച് മത്സരിക്കുന്ന സ്ഥാനാർത്ഥിയുടെ മികവ് കൂടി പരിശോധിക്കപ്പെടുന്നു എന്നതാണ്. ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ ജില്ലാ പ്രസിഡന്റ് ആയിരുന്ന സുരേഷ് നല്ലൊരു സ്ഥാനാർത്ഥി അല്ലെന്ന് വിലയിരുത്തൽ ഉണ്ടായിട്ടും ഗ്രൂപ്പ് സമവാക്യത്തിന്റെ സ്ഥാനാർത്ഥിയാകുകയായിരുന്നു.

വട്ടിയൂർക്കാവിലും വോട്ട് ഉറപ്പിക്കണമെങ്കിൽ ഉചിതമായ സ്ഥാനാർത്ഥിയെ കണ്ടെത്തണം. ശോഭാ സുരേന്ദ്രനെ ഇവിടെ മത്സരിപ്പിക്കുമെന്ന് പറഞ്ഞുകേട്ടിരുന്നു. എന്നാൽ ശോഭാസുരേന്ദ്രനെ മത്സരിപ്പിച്ചാൽ ജയിക്കാൻ കഴിയില്ല. ശോഭാ സുരേന്ദ്രനെ ഇവിടെ മത്സരിപ്പിച്ച് നാണം കെടുത്തി തോൽപിക്കുക എന്ന അജണ്ടയാണ് ഇതിന് പിന്നിൽ. അവിടെ പരിഗണിക്കാൻ പറ്റിയ രണ്ടേ രണ്ട് സ്ഥാനാർത്ഥികളിൽ ഒന്ന് സുരേഷ് ഗോപിയും മറ്റൊന്ന് വി വി രാജേഷുമാണ്. സുരേഷ് ഗോപി ഏറ്റവും മികച്ച സ്ഥാനാർത്ഥിയാണ്. ജയിച്ചില്ലെങ്കിലും കുമ്മനം രാജശേഖരൻ 2016ൽ നേടിയ വോട്ട് നേടാൻ കഴിയും.

മാത്രമല്ല മുരളീധരനെ പോലെ ശക്തനായ സ്ഥാനാർത്ഥി അവിടെ വരുന്നില്ലെങ്കിൽ പ്രശാന്ത് എൽഡിഎഫ് സ്ഥാനാർത്ഥിയായി വന്നാൽ ജയ സാധ്യത സുരേഷ് ഗോപിക്കാണ്. ബിജെപി ആദ്യം പരിഗണിക്കേണ്ടത് സുരേഷ് ഗോപിയേയാണ്. ഇനി ഒരു വർഷം കൂടിയേ സുരേഷ് ഗോപിക്ക് രാജ്യസഭയിൽ കാലാവധി അവശേഷിക്കുന്നുള്ളു. വട്ടിയൂർക്കാവ് മണ്ഡലത്തിൽ തന്നെ താമസിക്കുന്ന ബിജെപി പ്രവർത്തകർക്ക് ആവേശം നൽകാൻ കഴിയുന്ന സുരേഷ് ഗോപിയെ വട്ടിയൂർക്കാവിൽ മത്സരിപ്പിക്കാൻ ശ്രമിക്കുക അല്ലെങ്കിൽ വി വി രാജേഷിനെപ്പോലെ മികവുള്ള യുവനേതാവിനെ പരിഗണിക്കണം. വട്ടിയൂർക്കാവും നേമവും മഞ്ചേശ്വരവും പാലക്കാടും ഏറ്റവും ഉചിതമായ സ്ഥാനാർത്ഥികളെ നിർത്തുക എന്നതാണ് ബിജെപി ശ്രദ്ധിക്കേണ്ടത്.

എവിടെ മത്സരിച്ചാലും വോട്ട് കൂടുതൽ നേടുന്ന ശോഭാ സുരേന്ദ്രനെ അവഗണിക്കാൻ പാടില്ല. രണ്ട് ഗ്രൂപ്പിന്റെയും ഭാഗമല്ലാത്തതിനാൽ അവരെ പുറത്താക്കുന്നതിനുള്ള ചരടുവലികൾ വരെ കണ്ടിരുന്നു. അത്തരം നീക്കം കൊണ്ട് ബിജെപിക്ക് ഗുണമൊന്നും ഉണ്ടാവില്ല. ശോഭാ സുരേന്ദ്രന് ഏറ്റവും അനിയോജ്യമായ സീറ്റ് വർക്കലയാണ്.

വർക്കല

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ എ ക്ലാസ് മണ്ഡലമേ ആയിരുന്നില്ല വർക്കല. ബിഡിജെഎസ് ആണ് ഇവിടെ കഴിഞ്ഞ തവണ മത്സരിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി 53000 ത്തോളം വോട്ടും യുഡിഎഫ് സ്ഥാനാർത്ഥി 50000ത്തോളം വോട്ടും നേടിയപ്പോൾ ബിഡിജെഎസ് സ്ഥാനാർത്ഥി 19872 വോട്ടുകൾ മാത്രമാണ് ഇവിടെ നേടിയത്. യുഡിഎഫ് സ്ഥാനാർത്ഥിയുടെ പകുതി വോട്ട് പോലും വർക്കലയിൽ കിട്ടിയില്ല.

എന്നാൽ വർക്കലയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ മാറി. അതിന്റെ പ്രധാനപ്പെട്ട കാരണക്കാരി ശോഭാ സുരേന്ദ്രനാണ്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ മത്സരിച്ച ശോഭാ സുരേന്ദ്രൻ ഈ മണ്ഡലത്തിൽ ഉൾപ്പെടുന്ന വർക്കലയിലടക്കം ശക്തമായ വേരോട്ടം ഉണ്ടാക്കാൻ കഴിഞ്ഞു. ആ ഉണർവിന്റെ തുടർച്ചയാണ് ഇപ്പോൾ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വർക്കല മണ്ഡലത്തിന് കീഴിലുണ്ടായത്. പ്രത്യേകിച്ച് വർക്കല നഗരസഭയിൽ വർക്കല നഗരസഭയിൽ എൽഡിഎഫ് 12 ഇടങ്ങളിൽ ജയം നേടിയപ്പോൾ 11 സീറ്റുമായി ബിജെപി തൊട്ടടുത്തെത്തി. യുഡിഎഫിന് നേടാനായത് കേവലം ഏഴ് സീറ്റുകൾ മാത്രം. വർക്കല നഗരസഭയുടെ ചരിത്രത്തിലാദ്യമായി ഭരണത്തിന് അടുത്ത് വരെയെത്താൻ ബിജെപിക്ക് കഴിഞ്ഞു. ഈ മികവിനുള്ള അംഗീകാരം കൊടുക്കേണ്ടത് ശോഭാ സുരേന്ദ്രനാണ്.

വർക്കല നിയമസഭാ മണ്ഡലത്തിന്റെ പരിധിയിലുള്ള പല പഞ്ചായത്തുകളിലും ബിജെപി ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വലിയ നേട്ടം കൊയ്തു. ചെമ്മാതുരുത്തിയിൽ എൽഡിഎഫ് ഏഴ്, യുഡിഎഫ് 9 ബിജെപി 6 എന്ന നിലയിലാണ്. ഇടവയിൽ എൽഡിഎഫ് 12 വാർഡുകൾ നേടി. ബിജെപി യുഡിഎഫിന് ഒപ്പം രണ്ട് വാർഡുകൾ നേടി തുല്യത പാലിച്ചു. ഇളകമണ്ണിൽ 7 വാർഡുകളിൽ എൽഡിഎഫും അഞ്ച് വാർഡുകളിൽ യുഡിഎഫും നാല് വാർഡുകളിൽ ബിജെപിയും ജയിച്ചു. മടവൂരിൽ എൽഡിഎഫ് ഏഴ് യുഡിഎഫ് ബിജെപി മൂന്ന് എന്നതാണ് നില. നാവായിക്കുളത്ത് എൽഡിഎഫ് 9, യുഡിഎഫ് 8, ബിജെപി 5 എന്നതാണ് നില. അതായത് ഈ പഞ്ചായത്തുകളിലെല്ലാം ബിജെപി അവരുടെ കരുത്ത് തെളിയിച്ചുകഴിഞ്ഞു.

ശോഭാ സുരേന്ദ്രൻ എവിടെ പോയി മത്സരിച്ചാലും ഗ്രൂപ്പ് തിരിഞ്ഞ് അവരെ തോൽപ്പിക്കാൻ ശ്രമം നടക്കും എന്നത് പലപ്പോഴും കണ്ടിട്ടുള്ളതാണ്. എന്നാൽ അത്രകണ്ട് ഗ്രൂപ്പ് രാഷ്ട്രീയമില്ലാത്ത, അവേശത്തോടെ പ്രവർത്തിക്കുന്ന ബിജെപി പ്രവർത്തകരുള്ള വർക്കലയിൽ ശോഭാ സുരേന്ദ്രൻ മത്സരിച്ചാൽ ജയ സാധ്യതയുണ്ട്. ഇത്തവണ ജയിക്കാനായില്ലെങ്കിലും മികച്ച പ്രവർത്തനത്തിലൂടെ വേര് പടർത്താനായാൽ അടുത്ത തവണ ബിജെപിക്ക് നിശ്ചയമായും നേട്ടമുണ്ടാക്കാനാകും. അതുകൊണ്ട് ശോഭാ സുരേന്ദ്രനെ വർക്കലയിൽ മത്സരിപ്പിച്ചാൽ ബിജെപിക്ക് അൽഭുതം കാഴ്ചവയ്ക്കാനാകും. ബിജെപിക്കാർ തീരുമാനിക്കേണ്ടതാണ് ഗ്രൂപ്പാണോ അതോ കൂടുതൽ സീറ്റുകളിൽ ജയവും വോട്ട് ഷെയർ വർദ്ധിപ്പിക്കലുമാണോ നല്ലത് എന്നതാണ്. കുമ്മനം രാജശേഖരൻ നേമത്തും സുരേഷ് ഗോപിയെ വട്ടിയൂർക്കാവിലും ശോഭാ സുരേന്ദ്രനെ വർക്കലയിലും മത്സരിപ്പിക്കുക. അതോടൊപ്പം മഞ്ചേശ്വരത്തും പാലക്കാടും ഉചിതമായ സ്ഥാനാർത്ഥിയെ കണ്ടെത്തുകയും വേണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP