Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മകനെ എംഎൽഎയാക്കാൻ വേണ്ടി കോൺഗ്രസിന് ഉറപ്പുള്ള സീറ്റ് കളഞ്ഞു കുളിച്ചു; തോൽവിയോടെ നഷ്ടമായ ഡിസിസിയിലെ അപ്രമാധിത്യം വീണ്ടെടുക്കാനും ആയില്ല; സുധീരന്റെ പിന്തുണയോടെ ഡിസിസി പ്രസിഡന്റായി വി വി പ്രകാശും എത്തിയതോടെ അവസാനിച്ചത് മലപ്പുറത്തെ ആര്യാടൻ യുഗം

മകനെ എംഎൽഎയാക്കാൻ വേണ്ടി കോൺഗ്രസിന് ഉറപ്പുള്ള സീറ്റ് കളഞ്ഞു കുളിച്ചു; തോൽവിയോടെ നഷ്ടമായ ഡിസിസിയിലെ അപ്രമാധിത്യം വീണ്ടെടുക്കാനും ആയില്ല; സുധീരന്റെ പിന്തുണയോടെ ഡിസിസി പ്രസിഡന്റായി വി വി പ്രകാശും എത്തിയതോടെ അവസാനിച്ചത് മലപ്പുറത്തെ ആര്യാടൻ യുഗം

എം പി റാഫി

മലപ്പുറം: പുതിയ ഡിസിസി പ്രസിഡന്റ് നിയമനം വന്നതോടെ മലപ്പുറത്ത് പതിറ്റാണ്ടുകളായി തുടരുന്ന ആര്യാടൻ യുഗത്തിനാണ് അന്ത്യമായത്. ആര്യാടൻ മുഹമ്മദിന്റെ താൽപര്യങ്ങൾ തള്ളി വിവി പ്രകാശിനെയാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി പ്രഖ്യാപിച്ചത്. ഇത് മലപ്പുറത്തെ ആര്യാടൻ ക്യാമ്പുകളിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. വി.എ കരീം, ആര്യാടൻ ഷൗക്കത്ത് എന്നിവരുടെ പേരുകളായിരുന്നു ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ആര്യാടൻ മുഹമ്മദ് നിർദേശിച്ചിരുന്നത്. എന്നാൽ ഇരുവരെയും പരിഗണിക്കാതെ വിവി പ്രകാശിനെ തെരഞ്ഞെടുക്കുകയായിരുന്നു. മൂവരും എ ഗ്രൂപ്പുകാരാണ്. വിഎ കരീമിനെ തെരഞ്ഞെടുക്കുമെന്നും തന്റെ അഭിപ്രായം മുതിർന്ന കോൺഗ്രസ് നേതാക്കൾ തള്ളുകയില്ലെന്നുമുള്ള വിശ്വാസത്തിലായിരുന്നു ആര്യാടൻ. എന്നാൽ നേതൃത്വത്തിന്റെ തീരുമാനം ജില്ലയിലെ ആര്യാടൻ ക്യാമ്പിന് തിരിച്ചടിയും എ ഗ്രൂപ്പിൽ വിള്ളലുമാണ് ഉണ്ടാക്കിയത്. ഇവർ മൂന്ന് പേർക്കു പുറമെ പി ടി അജയ്‌മോഹനന്റെ പേരും ലിസ്റ്റിലുണ്ടായിരുന്നു. 

എ ഗ്രൂപ്പിൽ ഭൂരിപക്ഷം പിന്തുണയും പ്രകാശിനാണ്. ഉമ്മൻ ചാണ്ടിയുടെ സ്വന്തമായിരുന്ന പ്രകാശൻ വി എം സുധീരനുമായും അടുത്ത ബന്ധം സൂക്ഷിച്ചത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വരവ് എളുപ്പമാക്കി. കെപിസിസി സെക്രട്ടറിയായിരുന്ന വിവി പ്രകാശൻ 2011ൽ കെടി ജലീലിനെതിരെ തവനൂർ നിയോജക മണ്ഡലത്തിൽ നിന്നും മത്സരിച്ചിരുന്നു. 2016ൽ വീണ്ടും പ്രകാശ് മത്സര രംഗത്തേക്ക് വരണമെന്നായിരുന്നു കോൺഗ്രസിന്റെ പൊതു വികാരം. നിയമസഭയിലേക്ക് മത്സരിക്കുന്നതിന് ജില്ലയിൽ നാല് സീറ്റുകളിൽ നിലമ്പൂർ, തവനൂർ എന്നീ രണ്ട് മണ്ഡലങ്ങളായിരുന്നു എ ഗ്രൂപ്പിനുണ്ടായിരുന്നത്.

സ്വദേശം കൂടിയായ നിലമ്പൂരിൽ പ്രകാശൻ മത്സരിച്ചാൽ വിജയം ഉറപ്പാക്കുകയും ചെയ്തിരുന്നു. എന്നാൽ നിലമ്പൂരിൽ നിന്നും മത്സരിക്കാൻ നറുക്ക് വീണത് ആര്യാടൻ മുഹമ്മദിന്റെ മകൻ ഷൗക്കത്തിനായിരുന്നു. വർഷങ്ങളായി പിതാവ് കൈപിടിയിൽ വച്ചിരുന്ന മണ്ഡലം മകനിലൂടെ നിലനിർത്തണമെന്നായിരുന്നു ആര്യാടൻ മുഹമ്മദിന്റെ ആഗ്രഹം. ഇതിനായി സ്ഥാനാർത്ഥി നിർണയ ചർച്ചകളിൽ സമ്മർദവുമായെത്തിയെ ആര്യാടൻ മകനു വേണ്ടി സീറ്റ് വാങ്ങിച്ചെടുക്കുകയും ചെയ്തു.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു മകന്റെ തോൽവിയിലൂടെ ആര്യാടന് ഏറ്റത്. ഷൗക്കത്തിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം മുതൽ വിവി പ്രകാശ് അനുകൂലികളായ എ ഗ്രൂപ്പുകാർ പ്രതിഷേധ സ്വരങ്ങൾ ഉയർത്തിയിരുന്നു. പതിറ്റാണ്ടുകളായി ആര്യാടൻ മുഹമ്മദ് പ്രതിനിദാനം ചെയ്ത നിലമ്പൂർ കൈവിട്ടതിനു പിന്നാലെ ഡിസിസിയിലൂടെ തിരിച്ചു വരവിനുള്ള ശ്രമം നടത്തുകയായിരുന്നു ആര്യാടൻ. മകന്റെ തോൽവിയും ഡിസിസിയിലെ തന്റെ മേൽക്കോയ്മയും നഷ്ടമാകുന്നതോടെ മലപ്പുറത്തെ കോൺഗ്രസിൽ ആര്യാടൻ യുഗം അപ്രസക്തമാകുകയാണ് ചെയ്തിരിക്കുന്നത്.

ഇരുവിഭാഗവും എ ഗ്രൂപ്പുകാരാണെന്നതിനാൽ പ്രസിഡന്റ് പ്രഖ്യാപനം ജില്ലയിലെ എ ഗ്രൂപ്പിലും വിള്ളലുണ്ടാക്കിയിട്ടുണ്ട്. കെപിസിസി സെക്രട്ടറിമാരിലൊരാളും ജില്ലയിലെ മുതിർന്ന നേതാക്കളിലൊരാളുമായിരുന്നു വി.എ കരീം. ഇതിനാൽ ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കരീം തന്നെ വരണമെന്നായിരുന്നു ആര്യാടന്റെ നിർദ്ദേശം. കെ.എസ്.യു, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, രണ്ട് പതിറ്റാണ്ടോളം ഡിസിസി ജനറൽ സെക്രട്ടറി, നാലു വർഷമായി കെപിസിസി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയാണ് വിഎ കരീം. നാൽപ്പത് വർഷത്തിലേറെയുള്ള പൊതുപ്രവർത്തന പരിചയവും കരീമിന് അനുകൂല ഘടകമായി ആര്യാടൻ ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല, മുസ്ലിം പ്രാതിനിധ്യം കരീമിന്റെ വരവോടെ ഉറപ്പിക്കാൻ കഴിയുമെന്നുമായിരുന്നു നിർദ്ദേശം. ലിസ്റ്റിലുണ്ടായിരുന്ന മറ്റൊരാളായ പിടി അജയ്‌മോഹന്റെ പേര് ചർച്ചക്ക് വന്നിരുന്നതേയില്ല.

ആര്യാടനില്ലാത്ത കോർ കമ്മിറ്റിക്കും രൂപം നൽകിയിട്ടുണ്ട്. 21 അംഗ കോർകമ്മിറ്റിയിൽ ആര്യാടൻ ഇല്ല. സംസ്ഥാനത്തെ കോൺഗ്രസിന്റെ പ്രമുഖ വക്താവായിരുന്ന ആര്യാടനെ തഴഞ്ഞുള്ള കോർകമ്മിറ്റി ആദ്യമായിട്ടായിരുന്നു. ഈ കോർകമ്മിറ്റിവഴിയായിരുന്നു ഡിസിസി പ്രസിഡന്റിനെ തീരുമാനിച്ചിരുന്നത്. യോഗം പലതവണ ചേർന്നെങ്കിലും തീരുമാനിക്കാനായില്ല. ഒടുവിൽ 21 അംഗ കോർമ്മിറ്റി അംഗങ്ങളിൽ 16 പേരും വിവി പ്രകാശന്റെ പേര് പറയുകയും ഇത് ഹൈകമാന്റിൽ അറിയിക്കുകയുമായിരുന്നു.

കഴിഞ്ഞ കാലങ്ങളായി നടന്നു വന്നിരുന്ന ആര്യാടൻ നോമിനികളുടെ കാലത്തിന് ഇതോടെ അന്ത്യമായി. ഒപ്പം, പിതാവിലൂടെ മകന്റെ രാഷ്ട്രീയ ചവുട്ടുപടിക്ക് കടിഞ്ഞാണിടുകയായിരുന്നു മലപ്പുറത്തെ കോൺഗ്രസ് നേതാക്കൾ. ജില്ലയിലെ മുസ്ലിംലീഗുമായി നല്ല ബന്ധം സൂക്ഷിച്ചിരുന്നു വിവി പ്രകാശൻ. ഡിസിസി പ്രസിഡന്റായി സംഘാടന, നേതൃത്വ മികവുള്ള പ്രകാശിന്റെ വരവ് ജില്ലയിലെ കോൺഗ്രസുകാർ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP